💕കാണാച്ചരട് 💕: ഭാഗം 70

kanacharad

രചന: RAFEENA MUJEEB

  " കാറിൽ നിന്നും ആദ്യമിറങ്ങിയത് ഋതുവാണ് അവൾ അച്ഛമ്മയെ കണ്ടതും ഓടിച്ചെന്ന് കെട്ടിപ്പിടിച്ചു . അച്ഛമ്മയും അവളെ ചേർത്ത്‌പ്പിടിച്ചു നെറുകിൽ ഉമ്മ വെച്ചു. പുറകെ ഇറങ്ങിയ അതിഥിയും മഹേഷും ആ കാഴ്ച്ച പുഞ്ചിരിയോടെ നോക്കി നിന്നു. തനവ് അവിടെ മുമ്പ് വന്നിട്ടുണ്ടെങ്കിലും ഇപ്പോഴും അവനവിടെയുള്ള എല്ലാവരെയും കൃത്യമായി അറിയില്ല, തന്നെ നോക്കി ചിരിക്കുന്ന പല മുഖങ്ങളും അവനിപ്പോഴും പരിചിതമല്ല. എങ്കിലും എല്ലാവരെയും നോക്കി അവൻ പുഞ്ചിരിച്ചു. ക്ഷമയെ കണ്ടതും അച്ഛമ്മയുടെ മുഖം മാറി. അവളും വലിയ താല്പര്യമില്ലാത്തത് പോലെയാണെന്ന് അവളുടെ മുഖം കണ്ടാലറിയാം ഒരുപാട് നാളുകൾക്ക് ശേഷമുള്ള കൂടിക്കാഴ്ച്ചയാണ്. പലരുടെയും കണ്ണുകൾ നിറഞ്ഞിട്ടുണ്ട്. എല്ലാവരും വളരെ സന്തോഷത്തോടെ തന്നെ അവരെ സ്വീകരിച്ചിരുത്തി. അവർക്ക് കഴിക്കാനായി ഒരുപാട് പലഹാരങ്ങൾ അച്ഛമ്മ തന്നെ പണിക്കാരെ കൊണ്ട് പ്രത്യേകം പറഞ്ഞു തയ്യാറാക്കിയിണ്ടായിരുന്നു. "അച്ചപ്പം,കുഴലപ്പം, ഉണ്ണിയപ്പം, നെയ്യപ്പം,.."അങ്ങനെ പലവിധ പലഹാരങ്ങളും അവർക്കു മുൻപിൽ നിരന്നു.

ഒരുപാട് നാളുകൾക്ക് ശേഷം അത്രയും പലഹാരങ്ങൾ കണ്മുമ്പിൽ നിരന്നു കണ്ടപ്പോൾ എല്ലാവരും മതിമറന്ന് തന്നെയത് ആസ്വദിച്ചു അവയൊക്കെ കഴിച്ചു. എല്ലാവരുടെയും വിശേഷം പറച്ചിലും കുശലന്വേഷണവും കഴിഞ്ഞപ്പോൾതന്നെ തനവ് ഒരുവിധം ക്ഷീണിച്ചു. തറവാട്ട് കുളത്തിൽ വിസ്തരിച്ചൊന്നു കുളിക്കണമെന്നും പറഞ്ഞവൻ ഒരു ടവൽ എടുത്ത് പുറത്തേക്കിറങ്ങി. ഒരുപാട് സമയം വെള്ളത്തിലിരിക്കേണ്ട എന്നുള്ള ശാസനയുമായി അച്ചമ്മയും അവന്റെ പുറകേ കൂടി. നല്ല തണുപ്പുള്ള തെളിഞ്ഞ വെള്ളം നിറഞ്ഞു നിൽക്കുന്നുണ്ട് കുളത്തിൽ ഫ്ലാറ്റിലെ സിമ്മിംഗ് പൂളൊക്കെ മാറി നിൽക്കും ഇത് കണ്ടാൽ. തനവ് മനസ്സറിഞ്ഞ് തന്നെ അതിൽ ഒരുപാട് നേരം നീന്തി. ഒരുപാട് നേരം വെള്ളത്തിലിങ്ങനെയിരിക്കല്ലേ.. പനി പിടിക്കും എന്നൊക്കെ അച്ഛമ്മ പറയുന്നുണ്ടെങ്കിലും അവൻ അതിനെയൊക്കെ ഒരു ചെറു പുഞ്ചിരിയോടെ നേരിട്ടു. അവസാനം അവന്റെ തല നല്ലതുപോലെ തുവർത്തി നെറുകയിൽ ഒരു നുള്ള് രാസനാദി പൊടി തിരുമ്മി കൊടുത്തപ്പോഴാണ് അവർക്ക് ഇത്തിരിയെങ്കിലും ആശ്വാസമായത്.

അന്നത്തെ ദിവസം ഒരുപാട് സന്തോഷമുള്ളതായിരുന്നു ഋതുവിനും തനവിനും. ഫ്ലാറ്റിൽ ഇടുങ്ങിയ ജീവിതം നയിച്ച അവർക്ക് ഇതൊരു പുതുമ തന്നെയാണ്. കൂട്ടിലടക്കപ്പെട്ട കിളികൾക്ക് പറന്നു നടക്കാൻ അവസരം കിട്ടിയ പോലെ അവർ പാടത്തും പറമ്പിലും ഓടിനടന്നു. ചക്കയും മാങ്ങയുമെല്ലാം കൊതിയോടെ കഴിച്ചു. ഭരണിയിലിട്ട ഉപ്പുമാങ്ങയും നെല്ലിക്കയും പലതരത്തിലുള്ള അച്ചാറും ഒരു ദിവസം കൊണ്ട് തന്നെ അവർ ഏകദേശം തീർത്തു. രാത്രി ഏറെ വൈകിയും കുടുംബക്കാർ ഒരുമിച്ചിരുന്നുള്ള വിശേഷം പറച്ചിലും പഴയ കാര്യങ്ങളൊക്കെ പങ്കുവെച്ചും വളരെ സന്തോഷത്തോടെ തന്നെയായിരുന്നു എല്ലാവരും. ഋതുവും തനവും അതൊക്കെ വളരെ കൗതുകത്തോടെ തന്നെ അതൊക്കെ കേട്ടിരുന്നു. ക്ഷമ ഇതിലൊന്നും പങ്കെടുക്കാതെ എല്ലാവരിൽ നിന്നും ഒഴിഞ്ഞുമാറി റൂമിൽ തന്നെ അടച്ചിരിപ്പാണ്. കളിയും ചിരിയും തമാശകളുമായി എല്ലാവരും ഉറങ്ങിയപ്പോൾ ഒരുപാട് നേരമായിരുന്നു. ************* രാവിലെ തന്നെ കാളിയാർ മഠത്തിലേക്ക് പോകാനുള്ള തിരക്കിലാണപ്പു.

തകൃതിയായി ഓരോ കാര്യങ്ങൾ ഓടിനടന്ന് ചെയ്തു തീർക്കുന്നുണ്ട്. അപർണ്ണയ്ക്ക് വീട്ടിൽ അമ്മയും ഒരു അനിയത്തിയും മാത്രമേയുള്ളൂ. അമ്മ അനിയത്തിയെ വയറ്റിൽ ചുമക്കുന്ന സമയത്ത് തന്നെ അച്ഛൻ മരിച്ചു. അതിനുശേഷം ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. അമ്മ ഒരേസമയം പല വീടുകളിൽ അടുക്കളപ്പണി ചെയ്തിട്ടാണ് അപർണ്ണയെ പഠിപ്പിച്ച് ഒരു നല്ല അവസ്ഥയിലാക്കിയത്. ലോ കോളജിൽ പഠിക്കുന്ന സമയത്ത് എല്ലാം അറിയാവുന്നതുകൊണ്ട് ആമി അവളെ ഒരുപാട് സഹായിച്ചിട്ടുണ്ട്. പഠിക്കുന്ന സമയത്ത് ഒരുപാട് ബുദ്ധിമുട്ടിയതുകൊണ്ട് തന്നെ തന്റെ അനിയത്തിക്ക് ആ അവസ്ഥ വരരുതെന്ന് അവൾക്ക് നിർബന്ധമുണ്ട്. അതുകൊണ്ടുതന്നെ അവളെ നല്ല രീതിയിൽ തന്നെ അപർണ പഠിപ്പിക്കുന്നുണ്ട്. അമ്മയ്ക്ക് ഈയിടയായിട്ട് കാലിന് നല്ല വേദനയാണ്. അതുകൊണ്ട് തന്നെ ഓഫീസിലേക്ക് പോകുന്നതിനു മുൻപ് അവിടെയുള്ള ജോലികളെല്ലാം തീർത്തിട്ടാണ് അവൾ പോയത് . തിരക്കിനിടയിൽ ആമിയെ വിളിച്ച് കാര്യം പറയാൻ അവൾ വിട്ടുപോയി.

കാളിയാർ മഠത്തിൽ എത്തിയതും കാറിൽ നിന്നിറങ്ങി അവൾ ഫോണെടുത്ത് ആമിയെ വിളിച്ച് കാര്യം പറഞ്ഞു. അവളോട് സംസാരിച്ചു കൊണ്ട് തന്നെയാണ് ഓഫീസിലേക്ക് കയറിയതും. സംസാരിക്കുന്നതിനിടയിൽ അവളുടെ ശ്രദ്ധയൊന്നു മാറിയതും ആരോ ഒരാളുമായി അവൾ കൂട്ടിയിടിച്ചു. അവരുടെ കയ്യിലുണ്ടായിരുന്നു പേപ്പേർസൊക്കെ താഴെവീണു. തറയിൽ വീണ ആ പേപ്പറെല്ലാം അടുക്കിപ്പെറുക്കിയെടുത്ത് തന്റെ മുൻപിൽ നിൽക്കുന്ന ആൾക്ക് കൊടുക്കാൻ നേരമാണ് തന്നെ രൂക്ഷത്തോടെ നോക്കി നിൽക്കുന്ന ആ മുഖം അപർണ്ണ ശ്രദ്ധിക്കുന്നത്. ഒരുപാട് കേട്ടത് കൊണ്ട് തന്നെ ആളാരാണെന്ന് അവൾക്ക് ഒറ്റനോട്ടത്തിൽ തന്നെ മനസ്സിലായി. " ആരോഹി! " സ്നേഹിച്ചവനെ കിട്ടാൻ വേണ്ടി തന്റെ കൂടപ്പിറപ്പിനെ ഇല്ലാതാക്കാൻ കൂട്ടു നിന്നവൾ അവളുടെ നിൽപ്പും ഭാവവും കൂടി കണ്ടപ്പോൾ അപർണ്ണയ്ക്ക് ആ മോന്ത നോക്കി ഒന്ന് പൊട്ടിക്കാനാണ് തോന്നിയത്. എവിടെ നോക്കിയാ ടീ നടക്കുന്നത് നിന്റെ മുഖത്ത് കണ്ണില്ലേ..?ആരോഹി ദേഷ്യത്തോടെ അപർണ്ണയോട് ചോദിച്ചു .

"സോറി! ഞാൻ പെട്ടെന്ന് ധൃതിയിൽ നടന്നു വരുന്നതിനിടയിൽ കണ്ടില്ലായിരുന്നു." "ആരുടെ അമ്മയ്ക്ക് വായുഗുളിക വാങ്ങിക്കാനാണ് നീ ഇത്ര ധൃതിയിൽ നടന്നു പോകുന്നത്."ആരോഹി അവളെ നോക്കി പരിഹാസത്തോടെ ചോദിച്ചു. വാക്കുകളിൽ കുറച്ചു മാന്യതയാവാം മേഡം അപർണ്ണയുടെ സ്വരവും കടുത്തു ഇല്ലെങ്കിൽ നീ എന്തോ ചെയ്യുമെ ടീ...?. നീയാരാ എന്നെ മാന്യത പഠിപ്പിക്കാൻ....?ആരോഹി വീണ്ടും അപർണ്ണയ്ക്ക് നേരെ ശബ്ദമുയർത്തി. അതുകൂടി കേട്ടപ്പോൾ അപർണ്ണയ്ക്ക് അവളോടുള്ള ദേഷ്യം കൂടി. "അതേയ് എടി..പോടി.. എന്നൊക്കെ നിങ്ങളുടെ കുടുംബത്തിലുള്ളവരെ പോയി വിളിച്ചോ..? ഞാനിവിടെ വന്നേക്കുന്നത് ആരുടേയും കീഴിൽ ജോലി ചെയ്യാനല്ല. അങ്ങനെ അടിമപ്പണി ചെയ്യേണ്ട അവസ്ഥ ഈ അപർണ്ണയ്ക്ക് ഇതുവരെ വന്നിട്ടുമില്ല. മര്യാദയ്ക്ക് സംസാരിച്ചില്ലെങ്കിൽ ഞാൻ എന്റെ പാട് നോക്കി പോകും." "ജോലിക്കാരിയോ ഇതൊക്കെ എപ്പോൾ ..? ഇത്രയും ബഹുമാനമില്ലാത്ത ഇവളെയൊക്കെ ആരാണിവിടെ ജോലിക്ക് വെച്ചത്..?

ആരോഹിയുടെ നിയന്ത്രണം അപ്പോഴേക്കും പോയികഴിഞ്ഞിരുന്നു. "സോറി മേഡം എനിക്ക് ബഹുമാനിക്കേണ്ടവരുടെ ലിസ്റ്റ് തന്നപ്പോൾ അതിൽ മേഡത്തിന്റെ പേര് കണ്ടില്ലായിരുന്നു അതാ ഞാൻ ഇത്തിരി ബഹുമാനം കുറച്ചത്..എന്നോട് ക്ഷമിക്കില്ലേ..? " അപർണ്ണ പരിഹാസത്തോടെ ആരോഹിയോട് ചോദിച്ചു. "ഇതിനുള്ള മറുപടി ഞാൻ നിനക്ക് പിന്നെ തരാം ആദ്യം എന്റെ അനുവാദമില്ലാതെ ആരാ നിന്നെ ഇവിടെ ജോലിക്കെടുത്തത് എന്നറിയണം. ബാക്കിയൊക്കെ പിന്നെ!" " ഓക്കേ മാഡം പോയിട്ട് അതിനൊരു തീരുമാനമുണ്ടാക്കി പെട്ടെന്നിങ്ങു വാ... ഞാൻ ബഹുമാനിക്കാൻ വേണ്ടി ഇവിടെ കാത്തിരിക്കാം....ടാറ്റാ.. " അപർണ്ണ വീണ്ടും അവളെ പരിഹസിച്ചുകൊണ്ട് പറഞ്ഞു. ആരോഹി അവളെ ദേഷ്യത്തോടെ നോക്കി കലിതുള്ളി നാകുലന്റെ ക്യാബിനിലേക്ക് പോയി. അപർണ്ണ അവൾ പോകുന്നതും നോക്കി പുഞ്ചിരിയോടെ നിന്നു. ************* "ഏതവളാ പുറത്ത്..? ആരെയാ നിങ്ങൾ എന്റെ അനുവാദമില്ലാതെ ഇവിടെ ജോലിക്കെടുത്തത്..?

പുതിയ അപ്പോയിന്റ്മെന്റ് എടുക്കുമ്പോൾ എന്റെ കൂടി സമ്മതം വേണമെന്ന് നിങ്ങൾക്കറിയില്ലേ .?" ആരോഹി ദേഷ്യത്തോടെ നാകുലനെ നോക്കി ചോദിച്ചു. ആരുടെ കാര്യമാണ് നീ പറയുന്നത്...? നകുലൻ ഒന്നും മനസ്സിലാകാതെ അവളോട് ചോദിച്ചു. " പുറത്തൊരുത്തി എന്നെ മര്യാദ പഠിപ്പിക്കാൻ വന്നിട്ടുണ്ട് അവളേതാണെന്നാണ് ഞാൻ ചോദിച്ചത്..? ആരോഹി വീണ്ടും നകുലനു നേരെ ശബ്ദമുയർത്തി. നകുലൻ അയാൾക്കു മുമ്പിലുള്ള സിസിടിവി ചെക്ക് ചെയ്തു പുറത്തിരിക്കുന്നത് അപർണ്ണയാണെന്ന് മനസ്സിലാക്കി. " ഓ.. അതായിരുന്നോ...?അത് നമ്മുടെ പുതിയ ലീഗൽ അഡ്വൈസറാണ്. പേര് അപർണ ബ്രില്യൻഡാണ് .അവരെ നമുക്ക് കിട്ടിയത് നമ്മുടെ ഭാഗ്യമാണെന്ന് വേണം പറയാൻ .." "അങ്ങനെ ഒരു അപ്പോയിന്റ്മെന്റ് നടക്കുമ്പോൾ നിങ്ങൾ എന്തുകൊണ്ടാണ് എന്നോട് പറയാതിരുന്നത്...? ഇന്ന് ഈ നിമിഷം വരെയും ഒരു സൂചനയും എനിക്ക് തന്നില്ല. അഹങ്കാരത്തിന് കയ്യും കാലം വച്ച ഒരു സ്ത്രീരൂപം.. അങ്ങനെയുള്ള ഒരാളെ ഈ കമ്പനിയിൽ വച്ച് വാഴിക്കാൻ എനിക്ക് സമ്മതമല്ല..!ഈ നിമിഷം അവരെ പറഞ്ഞു വിടണം."

ആരോഹിയുടെ ശബ്ദമവിടെ ഉയർന്നു. " നിന്നോട് ആ കാര്യം ഞങ്ങൾ പറയാൻ വിട്ടുപോയതാണ് ഞാനും അഖിലും ഒരുമിച്ചാണ് അവരെ നമ്മുടെ ലീഗൽ അഡ്വൈസർ ആക്കിയത്. എന്തുകൊണ്ടും നമുക്ക് കിട്ടിയ നല്ലൊരു അവസരമാണിത്. അവരെ പോലെ ഒരാളെ നമ്മളുടെ കൂടെ നിർത്തുന്നത് എന്തുകൊണ്ടും നമുക്ക് നല്ലതുതന്നെയാണ്. ഭാവിയിൽ ഇനി എന്തു പ്രശ്നം വന്നാലും അവർ നോക്കിക്കൊള്ളും. അങ്ങനെ എടിപിടി എന്നും പറഞ്ഞിനി അവരെ പിരിച്ചു വിടുന്നത് ശരിയല്ല!. അവരെ പിണക്കിയാൽ ഒരുപാട് നിയമനടപടികൾ നമ്മൾ ഏറ്റെടുക്കേണ്ടിവരും..." എനിക്ക് നിങ്ങൾ പറഞ്ഞതൊന്നും കേൾക്കണ്ട. ഇതിന്റെ പേരിൽ എന്ത് പ്രശ്നം വന്നാലും ഞാൻ ഏറ്റെടുത്തു കൊള്ളാം. ഒറ്റ നിമിഷം കൊണ്ട് മനസ്സിലായി അവൾ ഒരു അഹങ്കാരിയാണെന്ന്. അവൾ ഇനി ഏതു കൊമ്പത്തെ വക്കിലാണെങ്കിലും ഈ കമ്പനിയിൽ അവരുടെ സേവനം വേണ്ട നമുക്ക്!" അവളുടെ അഹങ്കാരം കണ്ടുനിൽക്കാൻ എനിക്ക് പറ്റില്ല." ആരോഹി തീർത്തു പറഞ്ഞു.

" നിന്നെ ഞങ്ങൾക്കറിയാം നീ ഒന്നും പറയാതെ അവർ വെറുതെ നിന്റെ മെക്കിട്ട് കേറില്ല. നിന്നെ ഞങ്ങൾ സഹിക്കുന്നതുപോലെ വേറെ ആരും സഹിച്ചോളാണമെന്നില്ല. പിന്നെ ഇവിടെ നിന്റെ നിയമങ്ങൾ നടപ്പിലാക്കാൻ നോക്കണ്ട!.അവരെ ഇവിടെ നിയമിച്ചത് ഞങ്ങളാണെങ്കിൽ പിരിച്ചുവിടാൻ ഞങ്ങൾ തീരുമാനിക്കണം. നീ ഈ കാര്യത്തിൽ ഇടപെടേണ്ട. ഇടപെട്ടാൽ നകുലന്റെ മറ്റൊരു മുഖം നീ കാണും. അടങ്ങി ഒതുങ്ങി ഇവിടെ കഴിയാമെങ്കിൽ മാത്രം നിന്നാൽ മതി. തലയിൽ കയറി നിൽക്കാനാണ് ഇനിയും ഭാവമെങ്കിൽ നിന്നെ ഒതുക്കേണ്ട വഴി ഞങ്ങൾക്കറിയാം. മുൻപ് പറഞ്ഞതെല്ലാം മനസ്സിലൊന്ന് ഓർക്കുന്നത് നല്ലതാണ്. തൽക്കാലം അപർണ്ണ ഇവിടെനിന്ന് എങ്ങും പോകുന്നില്ല. അത് നിനക്ക് പറ്റില്ലെങ്കിൽ നീ പൊക്കോ..? വേറെ ഒന്നും സംസാരിക്കാനില്ലായെങ്കിൽ നിനക്ക് പോകാം. " നകുലൻ കതകിന് നേരെ കൈ ചൂണ്ടി കൊണ്ട് ആരോഹിയോട് പറഞ്ഞു. അവൾ ദേഷ്യത്തോടെ അവനെ ഒന്ന് നോക്കി ആ ഡോർ വലിച്ചുതുറന്ന് അവിടെ നിന്നും പോയി. പുറത്ത് എല്ലാം കേട്ട് അവളെയും കാത്ത് ഒരു പുഞ്ചിരിയോടെ അപർണ്ണ നിൽക്കുന്നുണ്ടായിരുന്നു.

അവളെ ദേഷ്യത്തോടെ ഒന്നു നോക്കി അവിടെ നിന്നും പോകാനൊരുങ്ങിയ ആരോഹിയെ അവൾ പിടിച്ചു വച്ചു . "അങ്ങനെയങ്ങ് പോയാലോ മാഡം. അപ്പോൾ മേഡത്തെ ഞാൻ ബഹുമാനിക്കേണ്ടേ...?. മേഡം പറ ഞാൻ എങ്ങനെയാ മേഡത്തെ ബഹുമാനിക്കേണ്ടത്...? മാഡം വരുമ്പോൾ താഴ്മയോടെ എണീറ്റ് നിൽക്കണമൊ...?അതോ ഇരുകൈയും കെട്ടി ഓച്ഛാനിച്ചു നിൽക്കണോ ....? എങ്ങനെയാണെങ്കിലും മാഡം പറഞ്ഞോളൂ ഞാൻ അതുപോലെ ചെയ്യാം." അപർണ്ണയുടെ പരിഹാസം കേട്ടപ്പോൾ ആരോഹി യുടെ സമനില തെറ്റി. "നീ ജയിച്ചു എന്ന് വിചാരിക്കേണ്ട നിനക്കുള്ള പണി ഞാൻ തന്നിരിക്കും. ഈ ആരോഹി ആരാണെന്ന് നീ അറിയാൻ പോകുന്നതേയുള്ളൂ..." അവളുടെ നേരെ വിരൽ ചൂണ്ടി കൊണ്ട് ആരോഹി പറഞ്ഞു.

"ഞാൻ കാത്തിരിക്കുന്നു മാഡം തരുന്ന പണികളൊക്കെ ഏറ്റുവാങ്ങാൻ. അല്ലെങ്കിലും നമ്മൾ തമ്മിലുള്ള കളികളൊക്കെ തുടങ്ങാൻ പോകുന്നതേയുള്ളൂ. മേഡം കണ്ടോ ഈ അപരണ്ണയുടെ കളികളൊക്കെ..ഇങ്ങോട്ട് കളിപഠിപ്പിച്ചാൽ അതിന്റെ ഇരട്ടി എന്നിൽ നിന്നും കിട്ടും. അത് ഓർക്കുന്നത് നല്ലതാണ്.. അതുവരെ ഉണ്ടായിരുന്ന പുഞ്ചിരി അവളിൽ നിന്നും മാറി ഗൗരവത്തോടെ അവൾ ആരോഹിയോട് പറഞ്ഞു. " നമുക്ക് കാണാമെടീ... ആരോഹി ദേഷ്യത്തോടെയതും പറഞ്ഞ് അവിടെ നിന്നും പോയി. "കാണണം!" അവളെ നോക്കി അപർണ്ണ വിളിച്ചുപറഞ്ഞു. ആരോഹി പോയവഴിയേ എന്തോ ആലോചിച്ചു നിന്നു. ശേഷം നകുലനെ കാണാൻ അവന്റെ റൂമിലേക്ക് കയറി..... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story