💕കാണാച്ചരട് 💕: ഭാഗം 62

kanacharad

രചന: RAFEENA MUJEEB

 " ദേവ ജീവിച്ചിരിപ്പുണ്ട്, " പ്രസാദിന്റെ വാക്കുകൾ കേട്ട് അനിരുദ്ധൻ അയാളെ ഒന്ന് നോക്കി. ഞാൻ ഏറെ കേൾക്കാൻ കൊതിച്ച വാക്കുകളാണിത്, ഒരുപാട് പ്രാർത്ഥിച്ചിട്ടുണ്ട് പക്ഷേ എനിക്കറിയാം ഈ പറയുന്നത് കള്ളമാണെന്ന്, അവൾ തിരിച്ചു വരിക എന്നുള്ളത് ഒരിക്കലും സംഭവിക്കാത്ത കാര്യമാണ്, താൻ വെറുതെ തമാശ പറയാൻ വേണ്ടി വന്നതാണോ...? അനിരുദ്ധൻ ഒരു പുഞ്ചിരിയോടെ പ്രസാദിനോട് ചോദിച്ചു. എന്നാൽ അങ്ങനെയൊന്ന് സംഭവിച്ചിരിക്കുന്നു ദേവ തിരിച്ചുവന്നിരിക്കുന്നു, കേവലം ഒരു തമാശ പറയാൻ വേണ്ടി ഞാൻ സാറെ കാണാൻ ഇത്ര ദൂരം വരുമെന്ന് തോന്നുന്നുണ്ടോ..? പറഞ്ഞതത്രയും തമാശയോ കളവോ അല്ല, ദേവ ജീവിച്ചിരിപ്പുണ്ട് എനിക്കറിയാവുന്ന ഒരു സ്ഥലത്ത് അവൾ സുരക്ഷിതമായി ഇപ്പോഴും കഴിയുന്നുണ്ട്, കൂടെ അവൾ പ്രസവിച്ച അവളുടെയും ഗിരിയുടെയും രക്തത്തിൽ പിറന്ന ഒരു മകളുമുണ്ട്, എന്നെ വിശ്വസിക്കാം പറഞ്ഞതത്രയും സത്യങ്ങളാണ് താൻ പറയുന്ന കാര്യങ്ങൾ കേട്ട് വിശ്വാസം വരാതെ നോക്കുന്ന അനിരുദ്ധനെ നോക്കി പ്രസാദ് പറഞ്ഞു.

സത്യമാണോ ഈ പറയുന്നത്..? എന്റെ മോൾ ജീവിച്ചിരിപ്പുണ്ടോ..? കൂടെ അവൾ പ്രസവിച്ച കുഞ്ഞും ഉണ്ടെന്നോ..? അനിരുദ്ധന്റെ കണ്ണുകൾ തിളങ്ങി, സന്തോഷംകൊണ്ട് കണ്ണിൽനിന്നും കണ്ണുനീർ ഒഴുകി, സത്യമാണ് പറഞ്ഞത് യാദൃശ്ചികം ആയിട്ടാണ് ഞാൻ അവൾ കണ്ടുമുട്ടിയത് ഒരുപക്ഷേ ദൈവം എന്റെ മുൻപിലേക്ക് അവളെ എത്തിച്ചത് തന്നെ ആയിരിക്കും.. പ്രസാദ് ദേവയെ കണ്ടതുമുതൽ അവസാനം അരുണിമ പ്രസാദിനോട് പറഞ്ഞത് വരെയുള്ള കാര്യങ്ങൾ എല്ലാം അനിരുദ്ധനെ വളരെ വിശദമായി തന്നെ പറഞ്ഞുകേൾപ്പിച്ചു. എല്ലാം കേട്ട് അയാളുടെ മുഖം ദേഷ്യം കൊണ്ട് വലിഞ്ഞ് മുറുകാൻ തുടങ്ങി. എനിക്കറിയാമായിരുന്നു ആ കുടുംബത്തെ ഇല്ലായ്മചെയ്യാൻ അഖിലും നകുലനും കളിക്കുന്നുണ്ടെന്ന് പക്ഷേ ഇത്രത്തോളം വലിയ ക്രൂരത അവളോട് ചെയ്യുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചില്ല. അതിലേറെ എന്നെ ഞെട്ടിച്ചു കളഞ്ഞത് ആരോഹിയാണ്, അവൾക്കെങ്ങനെ തോന്നി ദേവയോട് ഇങ്ങനെ ചെയ്യാം. ഒന്നിനേയും വെറുതെ വിടരുത് നശിപ്പിക്കണം,

എന്നെ തളർത്തി എന്ന് വിചാരിച്ച് അവന്മാർ അങ്ങനെ സമാധാനിക്കാണ്ട , ഈ അനിരുദ്ധൻ ആരാണെന്ന് അവരെ ഞാൻ അറിയിക്കും, അനിരുദ്ധന്റെ കണ്ണുകൾ പക കൊണ്ട് ജ്വലിച്ചു, എന്റെ ദേവനെയും കുടുംബത്തെയും ഇല്ലാതാക്കിയ ഒന്നിനെയും ഞാൻ വെറുതെ വിടില്ല, ആരെയും വെറുതെ വിടാൻ പാടില്ല അതുതന്നെയാണ് എന്റെയും ഉദ്ദേശം പക്ഷേ നമ്മൾ എടുത്തു ചാടി ഒന്നും ചെയ്യരുത്, ബുദ്ധിപരമായി നീങ്ങിയില്ലെങ്കിൽ ഇല്ലാതാവുന്നത് ദേവയുടെയും മക്കളുടെയും ജീവിതമാണ് , പണ്ടത്തെപ്പോലെയല്ല ശത്രുക്കൾ ഇപ്പോൾ കൂടുതൽ ബലവാന്മാരാണ് സാമ്പത്തികമായും ബുദ്ധിപരമായും അവർ വളർന്നു കഴിഞ്ഞു, അവരെ ഇനി നേരിടേണ്ടത് ശക്തി കൊണ്ടല്ല ബുദ്ധികൊണ്ടാണ്, വ്യക്തമായ പ്ലാനോടെ ആയിരിക്കണം ഇനി മുൻപോട്ട് നമ്മൾ നീങ്ങേണ്ടത് പ്രസാദ് പറയുന്നതിൽ കാര്യമുണ്ടെന്ന് അനിരുദ്ധനും തോന്നി. താൻ പറയുന്നത് ശരിയാണ് സാമ്പത്തികമായി അവർ ഒരുപാട് വളർന്നു കഴിഞ്ഞു, കാളിയാർ മഠത്തിലെ എല്ലാ അധികാരവും അവർ കൈപ്പിടിയിലൊതുക്കി കഴിഞ്ഞു,

അതിന് ഒരു പോറൽ പോലും ഏൽപ്പിക്കാതെ ദേവയ്ക്ക് തിരിച്ചു നൽകണമെങ്കിൽ നമ്മൾ വളരെ ബുദ്ധിപരമായി നീങ്ങിയേ പറ്റൂ, അവരുടെ ഓരോ നീക്കങ്ങളും നമ്മൾ നിരീക്ഷിക്കണം, വീട്ടിലെ കാര്യങ്ങൾ അറിയാൻ നമ്മൾക്ക് അരുണിമയെ കൂടെ കൂട്ടാം പക്ഷേ ഓഫീസിലെ കാര്യങ്ങൾ അറിയാൻ ഒരു വഴിയും ഇല്ലല്ലോ...? അനിരുദ്ധ് നിരാശയോടെ പ്രസാദിനെ നോക്കി. അവരുടെ ഇന്നത്തെ ഒരു പരസ്യമാണിത് കാളിയാർ മഠത്തിലേക്ക് പുതിയ ലീഗൽ അഡ്വൈസറെ ക്ഷണിച്ചുകൊണ്ടുള്ള അറിയിപ്പ്, മുൻപായിരുന്നെങ്കിൽ പ്രശസ്തരായ പല അഡ്വക്കേറ്റും എന്റെ കൂടെ ഉണ്ടായിരുന്നു. ഞാൻ തളർന്നതോടുകൂടി എല്ലാവരുമായിട്ടുള്ള കോൺടാക്ട് ഞാൻ അവസാനിപ്പിച്ചു, ഈ വീഴ്ചയിൽ തന്നെ ഒതുങ്ങിക്കൂടി, അതുകൊണ്ടുതന്നെ ഇപ്പോൾ വിശ്വസ്തരും കുറവാണ്, അനിരുദ്ധൻ കൈയിലെ പേപ്പർ പ്രസാദ് നേരെ നീട്ടിക്കൊണ്ട് പറഞ്ഞു പ്രസാദ് ആ ന്യൂസ്‌ പേപ്പർ വാങ്ങി വായിച്ചു. പറഞ്ഞത് ശരിയാണ് പുതിയ ലീഗൽ അഡ്വൈസറെ ക്ഷണിച്ചുകൊണ്ടുള്ള ഒരു അറിയിപ്പ് ആണിത്,

ഞാൻ ഒന്ന് ശ്രമിച്ചു നോക്കട്ടെ പ്രസാദ് ആ പേപ്പർ നോക്കിക്കൊണ്ട് പറഞ്ഞു. എനിക്ക് എന്റെ മോളെ ഒന്ന് കാണണമെന്നുണ്ട് പക്ഷെ അത് ഇപ്പോൾ വേണ്ട ഞാൻ എങ്ങാനും പുറത്തിറങ്ങിയാൽ ചിലപ്പോൾ അവർ അത് ശ്രദ്ധിക്കും, കഴിയുമെങ്കിൽ അവളോട് ഒന്ന് സംസാരിക്കണം. അനിരുദ്ധൻ പ്രസാദിനെ നോക്കി പറഞ്ഞു. സംസാരിച്ചോളൂ!! പ്രസാദ് തന്റെ ഫോൺ എടുത്ത് അതിൽ ദേവയുടെ നമ്പർ ഡയൽ ചെയ്ത് അനിരുദ്ധനു നേരെ നീട്ടി ഒരു പുഞ്ചിരിയോടെ പറഞ്ഞു. ഫോണിൽ ദേവയുടെ ശബ്ദം കേട്ടപ്പോൾ അനിരുദ്ധനു തന്റെ സന്തോഷം നിയന്ത്രിക്കാനായില്ല, മരിച്ചെന്നു കരുതി ഒരുപാട് സങ്കടപ്പെട്ടതാണ് ഒരിക്കലും പ്രതീക്ഷിച്ചതല്ല ഇങ്ങനെ അവളുടെ ഒരു തിരിച്ചുവരവ്, ദേവയും കരഞ്ഞു കൊണ്ടാണ് സംസാരിച്ചതൊക്കെയും അവൾ ഇതുവരെ അനുഭവിച്ച എല്ലാ വേദനകളും ഒരു അച്ഛനോട് മകൾ പരാതി പറയുന്നതുപോലെ പറഞ്ഞവൾ പൊട്ടി കരഞ്ഞു, അനിരുദ്ധൻ അവളെ ഓരോന്ന് പറഞ്ഞ് ആശ്വസിപ്പിച്ച് അവൾക്ക് ധൈര്യം നൽകി, ഇനി കരയേണ്ടത് മോൾ അല്ല അവരാണെന്ന് അവളെ ഓർമ്മിപ്പിച്ചു.

ഖാദറിന്റെ കൂടെ തന്നെ കാണാൻ വന്നത് ദേവയായിരുന്നു എന്നറിഞ്ഞപ്പോൾ അനിരുദ്ധന് അത്ഭുതമാണ് തോന്നിയത്, തൊട്ടടുത്തവൾ നിന്നിട്ടും താൻ അവളെ അറിഞ്ഞില്ലല്ലോ..? എന്നൊരു നിരാശയായിരുന്നു അയാൾക്ക്. ഒരുപാട് നേരം അവർ തമ്മിൽ ഫോണിൽ സംസാരിച്ചു, ഫോൺ വെച്ചപ്പോൾ എന്തെന്നില്ലാത്ത ഒരു ധൈര്യം വന്നത് പോലെ തോന്നി ദേവയ്ക്ക് , താൻ ഒറ്റയ്ക്കല്ല എന്നൊരു തോന്നൽ. ഒരു കാര്യവും എടുത്തുചാടി ചെയ്യരുത്, പരസ്പരം സംസാരിക്കാതെ ഒരു കാര്യത്തിലും തീരുമാനം എടുക്കരുത് എന്ന് ഇറങ്ങാൻ നേരം അനിരുദ്ധൻ ഓർമിപ്പിച്ചു. അയാളോട് യാത്ര പറഞ്ഞ് പ്രസാദ് നേരെ പോയത് ദേവയുടെ അടുത്തേക്ക് തന്നെയായിരുന്നു. ************ പ്രസാദ് അവിടേക്ക് ചെല്ലുമ്പോൾ എല്ലാവരും സിറ്റൗട്ടിൽ തന്നെയുണ്ട്, കേട്ട കാര്യങ്ങളുടെ നടുക്കത്തിൽ തന്നെയാണ് ആമീയും ജാനകിയുമൊക്കെ മുൻപോട്ടുള്ള കാര്യങ്ങളെക്കുറിച്ചായിരുന്നു പിന്നീട് അവരുടെ സംസാരം, എന്തു ചെയ്തിട്ടായാലും വേണ്ടില്ല ദേവയ്ക്ക് നീതി വാങ്ങി കൊടുക്കണം എന്നുള്ള രീതി ആയിരുന്നു

ആമിക്ക്. അതിനു വേണ്ടി ഏതറ്റം വരെ ആരുടെ കൂടെ വേണമെങ്കിലും താൻ നിൽക്കാമെന്ന് അവൾ ഊന്നിപ്പറഞ്ഞു. സംസാരത്തിനിടയ്ക്കാണ് അവൾ പ്രസാദിന്റെ കൈയ്യിലിരിക്കുന്ന ആ ന്യൂസ് പേപ്പർ ശ്രദ്ധിച്ചത്, അത് വാങ്ങി അതിലെ പരസ്യം വായിച്ച അവളുടെ മുഖത്ത് ഒരു സന്തോഷം വിടർന്നു. ഇതിന് പറ്റിയ ഒരാളുണ്ട് എന്റെ കയ്യിൽ, വിശ്വസിച്ച് നമ്മുടെ കൂടെ നിർത്താം ഞാൻ ഒന്ന് ശ്രമിക്കട്ടെ കിച്ചാ അവൾ പ്രസാദിനെ നോക്കി പുഞ്ചിരിയോടെ ചോദിച്ചു. നിനക്ക് അത്രയ്ക്ക് വിശ്വാസമാണെങ്കിൽ നീ ഒന്ന് ശ്രമിക്കൂ, സംഗതി വിജയിച്ചാൽ നമ്മൾ പാതി ജയിച്ചു, നമുക്ക് വിശ്വാസമുള്ള ആരെങ്കിലും അവിടെ കേറി പറ്റിയാൽ ഓഫീസിൽ നടക്കുന്ന എല്ലാ കാര്യങ്ങളെക്കുറിച്ചും ഒരു ധാരണ നമുക്ക് കിട്ടും, മുൻപോട്ടുള്ള യുദ്ധത്തിൽ അത് നമ്മളെ വളരെയധികം സഹായിക്കും, പക്ഷേ അത്രയ്ക്കും വിശ്വാസം ഉള്ള ഒരാൾ തന്നെ ആയിരിക്കണം അത് ആ ഉറപ്പു നിനക്ക് ഉണ്ടെങ്കിൽ നീ ശ്രമിച്ചോ. പ്രസാദ് അത് പറഞ്ഞതും ആമീ സന്തോഷത്തോടെ അകത്തേക്കോടി

തന്റെ ഫോണുമായി തിരികെ വന്നു . അതിൽ നിന്നും ഒരു നമ്പർ ഡയൽ ചെയ്തവൾ പ്രതീക്ഷയോടെ ഫോൺ കാതോരം വെച്ചു . ഹലോ.... മറുതലയ്ക്കൽ നിന്നും ആ ശബ്ദം കേട്ടതും, അവളുടെ മുഖത്ത് പുഞ്ചിരി വിടർന്നു അപ്പുവേ സ്നേഹത്തോടെയവൾ പ്രിയ കൂട്ടുകാരിയെ വിളിച്ചു. പോടി അലവലാതി അത്രയ്ക്ക് സ്നേഹമൊന്നും വേണ്ട, അപ്പോൾ നിനക്ക് ഇങ്ങോട്ട് വിളിക്കാനൊക്കെ അറിയാം അല്ലേ...? പിണങ്ങാതെ ടി പെണ്ണേ..? എന്റെ അവസ്ഥയൊക്കെ നിനക്ക്അറിയാവുന്നതല്ലേ..? മ്മ് അത് അറിയാവുന്നതുകൊണ്ട് ഞാൻ ക്ഷമിച്ചു, ആട്ടെ തമ്പുരാട്ടി എന്താ ഇപ്പോ വിളിക്കാൻ വിശേഷിച്ച് എന്തോ കാര്യം ഉണ്ട് അല്ലാതെ നീ വിളിക്കില്ല, എന്താടി പ്രശ്നം..? അപർണ ആകാംക്ഷയോടെ ചോദിച്ചു. പ്രശ്നമൊക്കെ ഞാൻ പറയാടീ പെണ്ണേ എനിക്ക് നിന്നെ അത്യാവശ്യമായിട്ട് ഒന്ന് കാണണം, നമ്മൾ മുൻപ് കൂടിയിരുന്ന ആ കോഫി ഹൗസിലേക്ക് നിനക്കൊന്നു വരാൻ പറ്റുമോ...? ആമി പ്രതീക്ഷയോടെ ചോദിച്ചു. എനിക്ക് കോടതിയിൽ ഒരു ഇംപോർട്ടന്റ് കേസ് ഉണ്ട് ടി അതിന് ഞാൻ ചെല്ലാതെ പറ്റില്ല,

അത് കഴിഞ്ഞ് മതിയെങ്കിൽ ഞാൻ വൈകിട്ട് വരാം ഒഴിവാക്കാൻ പറ്റാത്തതുകൊണ്ടാ, അല്ലെങ്കിൽ ഞാൻ ഇത് ജൂനിയറെ ആരെയെങ്കിലും ഏൽപ്പിച്ച് ഇപ്പോൾ തന്നെ ഓടി വന്നേനെ അപർണ്ണ നിരാശയോടെ പറഞ്ഞു. നീ നിന്റെ തിരക്കൊക്കെ കഴിഞ്ഞ് സാവകാശം വന്നാൽമതി, നീ എന്നെ പോലെ അല്ലല്ലോ ഇപ്പോൾ വലിയ തിരക്കുള്ള വക്കീൽ അല്ലേ.. ? ആമി പുഞ്ചിരിയോടെ പറഞ്ഞു. ഞാൻ ഇത്ര വലിയ വക്കീലായതിന്റെ പ്രധാന കാരണം നീയല്ലേ ടീ , പഠിക്കാൻ പുറകിലോട്ട് നിന്ന എന്നെ കൂടെ നിർത്തി പഠിക്കാൻ പ്രോത്സാഹനം തന്നു പഠനം ഒരു രസകരമാക്കി മാറ്റി തന്നത് നീയല്ലേ...? നീ ഇല്ലെങ്കിൽ ഇന്നീ കാണുന്ന അപർണ്ണ വക്കീൽ ഉണ്ടാവില്ലല്ലൊ അയ്യോ ടീ അങ്ങനെ നിന്റെ കഴിവ് ചെറുതാക്കി നീ എന്നെ അങ്ങനെ പൊക്കി പറയേണ്ട നീ ഇന്ന് നല്ല നിലയിൽ ആയിട്ടുണ്ടെങ്കിൽ അത് നിന്റെ മാത്രം കഴിവുകൊണ്ടാണ് അതിന്റെ ഒരു അവകാശവും എനിക്ക് വേണ്ട ആമി പുഞ്ചിരിയോടെ പറഞ്ഞു. ഓ ആയിക്കോട്ടെ മേഡം എന്തായാലും വൈകീട്ട് കാണുമ്പോൾ അതിനുള്ള ട്രീറ്റ് ഞാൻ തരാം ഇപ്പോൾ എനിക്ക് ഇത്തിരി ധൃതി ഉണ്ട് പിന്നെ വിളിക്കാം അപർണ പുഞ്ചിരിയോടെ ഫോൺ വെച്ച്. അവരുടെ സംസാരം കേട്ട് നിന്ന് ദേവയ്ക്കും പ്രസാദിനും ആശ്വാസമായി ആമിക്ക് അത്രയ്ക്കും വേണ്ടപെട്ട ഒരാളാണ് മറുഭാഗത്ത് എന്ന് അവർക്ക് മനസ്സിലായി. ആമി അപർണ്ണയെ കുറിച്ച് വിശദമായി തന്നെ അവരോട് പറഞ്ഞു എന്നിട്ട് അവളെ കാണാൻ പോകുന്ന കാര്യവും പറഞ്ഞു. അവർ രണ്ടുപേരും അതിനോട് യോചിച്ചു... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

 

Share this story