💕കാണാച്ചരട് 💕: ഭാഗം 48

kanacharad

രചന: RAFEENA MUJEEB

 " അരവിന്ദൻ " തന്നെ പിന്തുടരുന്ന ആ കണ്ണുകളെ തിരിച്ചറിഞ്ഞ നിമിഷം അമ്പരപ്പാണ് ആമിയിലുണ്ടായിരുന്നത്, തന്റെ കണ്ണുകളെയവൾക്ക് വിശ്വസിക്കാനായില്ല. അരവിന്ദനേയും കൂട്ടുകാരെയും കുറിച്ച് ആ കോളേജിൽ വന്നതുമുതൽ അവൾ കേൾക്കുന്നതാണ്, കോളേജിലെ ഏറ്റവും ഫെയ്മസ് ആയ ഗ്രൂപ്പ്, എവിടെയും ഏതു പ്രശ്നത്തിനും അവരുണ്ടാകും , എന്ത് കാര്യവും ചുറുചുറുക്കോടെഏറ്റെടുത്തു നടത്താൻ അവർ മുൻപന്തിയിൽ തന്നെയുണ്ടാവും, പക്ഷേ കൂട്ടത്തിൽ നിന്നും വളരെ വ്യത്യസ്തമാണ് അരവിന്ദന്റെ സ്വഭാവം, അധികം ആരോടും സംസാരിക്കില്ല, ഒരു പ്രശ്നത്തിലും കയറി ഇടപെടില്ല, ഒന്നിലും മറ്റുള്ളവരെപ്പോലെ ആക്ടീവല്ല, എല്ലാവരോടും സംസാരിക്കാൻ തന്നെ ഒരു ഭയമാണ് ആൾക്ക്, തനി നാടൻ വേഷവിധാനം മറ്റുള്ളവരിൽ നിന്നും അവനെ വ്യത്യസ്തനാക്കിയിരുന്നു, ആകെ അരവിന്ദനെ ചുറുചുറുക്കോടെ കണ്ടിട്ടുള്ളത് ഫുട്ബോൾ ഗ്രൗണ്ടിൽ മാത്രമാണ്, അവിടെയവൻ കാലുകൾ കൊണ്ട് വിസ്മയം തീർക്കും, അതുവരെ കണ്ട ഒരാളെയല്ല പിന്നീട് കാണാൻ സാധിക്കുന്നത്, ഒരു ചീറ്റപ്പുലിയുടെ ശൗര്യത്തോടെ അവൻ കാൽ പന്ത് കളിയിൽ വിസ്മയം തീർക്കുന്നത് പലപ്പോഴും എല്ലാവരെയും അത്ഭുതപ്പെടുത്തിയിട്ടുണ്ട്,

പങ്കെടുത്ത എല്ലാ മത്സരത്തിലും അവൻ കോളേജിനെ വിജയകിരീടം അണിയിച്ചിട്ടുണ്ട്, ഫുട്ബോളിൽ മാത്രമല്ല പഠനത്തിലും മികവു പുലർത്തിയിട്ടുണ്ടാവൻ, അതുകൊണ്ടുതന്നെ എല്ലാ അധ്യാപകർക്കിടയിലും അരവിന്ദൻ പ്രിയപ്പെട്ടവനാണ്. പിന്നീടുള്ള ദിവസങ്ങളിൽ ആമി തന്നെ പിന്തുടരുന്ന കണ്ണുകളെ മനസ്സിലാക്കി കൊണ്ട് തന്നെ മുൻപോട്ടു പോയി , പലയിടങ്ങളിലും തന്നെ ചുറ്റിപ്പറ്റി അരവിന്ദൻ നടക്കുന്നത് അറിഞ്ഞിട്ടും അറിയാത്ത ഭാവത്തിൽ നിന്നു. ഇതിനിടയിൽ അപ്പു പറഞ്ഞ് അരവിന്ദനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ആമി മനസ്സിലാക്കി. അരവിന്ദൻ കുടക് രാജവംശത്തിലെ അവസാന കണ്ണിയായ ദേവേന്ദ്ര ഗൗഡ യുടെയും ഭാര്യ സരസ്വതി ഭായിയുടെയും ഏക മക്കൾ അരുന്ധതിയുടെ ഒരേയൊരു മകനാണ്, തുളു ഭാഷ സംസാരിച്ചിരുന്ന അവരുടെ പൂർവികരിൽ അധികവും കേരളത്തിൽ നിന്നും കുടിയേറിപ്പാർത്തവരായതിനാൽ മലയാളം നല്ലത് പോലെ കൈകാര്യം ചെയ്യാൻ അവർക്കറിയാമായിരുന്നു,

രാജകുമാരിക്ക് അന്നത്തെ കൊട്ടാരം പാറാവുകാരനോട് തോന്നിയ പ്രണയം ആ സമയത്ത് നാടിനെ പ്രകമ്പനം കൊള്ളിച്ചിരുന്നു, ഏകമകൾ കൊട്ടാരം പാറാവുകാരനെ പ്രണയിച്ചതറിഞ്ഞ് അദ്ദേഹത്തിന്റെ കുടുംബത്തെ മുഴുവൻ രാജാവ് ചുട്ടുകൊന്നു. താൻ ഏറെ പ്രണയിച്ച തന്റെ പ്രിയതമൻ മരിച്ചതറിഞ്ഞ ആ കുമാരി തളർന്നു, ഒരു ഭ്രാന്തിയുടെ കുപ്പായമണിയാൻ പിന്നീട് ഏറെ സമയം കാത്തിരിക്കേണ്ടി വന്നില്ല, ഭ്രാന്തെടുത്തവൾ ആ ഗ്രാമത്തിലെങ്ങും അലഞ്ഞു, തന്റെ ഏകമകളുടെ അവസ്ഥ കണ്ടപ്പോഴാണ് താൻ ചെയ്തത് എത്ര വലിയ ക്രൂരതയാണെന്ന് ദേവേന്ദ്രനും മനസ്സിലായത്, രാജാവിന്റെ സ്വത്ത് മോഹിച്ച് പലരും അരുന്ധതിക്ക് ഒരു ജീവിതം നൽകാൻ വന്നെങ്കിലും എല്ലാവരുടെയും ഉദ്ദേശം തന്റെ സ്വത്തിൽ മാത്രമാണെന്നറിഞ്ഞപ്പോൾ അദ്ദേഹം ആ ആലോചനകളെല്ലാം തള്ളിക്കളഞ്ഞു, തന്റെ സഹോദരി പുത്രനും അരുന്ധതിയെ വിവാഹം ചെയ്യാൻ തയ്യാറായി വന്നപ്പോഴും ദേവേന്ദ്രൻ അതിനെ ശക്തമായി എതിർത്തു, തന്റെ കാലശേഷം തന്റെ മകളെ ആര് സംരക്ഷിക്കും എന്നോർത്തുള്ള സങ്കടത്തിൽ കഴിയുമ്പോഴാണ് തന്റെ ആത്മ സുഹൃത്തിന്റെ മകൻ നാഗേഷ് റെഡി അരുന്ധതിയെ വിവാഹം ചെയ്യാനായി മുൻപോട്ട് വന്നത്,

നാഗേഷ് റെഡി ദേവേന്ദ്രനും സ്വന്തം മകനെപ്പോലെയായിരുന്നു, നാടറിഞ്ഞു തന്നെ അവരുടെ വിവാഹം നടത്തി. അരുന്ധതി മെല്ലെ മനോരോഗത്തിന്റെ പിടിയിൽ നിന്നും മോചിതയായി, അധികം താമസിയാതെ അവൾ ഒരാൺകുഞ്ഞിനു ജന്മം നൽകി, അവൻ രാജ പ്രൗഢിയോടെ വാഴുന്ന സമയത്താണ്, പണ്ട് ദേവേന്ദ്രൻ ചുട്ടുകൊന്ന പാരവുകാരന്റെ കുടുംബത്തിൽ അവശേഷിച്ചിരുന്ന അദ്ദേഹത്തിന്റെ സഹോദരി പുത്രൻ വീരമുത്തു പിന്നീട് പകയോടെ തന്റെ കുടുംബത്തെ ഇല്ലാതാക്കിയവരെ മുഴുവൻ വധിക്കുവാനായി അവസരം കാത്തിരുന്നതും ആരുമറിയാതെ കൊട്ടാരത്തിൽ കയറി ആർക്കും രക്ഷപ്പെടാനാവാത്ത വിധം കൊട്ടാരം മുഴുവൻ അവൻ തീയിട്ടു, ആ സമയത്ത് അവിടെയുണ്ടായിരുന്ന എല്ലാവരുടെയുമൊപ്പം അവനും വെന്തുമരിച്ചു, കുഞ്ഞിനേയും കൊണ്ട് ദൂരെയേതോ അമ്പലത്തിലേക്ക് ഭജനയിരിക്കാൻ പോയ ദേവേന്ദ്രന്റെ ഭാര്യ സരസ്വതി ഭായിയും അരവിന്ദനും മാത്രം അന്ന് അപകടത്തിൽ നിന്നും രക്ഷപ്പെട്ടു, തിരികെ വന്ന അവർക്ക് എല്ലാം നഷ്ടപ്പെട്ടിരുന്നു, ഉറ്റവരും ഉടയവരും അതുവരെ ഉണ്ടായിരുന്ന പണവും പ്രതാപവും എല്ലാം, പിന്നീടവർ കൊച്ചു മോനെയും കൊണ്ട് കേരളത്തിൽ താമസം മാറി,

എന്നെങ്കിലും തന്റെ ചെറുമോൻ പഠിച്ച് വലുതായി ആ പഴയ പ്രതാപത്തോടെ തന്നെ വാഴിക്കുമെന്ന ഒരേ ഒരു പ്രതീക്ഷയിൽ അവർ ഏതോ അഗതിമന്ദിരത്തിൽ കഴിയുകയാണ്, അരവിന്ദൻ പല ചാരിറ്റിയുടെ സഹായത്തോടെയും സ്വയംതൊഴിൽ ചെയ്തുമാണ് ഇതുവരെ പഠിച്ചത്, ആദിത്യൻ അവന്റെ ജീവിതത്തിൽ വന്നതിനുശേഷം പിന്നീടുള്ള അരവിന്ദന്റെ എല്ലാ ചിലവുകളും നോക്കുന്നത് ആദിയാണ്, അവർ രണ്ടുപേരും ഒരമ്മപെറ്റ മക്കളെപ്പോലെയാണ്, ഒരുമിച്ചാണ് രണ്ടിന്റെയും ഉറക്കവും നടത്തവും എല്ലാം, അവർ അഞ്ചുപേരും കൂട്ടാണെങ്കിലും അരവിയും ആദിയും തമ്മിൽ ഒരു പ്രത്യേക അടുപ്പമുണ്ട്, ഒരമ്മപെറ്റ മക്കളെപ്പോലെയാണ് അവർ കഴിയുന്നത്, അരവിന്ദന്റെ ഏതൊരാവശ്യവും കണ്ടറിഞ്ഞ് തന്നെ ആദി നിറവേറ്റി കൊടുക്കും, അപർണ അരവിന്ദനെ യും കൂട്ടുകാരെയും കുറിച്ച് വാതോരാതെ സംസാരിക്കുന്നത് മറ്റുള്ളവരോടൊപ്പം ആമിയും കൗതുകത്തോടെ കേട്ടിരുന്നു. പിന്നീടുള്ള ദിവസങ്ങളിൽ അവൾ എപ്പോഴോ അരവിന്ദന്റെ സാമിപ്യം ഇഷ്ടപ്പെട്ട് തുടങ്ങിയിരുന്നു. ആരും കാണാതെയുള്ള അവന്റെ കള്ളനോട്ടം അവളും ആസ്വദിക്കാൻ തുടങ്ങി. പതിയെ പതിയെ അവൾ പോലുമറിയാതെ അവൾ അരവിന്ദനെ ഇഷ്ടപ്പെട്ട് തുടങ്ങി.. ************

കോളേജ് ഫ്രഷേഴ്‌സ് ഡേ എല്ലാവരും സാരിയുടുക്കണമെന്ന് ക്ലാസ്സിൽ നിന്നുള്ള നിർദ്ദേശമനുസരിച്ച് ആമിയും കൂട്ടുകാരും സാരിയിലാണ് അന്ന് കോളേജിലേക്ക് പോയത്. സാരിയിൽ ആമിയെ കാണാൻ അതിസുന്ദരിയായിരുന്നു. അരവിന്ദൻ കണ്ണിമവെട്ടാതെ അവളെ തന്നെ നോക്കി നിന്നു. അവൾ നോക്കുമ്പോൾ അവൻനോട്ടം മാറ്റി മറ്റെവിടേക്കെങ്കിലും ശ്രദ്ധ പതിപ്പിക്കും,. ആമി ഇതെല്ലാം കണ്ട് ഒന്ന് ചിരിച്ചു. വേദിയിൽ പരിപാടികൾ തകർത്തു മുന്നേറുന്നതിടയിൽ ആമി ആരും അറിയാതെ പുറത്തേക്കിറങ്ങി. തന്നെ പിന്തുടർന്ന് അരവിന്ദനുണ്ടാവുമെന്ന ഉറപ്പോടു കൂടി തന്നെ അവൾ മുമ്പോട്ട് നടന്നു, കോളേജിന് പുറക് വശത്തായി അധികമാരും കടന്നുചെല്ലാത്ത ഒരു കാട് പിടിച്ച സ്ഥലമുണ്ട്, ആമി അവിടേക്ക് നടന്നു പോകുന്നത് കണ്ട അരവിന്ദനും അവൾക്കു പുറകെ നടന്നു. അരവിന്ദൻ തന്റെ തൊട്ടടുത്തെത്തിയെന്ന് ഉറപ്പായയതും ആമി പെട്ടെന്ന് തന്നെ പുറകിലേക്ക് തിരിഞ്ഞു നിന്നു. ആമിയുടെ പെട്ടെന്നുള്ള നീക്കത്തിൽ പതറി എന്തുചെയ്യണമെന്നറിയാതെ അരവിന്ദൻ സ്തംഭിച്ചുനിന്നു. ആമി ഇരുകൈകളും കെട്ടി അവനെ തന്നെ സൂക്ഷിച്ചു നോക്കി തലകൊണ്ട് എന്താ എന്ന് ചോദിച്ചു . അവൻ ഒന്നും പറയാതെ നിന്നപ്പോൾ അവൾ അവന്റെ അടുത്തേക്ക് നടന്നു .

താൻ എന്തിനാ എന്റെ പുറകെ ഇങ്ങനെ ചാറ്റുന്നത്..?കുറച്ച് ദിവസമായല്ലോ ഇത് തുടങ്ങിയിട്ട് എന്താണ് ഉദ്ദേശം...? ആമി ഗൗരവം വിടാതെ അവനോടു ചോദിച്ചു. ഞാൻ തന്റെ പുറകെയൊന്നും വരുന്നില്ല കുട്ടിക്ക് വെറുതെ തോന്നുന്നതാ, അവൻ പതർച്ചയോടെ മറുപടി കൊടുത്തു. ഓഹോ എനിക്ക് തോന്നിയതാണോ..? അപ്പോൾ ഇപ്പോഴും താൻ എന്നെ പിന്തുടർന്നതും എനിക്ക് തോന്നിയതാണോ ..? അവൾ വീണ്ടും സംശയത്തോടെ അവനോട് ചോദിച്ചു. ഞാൻ എന്റെ സുഹൃത്തുക്കളെ അന്വേഷിച്ചിറങ്ങിയതാണ് കുട്ടി എന്റെ മുൻപിൽ ആയത് എന്റെ തെറ്റല്ല. അങ്ങനെയാണോ...? എന്നാൽ ഇത് അങ്ങനെ വിടാൻ ഞാൻ ഉദ്ദേശിച്ചിട്ടില്ല, എന്നും പറഞ്ഞ് ആമി അവന്റെ അടുത്തേക്ക് ഒന്നു കൂടി നീങ്ങി നിന്നു. അരവിന്ദൻ ഒന്നും മനസ്സിലാകാതെ അവളെ തന്നെ നോക്കി നിന്നു. അവൾ പെട്ടെന്ന് ഇരുകാലുകളും ഉയർത്തി അവന്റെ തല പിടിച്ച് തന്റെ ചുണ്ടുകളോട് ചേർത്ത് പിടിച്ച് അമർത്തി ചുംബിച്ചു. ആമിയുടെ പെട്ടെന്നുള്ള ആ നീക്കത്തിൽ അരവിന്ദൻ ഞെട്ടിത്തരിച്ചു.

അവന്റെ രണ്ട് കണ്ണുകളും ബുൾസൈ പോലെ പുറത്തേക്ക് ചാടാൻ തയ്യാറായി നിന്നു. കുറച്ചുസമയം കഴിഞ്ഞപ്പോൾ ഒരു പുഞ്ചിരിയോടെ അവൾ അവനിൽ നിന്നും വേറിട്ടു. ഒന്നും മനസ്സിലാവാതെ തന്നെ നോക്കുന്ന അരവിന്ദനെ നോക്കി അവൾ ഒന്നു ചിരിച്ചു. എടോ അരവട്ടേ.. തനിക്ക് എന്നെ ഒരുപാട് ഇഷ്ടമാണെന്ന് എനിക്ക് നേരത്തെയറിയാം, സാധാരണ ആണുങ്ങൾ ഇഷ്ടപെട്ട പെണ്ണിനോട് ഇഷ്ടമാണെന്ന് പറയുന്നതുവരെ പെൺകുട്ടികൾ തന്റെ ഇഷ്ടം അവരെ അറിയിക്കാതെ കാത്തിരിക്കും, ഇവിടെ ഞാൻ അങ്ങനെ കാത്തിരുന്നാൽ ഞാൻ മൂത്ത് നരച്ച് പോകത്തേയുള്ളൂ, താൻ എന്നോട് ഇഷ്ടമാണെന്ന് ഈ ജന്മം പറയും എന്ന് എനിക്ക് ഒരു പ്രതീക്ഷയുമില്ല, അതുകൊണ്ട് ഞാൻ തന്നെ മുൻകൈയ്യെടുത്തു കാര്യങ്ങളൊക്കെ എളുപ്പത്തിൽ ആക്കിയിട്ടുണ്ട്, ഇനി വേണ്ടത് എന്താണെന്ന് വെച്ചാൽ ചെയ്തോ..? അവനെ നോക്കി ഒരു പുഞ്ചിരിയോടെ അതും പറഞ്ഞു അവൾ കോളേജിലേക്ക് ഓടി. അവൾ പോകുന്നതും നോക്കി ഒന്നും മനസ്സിലാകാതെ അരവിന്ദൻ മിഴിച്ചുനിന്നു.... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story