💕കാണാച്ചരട് 💕: ഭാഗം 77

kanacharad

രചന: RAFEENA MUJEEB

" അല്ലിയോടൊപ്പം ആദി മോനെയും കളിപ്പിച്ച്‌ സിറ്റൗട്ടിൽ ഇരിക്കുകയായിരുന്നു ജാനകി. ദേവ അടുക്കളയിൽ രാത്രിയിലേക്കുള്ള ഭക്ഷണം തയ്യാറാക്കുന്ന തിരക്കിലാണ്, അപ്പോഴാണ് അവിടേക്ക് പുറത്തേക്ക് പോകാൻ തയ്യാറായി സാരിയുടുത്ത് ആമി വന്നത്. " നീ എവിടേക്കാ മോളെ ഈ സമയത്ത് അപ്പു എങ്ങാനും വരുന്നുണ്ടോ.? "അവളെ അടിമുടി നോക്കിക്കൊണ്ട് ജാനകി ചോദിച്ചു. " ഞാൻ അമ്പലത്തിലൊന്നു പോയി വരാമമ്മേ..!!''തന്റെ സാരി ഒന്നുകൂടി ഞൊറി ശരിയാക്കുന്നതിനിടയിൽ ആമി പറഞ്ഞു. "ഇതെന്താ പെട്ടെന്നൊരു അമ്പലത്തിൽ പോക്ക്..?" ജാനകി അവളെ തന്നെ സൂക്ഷിച്ചു നോക്കിക്കൊണ്ട് ചോദിച്ചു. "എനിക്ക് പോകണമെന്ന് തോന്നി പോകുന്നു അത്രേയുള്ളൂ." " നീ എങ്ങും പോകുന്നില്ല..!നീ എന്തിനാണിപ്പോൾ അമ്പലത്തിൽ പോകുന്നതെന്നെനിക്കറിയാം." ജാനകി കുറച്ച് ദേഷ്യത്തോടെ പറഞ്ഞു. "അമ്മ എന്താണ് ഈ പറയുന്നത്...? എനിക്ക് എന്താ അമ്പലത്തിൽ പോയ്ക്കൂടെ..?" "മോളെ നീ ദേവിയെ സ്നേഹിച്ച് അമ്പലത്തിൽ പോകുന്നതല്ലെന്ന് എനിക്കറിയാം...

അത് അരവിയല്ലായെന്ന് നിന്നോട് എത്ര തവണ ഞാൻ പറഞ്ഞു.. നീ എന്താ മോളെ അതൊന്നും മനസ്സിലാക്കാത്തത്...?എന്തിനാ അമ്മയെ ഇങ്ങനെ സങ്കടപ്പെടുത്തുന്നത്..? "ജാനകി വിഷമത്തോടെ ചോദിച്ചു. "അത് അരവിയല്ലായെന്ന് പറയാൻ അമ്മ അരവിയെ മുൻപ് കണ്ടിട്ടുണ്ടോ...? എന്നെക്കാൾകൂടുതൽ അമ്മയ്ക്കറിയാമോ അവനെ..? അത് എന്റെ അരവി തന്നെയാണ് അമ്മേ.... എന്റെ മുൻപിൽ ദേവി അവനെ കൊണ്ടെത്തിച്ചതാ .. ദേവി ഇന്നും അവനെ എന്റെ മുമ്പിൽ എത്തിക്കും എനിക്കുറപ്പുണ്ട്.." അവൾ ആത്മവിശ്വാസത്തോടെ പറയുന്നത് കേട്ട് ജാനകി നിസ്സഹായായി അവളെ നോക്കി . " നീ ഇനി എന്തൊക്കെ പറഞ്ഞാലും ഇന്ന് നീ അമ്പലത്തിൽ പോകുന്നില്ല. രാഘവേട്ടൻ വന്നാൽ എന്നോടാണ് ചോദിക്കുക , നീയിപ്പൊൾ വീണ്ടും ആ പഴയ അവസ്ഥയിലേക്ക് തന്നെ പോയിക്കൊണ്ടിരിക്കുകയാണ് ഇത് ഇങ്ങനെ വിട്ടാൽ ശരിയാകില്ല.!! മക്കൾ നന്നായാലും ചീത്തയായാലും അതിന്റെ പഴി എന്നും അമ്മമാർക്കാണ്.. നിന്റെ അച്ഛന്റെ കുറ്റപ്പെടുത്തൽ കേട്ട് ഞാൻ മടുത്തു മോളെ....

ഇനിയും അമ്മയെ ഒരു കുറ്റക്കാരിയാക്കരുത് അപേക്ഷയാണ് ".ജാനകി തൊഴുകൈയോടെ ആമിക്ക് മുൻപിൽ നിന്നു. "അമ്മേ ഞാനൊന്നു പറയുന്നത് കേൾക്കമ്മേ..ഞാൻ പോയി പെട്ടെന്ന് വരാം ഒരു പ്രശ്നവും ഉണ്ടാക്കില്ല." "നിനക്കെന്താ പറഞ്ഞാൽ മനസ്സിലാവില്ലേ...?നീ ഇങ്ങു വന്നേ.. എന്നും പറഞ്ഞ് ജാനകി അവളുടെ കൈ വലിച്ച് അകത്തേക്ക് കൊണ്ടുപോയി. അവളാ കയ്യിൽനിന്നു കുതറാൻ ശ്രമിക്കുന്നുണ്ട്. രണ്ടുപേരും പിടിയും വലിയുമായി നിൽക്കുമ്പോഴാണ് അവിടേക്ക് കിച്ചുവിന്റെ കാർ വന്നു നിന്നത്. കാർ കണ്ടതും രണ്ടുപേരും ഒന്നടങ്ങി. കാറിൽ നിന്ന് കിച്ചനോടൊപ്പം അപ്പുവിനെയും കണ്ടപ്പോൾ ആമി രണ്ടാളേയും സംശയത്തോടെ മാറിമാറി നോക്കി. " എന്താ ഇവിടെ പ്രശ്നം അമ്മയും മോളും തമ്മിൽ...? " അകത്തേക്ക് കയറുന്നതിനിടയിൽ പ്രസാദ് രണ്ടുപേരെയും നോക്കി ചോദിച്ചു. "രണ്ടുദിവസം മുമ്പ് ഞങ്ങൾ അമ്പലത്തിൽ പോയപ്പോൾ അവിടെ വന്ന ഒരു പയ്യനെ നോക്കി ഇവൾ അരവിയെന്നും വിളിച്ച് അലറി. അവിടെയുള്ളവരൊക്കെ ഞങ്ങൾക്ക് ചുറ്റും കൂടി എന്നിട്ടും അവൾ ഒന്നടങ്ങിയില്ല ഒരു ഭ്രാന്തിയെപ്പോലെ അലമുറയിട്ടു കരയുകയായിരുന്നു.

ഒരു കണക്കിനാണ് ഞാൻ അവളെയും കൊണ്ട് വീട്ടിലെത്തിയത്. എന്നിട്ടിപ്പോൾ അവൾക്ക് വീണ്ടും ആ അമ്പലത്തിലേക്ക് പോകണമത്രേ.. അന്ന് കണ്ടത് അരവിയാണെന്നും പറഞ്ഞു വാശി പിടിക്കുകയാണ്. എങ്ങനെ കിച്ചു അവളെ ഞാൻ ആ അമ്പലത്തിലേക്ക് വിടുന്നത്...? ഇനി കാര്യങ്ങളറിയാൻ നാട്ടുകാരു കൂടിയേ ബാക്കിയുള്ളൂ.. അവർക്കു മുൻപിലേക്ക് ഞാനിവളെ വിട്ടുകൊടുക്കണോ ഒരു ഭ്രാന്തി എന്നു മുദ്രകുത്താൻ..." ജാനകി കരഞ്ഞുകൊണ്ടാണ് അവരോട് അത്രയൊക്കെ പറഞ്ഞത്. ജാനകി പറയുന്നത് കേട്ടപ്പോൾ അപ്പുവും കിച്ചുവും പരസ്പരം ഒന്ന് നോക്കി. " നീ എന്താ ആമി ഇങ്ങനെ..? നിനക്കെന്താ കാര്യം പറഞ്ഞാൽ മനസ്സിലാകില്ലേ...എന്തിനാ നീ ഇവരെ വെറുതെ വിഷമിപ്പിക്കുന്നത്..? "കിച്ചു അവളെ നോക്കിക്കൊണ്ട് ചോദിച്ചു. "അതെ എല്ലാവരെയും ഞാൻ മനസ്സിലാക്കാണം എന്നെ മനസ്സിലാക്കാൻ മാത്രം ആരുമില്ല!!" ആമി സങ്കടത്തോടെ അവനെ നോക്കിക്കൊണ്ട് പറഞ്ഞു. "നീ ഒന്നിങ്ങു വന്നേ എനിക്ക് നിന്നോട് കുറച്ചു കാര്യങ്ങൾ സംസാരിക്കാനുണ്ട്

"അപ്പു അവളെയും വിളിച്ച് അകത്തേക്ക് നടന്നു അവർക്ക് പിറകിൽ കിച്ചനും റൂമിലേക്ക് നടന്നു. മൂന്നുപേരും റൂമിലെത്തിയതും ആമിയെ അതിനുള്ളലാക്കി അപ്പു കതകടച്ചു. ജാനകി ആ മുറിക്കു മുൻപിൽ സങ്കടത്തോടെ നോക്കി നിന്നു. ************** അച്ചു വീട്ടിലെത്തിയപ്പോഴേക്കും മോളുണർന്നു കരയാൻ തുടങ്ങിയിരുന്നു. അവൾക്ക് അവിടെ ആരെയും പരിചയമില്ല അതുകൊണ്ട് തന്നെ കരച്ചിലിന്റെ ശക്തി കൂടുകയല്ലാതെ ആരെ കണ്ടിട്ടും അവൾ അടങ്ങുന്നില്ല. അവസാനം തന്റെ അമ്മയെ കണ്ടപ്പോൾ അവൾ വിങ്ങിപ്പൊട്ടി. അവളെയുമെടുത്തവൾ റൂമിലേക്ക് പോയി പാല് കൊടുത്തപ്പോഴാണ് അവളൊന്നടങ്ങിയത്. അവളുടെ കരച്ചിൽ മാറിയതും കുഞ്ഞിനെയുമെടുത്ത് അവൾ മുത്തശ്ശിയുടെ റൂമിലേക്ക് നടന്നു. തന്റെ വെറ്റിലചെല്ലത്തിൽ നിന്നും മുറുക്കാനെടുത്ത് നാലും കൂട്ടി മുറുക്കി എന്തോ ചിന്തയിലാണ്ടിരിക്കുകയായിരുന്നു അവർ . അച്ചുവിനെ കണ്ടതും തന്റെ വായിലുള്ള മുറുക്കാൻ ഒരു കോളാമ്പിയിലേക്ക് തുപ്പി അവർ അവളെ പുഞ്ചിരിയോടെ നോക്കി. കുഞ്ഞിനെ വാത്സല്യത്തോടെ എടുത്ത് തന്റെ മടിയിലിരുത്തി. " നിന്നോട് ക്ഷമിക്കാൻ എന്റെ മനസ്സ് അനുവദിച്ചിരുന്നില്ല. പിന്നെ എനിക്ക് ഒരു തലമുറ കൂടി കാണിച്ചു തന്നത് നീയല്ലേ...

അതോർത്തപ്പോൾ നിന്നോടുള്ള എന്റെ എല്ലാ ദേഷ്യവും കെട്ടടങ്ങി. പിന്നെ നീ സന്തോഷവതിയാണെന്നും നിന്നെ രുദ്രൻ നന്നായി നോക്കുന്നുണ്ടെന്നും കേട്ടപ്പോൾ ഒരുപാട് സന്തോഷമായി. കൊച്ചുമോളെ കാണാനുള്ള ആഗ്രഹവും നിന്നോടുള്ള സ്നേഹവും എന്റെ ഉള്ളിലെ ദേഷ്യവും വാശിയും ഇല്ലാതാക്കി. കുഞ്ഞിന്റെ നെറ്റിയിൽ ചുംബിച്ചു കൊണ്ട് അവർ പറഞ്ഞു. "രുദ്രൻ പാവമാ മുത്തശ്ശി എന്നെ പൊന്നുപോലെ നോക്കുന്നുണ്ട്." അതെനിക്ക് മനസ്സിലായി നിന്റെ മുഖത്തെ ചിരി കണ്ടപ്പോൾ.നീ അവനോടു പറയണം ഇങ്ങോട്ട് വരാൻ യാതൊരു മടിയും വിചാരിക്കണ്ട ഈ വീട് അവന്റെ കൂടിയാണ് ഇവിടെയുള്ളവർ അവന്റെ സ്വന്തക്കാർ തന്നെയാണ്" അവർ പുഞ്ചിരിയോടെ അവളെ നോക്കി പറഞ്ഞു. "പറയാം മുത്തശ്ശി അവന് ഇതൊക്കെ കേൾക്കുമ്പോൾ ഒരുപാട് സന്തോഷമാകും."അച്ചു മുത്തശ്ശിയെ കെട്ടിപ്പിടിച്ചു കൊണ്ടു പറഞ്ഞു. " എനിക്കു മ മുത്തശ്ശിയോട് ഒരു കാര്യം പറയാനുണ്ട്." അവൾ മടിച്ചു മടിച്ചു കൊണ്ട് അവരോട് പറഞ്ഞു. " എന്താ..!!?എന്താണെങ്കിലും പറഞ്ഞോളൂ മടിക്കാതെ" അവർ അവളുടെ മുടിയിൽ തലോടിക്കൊണ്ട് പറഞ്ഞു. ഞാൻ കോളേജിൽ പഠിച്ചിരുന്ന കാലത്ത് എന്റെ കൂട്ടുകാരികളെ കുറിച്ച് ഞാൻ പറഞ്ഞിട്ടില്ലേ...?

അഭിരാമിയും അപർണ്ണയും അവരെക്കുറിച്ച് മുത്തശ്ശി ഓർക്കുന്നുണ്ടോ..?" " ആ മുൻപ് നീ പറഞ്ഞതായിട്ട് ഓർക്കുന്നു.. അന്നൊക്കെ നിനക്ക് വീട്ടിൽ വന്നാൽ അവരെ കുറിച്ച് പറയാനല്ലേ നേരമുള്ളൂ... അതുകൊണ്ട് ആ പേരൊന്നും പെട്ടെന്ന് മറക്കില്ല. അവർക്കൊക്കെ സുഖമല്ലേ..? " " അപ്പു ഇപ്പോൾ പേരെടുത്ത ഒരു വക്കീലാണ്.. എന്നാൽ ആമിയുടെ കാര്യം കഷ്ടത്തിലാണ്.." അവൾ വിഷമത്തോടെ പറഞ്ഞു. "എന്താ ആ കുട്ടിക്ക് പറ്റിയേ..?" " പഠിച്ചിരുന്ന കാലത്ത് അവൾക്ക് ഒരു പ്രണയമുണ്ടായിരുന്നു. അവൾ അയാളെ അത്രയും വിശ്വസിക്കുകയും സ്നേഹിക്കുകയും ചെയ്തിരുന്നു അബദ്ധവശാൽ അയാളിൽ നിന്നും അവൾ ഗർഭിണിയായി. പിന്നീട് അയാളെ ആരും കണ്ടിട്ടില്ല. ആമിക്ക് പ്രസവത്തിൽ തന്റെ കുഞ്ഞു കൂടി നഷ്ടപ്പെട്ടപ്പോൾ ഒരു ഭ്രാന്തിയെ പോലെയായി. തളർന്നുപോയി അവൾ .. ഇപ്പോൾ അവളെ ജീവിതത്തിലേക്ക് തിരിച്ചു പിടിക്കാനുള്ള ശ്രമത്തിലാണ് എല്ലാവരും.." "എന്താ ചെയ്യാ ഇപ്പോഴത്തെ കുട്ടികളുടെ ഓരോ കാര്യങ്ങൾ..!!

സ്നേഹിക്കാൻ ഒരാളെ കിട്ടിയാൽ സ്വന്തം അച്ഛനേയും അമ്മയേയും മറക്കുക ഒരു താലി പോലുമില്ലാതെ ശരീരവും മനസ്സും ഇന്നലെ കണ്ട ഒരാൾക്ക് നല്കുക.വിവരക്കേട് എന്നേ ഞാൻ പറയൂ ..നല്ല നാല് പെടയുടെ കുറവാ ഇതൊക്കെ...!!" അതൊക്കെ കഴിഞ്ഞു പോയില്ലേ തെറ്റുപ്പട്ടിയവൾക്ക്. ഇനിയിപ്പോ എന്ത് പറഞ്ഞിട്ട് എന്താ..? തെറ്റുപറ്റിയെന്നവൾക്കും ബോധ്യമായി പക്ഷേ അപ്പോഴേക്കും ഒരുപാട് സമയം വൈകി.." "ഈ വക കുട്ടികളോടൊന്നും കൂട്ടു വേണ്ടാട്ടോ എന്റെ കുട്ടിക്ക്. നല്ല തറവാട്ടിൽ പിറന്ന പെൺകുട്ടിയോളൊന്നും ഇങ്ങനെ ചെയ്യില്ല.. ഇനി ആ കുട്ടിയോട് മിണ്ടാനൊന്നും പോണ്ട ഇനി മുത്തശ്ശിയുടെ മോള് .." "അങ്ങനെ പറയരുത് മുത്തശ്ശി അവളെയെനിക്ക് ജീവനാണ്.. എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട് അവൾ .. എനിക്കെന്ത് ആവശ്യം വന്നാലും അവൾ കൂടെ ഉണ്ടാവും അത് എനിക്കിപ്പോഴും ഉറപ്പാണ്.. ഇങ്ങനെയുള്ള അവളെ ഞാൻ ഒരിക്കലും കൈവിടില്ല.. തെറ്റ് പറ്റാത്ത മനുഷ്യരില്ലല്ലോ..? അവൾക്ക് പറ്റിയ തെറ്റ് അവൾ അംഗീകരിക്കുന്നുണ്ട് . അതിന്റെ ശിക്ഷ അവൾ ഇപ്പോഴും അനുഭവിക്കുന്നുമുണ്ട് പിന്നെന്തിനാ നമ്മൾ ഇതൊക്കെ പറയുന്നത്..?" " നീ എന്തൊക്കെ പറഞ്ഞാലും ഇങ്ങനത്തെ കുട്ടികളെ ഒന്നും ന്യായീകരിക്കാൻഎനിക്ക് പറ്റില്ല..."

" അവളുടെ സ്ഥാനത്ത് ഞാനാണെങ്കിലോ ഞാനും സ്നേഹിച്ച ആളെ കൂടെ ഇറങ്ങി പോയതല്ലേ...?എനിക്കാണ് ഈ ഗതി വന്നതെങ്കിലോ...?എന്നെ രുദ്രൻ ചതിച്ച്‌ മുങ്ങിയെങ്കിൽ എനിക്കും ഈ അവസ്ഥ തന്നെയല്ലേ വരാ ..!! അപ്പോഴും മുത്തശ്ശി പറയോ ഞാൻ ചീത്ത കുട്ടിയാണ് കുടുംബത്തിൽ പിറക്കാത്തതാണെന്നൊക്കെ ..? " അവൾ അവരെ നോക്കി കൊണ്ട് ചോദിച്ചു.. അതിനൊരു മറുപടി കൊടുക്കാതെ അവർ നിന്നു " അവൾ പാവമാണ് മുത്തശ്ശി സാഹചര്യമാണ് അവളെ തെറ്റുകാരിയാക്കിയത്. അതിന്റെ പേരിൽ നമ്മളിനി അവളെ ശിക്ഷിച്ചു കൂടാ..!!" "ശരി സമ്മതിച്ചു അവൾ പാവമാണ്.നീയിപ്പോ ഇതൊക്കെ എന്തിനാ എന്നോട് പറയുന്നത്.?" "കുഞ്ഞ് നഷ്ടപ്പെട്ട അവളിപ്പോൾ വല്ലാത്ത ഒരു അവസ്ഥയിലാണ്. ഒരു സന്തോഷവും ഇപ്പോൾ അവളുടെ ജീവിതത്തിൽ ഇല്ല. എന്റെ മോളെ കണ്ടപ്പോൾ അവൾക്ക് ഒരുപാട് ആഗ്രഹം കുഞ്ഞിന്റെ കൂടെ രണ്ടുദിവസം നിൽക്കണമെന്ന്. പാവമല്ലേ മുത്തശ്ശി ഞാൻ അവളെ ഇങ്ങോട്ട് കൊണ്ടുവരട്ടെ.. അവളുടെ ആഗ്രഹം പോലെ അവൾ ഇവിടെ രണ്ടു ദിവസം എന്നോടൊപ്പം നിന്നോട്ടെ.അവളു കാരണം ഒരു ശല്ല്യവും ആർക്കും ഉണ്ടാവില്ല..

ഇവിടുത്തെ തൊടിയും കാവും കുളവും ഞാൻ പറഞ്ഞുകേട്ട് അവൾക്ക് ഒരുപാട് ഇഷ്ടമാണ്.. പണ്ടേ ആഗ്രഹം പറയുന്നതാണ് അവൾക്ക് ഇവിടെ രണ്ടുദിവസം നിൽക്കണമെന്ന്.. എല്ലാംകൊണ്ടും അവൾക്ക് ഒരു മാറ്റം അനിവാര്യമാണ്.. ഇവിടെ നിൽക്കുമ്പോൾ അവൾ സന്തോഷിക്കുകയാണെങ്കിൽ അത് എനിക്കും കൂടി വലിയ സന്തോഷമാകും എന്റെ മുത്തശ്ശി അതിനെതിരു നിൽക്കരുത് അവൾ അവരുടെ ഇരുകൈകളിലും പിടിച്ച് അപേക്ഷിച്ചു. "നീ എന്തൊക്കെയാ കുട്ടി ഈ പറയുന്നത്..? ഏതു തരക്കാരിയാ യ എന്നൊന്നുമറിയാതെ എങ്ങനെ ഇവിടെ താമസിക്കുന്നത്.?" "മുത്തശ്ശിക്ക് എന്നെ വിശ്വാസമില്ലേ..? ഞാൻ പറയുന്നത് വിശ്വാസമില്ലേ..?അവളെ എന്നെക്കാൾ കൂടുതൽ വിശ്വസിക്കാം. അവള് കാരണം ഇവിടെ ഒരു പ്രശ്നവും ഉണ്ടാവില്ല എന്ന് ഞാൻ വാക്ക് തരാം. എന്റെ ഏറ്റവും വലിയ ഒരു ആഗ്രഹമാണിത്.

മുത്തശ്ശി അതിന് എതിര് നിൽക്കരുത്. ഞാൻ വേണമെങ്കിൽ മുത്തശ്ശിയുടെ കാല് പിടിക്കാം" അവൾ യാചനയോടെ പറഞ്ഞു. " നീ കാലൊന്നും പിടിക്കണ്ട നിന്റെ ഒരു ആഗ്രഹം അല്ലേ ഞാൻ എതിര് നിൽക്കുന്നില്ല.. പക്ഷേ എന്തെങ്കിലും പ്രശ്നം വന്നാൽ ഞാനവളെ ഇറക്കി വിടും അന്നേരം നീ എന്തു പറഞ്ഞാലും ഞാൻ കേൾക്കില്ല ഇതിനു സമ്മതമാണെങ്കിൽ നീ ആ കുട്ടിയെ വിളിച്ചോണ്ട് വന്നോളൂ..". താങ്ക്യൂ മുത്തശ്ശി..എനിക്കറിയാൻ എന്റെ മുത്തശ്ശി ഇത് സമ്മതിക്കുമെന്ന് അവൾ മുത്തശ്ശിയെ കെട്ടിപ്പിടിച്ചു കൊണ്ട് സന്തോഷത്തോടെ പറഞ്ഞു. മതി മതി അധികം സോപ്പൊന്നും വേണ്ട. നിനക്ക് അത്രയ്ക്ക് സന്തോഷമാണെങ്കിൽ നീ കൂട്ടിയിട്ട് വന്നോളൂ അവളെ.. " ഞാനിപ്പോൾ തന്നെ അവളെ വിളിച്ചു കാര്യം പറയട്ടെ ".എന്നും പറഞ്ഞ് അച്ചു മോളെയും കൊണ്ട് റൂമിലേക്കോടി..... തുടരും..

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story