💕കാണാച്ചരട് 💕: ഭാഗം 81

kanacharad

രചന: RAFEENA MUJEEB

  " ആ മുറിയിപ്പോൾ ഉപയോഗിക്കുന്നത് ആരോഹിയാണ്. എന്തിനാണെന്നറിയില്ല അവൾ എപ്പോഴൊക്കെ ഈ മുറി വിട്ട് പുറത്തിറങ്ങുന്നുണ്ടോ അപ്പോഴെല്ലാം ഇത് ലോക്ക് ചെയ്തിട്ടാണ് പോവാറ്.. അതിന്റെ പേരിൽ അരുണിമ അവളോടെപ്പോഴും വഴക്കടിക്കാറുണ്ടെങ്കിലും ഞാൻ അതൊന്നും ചോദിക്കാറില്ല ദേവയുടെ നോട്ടം കണ്ട് ശ്വേത അതും പറഞ്ഞങ്ങോട്ട് വന്നു. ആരോഹിയുടെ പേര് കേട്ടതും ദേവയുടെ മുഖം ദേഷ്യം കൊണ്ട് വലിഞ്ഞു മുറുകി അവൾ ശക്തിയായി ആ വാതിലിൽ ഒന്നുകൂടി തള്ളി നോക്കി. " ഇങ്ങനെ തള്ളിയാലൊന്നും ആ കതക് തുറക്കില്ല ദേവാ..അതിന് ഇത് വേണം" അരുണിമ കൈയ്യിൽ ഒരു കീയുമായി പുഞ്ചിരിയോടെ അവിടേക്ക് വന്നു. " ഇതവൾ നിന്നെ ഏൽപ്പിച്ചിരുന്നോ..!!"ശ്വേത അത്ഭുതത്തോടെ അരുണിമയെ നോക്കി ചോദിച്ചു. "പിന്നേ.... അവൾ തരും പോലും.. അവൾ ഇപ്പോൾ ആരാണെന്ന് അവൾക്ക് പോലും അറിയില്ല.. അങ്ങനെ അവൾ പൂട്ടിയിട്ട് പോവുകയാണെങ്കിൽ ഇതിനുള്ളിൽ എന്ത് നിധിയാ ഇരിക്കുന്നതെന്ന് അറിയണമല്ലോ....?

അതിനുവേണ്ടി ഞാൻ ഉണ്ടാക്കിയതാ ഈ ഡ്യൂപ്ലിക്കേറ്റ് കീ കയ്യിലെ കീ ഉയർത്തിപ്പിടിച്ച് അരുണിമ പറഞ്ഞു. "നിന്നെ കൊണ്ട് ഞാൻ തോറ്റു അവളറിഞ്ഞാൽ ഇനി അടുത്ത വഴക്ക് ഇതാവും. ' ശ്വേതാ തലയിൽ കൈവെച്ചു കൊണ്ട് പറഞ്ഞു. " ഇതിന്റെ പേരിൽ അവൾ വാഴക്കുണ്ടാക്കുകയാണെങ്കിൽ ഉണ്ടാകട്ടെ അതൊന്നും കേട്ട് നിൽക്കേണ്ട ആവശ്യം എനിക്കില്ല.!! ഈ വീടിൽ അവൾക്കുള്ള അവകാശങ്ങളൊക്കെയും എനിക്കുമുണ്ട് അത് ചോദ്യം ചെയ്യാൻ അവൾ വളർന്നിട്ടില്ല." " ഇതിനെകൊണ്ട് തോറ്റല്ലോ ഈശ്വരാ.. നീ പോയതിൽ പിന്നെ ഇവരിങ്ങനെയാണ്.. നേരെ നോക്കിയാൽ കടിച്ചുകീറാനുള്ള ഭാവമാണ് രണ്ടിനും. ഇവർക്ക് രണ്ടാൾക്കുമിടയിൽ കിടന്നു ഞാൻ ഒരു വഴിക്കായി. എങ്ങനെ കഴിഞ്ഞിരുന്നവരാ നമ്മൾ നാലു പേരും.. ഇപ്പോൾ അതൊക്കെ ഓർക്കുമ്പോൾ തന്നെ സങ്കടം വരും" ശ്വേത വിഷമത്തോടെ പറഞ്ഞു. "ഇവിടെ ഇങ്ങനെ സംസാരിച്ച് സമയം കളയാതെ നീ പോയി പെട്ടന്ന് കുളി ച്ച് വാ.. ബാക്കി കാര്യങ്ങളൊക്കെ നമുക്ക് വഴിയെ സംസാരിക്കാം എന്നും പറഞ്ഞ് അരുണിമ ആ താക്കോൽ ഉപയോഗിച്ച് ആ മുറി തുറന്നു.

ദേവ മോളെയും കൊണ്ട് ആ മുറിയിലേക്ക് കയറി അകത്തുനിന്ന് വാതിൽ കുറ്റിയിട്ടു. തന്റെ മുറി..! തന്റെ എല്ലാ അവസ്ഥയും അറിഞ്ഞ മുറി.... തന്റെ വേദനയും യാതനയും സന്തോഷവും സങ്കടവും എല്ലാം ഈ മുറിക്കുള്ളിലായിരുന്നു. അവൾ ആ മുറിക്ക് ചുറ്റുമൊന്നു കണ്ണോടിച്ചു. ഗിരി യോടൊപ്പമുള്ള നാളുകളും അവസാനം അവന്റെ നെഞ്ചിൽ ചേർന്ന് കിടന്ന് ഉറങ്ങിയ ഓർമ്മകളും അവളുടെ കണ്ണുകൾ നിറച്ചു. ഇനിയും നിന്നാൽ താനിതുവരെ സ്വരൂപിച്ച ധൈര്യമൊക്കെ ചോർന്നുപോകും. അതുകൊണ്ട് ധൃതിയിൽ അവൾ മോളെയും കൊണ്ട് ബാത്റൂമിലേക്ക് കയറി. അവളെ കുളിപ്പിച്ച് ദേവയും ഈറനോടെ കർമ്മങ്ങൾ ചെയ്യാനായി പുറത്തേക്ക് വന്നു. തിരുമേനി കാണിച്ചുകൊടുത്ത ഇരിപ്പിടങ്ങളിലേക്ക് മോളെയും കൊണ്ട് അവൾ ഇരുന്നു. തിരുമേനി മന്ത്രങ്ങൾ ഉച്ചത്തിൽ ഉരുവിട്ട് കർമ്മങ്ങൾ ചെയ്യാൻ ആരംഭിച്ചു. അല്ലി എല്ലാം കൗതുകത്തോടെ നോക്കി നിന്നു.

തിരുമേനിയുടെ ഇടക്കുള്ള നിർദ്ദേശങ്ങൾ അക്ഷരംപ്രതി അനുസരിച്ച് ദേവയും ഭക്തിയോടെ അവിടെ ഇരുന്നു . കർമ്മങ്ങൾക്കെല്ലാം അവസാനം തിരുമേനി നൽകിയ ബലി ചോറുമായി ദേവ മോളെയും കൊണ്ട് എഴുന്നേറ്റു കുറച്ചു മാറി അത് തറയിൽ വെച്ച് കൈകൊട്ടി ബലികാക്കയെ വിളിച്ചല്പം മാറിനിന്നു. വിളിക്കാൻ കാത്ത് നിന്നതുപോലെ കാക്കകൾ വന്നു ചോറ് ആസ്വദിച്ചു കഴിച്ചു. ദേവ നിറകണ്ണുകളോടെ ആ കാഴ്ച്ച നോക്കിനിന്നു. " അവരത് കഴിച്ചിട്ട് പൊക്കോട്ടെ കുട്ട്യേ...അവിടെനിന്നും ഇങ്ങു വര്യാ.. "തിരുമേനി ശബ്ദമുയർത്തിയപ്പോൾ ദേവ അല്ലിയുമായി അവിടെനിന്നും മാറി. കർമ്മങ്ങളൊക്കെയും ചെയ്തതിന് ശേഷം ദേവ ഗിരിയെ അടക്കംചെയ്ത അവന്റെ കുഴിമാടത്തിനരികിലെത്തി. അവന്റെയരികിലെത്തിയതും അവളുടെ ശരീരം തളർന്നു പോകുന്നതുപോലെ തോന്മിയവൾക്ക് . കണ്ണുകൾ നിർത്താതെ പെയ്യാൻ തുടങ്ങി. "ഗിരിയേട്ടാ...!" അവളുടെ ചുണ്ടുകൾ പതിയെ മ ന്ത്രിച്ചു. എന്റെ ജീവിതത്തിലേക്ക് വന്നത് കൊണ്ടല്ലേ ഗിരിയേട്ടന് ഈ അവസ്ഥ വന്നത്..??

ഈ ജീവിതം പാതിവഴിയിൽ കൊഴിഞ്ഞുപോയതും ഞാനൊരാൾ കാരണമല്ലേ....?? ആരുടെ മുമ്പിലും അടിപതറാത്ത ആൾക്ക് സ്നേഹം തീർത്ത ചതിക്കുഴിയിൽ കാലിടറി . എല്ലാത്തിനും കാരണം ഞാനൊറ്റയൊരുത്തിയാണ്. ഈ മുൻപിൽ വന്നു നിൽക്കാനുള്ള യോഗ്യതയിപ്പോൾ എനിക്കില്ല. എന്റെ ശരീരം മുഴുവൻ അഴുക്കുപിടിച്ചു പോയി . എന്റെ നിവൃത്തികേടുകൾ എന്നെക്കൊണ്ട് പല തെറ്റുകളും ചെയ്യിപ്പിച്ചു. എനിക്ക് ഗിരിയേട്ടനെ മറന്നു ജീവിക്കേണ്ടി വന്നു നമ്മുടെ മോൾക്ക് വേണ്ടി. അവളെ ഈ നിമിഷം വരെ സംരക്ഷിക്കാൻ എനിക്ക് സാധിച്ചിട്ടുണ്ട്. ഇനി അങ്ങോട്ട് എന്താകുമെന്നറിയില്ല.!! ഗിരിയേട്ടൻ ആഗ്രഹിച്ചത് പോലെ ഒരു മോളെ തന്നെയാണ് നമുക്ക് കിട്ടിയത്. പക്ഷേ ലോകത്തിലെ ഏറ്റവും പാപിയായ ഒരു അമ്മയ്ക്ക് ജനിക്കേണ്ടി വന്ന് ഹത ഭാഗ്യയാണവൾ.

എന്റെ ശരീരത്തെ മാത്രമേ മറ്റുള്ളവർക്ക് കീഴ്പ്പെടുത്താൻ കഴിഞ്ഞിട്ടുള്ളൂ.. മനസ്സിൽ ഇന്നും ഗിരിയേട്ടൻ തന്നെയാണ് . എന്റെ ഗിരിയേട്ടനെ മറന്ന് ഒരു നിമിഷം പോലും എനിക്ക് ജീവിക്കാൻ കഴിയില്ല ദേവ വിതുമ്പിക്കൊണ്ട് ആ കുഴിമാടത്തിലേക്കിരുന്നു. അത് കണ്ട അരുണിമയും ശ്വേതയും ഓടി വന്നു അവളെ പിടിച്ചെഴുന്നേൽപ്പിച്ചു. "ഇങ്ങനെ കരയാതെടി മരിച്ചെന്ന് ഞങ്ങൾ വിചാരിച്ച നീയിപ്പോൾ ജീവനോടെ ഞങ്ങൾക്കു മുമ്പിലേക്ക് വന്നില്ലേ ചിലപ്പോൾ ഗിരിയേട്ടനും വന്നാലോ..? "ശ്വേത അവളെ നെഞ്ചോട് ചേർത്ത് ആശ്വാസിപ്പിച്ചുകൊണ്ട് പറഞ്ഞു. "ഗിരിയേട്ടൻ വരില്ല ഒരിക്കലും... എന്റെ മുൻപിലിട്ടാ ഗിരിയേട്ടനെ അവർ വെട്ടിയത്. എന്റെ കൈകളിൽ കിടന്നാ ആ ജീവൻ പൊലിഞ്ഞത് ". ദേവ ഏങ്ങലടിച്ചു കൊണ്ട് പറഞ്ഞു. " ആര്!!....? ആരാ ഗിരിയെ വെട്ടിയത്...? കൊലപാതകമാണെന്നന്നേ വിധിയെഴുതിയതാ ഇന്നും ഒരു തുമ്പും കിട്ടാതെ കേസ് പോലീസ് സ്റ്റേഷനിൽ കിടപ്പുണ്ട്." "ആ കേസിൽ അങ്ങനെയൊന്നും തുമ്പ് കിട്ടില്ല.വാദികൾ തന്നെ പ്രതികളായാൽ നിയമമവിടെ നോക്കുകുത്തികളാവുകയേയുള്ളൂ....

ദേവയുടെ ശബ്ദത്തിൽ ചിലരോടൊക്കെയുള്ള ദേഷ്യം പ്രകടമായിരുന്നു. "നീ എന്തൊക്കെയാണ് ഈ പറയുന്നത്...?എനിക്കൊന്നും മനസ്സിലായില്ല...!! ശ്വേത ഒന്നും മനസ്സിലാവാതെ അവളെ നോക്കി. ഒന്നും മനസ്സിലാവാതെ ഇരിക്കുകയാണ് മോളെ നല്ലത്...!!ദേവ വേദനയോടെ അവളുടെ കവിളിൽ പിടിച്ചു പറഞ്ഞു. " നിങ്ങൾ പുറത്തുനിന്ന് ഇങ്ങനെ സംസാരിക്കേണ്ട അകത്തു പോയി വിശദമായി തന്നെ പറയാനുള്ളതൊക്കെ പറഞ്ഞു തീർക്ക് . ഞാനപ്പോഴേക്കും തിരുമേനിയെ കൊണ്ടുപോയി ടൗണിൽ വിട്ടിട്ട് വരാം. ആരൊക്കെ വന്നാലും ദേവ പുറത്തേക്ക് വരരുത് പർദ്ദ ഇടാതെ വീട്ടിൽ പോലുമിരിക്കരുത്. ചുറ്റും കണ്ണുവേണം അശ്രദ്ധയോടെയിരിക്കരുത്. ഞാൻ വരുന്നവരെ സൂക്ഷിച്ചിരിക്കണം. പ്രസാദ് ദേവയോട് താക്കീതോടെ പറഞ്ഞു തിരുമേനിയും കൊണ്ട് ടൗണിലേക്ക് പോയി. അരുണിമ ദേവയേയും കുഞ്ഞുങ്ങളേയും കൊണ്ട് വീടിനകത്തേക്ക് കയറി. ************

" അച്ചുവിന്റെ കുഞ്ഞിനെയുംകൊണ്ട് ബാൽക്കണിയിൽ ഓരോ കാഴ്ച്ചകളും കണ്ട് നിൽക്കുകയാണ് ആമി . അവൾ കുളിക്കാൻ പോയപ്പോൾ മോളെ ആമിയെ ഏൽപ്പിച്ചിട്ട് പോയതാണ്. വളരെ കുറഞ്ഞ ദിവസം കൊണ്ട് തന്നെ മോള് ആമിയുമായി ഇണങ്ങി. പുറത്തെ ഓരോ കാഴ്ച്ചകൾ കാണിച്ച് അവളേയും കളിപ്പിച്ച് നിൽക്കുമ്പോഴാണ് കതകിന് പുറകിൽ ഒരു തല മാത്രം പുറത്തേക്കിട്ട് തങ്ങളെ ആരോ നോക്കുന്നത് ആമി ശ്രദ്ധിച്ചത്. അവൾ നോക്കുമ്പോഴേക്കും ആ തല ഉള്ളിലേക്ക് വലിയും. ഇങ്ങനെ രണ്ടുമൂന്നു തവണ ആവർത്തിച്ചപ്പോൾ ആമി ആ കതകിനു മറവിൽ പമ്മി നിന്ന് ആളെ കയ്യോടെ പിടികൂടി തനവിന്റെ അനിയത്തി ഋതു ആയിരുന്നു ആള്. "ഇതെന്താ മോളെ ഇങ്ങനെ ഒളിഞ്ഞുനോക്കുന്നത്...?നിനക്ക് ഇങ്ങോട്ട് കയറി വരാൻ പാടില്ലേ...? ഞാൻ ചുമ്മാ ഇതുവഴി പോയപ്പോൾ മോളെ കണ്ടപ്പോൾ ഒന്ന് നോക്കിയതാ .

ചേച്ചിയെ കണ്ട് സംസാരിക്കണം എന്നുണ്ടായിരുന്നു എന്നോട് ഒക്കെ മിണ്ടുമോ എന്നൊരു പേടി. " അതെന്താ മോളോട് മിണ്ടാതിരിക്കാൻ മോളെന്നോട് വല്ല തെറ്റും ചെയ്തിട്ടുണ്ടോ..?" "അതല്ല എന്നെ അറിയില്ലല്ലോ..?" " അയ്യോടാ ഇങ്ങനെയൊക്കെയല്ലേ പരിചയപ്പെടുന്നത്..!!"ആമി അവളെ കവിളിൽ തട്ടിക്കൊണ്ടു പറഞ്ഞു. എന്തായാലും ക്ഷമ ചേച്ചിക്ക് കൊടുത്തത് നന്നായി ഋതു പുഞ്ചിരിയോടെ പറഞ്ഞു. "ഓ... അപ്പോ അതാണ് കാര്യം ക്ഷമയെ ഇഷ്ടമല്ലേ മോൾക്ക് ....? എനിക്ക് അത്രയിഷ്ടമൊന്നുമില്ല പിന്നെ പപ്പയും മമ്മയും തലയിൽ കയറ്റി വച്ചിരിക്കുകയാണ് അതിന്റെ അഹങ്കാരം അവൾക്ക് നല്ലതുപോലെയുണ്ട്. "അവളെന്നൊന്നും വിളിക്കണ്ട അത് നിന്റെ ചേട്ടത്തിയമ്മയകാനുള്ള ആളല്ലേ...?" "അതിനെ ഞാൻ ചേച്ചി എന്ന് വിളിക്കുന്നത് പോലും അതിന് ഇഷ്ടമല്ല അതുകൊണ്ട് മാത്രമാണ് ഞാൻ ചേച്ചി എന്ന് തന്നെ വിളിക്കുന്നത്." "അമ്പടി കേമി നീയാള് കൊള്ളാലോ.... ആമി ചിരിച്ചു കൊണ്ട് അവളെ ചേർത്ത് പിടിച്ചു. അവർ സംസാരിച്ചിരിക്കുന്നതിനിടയ്ക്ക് അച്ചുവും അങ്ങോട്ട് വന്നു. മൂന്നുപേരും പെട്ടെന്ന് തന്നെ നല്ല കൂട്ടായി ************

" ദേവ പറയുന്നതൊന്നും വിശ്വസിക്കാനാവാതെ ശ്വേത തളർച്ചയോടെ ബെഡിലേക്കിരുന്നു. അരുണിമയ്ക്ക് ഏറെക്കുറെ കാര്യങ്ങൾ അറിയാവുന്നതുകൊണ്ട് ശ്വേതയുടെ അത്ര തന്നെ ഞെട്ടലൊന്നും അവൾക്കുണ്ടായില്ല. കേട്ടതെല്ലാം അവിശ്വസനീയമാണ്. ഇത്രയൊക്കെ കൂടപ്പിറപ്പുകളിൽ നിന്ന് അനുഭവിച്ചല്ലോ ഇവൾ ശ്വേത ദേവയെ വേദനയോടെ നോക്കി. "നീ ആരെ പേടിച്ചാണ് ദേവ ഇങ്ങനെ ഒളിച്ചു ജീവിക്കുന്നത്..? അവരെയൊന്നും വെറുതെ വിടാൻ പാടില്ല. സ്വന്തം കൂടപ്പിറപ്പിനെയാണ് അവർ ഇത്രയും ദ്രോഹിച്ചത്. എല്ലാവരെയും ഇഞ്ചിഞ്ചായി തന്നെ നോവിക്കണം. ഇവിടെ നിന്നും ഇറക്കി വിടണം ഒരുതരി മണ്ണുപോലും കൊടുക്കാതെ എല്ലാത്തിനേയും . ശ്വേത ദേഷ്യം കൊണ്ട് വിറച്ചു. നീ വാ എന്റെ കൂടെ ഇപ്പോൾ തന്നെ നമുക്കിത് വേണ്ടപ്പെട്ടവരെ അറിയിക്കണം അവർക്ക് നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ തന്നെ വാങ്ങി കൊടുക്കണം." "അങ്ങനെയൊരു ശിക്ഷ അവർക്ക് വാങ്ങി കൊടുക്കും എന്ന് നിനക്ക് ഉറപ്പുണ്ടോ..?

പെട്ടെന്നാണ് വാതിൽക്കൽ നിന്നും പ്രസാദിന്റെ ശബ്ദം കേട്ടത് മൂന്നുപേരും അവിടേക്ക് നോക്കി. പറ അങ്ങനെ ഒരു ശിക്ഷ അവർക്കു വാങ്ങി കൊടുക്കും എന്ന് നിനക്ക് ഉറപ്പുണ്ടോ..?കാര്യങ്ങളെല്ലാം മുൻപേ അറിഞ്ഞ അരുണിമയുടെ അവസ്ഥ നീ ഒന്ന് ചോദിച്ചു നോക്കൂ. കയ്യിൽ കാശില്ലാതെ അധികാരമോ ശക്തിയോ ഇല്ലാത്ത സമയത്ത് പോലും ശക്തനായ ഗിരിയെ അരിഞ്ഞുവീഴ്ത്തി ദേവയെ ഇല്ലായ്മ ചെയ്തു എല്ലാം പിടിച്ചടക്കിയവരാണവർ. ഇവൾ ഇപ്പോൾ ജീവിച്ചിരിപ്പുണ്ടെന്നറിഞ്ഞാൽ ഇവളെ വെറുതെ വിടുമോ...? ഇവൾക്കൊരു പോറൽ പോലും ഏൽക്കില്ല എന്ന് നിനക്ക് ഉറപ്പ് പറയാൻ പറ്റുമോ...? ആവേശം നല്ലതാണ് പക്ഷേ ഇവിടെ ആവേശം കൊണ്ട് ഒരു കാര്യവുമില്ല പ്രസാദിന്റെ ശബ്ദം അവിടെ ഉയർന്നു കേട്ടു. അവൻ ചോദിച്ച ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ ശ്വേത തല താഴ്ത്തി നിന്നു. "നീ വിചാരിക്കുന്നതിനേക്കാൾ അക്രമകാരികളാണവർ.അവർക്ക് നേർക്ക് നേരെ നിന്ന് പൊരുതാൻ നമ്മളെക്കൊണ്ടാവില്ല. ഇവിടെ ബുദ്ധിയാണ് ആവശ്യം നമുക്ക് അവരെ ബുദ്ധി കൊണ്ട് നേരിടണം . അതുവരെ നിങ്ങൾ ഒന്നും അറിഞ്ഞിട്ടില്ല ഇതുവരെ എങ്ങനെയാണ് നിന്നിരുന്നത് അതുപോലെ നിൽക്കണം. ദേവയുടെ ഒരു കാര്യവും നിങ്ങൾ അന്വേഷിക്കരുത്.

അവളെ വിളിക്കാൻ ശ്രമിക്കരുത് . എന്തെങ്കിലും അറിയിക്കാനുണ്ടെങ്കിൽ ഞാൻ നിങ്ങളുമായി ബന്ധപ്പെട്ടുകൊള്ളാം. അതുപോലെ നിങ്ങൾക്കെന്തെങ്കിലും അറിയിക്കാമുണ്ടെങ്കിൽ ആരുമറിയാതെ രഹസ്യമായി എന്നെ അറിയിക്കണം. ദേവ മരിച്ചതായി തന്നെ നിങ്ങൾ മനസ്സിൽ വിചാരിക്കണം തൽക്കാലം ഞങ്ങളിറങ്ങട്ടെ എന്തെങ്കിലും വിശേഷമുണ്ടെങ്കിൽ അറിയിക്കുക. പ്രസാദ് അവരെ നോക്കി പറഞ്ഞു. "ഇത്രയും കാലം മരിച്ചെന്ന് കരുതിയ ആളെ ഒന്ന് തിരിച്ചു കിട്ടിയതേയുള്ളൂ. ഇവളെ ഒന്ന് കണ്ടിട്ട് എത്ര വർഷമായി സംസാരിച്ചു കൊതിച്തീർന്നില്ല സാർ.. ഇന്നൊരു ദിവസം ഇവളെ ഞങ്ങൾക്ക് തന്നൂടെ. അവരെല്ലാം വരാൻ ഇനിയും ദിവസമെടുക്കും ഒരൊറ്റ രാത്രി ഇവളെ ഞങ്ങൾക്കൊപ്പം നിർത്തിക്കൂടെ. അതുവരെ ഇവൾക്കൊന്നും വരാതെ ഞങ്ങൾ നോക്കിക്കോളാം...പ്ലീസ് സാർ അപേക്ഷയാണ് ശ്വേതയും അരുണിമയും ഒരേസ്വരത്തിൽ പ്രസാദിന്റെ മുമ്പിൽ തൊഴുകൈകളോടെ നിന്നു. അവരോട് എന്ത് മറുപടി പറയും എന്നറിയാതെ പ്രസാദ് നിന്നു..... തുടരും..

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story