💕കാണാച്ചരട് 💕: ഭാഗം 68

kanacharad

രചന: RAFEENA MUJEEB

 " രാവിലെ തൊട്ട് ആമി ഒരേ ഇരിപ്പാണ്. റൂമിൽ നിന്ന് ഒന്ന് പുറത്തു പോലും ഇറങ്ങിയിട്ടില്ല. ഇടയ്ക്ക് ദേവ വന്ന് നിർബന്ധിച്ചപ്പോൾ മാത്രമാണവൾ കുറച്ചെങ്കിലും ആഹാരം കഴിച്ചത്. അതും എല്ലാവർക്കും വേണ്ടി കഴിച്ചെന്നു വരുത്തിയതാണ്. അവളുടെ മനസ്സിൽ ഇപ്പോഴും തലേദിവസം ടീവിയിൽ കണ്ട ആ മുഖം മാത്രമായിരുന്നു. അത് അരവി തന്നെയാണെന്ന് അവളുടെയുള്ളിലിരുന്ന് ആരോ പറയുന്നത് പോലെ. നേരം ഏറെയായിട്ടും ആമി മുറിക്ക് പുറത്തിറങ്ങാത്തത് കണ്ടതും അല്ലി അവളെയും പിടിച്ചു വലിച്ച് പുറത്തേക്കോടി. മുറ്റത്തുള്ള ഒരു മാഞ്ചുവട്ടിൽ അവളെയും കൊണ്ടുപോയി ഇരുത്തി അല്ലി അവളോട് ഓരോ കിന്നാരം പറയാൻ തുടങ്ങി. കുഞ്ഞു മോണകാട്ടി ചിരിക്കുന്ന അവളുടെ മുഖം കണ്ടപ്പോൾ ആമി പതിയെ എല്ലാ സങ്കടവും മറന്നു. അവളോടൊപ്പം ഓരോ കുറുമ്പും കാണിച്ചിരിക്കുമ്പോഴാണ് അവളുടെ ഫോണും കയ്യിൽപിടിച്ച് ദേവ അങ്ങോട്ട് വന്നത്. രണ്ടാളും കൂടി ഇവിടെ ഇരിക്കായിരുന്നോ...?ഞാനെത്ര നോക്കി! നിന്റെ ഫോൺ ഒരുപാട് നേരമായി റിങ്ങ് ചെയ്യുന്നു

കയ്യിലിരുന്ന ഫോൺ ആമിക്ക് നേരെ നീട്ടി ദേവ പറഞ്ഞു. " അപ്പുവാണ് " ആമി ഫോൺ വാങ്ങി അതിലേക്ക് നോക്കിക്കൊണ്ട് പറഞ്ഞു. "ഹലോ പറയെടീ... " ആമി ഫോൺ ചെവിയോടടുപ്പിച്ചു കൊണ്ട് പറഞ്ഞു. "നീ ഇതെവിടെ പോയി കിടക്കുകയായിരുന്നു ആമീ .... എത്ര നേരമായി ഞാൻ നിന്നെ വിളിക്കുന്നതെന്നറിയോ നിനക്ക് ....?" "സോറി മോളെ ഞാൻ കേട്ടില്ല.. അല്ലി യോടൊപ്പം പുറത്തായിരുന്നു." "സോറി നീ കൊണ്ടുപോയി പുഴുങ്ങി തിന്ന് ഭ്രാന്തിനു ബെസ്റ്റാണെന്ന് പറയുന്നത് കേട്ടു " "ഓഹോ! അങ്ങനെയാണോ നിന്റെ ഭ്രാന്ത് മാറിയത് എങ്കിൽ ഞാനും ഒന്ന് പരീക്ഷിക്കാം " "അതിനാരു പറഞ്ഞു എന്റെ ഭ്രാന്ത് മാറിയെന്ന്. നിന്നെ ആരോ തെറ്റിദ്ധരിപ്പിച്ചതാ..." "അയ്യോ! ഭഗവാനേ സമ്മതിച്ചു.. നിന്ന് കൊഞ്ചാതെ വിളിച്ച കാര്യം പറ പെണ്ണേ..!" ആം ഇത്തിരി ഗൗരവം നടിച്ചുകൊണ്ട് പറഞ്ഞു. "ഞാൻ വിളിച്ചത് നമ്മുടെ മിഷൻ തുടങ്ങാൻ പോവുകയാണെന്നറിയിക്കാനാണ്. ഞാൻ കാലിയാർമഠത്തിലേക്ക് പുറപ്പെടുകയാണ്.അവിടെ ചെന്ന് തകർത്തു വാരിയിട്ട് വരാം മോളെ...

എന്നെ നന്നായിട്ടൊന്ന് അനുഗ്രഹിക്കണം. എല്ലാം മംഗളമായി തീരാൻ. അവിടെ നിന്നും ഇറങ്ങുമ്പോൾ ഞാൻ വിളിക്കാം അപ്പോഴേക്കും നീ റെഡിയായി നിൽക്കണം നമുക്കൊന്ന് പുറത്തു പോകണം." "തകർത്തു വാരാൻ പോയിട്ട് അവിടെ തൂത്തുവാരി വരേണ്ട അവസ്ഥ വരുത്തരുത്. നീ ആയത് കൊണ്ട് ഒന്നും പറയാൻ പറ്റില്ല. ചിന്തിക്കാതെ ഒരു മണ്ടത്തരവും വിളിച്ചു പറയരുത് അപേക്ഷയാണ്." ആമി ദയനീയമായി അവളോട് പറഞ്ഞു. "മണ്ടത്തരം വിളിച്ച് പറയുന്ന ആ അപർണ്ണ പണ്ടല്ലേ....,?ഇത് പുലി കുട്ടിയാ നീ കണ്ടോ." "എന്താവുമോ എന്തോ കണ്ടറിയാം, എന്തായാലും മോള് അവിടെ നിന്ന് ഇറങ്ങുമ്പോൾ വിളിക്ക് അതുവരെ എനിക്ക് ഒരു സമാധാനവും ഉണ്ടാവില്ല." " നീ ധൈര്യമായിട്ടിരിക്ക് ഞാൻ ഈ ജോലി ഭംഗിയായി നിറവേറ്റും. അത് പോരേ നിനക്ക്. " മതി മതി ധാരാളം മതി എങ്കിൽ നീ വിട്ടോ.." " ശരിയെടീ ഞാൻ അവിടെ നിന്നും ഇറങ്ങുമ്പോൾ വിളിക്കാം "എന്ന് പറഞ്ഞ് അപർണ്ണ ആ സംഭാഷണം അവസാനിപ്പിച്ചു. " അവൾ കാളിയാർ മഠത്തിലേക്ക് പുറപ്പെട്ടു."

ദേവയെ നോക്കി ആമി പറഞ്ഞു. ദേവ അതിനു മറുപടി ഒന്നും കൊടുത്തില്ല. എന്തൊക്കെയോ ചിന്തിച്ച് വിദൂരതയിലേക്ക് നോക്കി നിന്നു. ആമിക്ക് ഉള്ളിൽ നല്ല ടെൻഷനുണ്ട് അപർണ്ണയുടെ കാര്യത്തിൽ ഒന്നും പറയാൻ പറ്റില്ല ചിലപ്പോൾ തോന്നും നല്ല ബുദ്ധി ഉണ്ടല്ലോ....അടുത്ത നിമിഷം അത് മാറ്റി പറയേണ്ടി വരും അതാണ് അവസ്ഥ. പിടി വീണാൽ എല്ലാം കഴിഞ്ഞു. ഒന്നും വരുത്തല്ലേ ഭഗവാനെ.... അവൾ മനസ്സുരുകി പ്രാർത്ഥിച്ചു. ************* കാളിയാർ മഠം ഗ്രൂപ്പ് ഓഫ് കമ്പനി എന്ന പടുകൂറ്റൻ ബിൽഡിങ്ങിന് മുമ്പിൽ അപർണ്ണയുടെ കാറ് വന്ന് നിന്നു. വണ്ടി പാർക്കിങ് ഏരിയയിൽ ഒതുക്കി അപർണ്ണ കാറിൽനിന്ന് ഇറങ്ങാൻ വേണ്ടി കാലെടുത്തു വെച്ചിട്ട് പെട്ടന്ന് തന്നെ ഉള്ളിലേക്ക് വലിച്ചു. എല്ലാം കുളം തോണ്ടാനുള്ള പദ്ധതിയല്ലേ വെറുതെ എന്തിനാ വലതുകാൽവെച്ച് ഇറങ്ങുന്നത്. ഇത് കുളം തോട്ടി എല്ലാവരെയും കുത്തുപാളയെടുപ്പിക്കാനുള്ള നീക്കമല്ലേ....?ഐശ്വര്യമായി ഇടത് കാല് വെച്ച് തന്നെ തുടങ്ങാം എന്നും മനസ്സിൽ പറഞ്ഞ് അവൾ ഇടതുകാൽ വെച്ച് ആ കാറിൽ നിന്നും ഇറങ്ങി.

കാറ് ലോക്ക് ചെയ്തു തിരിഞ്ഞതും അവളെ കണ്ട് സെക്യൂരിറ്റി ഗാർഡ് ഓടിവന്നു. വന്ന കാര്യം തിരക്കി. അവൾ കാര്യങ്ങളെല്ലാം അയാളോട് പറഞ്ഞതും അയാൾ ഫോൺ ചെയ്ത് അപർണ്ണ എത്തിയകാര്യം അവരെ അറിയിച്ചു. സിസിടിവിയിൽ അവളെ ഒന്നു നോക്കി അവളെ അകത്തേക്ക് കടത്തി വിടാൻ നകുലൻ പറഞ്ഞു. അയാൾ അവൾക്ക് ഉള്ളിലേക്ക് പോകാനുള്ള അനുവാദം കൊടുത്തതും അവൾ ചിരിച്ചു കൊണ്ട് അയാളുടെ തലയിൽ ഒന്ന് തട്ടി അയാൾക്ക് ഒരു ഫ്‌ളയിങ് ക്വിസ്സും കൊടുത്ത് അകത്തേക്ക് പോയി. സെക്യൂരിറ്റി ഗാർഡ് അവൾ പോയ വഴിയെ നോക്കി മിഴിച്ചു നിന്നു. ഇത് ഏത് ഐറ്റം എന്നുള്ള രീതിയിൽ. "മെ ഐ കമിങ് " മാനേജറുടെ റൂമിൽ തട്ടി അപർണ്ണ അകത്തേക്ക് വരാനുള്ള അനുവാദം ചോദിച്ചു. " യസ് കമിങ് " അകത്തുനിന്ന് ശബ്ദം കേട്ടതും അപർണ്ണ സാരി ഒന്ന് നേരെയാക്കി അകത്തേക്ക് കയറി. രണ്ടു പേരുണ്ടായിരുന്നു അവിടെ. അത് അഖിലും നകുലനുമാണെന്ന് അവൾക്ക് ഒറ്റനോട്ടത്തിൽ മനസ്സിലായി. അവർക്ക് ഒരു പുഞ്ചിരി നൽകി അവൾ അവർ കാണിച്ചുകൊടുത്ത ചെയറിലേക്കിരുന്നു.

നകുലൻ അവളുടെ രേഖകളെല്ലാം വാങ്ങി പരിശോധിച്ചു. ഗൗരവം വിടാതെ യുള്ള അയാളുടെ ഇരിപ്പ് കണ്ടപ്പോൾ അപർണ്ണയ്ക്ക് രണ്ടു പൊട്ടിക്കാനാണ് തോന്നിയത്. കണ്ടാലറിയാം അഹങ്കാരിയാണ് അവൾ മനസ്സിൽ പുലമ്പിക്കൊണ്ടിരുന്നു. ഇത്രയും തിരക്കുള്ള വക്കീലിന് ഈ ജോലിയുടെ ആവശ്യമുണ്ടോ..? ഗൗരവം വിടാതെ തന്നെ നകുലൻ ചോദിച്ചു. "എന്നെ പോലുള്ള ഒരു വക്കീലിന് കാളിയാർ മഠം പോലെയുള്ള ഒരു ഗ്രൂപ്പിന്റെ ലീഗൽ അഡ്വൈസറായി ജോലി നോക്കുക എന്നത് ഒരു ചെറിയ തൊഴിൽ ആയിട്ട് എനിക്ക് തോന്നുന്നില്ല ഞാൻ ഇന്നലെ വിളിച്ചപ്പോഴും പറഞ്ഞതാണിത് ". "ഇനി എനിക്ക് ജോലി തരുന്നത് നിങ്ങൾക്ക് ഒരു കുറച്ചിലാണെങ്കിൽ അതു മാത്രം പറഞ്ഞാൽ മതി അപർണ്ണയും ഒട്ടും വിട്ടുകൊടുക്കാതെ മറുപടി പറഞ്ഞു. "വാചകക്കസർത്ത് കുറച്ചു കൂടുതലാണല്ലേ..? "നകുലൻ അവളെ ഒന്ന് ചൂഴ്ന്നു നോക്കിക്കൊണ്ട് ചോദിച്ചു. "വക്കീലല്ലേ സാർ വാചകക്കസർത്തില്ലെങ്കിൽ വീട്ടിലിരിക്കേണ്ടി വരും" അയാളുടെ നോട്ടത്തിൽ ഒട്ടും പതറാതെ അവൾ മറുപടി കൊടുത്തു.

നിങ്ങളെ ഈ കമ്പനിയുടെ ലീഗൽ അഡ്വൈസറായി വെയ്ക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമേയുള്ളൂ.. അവളുടെ സംസാരം കേട്ട് സംതൃപ്തനായ അഖിൽ ഇടക്ക് കേറി പറഞ്ഞു. അത് കണ്ടതും നകുലൻ അവനെ ഒന്നു സൂക്ഷിച്ചു നോക്കി. "കമ്പനിയുടെ ഒരു രഹസ്യവും പുറത്ത് പറയാൻ പാടില്ല. കമ്പനി പറയുന്ന എന്ത് ജോലിയും ഏറ്റെടുത്തു നല്ല രീതിയിൽ ചെയ്യണം. കമ്പനിയുടെ വളർച്ചയ്ക്ക് ആവശ്യമായ ഉപദേശങ്ങൾ നൽകണം, കമ്പനിക്ക് വരുന്ന ഏതു നിയമ തടസ്സങ്ങളും ബുദ്ധിപരമായ നീക്കങ്ങൾ കൊണ്ട് നേരിടണം " നകുലൻഅവളെ നോക്കി പറഞ്ഞു. "ഈ കമ്പനിയുടെ വളർച്ചയ്ക്ക് ആവശ്യമായ ഏതൊരു കാര്യവും ഒരു വക്കീലെന്ന നിലയ്ക്ക് ഞാൻ ചെയ്യും. ഈ കമ്പനിയിൽ ഒരു ലീഗൽ അഡ്വൈസർ എന്തൊക്കെ ചെയ്യണമോ ആ കാര്യങ്ങളെല്ലാം ഞാൻ നല്ല ഭംഗിയായി തന്നെ നിർവഹിക്കും. പക്ഷേ അതിൽ കൂടുതൽ എന്റേതല്ലാത്ത ഒരു ജോലിയും ഞാൻ ഏറ്റെടുക്കില്ല. എന്റെ ജോലിയിൽ ഞാൻ നീതിപുലർത്തിയിരിക്കും". അപർണ്ണ നകുലന്റെ കണ്ണുകളിൽ നോക്കി പറഞ്ഞു.

" ഒരു വക്കീൽ ചെയ്യേണ്ട സേവനങ്ങൾ തന്നെയാണ് ഞാനും പറഞ്ഞത്.അതിനപ്പുറത്തേക്കുള്ള ജോലി ചെയ്യാൻ ഇവിടെ ഉത്തരവാദിത്തപ്പെട്ടവർ വേറെയുണ്ട്." നകുലന് അവളുടെ സംസാരം അത്ര പിടിച്ചിട്ടില്ല. " എന്തായാലും നിങ്ങൾ നാളെ തൊട്ട് കമ്പനിയിൽ ജോയിൻ ചെയ്തോളൂ, മറ്റു വിവരങ്ങളൊക്കെ ഉത്തരവാദിത്തപ്പെട്ടവർ നിങ്ങളെ അറിയിച്ചിരിക്കും." നകുലൻ അവൾക്ക് നേരെ ഷേക്ക് ഹാൻഡ് കൊടുക്കാനായി കൈ നീട്ടികൊണ്ട് പറഞ്ഞു. അവൾ അയാളുടെ കൈകളിലേക്ക് ഒന്ന് നോക്കി തന്റെ ഇരുകൈകളും കൂപ്പി മനോഹരമായി ഒന്ന് പുഞ്ചിരിച്ചു. നകുലൻ അവളെ ഒന്നു നോക്കി തന്റെ കൈ പുറകോട്ടു വലിച്ചു. അഖിൽ അവളെ നോക്കി കൈകൂപ്പിയതും അവൾ തന്റെ കൈ അവനു നേരെ നീട്ടി. അത് കണ്ടതും അഖിൽ നകുലനെ ഒന്ന് നീക്കി അവൾക്ക് കൈ കൊടുത്തു. അവൾ അവനെ നോക്കി ഒരു കണ്ണിറുക്കി കാണിച്ച് ഒന്നു പുഞ്ചിരിച്ചു. അഖിൽ ഒന്നും മനസ്സിലാവാതെ അവളെ തന്നെ നോക്കി നിന്നു. രണ്ടുപേരെയും ഒന്നും കൂടി നോക്കി അവൾ ആ റൂം വിട്ടിറങ്ങി.

അഖിൽ അവൾ പോയ വഴിയെ നോക്കി മിഴിച്ചു നിന്നു അത് കണ്ടതും നകുലൻ ദേഷ്യത്തോടെ അവനെ ഒന്ന് നോക്കി. ആ നോട്ടം കണ്ടതും അവൻ പെട്ടെന്ന് അവന്റെ ശ്രദ്ധ മാറ്റി ജോലി തുടർന്നു. കാറിൽ കേറാൻ നേരം സെക്യൂരിറ്റി ഗാർഡിനെ നോക്കി ഒന്ന് പുഞ്ചിരിക്കാനും അവൾ മറന്നില്ല. കാർ സ്റ്റാർട്ട് ചെയ്യുന്നതിനുമുമ്പ് ഫോണെടുത്തു " മിഷൻ സക്സസ്. വിശദമായി ഞാൻ അങ്ങോട്ട് വന്നിട്ട് സംസാരിക്കാം " എന്നൊരു മെസ്സേജ് ആമിയുടെ ഫോണിലേക്ക് അയക്കാനും അവൾ മറന്നില്ല. പോയിട്ട് ഏറെ നേരമായിട്ടും അവളുടെ ഒരു വിവരവുമറിയാതെ ടെൻഷനടിച്ചിരുന്ന ആമി അത് കണ്ടതും ഓടിച്ചെന്ന് ദേവയെ കെട്ടിപ്പിടിച്ച് കാര്യം പറഞ്ഞു. ദേവയിൽ വലിയ മാറ്റമൊന്നുമുണ്ടായില്ല,.അവരെ തനിക്ക് ശരിക്കറിയാമെന്നുള്ളതു കൊണ്ടാവും അവൾ ആമിയെ നോക്കി ഒന്ന് പുഞ്ചിരിച്ചതല്ലാതെ വേറെ ഒന്നും സംസാരിച്ചില്ല. ആമി അപ്പോൾ തന്നെ കാര്യങ്ങൾ കിച്ചനെ വിളിച്ചു പറഞ്ഞു. കാര്യങ്ങളൊക്കെ കേട്ടപ്പോൾ അവന്റെയുള്ളിൽ ഒരു നേരിയ പ്രതീക്ഷയുണ്ടായി. അവളാ മുറ്റത്ത് തന്നെ അപർണ്ണ വരുന്നതും നോക്കി നിന്നു.

ഏറെ നേരത്തെ കാത്തിരിപ്പിന് ശേഷമാണ് അപർണ്ണ അവിടെ എത്തിയത്. അവൾ കാറിൽ നിന്ന് ഇറങ്ങിയതും ആമി ചെന്ന് കെട്ടിപ്പിടിച്ച് അവൾക്കൊരു ഉമ്മ കൊടുത്തു. " ഇതെന്റെ പ്രിയ കൂട്ടുകാരിക്ക് മണ്ടത്തരമൊന്നും കാണിക്കാതെ പോയ കാര്യം ഭംഗിയായി ചെയ്തു തീർത്തതിന് "അവൾ പുഞ്ചിരിയോടെ പറഞ്ഞപ്പോൾ അപർണ്ണ അവളെ ഒന്നു കൂടി ചേർത്ത് പിടിച്ചു. അവളെയും കൊണ്ട് ആമി സിറ്റൗട്ടിൽ തന്നെയിരുന്നു. കാര്യങ്ങൾ അറിയാനുള്ള അവളുടെ കൗതുകം കണ്ടപ്പോൾ അവൾ വിശദമായി തന്നെ എല്ലാം ആമിയെ അറിയിച്ചു. എല്ലാം അറിഞ്ഞപ്പോൾ അവളുടെ സന്തോഷം ഒന്നു കൂടി കൂടി.. അപർണ അവളുടെ മുഖത്തെ സന്തോഷം നോക്കി കാണുകയായിരുന്നു. ഒരാൾക്ക് വേണ്ടി ഇവളിത്രയൊക്കെ ചെയ്യണമെങ്കിൽ ഇവളുടെ മുഖത്ത് ഇത്രയും സന്തോഷം വിരിയണമെങ്കിൽ ആ ആള് ഇവൾക്കത്രയും പ്രിയപ്പെട്ടതാണ്. "എവിടെ നിന്റെ പ്രിയ കൂട്ടുകാരി...?" അവളകത്തേക്ക് നോക്കി ചോദിച്ചപ്പോഴേക്കും ഒരു ഗ്ലാസ് ജൂസുമായി ദേവ അങ്ങോട്ടേക്ക് വന്നു. അപർണ്ണ അവളെ കണ്ടതും എഴുന്നേറ്റ് അവളുടെ അടുത്തേക്ക് നടന്നു.

ആമി പറയുന്നത് ശരിയാണ് ഒറ്റ നനോട്ടത്തിലറിയാം ഒരുപാട് അനുഭവിച്ച കുട്ടിയാണെന്ന്. അത്രയും വലിയ സ്ഥാപനത്തിന്റെ ഉടമയെ ആ മുഷിഞ്ഞ സാരിയിൽ കണ്ടപ്പോൾ അവൾക്ക് സങ്കടം തോന്നി. ദേവ അവൾക്ക് നേരെ നീട്ടിയ ആ ജൂസ് വാങ്ങി ടേബിളിൽ വെച്ച് അപർണ്ണ അവളെ കെട്ടിപ്പിടിച്ചു . "താൻ ഒന്ന് കൊണ്ടും പേടിക്കേണ്ട. നിനക്ക് ഞങ്ങളൊക്കെയുണ്ട് . നീ അനുഭവിച്ചതിന്റെ ഇരട്ടി അവരെക്കൊണ്ട് നമുക്ക് അനുഭവിപ്പിക്കണം ധൈര്യമായിരിക്ക് അപർണ്ണ അവളെ ആശ്വസിപ്പിച്ചു." അതു കേട്ടതും ദേവയുടെ കണ്ണുകളറിയാതെ നിറഞ്ഞു. " ഇനി കരയേണ്ടത് നീയല്ല അവരാണ്". അവളുടെ കണ്ണുനീർ തുടച്ചുകൊണ്ട് അപർണ്ണ പറഞ്ഞു. അപർണ്ണയോട് കുറച്ച് നേരം സംസാരിച്ച് ദേവ അടുക്കളയിലേക്ക് തന്നെ പോയി. " പാവം!" അവൾ പോയ വഴിയെ നോക്കി അപർണ്ണ പറഞ്ഞു. "നീയൊന്നു പെട്ടെന്ന് റെഡിയാവ് നമുക്കൊന്ന് പുറത്തുപോകാം,.ഒരു സന്തോഷവാർത്ത കൂടി നിന്നോട് പറയാനുണ്ട്. " ആമിയെ റെഡിയാവാൻ തള്ളിവിട്ടു കൊണ്ട് അപർണ്ണ പറഞ്ഞു. അവൾ ഏറെ നിർബന്ധിച്ചാണ് ആമിയെ പുറത്ത് കൊണ്ടുപോയത്. പാർക്കിലേക്കാണ് അപർണ്ണ ആമിയേയും കൊണ്ട് പോയത്. അവിടെ ഗാർഡൻ ഏരിയയിൽ സഞ്ചാരികൾക്കായി ഇരിക്കാനുള്ള ഇരിപ്പിടത്തിൽ അപർണ്ണയ്ക്ക് പറയാനുള്ളത് കേൾക്കാനായി ആമി കാതോർത്തിരുന്നു...... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story