💕കാണാച്ചരട് 💕: ഭാഗം 46

kanacharad

രചന: RAFEENA MUJEEB

കോളേജിനോട് ചേർന്നുള്ള രണ്ട് നില വീടാണ് മരിയ മിസ്സിന്റെ വീട് അതുകൊണ്ടുതന്നെ കോളേജിലേക്കുള്ള പോക്കും വരവും ഒന്നുകൂടി സുഖപ്രദമാവും, മുകളിലെ നിലയാണ് ആമിക്കും കൂട്ടുകാർക്കും താമസിക്കാൻ അവർ നൽകിയത്, പുറത്തുനിന്നും അകത്തുനിന്നും സ്റ്റെയർ ഉള്ളതുകൊണ്ട് പുറത്തേക്കിറങ്ങാൻ ബുദ്ധിമുട്ടൊന്നുമില്ല, അവരുടെ സൗകര്യാർത്ഥം പുറത്തെ സ്റ്റൈർകേസ് ഉപയോഗിക്കാനും അകത്തേക്കുള്ളത് അടച്ചിടാനും മിസ്സ്‌ അനുവാദം കൊടുത്തു. രാവിലെ തന്നെ ബാഗൊക്കെ പാക്ക് ചെയ്ത് അവിടെ എത്തിയപ്പോൾ മിസ്സിന്റെ വക ഒരു നീണ്ട പ്രസംഗം തന്നെ ഉണ്ടായിരുന്നു. താഴെയുള്ളവർക്ക് ഒരു താരത്തിലും ബുദ്ധിമുട്ട് ഉണ്ടാക്കരുതെന്നും, വൈകുന്നേരം ആറ് മണിക്കുള്ളിൽ വീട്ടിലെത്തണം, പത്തുമണിക്ക് തന്നെ ലൈറ്റ് ഓഫ് ചെയ്തു കിടന്നിരിക്കണം, അടുക്കും ചിട്ടയുമുള്ള ജീവിതമായിരിക്കണം, അവരെ കഴിക്കുന്ന ഭക്ഷണം തന്നെ അവർക്കും തരും അത് റെഡിയാകുമ്പോൾ അറിയിച്ചാൽ വന്ന് കൊണ്ടുപോകണം മേളിൽ കൊണ്ടുപോയി കഴിക്കണം വീട് വൃത്തിയായി സൂക്ഷിക്കണം, അന്തസ്സുള്ള വേഷം മാത്രമേ വീട്ടിൽ ധരിക്കാൻ അനുവദിക്കൂ, അങ്ങനെ നീണ്ട ഒരു പ്രസംഗം തന്നെ അവർ കാഴ്ച്ചവച്ചു.

അവർ അഞ്ചുപേർക്കും അവിടെനിന്ന് അപ്പോഴേ ഇറങ്ങി ഓടണമെന്നുണ്ട്, പക്ഷേ ഹോസ്റ്റലിൽ ഒരു റൂമിൽ അഞ്ചും പത്തും പേരൊക്കെയാണ് താമസിക്കുന്നത്, അതിലും നല്ലത് ഇവിടെ താമസിക്കുന്നതാണ് എന്നോർത്ത് മാത്രം അവർ എല്ലാം സഹിച്ചു നിന്നു. മിസ്സ് അവിടുത്തെ റൂളുകൾ വിവരിക്കുന്നതിനിടയിലാണ് അവിടേക്ക് അവരുടെ മകൾ വന്നത്. ഗോൾഡൻ കളർ ചെയ്ത മുടി ബോയ് കട്ട് ചെയ്ത് വെട്ടി ഒതുക്കിയിട്ടുണ്ട്, ആവശ്യത്തിൽ കൂടുതൽ ചായം തേച്ചു മിനുക്കിയിട്ടുണ്ട് മുഖം ടീഷർട്ട് ത്രീ ഫോർത്തുമാണ് വേഷം, എല്ലാം തികഞ്ഞവളാണെന്നുള്ള ഒരു ഭാവം ഉണ്ട് ആ മുഖത്ത്, അവർ വന്നത് തീരെ പിടിച്ചിട്ടില്ല എന്നും അവളുടെ മുഖം വ്യക്തമാക്കുന്നുണ്ട്. ഇതെന്താ ടീ ഈ കുട്ടി രാവിലെ തന്നെ പെയിന്റിൽ മുങ്ങിയോ ,.. ? അപ്പു അവളെ കണ്ടു ചിരിയടക്കാൻ കഴിയാതെ അച്ചുവിനോട് രഹസ്യം പറഞ്ഞു, നീയൊന്ന് അടങ്ങിയിരിക്കുന്നുണ്ടോ?, ഇത് വല്ലതും അവർ കേട്ടാൽ ഉള്ള കിടപ്പാടം പോകും പറഞ്ഞേക്കാം, അച്ചു അവളെ നോക്കി കണ്ണുരുട്ടി പറഞ്ഞു.

ഞാൻ എന്തു ചെയ്തു ഞാനൊരു സത്യം പറഞ്ഞതല്ലേ...? നീ ആ കൊച്ചിനെ അടിമുടി ഒന്നു നോക്ക് മിസ്സ് പറഞ്ഞ അന്തസ്സുള്ള വേഷം ഇതാവും അല്ലേടി അപർണ അവളെ നോക്കി ചിരിയടക്കാൻ പാടുപെട്ടു നിന്നു. അശ്വതി ഇടയ്ക്കിടെ അവളെ നോക്കി കണ്ണുരുട്ടി പേടിപ്പിക്കുന്നുണ്ട്. ഇത് എന്റെ മൂത്തമകൾ സാന്ദ്ര ആൽബർട്ട് മേരി മാതാ എൻജിനീയറിങ് കോളേജിൽ ഒന്നാം വർഷ വിദ്യാർഥിനിയാണ്, അവരുടെ നോട്ടം തന്റെ മകളുടെ മേലെയാണെന്ന് മനസ്സിലാക്കി മിസ്സ്‌ അവളെ അവർക്ക് പരിചയപ്പെടുത്തി കൊടുത്തു. ഒരു മോനുണ്ട്, പ്ലസ് ടു പഠിക്കുന്നു, കരാട്ടെ ക്ലാസിൽ പോയിരിക്കുകയാണ്. എന്നാൽ നിങ്ങൾ റൂമിലേക്ക് പോയ്ക്കോളൂ എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ അറിയിക്കാം. മിസ്സ് അത് പറഞ്ഞതും അവർ ആശ്വാസത്തോടെ മുകളിലേക്ക് പോകാൻ ഒരുങ്ങി. ഒന്നവിടെ നിന്നെ എനിക്ക് ചില കാര്യങ്ങൾ പറയാനുണ്ട്, പെട്ടെന്നാണ് അവരുടെ പിറകിൽ നിന്നും സാന്ദ്രയുടെ വിളി വന്നത്. അവൾക്ക് പറയാനുള്ളത് കേൾക്കാനായി അവർ അക്ഷമയോടെ അവിടെ തന്നെ നിന്നു.

ഒരേ പ്രായത്തിലുള്ളവർ ആയതുകൊണ്ട് നിങ്ങൾക്ക് എന്നോട് ഒരു അടുപ്പം തോന്നാം അത് സ്വാഭാവികമാണ്, എന്നോട് കൂട്ട് കൂടണം എന്നൊരു ഉദ്ദേശമുണ്ടെങ്കിൽ അത് ഒരിക്കലും നടക്കില്ല, എനിക്ക് എന്റെതായ പ്രൈവസി വേണം, ഒന്നാമത് എനിക്ക് നിങ്ങളുടെ ഈ വരവ് ഒട്ടും പിടിച്ചിട്ടില്ല, അതിന്റെ കൂടെ എനിക്കിഷ്ടമില്ലാത്ത എന്തെങ്കിലും നിങ്ങൾ ചെയ്താൽ ആരുടെ സമ്മതത്തിനും കാത്തുനിൽക്കാതെ ഞാൻ നിങ്ങളെ പിടിച്ചു വെളിയിലിടും, എന്റെ ഒരു കാര്യത്തിലും ഇടപെടാൻ വരരുത്, മുകളിൽ താമസിക്കുന്നവർ മുകളിൽ തന്നെ താമസിച്ചാൽ മതി താഴത്തെ ഒരു കാര്യവും അന്വേഷിക്കേണ്ട, ആര് അന്വേഷിക്കുന്നു ...? അവളുടെ കോപ്രായങ്ങൾ, കണ്ട് അപർണ ഇഷ്ടപ്പെടാതെ മുഖം തിരിച്ചു. പിന്നെ ഒരു കാര്യം പ്രത്യേകം പറയാം, വീടിന്റെ മുകളിൽ നിന്ന് നോക്കിയാൽ മെൻസ് ഹോസ്റ്റൽ അടുത്തു തന്നെ കാണാം, കണ്ടാലറിയാം വായനോട്ടത്തിൽ മാസ്റ്റർ ഡിഗ്രിയുണ്ടെന്ന്, ആ സ്വഭാവം ഇവിടെ നടപ്പില്ല, ആവശ്യമില്ലാതെ നിങ്ങൾ മുറിവിട്ടു ഇറങ്ങാൻ പോലും പാടില്ല,

അനാവശ്യമായി ബാൽക്കണിയിൽ ചുറ്റിത്തിരിഞ്ഞു നിൽക്കുന്നത് ശ്രദ്ധേയിൽ പെട്ടാൽ വേണ്ട നടപടികളെടുക്കും , ഇത്രയും കാര്യങ്ങൾ എല്ലാവരും പ്രത്യേകം ശ്രദ്ധിക്കണം, ഇനി നിങ്ങൾക്ക് നിങ്ങളുടെ റൂമിലേക്ക് പോകാം എന്ന് പറഞ്ഞവൾ അവിടെനിന്നും പോയി . വായനോട്ടം അവളുടെ കുഞ്ഞമ്മേടെ നായർക്ക്, എന്തൊരു ജാഡയാണാ പെണ്ണുമ്പിള്ളയ്ക്ക്, മുകളിൽനിന്ന് ഹോസ്റ്റൽ കാണുമെന്ന് അവിടെ നിന്നത് കൊണ്ടല്ലേ മനസ്സിലായത്, ആയമ്മ നമുക്ക് ക്ലാസെടുക്കാൻ വന്നിരിക്കുന്നു ജാഡ പിശാശ്, മുകളിലേക്ക് കയറുന്നതിനിടെയിൽ അപർണ പിറുപിറുത്തു. സാന്ദ്രയുടെ പെരുമാറ്റം അവർക്ക് അഞ്ച് പേർക്കും പിടിച്ചിട്ടില്ല, റൂമിൽ എത്തുന്ന വരെ അഞ്ചു പേരും അവളുടെ കുറ്റം പറഞ്ഞു സമാധാനിച്ചു. മുകളിൽ രണ്ടു റൂമും ബാത്റൂമുമാണുള്ളത്, ഒരു റൂമിൽ അപർണ്ണയും ആമിയും അശ്വതിയും, മറ്റൊരു റൂമിൽ ഷഹലയും റീമയും താമസിച്ചു. അവരുടെ പെരുമാറ്റമൊഴിച്ചാൽ ശാന്തമായ അന്തരീക്ഷം ആണ് അവിടെ, അവർക്കവിടെ ഒരുപാട് ഇഷ്ടമായി. സാന്ദ്ര പറഞ്ഞതുപോലെ ബാൽക്കണിയിൽ നിന്ന് നോക്കിയാൽ ഹോസ്റ്റൽ വളരെ കൃത്യമായിട്ട് കാണാം,

ആകെ ഒരു ആശ്വാസം ഉള്ളത് ബോയ്സ് ഹോസ്റ്റൽ ഇതിന്റെ അടുത്താണെന്നുള്ളതാണ് അപർണ ഒരു ചിരിയോടെ പറഞ്ഞതും അശ്വതി അവളെ അടിക്കാനായി ഓടിച്ചു. ഭക്ഷണത്തിന്റെ ടൈം ആയാൽ സർവെന്റ് അവരെ വന്നു വിളിക്കും, ഒരാൾ ചെന്ന് ഭക്ഷണം എടുത്ത് മുകളിൽ വന്ന് അവിടെയിരുന്ന് കഴിക്കണം, അവരുടെ പാത്രങ്ങൾ അവർ തന്നെ കഴുകി വെയ്ക്കണം. ഹോസ്റ്റലിനേക്കാൾ എന്തുകൊണ്ടും നല്ല ഭക്ഷണമായിരുന്നു അവിടെ കിട്ടിയിരുന്നത്. എല്ലാം കൊണ്ടും കുഴപ്പമില്ലായെന്ന് അവർക്കും തോന്നി. ആമി ഹോസ്റ്റൽ മാറിയത് അച്ഛനേയും അമ്മയേയും വിളിച്ച് അറിയിച്ചു . രണ്ട് റൂമുണ്ടെങ്കിലും അവരെല്ലാം ഒരുമിച്ച് ഹാളിലാണ് കിടന്നത്, അഞ്ചുപേരും പെട്ടെന്ന് തന്നെ കൂട്ടായി. ആമി അതിരാവിലെ എഴുന്നേറ്റ് കുളിച്ച് മുടി തുവർത്തിക്കൊണ്ട് ബാൽക്കണിയിൽ നിന്നു. അവിടെ നിന്നു നോക്കിയാൽ റോഡ് കാണാം, രാവിലെയായതുകൊണ്ട് വാഹനങ്ങൾ ഓടി തുടങ്ങുന്നതേയുള്ളൂ, അടുത്തുള്ള കടകളിൽ ചിലതെല്ലാം അടച്ചുപൂട്ടിയിട്ടുണ്ട്, ചിലത് തുറന്നു സാധനങ്ങൾ എല്ലാം പുറത്തേക്ക് എടുത്തു വെയ്ക്കുന്നുണ്ട്. തൊട്ടടുത്തെവിടെയോ ഒരു അമ്പലമുണ്ടെന്നു തോന്നുന്നു.

അവിടെ നിന്നും വരുന്ന ഭക്തിഗാനം അത്ര വ്യക്തമല്ലെങ്കിലും കേൾക്കുന്നുണ്ട്. ആമി പുറത്തെ കാഴ്ച്ചകളൊക്കെ കണ്ട് സ്വയം മറന്നങ്ങനെ നിന്നു . തൊട്ടപ്പുറത്ത് നിന്ന് ആരോ തന്നെ നോക്കുന്നതുപോലെ അവൾക്ക് തോന്നിയതും അവൾ തിരിഞ്ഞുനോക്കി. സംശയിച്ചത് പോലെ തന്നെ ഹോസ്റ്റലിലെ ബാൽക്കണിയിൽ നിന്ന് തന്നെ ആരോ നോക്കിക്കൊണ്ട് നിൽക്കുന്നുണ്ടായിരുന്നു. അവൾ നോക്കുന്നത് കണ്ടതും അയാൾ മുഖം വെട്ടിച്ച് ഒരു തൂണിന്റെ മറവിലേക്ക് നിന്നു. ആരാണെന്നറിയാൻ അവൾ ഒരുപാട് ശ്രമിച്ചെങ്കിലും അവൾ പോകുന്നതുവരെ അയാൾ പുറത്തേക്കു വന്നില്ല പിന്നീടുള്ള ദിവസങ്ങളിലെല്ലാം അവൾ ഇ പോകുന്നിടങ്ങളിലെല്ലാം ആരോ തന്നെ പിന്തുടരുന്നുണ്ടെന്ന് ആമിക്ക് മനസ്സിലായി, തിരിഞ്ഞു നോക്കുമ്പോഴേക്കും ആൾ അപ്രത്യക്ഷമാവും , അവൾ എവിടെ പോയാലും അവളെ പിന്തുടർന്നു കൊണ്ട് ആയാളും പുറകെയുണ്ട്. തന്റെ സംശയം ഉറപ്പില്ലാത്തതിനാൽ അവൾ ആരോടും ഈ കാര്യം പങ്കുവെച്ചില്ല, എങ്ങനെയെങ്കിലും അതാരാണെന്ന് കണ്ടുപിടിക്കണം അവൾ മനസ്സിൽ ഉറപ്പിച്ചു.

അന്നു വൈകിട്ട് കോളേജിൽ നിന്ന് വന്ന ക്ഷീണത്തിലിരിക്കുകയാണ് എല്ലാവരും, ഹാളിൽ വട്ടമണഞ്ഞിരുന്ന് ഓരോ വിശേഷങ്ങൾ സംസാരിച്ചുക്കൊണ്ടിരിക്കുകയാണ്, അപർണ ഒരു കോൾ വന്നു പുറത്തേക്കിറങ്ങി. കുറച്ചു സമയം കഴിഞ്ഞപ്പോൾ പോയതിനേക്കാൾ സ്പീഡിൽ അവൾ തിരിച്ചു വരുന്നുണ്ട്, അവളുടെ മുഖം കടന്നൽ കുത്തിയത് പോലെയുണ്ട്. എല്ലാവരും കാര്യമെന്തെന്നറിയാതെ അവളെ സംശയത്തോടെ നോക്കി. ആ പൂതന ഞാൻ ഫോണുമായി അവിടെ നിന്ന് സംസാരിച്ചപ്പോൾ എന്നെ കണ്ണുരുട്ടി പേടിപ്പിച്ചു . ഇവൾക്കൊന്നും വേറെ പണിയില്ലേ അവളോടുള്ള ദേഷ്യം മുഴുവൻ അപർണ്ണയുടെ വാക്കുകളിൽ പ്രകടമായിരുന്നു. വായിൽ വന്ന തെറിയൊക്കെ അവളെ വിളിച്ചവൾ വെള്ളമെടുക്കാൻ താഴെക്ക് പോയി. അൽപ്പം കഴിഞ്ഞപ്പോൾ പോയ അതേ സ്പീഡിൽ അവൾ ഓടിക്കിതച്ച് വരുന്നുണ്ട്. അവളുടെ മുഖത്ത് നല്ല വെപ്രാളമുണ്ട്. എല്ലാവരും അവളെ കണ്ട് ടെൻഷനോടെ എഴുന്നേറ്റുനിന്നു. കാര്യമറിയാൻ അവളെ ആകാംക്ഷയോടെ നോക്കി. അവളുടെ മുഖത്ത് നല്ല ഭീതിയുണ്ട് അവൾ കിതച്ചുക്കൊണ്ട് എല്ലാവരെയും നോക്കി.... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story