💕കാണാച്ചരട് 💕: ഭാഗം 71

kanacharad

രചന: RAFEENA MUJEEB

 " തങ്ങൾ പോയ കാര്യമൊന്നും നടക്കാത്തതിലുള്ള നിരാശയായിരുന്നു പ്രസാദിനും ആദിക്കും . ആമിയെ എങ്ങനെ ഫേസ് ചെയ്യുമെന്നറിയാത്തതുകൊണ്ട് പ്രസാദ് നാട്ടിൽ എത്തിയിട്ടും അവളെ കാണാനൊന്നും പോയില്ല. ഫോണിലൂടെ തങ്ങൾ പോയ കാര്യമൊന്നും നടന്നില്ല എന്നു മാത്രം വിളിച്ചുപറഞ്ഞു മറ്റൊന്നും തൽക്കാലമിപ്പോൾ അവളറിയാതെയിരിക്കുന്നതാണ് നല്ലതെന്നവന് തോന്നി. അവര് പോയി വന്ന വിവരങ്ങളൊക്കെയറിഞ്ഞിട്ടും ആമിയിൽ അതൊന്നും വലിയ മാറ്റങ്ങൾ ഉണ്ടാക്കിയില്ല. അവളാ സംഭവം കഴിഞ്ഞതിൽ പിന്നെ പഴയപോലെ ആ മുറിക്കുള്ളിൽ ഒതുങ്ങിക്കൂടാൻ തുടങ്ങി. ആരോടുമൊന്നും സംസാരിക്കാതെ ജനൽ കമ്പിയിൽ പിടിച്ച് പുറത്തേക്ക് നോക്കിയിരിക്കും. അതുകാണുമ്പോൾ ജാനകിയിൽ വലിയ നിരാശയാണുണ്ടാക്കുന്നത്. തന്റെ മകൾ വീണ്ടും പഴയ അവസ്ഥയിലേക്ക് തന്നെ പോവുകയാണോ....?എന്നവർ ഭയപ്പെട്ടു. രാഘവൻ ബിസ്നസ് ആവശ്യങ്ങൾക്ക് വേണ്ടി പുറത്തു പോയിരിക്കുകയാണ് അദ്ദേഹം തിരിച്ചെത്താൻ ഇനിയും ദിവസങ്ങളെടുക്കും. തിരിച്ചുവരുമ്പോൾ മകളുടെ ഈ അവസ്ഥ കണ്ടാൽ അദ്ദേഹം ഒരുപാട് ദുഃഖിക്കുമെന്ന് ജാനകിക്ക് അറിയാം. എങ്ങനെയെങ്കിലും അവളെ മാറ്റിയെടുത്തേ തീരൂ.... "

മോളിങ്ങനെ പഴയതുപോലെയിനി മുറിക്കുള്ളിൽ തന്നെ ചടഞ്ഞിരിക്കാൻ ഞാൻ സമ്മതിക്കില്ല. ഇന്ന് വൈകിട്ട് നമുക്ക് രണ്ടുപേർക്കും അടുത്തുള്ള ദേവീ ക്ഷേത്രത്തിലേക്കൊന്നു പോകണം. നിന്റെ പേരിൽ ഞാനൊരു നെയ് വിളക്ക് നേർന്നതാ...നമുക്കൊരുമിച്ച് പോയി തന്നെ അത് നടത്തണം . ഇനിയുമതൊന്നും വൈകിച്ചുകൂടാ... വൈകിട്ടാവുമ്പോഴേക്കും മോള് റെഡിയായി നിൽക്കണം. നമുക്ക് നടന്നു പോകാം കുറച്ചധികം ദൂരമുണ്ടെങ്കിലും പാടവും തോടും വയലും എല്ലാം കണ്ട് നടന്നുപോകുന്നതിന്റെ രസം ഒന്ന് വേറെയല്ലേ..? ഒത്തിരി നാളുകളായില്ലേ ഞാനെന്റെ കുഞ്ഞിനേയും കൊണ്ട് ഒന്ന് പുറത്തൊക്കെ ഇറങ്ങിയിട്ട് . നമുക്ക് ഇന്ന് നേരത്തെ തന്നെ ഇറങ്ങണം. എന്റെ കുഞ്ഞ് മറുത്തൊന്നും പറയരുത് ഇത് അമ്മയുടെ ഒരു ആഗ്രഹമാണ്.. "ആമിയുടെ മുടിയിഴകളിൽ തലോടി കൊണ്ട് ജാനകി പറഞ്ഞു. ഈശ്വരൻമാരോടുള്ള വിശ്വാസമൊക്കെ പണ്ടേ പോയതാണ് പക്ഷേ പ്രതീക്ഷയോടെ തന്നെ നോക്കുന്ന അമ്മയെ നിരാശയാക്കാൻ തോന്നിയില്ല അവൾക്ക്.

അവൾജനകീയ നോക്കി ഒന്ന് പുഞ്ചിരിച്ചു. ആ ചിരിയിലുണ്ട് ജാനകിക്കുള്ള മറുപടി . ************* പുലർച്ചെ ജോഗിങ്ങ് പോകാൻ വേണ്ടി ഇറങ്ങിയ തനവിനെ പുറത്തിറങ്ങാൻ സമ്മതിക്കാതെ മഹേഷ്‌തടഞ്ഞുവെച്ചുവെങ്കിലും പ്രാക്ടീസിനു പോകാതിരിക്കാൻ കഴിയില്ല എന്നും പറഞ്ഞ് നേരത്തെ തന്നെയവൻ വീട്ടിൽ നിന്നുമിറങ്ങി. അവനെ ഒറ്റയ്ക്ക് വിടാനാവാത്തത് കൊണ്ട് ക്ഷമയും അവന്റെ കൂടെ കൂടി. അവർ തിരിച്ചെത്തിയപ്പോഴേക്കും നേരം ഉച്ച കഴിഞ്ഞിരുന്നു. ഇനി എവിടേക്കും പോകരുതെന്നും ചില വിശേഷപ്പെട്ട പൂജകൾ കഴിക്കാൻ അമ്പലത്തിലേക്ക് പോകണമെന്നും വന്നു കയറിയ ഉടനെ അച്ഛമ്മ തനവിനോട് പറഞ്ഞു. "ശരി തമ്പുരാട്ടി... എന്നും പറഞ്ഞ് അച്ഛമ്മയുടെ ഇരുകവിളിലും പിച്ചി അവൻ റൂമിലേക്കോടി. അവൻ പോകുന്നതും നോക്കി അവർ പുഞ്ചിരിയോടെ നിന്നു. •••••••••••••••••••••••••••••••••••••••••••••• അപർണ്ണ അന്ന് ഉച്ച വരെ കാളിയാർ മഠത്തിൽ തന്നെ നിന്നു.

അവൾക്ക് ആവശ്യമുള്ള ഓരോ കാര്യങ്ങളും അവൾ അന്വേഷിച്ചു കൊണ്ടേയിരുന്നു. പെട്ടെന്ന് തന്നെ അവിടെയുള്ള എല്ലാവരുമായി അവൾ കൂട്ടായി. കമ്പനിയിൽ ആരൊക്കെ നകുലനോടും അഖിലിനോടും ആരോഹിയോടും ആത്മാർത്ഥമായി നിൽക്കുന്നതെന്നും ആർക്കൊക്കെ അവരെ ഇഷ്ടമില്ലായെന്നും ആദ്യമറിയണം. എന്നാലേ സ്റ്റാഫുകളെ തമ്മിൽ ഭിന്നിപ്പിക്കാൻ കഴിയുകയുള്ളൂ. അതിനുള്ള ശ്രമമാണ് അവൾ ആദ്യം തുടങ്ങിയത്. ആദ്യം തന്നെ എല്ലാവരുടെയും സ്നേഹവും ഇഷ്ടവും പിടിച്ചു പറ്റണം അവരുടെ വിശ്വാസം നേടിയെടുത്താൽ തനിക്ക് അറിയേണ്ട പലകാര്യങ്ങളും അവർ ഇങ്ങോട്ട് വന്ന് പറയും എന്നവൾക്ക് ഉറപ്പാണ്. ഒരേസമയം തൊഴിലാളികളുടെ സ്നേഹവും മുതലാളിമാരുടെ വിശ്വസ്തതയും പിടിച്ച് പറ്റണം അതിനു തന്നെക്കൊണ്ട് കഴിഞ്ഞാൽ താൻ പകുതി വിജയിച്ചു. ആദ്യ ദിവസം തന്നെ അവൾ അതിനുള്ള ശ്രമങ്ങൾ തുടങ്ങിക്കഴിഞ്ഞു. ഇതിനിടയിൽ പല സമയത്തും തന്നിലേക്ക് നീളുന്ന അഖിലിന്റെ കണ്ണുകളെ വേണ്ടവിധം സൾക്കരിക്കാനും അവൾ മറന്നില്ല. ന

കുലനേയും അഖിലിനേയും തമ്മിൽപിണക്കണം. നകുലനേക്കാൾ ദുർബലനാണ് അഖിൽ.അവനെ എങ്ങനെയെങ്കിലും തന്റെ കാൽകീഴിൽ നിർത്തണം. അവർക്കിടയിൽ ഒരു ഭിന്നിപ്പ് വന്നാൽ അവർ ദുർബലരാവും . അഖിലിനെ തന്റെ വഴിക്ക് കിട്ടിയാൽ രണ്ടിനെയും തെറ്റിപ്പിക്കുന്ന കാര്യം താൻ ഏറ്റു.അപർണ്ണ മനസ്സിൽ ചില പദ്ധതികൾ കണക്കുകൂട്ടി. ഉച്ചയോടു കൂടി അവൾ അവിടെ നിന്നുമിറങ്ങി. അന്ന് നടന്ന എല്ലാ കാര്യവും ആമിയെ വിളിച്ച് അവളറിയിച്ചു. കാര്യങ്ങളൊക്കെ ഇതുപോലെ തന്നെ മുന്നോട്ട് പോകട്ടെ എന്ന് ആമിയും പറഞ്ഞു. ************* വൈകിട്ട് അമ്പലത്തിൽ പോകാൻ തയ്യാറായി വന്ന ആമിയെ കണ്ട് ജാനകി ഒരു നിമിഷം നോക്കിനിന്നു. സെറ്റ് സാരിയിൽ അതീവ സുന്ദരിയായിട്ടുണ്ടവൾ. പറയത്തക്ക ഒരു ചമയവും അവർക്കില്ല എന്നിട്ടും എന്ത് സുന്ദരിയാണ് തന്റെ മോൾ. അല്ലെങ്കിലും അമ്മമാർക്ക് തന്റെ മക്കൾ തന്നെയാണ് ഈ ലോകത്തിലെ ഏറ്റവും സൗന്ദര്യമുള്ളവർ. "ഇങ്ങനെയാണോ നീ അമ്പലത്തിലേക്ക് പോകുന്നത്...?

അവളെ തന്നെ നോക്കി നിൽക്കുന്നതിനിടയിലാണ് പെട്ടന്ന് ദേവയുടെ ശബ്ദംകേട്ട് ജാനകി തിരിഞ്ഞു നോക്കുന്നത്. എളിയിൽ കൈയ്യും കുത്തി ആമിയെ തന്നെ സൂക്ഷിച്ചു നോക്കി നിൽക്കുകയാണ് അവൾ. "എന്താ ഇതിന് കുഴപ്പം...?"ആമി തന്നെ തന്നെ ഒന്ന് അടിമുടി നോക്കി ദേവയോട് ചോദിച്ചു. " കുഴപ്പമേയുള്ളൂ... "നീ ഇങ്ങു വന്നേ.. എന്നും പറഞ്ഞ് ദേവ അവളെ വിളിച്ചു കൊണ്ടുപോയി സാരിയുടെ ഞൊറിയൊക്കെ ശരിയാക്കി നേരെ ഉടുപ്പിച്ചു. അവൾ ചെയ്യുന്നതൊക്കെ ആമി ഒരു പുഞ്ചിരിയോടെ നോക്കി നിന്നു. ചില സമയം അവൾ പറയുന്നതും കാണിക്കുന്നതും കണ്ടാൽ തോന്നും തന്റെ ചേച്ചിയാണെന്ന്. അപ്പോൾ താൻ അവൾക്ക് കീഴിൽ ഒരു അനിയത്തിയായി നിന്നു കൊടുക്കും. അതിന്റെ സുഖം ഒന്ന് വേറെയാണ്. സാരി നേരെയാക്കി അവളെ പിടിച്ച് ഒരു സ്റ്റൂളിൽ ഇരുത്തി ഇത്തിരി കണ്മഷി എടുത്ത് അവളുടെ കൺപീലികളിൽ മഷി എഴുതി. മുഖത്ത് ഇത്തിരി പൗഡറും ഒരു കുഞ്ഞു പൊട്ടും ഇട്ടു കൊടുത്തു. കാതിൽ രണ്ടു വലിയ ജിമിക്കിയും ഇരുകയ്യിലും നിറയെ കുപ്പിവളകളും അണിയിച്ച് കൊടുത്തു.

" ഇതൊക്കെ വേണോ ടീ "..?തന്റെ രണ്ട് കൈയും ഉയർത്തിപ്പിടിച്ച് മുഖം ചുളിച്ചു കൊണ്ട് ആമി ചോദിച്ചു "മിണ്ടരുത്! ഇതൊക്കെ ഇടാതെ വെറുതെ അലമാരയിൽ സൂക്ഷിച്ചുവയ്ക്കാൻ വേണ്ടിയാണോ വാങ്ങിച്ചത്....?ഇങ്ങനെയുള്ള അവസരത്തിൽ അണിഞ്ഞൊരുങ്ങി നടക്കാൻ തന്നെയാ ഇതൊക്കെ,. ഇങ്ങനെ കാണാനല്ലേ ടീ നിന്റെ അച്ഛനും അമ്മയും ആഗ്രഹിക്കുന്നത്...? ഇപ്പോൾ എന്റെ പെണ്ണിനെ കാണാൻ എന്തു ഭംഗിയുണ്ട്!" അവളെ പിടിച്ച് കണ്ണാടിയുടെ മുൻപിൽ നിർത്തി കൊണ്ട് ദേവ പറഞ്ഞു. "ഓ...ശരി ടീച്ചറേ.... ടീച്ചറുടെ ഇഷ്ടം പോലെ തന്നെ ആയിക്കോട്ടെ.. "ദേവയെ തന്നിലേക്ക് ചേർത്ത് പിടിച്ച് ആമി പറഞ്ഞു. രണ്ടു പേരുടെയും സ്നേഹപ്രകടനം കണ്ട് ജാനകി വാതിൽക്കൽ തന്നെ നിന്നു. അമ്മയേയും മോളേയും ഒരേ സെറ്റ് സാരിയിൽ കണ്ടതും ദേവയ്ക്ക് അവളുടെ അമ്മയെ ഓർമ്മ വന്നു. തന്നെ ചേർത്ത് പിടിച്ച് സ്നേഹത്തോടെ നെറുകയിൽ ഉമ്മ വച്ചിരുന്നതും സ്നേഹത്തോടെ ചോറുരുള തനിക്ക് വാരിതന്നതും ഒരുമിച്ച് അമ്പലത്തിൽ പോയിരുന്നതും എല്ലാം ഒരു നിമിഷം അവളുടെ കണ്ണിലൂടെ മിന്നിമറഞ്ഞു. പെട്ടെന്ന് അവളുടെ മുഖം വാടിയത് ജാനകിയും ശ്രദ്ധിച്ചു. 'ഈ സമയത്ത് മോളെയും കൊണ്ട് പുറത്തിറങ്ങിയാൽ ആരെങ്കിലും എന്റെ മോളെ തിരിച്ചറിഞ്ഞാൽ...

ഇതുവരെ മോളനുഭവിച്ചതെല്ലാം വെറുതെയാവും എന്റെ കുഞ്ഞിന്റെ എല്ലാ പ്രശ്നവും തീർന്നിട്ട് നാട്ടിലുള്ള സകല അമ്പലങ്ങളും നിന്നെയും കൊണ്ട് പോകണം എന്ന് ഒരു ആഗ്രഹം ഉണ്ടെനിക്ക് ".ദേവയുടെ കൈപിടിച്ച് ജാനകി വിഷമത്തോടെ പറഞ്ഞു. " എനിക്ക് അങ്ങനെ അമ്പലങ്ങളിൽ തൊഴാൻ വരാനോ പ്രാർത്ഥിക്കാനോ ഒരാഗ്രഹവുമില്ലാ.നിങ്ങൾ പോയിട്ട് വന്നോളൂ... അല്ലെങ്കിലും എന്റെ ആഗ്രഹങ്ങളും സ്വപ്നങ്ങളുമൊക്കെ എന്നോ നശിച്ചതാണ്." ദേവ ഒരു പുഞ്ചിരിയോടെ ജാനകിയോട് പറഞ്ഞു. " ഇതിപ്പോൾ എന്നോട് സങ്കടപ്പെടാൻ പാടില്ല എന്നും പറഞ്ഞു നീ തുടങ്ങുകയാണോ മോളെ....?"ആമി അവളുടെ തോളിലൂടെ കയ്യിട്ട് ചോദിച്ചു "എനിക്കൊരു സങ്കടവുമില്ല രണ്ടാളും പെട്ടെന്ന് പോയി വരാൻ നോക്കൂ... "രണ്ടാളോടും ആയി ദേവ പറഞ്ഞു.

അല്ലിയേയും അവർ തങ്ങളുടെ കൂടെ കൂട്ടി. ഒരിക്കൽ ആമി പുറത്തു പോയപ്പോൾ അല്ലിക്കായി വാങ്ങിച്ചു കൊണ്ടുവന്ന പട്ടുപാവാടയാണ് വേഷം. അവിടെ വന്നതിനുശേഷം അവൾ പുറത്തോട്ടൊന്നും ഇറങ്ങിയിട്ടില്ല. അതിന്റെ സന്തോഷം ആളുടെ മുഖത്ത് നല്ലപോലെ കാണാം. ദേവ യോട് യാത്ര പറഞ്ഞ് അവർ മൂന്നുപേരും അമ്പലത്തിലേക്കിറങ്ങി. തോടും പാടവും വയലുമെല്ലാം അല്ലിക്ക് പുതിയ കാഴ്ച്ചകളായിരുന്നു. അവൾ ഓടിച്ചാടിയും വെള്ളത്തിലിറങ്ങിയും തോടിലൂടെ പോകുന്ന മീനുകളെ കൗതുകത്തോടെ നോക്കിയും കുഞ്ഞു പട്ടുപാവാട അരയ്ക്കു മേലെ പൊക്കിപ്പിടിച്ച് വെള്ളത്തിൽ കാലിട്ട് കളിച്ചും അവരുടെ കൂടെ സന്തോഷത്തോടെ നടന്നു. ആമിയും ജാനകിയും അവൾ കാണിക്കുന്ന ഓരോ കുസൃതിയും പുഞ്ചിരിയോടെ ആസ്വദിക്കുകയായിരുന്നു. ആമിക്ക് എല്ലാം മറന്ന് ഒരു മനോഹരമായ യാത്ര തന്നെ ആയിരുന്നു അത്. അമ്പലത്തിൽ എത്തിയപ്പോഴേക്കും ആളുകളൊക്കെ വന്നു തുടങ്ങിയിരുന്നു. അവിടെ രാവിലെ നട തുറക്കുമ്പോൾ ഉള്ള ആളുകളേക്കാൾ ദീപാരാധനയ്ക്ക് ആളുകൾ കൂടാറുണ്ട്. ചുറ്റുവിളക്ക് കത്തിക്കാനുള്ള ആളുകളുടെ എണ്ണവും കൂടുതലാണ്.

കുന്നിനു മുകളിലുള്ള ഈ അമ്പലം സന്ധ്യാസമയത്ത് കൂടുതൽ മനോഹരമായി തോന്നും. ദീപങ്ങൾകൊണ്ട് അമ്പലം പ്രകാശപൂരിതമാകും . എല്ലാവരും ചുറ്റുവിളക്ക് കത്തിക്കുന്ന തിരക്കിലാണ്. ജാനകിയും ആമിയും കയ്യിലുള്ള നെയ്യൊഴിച്ചു തിരിയിട്ട് ഓരോ വിളക്കും കത്തിക്കാൻ തുടങ്ങി. അല്ലി അതെല്ലാം കൗതുകത്തോടെ നോക്കിനിന്നു. അമ്പലത്തിന് ചുറ്റും നിറദീപങ്ങൾ നിറഞ്ഞു വന്നപ്പോൾ നയന മനോഹരമായ ഒരു കാഴ്ച്ച തന്നെ എല്ലാവർക്കും നൽകി. ദീപാരാധന കഴിഞ്ഞ് നട തുറക്കുന്നതും നോക്കി എല്ലാവരും തൊഴുകൈയോടെ ആ നടയുടെ മുൻപിൽ നിന്നു. ആമിക്കും അതുവരെയും ഇല്ലാതിരുന്ന എന്തോ പ്രത്യേകത അവളിൽ വന്നതു പോലെ തോന്നി. അവളറിയാതെ തന്നെ മനസ്സ് ഭക്തിസാന്ദ്രമായി. ഉള്ളുരുകി തന്നെ അവളാ നടയ്ക്കുമുമ്പിൽ കൈകൂപ്പി നിന്നു. മനസ്സിൽ ഒരേ ഒരു മുഖം മാത്രം " അരവിന്ദൻ " ദേവിയോട് പറയാനുള്ള ഒരേ ഒരു ആവശ്യം തന്റെ പ്രണയം തിരിച്ചു തരണേ.. തന്റെ സ്വപ്നങ്ങൾ തനിക്ക് തിരിച്ചു തരണേ എന്ന് മാത്രം...... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story