💕കാണാച്ചരട് 💕: ഭാഗം 54

kanacharad

രചന: RAFEENA MUJEEB

 " നിങ്ങളെന്താ ആളെ കളിയാക്കാൻ വന്നതാണോ..? ലോകത്തെവിടെയും നടക്കാത്ത ഓരോ കഥകളും പൊക്കിപ്പിടിച്ചുകൊണ്ട് വന്നിരിക്കുകയാണ്, ഞങ്ങളെന്താ പൊട്ടന്മാരാണോ,...? ഒരു രാജാവും രാജ്ഞിയും വന്നേക്കുന്നു, രാജഭരണം അവസാനിച്ചതൊന്നും തള്ള അറിഞ്ഞില്ലെന്നു തോന്നുന്നു, രാഘവൻ പുച്ഛത്തോടെ പറഞ്ഞു, ആയിരിക്കാം, മണ്ടന്മാരാണെന്ന് താൻ തന്നെ സ്വയം തെളിയിക്കുകയല്ലേ , രാജഭരണം എവിടെ അവസാനിച്ചു, ഭരണം ഇല്ലെങ്കിലും എല്ലാ അധികാരത്തോടെയും വാഴുന്ന രാജാക്കന്മാർ ഇന്നും ഈ നാട്ടിലുണ്ട്, അതുപോലും നിങ്ങൾക്കറിയില്ലേ...? ഞാൻ പറഞ്ഞത് കള്ളമാണോ സത്യമാണോ എന്നറിയാൻ നിങ്ങളൊന്ന് അന്വേഷിച്ചാൽ മതി, പറഞ്ഞ ദേശത്ത് പറഞ്ഞ കാര്യങ്ങൾ എല്ലാം അന്വേഷിക്കാം, അവിടെ ചെല്ലുമ്പോൾ അറിയാം ഈ സരസ്വതി ഭായി ആരാണെന്ന്. നിങ്ങൾ ആരാണെങ്കിലും എനിക്കൊരു ചുക്കുമില്ല, പറഞ്ഞ് ഫലിപ്പിക്കാൻ തുടങ്ങുന്ന കള്ളങ്ങളൊന്നും ഞങ്ങൾ വിശ്വസിക്കുമെന്ന് വിചാരിക്കേണ്ട,

ഇപ്പൊ ഇറങ്ങണം എന്റെ വീട്ടിൽ നിന്ന് ഈ നിമിഷം മുതൽ ഇവിടെ ഒരു അവകാശവും പറഞ്ഞു വരരുത് അയാൾ ദേഷ്യത്തോടെ സരസ്വതിയെ നോക്കി പറഞ്ഞു. അരുതച്ഛാ അവർ പറഞ്ഞതിൽ സത്യമുണ്ട്, അവരെ ഇരുവരെയും പുറത്താക്കാനൊരുങ്ങിയ രാഘവനെ തടഞ്ഞുകൊണ്ട് ആമിയുടെ ശബ്ദമുയർന്നു. മുത്തശ്ശി പറഞ്ഞതിൽ ശരികളുണ്ട് അരവിയുടെ മുതുകിൽ ത്രിഭുജ നക്ഷത്രമുണ്ട്, ഞാനത് കണ്ടിട്ടുണ്ട് അതിനെക്കുറിച്ച് ചോദിച്ചപ്പോൾ പച്ചകുത്തിയതാണെന്നാണ് അന്ന് അരവി പറഞ്ഞത്, ദുർബലനായി മാത്രം കാണപ്പെട്ട അരവിയുടെ കരുത്ത് ഞാൻ അനുഭവിച്ചറിഞ്ഞതാണ്, അന്ന് അവനിലെ പൗരുഷം എന്നെ വല്ലാതെ അത്ഭുതപ്പെടുത്തിയിരുന്നു, ഇതെല്ലാം കൂട്ടി വായിക്കുമ്പോൾ മുത്തശ്ശി പറഞ്ഞതിൽ സത്യമുണ്ട് ഞാൻ എപ്പോഴും നിങ്ങളോട് പറഞ്ഞിട്ടുണ്ട് എന്റെ അരവി എന്നെ ചതിക്കില്ലായെന്ന്, എനിക്കറിയാം അവനെ, അവനൊരിക്കലും എന്നെ ചതിക്കാനാവില്ല, ഇത്രയും കാര്യങ്ങൾ എന്നോട് പറയാതെ മൂടിവെച്ചത് തെറ്റ് തന്നെയാണ് പക്ഷേ അതിലും എന്തെങ്കിലും കാരണം കാണും.

ആമീ പറയുന്നത് കേട്ട് സരസ്വതി ഭായിയുടെ കണ്ണുകൾ തിളങ്ങി, നീ വീണ്ടും ഇവരൊക്കെ പറയുന്ന കള്ളക്കഥകൾ കേട്ട് അവന്റെ വക്കാലത്തുമായി വരികയാണോ ആമീ...? അനുഭവിച്ചതൊന്നും മതിയായില്ലേ നിനക്ക്....? രാഘവൻ ദേഷ്യത്തോടെ അവളെ നോക്കി, പറയുന്നത് കള്ളമാണോ സത്യമാണോ എന്നതൊക്കെ പിന്നീടുള്ള കാര്യമാണ്, ഇവിടെ എനിക്ക് ഒരു അവകാശവുമില്ലായെന്ന് എന്തർത്ഥത്തിലാണ് നിങ്ങൾ പറയുന്നത്..? എന്റെ കുട്ടിയുടെ രക്തത്തിൽ ജനിച്ച ഒരു കുഞ്ഞുണ്ടിവിടെ അതിനു ജന്മം നൽകിയ അമ്മയുണ്ടിവിടെ, ഇവർ രണ്ടുപേരും ഇവിടെയുള്ള കാലം ഞാൻ ഇവിടെ വരും, എന്റെ കുട്ടികളെ കാണുകയും ചെയ്യും, അത് തടയാൻ മാത്രമൊന്നും താൻ വളർന്നിട്ടില്ല, സരസ്വതി ഭായി പുച്ഛത്തോടെ രാഘവനെ നോക്കി പറഞ്ഞു. അതൊക്കെ നിങ്ങളുടെ വെറും തോന്നലാണ് എന്റെ വീട്ടിൽ ആരൊക്കെ വരണം ആരൊക്കെ വരണ്ട എന്ന് തീരുമാനിക്കാനുള്ള അധികാരം എനിക്കാണ് ഇത് നിങ്ങളുടെ ദേശം അല്ല രാജഭരണം ഇവിടെയെടുക്കാൻ ,

രാഘവനും വിടാൻ ഉദ്ദേശിച്ചില്ല. സമ്മതിച്ചു ഇത് നിങ്ങളുടെ വീടാണ്, ഇവിടെ കാര്യങ്ങൾ തീരുമാനിക്കുന്നത് നിങ്ങളാണ് ഇവിടെ ആര് വരണം ആര് വരണ്ട എല്ലാം നിങ്ങളുടെ ഇഷ്ടത്തിന് തീരുമാനിച്ചോളൂ, പക്ഷേ ഒന്നുണ്ട് എന്റെ കുഞ്ഞിനെ എന്റെ ഈ കൈകളിൽ ഈ നിമിഷം ഏൽപ്പിക്കണം, ആ കുഞ്ഞ് ലക്ഷ്മീപുരം കൊട്ടാരത്തിലെ അടുത്ത അനന്തരാവകാശിയാണ്, എന്റെ മോൻ വരുമ്പോൾ അവന്റെ കുഞ്ഞിനെ സുരക്ഷിതമായി എനിക്ക് അവനെ ഏൽപ്പിക്കണം, രാഘവനെ നോക്കി ഉറച്ച ശബ്ദത്തോടെയവർ പറഞ്ഞു. നിങ്ങൾ ഒരുപാട് നേരമായല്ലോ എന്റെ കുഞ്ഞ് എന്റെ കുഞ്ഞ് എന്നിങ്ങനെ പറയുന്നു, ഇവിടെ അങ്ങനെ ഒരു കുഞ്ഞും ഇല്ല ഒരു അവകാശിയുമില്ല, ആ അധികാരം പറഞ്ഞീപ്പടി മേലാൽ ചവിട്ടി പോകരുത്. എത്രയൊക്കെ നിഷേധിച്ചാലും ആ കുഞ്ഞിന്റെ പിതൃത്വം നിങ്ങൾക്ക് നിഷേധിക്കാൻ സാധ്യമല്ല രാഘവാ.... എന്റെ മോന്റെ രക്തമാണാ കുഞ്ഞ് അത്‌ തെളിയിക്കാൻ ഞാൻ ഏതറ്റം വരെയും പോകും.

എങ്കിൽ തള്ള പോയി ആദ്യം അത്‌ തെളിയിക്ക് എന്നിട്ട് വാ, ജീവിച്ചിരിപ്പില്ലാത്ത ഒരു കുഞ്ഞിന്റെ അവകാശം നേടിയെടുത്തിട്ട് നിങ്ങൾക്ക് എന്ത് കിട്ടാനായെന്ന് എനിക്കും അറിയണം. രാഘവൻ പരിഹാസത്തോടെ അവരെ നോക്കി പറഞ്ഞു. അയാൾ പറഞ്ഞത് ഒരു ഞെട്ടലോടെയാണ് സരസ്വതിയമ്മ കേട്ടത്, അവർ ഒരു മറുപടിക്ക് വേണ്ടി ആമിയെ ഒന്ന് നോക്കി, അവൾ വേദനയോടെ അവരെ നോക്കി. പറ മോളെ ഞാൻ കേട്ടത് സത്യമാണോ,..? എന്റെ കുഞ്ഞീ ഭൂമിയിൽ ഇല്ലേ..? അവര് ആമിയുടെ അരികിൽ വന്നു ചോദിച്ചു. കുഞ്ഞിനെക്കുറിച്ച് കേട്ടതും അവളുടെ കണ്ണുകളും നിറയാൻ തുടങ്ങി. അവൾ സരസ്വതി ഭായിയുടെ ഇരുകൈകളും മുറുകെ പിടിച്ചു. നൊന്തു പ്രസവിച്ച കുഞ്ഞിന്റെ മുഖമൊന്ന് കാണാൻ പോലും ഭാഗ്യമില്ലാത്ത ഒരു അമ്മയാണ് ഞാൻ. അവരുടെ കയ്യിൽ പിടിച്ചു പൊട്ടിക്കരഞ്ഞുകൊണ്ട് ആമി പറഞ്ഞു. സരസ്വതിയമ്മയ്ക്ക് വിശ്വസിക്കാൻ കഴിയാത്ത കാര്യങ്ങളായിരുന്നു കേട്ടതൊക്കെയും. അവർ ഒട്ടും പ്രതീക്ഷിക്കാത്ത കാര്യങ്ങളാണ് സംഭവിച്ചത്. ആമിയെ തന്റെ നെഞ്ചോട് ചേർത്ത് അവളുടെ തലയിൽ കൈ വെച്ച് അൽപനേരമവർ മൗനമായിരുന്നു.

ഇല്ല നിന്റെ കുഞ്ഞ് മരിച്ചിട്ടില്ല, നീ നൊന്തു പ്രസവിച്ച കുഞ്ഞ് ഇപ്പോഴും ജീവനോടെയുണ്ട്, അതിനൊരു ആപത്തും സംഭവിച്ചിട്ടില്ല. വിദൂരതയിലേക്ക് നോക്കിക്കൊണ്ട് അവർ ഉറച്ച ശബ്ദത്തോടെ പറഞ്ഞു. അത് കേട്ടതും ആമി ഒരു ഞെട്ടലോടെ അവരെ നോക്കി. ആ നിമിഷം ഒരു പതർച്ച രാഘവന്റെ മുഖത്തും ജാനകിയുടെ മുഖത്തും പ്രകടമായി. എന്ത് ഭ്രാന്താണ് ഈ തള്ള പറയുന്നത്...? അവൾ പ്രസവിച്ച കുഞ്ഞ് ഒരു ചാപിള്ളയായിരുന്നു, ഈ കൈകളിലേക്കാണ് അതിന്റെ ജീവനറ്റ ശരീരം ഏറ്റുവാങ്ങിയത്, ഓരോ ഭ്രാന്ത് പറഞ്ഞ് എന്റെ കുഞ്ഞിന് ഇനിയും പ്രതീക്ഷ കൊടുക്കരുത്, ആ വേദനയിൽ നിന്ന് അവളിന്നും കരകയറിയിട്ടില്ല, ജീവനറ്റ കുഞ്ഞിനെ അടക്കം ചെയ്തത് ഞാനാണ്. ഇതൊക്കെ നിങ്ങൾ നിങ്ങളെ വിശ്വസിക്കുന്നവരോട് പറഞ്ഞാൽമതി രാഘവാ.. ഇത് നിങ്ങൾ ഉദ്ദേശിക്കുന്ന ആളല്ല, ഈ സരസ്വതി ഭായി ആരാണെന്ന് നിങ്ങൾ പതിയെ അറിഞ്ഞുകൊള്ളും,

ഇപ്പോൾ നിങ്ങൾക്ക് എന്ത് വേണമെങ്കിലും പറയാം, പക്ഷേ ഒന്നോർത്തോ ഇതൊക്കെ മാറ്റി പറയേണ്ടി വരുന്ന ഒരു ദിവസമുണ്ട് അന്ന് സ്വന്തം മകൾ പോലും നിങ്ങളെ തള്ളിപ്പറയും കുറിച്ചുവെച്ചോ ഇത് പറയുന്നത് സരസ്വതി ഭായി , സരസ്വതി ഭായിയുടെ മുഖം ഒരു ജ്വാല കണക്കെ തോന്നി ആ നിമിഷം രാഘവന് . അവരുടെ തീക്ഷണമായ കണ്ണുകൾക്കു മുൻപിൽ അയാൾ ഒന്ന് പതറി. അവർ വേദനയോടെ ആമിയെ നോക്കി. ഒരുപാട് അനുഭവിച്ചല്ലേ എന്റെ കുട്ടി അവളുടെ കവിളിൽ വാത്സല്യത്തോടെ തലോടിക്കൊണ്ട് അവർ ചോദിച്ചു. എല്ലാത്തിനും അവസാനം ആവാറായി, മോളായിട്ട് ഒന്നിന് പുറകെയും അന്വേഷിച്ചു പോകേണ്ട എല്ലാ സത്യവും മോളെ തേടിവരും അധികം വൈകാതെ. അവളെ ചേർത്ത് പിടിച്ച് നിറുകയിൽ സ്നേഹത്തോടെ ഒരുമ്മ നൽകിക്കൊണ്ടവർ പറഞ്ഞു. മുത്തശ്ശി ഇപ്പോൾ ഇറങ്ങുകയാണ് എന്റെ മോളെ കാണാൻ ഇനിയും വരും ആരാ എന്നെ തടയുന്നത് എന്ന് ഞാൻ നോക്കട്ടെ.. ദേഷ്യത്തോടെ രാഘവന്റെ നേരെ നോക്കിക്കൊണ്ട് അവർ പറഞ്ഞു.

അവർ പറയുന്ന ഓരോ വാക്കും നേരിടാനാവാതെ രാഘവൻ തളർന്നു. അവർ ആമിയെ ഒന്നുകൂടി സ്നേഹത്തോടെ നോക്കി ആദിയേയും വിളിച്ച് ആ റൂമിൽ നിന്നും ഇറങ്ങിപ്പോകാൻ തുടങ്ങുമ്പോഴാണ് കുഞ്ഞിനെയുമെടുത്ത് നിൽക്കുന്ന ദേവ അവരുടെ ശ്രദ്ധയിൽപെട്ടത്. അവളെ ഒരു നിമിഷം അവർ നോക്കി നിന്നു. മോൾ ഇവിടുത്തെ ആരാ....? അവർ സ്നേഹത്തോടെ അവളുടെ അരികിൽ ചെന്ന് കൊണ്ട് ചോദിച്ചു. ഞാൻ ഈ വീട്ടിൽ ജോലിക്ക് നിൽക്കുന്ന ആളാ .. ഇപ്പോൾ ആ നിയോഗമാണ് മോളിൽ എന്ന് പറ, അവർ പുഞ്ചിരിയോടെ പറഞ്ഞു. അവരുടെ മുഖത്ത് വല്ലാത്തൊരു തേജസ് ദേവയ്ക്ക് അനുഭവപ്പെട്ടു. നോക്കി നിന്നുപോകുന്ന ഐശ്വര്യം അവൾ മനസ്സിലോർത്തു. അപ്പോഴാണ് ദേവയുടെ കൈയിൽ തന്നോട് മോണ കാട്ടി ചിരിക്കുന്ന കുഞ്ഞിനെ സരസ്വതി ഭായ് ശ്രദ്ധിച്ചത്. ഈ കുഞ്ഞ്...?

അവർ സംശയത്തോടെ ദേവയെ നോക്കി. എന്റെ മോനാണ്.. അല്ലല്ലോ ഈ കുഞ്ഞ് മോളുടെ അല്ലല്ലോ..? അവർ ശാന്തമായി പുഞ്ചിരിയോടെ പറഞ്ഞു. എന്റെ അനിയത്തി പ്രസവിച്ച കുഞ്ഞാണ് അവൾ പ്രസവത്തിൽ മരിച്ചു. ദേവ പതർച്ചയോടെയാണ് അവർക്ക് മറുപടി. ഒരിക്കലുമല്ല ഈ കുഞ്ഞിന്റെ അമ്മ ജീവനോടെയുണ്ട്. അവർ പുഞ്ചിരിയോടെ തന്നെ പറഞ്ഞു. അത് കേട്ടതും ദേവ ഭയത്തോടെ രണ്ടടി പുറകോട്ടു വെച്ചു. അവർ രണ്ടുപേരും എന്തൊക്കെയോ സംസാരിക്കുന്നു എന്നല്ലാതെ ആദി ഒഴിച്ച് മറ്റുള്ളവർക്കൊന്നും അവർ പറയുന്നത് അത്ര വ്യക്തമല്ലായിരുന്നു. മോള് പേടിക്കേണ്ട ദേവകി പ്രസവിച്ച മകനായിരുന്നു കൃഷ്ണഭഗവാൻ എങ്കിലും അവൻ അറിയപ്പെട്ടത് യശോദയുടെ മകനായിട്ടാണ് വളർന്നതും യാശോദയുടെ മകൻ തന്നെ ആയിട്ടാണ് അവർ പുഞ്ചിരിയോടെ അവളുടെ കവിളിൽ തലോടി കൊണ്ട് പറഞ്ഞു.

അത് കേട്ടതും ദേവയുടെ ഹൃദയം പൊട്ടുമാറ് വേദന അനുഭവപ്പെട്ടു അണപൊട്ടിയൊഴുകുന്ന സങ്കടത്തെ അവൾ സ്വയം നിയന്ത്രിച്ചു. തന്റെ മുൻപിൽ നിൽക്കുന്നവളുടെ എല്ലാ വേദനയും മനസ്സിലാക്കിയത് പോലെ സരസ്വതി ഭായ് ഒന്നും മിണ്ടാതെ അവളെ നോക്കി നിന്നു. മോള് ഒന്നുകൊണ്ടും വിഷമിക്കേണ്ട ഒരിക്കലും തളർന്നു പോകരുത് മോളുടെ രക്ഷയ്ക്കായി ഒരുവൻ വരുന്നുണ്ട്, എല്ലാത്തിനും കണക്കു ചോദിക്കാൻ ആണൊരുത്തൻ മോളുടെ കൂടെയുണ്ടാവും ധൈര്യമായിട്ടിരിക്കൂ, അവളുടെ തലയിൽ കൈവെച്ച് അനുഗ്രഹിച്ച ശേഷം അവർ അവിടെ നിന്നും ഇറങ്ങി. കേട്ടതിന്റെ പൊരുൾ ഒന്നും മനസ്സിലാകാതെ ദേവ തന്റെ കുഞ്ഞിനെയും നെഞ്ചോട് ചേർത്ത് അവർ പോയ വഴിയെ നോക്കി നിന്നു..... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story