💕കാണാച്ചരട് 💕: ഭാഗം 52

kanacharad

രചന: RAFEENA MUJEEB

 " ദിവസങ്ങൾ വീണ്ടും കൊഴിഞ്ഞു പോയി, ദേവയുടെയും ആമിയുടെയും സ്നേഹവാത്സല്ല്യത്തിൽ ആദിമോൻ മിടുക്കനായി വളർന്നു. ആമി പകൽ മുഴുവൻ ആദി മോന്റെ കൂടെ തന്നെ അധികസമയവും ചിലവഴിക്കാൻ ശ്രമിച്ചു. ദേവ കഴിയുന്നതും അവളിൽ നിന്ന് കുഞ്ഞിനെ അകറ്റാൻ ശ്രമിക്കുന്നുണ്ടെങ്കിലും ഓരോ ദിവസം കഴിയുന്തോറും ആമി അവനോട് വല്ലാതെ അടുത്തു. അവളിൽ നിന്ന് എങ്ങനെയെങ്കിലും തന്റെ മകനെ അകറ്റിയില്ലെങ്കിൽ അവനെ തനിക്ക് നഷ്ടപ്പെടുമെന്ന് അവൾ ഭയന്നു. അതിനവൾ കണ്ടുപിടിച്ച പോംവഴിയാണ് ആമിയുടെ തുടർ പഠനം. മുടങ്ങിപ്പോയ ആമിയുടെ പഠനം വീണ്ടും തുടങ്ങണം എന്ന ആശയം ആദ്യം അവതരിപ്പിച്ചത് ദേവയാണ്. അത് കേട്ടപ്പോൾ ജാനകിയും രാഘവനും അതിനെ അനുകൂലിച്ചുവെങ്കിലും ആമി അതിനെ ശക്തമായി എതിർത്തു. ഇനി അങ്ങനെയുള്ള ഒന്നും തന്റെ ജീവിതത്തിൽ വേണ്ട എന്നവൾ തീർത്തു പറഞ്ഞു, താൻ ഇവിടെ എവിടെയെങ്കിലും ഒരു മൂലയിൽ ഒതുങ്ങി കൂടി കൊള്ളാം പഠിക്കാൻ ഇനി താൽപര്യമില്ലെന്നവൾ പറഞ്ഞു.

പക്ഷേ ആ തീരുമാനത്തിൽ നിന്ന് അവളെ ദേവ ഒരുപാട് പറഞ്ഞു മനസ്സു മാറ്റി അവളുടെ പഠിത്തം തുടരാൻ ഉള്ള എല്ലാ പ്രോത്സാഹനവും അവൾക്ക് നൽകി. അങ്ങനെ ആമി വീണ്ടും അവളുടെ പഠനം പുനരാരംഭിച്ചു. അവളിലെ ഈ മാറ്റങ്ങൾ ജാനകിയേയും രാഘവനേയും ഒരുപാട് സന്തോഷിപ്പിച്ചു, പതിയെ തങ്ങളുടെ മകളെ തങ്ങൾക്ക് തിരിച്ചുകിട്ടുകയാണെന്ന് അവർക്ക് തോന്നി. ആമിയും പതിയെ ആ ജീവിതത്തോട് പൊരുത്തപ്പെട്ട് ജീവിക്കാൻ തുടങ്ങി. അങ്ങനെ എല്ലാം കൊണ്ടും സമാധാനമുള്ള നാളുകളായിരുന്നു പിന്നീട്. എന്നും രാവിലെ ആമി കോളേജിൽ പോകുന്നതുവരെ അവളുടെ എല്ലാ കാര്യങ്ങളും നോക്കുന്നത് ദേവ തന്നെയാണ്, അവള് കോളേജിൽ പോകുന്നത് വരെ നല്ല ജോലിയാണ് ദേവയ്ക്ക് . മോനെ അല്ലിയെ ഏൽപ്പിച്ച് ആമിക്ക് കഴിക്കാനുള്ള ഭക്ഷണം തയ്യാറാക്കുകയായിരുന്നു ദേവ കൂടെ ജാനകിയും കല്ല്യാണിയുമുണ്ട്. ആമി കോളേജിലേക്ക് പോകാൻ റെഡിയാകുന്നു. രാഘവൻ സിറ്റൗട്ടിലിരുന്ന് ന്യൂസ് പേപ്പർ വായിക്കുകയാണ് കൂടെ ആസ്വദിച്ചു കുടിക്കാൻ ആവി പറക്കുന്ന ഒരു ഗ്ലാസ് ചൂട് ചായയും ഉണ്ട്.

അപ്പോഴാണ് ആ മുറ്റത്തേക്ക് ചീറിപ്പാഞ്ഞു കൊണ്ട് ഒരു കാറ് വന്നു നിന്നത്. വലിയ വിലകൂടിയ ആഡംബര കാറാണ്, ആ നാട്ടിൽ ഉള്ളവരൊന്നും അങ്ങനെയുള്ള കാർ ഉപയോഗിക്കുന്നില്ല, വന്നതാരാണെന്നറിയാനുള്ള ആകാംക്ഷയിൽ രാഘവൻ കാറിലേക്ക് നോക്കി. കാർ അവിടെ വന്നു നിന്നതും മുൻ സീറ്റിലിരുന്ന ഡ്രൈവർ ഓടിവന്ന് പുറകിലെ ഡോർ തുറന്ന് അകത്തുള്ള ആൾക്ക് ഇറങ്ങാൻ സൗകര്യം ചെയ്തു കൊടുത്തു. കുറച്ചുസമയം കഴിഞ്ഞപ്പോൾ ഒരു സ്ത്രീ പുറത്തേക്കിറങ്ങി, അൻപതു കഴിഞ്ഞ പ്രായം, സാരിയാണ് വേഷം, ശ്രീത്വം തുളുമ്പി നിൽക്കുന്ന മുഖം, മുഖത്ത് വലിയൊരു മൂക്കുത്തിയുണ്ട്, അതിൽ കൂടുതലൊന്നും ആടയാഭരണങ്ങൾ അവർ ഇട്ടില്ലെങ്കിലും ആ മുഖം കണ്ടാലറിയാം ഏതോ വലിയ തറവാട്ടിലെ അമ്മയാണെന്ന്. അവർ കാറിൽ നിന്നും ഇറങ്ങി ചുറ്റും നോക്കി. വന്നിരിക്കുന്ന ആളെ ഒട്ടും മനസ്സിലാവാതെ രാഘവൻ ഇരുന്നിടത്തുനിന്ന് എഴുന്നേറ്റു. അവർ ഒരു പുഞ്ചിരിയോടെ തന്നെ അകത്തേക്ക് കയറി. വന്നയുടനെ രാഘവനെ നോക്കി ഇരു കൈകളും കൂപ്പി നമസ്കാരം പറഞ്ഞു.

തന്നെ മനസ്സിലാകാതെ മിഴിച്ചു നിൽക്കുന്ന രാഘവനെ കണ്ടപ്പോൾ അവർ മുഖത്ത് ഒരു പുഞ്ചിരി വരുത്തി. ഉമ്മറത്ത് ആരോ വന്ന ശബ്ദം കേട്ട് ജാനകിയും അപ്പോഴേക്കും അവിടേക്ക് വന്നു. പുറത്തു നിൽക്കുന്ന അതിഥിയെ കണ്ട് ഒന്നും മനസ്സിലാകാതെ ജാനകി രാഘവനെ നോക്കി. ജാനകിയ നോക്കി അവരൊന്ന് പുഞ്ചിരിച്ചു . അധികം തലപുകയ്ക്കേണ്ട രാഘവാ..... നമ്മൾ ഇതിനു മുമ്പ് ഇതുവരെ കണ്ടിട്ടില്ല, തന്നെ നോക്കി മിഴിച്ചു നിൽക്കുന്ന രാഘവനോട് അവർ പറഞ്ഞു. ഞാൻ കേരളത്തിൽ തന്നെ ആദ്യമായിട്ടാണ് വരുന്നത്, എന്റെ പേര് പറഞ്ഞാൽ അറിയില്ലെങ്കിലും ഞാൻ എന്നെ നിങ്ങൾക്ക് സ്വയം പരിചയപ്പെടുത്താം, എന്റെ പേര് സരസ്വതി ഭായി അവർ പുഞ്ചിരിയോടെ സ്വയം പരിചയപ്പെടുത്തി. അപ്പോഴേക്കും ശബ്ദംകേട്ട് ആമി അവിടേക്കെത്തി. ആമിയെ കണ്ടതും അവരുടെ കണ്ണുകൾ തിളങ്ങി. മുഖത്ത് വാത്സല്യം വന്നു നിറഞ്ഞു അവർ പുഞ്ചിരിയോടെ അവളെ നോക്കി. അവളുടെയടുത്ത് വന്നു സ്നേഹത്തോടെ അവളുടെ മുടിയിൽ തലോടി നിറകണ്ണുകളോടെ അവളെ സൂക്ഷിച്ചു നോക്കി.

ആമി വന്നതാരെന്നു മനസ്സിലാവാതെ അമ്മയേയും അച്ഛനേയും നോക്കി. തന്റെ മകളോടുള്ള ആ സ്ത്രീയുടെ പ്രവർത്തി കണ്ട് മിഴിച്ചു നിൽക്കുകയാണ് അവർ രണ്ടുപേരും. അപ്പോഴാണ് മുറ്റത്തുള്ള കാറിന്റെ ഡോർ തുറന്ന് ഒരാൾ പുറത്തേക്കിറങ്ങിയത്. എല്ലാവരുടെയും ശ്രദ്ധ അയാളിലേക്കായി. ആമി അയാളെ കണ്ടതും അവളുടെ മുഖം വലിഞ്ഞു മുറുകാൻ തുടങ്ങി. ദേഷ്യം കൊണ്ട് അവളുടെ കണ്ണുകൾ ചുവന്നു. അവൾ മുമ്പിലുള്ള ആ സ്ത്രീയെ തള്ളിമാറ്റി മുറ്റത്തേക്കോടി. കാരിനരികിൽ നിൽക്കുന്നയാളുടെ ഷർട്ടിൽ കടന്നുപിടിച്ചു. മകളുടെ പെട്ടെന്നുള്ള ഈ പെരുമാറ്റത്തിൽ അമ്പരന്നു നിൽക്കുകയാണ് രാഘവനും ജാനകിയും. ആമി ഒരു ഭ്രാന്തിയെപ്പോലെ അലറി. ഒന്നും മനസ്സിലാവാതെ രാഘവനും ജാനകിയും അവളുടെയരികിലേക്കോടി.... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story