💕കാണാച്ചരട് 💕: ഭാഗം 72

kanacharad

രചന: RAFEENA MUJEEB

 " മന്ത്രങ്ങളും മന്ത്രോച്ചാരണങ്ങളും അവിടെ ഉയർന്നുപൊങ്ങി കേൾക്കാം . പൂജകളെല്ലാം അവസാനിപ്പിച്ച് ഏകദേശം നടതുറക്കാറായപ്പോഴേക്കും അമ്പലത്തിൽ ആളുകൾ തിങ്ങിനിറഞ്ഞു. എല്ലാവരും തൊഴുകയ്യോടെ നട തുറക്കുന്നതും പ്രതീക്ഷിച്ചു ഭക്തിയോടെ നിന്നു . അല്പസമയം കഴിഞ്ഞതും പൂജകളെല്ലാം അവസാനിപ്പിച്ച് പൂജാരി ഭക്തർക്കായി ആ നട തുറന്നു കൊടുത്തു. നേരിയ പുകമറയിലൂടെ ദേവിയെ നന്നായി കാണാം.കുളിച്ചൊരുങ്ങി സർവ്വാഭരണ വിഭൂഷിതയായി പുഷ്പങ്ങൾ കൊണ്ട് അലങ്കരിച്ച് മനോഹരിയായി നിൽക്കുന്ന ദേവി. ഒരു പ്രത്യേക തേജസാണ് ആ മുഖത്ത്. കാണുന്നവർ അറിയാതെ കൈകൂപ്പി നിന്നു പോകും. എല്ലാവരും മനസ്സുരുകി തന്നെ പ്രാർത്ഥിച്ചു. ജാനകി തന്റെ മോളുടെ സങ്കടങ്ങൾ മാറ്റി കൊടുക്കണേയെന്നും ദേവയുടെ ഈ കഷ്ടപ്പാടുകൾക്ക് എല്ലാം ഒരു അറുതി വരുത്തണമേയെന്നും മനസ്സുരുകി പ്രാർത്ഥിച്ചു. അല്ലി ജീവിതത്തിൽ ആദ്യമായിട്ടാണ് അമ്പലത്തിൽ വരുന്നത് .

അതിന്റെ അമ്പരപ്പ് അവളുടെ മുഖത്ത് കാണാനുമുണ്ട്. അവൾ മറ്റുള്ളവരെയൊക്കെ നോക്കി നിൽക്കുകയാണ് അവരെല്ലാം കൈകൂപ്പി നിൽക്കുന്നതും കണ്ണടച്ച് പ്രാർത്ഥിക്കുന്നതുമെല്ലാം കൗതുകത്തോടെ അവൾ നോക്കി നിന്നു. അതുകണ്ട ജാനകി അവളുടെ കുഞ്ഞു കൈപിടിച്ച് ദേവിക്കു മുമ്പിൽ തൊഴുകൈയോടെ നിർത്തി അവളോട് നന്നായി പ്രാർത്ഥിക്കാൻ പറഞ്ഞു.. കർപ്പൂരം ഏന്തിയ താലവുമായി പൂജാരി പുറത്തേക്ക് വന്നതും എല്ലാവരുമത് തൊട്ടു തൊഴുത് ഇരു കണ്ണുകളിലും തേജസ് ആവാഹിച്ച്പ്രാർത്ഥിച്ചു. ആമി താലത്തിൽ തൊട്ടു തൊഴുതു വീണ്ടും ദേവിക്കു മുമ്പിൽ വന്ന് നിറകണ്ണുകളോടെ പ്രാർത്ഥിച്ചു. ഉള്ളിൽ അന്ന് കണ്ട അരവിയുടെ മുഖം മാത്രമാണ് . എല്ലാവരും പറയുന്നു അത് അരവിയല്ലെന്ന്. വേഷത്തിലും ഭാവത്തിലും ഒരുപാട് വ്യത്യാസമുണ്ട്. എന്നിട്ടും തന്റെ മനസ്സ് മാത്രം എന്താ അത് അംഗീകരിക്കാത്തത്....? അരവിയുടെ സാന്നിധ്യത്തിൽ മാത്രം തനിക്ക് ചില മാറ്റങ്ങൾ വരാറുണ്ട്. ആമുഖം ഒരു മാത്ര കണ്ടപ്പോൾ തന്നെ ആ മാറ്റങ്ങൾ തന്നെ സംഭവിച്ചു. ആ സാന്നിധ്യം താൻ തിരിച്ചറിഞ്ഞു. അരവിയല്ലെങ്കിൽ പിന്നെ എങ്ങിനെ തനിക്കിത് സാധ്യമാകും. എന്തിന് തന്റെ മനസ്സ് തന്നെ വീണ്ടും കളിപ്പിക്കുന്നേ ....?

അരവി എവിടെയോ ഉണ്ടെന്ന് തന്റെ മനസ്സ് എന്നും മന്ത്രിക്കാറുണ്ട്. അതൊക്കെ സത്യമാണോ....? തന്റെ അരവിയെ തന്നെയാണോ താൻ കണ്ടത്...? ഒരു കാര്യമേ തനിക്കമ്മയോട് പറയാനുള്ളൂ... അതെന്റെ അരവിയാണെങ്കിൽ തന്റെ മുന്നിലേക്ക് വീണ്ടും അവനെ എത്തിച്ചു തരണേ.... എന്തൊക്കെയാണ് ഞങ്ങൾക്കിടയിൽ നടന്നതെന്ന് ശരിക്കും ഇപ്പോഴും തനിക്കറിയില്ല.. അവൻ തന്നെ ചതിച്ചുവെന്ന് വിശ്വസിക്കാനും കഴിയുന്നില്ല. എല്ലാ സങ്കടത്തിൽ നിന്നും ഒന്ന് കയറി വന്നതായിരുന്നു. ഇനിയും തന്നെ എന്തിനാണ് ഇങ്ങനെ സങ്കടപ്പെടുത്തുന്നത്..? പരീക്ഷിച്ചു മതിയായില്ലേ നിനക്ക്...? അത് അരവിയാണെങ്കിൽ തനിക്ക് തന്റെ അരവിയെ തിരിച്ചു തരണം. എന്റെ മുൻപിലേക്ക് നീ കൊണ്ട് തരണം... ഇല്ലെങ്കിൽ എന്റെ മുൻപിൽ ഇനി ആ മുഖം കാണാനിടയാക്കല്ലേ അപേക്ഷയാണ്... അവൾ തൊഴുകൈകളോടെ അമ്മയെ മനസ്സുരുകി വിളിച്ചു. ഇരു കണ്ണിൽ നിന്നും കണ്ണുനീർ ചാലുകൾ ഒഴുകി. ഒരുപാട് നേരം അവൾ ആ നിൽപ്പ് തുടർന്നു.

ഉള്ളിലെ സങ്കടങ്ങളെല്ലാം അവൾ ദേവിയോട് പറഞ്ഞു തീർക്കട്ടെ അവളെ ശല്യം ചെയ്യേണ്ട എന്ന് കരുതി ജാനകി അല്ലിയേയും കൊണ്ട് അമ്പലം പ്രദക്ഷിണം വയ്ക്കാൻ പോയി. സങ്കടങ്ങളെല്ലാം ഒരു മഴ പെയ്തത് പോലെ പെയ്തിറങ്ങിയതുകൊണ്ടാവാം അവൾക്ക് ചെറിയ ഒരു ആശ്വാസമുണ്ടായി മനസ്സൊന്നു തണുത്തു. പതിയെ കണ്ണു തുറന്നു ദേവിയുടെ തേജസ്സുള്ള ആ മുഖം ഒന്നുകൂടി നോക്കി . ഒന്നു കൂടി തൊഴുത് അവിടെനിന്നും തിരിഞ്ഞപ്പോഴാണ് തന്റെ തൊട്ട് പുറകിൽ ദേവിയെ കണ്ണടച്ച് തൊഴുന്ന ആളെ ആമി കാണുന്നത്. അവൾക്ക് തന്റെ കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല. താൻ ഇത്രനേരം ആർക്കുവേണ്ടിയാണോ പ്രാർത്ഥിച്ചത്.. ആരെയാണോ തന്റെ മുമുമ്പിലൊന്ന് കാണാൻ കൊതിച്ചത് ആ ആൾ തന്റെ തൊട്ടരികിൽ ദേവി കൊണ്ടെത്തിച്ചിരിക്കുന്നു. " അരവി!" തന്റെ മാത്രം" അരവി "അവൾക്ക് സന്തോഷവും സങ്കടവുമടക്കാൻ കഴിഞ്ഞില്ല. ഇരു കണ്ണുകളിൽനിന്നും കണ്ണുനീർ ധാരയായി ഒഴുകി. ദേവിയെ കന്നുകളടച്ച് പ്രാർത്ഥിക്കുകയായിരുന്നു തനവ് പതിയെ കണ്ണുകൾ തുറന്നപ്പോൾ മുന്നിൽ സാക്ഷാൽ ദേവി വന്ന് നിൽക്കുന്നത് പോലെ ഒരു പെൺകുട്ടി.

അവൻ ഒരു നിമിഷം അവളെ തന്നെ നോക്കി നിന്നു പോയി. ഉള്ളിലെവിടെയോ അവളുടെ മുഖം കൊളുത്തി വലിക്കുന്നത് പോലെ. അവൾ തന്നെത്തന്നെ നോക്കുന്നത് പോലെ അവനു തോന്നി. വിടർന്ന ആ കണ്ണുകൾ കണ്ണുനീരിന്റെ നനവ് പടർന്നിട്ടുണ്ടെങ്കിലും ആ കണ്ണുകൾ തന്നോട് എന്തോ പറയുന്നപോലെ. അവന്റെ കണ്ണുകൾ ആ കണ്ണുകളിൽ തന്നെ തറഞ്ഞു നിന്നു പോയി കുറച്ചുസമയത്തേക്ക്. അവളിൽ നിന്നും ദൃഷ്ടി മാറ്റാൻ കഴിയാത്തതുപോലെ എന്തോ ഒരു കാന്തിക ശക്തി ആ കണ്ണുകളിലുള്ളതുപോലെ അവൻ അവളെ തന്നെ നോക്കി നിന്നു. ആമിയാണെങ്കിൽ സ്ഥലകാലബോധം പോലുമില്ലാതെ അരവിയെ തന്നെ നോക്കി നിൽക്കുകയാണ്. രണ്ടു പേരുടെയും കണ്ണുകൾ എന്തൊക്കെയോ സംസാരിക്കുന്നത് പോലെ. " തനൂ".... ഇതുവരെ തൊഴുതു കഴിഞ്ഞില്ലേ...? അവിടെ എല്ലാവരും നമുക്ക് വേണ്ടി വെയിറ്റ് ചെയ്യുകയാണ്..!" പെട്ടെന്നുള്ള ക്ഷമയുടെ ശബ്ദമാണ് അവനെ ബോധമണ്ഡലത്തിൽ കൊണ്ടെത്തിച്ചത്. അവൻ പെട്ടെന്ന് തന്നെ ആമിയിൽ നിന്നും ദൃഷ്ടി മാറ്റി ക്ഷമയെ നോക്കി ഒന്ന് പുഞ്ചിരിച്ചു . ക്ഷമ ഓടിവന്ന് അവന്റെ കൈകളിൽ പിടിച്ചു പുഞ്ചിരിയോടെ അവനെ അവിടെനിന്നു കൊണ്ടുപോയി . ആമിയെ ഒന്ന് തിരിഞ്ഞു പോലും നോക്കാതെ തനവ് അവളോടൊപ്പം പോയി.

അവൻ തന്നെ നോക്കി നിൽക്കുന്നതും അവിടെ നിന്നും ഏതോ ഒരു പെണ്ണ് അവന്റെ കയ്യിൽ പിടിച്ചു പോകുന്നതും കണ്ടപ്പോൾ ആമി കുറച്ചുസമയത്തേക്ക് നിശ്ചലയായി. തനവ് തന്നിൽ നിന്നും അകന്നു പോയിട്ടാണ് അവൾക്ക് സ്ഥലകാലബോധം വന്നത്. "അരവി "അവളുടെ ചുണ്ടുകൾ പതിയെ മന്ത്രിച്ചു. പിന്നീടാ ശബ്ദം ഉച്ചത്തിലാവാൻ തുടങ്ങി. "അരവീ......!!എന്ന് ഉറക്കെ വിളിച്ച് അവൾ അവന്റെ പുറകേയോടി.. അമ്പലത്തിന് ചുറ്റും പ്രദക്ഷിണം വെച്ച് വരികയായിരുന്ന ജാനകി ഇത് കണ്ടതും ഓടിച്ചെന്ന് അവളെ അടക്കിപ്പിടിച്ചു തന്റെ കൈക്കുള്ളിലാക്കി . "മോളെ എന്തൊക്കെയാ നീ ഈ പറയുന്നത്...? എന്ത് ഭ്രാന്താ നീ ഈ ചെയ്തുകൂട്ടുന്നത്....?" ജാനകി ഒന്നും മനസ്സിലാവാതെ അവളോട് ചോദിച്ചു. " അമ്മേ...!!അതാ...അതാണ് എന്റെ അരവി, അരവി അതാ പോകുന്നു എന്നെ വിടമ്മേ....എനിക്കവനോട് സംസാരിക്കണം. അവന്റെ ആമിയോട് ഒന്നും മിണ്ടാതെ പോകാൻ അവന് കഴിയുമൊ ....?എന്നെ വിടമ്മേ....അവൾ ജാനകിയുടെ കയ്യിൽ നിന്നും കുതറി മാറാൻ ശ്രമിച്ചു കൊണ്ട് പറഞ്ഞു കൊണ്ടിരുന്നു.

ദൂരെ ഒരു കാർ വന്ന് അതിൽ തനവ് കേറി പോകുന്നത് കൂടി കണ്ടപ്പോഴേക്കും ആമീ ജാനാകിയുടെ കൈപ്പിടിയിൽ നിന്നും സർവ്വശക്തിയുമെടുത്ത് കുതറാൻ നോക്കി ഒരു ഭ്രാന്തിയെ പോലെ അവൾ അലറി.. " എന്തൊക്കെയാ മോളെ ഈ കാണിക്കുന്നത്...?ആളുകളൊക്കെ നോക്കുന്നു.. അത് അരവിയൊന്നുമല്ല എന്റെ മോൾക്കങ്ങനെ തോന്നുന്നതാ.. എന്റെ പൊന്നു മോള് അമ്മയെ വിഷമിപ്പിക്കല്ലേ....?ജാനകി അവളോട് കരഞ്ഞുകൊണ്ടു പറഞ്ഞു. അവിടെയുള്ള ആളുകളൊക്കെ അപ്പോഴേക്കും അവർക്ക് ചുറ്റും വളഞ്ഞു കഴിഞ്ഞിരുന്നു. അത് കണ്ടതും ജാനകി ആമിയെ നിസ്സഹായായി നോക്കി. അമ്മയുടെ കണ്ണുനീരും ആ ദയനീയവസ്ഥയും കണ്ടപ്പോൾ അവളൊന്നടങ്ങി. പതിയെ അവൾ ശാന്തായായി. ജാനകി അവളെ തന്നോടടക്കിപിടിച്ചു ഒരുപാട് നേരം നിന്നു. തിരികെ വീട്ടിലേക്ക് ഒരു ഓട്ടോ വിളിച്ചാണ് അവർ മടങ്ങിയത്.

യാത്രയിലുടനീളം ആമി മൗനമായിരുന്നു. അതുവരെ അവളിൽ കണ്ട സന്തോഷമെല്ലാം ഒരു നിമിഷം കൊണ്ട് ചോർന്നുപോയി. വീട്ടിലെത്തിയതും അവൾ ആരോടും ഒന്നും മിണ്ടാതെ തന്റെ റൂമിൽ കയറി കതകടച്ചു. ജാനകി ആ റൂമിനു പുറത്ത് കുറച്ചുസമയം നിന്ന് തന്റെ റൂമിലേക്ക് പോയി. എന്തോ സംഭവിച്ചിട്ടുണ്ടെന്ന് ദേവയ്ക്കും മനസ്സിലായി. എങ്കിലും അവൾ കാര്യമറിയാൻ തുനിഞ്ഞില്ല. തന്റെ ജോലികളെല്ലാം പെട്ടെന്ന് ഒതുക്കി അവൾ മക്കളെയും കൊണ്ട് വീട്ടിലേക്ക് ഇറങ്ങി. അന്നത്തെ ദിവസം ആമി ആ റൂമിൽ നിന്നും പിന്നീട് പുറത്തേക്ക് വന്നെയില്ല. രാത്രി ഭക്ഷണം കഴിക്കാൻ വേണ്ടി ജാനകി ഒരുപാട് വിളിച്ചെങ്കിലും തനിക്കൊന്നും വേണ്ടാ എന്ന് മാത്രം വിളിച്ചു പറഞ്ഞവളാ റൂമിൽ തന്നെയിരുന്നു. അവളൊന്നും കഴിക്കാത്തത് കൊണ്ട് ജാനകിക്കും ഒന്നും കഴിക്കാൻ തോന്നിയില്ല. ഭക്ഷണമെല്ലാം അതേ പടി മൂടിവെച്ച് അവരും മുറിയിലേക്ക് പോയി...... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story