💕കാണാച്ചരട് 💕: ഭാഗം 82

kanacharad

രചന: RAFEENA MUJEEB

 " നിങ്ങൾ പറയുന്ന കാര്യം ഒരുക്കലും നടക്കാത്തതാണ്. ദേവയെ ഇവിടെ ഞാൻ എന്ത് വിശ്വസിച്ച് നിർത്തിയിട്ട് പോകും അവർ പെട്ടെന്ന് കയറിവന്നാൽ നിങ്ങൾ എന്ത് ചെയ്യും....?? കാര്യത്തിന്റെ ഗൗരവം നിങ്ങൾ മനസ്സിലാക്കാഞ്ഞിട്ടാണ്. എല്ലാം ഒരു കരയ്ക്കടുക്കുന്നതുവരെ ഇവൾ ജീവിച്ചിരിപ്പുണ്ടെന്ന കാര്യം ആരും അറിയാൻ പാടില്ല. അത്‌ ചിലപ്പോൾ അവളുടെയും കുഞ്ഞുങ്ങളുടെയും ജീവനെടുക്കാൻ കാരണമാകും. ഒരിക്കലും ഇവളെ ഇവിടെ നിർത്തി പോകുന്നത് നടക്കാത്ത കാര്യമാണ്. അതിനുവേണ്ടി നിങ്ങൾ എത്ര ശ്രമിച്ചിട്ടും കാര്യമില്ല. ഇവിടെയുള്ള എല്ലാവരെയും എനിക്ക് പേടിയാണ്. ഒരിക്കൽ കൂടി ഇവൾക്ക് എന്തെങ്കിലും വരാൻ ഞാൻ സമ്മതിക്കില്ല പ്രസാദ് തീർത്തുപറഞ്ഞു. " സാറിന്റെ കാല് പിടിക്കാൻ ഞാൻ ഇന്നൊരു ദിവസത്തേക്ക് മാത്രം അവളെ ഞങ്ങൾക്ക് തരണം. കണ്ടു കൊതി തീർന്നില്ല. അവരൊന്നും ഇപ്പോൾ എന്തായാലും വരില്ല ഇനി അധവാ വന്നാൽത്തന്നെ ഇവളെ ഒളിപ്പിക്കാനുള്ള വഴിയൊക്കെ ഞങ്ങൾക്കറിയാം .

ഇവളെ ആരുടെ മുൻപിലേക്കും ഞങ്ങൾ വിട്ടുകൊടുക്കില്ല. ഞങ്ങൾ സംരക്ഷിച്ചു കൊള്ളാം ഇവളെ അപേക്ഷയാണ് സാർ ...ശ്വേത കൈകൾ കൂപ്പിക്കൊണ്ട് പ്രസാദിനോട് ചോദിച്ചു. രണ്ടു പേരുടേയും മുഖത്തെ ദയനീയാവസ്ഥ കണ്ട് പ്രസാദ് വല്ലാതായി. അതിനേക്കാൾ അയാളെ തളർത്തിയത് ദേവയുടെ മുഖഭാവമായിരുന്നു. അവരുടെ ആഗ്രഹം പോലെ തന്നെ അവൾക്കും അവിടെ ഒരു രാത്രി താങ്ങാൻ അവൾക്കും ആഗ്രഹമുണ്ടെന്ന് അവളുടെ മുഖം പറയാതെ പറയുന്നുണ്ടായിരുന്നു. ഇനി എന്ത് വന്നാലും അത് വരുന്നിടത്ത് വെച്ച് നേരിടാം എന്തായാലും ഇവരുടെ ആഗ്രഹത്തിന് താനായിട്ട് എതിരു നിൽക്കുന്നില്ല പ്രസാദ് പാതി മനസ്സോടെ അവരുടെ ഇഷ്ടത്തിന് സമ്മതം മൂളി. "ഈയൊരു രാത്രി ഇവർ ഇവിടെ നിന്നോട്ടെ പക്ഷേ നിങ്ങൾക്ക് നല്ല ശ്രദ്ധവേണം ആരുവന്നാലും ദേവ പുറത്തേക്കിറങ്ങരുത്. പുറത്തു നിന്ന് ആരു തന്നെ വന്നാലും എന്നെ വിളിച്ചറിയിക്കാതെ കതക് തുറക്കരുത്. ഇവർക്ക് നിങ്ങൾ കാവലുണ്ടാകുമെന്ന വിശ്വാസത്തിലാണ് ഞാൻ പോകുന്നത്.

ഒരിക്കലും അശ്രദ്ധയാലുക്കളാവരുത്. കാര്യത്തിന്റെ ഗൗരവം നിങ്ങൾക്ക് പൂർണബോധ്യമുണ്ടെന്ന് വിശ്വസിക്കുന്നു." "ഞങ്ങൾക്ക് മനസ്സിലാകും. സാർ ധൈര്യമായിട്ട് പൊയ്ക്കോളൂ ഞങ്ങളുടെയരികിൽ ഇവർ സുരക്ഷിതരായിരിക്കും. അയാളുടെ ടെൻഷൻ മനസ്സിലാക്കി ശ്വേത അദ്ദേഹത്തെ സമാധാനിപ്പിച്ചു. അവരോട് യാത്ര പറഞ്ഞിറങ്ങുമ്പോഴും പ്രസാദിന്റെ മനസ്സിൽ നല്ല പേടിയുണ്ടായിരുന്നു. ശ്വേതയ്ക്കും അരുണിമയ്ക്കും കളഞ്ഞുപോയത് എന്തോ തിരിച്ചു കിട്ടിയ സന്തോഷമായിരുന്നു. അവർ അവൾക്ക് ഇഷ്ടമുള്ള എല്ലാ ഭക്ഷണവും ഉണ്ടാക്കി. മക്കളെ രണ്ടുപേരെയും കയ്യിൽ നിന്നും വെയ്ക്കാതെ എടുത്തോണ്ട് നടന്നു . ആദി മോനെ വഴിയിൽനിന്ന് കെട്ടിയതാണെന്ന് കേട്ടപ്പോൾ ശ്വേതയ്ക്ക് അവനോട് ഇത്തിരി സ്നേഹം കൂടുതൽ തോന്നി. ദേവ ഇതുവരെ അനുഭവിച്ച അനാഥത്വം ഇല്ലാതെയായത് പോലെ തോന്നി അവൾക്ക്. ഒരുപാട് സന്തോഷത്തോടെയാണ് അവൾ ആ ദിവസം കഴിച്ചു കൂട്ടിയത്. ************

" വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഋതുവിന് ഏറ്റവും പ്രിയപ്പെട്ടവളായി ആമി മാറിക്കഴിഞ്ഞു. അന്നത്തെ ദിവസം മുഴുവനും അവളെ ചുറ്റിപ്പറ്റി തന്നെ ഋതു നിന്നു. അതുകൊണ്ടുതന്നെ അതിഥിയും ആമിയോട് കൂടുതൽ അടുത്തു. വന്ന നാളുമുതൽ ആമി എല്ലാവർക്കും പ്രിയപ്പെട്ടവളായി മാറിക്കഴിഞ്ഞിരുന്നു. ഇതെല്ലാം ക്ഷമയെ നല്ലതുപോലെ അസ്വസ്ഥതയുണ്ടാക്കുന്നുണ്ട്. കാരണമേതുമില്ലാതെ ആമിയോടുള്ള പകയും ദേഷ്യവും അവളുടെയുള്ളിൽ വളർന്നു. അവൾക്കെതിരെ എന്തെങ്കിലും ചെയ്തേ പറ്റൂ എന്നവൾ മനസ്സുകൊണ്ട് ഉറപ്പിച്ച്. ആമി വീട്ടിൽ വന്നതു മുതൽ ക്ഷമ തനവിനെ ഒറ്റയക്കൊന്നിരിക്കാൻ പോലും സമ്മതിച്ചിട്ടില്ല. കണ്ണുതെറ്റിയാൽ ആമി വന്നവനോട് മിണ്ടുമോ എന്നുള്ളതായിരുന്നു അവളുടെ പ്രധാന പേടി. അതിന് ഒരവസരം കൊടുക്കാതെ അവൾ തനവിന്റെ കൂടെ നിഴലുപോലെ മാറാതെ ചുറ്റിപ്പറ്റി നടന്നു.

അവളുടെ സ്വഭാവം നന്നായി അറിയാവുന്നതു കൊണ്ട് തന്നെ തനവ് കാര്യമായ എതിർപ്പൊന്നും പ്രകടിപ്പിച്ചില്ല. പറഞ്ഞിട്ട് കാര്യവുമില്ല അവളെ ഭരിക്കുന്നത് അവളുടെ ഈഗോയും അഹംഭാവവുമാണ്. എതിർത്താൽ അവൾ വാദിച്ചു മറ്റുള്ളവരുടെ വായ അടപ്പിക്കും . അതുകൊണ്ട് അവൻ ഒന്നും കണ്ടില്ല എന്നുള്ള രീതിയിലാണ് നടപ്പ്. എന്തൊക്കെ പറഞ്ഞാലും ക്ഷമയ്ക്ക് തനവെന്നുവച്ചാൽ ജീവനാണ്. ആ ഒരു കാര്യം അവനും അംഗീകരിക്കുന്നുണ്ട്. അതുകൊണ്ട് മാത്രമാണ് അവളുടെ പല കാര്യങ്ങളും അവൻ കണ്ടില്ല എന്ന് നടിക്കുന്നത്.അവൾ എല്ലാം കാണിച്ചു കൂട്ടുന്നത് തന്നോടുള്ള ഇഷ്ടക്കൂടുതൽ കൊണ്ടാണെന്ന് അവനറിയാം. അവളുടെ സ്നേഹത്തിനു മുമ്പിൽ പലപ്പോഴും അവൻ തോറ്റു കൊടുക്കുന്നു എന്നതാണ് സത്യം . ************ ഒരുപാട് നേരത്തെ സംസാരനത്തിനു ശേഷം എപ്പോഴാണ് ഉറങ്ങിപ്പോയതെന്ന് ദേവയ്ക്ക് പോലും ഓർമ്മയില്ല. മൂന്ന് പേരും ഒരുമിച്ചാണ് കിടന്നത്. അവളുടെ റൂമിൽ പഴയതുപോലെ കെട്ടിപ്പിടിച്ച് മൂന്നുപേരും ഉറങ്ങി.

ഇടക്കെപ്പോഴോ എന്തോ ശബ്ദം കേട്ട് ഞെട്ടി ഉണർന്ന ദേവ ബാൽക്കണിയിൽ ആരോ ഇരിക്കുന്നത് കണ്ടു ചാടിയെഴുന്നേറ്റു . ഭയം കൊണ്ടാണെന്ന് തോന്നുന്നു പാദങ്ങൾക്ക് ചലനം നഷ്ടപ്പെട്ടത് പോലെ അവൾക്ക് തോന്നി. അവൾ അരുണിമയേയും ശ്വേതയേയും വിളിക്കാൻ ശ്രമിച്ചെങ്കിലും ശബ്ദം പുറത്തേക്ക് വന്നില്ല. അവളാണെങ്കിൽ ഇതൊന്നും അറിഞ്ഞിട്ടുമില്ല നല്ല ഉറക്കമാണ്. അവൾ പേടിയോടെ പുറത്തേക്ക് നോക്കി. ആരാണ് അവിടെയിരിക്കുന്നത് അവൾക്ക് പെട്ടെന്ന് ആളെ മനസ്സിലായില്ല. പേടി കൊണ്ടും വെപ്രാളം കൊണ്ടും അവൾ വെട്ടി വിയർക്കാൻ തുടങ്ങി. അയാളാണെങ്കിൽ എന്തോ ചിന്തയിൽ വിദൂരതയിലേക്ക് നോക്കിയിരിക്കുകയാണ്. അവൾ ഒന്നുകൂടി അയാളെ സൂക്ഷിച്ചു നോക്കി. പെട്ടന്ന് അവളുടെ മുഖത്തെ ഭയം മാറി സങ്കടം നിറഞ്ഞു.. കണ്ണുകൾ സന്തോഷം കൊണ്ടു വിടർന്നു. "അച്ഛൻ "!! അവളുടെ ചുണ്ടുകൾ മെല്ലെ മന്ത്രിച്ചു. അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങി " അച്ഛാ...!! അവൾ അലറിവിളിച്ചുകൊണ്ട് അയാളെ ചെന്ന് കെട്ടിപിടിച്ചു. അയാളും അവളെ തന്റെ രണ്ട് കൈക്കുള്ളിൽ ഒതുക്കി.

"എവിടെയായിരുന്നു മോളെ ഇതുവരെ...? അച്ഛൻ എത്ര നാളായി മോൾക്ക് വേണ്ടി കാത്തിരിക്കുന്നു.!! എന്ത്യേ വരാൻ ഇത്ര താമസിച്ചു....? അയാൾ അവളുടെ മുടിയിൽ തലോടിക്കൊണ്ട് ചോദിച്ചു . " അച്ഛാ ഞാൻ... ഞാൻ .. "അവൾ വാക്കുകൾ കിട്ടാതെ പൊട്ടിക്കരഞ്ഞുപോയി. മോള് വിഷമിക്കേണ്ട കാര്യങ്ങളെല്ലാം അച്ഛനറിയാം ഒരിക്കലും മോളുടെ കണ്ണുകളിൽനിന്ന് ഇനി കണ്ണുനീർ വരാൻ പാടില്ല. മോളുടെ നോട്ടത്തിൽ പോലും മറ്റുള്ളവർ ഉരുകി ഇല്ലാതാവണം. കണ്ണുകളിൽ തീജ്വാല ആയിരിക്കണം പുറത്തേക്ക് ഗമിക്കേണ്ടത് . കാളിയാർ മഠം പിതൃ പാരമ്പര്യം കൊണ്ട് പുണ്യമാക്കപ്പെട്ടതാണ് അത് ആ രാക്ഷസന്മാർക്ക് വിട്ടുകൊടുത്തു കൂടാ... ഏത് വിധേനയും അവരുടെ കയ്യിൽ നിന്ന് മോളത് തിരിച്ചുപിടിക്കണം. കാരണവന്മാരുടെ എല്ലാവരുടെയും അനുഗ്രഹം മോൾക്കുണ്ടാവും. ആരെയും വെറുതെ വിടാൻ പാടില്ല. എന്റെ മോളൊരിക്കലും തളർന്നു പോകരുത്. മോൾക്ക് ഒരു രക്ഷകൻ വരും ദൈവാംശമുള്ള ഒരു രക്ഷകൾ. മോള് ധൈര്യമായിട്ടിരിക്കണം. അവൻ നിന്റെ രക്ഷയ്ക്കുണ്ടാവും എപ്പോഴും.

തോറ്റു പോകരുത് എന്റെ കുട്ടി.. മോളുടെ ഇരുണ്ട കാലം തീർന്നു. വനവാസ ജീവിതം അവസാനിക്കാറായി. ഇനിയുള്ളത് പട്ടാഭിഷേകമാണ്. അതുടൻ തന്നെയുണ്ടാവും. എന്റെ എല്ലാ അനുഗ്രഹവും എന്റെ കുട്ടിക്കുണ്ട്. അയാൾ അവളുടെ നെറുകയിൽ കൈവച്ച് അനുഗ്രഹിച്ചു. അവൾ കണ്ണുകളടച്ച് അയാളുടെ നെഞ്ചിൽ പറ്റിച്ചേർന്നു നിന്നു. കുറച്ചുസമയം കഴിഞ്ഞ് കണ്ണുകൾ തുറന്നപ്പോൾ അയാളെ അവിടെയെങ്ങും കണ്ടില്ല. അവൾ ചുറ്റും പരതി നോക്കി എങ്ങും അദ്ദേഹം ഉണ്ടായിരുന്നില്ല. എല്ലാം തന്റെ തോന്നലായിരുന്നോ...?അവൾ അച്ഛാ...എന്ന് വിളിച്ച് ഞെട്ടിപ്പിടഞ്ഞെഴുന്നേറ്റു. അപ്പോഴാണ് മനസ്സിലായത് കണ്ടതത്രയും സ്വപ്നമായിരുന്നുവെന്ന്. അതൊരു സ്വപ്നമായിരുന്നുവെന്ന് വിശ്വസിക്കാനവൾക്ക് തോന്നിയില്ല. തന്റെ അച്ഛൻ തന്നോട് നേരിട്ട് വന്ന് പറയുന്നത് പോലെ തന്നെയാണ് അവൾക്ക് തോന്നിയത്. ശരീരം നന്നായി വിയർക്കുന്നുണ്ട്. പുറത്ത് നല്ല ചാറ്റൽ മഴയുണ്ടെങ്കിലും ശരീരം ചുട്ടുപൊള്ളുന്നത് പോലെ അവൾക്ക് തോന്നി. അവൾ കട്ടിലിൽ നിന്ന് എഴുന്നേറ്റ് പുറത്തെ ബാൽക്കണിയിലേക്ക് പോയി.

അവിടെ നിന്നു നോക്കിയാൽ ഗിരി പണ്ട് താമസിച്ചിരുന്ന ഗസ്റ്റ് ഹൌസ് കാണാം. അവളുടെ മനസ്സിലേക്ക് പഴയ കാര്യങ്ങളൊക്കെ ഓടിവന്നു. ഗിരിയേട്ടനല്ലേ തന്റെ രക്ഷകൻ....? തനിക്കൊരു രക്ഷകൻ ഉണ്ടെങ്കിൽ തന്റെ ഭർത്താവല്ലാതെ മറ്റാര്....? പക്ഷേ അദ്ദേഹം ഇപ്പോൾ ജീവനോടെയില്ലല്ലോ..? പിന്നെ മറ്റൊരു രക്ഷകനാര്....? അന്ന് ആമിയെ കാണാൻ വന്ന മുത്തശ്ശിയും ഈ കാര്യം തന്നെ തന്നോട് പറഞ്ഞു. ഇപ്പോൾ അച്ഛനും സ്വപ്നത്തിൽ വന്ന് അത് തന്നെ ആവർത്തിക്കുന്നു. ആരായിരിക്കും ആ രക്ഷകൻ.....?അങ്ങനെയൊരാളുണ്ടെങ്കിൽ ഇതുവരെ എന്തുകൊണ്ട് തന്റെ മുൻപിൽ വന്നില്ല.!! ഒരുപാട് സംശയങ്ങൾ അവളുടെയുള്ളിൽ കലങ്ങിമറിഞ്ഞു കൊണ്ടിരുന്നു. ഓരോന്നൊക്കെ ആലോചിച്ച് അങ്ങനെ നിൽക്കുമ്പോഴാണ് പെട്ടെന്ന് ഗേറ്റിന് മുൻപിൽ ഒരാൾ നിൽക്കുന്നത് പോലെ അവൾക്ക് തോന്നിയത്. അതാരാണെന്ന് അറിയാൻ വേണ്ടി അവൾ സൂക്ഷിച്ചുനോക്കി. ചാറ്റൽ മഴ കാരണം കാഴ്ച്ച അവ്യക്തമാണ്. ഒന്ന്കൂടി സൂക്ഷിച്ചു നോക്കിയപ്പോഴാണ് പുറത്തു നിൽക്കുന്ന ആളെ അവൾക്ക് മനസ്സിലായത്. ആളെ മനസ്സിലായതും അവളൊരു നിമിഷം സ്തംഭിച്ചു നിന്നു....... തുടരും..

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story