💕കാണാച്ചരട് 💕: ഭാഗം 44

kanacharad

രചന: RAFEENA MUJEEB

സെക്യൂരിറ്റിക്കാരൻ തന്റെ അരികിലേക്ക് വരുന്നത് ദേവ പേടിയോടെ നോക്കി നിന്നു. എല്ലാം കൈവിട്ടു പോയല്ലോ ഈശ്വരാ, പിടിക്കപ്പെടുമെന്ന് ഉറപ്പായി താൻ ജീവിച്ചിരിക്കുന്നത് അറിഞ്ഞാൽ ഇവർ തന്നെ വെറുതെ വിടില്ല, എല്ലാം കൈവിട്ടു പോയെന്ന്ഉറപ്പായി, അയാൾ അവളുടെ അടുത്തെത്തിയതും അവൾ കണ്ണടച്ചു നിന്നു . ഖാദറും പേടിയോടെയാണ് നിൽക്കുന്നത്, ഇനി രക്ഷയില്ലെന്ന് അയാൾക്കും മനസ്സിലായി. സെക്യൂരിറ്റിക്കാരൻ ദേവയുടെ മുഖത്തെ ഹിജാബ് മാറ്റാൻ നിന്നതും ശരീഫ് അങ്ങോട്ടേക്ക് ഓടിവന്നു. അയ്യോ!! മാഡം ഇത് എന്റെ മാമനും ഭാര്യയുമാണ്, ഞാൻ വിളിച്ചിട്ടാണ് ഇവരിങ്ങോട്ട് വന്നത്, അവൻ ആരോഹിയെ നോക്കി പറഞ്ഞു പുറത്തുനിന്ന് ആര് വന്നാലും സെക്യൂരിറ്റി ഗാർഡിനെ കണ്ട് രജിസ്റ്ററിൽ പേര് ചേർത്തിട്ടല്ലാതെ അകത്തേക്ക് പ്രവേശനമുള്ളുവെന്ന് നിനക്ക് അറിയില്ലേ...?

ആരോഹി അവനെ രൂക്ഷമായി നോക്കിക്കൊണ്ട് ചോദിച്ചു. ഇവർ ഇവിടെ ആദ്യമായിട്ടാണ് മാം , ഇവിടുത്തെ നിയമങ്ങളൊന്നും ഇവർക്ക് അറിയാഞ്ഞിട്ടാണ്, ശരീഫ് അവരോട് പറഞ്ഞു . ആദ്യമായിട്ടൊന്നുമല്ല ഞാൻ ഇങ്ങോട്ട് വരുന്നത്,..? പെട്ടെന്നുള്ള ഖാദറിന്റെ സംസാരം കേട്ട് എല്ലാവരും അയാളെ നോക്കി മുൻപ് ഒരുപാട് തവണ ഞാൻ ഇങ്ങോട്ട് വന്നിട്ടുണ്ട്, അന്നൊന്നും ഇങ്ങനെയൊരു നിയമം ഞാനിവിടെ കണ്ടിട്ടില്ല, മരിച്ചുപോയ ദേവൻ സാറിന്റെ അടുത്ത സുഹൃത്തായിരുന്നു ഞാൻ, പലതവണ അദ്ദേഹത്തെ കാണാൻ വേണ്ടി ഇവിടെ വന്നിട്ടുണ്ട്, നീ ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്ന ജോലി പോലും ഞാൻ പറഞ്ഞിട്ട് കിട്ടിയതല്ലേടാ നിനക്ക്....? അയാൾ ശരീഫ് നോക്കി ചോദിച്ചു. മാമന്റെ സുഹൃത്തായിരുന്നോ ,..? ക്ഷമിക്കണം ഞങ്ങൾക്ക് ആളറിയാതെ പറ്റിപ്പോയതാണ്. നിങ്ങൾക്കറിയാവുന്നതല്ലേ നാലുവർഷം മുമ്പ് ഞങ്ങൾക്കുണ്ടായ ദുരന്തം ഓർമ്മവെച്ച നാൾ മുതൽ ഒരുമിച്ച് കളിച്ചു വളർന്ന സ്വന്തം കൂടപ്പിറപ്പിനെയാണ് ഒറ്റരാത്രികൊണ്ട് നഷ്ടപ്പെട്ടത്,

അവളൊരു ഗർഭിണിയാണെന്ന് പോലും ഓർക്കാതെ പിച്ചിചീന്തി വലിച്ചെറിഞ്ഞു, എത്ര ധീരനായിരുന്നു ഞങ്ങളുടെ ഗിരിയേട്ടൻ എന്നിട്ടും ആരുടെയോ കത്തിക്ക് മുൻപിൽ തീർന്നു, ഒരു പക്ഷേ അവൾ ഒരു ഗുണ്ടയെ കല്ല്യാണം കഴിച്ചത് കൊണ്ടാവാം അവൾക്കിങ്ങനെയൊരു മ ദുർവിധി വന്നത്, എന്തായാലും അടുത്ത ലക്ഷ്യം ചിലപ്പോൾ ഞങ്ങളൊക്കെയാവും, അതുകൊണ്ടാണ് ഇത്രയും സുരക്ഷ കമ്പനിക്ക് ഏർപ്പെടുത്തിയത്, ശത്രുക്കൾ ഏതുവിധേനയും നുഴഞ്ഞു കയറാൻ ചാൻസുണ്ട്, അതിനു വേണ്ട മുൻകരുതൽ മാത്രമാണിതൊക്കെ ആരോഹി ഖാദറിനെ നോക്കി പറഞ്ഞു. അവളുടെ വാക്കുകൾ കേട്ട് ദേവയ്ക്ക് അടിമുടി വിറച്ചു കയറുന്നുണ്ടായിരുന്നു, ഒരു ഗുണ്ടയെ വിവാഹം ചെയ്തത് കൊണ്ടാണ് അല്ലേ അവൾ പുച്ഛത്തോടെ ആരോഹിയെ നോക്കി സ്വയം നിയന്ത്രിച്ചു നിന്നു . അത് ശരിയാ മോള് പറഞ്ഞത്, ചിലപ്പോൾ കൂട്ടത്തിൽ തന്നെയുണ്ടാവും ചതിക്കുന്നവർ, വിശ്വാസം കൊണ്ട് നമ്മൾ അവരെ തിരിച്ചറിയില്ല എന്നേയുള്ളൂ,

ആ വിശ്വാസം അവർ പരമാവധി മുതലാക്കുമ്പോൾ ആയിരിക്കും നമ്മൾ ചതി മനസ്സിലാക്കുക. ഖാദർ എങ്ങും തൊടാതെ പറഞ്ഞപ്പോൾ മൂന്നുപേരുടെയും മുഖത്ത് ഒരു പതർച്ച ദേവ ശ്രദ്ധിച്ചു. അവരോട് യാത്ര പറഞ്ഞ് അവിടെ നിന്ന് ഇറങ്ങുമ്പോൾ ദേവയുടെ കണ്ണിൽ മൂന്ന് പേരോടുംമുള്ള പക ആളി കത്തുകയായിരുന്നു. വെറുതെ വിടരുത് മോളെ അവരെയൊന്നും. തിരികെയുള്ള യാത്രയിൽ പഴയ കാര്യങ്ങളൊക്കെ ആലോജിച്ചിരിക്കുകയായിരുന്ന ദേവയുടെ ചിന്തകളെ ഭേദിച്ചുക്കൊണ്ട് ഖാദറിന്റെ ശബ്ദം അവളുടെ കർണപുടത്തിൽ മുഴങ്ങിക്കേട്ടു . അവൾ ഖാദറിനെ ഒന്നു നോക്കി . എനിക്ക് ഒരുപാട് പ്രായമായിട്ടുണ്ട്, ശക്തിക്കൊണ്ടും സമ്പത്തുക്കൊണ്ടും മോളുടെ കൂടെ നിൽക്കാൻ എന്നെക്കൊണ്ട് കഴിയില്ല, പക്ഷേ എന്നെക്കൊണ്ട് ആവുംവിധം മോളെ ഞാൻ സഹായിക്കും, അവരെയെല്ലാം അവിടെ നിന്ന് ഇറക്കി വിടണം, അവർ തെരുവിൽ കഴിയുന്നത് എനിക്ക് കാണണം,

മോളുടെ ജീവിത ചെളിപുരണ്ടതാക്കി അവരൊന്നും അങ്ങനെ മാളികയിൽ കയറി സുഖിക്കേണ്ട, മോളുടെ ശരീരത്തിൽ പറ്റിയ അഴുക്ക് അവരുടെ ശരീരത്തിലും പറ്റണം, മോൾ അനുഭവിച്ചതിനേക്കാൾ കൂടുതൽ അവർ അനുഭവിക്കണം അയാളുടെ ഓരോ വാക്കിലും അവരോടുള്ള ദേഷ്യം പ്രകടമായിരുന്നു. എന്റെയും ആഗ്രഹം അതാണ് ഇക്കാ, പക്ഷെ എന്ത് ചെയ്യാൻ പറ്റും അവർക്ക് നേരെ ഒരു ചെറുവിരലനക്കാൻ പോലും എനിക്കിപ്പോൾ പ്രാപ്തിയില്ല, ഞാൻ തികച്ചും ദുർബലയാണ്, ഈ ജീവൻ തിരിച്ചു കിട്ടിയത് തന്നെ ഭാഗ്യം, മരണത്തിനു മുമ്പിൽ നിന്നും കഷ്ടിച്ച് രക്ഷപ്പെട്ടത് , അന്നൊക്കെ ഞാൻ മരണത്തെ ഒരുപാട് ആഗ്രഹിച്ചിരുന്ന നാളുകളായിരുന്നു, അന്നിവരെയൊക്കെ കണ്ടിരുന്നെങ്കിൽ ഒരുപക്ഷേ ജീവൻ കളഞ്ഞും ഞാൻ അവരെയൊക്കെ നശിപ്പിച്ചേനെ, പക്ഷേ ഇന്നതല്ല അവസ്ഥ, ഞാനിപ്പോൾ ഈ ജീവിതം ഇഷ്ടപ്പെട്ടു തുടങ്ങി എന്റെ മക്കൾക്ക് വേണ്ടി എനിക്ക് ജീവിക്കണം, അവർക്ക് ആകെയുള്ള പ്രതീക്ഷ ഇനി ഞാനാണ്, അല്ലി മോൾക്ക് എന്റെ അവസ്ഥ വന്നുകൂടാ,

അവളെ സുരക്ഷിതമായ ഒരു കൈകളിൽ ഏൽപ്പിക്കുന്നത് വരെയെങ്കിലും എനിക്ക് ജീവിച്ചേ മതിയാവൂ ഇല്ല മോളെ... മോളുടെ ജീവിതം നശിപ്പിച്ചവരോട് ഒരു പ്രതികാരം ഇപ്പോൾ വേണ്ട, എന്ന് വെച്ച് അവരെ വെറുതെ വിടാനും ഉദ്ദേശിക്കണ്ട, ഓരോ ചുവടും കരുതലോടെ വേണം നീങ്ങാൻ, ദൈവം തന്നെ നമുക്ക് തിരിച്ചടിക്കാനുള്ള അവസരം തരും അതിനായി നമുക്ക് കാത്തിരിക്കാം അയാൾ എന്തോ തീരുമാനിച്ചുറപ്പിച്ചതു പോലെ തോന്നി ദേവയ്ക്ക്. അവൾ ഒന്നും പറയാതെ കണ്ണുകളടച്ച് ഓട്ടോയിലേക്ക് ചാഞ്ഞിരുന്നു. ഇറങ്ങു മോളെ, എന്നുള്ള ഖാതറിന്റെ ശബ്ദം കേട്ടാണവൾ കണ്ണ് തുറന്നത്. വീട്ടിലെത്തിയെന്ന പ്രതീക്ഷയിൽ ഓട്ടോയിൽ നിന്നിറങ്ങി ആ പരിസരം കണ്ട് അവളൊന്നു ഞെട്ടി ഖാദറിനെ നോക്കി. ഇവിടെ വരെ വന്നതല്ലേ...? മോൾ അച്ഛനെ പോലെ സ്നേഹിച്ചിരുന്ന ആളെ കൂടി ഒന്ന് കാണാതെ പോകുന്നതെങ്ങനാ മോള് വാ, നമുക്ക് സാറെ ഒന്ന് കണ്ടിട്ട് പോകാമെന്ന് പറഞ്ഞ് ഖാദർ മുൻപിൽ നടന്നു അയാൾക്ക് പിറകിലായി ദേവയും പതിയെ നടന്നു.

മനസ്സ് കലങ്ങി മറിഞ്ഞിരിക്കുകയാണവളുടെ, തന്നെ കാണുമ്പോൾ അങ്കിളിന് മനസ്സിലാകുമോ..? നാലു വർഷങ്ങൾക്കു ശേഷമുള്ള ഒരു കൂടിക്കാഴ്ചയാണ്, ഇനി എന്ത് സംഭവിക്കും എന്ന് ഒരു പിടിയുമില്ല, മനസ്സിൽ ഒരുപാട് ചോദ്യങ്ങൾ ഒളിപ്പിച്ചുവെച്ചവൾ ഖാദറിന്റെ ഒപ്പം ആ വീടിന്റെ പടികൾ കയറി. ഹാളിൽ തന്നെ കരളലിയിക്കുന്ന കാഴ്ച്ചയാണ് ദേവയെ വരവേറ്റത്. ഇരുകാലുകളും തളർന്ന് ഒരു വീൽ ച്ചെയറിലിരിക്കുന്ന അനിരുദ്ധൻ സാർ. പഴയ ആ പ്രൗഢിയും പ്രസരിപ്പും ഒന്നുമില്ല, ആകെ ക്ഷീണിച്ചിട്ടുണ്ട് അദ്ദേഹം നാലുവർഷം കൊണ്ട് ആ മുഖത്ത് ഒരുപാട് പ്രായം തോന്നിപ്പിക്കുന്ന മാറ്റമുണ്ട്. കണ്ണുകളിലെ തിളക്കവും തേജസ്സും ഇന്നില്ല, അവൾക്ക് സങ്കടം തോന്നി അങ്ങനെയൊരു കാഴ്ച്ച കണ്ടപ്പോൾ. ആരായിത് ഖാദറോ...? എന്താ ഈ വഴിയൊക്കെ, ഞാൻ വിജാരിച്ചു എന്നെ നിങ്ങളും മറന്നുവെന്ന് അദ്ദേഹം ഒരു പുഞ്ചിരിയോടെ ഖാദറിനെ നോക്കി പറഞ്ഞു. അങ്ങനെ മറക്കാൻ പറ്റുന്ന മുഖങ്ങളാണോ സാറിന്റെയും ദേവൻ കാറിന്റെയുമൊക്കെ ഒരു തവണ കണ്ടാൽ പിന്നെ എന്നും ഓർമയിൽ ഉണ്ടാകും മറവിക്ക് വിട്ടുകൊടുക്കാതെ ഖാദർ പുഞ്ചിരിയോടെ പറഞ്ഞു. ശരിയാണ്,

എന്റെ ദേവൻ പോയപ്പോൾ തീർന്നു എന്റെ സന്തോഷവും, ഇന്നിപ്പോൾ ജീവിച്ചിരിക്കുന്ന ഒരു ശരീരം മാത്രമായി ഞാൻ ഒതുങ്ങി, അവന്റെ ഓർമ്മകളാണ് ഇപ്പോഴും എന്നെ വേദനിപ്പിക്കുന്നത്, കണ്മുൻപിൽ അവന്റെ കുടുംബം നശിച്ചിട്ടും എനിക്കൊന്നും ചെയ്യാൻ പറ്റിയില്ലല്ലോ...? അയാൾ രണ്ടു തുള്ളി കണ്ണുനീരിന്റെ അകമ്പടിയോടെ ഖാദറിനെ നോക്കി പറഞ്ഞു. സാരമില്ല സാറേ, അവർക്ക് അത്രയേ ആയുസ്സുള്ളൂ എന്ന് വിജാരിച്ചു നമുക്ക് സമാധാനിക്കാം, ഖാദർ വിഷമത്തോടെ അയാളെ സമാധാനിപ്പിച്ചു. അങ്ങനെ പറഞ്ഞു എങ്ങനെ സമാധാനിക്കാൻ കഴിയും, ആ ആയുസ്സു വെറുതെ കുറഞ്ഞതല്ല, അതൊക്കെ പലരും ചേർന്ന് വെട്ടിച്ചുരുക്കിയതാണ്, അതാരാണെന്നൊക്കെ എനിക്ക് നന്നായിട്ടറിയാം, അതിനെതിരെ പൊരുതിയത് കൊണ്ടാണല്ലോ എനിക്ക് ഈ അവസ്ഥ വന്നത് അയാൾ തന്റെ കാലുകളിലേക്ക് നോക്കി വേദനയോടെ പറഞ്ഞു. ദേവ സങ്കടത്തോടെ അദ്ദേഹത്തെ തന്നെ നോക്കി നിൽക്കുകയായിരുന്നു. ഈയിടെയായി എന്താണെന്നറിയില്ല ഞാൻ എപ്പോഴും ദേവനെ സ്വപ്നം കാണുന്നുണ്ട്.

അവൻ എന്തൊക്കെയോ എന്നോട് പറയാൻ ശ്രമിക്കുന്നത് പോലെ.. സ്വന്തം മക്കളെ പോലെ സ്നേഹിച്ചിരുന്നതാണ് ദേവയേയും ഗിരിയേയും, അവരെപ്പോലും സംരക്ഷിക്കാൻ എനിക്ക് കഴിഞ്ഞില്ലല്ലോ...? അവരിൽ ഒരാളെങ്കിലും എന്റെ കൂടെയുണ്ടെങ്കിൽ ഞാൻ ജീവൻ പോലും കളഞ്ഞവർക്ക് വേണ്ടി പൊരുതുമായിരുന്നു അദ്ദേഹം സങ്കടത്തോടെ പറഞ്ഞു. അങ്ങനെ മരണപ്പെട്ടു എന്ന് വിജാരിച്ച എത്രപേർ തിരിച്ചു വന്നിട്ടുണ്ട് അതുപോലെ ചിലപ്പോൾ ദേവയും വന്നാലോ..? ഖാദർ അത് പറഞ്ഞതും ദേവ അയാളുടെ കൈകളിൽ കയറിപ്പിടിച്ചു, ഒന്നും പറയണ്ട എന്ന അർത്ഥത്തിൽ കണ്ണുകളടച്ച് കാണിച്ചുകൊടുത്തു. അനിരുദ്ധൻ ഒന്നും മനസ്സിലാകാതെ ഖാദറിനെ നോക്കി. അല്ല സാറേ ഞാൻ എന്റെ ഒരു ആഗ്രഹം പറഞ്ഞതാ, ഞങ്ങൾ ഈ വഴി പോയപ്പോൾ ഇവിടെ ഒന്ന് കേറിയതാ, കടയിൽ തിരക്ക് കൂടുന്ന നേരമായി എന്നാൽ ഞങ്ങളിറങ്ങട്ടെ, ഖാദർ അയാളുടെ ശ്രദ്ധ മാറ്റാനായി പെട്ടന്ന് ഇറങ്ങാൻ ധൃതി കാണിച്ചു. ഇതു വരെ വന്നിട്ട് ഒന്നും കഴിക്കാതെയിറങ്ങുകയാണോ,...? ഭാര്യയുമായി ആദ്യമായിട്ടല്ലേ ഇങ്ങോട്ട് വരുന്നത്...?

അദ്ദേഹം ഖദറിനെ നോക്കി ചോദിച്ചു. കഴിക്കാൻ ഇനി പിന്നെയും വരാലോ ഇപ്പോൾ ഇറങ്ങാൻ ഇത്തിരി തിടുക്കമുണ്ട് എന്ന് പറഞ്ഞ് ദേവയേയും വിളിച്ച് അദ്ദേഹം അവിടെ നിന്നുമിറങ്ങി, ദേവ ഇറങ്ങാൻ നേരം ഒരിക്കൽ കൂടി അനിരുദ്ധനെ ഒന്ന് നോക്കി. മോളെന്താ, നിന്റെ കാര്യം ഞാൻ അദ്ദേഹത്തോട് പറയാൻ നിന്നപ്പോൾ എന്നെ വിലക്കിയത് ..? തിരികെയുള്ള യാത്രയിൽ ഖാദർ തന്റെ സംശയം ദേവയോട് ചോദിച്ചു. ആ മനുഷ്യന്റെ ഇപ്പോഴത്തെ അവസ്ഥ ഇക്ക കണ്ടില്ലേ,? പറഞ്ഞ വാക്കിന്റെ ശൗര്യംക്കൊണ്ട് എതിർകക്ഷികളെ വിറപ്പിച്ചിരുന്ന ആളാണ്, ഏറ്റെടുത്ത കേസുകളിലെല്ലാം വിജയം മാത്രം കണ്ടിട്ടുള്ള വിജയിച്ചു മാത്രം ശീലമുള്ള ഒരു മനുഷ്യൻ, ഇന്ന് ഒന്നുമല്ലാതെ ഒരു വീൽച്ചെയറിൽ ഒതുങ്ങിക്കൂടിയെങ്കിൽ അത് അയാളുടെ തെറ്റുകൊണ്ടല്ല, ഞങ്ങളുടെ ജീവിതത്തിലേക്ക് കടന്നു വന്നുതുകൊണ്ട് മാത്രമാണ്. ഇപ്പോൾ ജീവിച്ചിരിപ്പുണ്ടെന്ന സമാധാനമെങ്കിലും അദ്ദേഹത്തിന്റെ കുടുംബത്തിനുണ്ടാവും , എന്റെ കാര്യമറിഞ്ഞാൽ അദ്ദേഹം ആരെയും വെറുതെ വിടില്ല

അതൊരുപക്ഷേ അദ്ദേഹത്തിന്റെ ജീവിതവസാനത്തിലേക്കാവും എത്തിക്കുന്നത്, വെറുതെ ഇനി ആ ശാപം കൂടി എന്റെ തലയിൽ വയ്ക്കണോ...? അദ്ദേഹം ഇപ്പോൾ ഒന്നും അറിയേണ്ട, ദേവ അപേക്ഷയോടെ പറഞ്ഞപ്പോൾ മറുത്തൊന്നും പറയാൻ ഖാദറിനും കഴിഞ്ഞില്ല, ദിവസങ്ങൾ വീണ്ടും പഴയതുപോലെ കടന്നുപോയി. ദേവയും ആമിയും കൂടുതൽ അടുത്തു , ആമി എന്തെങ്കിലും സംസാരിച്ചിരുന്നത് ദേവയോട് മാത്രമായിന്നു, അവർ ഭക്ഷണം ഒരുമിച്ച് കഴിക്കാൻ തുടങ്ങി, നല്ലൊരു സൗഹൃദം അവർക്കിടയിൽ പതിയെ വളരാൻ തുടങ്ങി. രാവിലെ അവൾക്കുള്ള ഭക്ഷണം കൊടുത്ത് ദേവ അവളുടെ ജോലി നോക്കാൻ തുടങ്ങും, അവൾ തിരികെ വരുന്ന സമയം വരെ ആമി ആരും കാണാതെ ആ കുഞ്ഞിന്റെ അമ്മയായി , അവനെ മാറോടടക്കി സ്നേഹിച്ചു . അന്നും പതിവു പോലെ ദേവ അവൾക്കുള്ള ഭക്ഷണവും കൊടുത്ത് അലക്കാനുള്ള തുണികളുമായി പുറത്തേക്കിറങ്ങി. ദേവ പോയി കഴിഞ്ഞതും ആമി മോനെയെടുത്ത് വാരിപ്പുണർന്ന് ഉമ്മ നൽകി അവനെ പാലുകുടിപ്പിച്ചു. അവൾ അവനു പാലും നൽകി അവനത് കുടിക്കുന്നതും നോക്കി സന്തോഷത്തോടെ ഇരിക്കുന്നതിനിടയിലാണ് പെട്ടെന്ന് ആരോ വാതിൽ തുറന്നങ്ങോട്ട് വന്നത്. ആമി ഞെട്ടിപ്പിടഞ്ഞെഴുന്നേറ്റു മുൻപിൽ നിൽക്കുന്നയാളെ പേടിയോടെ നോക്കി...... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story