💕കാണാച്ചരട് 💕: ഭാഗം 79

kanacharad

രചന: RAFEENA MUJEEB

 " അലാറം അടിക്കുന്നതിനു മുമ്പ് തന്നെ തന്റെ ഉറക്കത്തെ തടസ്സപ്പെടുത്തി ഫോൺ റിങ് ചെയ്യുന്ന ശബ്ദം കേട്ടാണ് പ്രസാദ് ഉറക്കത്തിൽ നിന്നും എഴുന്നേറ്റത്. ഇത്ര രാവിലെ ആരായിരിക്കും ഇനി ആമിയ്ക്ക് വല്ല പ്രശ്നവും ഉണ്ടായോ...? അയാൾ ടെൻഷനോടെ തന്റെ ഫോണിനായി പരതി. ഇരുട്ടിൽ ഫോണിന്റെ ശബ്ദം കേൾക്കുന്നതല്ലാതെ എത്ര അന്വേഷിച്ചിട്ടും കണ്ടു കിട്ടിയില്ല. അവസാനം തന്റെ കാലിന് കീഴിൽ നിന്നുമാണ് ആളെ കണ്ടു കിട്ടിയത് ഫോൺ എടുത്തു നോക്കിയപ്പോഴാണ് മനസ്സിലായത് വിളിച്ചത് അരുണിമയാണെന്ന്. " ഹലോ..!!" എന്താണ് ഇത്ര രാവിലെ.. എന്തെങ്കിലും പ്രശ്നം ഉണ്ടോ ..? " പേടിക്കേണ്ട കാര്യമൊന്നുമില്ല സാർ..അവരെല്ലാവരും ഇപ്പോഴാണ് അമ്പലത്തിലേക്കിറങ്ങിയത്... അവരിവിടെ നിന്നും ഇറങ്ങിയാൽ അറിയിക്കണമെന്ന് സാറ് തന്നെയല്ലേ പറഞ്ഞത്....?അതാണ് ഞാൻ അവർ ഇറങ്ങിയ ഉടനെ തന്നെ വിളിച്ചത്.." " ഓ.. ആ കാര്യം ഞാൻ അങ്ങ് വിട്ടു പോയി..

എന്തായാലും താൻ വിളിച്ചത് നന്നായി. ഞാൻ കുറച്ചു കഴിയുമ്പോഴേക്കും അവിടെയെത്താം എനിക്ക് അവിടെവെച്ച് കുറച്ചു കാര്യങ്ങൾ ചെയ്തു തീർക്കാനുണ്ട്.. വരുന്നത് ഞാനൊറ്റയ്ക്കല്ല അതുകൊണ്ട് അവിടെ ആര് വന്നാലും എന്നെ ആ നിമിഷം വിളിച്ചറിയിക്കണം. ഒരു കാരണവശാലും നമ്മുടെ പദ്ധതികളൊന്നും പാളി പോകാൻ പാടില്ല.. അത് വലിയ ഭവിഷ്യത്തുകൾ ഉണ്ടാക്കും.. അതുകൊണ്ട് അവിടെ ഒരു ഈച്ച വന്നാൽ പോലും എന്നെ അറിയിക്കാൻ മറക്കരുത്." "എന്താണ് സാറിന്റെ പദ്ധതി...? എനിക്കൊന്നും മനസ്സിലാവുന്നില്ല.. അരുണിമ ഒന്നും മനസ്സിലാവാതെ സംശയത്തോടെ അവനോട് ചോദിച്ചു. " തൽക്കാലം നീ ഞാൻ പറഞ്ഞത് അനുസരിച്ചാൽ മതി ബാക്കിയെല്ലാം ഞാൻ നേരിൽ കാണുമ്പോൾ വിശദമായി പറഞ്ഞുതരാം.. ഇപ്പോൾ ഒന്നിനെക്കുറിച്ചും ആലോചിച്ച് വെറുതെ ടെൻഷനാവേണ്ട ഞാൻ കുറച്ചു സമയം കഴിയുമ്പോഴേക്കും അങ്ങോട്ടെത്താം..

താനിപ്പോൾ ഫോൺ വെച്ചോളൂ .. അവളോട് അത്രയും പറഞ്ഞ് ആ കോൾ കട്ട് ആക്കിയ ശേഷം പ്രസാദ് ദേവയെ വിളിച്ചു കാര്യങ്ങൾ അറിയിച്ചു. ശേഷം ഒട്ടും വൈകാതെ തന്നെ ബാത്റൂമിലേക്ക് ഫ്രഷാവാൻ വേണ്ടി പോയി. ************ " എങ്ങനെയൊക്കെയോ ഉറക്കം വരാതെ ആ രാത്രി കഴിച്ചു കൂട്ടിയ ആമി നേരം പുലർന്നതും എഴുന്നേറ്റ് പോയി കുളിച്ചു. കുളി കഴിഞ്ഞു റൂമിൽ വരുമ്പോഴും അച്ചുവും മോളും നല്ല ഉറക്കത്തിലാണ്. അവരെ ഉണർത്താതെ പതിയെ കതക് തുറന്ന് ശബ്ദമുണ്ടാക്കാതെ പുറത്തേക്കിറങ്ങി. അവിടെനിന്നും ഇറങ്ങി അവൾ നേരെ പോയത് ബാൽക്കണിയിലേക്കാണ്. അവിടെ നിന്നു നോക്കിയാൽ ആ വീടിന് ചുറ്റുമുള്ള പാടവും പറമ്പും കുളവുമെല്ലാം വളരെ വ്യക്തമായി കാണാം. വിദൂരതയിൽ നിന്ന് നോക്കുമ്പോൾ അവയ്ക്കെല്ലാം ഏറെ ഭംഗിയുണ്ട്. ഹോസ്റ്റലിൽ ആയിരുന്നു സമയത്ത് അച്ചു വാതോരാതെ പറയുന്നത് ഈ ഗ്രാമ ഭംഗിയെ കുറിച്ചാണ്. അവൾ പറഞ്ഞു പറഞ്ഞു തനിക്കും അപ്പുവിനും ഒരിക്കലെങ്കിലും ഇവിടെയൊക്കെ വന്നു കാണാൻ വലിയ ആഗ്രഹമായിരുന്നു.

ഇവിടെ വന്ന് കണ്ടപ്പോൾ അവൾ പറഞ്ഞതിനേക്കാൾ കൂടുതൽ ഭംഗിയുണ്ടെന്നു തോന്നി . അതിരാവിലെയുള്ള ഈ കാഴ്ച്ചഏറെ ആസ്വാദ്യകരമാണ്. മൂടൽ മഞ്ഞിൽ കുളിച്ചു നിൽക്കുന്ന പ്രകൃതി. നോക്കി നിന്നാൽ സമയം പോകുന്നതറിയില്ല. അവൾ തലയിൽ ചുറ്റി വെച്ച തോർത്തെടുത്ത് തലമുടി ഒരു സൈഡിലേക്കിട്ട് തന്റെ മുടിയിലെ വെള്ളമെല്ലാം തുവർത്തി കളഞ്ഞു. കുറച്ചു നേരമങ്ങനെ ചെയ്തു തന്റെ മുടി ബാക്കിലേക്കിട്ടു തിരിഞ്ഞപ്പോഴാണ് തന്നേ തന്നെ നോക്കി തൊട്ടപ്പുറത്ത് നിൽക്കുന്ന തനവിനെ അവൾ കാണുന്നത്. പെട്ടെന്നവൾ തന്നെ കണ്ടതും തനവ് മുഖം വെട്ടിച്ചു. ശ്രദ്ധ മറ്റൊരിടത്തേക്കാക്കി. ആമി തൊട്ട് മുമ്പിൽ അവനെ കണ്ടപ്പോൾ ഒന്ന് പതറി.. മുൻപ് തന്നെ മാത്രം പിന്തുടർന്ന് താനറിയാതെ തന്നേ നോക്കിയിരുന്ന അതേ കണ്ണുകൾ...അതേ നോട്ടം പെട്ടെന്ന് തന്റെ അടുത്ത് കണ്ടപ്പോൾ എന്ത് ചെയ്യണമെന്നറിയാത്ത ഒരു മാനസികാവസ്ഥ. അവൾ തൃതിയിൽ അവിടെനിന്നും താഴേക്കിറങ്ങി.

മുകളിലേക്ക് കോണിപ്പടി കയറി വരുന്ന ക്ഷമ അവളെ നോക്കി ഗൗരവത്തോടെ മുകളിലേക്ക് വന്നപ്പോൾ അവൾ പോകുന്നതും നോക്കി നിൽക്കുന്ന തനവിനെ കണ്ട് അവൾക്ക് ദേഷ്യം വന്നു. " നിനക്കെന്താ ഇന്ന് പ്രാക്ടീസിനൊന്നും പോകണ്ടേ...? അല്ലെങ്കിൽ ഈ നേരം ആവുമ്പോഴേക്കും ഒരുങ്ങി താഴേക്ക് വരുന്നതാണല്ലോ...? ഇന്നെന്താ നിനക്ക് സംഭവിച്ചത്...?" "ഞാൻ റെഡിയായി താഴേക്ക് വരാൻ വേണ്ടി നിൽക്കുകയായിരുന്നു. അപ്പോഴേക്കും നീ ഇങ്ങോട്ട് വന്നു..." " ഉവ്വ്!!".. എനിക്ക് മനസ്സിലാവുന്നുണ്ടെല്ലാം... ഇവിടെ ഒരു പെണ്ണ് വന്നു കയറിയത് മുതൽ നിനക്ക് വല്ലാത്തൊരു മാറ്റമുണ്ട് തനൂ ... ഇതുവരെ ഒരു പെണ്ണിനേയും കാണാത്തത് പോലെ നീ അവളെ സ്വയം മറന്നു നോക്കി നിൽക്കുന്നു... എനിക്ക് ഇതൊക്കെ കാണുമ്പോൾ ഭ്രാന്ത് കയറുന്നുണ്ട്... വെറുതേ നീ എന്നെ ദേഷ്യം പിടിപ്പിക്കരുത്.. ദേഷ്യം വന്നാൽ ഞാൻ എന്താണ് ചെയ്യുക എന്ന് എനിക്ക് പോലും നിശ്ചയമില്ല.. "ക്ഷമ ദേഷ്യത്തോടെ അവനെ നോക്കി പറഞ്ഞു. " ഞാൻ ഒരു പെണ്ണിനേയും അങ്ങനെ വായിനോക്കി നിന്നിട്ടില്ല..

പിന്നെ പുലർച്ചെ ഇതുവരെ കാണാത്ത ചില കാഴ്ച്ചകൾ കണ്ടപ്പോൾ ഒന്നു നോക്കി നിന്നു ... എന്തൊക്കെ പറഞ്ഞാലും രാവിലെ എഴുന്നേറ്റ് നല്ല നാടൻ വേഷത്തിൽ നിൽക്കുന്ന പെൺകുട്ടികൾ എന്നും ഒരു ഐശ്വര്യമാണ്.. അതൊന്നും പറഞ്ഞാൽ നിനക്ക് മനസ്സിലാവില്ല.. അതിരാവിലെ നീയിപ്പോൾ എണീക്കുന്നത് പോലും എന്റെ കൂടെ പുറത്തേക്ക് വരാൻ വേണ്ടിയല്ലേ...? അല്ലെങ്കിൽ ഉച്ചവരെ പുതച്ചുമൂടി കിടക്കുന്നതല്ലേ ശീലം.. അതുകൊണ്ട് ഒരിക്കലും കാണാത്ത ചില കാഴ്ച്ചകൾ കണ്ടപ്പോൾ അറിയാതെ നോക്കി നിന്നുപോയി അത് എന്റെ തെറ്റല്ല.. നീയും നാളെ മുതൽ ഇങ്ങനെയൊക്കെ ചെയ്യ് ഞാൻ നിന്നെ നോക്കി നിന്നോളാം.. എന്തേ പറ്റുമോ.. എന്റെ ക്ഷമ തമ്പുരാട്ടിക്ക്...?" അവളുടെ കവിളിൽ ഒന്ന് പിച്ചി കൊണ്ട് ഒരു പുഞ്ചിരിയോടെ അവൻ റൂമിലേക്ക് പോയി. ക്ഷമയ്ക്ക് പക്ഷെ അതൊന്നും കേട്ട് ചിരിയൊന്നും വന്നില്ല എന്ന് മാത്രമല്ല അവൾ ദേഷ്യം കൊണ്ട് അടിമുടി വിറക്കാൻ തുടങ്ങി. ആമി അവിടെ നിന്നും ഇറങ്ങി നേരെ നടന്നത് കുളത്തിലേക്കാണ്..

തെളിഞ്ഞ വെള്ളം നോക്കി കുറച്ചു നേരം അവളാ കുളക്കടവിലിരുന്നു.. അതികം വൈകാതെ അവൾ അവിടെനിന്നും എഴുന്നേറ്റു ചുമ്മാ തൊടിയിലും പറമ്പിലും കറങ്ങി നടന്നു... ആ ശുദ്ധവായുവും ശ്വസിച്ച് പ്രഭാത കാഴ്ച്ചകളും കണ്ട് വെറുതെ അങ്ങനെ നടക്കുമ്പോൾ മനസ്സിനു നല്ല ഉന്മേഷം തോന്നിയവൾക്ക്.. കുറച്ചു സമയമായി തൊടിയിലേക്ക് ഇറങ്ങിയിട്ട് അച്ചുവിനോട് പറയാത്തത് കൊണ്ട് അവൾ തന്നെ അന്വേഷിക്കും എന്നറിയാവുന്നതു കൊണ്ട് അവൾ നേരെ വീട്ടിലേക്ക് നടന്നു. മുറ്റത്ത് നിൽക്കുന്ന തുളസിത്തറയിൽ പടർന്നുപന്തലിച്ച്‌ തലയുയർത്തിനിൽക്കുന്ന കൃഷ്ണതുളസിയിൽനിന്നും ഒരു കതിരെടുത്തവൾ തന്റെ മുടിയിൽ ചൂടി പുഞ്ചിരിയോടെ അകത്തേക്ക് കയറാൻ നിന്നതും അവൾക്ക് കുറുകെ തടസ്സമായി ഒരു കൈ ഉയർന്നു. എതിരെ നീണ്ടുവന്ന ആ കയ്യിന്റെ ഉടമയെ ആമി സംശയത്തോടെ നോക്കി. ജ്വലിക്കുന്ന കണ്ണുകളോടെ തന്നേത്തന്നെ നോക്കുന്നത് കണ്ട ആമി കാര്യം പിടികിട്ടാതെ അവളെ നോക്കി നിന്നു. "എന്താ നിന്റെ ഉദ്ദേശം...?

രാവിലെതന്നെ ഇങ്ങനെയൊക്കെ ഒരുങ്ങി കെട്ടി ആരെ മയക്കാനാണ് നീ നടക്കുന്നത്...?"ക്ഷമ അവളെ നോക്കി ദേഷ്യത്തോടെ ചോദിച്ചു. "മനസ്സിലായില്ല....?" സൗമ്യമായി തന്നെയായിരുന്നു ആമിയുടെ മറുപടി . നിനക്ക് മനസ്സിലാകാഞ്ഞിട്ടോ അതോ മനസ്സിലാവാത്തത് പോലെ അഭിനയിക്കുന്നതോ..?രാവിലെ എഴുന്നേറ്റ് കുളിച്ചവൾ ഒരുങ്ങി കെട്ടി നടക്കുന്നു കണ്ടവരെയൊക്കെ വീഴ്ത്താൻ.. ഒരു കാര്യം ഞാൻ പറഞ്ഞേക്കാം അവൻ വലിയ ഫുട്ബോൾ പ്ലെയർ ആയിരിക്കും..കാണുന്നവർക്ക് അവനോട് ആരാധനയും തോന്നും മറ്റുള്ളവരോടെടുക്കുന്നതുപോലെ അവന്റെ മുൻപിൽ അഭ്യാസം ഇറക്കാൻ വരരുത്.. അവൻ എന്റെ മാത്രമാണ് എന്റെ സ്വന്തം മറ്റാർക്കും ഞാൻ അവനെ വിട്ടു നൽകില്ല.." "താൻ ആരെക്കുറിച്ചാ ഈ പറയുന്നത് പോലും എനിക്കറിയില്ല.. പിന്നെ എങ്ങനെ ഞാൻ ഇതിന് നിനക്ക് അനുയോജ്യമായ ഒരു മറുപടി തരും..

പിന്നെ മറ്റാരെയെങ്കിലും കാണിക്കാനാണ് ഞാൻ രാവിലെ കുളിക്കുന്നതെങ്കിൽ ആ ധാരണ തെറ്റാണ്.. ചെറുപ്പം മുതൽ ഞാൻ ശീലിച്ചു പോന്ന ഒരു ഒരു ജീവിതരീതിയുണ്ടെനിക്ക് മറ്റാർക്കു വേണ്ടിയും അത് മാറ്റാൻ ഞാൻ തൽക്കാലം ഉദ്ദേശിക്കുന്നില്ല.. അത് ആരൊക്കെ ശ്രദ്ധിക്കുന്നുണ്ട് എന്നോ ആർക്കൊക്കെ ഇഷ്ടപ്പെടുന്നുണ്ടെന്നോ ഞാൻ നോക്കുന്നില്ല. എനിക്ക് എന്റേതായ് രീതികൾ ഉണ്ട് എവിടെയാണെങ്കിലും ഞാനതുതന്നെ ചെയ്യും അതാരെയും ഇമ്പ്രെസ്സ് ചെയ്യിപ്പിക്കാനല്ല. ആ ധാരണ കുട്ടിക്കുണ്ടെങ്കിൽ അതങ്ങ് മാറ്റിയേക്ക് " നീ അത്രയ്ക്കങ്ങ് നല്ലപിള്ള ചമയാൻ വരണ്ട. ഈ വക പെണ്ണുങ്ങളുടെ മനസ്സിലിരിപ്പ് എനിക്ക് നന്നായിട്ടറിയാം. അതെന്റെയടുക്കൽ ചിലവാകില്ല.. മര്യാദയ്ക്ക് വന്നത് പോലെ തിരിച്ചു പൊക്കോണം.. ഇവിടെനിന്ന് കറങ്ങാതെ ക്ഷമ" ദേഷ്യത്തോടെ അവർക്ക് നേരെ വിരല് ചൂണ്ടി കൊണ്ട് പറഞ്ഞു..

" അത് പറയാൻ നീ ആരാ..?" പെട്ടെന്ന് പുറകിൽ നിന്നും ആ ശബ്ദം കേട്ടതും അവർ രണ്ടുപേരും തിരിഞ്ഞു നോക്കി. അച്ചു നല്ല ദേഷ്യത്തോടെ അവർക്ക് പുറകിൽ നിൽക്കുന്നു. " ഇവൾ എന്റെ ഫ്രണ്ടാണ് ഇത് എന്റെ വീടും..ഇവിടെ ആരൊക്കെ നിൽക്കണം നിൽക്കേണ്ട എന്നൊക്കെ തീരുമാനിക്കാനുള്ള അധികാരം മറ്റാരെക്കാളും എനിക്കാണുള്ളത്.. എന്റെ സുഹൃത്തിനെ ഇറക്കി വിടാനുള്ള ഒരു അധികാരവും ഇന്നലെ കേറി വന്ന ആർക്കുമില്ല അങ്ങനെയൊരു ധാരണയുണ്ടെങ്കിൽ അത് മാറ്റി വയ്ക്കുന്നതാണ് നല്ലത്. ഇവൾ ഇവൾക്ക് ഇഷ്ടമുള്ള ദിവസം വരെ ഇവിടെ നിൽക്കും..അത് തടയാൻ വരുന്നവരെ എനിക്കൊന്ന് കാണണം.. " അച്ചു ദേഷ്യത്തോടെ ക്ഷമയ്ക്കു മുമ്പിൽനിന്നു. " ആരു പറഞ്ഞു എനിക്ക് ഇവിടെ അവകാശമില്ലെന്ന്. തനവ് കല്ല്യാണം കഴിക്കാൻ പോകുന്നപെണ്ണാണ് ഞാൻ. ഇവിടെ അവനുള്ള അധികാരം എനിക്കുമുണ്ട്. "

" കല്ല്യാണം കഴിക്കാൻ പോകുന്നതല്ലേയുള്ളൂ.. അല്ലാതെ കല്ല്യാണം കഴിച്ചിട്ടില്ലല്ലോ....? ആദ്യം കല്ല്യാണം കഴിക്ക് എന്നിട്ട് അധികാരം പറഞ്ഞു വാ ". "എന്താ ഇവിടെ ഒരു അധികാര ചർച്ച ...?"മുത്തശ്ശിയുടെ ശബ്ദം കേട്ട് മൂന്നുപേരും പുറകിലേക്ക് തിരിഞ്ഞു നോക്കി . അച്ചു നടന്ന കാര്യങ്ങളൊക്കെ അവരെ പറഞ്ഞുകേൾപ്പിച്ചു. "ഓ...ഇതായിരുന്നോ കാര്യം...? എല്ലാം കേട്ടതിനു ശേഷം അവർ ക്ഷമയെ രൂക്ഷമായി നോക്കി ചോദിച്ചു. "നേരത്തെ എഴുന്നേൽക്കുന്നതും കുളിക്കുന്നതും നല്ല പെൺകുട്ടികളുടെ ലക്ഷണങ്ങളാണ് അതൊക്കെ പരിഷ്കാരി പെണ്ണുങ്ങൾക്ക് പറഞ്ഞാൽ മനസ്സിലാകില്ല.. അതൊക്കെ നോക്കി അസൂയപ്പെടാനേ നിന്നെപ്പോലുള്ളവർക്ക് കഴിയൂ..അല്ലാതെ അതിലെ നല്ല ഭാഗം കണ്ടെത്താനൊന്നും നിങ്ങൾക്ക് കഴിയില്ല.. എന്ത് ചെയ്യാം.... ഇതുപോലെ ഒരു പെൺകുട്ടിയെ ആയിരുന്നു ഞാനും എന്റെ കൊച്ചുമോനു വേണ്ടി ആഗ്രഹിച്ചിരുന്നത്... മ്.. ഹാ ആഗ്രഹിച്ചതൊക്കെ നടക്കണമെന്നില്ലല്ലോ....? 'അവർ നെടുവീർപ്പിട്ട് കൊണ്ട് പറഞ്ഞു. അതു കൂടി ആയപ്പോൾ ക്ഷമയുടെ സകല നിയന്ത്രണവും നഷ്ടപ്പെട്ടു.

അവൾ ദേഷ്യത്തോടെ എല്ലാവരെയും നോക്കി അകത്തേക്ക് കയറിപ്പോയി . " മോളിതൊന്നും കണ്ടു വിഷമിപ്പിക്കേണ്ട കേട്ടോ.." എന്തെങ്കിലും ഉണ്ടായാൽ എന്നോട് പറഞ്ഞോളൂ.... "അവളുടെ കയ്യിൽ പിടിച്ചു മുത്തശ്ശി അങ്ങനെ പറഞ്ഞപ്പോൾ ആമിക്ക് ഒരുപാട് സന്തോഷം തോന്നി. ************** രാവിലെ തന്നെ പ്രസാദ് സാർ കാളിയാർ മഠത്തിലേക്ക് എത്തും എന്ന് വിളിച്ചറിയിച്ചതിനെത്തുടർന്ന് അവനെയും പ്രതീക്ഷിച്ച് മുറ്റത്ത് തന്നെ നിൽക്കുകയാണ് അരുണിമയും ശ്വേതയും. എന്തൊക്കെയോ ചെയ്തുതീർക്കാനുണ്ടെന്ന് അദ്ദേഹം പറഞ്ഞത് മുതൽ അത് എന്താണെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് രണ്ടു പേരും. കുറച്ചു സമയം കഴിഞ്ഞപ്പോൾ പ്രസാദിന്റെ കാറ് ആ മുറ്റത്തേക്ക് വന്നു നിന്നു. കാറ് അകത്തേക്ക് പ്രവേശിച്ചതും ശ്വേത ഓടിപ്പോയി ഗേറ്റ് അടച്ചു താഴിട്ടു . കാറിൽ നിന്നും അവരെ നോക്കി പുഞ്ചിരിയോടെ ഇറങ്ങിയ പ്രസാദിനെ കൂടാതെ അവർക്ക് പരിചിതമല്ലാത്ത കുറച്ചു മുഖങ്ങൾ കൂടി ഉണ്ടായിരുന്നു. ആരെയും മനസ്സിലാകാതെ അരുണിമയും ശ്വേതയും പരസ്പരം നോക്കി..... തുടരും..

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story