💕കാണാച്ചരട് 💕: ഭാഗം 65

kanacharad

രചന: RAFEENA MUJEEB

 " മുംബൈ നഗരം " അതിഥികളെ സ്വീകരിക്കാനായി ഒരുങ്ങി നിൽക്കുന്നതുപോലെ തോന്നും നമുക്ക്. പല സ്വപ്നങ്ങളുമായി ഇവിടേക്ക് വണ്ടികയറിയവരുടെ എണ്ണം ഒരുപാടുണ്ട്. അതിൽ ചിലരൊക്കെ രക്ഷപ്പെട്ടിട്ടുണ്ട് ചിലരൊക്കെ ചതിക്കണ്ണികളിൽ അകപ്പെട്ടു ജീവിതം ഹോമിക്കപ്പെട്ടിട്ടുമുണ്ട് . പല നിഗൂഢതകളും ഉറങ്ങി കിടക്കുന്നത് പോലെ തോന്നി പ്രസാദിന് അവിടെ കാലുകുത്തിയപ്പോൾ. വളരെ പ്രതീക്ഷയോടെ കൂടി തന്നെയാണ് അവർ രണ്ടുപേരും ആ നഗരത്തിലിറങ്ങിയത്. നഷ്ടപ്പെട്ടുപോയ തന്റെ സുഹൃത്തിനെ എങ്ങിനെയെങ്കിലും തിരിച്ചു കൊണ്ടുവരണമെന്ന ഉദ്ദേശം മാത്രമേ ആദിക്കുള്ളൂവെങ്കിൽ തന്റെ കൂടപ്പിറപ്പിനെ ചതിച്ചു മുങ്ങി നടക്കുകയാണ് അരവിന്ദനെങ്കിൽ അവനെ അരിഞ്ഞുവീഴ്ത്തണമെന്ന ലക്ഷ്യമായിരുന്നു പ്രസാദിന് . ആമിയ വിളിച്ച് താൻ ഇവിടെ എത്തിയ വിവരം അറിയിച്ചു

അങ്കിൾ തൽക്കാലം ഒന്നുമറിയാതെ ശ്രദ്ധിക്കണമെന്ന് പ്രത്യേകം അവളെ ഓർമ്മിപ്പിച്ചു. കാരണം അങ്കിൾ കാര്യങ്ങൾ അറിഞ്ഞാൽ കാരണം എന്തെന്ന് പോലും തിരക്കാതെ ചിലപ്പോൾ അവനെ വന്ന് കൊന്നിട്ട് പോകും അത്രയ്ക്ക് ദേഷ്യമുണ്ട് അദ്ദേഹത്തിന് അവനോട്. ആമിയെ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ദേവയെ അവൻ ഓർമിപ്പിച്ചു. ഏറെ പ്രയാസപ്പെട്ടാണ് അവർ തനവ് താമസിക്കുന്ന ഹോട്ടൽ കണ്ടുപിടിച്ചത്. അദ്ദേഹം കുടുംബത്തോടൊപ്പമാണ് അവിടെ റൂം എടുത്തിരിക്കുന്നത് എന്നാണ് അറിയാൻ കഴിഞ്ഞത്. വലിയ ഹോട്ടലാണ് പ്രമുഖരെല്ലാം താമസിക്കുന്നത് കൊണ്ട് തന്നെ അവിടെ സെക്യൂരിറ്റി ചെക്കിംഗ് വളരെ കർശനമാണ്. ആ ഹോട്ടലിന്റെ മുൻപിൽ ഒരു ഓട്ടോയിൽ വന്നിറങ്ങി അകത്തേക്ക് കേറാൻ നിന്നപ്പോൾ തന്നെ സെക്യൂരിറ്റിക്കാരൻ അവർക്കു മുമ്പിൽ ഒരു തടസ്സമായി നിന്നു.

തങ്ങളുടെ ആവശ്യം അയാളെ പറഞ്ഞു മനസ്സിലാക്കിയെങ്കിലും അകത്തേക്ക് കയറാനുള്ള പെർമിഷൻ അയാൾ കൊടുത്തില്ല. അവർ അയാളെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചെങ്കിലും മ ആയാൾ അവരെ അകത്തേക്ക് കയറ്റി വിടില്ല എന്നുള്ള തീരുമാനത്തിൽ തന്നെ ഉറച്ചു നിന്നു. ഒരു കാരണവശാലും അകത്തേക്ക് തങ്ങളെ അയാൾ കടത്തിവിടില്ല എന്നവർക്ക് ഉറപ്പായി. എങ്ങനെ അവിടെ കയറി പറ്റും....? എങ്ങനെ അരവിയെ ഒന്ന് കാണും...? എന്നൊരു നിശ്ചയവും ഇല്ലാതായായി രണ്ടാൾക്കും . ഏറെ നിരാശയോടെ അവരാ ഹോട്ടലിലേക്ക് നോക്കിനിന്നു . ************ " തനൂ...." നിനക്കെന്താ ഇന്ന് കഴിക്കാൻ ഒന്നും വേണ്ടേ...? എത്ര നേരമായി ഞാൻ നിന്നെ വിളിക്കുന്നു നീ അകത്ത് എന്തെടുക്കുവാ..? റൂമിൽ കണ്ണാടിയുടെ മുമ്പിൽ നിന്ന് തന്റെ ന്യൂ ഹെയർ സ്റ്റൈലിന്റെ ഭംഗി ആസ്വദിച്ചു നിൽക്കുകയായിരുന്ന തനവ് ആ വിളി കേട്ട് പുറത്തേക്കൊന്ന് എത്തി നോക്കി. ദാ വരുന്നു മമ്മാ ഒരഞ്ചുമിനിറ്റ് അവൻ പുറത്തേക്ക് നോക്കി വിളിച്ചു പറഞ്ഞു. കഴുത്തിലുള്ള ടവൽ ബെഡിലേക്കിട്ട് മുടി ഒന്നുകൂടി ചീകി ഒതുക്കി.

ഷെൽഫിലിരുന്ന ഒരു ടീഷർട്ടെടുത്തിട്ട് വെളിയിലേക്കിറങ്ങി. ഡെയിനിങ് ടേബിളിൽ ഋതു ഇരുന്നു ഭക്ഷണം കഴിക്കുന്നുണ്ട് അത് കണ്ടപ്പോൾ അവന്റെ ചുണ്ടിൽ ഒരു ചിരി വിടർന്നു. അവൻ പതുക്കെ അവളുടെ പുറകിലൂടെ ചെന്ന് അവളെ തലയ്ക്കൊരു കിഴുക്കു കൊടുത്തു. അവൾ വേദനയോടെ തലയിൽ പിടിച്ച് പുറകോട്ട് നോക്കിയപ്പോഴേക്കും അവൻ അവളുടെ പ്ലേറ്റിലുണ്ടായിരുന്ന പുഴുങ്ങിയ മുട്ട എടുത്ത് തന്റെ പ്ലേറ്റിലേക്കിട്ടു. അവളുടെ തൊട്ടടുത്തുള്ള ചെയറിലിരുന്നു. ദേ കണ്ടോ മമ്മാ ഈ ചാച്ചു കാണിക്കുന്നത്...? അവൾ അകത്തേക്ക് നോക്കിക്കൊണ്ട് മമ്മയോട് സങ്കടം പറഞ്ഞു. രാവിലെ തന്നെ തുടങ്ങിയൊ രണ്ടും മനുഷ്യന് ചെവി തല കേൾപ്പിക്കാതെ... പോത്തുപോലെ വളർന്നു രണ്ടാളും എന്നാലും വികൃതികൾക്ക് ഒരു കുറവുമില്ല.അകത്തു നിന്ന് ഒരു കറി പാത്രമെടുത്തു ടേബിളിലേക്ക് വരുന്നതിനിടയിൽ അതിഥി രണ്ടാളെയും നോക്കി പറഞ്ഞു. നിനക്ക് കഴിക്കാനുള്ളതൊക്കെ ഈ ടേബിളിൽ ഉണ്ടല്ലോ കണ്ണാ... പിന്നെ എന്തിനാ അവളുടെ എടുക്കുന്നത്...?

എത്രയുണ്ടെങ്കിലും അവളുടെ പ്ലേറ്റിൽ നിന്ന് കൈയിട്ടുവാരുന്ന സുഖം ഇതിന് കിട്ടുമോ മമ്മാ " അത് അവളുടെ കയ്യിൽ നിന്നും നല്ലത് കിട്ടുമ്പോൾ തീർന്നോളും.. രണ്ടും എന്നെ വിളിച്ചു വന്നേക്കരുത്! രണ്ടാളോടും ഒരു താക്കീത് പോലെ പറഞ്ഞ് അതിഥി അടുക്കളയിലേക്ക് പോയി. അതിഥി കണ്ണിൽ ൽ നിന്നും മാറിയതും ഹൃതിക തനുവിന്റെ തലയ്ക്കിട്ട് ഒരു കിഴുക്കു കൊടുത്തു. മമ്മ പോകുന്നതും നോക്കി നിന്നത് കൊണ്ട് അവളുടെ ആ നീക്കം അവൻ പ്രതീക്ഷിച്ചില്ല. അവൻ തലയിൽ കൈ വെച്ച് അവളെ അടിക്കാൻ ഓങ്ങിയതും അവിടേക്ക് ഭക്ഷണം കഴിക്കാൻ വരുന്ന പപ്പയെ കണ്ട് പെട്ടെന്ന് കൈ വലിച്ചു. . രണ്ടും കൂടെ ആഹാരത്തിന് മുൻപിലാണോ അടി കൂടുന്നത്...? അവരെ ഒന്ന് ഗൗരവത്തോടെ നോക്കി കൊണ്ട് മഹേഷ് അവിടേക്ക് ആഹാരം കഴിക്കാൻ വന്നിരുന്നു. ഇല്ല പപ്പാ ഞങ്ങൾ ചുമ്മാ തമാശയ്ക്ക് തനവ് പപ്പയെ കണ്ടതും ഒന്ന് ഒതുങ്ങി. ഋതു അവിടെ യാതൊരു സംഭവവും നടന്നിട്ടില്ല എന്ന രീതിയിൽ ഭക്ഷണം കഴിക്കുന്നതിൽ മാത്രം ശ്രദ്ധകേന്ദ്രീകരിച്ചു .

പപ്പയെ കണ്ടതും രണ്ടു മക്കളും നല്ല കുട്ടികൾ ആയതുകണ്ട് അതിഥിക്ക് ചിരി വന്നു. ക്ഷമ എവിടെ അവളെ കണ്ടില്ലല്ലോ കഴിക്കാൻ ...? തന്റെ പ്ലേറ്റിലേക്ക് രണ്ട് ചപ്പാത്തി എടുത്തിടുന്നതിനിടയിൽ മഹേഷ് ചുറ്റും നോക്കിക്കൊണ്ട് അതിഥിയോട് ചോദിച്ചു. അവൾക്കെന്തോ കുറച്ച് സാധനങ്ങൾ അത്യാവശ്യമായി മേടിക്കാനുണ്ട് എന്ന് പറഞ്ഞ് രാവിലെ ഇറങ്ങിയതാണ് ഇതുവരെ വന്നിട്ടില്ല. ഇതുവരെ നിർത്താൻ ആയില്ലേ അവളുടെ കറക്കം..? ഇവിടെ വന്നാലെങ്കിലും ഒരു പൊടിക്ക് അടങ്ങിക്കൂടെ അവൾക്ക് പരിചയമില്ലാത്ത സ്ഥലമല്ലേ..? മഹേഷ് കുറച്ച് ദേഷ്യത്തോടെ പറഞ്ഞു. ഒറ്റയ്ക്ക് പോകണ്ട എന്ന് ഞാൻ പറഞ്ഞതാ ഇവനോട് കൂട്ടു പോകാൻ വിളിച്ചപ്പോൾ അവൻ പോയില്ല. ആ ദേഷ്യത്തിന് അവൾ കാറുമെടുത്ത് ഇറങ്ങിയതാണ്. നിനക്കെന്താ അവൾക്ക് കൂട്ടു പോയാൽ...? നീ കെട്ടാൻ പോകുന്ന പെണ്ണല്ലേ മറ്റാരുമല്ലല്ലൊ ? അതിഥി പറയുന്നത് കേട്ട് മഹേഷ് തനവിനോട് ചോദിച്ചു എനിക്കൊന്നും വയ്യ പപ്പേ രാവിലെ തന്നെ അവളുടെ താളത്തിനൊത്ത് തുള്ളാൻ. ഒന്നാമത് രാവിലെ പ്രാക്ടീസും കാര്യങ്ങളുമായി ഞാൻ നല്ല ടയെർഡ് ആയിരുന്നു

കുറച്ചുകഴിഞ്ഞ് പോകാമെന്നു പറഞ്ഞിട്ട് അവൾ കേൾക്കണ്ടേ ...? രണ്ടും കണക്കാണ് മഹേഷ് ആരോടെന്നില്ലാതെ പറഞ്ഞ് ഭക്ഷണം കഴിക്കാൻ തുടങ്ങി . തനവും എല്ലാവരെയും നോക്കി ഒന്ന് കഴിക്കാൻ തുടങ്ങി. കുറച്ചു കഴിഞ്ഞപ്പോൾ തന്റെ കാലിൽ ആരോ ചവിട്ടുന്നത് കണ്ടു നോക്കിയപ്പോൾ ഋതു കണ്ണ്കൊണ്ട് ഓരോ കോപ്രായം കാണിക്കുന്നു. അവൻ അവളെ ഒന്ന് സൂക്ഷിച്ചു നോക്കൂ. പറ... വേഗം പറ പപ്പയോട് അവൾ അവനോട് മഹേഷിനെ നോക്കി പതുക്കെ പറഞ്ഞു. അത് കണ്ടു അവൻ ഞാൻ പറയില്ല എന്ന് തല കൊണ്ട് ആംഗ്യം കാണിച്ചു. അവൾ അവനോടു പറ പറ എന്ന് പറയുമ്പോൾ അവൻ അത് ചെയ്യില്ലെന്ന് തല കൊണ്ട് ആംഗ്യം കാണിക്കുന്നത് മഹേഷ് കുറച്ചു സമയം നോക്കിനിന്നു. "എന്താണ് രണ്ടുപേരും തമ്മിൽ ഒരു കഥകളി വല്ലതും പറയാനുണ്ടോ..?" കുറച്ച് സമയം അവരെ തന്നെ നോക്കി നിന്ന് മഹേഷ് രണ്ടുപേരോടുമായി ചോദിച്ചു. അല്ല പപ്പേ ഇവൾ പറയുകയായിരുന്നു, മാച്ച് തുടങ്ങാൻ ഇനിയും ദിവസങ്ങൾ ഉണ്ട് അതുവരെ ഞങ്ങൾ തറവാട്ടിൽ പോയി നിന്നാൽ എനിക്ക് പ്രാക്ടീസിനു പോകാൻ സൗകര്യമാവില്ലേ..

അച്ഛമ്മ ആണെങ്കിൽ അവിടേക്ക് വരാൻ വിളിയോട് വിളി. പപ്പ സമ്മതിക്കുകയാണെങ്കിൽ ഞങ്ങൾ കുറച്ചു ദിവസം അവിടെ പോയി നിന്നോട്ടെ. തനവ് മുഖത്ത് ഭവ്യത കലർത്തി ചോദിക്കുന്നത് കണ്ട് ഋതുവിന് ചിരിവന്നു. ഈ അഭിപ്രായം അവളുടെ മാത്രമാണോ അതോ നിന്റേയും കൂടിയാണോ ...? മഹേഷ് ഗൗരവം വിടാതെ ചോദിച്ചു. അങ്ങനെ ചോദിച്ചാൽ എനിക്കും അതൊരു നല്ല തീരുമാനമാണെന്ന് തോന്നി അവൻ ഒരു ഇളിഞ്ഞ ചിരിയോടെ പറഞ്ഞു. ഞാൻ ഒന്ന് ആലോചിക്കട്ടെ നീ ഇവിടെ നിന്നാൽ കമ്പനി കാര്യങ്ങൾ ആകെ തകിടം മറിയും പിന്നെ നിന്റെ മമ്മ നിന്നെ പിരിഞ്ഞിരിക്കും എന്ന് തോന്നുന്നുണ്ടോ...,?അവൾ സമ്മതിക്കുകയാണെങ്കിൽ നമുക്ക് ആലോചിക്കാം. കമ്പനിയിലെ കാര്യങ്ങളൊക്കെ റഹിം നോക്കിക്കൊള്ളും അവനെ ഞാൻ എല്ലാം പറഞ്ഞ് ഏൽപ്പിച്ചിട്ടുണ്ട് മമ്മ കൂടി ഞങ്ങളുടെ കൂടെ വന്നോട്ടെ പപ്പാ എത്ര ദിവസമായി നമ്മൾ തറവാട്ടിൽ പോയിട്ട്. അപ്പോ എന്റെ മക്കൾക്ക് എന്നെ വേണ്ടല്ലേ..? മഹേഷ് ഒരു പുഞ്ചിരിയോടെ ചോദിച്ചു. അയ്യോ അങ്ങനെ പറഞ്ഞതല്ല പപ്പാ പപ്പ കൂടി വാ നമുക്കൊരുമിച്ചു പോകാം.

കുറച്ചു നാൾ അവിടെ നിന്നിട്ട് തിരിച്ചുവരാം . അതെന്തായാലും നടക്കില്ല നിങ്ങള് വേണമെങ്കിൽ പൊക്കോ... അതിഥിയും കൂടെ കൂട്ടിക്കോ എനിക്ക് പോയേ പറ്റൂ പക്ഷേ ഒരു പ്രശ്നമുണ്ട് ക്ഷമയുടെ കാര്യം എന്ത് ചെയ്യും...?അവളെ അമ്മ തറവാട്ടിലേക്ക് കേറ്റില്ല അല്ലെങ്കിലേ അമ്മയ്ക്കവളെ ഇഷ്ടമല്ല അതിന്റെ കൂടെ കല്യാണം കഴിയുന്നതിനുമുമ്പ് നിന്റെ പുറകെ ഇങ്ങനെ ചുറ്റിത്തിരിയുന്നത് അമ്മയ്ക്ക് ഒട്ടും താല്പര്യമില്ല. മഹേഷ് നീരസത്തോടെ പറഞ്ഞു. ചേച്ചി ലണ്ടനിലേക്ക് തിരിച്ചു പൊക്കോട്ടെ അല്ലെങ്കിലും എന്തിനാ ചാച്ചുന്റെ പുറകെ ഇങ്ങനെ ചുറ്റിത്തിരിയുന്നത് കല്യാണം കഴിഞ്ഞിട്ടൊന്നുമില്ലല്ലോ...? "ഋതു വേണ്ട! നീ ഇപ്പോഴേ അവളോട് പോരെടുക്കാൻ തുടങ്ങിയോ..? ചെറിയ വായിൽ വലിയ വർത്താനം പറഞ്ഞ് തുടങ്ങേണ്ട അടുക്കളയിൽ നിന്നും അവരുടെ സംസാരം കേട്ട് അവിടേക്ക് വന്ന അതിഥി അവളെ വിലക്കി. അല്ലെങ്കിലും അമ്മയ്ക്ക് ചേച്ചിയോടല്ലേ പ്രിയം...? എനിക്ക് അങ്ങനെ ആരോടും പ്രത്യേകിച്ച് ഒരു ഇഷ്ടവും ഇല്ല എനിക്ക് നിങ്ങൾ മൂന്ന് പേരും ഒരുപോലെ തന്നെയാണ്.

ക്ഷമയെ ഇന്നുവരെ ഞാൻ മരുമകൾ ആയിട്ട് കണ്ടിട്ടില്ല, അതുപോലെ തന്നെ ആയിരിക്കും ഇനി നിന്നെ കെട്ടാൻ പോകുന്ന പയ്യനെ എല്ലാവരും എനിക്ക് എന്റെ മക്കൾ തന്നെയാണ്. മതി മതി ഇനി അതിന്റെ പേരിൽ ഒരു വഴക്ക് വേണ്ട എന്താ ചെയ്യേണ്ടതെന്ന് ഞാൻ ഒന്ന് ആലോചിക്കട്ടെ.. റഹീമിനെ വിളിച്ച് നിങ്ങൾ നാട്ടിൽ പോകുന്ന കാര്യം പറയണം തനവിനെ ഒന്ന് നോക്കി മഹേഷ് പറഞ്ഞ് കൈ കഴുകാനായി എണീറ്റ് പോയി. മഹേഷ് പോയതും ഋതുവും തനവും എസ് എന്നും പറഞ്ഞ് രണ്ടുപേരുടെയും കൈകൾ തമ്മിലടിച്ചു . ************ അരവിയെ ഒന്ന് നേരിൽ കാണാനായി ഒരുപാട് നേരമായി അവർ രണ്ടുപേരും ആ നിൽപ്പ് തുടങ്ങിയിട്ട്. എങ്ങനെയെങ്കിലും അവൻ പുറത്തു വരുമ്പോൾഅവനെ തടഞ്ഞു നിർത്തണം ഒന്ന് സംസാരിക്കണം. അതാണ് രണ്ടുപേരുടെയും ലക്ഷ്യം. എങ്ങോട്ടെങ്കിലും മാറിയാൽ അവൻ എങ്ങാനും പുറത്തു പോയാലോ... എന്നുള്ളതിനാൽ അവർ രണ്ടുപേരും ഭക്ഷണം പോലും കഴിച്ചിട്ടില്ല. വിശപ്പും ദാഹവും വല്ലാതെ കീഴ്പ്പെടുത്തുന്നുണ്ട് അവരെ. ക്ഷീണത്തോടെ ആ ഗേറ്റിനു മുൻപിൽ തന്നെ അവർ നിന്നു.

അപ്പോഴാണ് അവിടേക്ക് ഒരു ചുവപ്പ് കാർ വന്ന് നിർത്തി ഹോൺ അടിക്കുന്നത്. സെക്യൂരിറ്റിക്കാരൻ ഓടി വന്ന് ഗേറ്റ് തുറന്നപ്പോൾ ആ കാർ അകത്തേക്ക് പോയി. ആദി അപ്പോഴാണ് അതിനകത്തിരിക്കുന്ന ആളുടെ മുഖം ശ്രദ്ധിച്ചത്. അത് അന്ന് അവന്റെ കൂടെ ഉണ്ടായിരുന്ന ആ പെൺകുട്ടിയാണ് കാറിനകത്തേക്ക് ചൂണ്ടി പ്രസാദിനോട് ആദി പറഞ്ഞു. ആദി പറഞ്ഞപ്പോഴാണ് പ്രസാദും അത് ശ്രദ്ധിച്ചത് അവൾ തന്നെ ക്ഷമ വാര്യർ . അവർ രണ്ടുപേരും അവളോട് സംസാരിക്കാനായി അങ്ങോട്ടേക്ക് ഓടി. പക്ഷേ സെക്യൂരിറ്റിക്കാരൻ അവരെ തടഞ്ഞു നിർത്തി പുറത്താക്കി ഗേറ്റ് അടച്ചു. കാറിൽ നിന്നിറങ്ങിയ ശേഷം അതെല്ലാം ശ്രദ്ധിക്കുന്നുണ്ടായിരുന്ന ക്ഷമ ആ സെക്യൂരിറ്റികാരനെ അടുത്തേക്ക് വിളിച്ച് കാര്യം തിരക്കി. അയാൾ എന്തൊക്കെയോ അവളോട് പറയുമ്പോൾ അവൾ അവരെ തന്നെ നോക്കി നിൽക്കുന്നുണ്ടായിരുന്നു. തനവിനെ അന്വേഷിച്ചു വന്നതാണെന്നറിഞ്ഞപ്പോൾ അവളുടെ മുഖം ഒന്ന് വാടി. അവൾ തന്നെ മാത്രം നോക്കി നിൽക്കുന്ന അവരുടെ അടുത്തേക്ക് നടന്നു........ തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story