💕കാണാച്ചരട് 💕: ഭാഗം 56

kanacharad

രചന: RAFEENA MUJEEB

 " പ്രസാദ് സാർ " അവൾ പോലുമറിയാതെ അവളുടെ നാവിൽ നിന്നും ആ പേര് വീണു. തന്റെ മുൻപിലുള്ള ആളെ അത്ഭുതത്തോടെ നോക്കുകയാണ് പ്രസാദ് സാർ. അയാൾക്ക് അയാളുടെ കണ്ണുകളെ വിശ്വസിക്കാൻ സാധിക്കുന്നുണ്ടായിരുന്നില്ല തനിക്ക് ഈ ഭൂമിയിൽ നിന്നും നഷ്ടപ്പെട്ടു എന്ന് കരുതിയ ഏറ്റവും വലിയ സൗഭാഗ്യമാണ് തന്റെ മുൻപിൽ നിൽക്കുന്നത്, മരിച്ചെന്ന് കരുതിയ തനിക്കേറെ പ്രിയപ്പെട്ടവൾ, അവന് അവന്റെ കണ്ണുകൾ കള്ളം പറയുകയാണെന്ന് തോന്നി. ദേവാ... മോളേ... അവൻ നിറകണ്ണുകളോടെ അവളെ നോക്കി. രണ്ടു കൈക്കൊണ്ടും അവളുടെ മുഖം കയ്യിലെടുത്തു. ദേവ.. നീ.. ഈശ്വരാ ഇതൊക്കെ സത്യമാണോ...? സന്തോഷം കാരണം അവന്റെ വാക്കുകളെല്ലാം തൊണ്ടയിൽ കുരുങ്ങി. ഒരു നിമിഷം അവളെ തന്നെ നോക്കി നിന്ന് അവളെ തന്റെ നെഞ്ചോടുചേർത്തു അവൻ. അവന്റെ പ്രവർത്തിയിൽ അമ്പരന്ന് നിൽക്കുന്ന ദേവ ഒട്ടും പ്രതീക്ഷിച്ചില്ലയത്. അവൾ പെട്ടെന്ന് തന്നെ അവനെ തള്ളി മാറ്റി ഒന്നു പുറകോട്ട് നിന്നു.

അപ്പോഴാണ് അവനും സംഭവിച്ച കാര്യത്തെക്കുറിച്ച് ബോധം വന്നത്, ദേവാ... എനിക്ക് എന്റെ കണ്ണുകളെ വിശ്വസിക്കാനാവുന്നില്ല, ഇത് നീ തന്നെയാണോ...? അതോ എനിക്കു മുൻപിൽ നടക്കുന്നതൊക്കെയും ഒരു മായക്കാഴ്ച്ചയാണോ...? സംശയിക്കേണ്ട ഇത് ഞാൻ തന്നെയാണ് ദേവനന്ദ, എല്ലാവരും മരിച്ചെന്ന് വിശ്വസിച്ച് അടക്കം ചെയ്തവൾ. മരിച്ചില്ലെങ്കിൽ പിന്നെ എങ്ങനെ നീ ഇവിടെ വന്നു..? ആരെയാണ് നീയെന്നും പറഞ്ഞു കാലിയാർ മഠത്തിലെ തറവാട്ടുമുറ്റത്ത് അടക്കം ചെയ്തത് , എന്തൊക്കെയാണ് ഇവിടെ നടക്കുന്നത്..? ഉള്ളിൽ തികട്ടി വന്ന സംശയങ്ങൾ ഓരോന്നോരോന്നായി അവൻ ദേവയ്ക്ക് മുമ്പിൽ എടുത്തിട്ടു. അവന്റെ എല്ലാ ചോദ്യത്തിനും മറുപടിയായി അവൾ ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു. നീ ഒന്ന് പറയുന്നുണ്ടോ ദേവാ.. എനിക്ക് ആകെ ഭ്രാന്ത് പിടിക്കുന്നു. നീയായിരുന്നോ നന്ദ എന്നും പറഞ്ഞിവിടെ താമസിച്ചിരുന്നത്..? ഒരു വേലക്കാരിയുടെ വേഷമണിഞ്ഞ് കാളിയാർ മഠത്തിലെ പെൺകുട്ടിക്ക് ജീവിക്കേണ്ട കാര്യമെന്താണ്..? കാളിയാർ മഠം ആ പേര് പറഞ്ഞു

അവൾ ഒരു പരിഹാസച്ചിരി ചിരിച്ചു. കാളിയാർ മഠത്തിലെ ദേവനന്ദ എന്നോ മരിച്ചു, അവിടെ ജനിച്ചത് ഒരു ശാപമായി കൊണ്ടുനടക്കുന്ന പുതിയ ദേവനന്ദയാണിപ്പോൾ, സാറിന് അറിയാത്ത പുതിയ ദേവനന്ദ, അതു പറയുമ്പോൾ അവളുടെ വാക്കുകൾക്ക് ദൃഢതയുണ്ടായിരുന്നു. പ്രസാദ് സാർ ഒന്നും മനസ്സിലാവാതെ അവളെ തന്നെ നോക്കി നിന്നു. കിച്ചാ... വന്നത് കിച്ചൻ ആയിരുന്നോ..? ആമി അവനെ കണ്ടു പുഞ്ചിരിയോടെ അങ്ങോട്ട് വന്നു. രണ്ടുപേരുടെയും മുഖഭാവം കണ്ടപ്പോൾ എന്തോ പന്തികേടുണ്ടെന്ന് അവൾക്ക് മനസ്സിലായി. എന്താ എന്തുപറ്റി കിച്ചാ.....? അവൾ സംശയത്തോടെ അവനോടു ചോദിച്ചു. ദേവ... അവൻ തന്റെ ചൂണ്ടുവിരൽ ദേവയ്ക്ക് നേരെ ഉയർത്തിക്കൊണ്ട് ആമിയോട് പറഞ്ഞു. അവൾ വിശ്വാസം വരാതെ ദേവയെ നോക്കി. ദേവ എതിർത്തൊന്നും പറയാതെ തലകുനിച്ചു നിന്നു . കിച്ചാ എന്താടാ നീ പറയുന്നത്...? ഈ നിൽക്കുന്നത് നിന്റെ ദേവയാണോ...? നീ പണ്ട് ചങ്കിൽ കൊണ്ടു നടന്ന പെണ്ണ് ആമി വിശ്വാസം വരാതെ ചോദിച്ചു. അതെ, ഇതെന്റെ ദേവയാണ് ഞാൻ ചങ്കിൽ കൊണ്ടുനടന്ന ആ പെണ്ണ് തന്നെ , മരിച്ചെന്ന് ഈ ലോകം വിശ്വസിക്കുന്ന പെണ്ണ് അവൻ ദേവയിൽ നിന്ന് കണ്ണെടുക്കാതെ പറഞ്ഞു. അത് കേട്ടതും ആമിയുടെ മുഖഭാവം മാറി,

അവൾ ദേഷ്യത്തോടെ ദേവയുടെ അരികിലേക്ക് നടന്നു. സത്യമാണോ ഞാനീ കേട്ടത്..? നീ ദേവനന്ദ യാണോ..? ഒരു കൂടപ്പിറപ്പിനെ പോലെ നിന്നെ ഞാൻ സ്നേഹിച്ചിട്ട് നീ ഞങ്ങളെ പറ്റിക്കുകയായിരുന്നോ ..? കിച്ചന്റെ കാര്യം ഞാൻ മുൻപ് പറഞ്ഞപ്പോൾ ഒരു വാക്ക് നീ എന്നോട് പറഞ്ഞില്ലല്ലോ..? നിന്നെ വിശ്വസിച്ചു സ്നേഹിച്ച ഞങ്ങളെയൊക്കെ നീ വിഡ്ഢികളാക്കി അല്ലേ..? നിന്നോട് പറയാത്ത എന്ത് രഹസ്യമാണ് എന്റെ ജീവിതത്തിലുള്ളത്..? ആ എന്നോട് പോലും നീ ഒന്നും തുറന്നു പറഞ്ഞില്ലല്ലോ നന്ദ ആമിയുടെ ശബ്ദം അപ്പോഴേക്കും ഇടറാൻ തുടങ്ങിയിരുന്നു, ഞാൻ എന്താ നിന്നോട് പറയേണ്ടത്..? ഒരിക്കലും കുടുംബത്ത് കേറ്റാൻ പറ്റാത്ത ഒരു പെണ്ണാണ് ഞാനെപറയണമോ..? ജീവനോടെ ഉണ്ടെന്നറിഞ്ഞാൽ ഏതുനിമിഷവും മരണപ്പെടാൻ വിധിക്കപ്പെട്ടവൾ ആണെന്ന് പറയണമോ...? അവൾ ആമിയ നോക്കി ചോദിച്ചു. വധിക്ക്യേ..? നീ എന്തൊക്കെയാ ഈ പറയുന്നത് ആരാ നിന്നെ കൊല്ലാൻ നടക്കുന്നത്...? അതുകേട്ടതും പ്രസാദ് അവളുടെ അരികിലേക്ക് വന്നു കൊണ്ട് ചോദിച്ചു.

അപ്പോഴേക്കും അവിടേക്ക് ഓടി കിതച്ചു കൊണ്ട് ഖാദറും എത്തി. കിച്ചു ഇങ്ങോട്ടു വന്നതറിഞ്ഞു ഓടി വന്നതാണ്, എല്ലാം കൈവിട്ടു പോയിട്ടുണ്ട് എന്ന് അയാൾക്കും മനസ്സിലായി. മോളിനി ആരിൽ നിന്നും ഒന്നും ഒളിക്കണ്ട, എല്ലാ സത്യവും എല്ലാവരും അറിയാനുള്ള സമയമായികാണും അതാവും ഈശ്വരൻ കിച്ചുവിനെ ഇപ്പോൾ നിന്റെ മുൻപിൽ കൊണ്ടു നിർത്തിയത് ഖാദർ ദേവയെ നോക്കി പറഞ്ഞു. അയാൾ പറയുന്നതൊന്നും ആമിക്കും കിച്ചനും മനസ്സിലായില്ല. അപ്പോ ഇക്ക കൂടി അറിഞ്ഞാണല്ലേ ഇവളീ നാടകമൊക്കെ ഇവിടെ കളിച്ചത്..? ആമി ഖാദറിനെ നോക്കി ചോദിച്ചു. എന്റെ അച്ഛൻ ഒരുപാട് വിശ്വസിച്ച കളിക്കൂട്ടുകാനല്ലേ ഇക്കാ..? അച്ഛനോട് ഇങ്ങനെയൊന്നും ചെയ്യേണ്ടായിരുന്നു ആമി വേദനയോടെ പറഞ്ഞു. അവൾക്ക് ഒരു മറുപടി കൊടുക്കാനാവാതെ കാദർ തലകുനിച്ചു നിന്നു. ഇക്കായെ ഒന്നും പറയണ്ട, ഒന്നും അറിഞ്ഞിട്ടില്ല ഇക്ക എന്നെ സഹായിച്ചത്, ഈയടുത്താണ് ഞാൻ എല്ലാം ഇക്കയോട് തുറന്നു പറഞ്ഞത്, ആരും ഒന്നും അറിയരുതെന്ന് ഞാൻ കാലുപിടിച്ചു പറഞ്ഞതുകൊണ്ട് മാത്രമാണ് ഇക്ക ഈ രഹസ്യം മൂടി വെച്ചത്.. എന്തിന് എന്തിനു വേണ്ടിയാണ് നീ ഞങ്ങളിൽ നിന്ന് എല്ലാം ഒളിപ്പിച്ചു വച്ചത്..? അവളെ പിടിച്ചുകുലുക്കി കൊണ്ട് ആമി ചോദിച്ചു.

പേടിച്ചിട്ട്.. ആരെ വിശ്വസിക്കണം ആരെ വിശ്വസിക്കേണ്ട എന്ന് അറിയാത്തതുകൊണ്ട്... എന്റെ മക്കളെ നല്ല രീതിയിൽ വളർത്തണം, അവരുടെ ജീവിതത്തിന് ഒരു ആപത്തും വന്നുകൂടാ അവർക്കുവേണ്ടി എനിക്ക് ഇനിയും ജീവിക്കണം, അതിനു വേണ്ടിയാണ് എല്ലാവരിൽ നിന്നും എല്ലാം മറച്ചു വെച്ചത് ദേവ ഒരു ഭ്രാന്തിയെ പോലെ അലറി. ആരാ...? ആരാണ് നിന്നെ ചതിച്ചത്...? ആരെയാണ് നീ ഇത്രയധികം പേടിക്കുന്നത്..? ആരാണ് നിന്നോട് വിശ്വാസ കേട് കാണിച്ചത് പ്രസാദ് അവളെ നോക്കി ചോദിച്ചു. ആരെയാണ് ഞാൻ വിശ്വസിക്കേണ്ടത്,...? ഒരു വീട്ടിൽ കൂടെ നിഴലുപോലെ നിന്നവർ എല്ലാ സന്തോഷവും ഒരുമിച്ച് അനുഭവിച്ചവർ, എന്ത് കിട്ടിയാലും പങ്കുവെച്ചല്ലാതെ കഴിക്കില്ലായിരുന്നു എന്റെ കൂടപ്പിറപ്പിനെ പോലെ കണ്ടവർ അവർ എന്നെ ചതിച്ചു, എന്റെ ജീവിതം ഇല്ലാതാക്കി ഇനി ഞാൻ ആരെ വിശ്വസിക്കണം സാറ് പറ. ദേവ സങ്കടത്തോടെ പ്രസാദിനോട് ചോദിച്ചു. ആമിയും പ്രസാദും അവൾക്ക് പറയാനുള്ളത് കേൾക്കാനായി കാതോർത്തു,

അവർക്കുമുമ്പിൽ ദേവ താൻ താഴിട്ടു പൂട്ടിയതെല്ലാം ഒരിക്കൽ കൂടിയവൾ തുറന്നു, അതുവരെ താൻ അനുഭവിച്ച എല്ലാ കാര്യവും അവരോട് തുറന്നു പറഞ്ഞു. ഒരുപാട് വേദനയോടെയാണ് ആമി അവൾ പറയുന്നതെല്ലാം കേട്ടത്. പ്രസാദ് സാറിന്റെ മുഖത്ത് ദേഷ്യം പ്രകടമായിരുന്നു, അവന്റെ ഞ ഞരമ്പുകൾ വലിഞ്ഞുമുറുകി. കഴിഞ്ഞതൊക്കെ തുറന്ന് പറയുമ്പോൾ ഒന്നുകൂടി എനിക്ക് പറയേണ്ടിവരും ഇതുവരെ ഞാൻ ചെയ്ത ജോലി. എന്റെ സാഹചര്യം കൊണ്ടാണെങ്കിലും ശരീരം വിറ്റ് ജീവിക്കേണ്ടി വന്ന ആളാണ് ഞാൻ, എങ്ങനെയാണെങ്കിലും അവളെ സമൂഹം വിളിക്കുന്നത് വേശ്യ എന്ന് തന്നെയാണ്, ഒരു കുടുംബത്തിലും അവൾക്ക് സ്ഥാനമുണ്ടാവില്ല, കുടുംബത്തിൽ പിറന്ന ആരും അവളെ സഹായിക്കില്ല, ഇരുട്ടിന്റെ മറവിൽ അവളെ കാമിച്ചവർ തന്നെ അവളെ പകൽവെളിച്ചത്തിൽ കാർക്കിച്ചു തുപ്പും. ഇതൊക്കെ അറിഞ്ഞാൽ ആരും എനിക്ക് അഭയം തരില്ല, എന്റെ കുഞ്ഞുങ്ങളെയും കൊണ്ട് ഞാൻ എങ്ങോട്ട് പോകും, അവർക്കുവേണ്ടി എനിക്ക് ജീവിച്ചേ മതിയാവൂ അതുകൊണ്ടാണ് എല്ലാവരിൽ നിന്നും ഞാൻ എല്ലാം മറച്ചു വെച്ചത്. ദേവ പൊട്ടിക്കരഞ്ഞുകൊണ്ട് ആമിയോട് പറഞ്ഞു. അവളെ തന്നിലേക്ക് ചേർത്ത് പിടിക്കുമ്പോൾ ആമിയും വിതുമ്പുന്നുണ്ടായിരുന്നു.

ഒറ്റ എണ്ണത്തിനെ വെറുതെ വിടരുത്, നീ എന്തിനാണ് ഇങ്ങനെ ഭീരുവിനെപ്പോലെ ഒളിച്ചു താമസിക്കുന്നത്..?, കാളിയാർ മഠം നിന്റെ വീടാണ്, അതിന്റെ അവകാശി നീ മാത്രമാണ്, ചെയ്തതിനുള്ള ശിക്ഷ അവർക്ക് വാങ്ങിച്ചു കൊടുക്കണം, നിന്റെ ജീവിതം ഇല്ലാതാക്കിയവരൊന്നും ഒരിക്കലും സുഖിക്കാൻ പാടില്ല, ഇവിടെ നിയമവും കോടതിയുമൊക്കെ ഉണ്ട്, കിച്ചു ദേഷ്യത്തോടെ പറഞ്ഞു. ഏതു നിയമം..? ഇവിടെ ഏതു നിയമമാണ് എന്നെ സംരക്ഷിക്കുന്നത്,...?എന്റെ അച്ഛനെയും സഹോദരങ്ങളെയും ഗിരിയേട്ടനെയും ഇല്ലാതാക്കിയവർ ഇന്ന് ഇവിടെ സുഖിച്ചു വാഴുന്നുണ്ട്, ഞങ്ങൾ മരിച്ചെന്നു പറയുന്നുണ്ടല്ലോ..? അതൊരു കൊലപാതകമാണെന്നും അറിയാം, എത്ര വർഷമായി അത് നടന്നിട്ട് എന്നിട്ട് ഇന്നുവരെ അത്‌ തെളിയിക്കാൻ ഈ പറഞ്ഞ നിയമത്തിന് സാധിച്ചോ, കുറ്റവാളികൾ ഇവിടെ ഒരു പേടിയും ഇല്ലാതെ ജീവിക്കുമ്പോൾ അവർക്കെതിരെ ഒരു ചെറുവിരലനക്കാൻ ഏതു നിയമം ഉണ്ടാവും, ഞങ്ങൾക്ക് വേണ്ടി ശബ്ദിച്ച അനിരുദ്ധൻ അങ്കിളിന്റെ ഇപ്പോഴത്തെ അവസ്ഥ എന്താണ്,

നിയമം തന്റെ കൈക്കുള്ളിലാക്കി ജീവിച്ച മനുഷ്യനാണ് എന്നിട്ട് തന്നെ ഈ അവസ്ഥയിൽ ആക്കിയ വർക്ക് ശിക്ഷ വാങ്ങി കൊടുക്കാൻ അങ്കിളിനു സാധിച്ചോ....?, ഈ നിയമത്തെയാണോ ഞാൻ വിശ്വസിക്കേണ്ടത്...?, പ്രതികരിക്കാൻ നിന്നിട്ട് വേണം മകൻ എനിക്കെന്റെ മക്കളെ കൂടി നഷ്ടപ്പെടാൻ ദേവയുടെ സംസാരത്തിൽ എല്ലാവരോടുമുള്ള അമർഷം ഉണ്ടായിരുന്നു. അപ്പോൾ നീ പറയുന്നത് എല്ലാവരെയും ഇല്ലാതാക്കിയ നിന്റെ ജീവിതം നശിപ്പിച്ച അവരെ വെറുതെ വിടണം എന്നാണോ ...? പ്രസാദ് സാറിന് ദേഷ്യം നിയന്ത്രിക്കാനായില്ല. അവരെ കൊല്ലാനുള്ള ദേഷ്യംഎനിക്കുമുണ്ട് , എന്റെ മക്കൾ എന്റെ കൂടെ ഇല്ലായിരുന്നുവെങ്കിൽ എല്ലാത്തിനെയും ഞാൻ ഇഞ്ചിഞ്ചായി കൊന്നേനെ, അതിനുള്ള ധൈര്യം എനിക്കുണ്ട്, പക്ഷേ ഇപ്പോൾ എനിക്ക് വലുത് എന്റെ മകളാണ് അവരുടെ ജീവിതമാണ്, അവരുടെ മുഖം കാണുമ്പോൾ ജീവിക്കണമെന്ന് എനിക്കും ആഗ്രഹമുണ്ട്, അല്ലായിരുന്നെങ്കിൽ എന്റെ കുടുംബത്തെ ഇല്ലാതാക്കിയ ഒരാളും ഇന്ന് ജീവനോടെ ഉണ്ടാവില്ല,

ദേവ ദേഷ്യം കൊണ്ട് വിറച്ചു. ഈ വാശി മതി ഈ ധൈര്യം മതി, അവരെയൊന്നും വെറുതെ വിടാൻ പാടില്ല ദേവാ, ഞാനുണ്ട് നിന്റെ കൂടെ എല്ലാവരോടും ഇഞ്ചിഞ്ചായി കണക്ക് ചോദിക്കണം, നിന്റെ അച്ഛന്റെ വിയർപ്പിൽ അവരങ്ങനെ സുഖിച്ചു വാഴണ്ട,അവരോട് കണക്ക് തീർക്കണം എല്ലാത്തിനും എണ്ണി എണ്ണി പകരം ചോദിക്കണം, എന്ത് സഹായം വേണമെങ്കിലും ഞാൻ ചെയ്യും എല്ലാവരും കൂടെയുണ്ട് ദൈര്യമായിട്ടിരിക്ക്, പ്രസാദ് അവളുടെ കയ്യിൽ പിടിച്ച് അവൾക്ക് ആത്മവിശ്വാസം കൊടുത്തു. ഖാദറും ആമീയും അതിനെ പിന്തുണച്ചു. എല്ലാവരുടെ വാക്ക് കേട്ടപ്പോൾ ദേവിയ്ക്കും അവളുടെ ഉള്ളിൽ എവിടെയോ ഒരു ധൈര്യം മുളപൊട്ടി. അവരോടുള്ള പക അവളുടെ ഉള്ളിൽ ഉമിത്തീ പോലെ എരിയാൻ തുടങ്ങി. സംഭവിച്ച കാര്യങ്ങളൊക്കെ ഖാദർ തന്നെ രാഘവനോട്‌ പറഞ്ഞു മനസ്സിലാക്കി. താൻ ഏറെ സ്നേഹിക്കുന്ന തന്റെ ആത്മസുഹൃത്ത് ദേവന്റെ മകളാണ് നന്ദാ എന്നറിഞ്ഞപ്പോൾ അയാൾക്ക് അവളോടുള്ള വാത്സല്യം കൂടി. നിന്നെ ദൈവം തന്നതാണ് തനിക്കെന്നും പറഞ്ഞ് അയാൾ അവളെ തന്നോട് ചേർത്തു നിർത്തി.

എന്തിനും അവളോടുകൂടെ ഉണ്ടാവുമെന്ന് ആത്മവിശ്വാസം കൊടുത്തു. അവരെയൊന്നും വെറുതെ വിടാൻ പാടില്ലെന്ന് അയാളും പറഞ്ഞു. എല്ലാവരും പറയുന്നത് കേട്ടപ്പോൾ ദേവയുടെ ഉള്ളിലും ആത്മവിശ്വാസം കൂടി. തന്റെ അച്ഛനെയും അമ്മയെയും ചേട്ടന്മാരെയും ഗിരിയേട്ടനെയും കൊന്നവർ ഈ ഭൂമിയിൽ സുഖിച്ച് ജീവിക്കാൻ അനുവദിക്കില്ല എന്ന് അവൾ മനസ്സിൽ ഉറപ്പിച്ചു. അവളുടെ ഉള്ളിൽ നിന്ന് ഒരു പുതിയ ദേവ ഉയർത്തെഴുന്നേറ്റു. അവളൊരു പുതിയ അവതാരമായി മാറി. സർവ്വ സംഹാര രൂപിണിയായ സാക്ഷാൽ ഭദ്രകാളിയുടെ അവതാരം.... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story