💕കാണാച്ചരട് 💕: ഭാഗം 83

kanacharad

രചന: RAFEENA MUJEEB

 " രാത്രിയിലെ ചാറ്റൽ മഴ കാരണം ചന്ദ്രനെ പോലും മേഘങ്ങൾ മറച്ചിരുന്നു. അത്‌കൊണ്ട് തന്നെ നിലാവിന്റെ നേരിയ ഒരു വട്ടം മാത്രമേ അവിടെയുള്ളൂ ... തെരുവു വിളക്ക് മിന്നാമിനുങ്ങിന്റെ പ്രകാശം പോലെ മിന്നിയും മിനുങ്ങിയും ചെറുതായി വെളിച്ചം തരുന്നുണ്ട്. ആ ഒരു വെട്ടം കൊണ്ട് ആളെ തിരിച്ചറിയുന്നത് അത്ര സുഖമമല്ല. ഒരുപാട് നേരത്തെ പരിശ്രമത്തിനൊടുവിലാണ് ദേവ ആളെ തിരിച്ചറിഞ്ഞത്. ആളെ മനസ്സിലായതും അവൾ ആദ്യം പോയി നോക്കിയത് സമയമാണ്. സമയം ഏകദേശം പുലർച്ചെ രണ്ടുമണിയോടടുത്തിരിക്കുന്നു. അവൾക്ക് അത്ഭുതമാണ് ആദ്യം തോന്നിയത്. അവൾ ഓടി വീടിനു വെളിയിലിറങ്ങി. പുറത്തെ ഗേറ്റിനരികിലേക്ക് നടന്നു. ഗേറ്റിന് വെളിയിലിറങ്ങി റോഡിനെ ചാരി നിർത്തിയിട്ട കാറിനരികിലേക്ക് അവൾ നടന്നു. "സാർ... കാറിനു ചാരി ഇരുകൈകളും കെട്ടി ചാറ്റൽമഴയും കൊണ്ടു നിൽക്കുന്ന പ്രസാദിനെ അവൾ വിളിച്ചു. പെട്ടെന്നവളുടെ ശബ്ദം കേട്ടതും പ്രസാദ് ഒന്ന് ഞെട്ടി. "ദേവ നീയെന്തായിപ്പോൾ ഇവിടെ...?

എന്ത് ധൈര്യത്തിലാണ് നീ ഇങ്ങോട്ടിറങ്ങി വന്നത്..? പെട്ടെന്ന് ഉള്ളിലേക്ക് കയറ് ആരെങ്കിലും കാണുന്നതിനു മുൻപ്..!!പ്രസാദ് ചുറ്റും നോക്കി വെപ്രാളത്തോടെ പറഞ്ഞു. " ഞാൻ സാറിനെ കണ്ടിട്ട് ഇറങ്ങി വന്നതാണ്. സാറെന്തിനാണ് ഈ മഴയും കൊണ്ട് ഈ സമയത്ത് ഇവിടെ നിൽക്കുന്നത്..? നിങ്ങളപ്പോൾ വീട്ടിൽ പോയില്ലേ..? എന്തിനാ ഉറക്കമൊഴിച്ച് ഇവിടെ നിൽക്കുന്നത്..?" അവളുടെ മുഖത്തെ സംശയം മാറാതെ അവൾ ചോദിച്ചു. "വീട്ടിൽ പോയതാ.. പക്ഷേ കിടന്നിട്ട് ഉറക്കം വന്നില്ല. നീയും മക്കളും ഇവിടെ സുരക്ഷിതരല്ല. ഏതു നിമിഷവും ആക്രമിക്കപ്പെടാം . അവർ പെട്ടെന്ന് കയറി വന്നാൽ എന്ത് ചെയ്യും..? അതോർത്തിട്ട് എനിക്കൊരു സമാധാനവും ഉണ്ടായില്ല. അപ്പോൾ തന്നെ വണ്ടിയുമെടുത്ത് വീട്ടിൽ നിന്നും ഇറങ്ങി. ഇവിടെ വന്നിങ്ങനെ നിൽക്കുമ്പോൾ പോലും ഉള്ളിൽ നിറയെ ആധിയാണ് ഈ രാത്രി ഒന്ന് പെട്ടെന്ന് പുലർന്നിരുന്നുവെങ്കിൽ എന്നാണ് മനസ്സിലിപ്പോൾ ." " ഇത്രയൊക്കെ പേടിയുണ്ടെങ്കിൽ എന്തിനാ പിന്നെ എന്നെ ഇവിടെ നിർത്തിയിട്ട് സാർ തിരികെ പോയത്..?

കൂടെ വരാൻ എന്നോടൊന്നു പറഞ്ഞാൽ ഞാൻ അനുസരിക്കുമായിരുന്നല്ലോ..? " നിന്റെ സന്തോഷം അത് കണ്ടില്ലെന്ന് നടിക്കാൻ എനിക്ക് കഴിഞ്ഞില്ല . അവരുടെ കൂടെ ഒന്ന് നിൽക്കാൻ താനും ഒരുപാട് ആഗ്രഹിക്കുന്നുണ്ട് അത് അറിഞ്ഞുകൊണ്ട് ഞാനെങ്ങനെ അതിന് തടസ്സം പറയും ." ദേവയ്ക്ക് അയാളുടെ മറുപടി കേട്ടപ്പോൾ അത്ഭുതമാണ് തോന്നിയത്!". എന്നോ മനസ്സിൽ ഇത്തിരി സ്നേഹം തോന്നിയ കാരണം കൊണ്ട് ഇത്രയൊക്കെ ഒരാൾ ത്യാഗം സഹിക്കുമോ..? അവൾക്ക് വേണ്ടി എന്തും ചെയ്യാൻ തയ്യാറാവുമോ.? ഒരുപാട് പരിഹസിച്ചിട്ടുണ്ട് ഈ മനുഷ്യനെ ഇപ്പോൾ അതൊക്കെ ഓർക്കുമ്പോൾ സങ്കടം തോന്നുന്നു. ദേവയ്ക്ക് അയാളെ നോക്കുന്തോറും സങ്കടം കൂടി വന്നു. ചാറ്റൽ മഴ കാരണം ശരീരത്തിന്റെ അവിടെവിടെയായി മഴ നനഞ്ഞിട്ടുണ്ട്. തണുപ്പ് കാരണം ആരും പുറത്തിറങ്ങാത്ത ഈ സമയത്ത് മഴയും കൊണ്ട് തനിക്കുവേണ്ടി കാവലിരിക്കുന്നു. അവൾക്ക് അയാളോട് സഹതാപം തോന്നി. "സാറിവിടെ നിൽക്ക് ഞാൻ മക്കളെയും കൊണ്ട് വേഗം വരാം നമുക്ക് ഇപ്പോൾ തന്നെ തിരിച്ചു വീട്ടിലേക്ക് പോകാം.."

" എന്തിനാ....?നേരം പുലരാൻ ഇനി അധികമൊന്നുമില്ല അവരു ഉറങ്ങുകയല്ലേ....??വിളിച്ചുണർത്തി ഉറക്കം നശിപ്പിക്കണോ....?നീ അവരോടൊപ്പം ചെന്നു കിടന്നോ...ഞാൻ ഇവിടെ നിന്നോളാം പുലർന്നതും നമുക്ക് പെട്ടെന്ന് തന്നെ ഇവിടെ നിന്നും പുറപ്പെടാം. നീ ഇപ്പോൾ സുഖമായി പോയി കിടന്നുറങ്ങിക്കോ.. ഒരുപാട് നാളു കൂടി നിന്റെ വീട്ടിലൊന്നു തലചായ്ക്കാൻ അവസരം കിട്ടിയതല്ലേ...? അത് വെറുതെ നശിപ്പിക്കേണ്ട." സാരമില്ല ഞാൻ ഇത്രനേരം ഇവിടെ തന്നെ ആയിരുന്നില്ലേ..? സാറ് പറഞ്ഞത് പോലെ അവരെങ്ങാനും പെട്ടെന്ന് കേറി വന്നാൽ പിടിക്കപ്പെടും. നമുക്കിപ്പോൾ തന്നെ ഇറങ്ങാം. അവരോട് യാത്ര പറഞ്ഞു ഞാൻ കുഞ്ഞുങ്ങളെയും കൊണ്ട് ഇപ്പോൾ വരാം. ദേവ അതും പറഞ്ഞകത്തേക്ക് പോയി. പ്രസാദ് ഗേറ്റ് തുറന്ന് കാർ ഗേറ്റിനകത്തേക്കിട്ടു. അപ്പോഴേക്കും ദേവ ആദി മോനേയും തോളിലിട്ട് പുറത്തേക്ക് വന്നു. പുറകെ അരുണിമയും ശ്വേതയുമുണ്ട്. അരുണിമയുടെ തോളിൽ അല്ലി സുഖമായി ഉറങ്ങുന്നുണ്ട് പ്രസാദ് അല്ലി മോളെ അരുണിമയുടെ കയ്യിൽനിന്നും എടുത്ത് കാറിന്റെ പിൻസീറ്റിൽ കിടത്തി.

ദേവ അരുണിമയോടും ശ്വേതയോടും യാത്രപറഞ്ഞല്ലിയുടെ അരികിൽ തന്നെ ഇരുന്നു. പ്രസാദ് അവരോട് യാത്ര പറഞ്ഞു കാറിൽ കയറി . ആരെങ്കിലും ശ്രദ്ധിക്കുന്നതിനുമുമ്പേ കാറുമായി അവിടെനിന്നും പറന്നു . നീ വരില്ല എന്ന് പറഞ്ഞതുകൊണ്ട് മാമി കല്ല്യാണി ചേച്ചിയെ കൂട്ടിനു വിളിച്ചിട്ടുണ്ട്.അവരൊക്കെ ഇപ്പോൾ നല്ല ഉറക്കമായിരിക്കും. അതുകൊണ്ട് നമുക്ക് ആരെയും വിളിച്ചുണർത്തണ്ട .!! തൽക്കാലം നമുക്ക് എന്റെ വീട്ടിലോട്ട് പോകാം.. അമ്മയോട് ഞാൻ പറഞ്ഞിട്ടുണ്ട് നിന്നെയും കൊണ്ടുവരുന്ന വിവരം. നേരം പുലർന്നിട്ട് നിങ്ങളെ കൊണ്ട് വിടാം. " പ്രസാദ് പുറകിലേക്ക് നോക്കി ദേവയോട് പറഞ്ഞപ്പോൾ അതിനെ എതിർത്ത് സംസാരിക്കാൻ ദേവയ്ക്ക് തോന്നിയില്ല. അങ്ങനെ അയാൾ അവരെയും കൊണ്ട് അയാളുടെ വീട്ടിലേക്ക് പോയി. അവിടെ അവരെയും പ്രതീക്ഷിച്ച് മായ ഉറങ്ങാതെ കാത്തിരിപ്പുണ്ടായിരുന്നു. കാറിന്റെ ശബ്ദം കേട്ടതും അവർ കതക് തുറന്നു പുറത്തേക്കിറങ്ങി. കാറിൽ നിന്നും ഇറങ്ങുന്ന ദേവിയെ കാണാൻ അവർ ആകാംക്ഷയോടെ നോക്കി നിന്നു.

തന്റെ മകൻ പറഞ്ഞ് ഒരുപാട് കേട്ടിട്ടുണ്ടെങ്കിലും അവളെ നേരിട്ട് ഇതുവരെ കണ്ടിട്ടില്ല. കാറിന്റെ പിൻസീറ്റിൽ നിന്നും ദേവ കുഞ്ഞിനേയും കൊണ്ടിറങ്ങിയതും അവർ ഓടിച്ചെന്ന് മോനെ പതിയെ അവളിൽ നിന്നും തന്റെ തോളിലേക്കിട്ടു അകത്തേക്ക് നടന്നു. ദേവ അപ്പോഴേക്കും അല്ലിയേയും എടുത്ത് അവർക്ക് പിറകെ പോയി. കുഞ്ഞിനെ ബെഡ്ഡിൽ കിടത്തി അല്ലിയെ അവന്റെ അരികിൽ കിടാത്താൻ പറഞ്ഞു. ദേവ അല്ലിയേ അവൻ അരികിൽ കിടത്തി. മായ ദേവയെ സ്നേഹത്തോടെ നോക്കി. അവൻ പറഞ്ഞതുപോലെ തന്നെ നല്ല കുട്ടിയാണ് ഒറ്റനോട്ടത്തിൽ ആർക്കും ഇഷ്ടപ്പെടും. അവർ വാൽസല്യത്തോടെ അവളുടെ മുഖത്ത് തലോടി. കിച്ചു ഒരുപാട് പറഞ്ഞ് കേട്ടിട്ടുണ്ട് നിന്നെ കുറിച്ച്. ഇപ്പോഴാണ് നേരിട്ട് കാണുന്നത്. ഒരുപാട് ഇഷ്ടമായി ഈ മോളെ... അവർ സ്നേഹത്തോടെ അവളോട് പറഞ്ഞു. മായാന്റിയെക്കുറിച്ച് ഖാദറിക്ക ഒരുപാട് പറഞ്ഞിട്ടുണ്ട്. രാഘവൻ സാർ സ്നേഹിച്ചിരുന്ന അയാളുടെ മുറപ്പെണ്ണ്. കാഴ്ച്ചയിൽ ഇപ്പോഴും ചെറുപ്പമാണ് നല്ല സുന്ദരിയും. ദേവ അവരെ തന്നെ നോക്കി നിന്നു പോയി.

" മോളെന്താ എന്നെ ഇങ്ങനെ നോക്കുന്നത്...?" എന്നെക്കുറിച്ച് അവൻ ഒന്നും പറഞ്ഞിട്ടില്ലേ...? ഞാൻ അവന്റെ അമ്മയാണ് പേര് മായ." " എനിക്കറിയാം ആന്റി എല്ലാരും പറഞ്ഞൊരുപാട് കേട്ടിട്ടുണ്ട് ഞാൻ.." മോളെന്നെ ആന്റി എന്ന് വിളിക്കേണ്ട,!!ആ വിളിയിൽ എന്തോ ഒരു അകലം പോലെ. മോളെന്നെ അമ്മയെന്ന് വിളിച്ചോളൂ.... " ദേവയ്ക്ക് അത് കേട്ടപ്പോൾ സങ്കടം വന്നുപോയി . കാരണം അവളുടെ അമ്മ പോയതിൽ പിന്നെ അങ്ങനെ വിളിക്കാൻ ആരും ഉണ്ടായിട്ടില്ല. " മോൾക്കെന്നെ അമ്മ എന്ന് വിളിക്കാൻ ബുദ്ധിമുട്ടുണ്ടോ...?" ഒന്നും മിണ്ടാതെയുള്ള അവളുടെ നിൽപ്പ് കണ്ട് മായ ചോദിച്ചു. അങ്ങനെ വിളിക്കാൻ ആരുമില്ലാത്തവർക്ക് അങ്ങനെ വിളിക്കാൻ ഒരു അവസരം കിട്ടിയാൽ ഒരുപാട് സന്തോഷമാണ്. ദേവ നിറകണ്ണുകളോടെ പറഞ്ഞു. മോള് വിഷമിക്കേണ്ട മോളുടെ കാര്യങ്ങളെല്ലാം അവൻ പറഞ്ഞെനിക്കറിയാം മോളെന്നെ അമ്മ എന്ന് തന്നെ വിളിച്ചോളൂ.. അവർ അവളുടെ മുടിയിഴകളിൽ തലോടി കൊണ്ട് പറഞ്ഞു. രണ്ടുപേരും ഇനി സംസാരിച്ച് നേരം വെളുപ്പിക്കേണ്ട. കിടന്നുറങ്ങാൻ നോക്ക് രാവിലെ സംസാരിക്കാം ഇനിയുള്ളത്. പ്രസാദ് രണ്ടുപേരെയും നോക്കി പറഞ്ഞു. ദേവയോട് ഉറങ്ങാൻ പറഞ്ഞു മായയും തന്റെ റൂമിലേക്ക് പോയി. ദേവയ്ക്ക് പിന്നെ ഉറക്കം ഒന്നും വന്നില്ല. ഓരോന്നൊക്കെ ആലോചിച്ച് അവൾ നേരം വെളുപ്പിച്ചു...... തുടരും..

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story