💕കാണാച്ചരട് 💕: ഭാഗം 76

kanacharad

രചന: RAFEENA MUJEEB

 " ടൗണിലെ ഏറ്റവും വലിയ ഹോട്ടലായ ഫുഡ്‌ പാലസ് ഹോട്ടലിൽ അപർണ്ണ അവൾക്കുവേണ്ടി കാത്തിരിക്കുന്നുണ്ടെന്നറിഞ്ഞ അച്ചു നേരെ പോയത് ആ ഹോട്ടലിലേക്കാണ് അവിടെ അപർണ്ണയോടൊപ്പം അവളെ പ്രതീക്ഷിച്ച് അവൾക്കു സുപരിചിതമായ രണ്ടു മുഖങ്ങൾ കൂടി ഉണ്ടായിരുന്നു. ഒരാള് അ രവിയുടെ ചങ്കും ചങ്കിടിപ്പുമായ ആത്മ സുഹൃത്ത് "ആദി.' മറ്റൊന്ന് ആമിയുടെ സ്വന്തം "കിച്ചു." മൂന്നുപേരെയും നോക്കിയൊന്ന് പുഞ്ചിരിച്ച് അവൾ അവരുടെ അരികിലേക്കിരുന്നു. എല്ലാവരും ആകാംഷയോടെ അവളെ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു അവൾക്ക് പറയാനുള്ള കാര്യങ്ങൾ കേൾക്കാൻ. അവൾ തറവാട്ടിൽ വെച്ച് അരവിയുടെ രൂപസാദൃശ്യമുള്ള തനവിനെ കണ്ടതും അവർ തമ്മിലുള്ള ബന്ധവും വളരെ വിശദമായി തന്നെ അവരെ പറഞ്ഞു കേൾപ്പിച്ചു. അച്ചു പറയുന്നതെല്ലാം കേട്ടപ്പോൾ അരവി തങ്ങൾക്കരികിൽ തന്നെയുണ്ടെന്നു മനസ്സിലാക്കിയ ആദിയ്ക്കും കിച്ചനും ഒരുപാട് സന്തോഷമായി. അവർ തനവിനെ കണ്ടതുമുതൽ ബോംബെയിൽ വെച്ച് സംഭവിച്ചതുവരെയുള്ള കാര്യങ്ങളെല്ലാം വിശദമായി തന്നെ അച്ചുവിനോട് പറഞ്ഞു.

അവരുടെ ഉള്ളിലുള്ള സംശയങ്ങളും അവളുമായി പങ്കുവെച്ചു. എല്ലാം കേട്ടപ്പോൾ അവർ പറയുന്നതിലും കാര്യമുണ്ടെന്നവൾക്കും തോന്നി. അതിന് വലിയ ഒരു തെളിവായിട്ട് അവൾ പറയുന്നത് തന്റെ മാമന്റെ മകൻ വളരെ ചെറുപ്പത്തിൽ ഒരു ആക്സിഡന്റ് പറ്റിതളർന്നു കിടന്നതാണ്. ചെയ്യാവുന്ന ട്രീറ്റ്മെന്റെല്ലാം ചെയ്തു നോക്കി പക്ഷേ ഒരു ഫലവുമുണ്ടായില്ല ആക്സിഡന്റിനു ശേഷം അതിഥി ആന്റി പിന്നെ നാട്ടിലേക്ക് വന്നിട്ടില്ല. മുത്തശ്ശി ഇവിടെയുള്ളത് കൊണ്ട് മാമൻ വല്ലപ്പോഴും മോളെയും കൊണ്ട് നാട്ടിലേക്ക് വരും. ഇതിനപ്പുറത്തേക്ക് അവരുടെ ഒരു കാര്യങ്ങളൊന്നും ആർക്കുമറിയില്ലായിരുന്നു ആരും പിന്നീട് പരസ്പരം അധികം കണ്ടിട്ടില്ല. ഫോണിലുള്ള വിശേഷങ്ങൾ പങ്കുവെയ്ക്കൽ അല്ലാതെ. രുദ്രനൊപ്പം താൻ വീടുവിട്ടിറങ്ങിയ ശേഷം അവിടെ എന്തു സംഭവിച്ചു എന്നെനിക്കറിയില്ല. എല്ലാ പിണക്കവും മാറി ഒരിക്കൽ അമ്മ വിളിച്ചപ്പോഴാണ് അറിയുന്നത് മഹേഷ് മാമന്റെ മകൻ തനവ് എല്ലാ അസുഖവും മാറി പൂർണ്ണ ആരോഗ്യവാനായിരിക്കുന്നുവെന്നും അവൻ വലിയൊരു കളിക്കാരനായി എന്നുമൊക്കെ.

എല്ലാവർക്കും അത്ഭുതമായിരുന്നു തനുവിന്റെ ഈ മാറ്റം. ഒരു കുടുംബം മുഴുവൻ ഒരുപാട് വഴിപാടും പ്രാർത്ഥനയും അവനുവേണ്ടി ചെയ്യുന്നുണ്ടായിരുന്നു. ആ പ്രാർത്ഥനയുടെ ഫലമാണ് അവൻ ജീവിതത്തിലേക്ക് തിരിച്ചു വന്നത് എന്നാണ് മുത്തശ്ശി പറയുന്നത്. ഇതിനിടയിൽ രണ്ടുതവണ അവരൊക്കെ തറവാട്ടിൽ വന്നു താമസിച്ചിട്ടുണ്ടെങ്കിലും ഞാൻ ഹൈദരാബാദിൽ ആയതുകൊണ്ട് ആരെയും കണ്ടിട്ടില്ല. തന്റെ ബാല്യം മനോഹരമാക്കിയ ഒരു കളി കൂട്ടുകാരനായിരുന്നു തനു.. ബാല്യത്തിൽ കണ്ട മുഖം എനിക്ക് അത്രയങ്ങ് ഓർമ്മയില്ല ഇന്ന് അവൻ തന്റെ മുമ്പിൽ വന്നു നിന്നപ്പോൾ അരവി അല്ല എന്ന് വിശ്വസിക്കാൻ തനിക്ക് കഴിയുന്നില്ല. അത് തനവ് ആണെന്ന് തന്റെ മനസ്സ് അംഗീകരിക്കുന്നുമില്ല.ഒരുപക്ഷേ അത് തനവ് തന്നെയായിരിക്കും, അല്ലെങ്കിൽ മറ്റാരെങ്കിലും.... ഒന്നും അത്രയങ്ങ് വ്യക്തമാകുന്നില്ല.. അച്ചു പറയുന്നതൊക്കെ കേട്ട് മൂന്ന് പേരും ആശയക്കുഴപ്പത്തിലായിട്ടുണ്ട്. "കാര്യങ്ങൾക്കൊന്നും ഒരു വ്യക്തതയുമില്ല

പക്ഷെ എന്തൊക്കെയോ ദുരൂഹതകൾ ഉണ്ട് അത് ഉറപ്പാണ്". ആദി തലചൊറിഞ്ഞു കൊണ്ട് പറഞ്ഞു. " അതെ ഇവിടെ എന്തൊക്കെയോ കളി നടന്നിട്ടുണ്ട് അതാണ് ആദ്യം കണ്ടുപിടിക്കേണ്ടത്". അപ്പു മൂന്നുപേരെയും നോക്കി പറഞ്ഞു. ഇനിയും നമ്മൾ അത് അരവിയാണെന്നും പറഞ്ഞ് അവിടെ ചെന്ന് പ്രശ്നമുണ്ടാക്കിയാൽ ഒരിക്കലും അവരത് അംഗീകരിക്കില്ല എന്നുമാത്രമല്ല അവനെ അവിടെ നിന്നും അവർ മാറ്റും. പിന്നീട് അവനെ ഒന്ന് കാണാൻ പോലും നമുക്ക് കഴിയില്ല. ഇപ്പോൾ അവൻ നമ്മുടെ കൺമുമ്പിലുണ്ട്. ആരാണ് നമുക്കു മുൻപിൽ കണ്ണുകെട്ടി കളി നടത്തുന്നതെന്ന് നമുക്ക് കണ്ടുപിടിക്കണം ആദ്യം. അത് അരവിയാണെങ്കിൽ എന്തിന് അവൻ തനവായി എന്നാണ് ആദ്യം അറിയേണ്ടത്..? എന്തിനാണ് അവൻ നമ്മളിൽ നിന്നെല്ലാം ഒളിച്ചോടുന്നത്...? എന്താണ് അവന്റെ ജീവിതത്തിൽ സംഭവിച്ചത്...?അതെല്ലാം കണ്ടുപിടിക്കണം. അതരാവിയാണെന്ന് പൂർണ്ണബോധ്യം വന്നാൽ എല്ലാ തെളിവുകളോടും കൂടി വേണം

നമുക്ക് അവരെ നേരിടാൻ. ഇനിയുള്ള നീക്കങ്ങളെല്ലാം വളരെ ശ്രദ്ധയോടെയായിരിക്കണം ഒരിക്കലും എന്നെയോ ആദിയേയോ ആരും കാണാൻ പാടില്ല.!! അങ്ങനെ ഞങ്ങളെ ആരെങ്കിലും കണ്ടാൽ തനവ് നമ്മുടെ കൈ വിട്ടു പോകും. അതുകൊണ്ട് എനിക്കൊ ആദിക്കോ ഇവിടെ ഒന്നും ചെയ്യാൻ സാധിക്കില്ല. "പ്രസാദ് അപ്പുവിനേയും അച്ചുവിനേയും നോക്കി പറഞ്ഞു. " ഞങ്ങൾ എന്ത് വേണം എന്നാണ് കിച്ചു പറയുന്നത്....?"അച്ചു സംശയത്തോടെ പ്രസാദിനോട് ചോദിച്ചു. "എന്ത് ചെയ്യണമെന്ന് എനിക്കും ഒരു പിടിയുമില്ല എങ്ങനെയിതൊക്കെ കണ്ടുപിടിക്കുമെന്നും നെല്ലുംപതിരും എങ്ങനെ വേർതിരിക്കുമെന്നും ഒരു പിടിയുമില്ല പ്രസാദ് നിരാശയോടെ പറഞ്ഞു. " ഞാനൊരു ഐഡിയ പറയട്ടെ" പെട്ടെന്ന് അപ്പു അത് പറഞ്ഞപ്പോൾ എല്ലാവരും ആകാംക്ഷയോടെ അവളെ നോക്കി. "നമ്മുക്ക് ആമിയെ അവന്റെ മുൻപിൽ കൊണ്ട് നിർത്തിയാലോ...?അവന്റെ റിയാക്ഷൻ എന്താണെന്ന് നോക്കാലോ...? പ്രണയിച്ചിരുന്ന കാലത്ത് അത്രയും മനോഹരമായിരുന്നു അവരുടെ ലൈഫ് ഇങ്ങനെയൊക്കെ ഉള്ള അവർ പരസ്പരം കണ്ടുമുട്ടിയാൽ എന്തെങ്കിലും ചെറിയ ഒരു റിയാക്ഷൻ എങ്കിലും അരവിയിൽ കാണാതിരിക്കുമോ..?" " അത് വേണോ...,?

ആമിയെ ഇതിലേക്കിറക്കിയാൽ ചിലപ്പോൾ എല്ലാം നമ്മുടെ കൈവിട്ടു പോകും. അവനെ കണ്ടാൽ അവൾ എങ്ങനെ പ്രതികരിക്കും എന്ന് നമുക്കൊന്നും ഊഹിക്കാൻ കഴിയില്ല. "പ്രസാദ് അത് പറഞ്ഞപ്പോൾ ആദിയും അത് ശരി വെച്ചു. ശരിയാണ് അന്ന് തന്നെ അരവിയുടെ മുഖം ടിവിയിൽ കണ്ടതും ആമി വളരെ ഭ്രാന്തമായ രീതിയിലാണ് പ്രതികരിച്ചത്.അങ്ങനെയുള്ള അവൾ അവനെ അടുത്ത് കണ്ടാൽ ഒരിക്കലും സംയമനം പാലിക്കില്ലായെന്ന് അപ്പുവിനും തോന്നി. " ഇനി എന്ത് ചെയ്യും..? എങ്ങനെ കണ്ടുപിടിക്കും നമ്മളത് അരവി തന്നെയാണോ എന്ന്...? "അച്ചു നിരാശയോടെ ചോദിച്ചു. "ഞാൻ ഒരു പ്ലാൻ പറയാം... ഇവിടെ എന്തെങ്കിലും ചെയ്യാൻ കഴിയുമെങ്കിൽ അത് ആമിയെ കൊണ്ട് മാത്രമേ സാധിക്കൂ.... അതുകൊണ്ട് നമുക്ക് ആമിയെ കാര്യങ്ങളെല്ലാം പറഞ്ഞ് മനസ്സിലാക്കാം. ഇതുവരെ എന്താണോ നടന്നത് എല്ലാം വളരെ സാവകാശത്തിൽ അവളെ പറഞ്ഞു മനസ്സിലാക്കാം എന്നിട്ട് അവളെ അവന്റെ മുൻപിലേക്ക് നമുക്ക് വിടാം അവൻ അവളെ പരിചയമില്ലെങ്കിൽ അവൾക്കും അവനെ പരിചയമില്ല എന്നുള്ള രീതിയിൽ തന്നെ അവൾ അവന്റെ മുൻപിൽ കഴിയണം.

അവന് എന്തെങ്കിലും മാറ്റം ഉണ്ടോ എന്ന് നമുക്ക് വീക്ഷിക്കാം.. അതിനിടയിൽ അവനെ കുറിച്ചുള്ള എല്ലാ രഹസ്യങ്ങളും നമുക്ക് കണ്ടുപിടിക്കാം അതിന് ആമി തന്നെ ഇറങ്ങണം. അവന്റെ മുൻപിൽ തന്നെ അവൾ കഴിയണം. എങ്ങനെയെങ്കിലും അവളെ നിന്റെ കൂടെ നിന്റെ തറവാട്ടിലേക്ക് കൊണ്ടുപോകണം ആരുടെ കാലു പിടിച്ചിട്ടായാലും സാരമില്ല ആമിയെ അവിടെ താമസിപ്പിക്കണം" അച്ചുവിന്റെ കൈപിടിച്ച് അപ്പു അപേക്ഷയോടെ പറഞ്ഞു. "എന്തിനാ അപ്പു എന്നോട് ഇങ്ങനെയൊക്കെ അപേക്ഷിക്കുന്നത്...?അവൾ എനിക്കും പ്രിയപ്പെട്ടവൾ തന്നെയല്ലേ...? അവൾക്കൊരു നന്മ വരുന്നത് എന്നിലൂടെയാണെങ്കിൽ അത് നൂറുവട്ടം ചെയ്യാൻ ഞാൻ തയ്യാറാണ്. അവളെ അവിടെ താമസിപ്പിക്കുന്നത് അത്ര എളുപ്പമല്ലെങ്കിലും ആരുടെ കാലുപിടിച്ചിട്ടാണെങ്കിലും ആമിയെ ഞാനാ വീട്ടിലെത്തിക്കും. ഇത് എന്റെ വാക്കാണ്. അപ്പോഴേക്കും നിങ്ങൾ ആമിയെ പറഞ്ഞ് മനസ്സിലാക്കണം. ആ ചുമതല നിങ്ങൾ മൂന്നുപേരുടെയുമാണ്.തനുവിനെ കാണുമ്പോൾ ഒരിക്കലും ആമിക്ക് തന്റെ നിയന്ത്രണം കൈ വിട്ടു പോകാൻ പാടില്ല.

അവൾ സ്ട്രോങ്ങ് ആയിരിക്കണം."അച്ചു മൂന്ന് പേരോടുമായി പറഞ്ഞു. "ആ കാര്യം ഞങ്ങളേറ്റു ഇന്ന് തന്നെ അവളെ കണ്ട് കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാം . നീ ബാക്കി കാര്യങ്ങൾ നോക്ക്."അപ്പു അവളോട് പറഞ്ഞു. ഈ കാര്യത്തിൽ എല്ലാവരും ഒറ്റക്കെട്ടായി നിൽക്കുമെന്ന് ഉറപ്പു നൽകി എല്ലാവരും പിരിഞ്ഞു. ************* "നീ ഇതെങ്ങോട്ട് പോകാൻ റെഡിയാവുകയാണ് തനൂ ...?" കണ്ണാടിയുടെ മുമ്പിൽ നിന്ന് മുടി ചീകുന്ന തനവിനെ കണ്ട് അവിടേക്ക് വന്ന ക്ഷമ സംശയത്തോടെ ചോദിച്ചു. " അത്... ഞാൻ ഒന്ന് പുറത്തു പോകാൻ...ഈ വീടിനുള്ളിൽ തന്നെ ഒതുങ്ങിക്കൂടി മടുപ്പു തോന്നാൻ തുടങ്ങിയിരിക്കുന്നു. "തനവ് പെട്ടെന്ന് അവളെ കണ്ടപ്പോൾ പതർച്ചയോടെ പറഞ്ഞു. ക്ഷമ അവനെ ഒന്നു സൂക്ഷിച്ചു നോക്കി. നല്ല തൂവെള്ള മുണ്ടും ഷർട്ടുമാണ് വേഷം . " പുറത്തുപോകാൻ എന്താ നീ ഈ കോലത്തിൽ...?"അവൾ അവനെ തന്നെ സൂക്ഷിച്ചു നോക്കിക്കൊണ്ട് ചോദിച്ചു. "എനിക്ക് നമ്മൾ രണ്ടുദിവസം മുമ്പ് പോയ ആ ദേവീക്ഷേത്രത്തിൽ ഒന്ന് കേറണം മാച്ച് അടുത്തുവരുന്നതല്ലേ ഒന്ന് മനസ്സറിഞ്ഞ് പ്രാർത്ഥിക്കണം."

" എന്നുമുതലാണ് നിനക്ക് ഭക്തിയൊക്കെ തുടങ്ങിയത്..? മുൻപൊന്നും നിന്നെ ഞാൻ ഇങ്ങനെയൊന്നും കണ്ടിട്ടില്ലല്ലോ...?" അവൾ വീണ്ടും അവനോട് സംശയത്തോടെ ചോദിച്ചു. എന്താന്നറിയില്ല ആ ദേവീക്ഷേത്രത്തിൽ പോയപ്പോൾ തൊട്ട് മനസ്സിന് നല്ലൊരു ഉന്മേഷം. അതുകൊണ്ട് വീണ്ടും അവിടെ ഒന്നുകൂടി പോകണമെന്ന് തോന്നി." "അതിന് നീ ആദ്യമായിട്ടല്ലല്ലോ ആ ക്ഷേത്രത്തിൽ ത പോകുന്നത്..? മുൻപ് ഇവിടെ വന്നപ്പോൾ പോയിട്ടുണ്ടല്ലോ അന്നൊന്നും ഈ ഉന്മേഷം നീ പറയുന്നത് ഞാൻ കേട്ടിട്ടില്ലല്ലോ..?" " അതെന്താ ക്ഷേത്രത്തിൽ പോകുന്നതും പ്രാർത്ഥിക്കുന്നതും ഇത്ര വലിയ തെറ്റാണോ.. ക്ഷമാ..? " ഉദ്ദേശത്തോടെ ചോദിച്ചു. "എന്ന് ഞാൻ പറഞ്ഞില്ല മുൻപൊന്നും കാണാത്ത പുതിയൊരു ഭക്തി നിന്നിൽ കണ്ടപ്പോൾ ചോദിച്ചെന്നേയുള്ളൂ... എനി വേ..നീ റെഡിയായതല്ലേ നമുക്കേതായാലും അവിടെ വരെ പോയിട്ട് വരാം..നീ ഒന്ന് നിൽക്ക് ഞാനും പെട്ടന്ന് റെഡിയായി വരാം.." "ഞാൻ എവിടേക്കിറങ്ങിയാലും നീ എന്തിനാ നിഴലുപോലെ എന്റെ കൂടെ വരുന്നത്..? എന്നെ ഒറ്റയ്ക്ക് വിട്ടാൽ എന്താ നിനക്ക്..?"

" നീയെന്താ തനൂ ഇങ്ങനെ പറഞ്ഞത്...? ഇവിടെ ആരും എന്നോടൊന്നു മിണ്ടാൻ പോലും വരില്ല.നീ കൂടി പോയാൽ ഞാൻ ഇവിടെ എങ്ങനെ ഒറ്റയ്ക്ക് നിൽക്കും...? എനിക്കും ഉണ്ടാവില്ലേ നിന്റെ കൂടെ പുറത്ത് പോകാൻ ആഗ്രഹം..? " " അവരൊക്കെ മിണ്ടണമെങ്കിൽ നീ അങ്ങോട്ടും പോയി മിണ്ടണം. നീ ഇവിടെ ആരോടും മിണ്ടുന്നത് ഞാൻ കണ്ടിട്ടില്ല ഒന്നല്ലെങ്കിൽ എന്റെ പുറകെ അല്ലെങ്കിൽ ഫോണിലും കളിച്ച് നിന്റെ മുറിയിൽ ഇതല്ലേ നിന്റെ രീതി...?പിന്നെ അവരൊക്കെ നിന്നോട് എങ്ങനെ മിണ്ടാനാണ് ..? " " തർക്കിക്കാൻ ഞാനില്ല. എന്തൊക്കെ പറഞ്ഞാലും നീ ഇവിടുന്ന് പുറത്ത് പോകുന്നുണ്ടെങ്കിൽ ഞാനും കൂടെ വരും. അല്ലെങ്കിൽ നീ പുറത്തു പോകേണ്ട എന്ത് വേണമെങ്കിലും നിനക്ക് തീരുമാനിക്കാം.. സമ്മതമല്ലെങ്കിൽ ഞാൻ അങ്കിളിനോട് പറയാം ..." " നീ എന്തുവേണമെങ്കിലും ചെയ്തോ...എന്തൊക്കെ പറഞ്ഞാലും ഞാൻ ഇന്ന് അമ്പലത്തിൽ പോകും. " ദേഷ്യത്തോടെ അവളെ ഒന്നു നോക്കി അവൻ വീണ്ടും കണ്ണാടിയുടെ മുമ്പിലേക്ക് തിരിഞ്ഞു. അവൾ പെട്ടെന്ന് തന്നെ റെഡിയാവാനായി തന്റെ റൂമിലേക്കോടി.

അവൾ പോയ വഴിയെ നോക്കി അവൻ വീണ്ടും തന്റെ മുടി ചീകാൻ തുടങ്ങി. മുടി ചീകുന്നതിനിടയിൽ മനസ്സിലേക്ക് വീണ്ടും ആ മുഖം ഓടിവന്നു താൻ കണ്ടു മറന്ന അതേ മുഖം. എപ്പോഴൊക്കെയോ ഏതൊക്കെയോ സ്വപ്നങ്ങളിൽ തന്നെ തേടിയെത്തുന്ന ആ മുഖം. ഒരു മിന്നായം പോലെ തന്റെ ഓർമ്മകളിലേക്ക് ഓടിവരുന്ന അതേ മുഖം. നിറയെ ദീപങ്ങൾക്കിടയിൽ ആമുഖം തന്റെ മുൻപിൽ ജ്വലിച്ചുനിന്നു . സാക്ഷാൽ ദേവി നിൽക്കുന്നതുപോലെ.. ആ സാമിപ്യം തന്റെ ഉള്ളിൽ എന്തൊക്കെയോ മാറ്റങ്ങളുണ്ടാകുന്നത് പോലെ... ഇന്നുവരെ ക്ഷമ തന്റെ അരികിൽ നിന്നിട്ട് പോലും ഇതുവരെ തോന്നാത്ത എന്തോ വല്ലാത്ത ഒരു അനുഭൂതി . മറ്റൊരു പെണ്ണിലും കാണാത്ത എന്തോ പ്രത്യേകത അവൾക്കുള്ളതുപോലെ.. ഇനിയൊരുപക്ഷേ അത് ദേവി തന്നെയായിരിക്കുമൊ..?എന്തുതന്നെയായാലും ആ മുഖം തനിക്ക് ഒന്നുകൂടി കാണണം. മറ്റൊരു പെണ്ണുമായി വിവാഹം നിശ്ചയിച്ച താൻ ഇങ്ങനെയൊന്നും ഒരിക്കലും ചിന്തിക്കാൻ കൂടി പാടില്ല.

എന്താണെന്നറിയില്ല മനസ്സ് എത്ര പറഞ്ഞിട്ടും അതൊന്നും കേൾക്കുന്നില്ല ഉള്ളിൽ ആ മുഖം അങ്ങനെ തിളങ്ങി നിൽക്കുകയാണ്.. " ഇപ്പോഴും ആ മിററിന് മുമ്പിൽ നിന്നും മാറാൻ ആയില്ലേ നിനക്ക്...?" ക്ഷമയുടെ ശബ്ദം പെട്ടെന്ന് കേട്ടപ്പോൾ അവൻ ഞെട്ടി തിരിഞ്ഞു നോക്കി . " നീ ഈ കോലത്തിലാണോ അമ്പലത്തിലേക്ക് വരുന്നത്...? " അവളെ അടിമുടി നോക്കി അവൻ ചോദിച്ചു . ഇറുകിയ ജീൻസും ഷർട്ടുമാണ് വേഷം.. " ഞാൻ പുറത്തു നിൽക്കാം നീ പോയി തൊഴുതു വന്നാൽമതി". അവൾ അലസമായി പറഞ്ഞു. "കഷ്ടം!!" അവളെ ദേഷ്യത്തിൽ നോക്കി അവൻ പുറത്തേക്കിറങ്ങി. അതിഥിയോട് കാര്യം പറഞ്ഞ് തനവ് കാറ് സ്റ്റാർട്ട് ചെയ്തു. പുറകെ ഓടി വന്ന ക്ഷമ ഫ്രണ്ട് ഡോർ തുറന്ന് അവനരികിൽ തന്നെ സ്ഥാനം ഉറപ്പിച്ചു. രണ്ടുപേരും പോകുന്നത് നോക്കി അതിഥി ഉമ്മറത്തു തന്നെ ഒരു പുഞ്ചിരിയോടെ നിന്നു..... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story