💕കാണാച്ചരട് 💕: ഭാഗം 84

kanacharad

രചന: RAFEENA MUJEEB

  " അവിടെ അടുത്തെവിടെയോ അധികം ദൂരയല്ലാതെ അമ്പലമുണ്ടെന്നു തോന്നുന്നു.. അവിടെ നിന്നും ഒഴുകിവരുന്ന ഭക്തിഗാനം വളരെ വ്യക്തമായി തന്നെ കേൾക്കാം. രാവിലെ എഴുന്നേറ്റയുടൻ ഒരു കുളി പതിവുള്ളതാണ്. പൂജ കഴിഞ്ഞയുടൻ വീട്ടിലേക്ക് തിരിക്കുമെന്നുള്ളതുകൊണ്ട് മാറിയുടുക്കാൻ പോലും ഒന്നും കയ്യിൽ കരുതിയില്ല. ആരും എഴുന്നേൽക്കാത്തതുകൊണ്ട് ഇവിടെ എന്തൊക്കെ ചെയ്യാൻ പറ്റും എന്തൊക്കെ ചെയ്യാൻ പാടില്ല എന്നും ഒരു നിശ്ചയവുമില്ല. അതുകൊണ്ട് തന്നെ ആരെങ്കിലും എഴുന്നേൽക്കുന്നത് വരെ അവൾ തന്റെ മക്കളെയും ചേർത്ത് പിടിച്ചു കിടന്നു. ഉറക്കമൊന്നും വരുന്നില്ലെങ്കിലും ചിന്തകളങ്ങനെ കാടുകയറി പോകാൻ തുടങ്ങി . കുറച്ചു സമയം കഴിഞ്ഞ് അടുക്കളയിൽ നിന്നും ശബ്ദം കേട്ടപ്പോൾ മായ ഉണർന്നെന്ന് അവൾക്ക് മനസ്സിലായി. അവൾ പതിയെ എഴുന്നേറ്റ് കട്ടിലിൽ കിടന്ന പുതപ്പെടുത്ത് മക്കളെ ഒന്നുകൂടി പുതപ്പിച്ചു. ഉടുത്തിരുന്ന സാരി ഒന്ന് നേരെയാക്കി അലസമായി വീണുകിടന്നിരുന്ന മുടിയിഴകൾ ഒതുക്കി കെട്ടി നേരെ അടുക്കളയിലേക്ക് നടന്നു.

അവിടെ മായ ദോശയുണ്ടാക്കുന്ന തിരക്കിലാണ്. ദേവ തന്റെ അരികിലേക്ക് വരുന്നത് കണ്ടതും മായ അവളെ നോക്കി പുഞ്ചിരിച്ചു. " മോൾക്ക് എഴുന്നേറ്റയുടൻ ചായ കുടിക്കുന്ന പതിവുണ്ടെങ്കിൽ ആ ഫ്ലാസ്കിലുണ്ട് എടുത്തു കുടിച്ചോളൂ ട്ടോ..."!! "ഇവിടെ കിച്ചുവിന് ഏത് സമയവും ചായ വേണം. അതും ചൂടുള്ള ചായ തന്നെ വേണം. അതുകൊണ്ട് എപ്പോഴും ഫ്ലാസ്കിൽ ഇത്തിരി ചായ ഞാൻ കൂടുതൽ കരുതാറുണ്ട്". അവർ പുഞ്ചിരിയോടെ പറഞ്ഞു. "എനിക്കങ്ങനെയുള്ള ശീലങ്ങളൊന്നുമില്ല.. രാവിലെ എഴുന്നേറ്റ് കഴിഞ്ഞാൽ ജാനകിയമ്മയോടൊപ്പം അടുക്കളയിൽ കയറിയാൽ ഭക്ഷണം കഴിക്കലൊക്കെ തോന്നിയ പോലെയാണ്... "ദേവ ഒരു പുഞ്ചിരിയോടെ പറഞ്ഞു. " ഞാൻ എന്താണ് ചെയ്യേണ്ടത് എന്ന് അമ്മ പറഞ്ഞാൽ മതി ഞാൻ ചെയ്തോളാം,അമ്മ ഇങ്ങു മാറി നിൽക്ക് മായയുടെ കയ്യിൽ നിന്നും ദോശ തവി വാങ്ങാൻ ശ്രമിച്ചുകൊണ്ട് ദേവ പറഞ്ഞു. അവളുടെ അമ്മ വിളിയിൽ മനംകുളിർന്നു നിൽക്കുകയാണ് മായ. നിറകണ്ണുകളോടെ അവളെ തന്നെ നോക്കി നിന്നു അവർ.

" അമ്മയെന്താ ഇങ്ങനെ നോക്കുന്നത്..? "തന്നെ തന്നേ നോക്കി നിൽക്കുന്ന മായയെ നോക്കി അവൾ ചോദിച്ചു. " മോളെന്നെ അമ്മേ എന്ന് വിളിച്ചപ്പോൾ മനസ്സിന് എന്തോ വല്ലാത്ത സന്തോഷം. എനിക്കു ഭാഗ്യമില്ലാതെ പോയത് കൊണ്ടാ മോളെ സ്വന്തം മോളായിട്ട് കിട്ടാതിരുന്നത്. " അവർ നിരാശയോടെ പറഞ്ഞു. "അമ്മ ഇങ്ങോട്ട് മാറി നിൽക്ക് ഇതൊക്കെ ഞാൻ ഉണ്ടാക്കാം. എന്തൊക്കെ ഉണ്ടാക്കണമെന്ന് എനിക്ക് പറഞ്ഞു തന്നാൽ മതി വിഷയം മാറ്റാനായി ദേവ വീണ്ടും പറഞ്ഞു. മായയുടെ കയ്യിൽ നിന്നും തവി വാങ്ങി അവൾ തന്നെ ദോശ ഓരോന്നായി ചുട്ടെടുക്കാൻ തുടങ്ങി. മായ അതുനോക്കി കുറച്ചുസമയം നിന്നു. കുറച്ചുസമയം കഴിഞ്ഞപ്പോൾ അവർ അകത്ത് പോയി ഒരു സാരിയുമായി തിരികെ വന്നു. "ഇനി മോള് പോയി ഒന്ന് ഫ്രഷ് ആയി വന്നോ അപ്പോഴേക്കും ഇതൊക്കെ ഞാൻ റെഡിയാക്കാം.. ഇന്നലെ മുതൽ ഈ സാരിയിൽ തന്നെയല്ലേ...?അത് മാറിയുടുത്തേക്ക് കയ്യിലുള്ള സാരി അവൾക്ക് നേരെ നീട്ടിക്കൊണ്ട് മായ പറഞ്ഞു. മായക്ക് ഒരു പുഞ്ചിരി നൽകി അവൾ ആ സാരിയുമായി ബാത്ത്റൂമിലേക്ക് നടന്നു.

കുളി കഴിഞ്ഞ് തിരികെ ഇറങ്ങിയപ്പോഴേക്കും ആദിമോൻ ഉണർന്ന് കരയാൻ തുടങ്ങിയിരുന്നു. അവന്റെ കരച്ചിൽ കേട്ട് അല്ലിമോളും ഉണർന്നു . രണ്ടുപേരുടേയും കൈയ്യും മുഖവുമൊക്കെ കഴുകി അവരേയും കൊണ്ടവൾ അടുക്കളയിലേക്ക് നടന്നു. അപ്പോഴേക്കും മായ ദോശയും ചമ്മന്തിയും തയ്യാറാക്കിയിരുന്നു. ആദി മോനിപ്പോൾ ചെറുതായിട്ട് കുറുക്ക് അല്ലാത്ത ഭക്ഷണവും കഴിച്ചു തുടങ്ങിയിട്ടുണ്ട്. ദേവ ദോശയെടുത്ത് രണ്ടുപേർക്കും വായിൽ വെച്ച് കൊടുത്തു. മായ അതും നോക്കി കൗതുകത്തോടെ നിന്നു . "കിച്ചുവിന് ശേഷം ഇവിടെ കുട്ടികളുടെ ശബ്ദം ഉയർന്നിട്ടില്ല. അവന്റെയച്ഛൻ മരിച്ചതിനു ശേഷം എന്നെ പലരും മറ്റൊരു കല്ല്യാണത്തിന് നിർബന്ധിച്ചിരുന്നു. പക്ഷേ വീണ്ടുമൊരു വിവാഹത്തിന് എനിക്ക് താല്പര്യമുണ്ടായിരുന്നില്ല. മകനു വേണ്ടി ജീവിച്ചു അവനെ നല്ലനിലയിൽ വളർത്തി നന്നായി പഠിപ്പിച്ചു.ഒരു ജോലിയും വാങ്ങിച്ചു. ഇനി അവൻ ഒരു കല്ല്യാണം കഴിച്ചു കാണണമെന്നാണ് ഏറ്റവും വലിയ ആഗ്രഹം. പക്ഷേ അതും പറഞ്ഞ് അവന്റെയരികിൽ ചെന്നിട്ട് ഒരു കാര്യവുമില്ല എന്നറിയാവുന്നതു കൊണ്ട് ഞാനിപ്പോൾ അതേക്കുറിച്ച് അധികമൊന്നും സംസാരിക്കാറില്ല.

ആമി മോളെ അവനെക്കൊണ്ട് കല്ല്യാണം കഴിപ്പിക്കണം എന്നായിരുന്നു ഞങ്ങളുടെ എല്ലാവരുടേയും ആഗ്രഹം. പക്ഷെ രണ്ടുപേരും ജീവിതത്തിൽ രണ്ടു വഴിക്ക് ചിന്തിച്ചു . രണ്ടുപേരെയും ഈ കാര്യത്തിൽ ഉപദേശിക്കാൻ ഞങ്ങൾക്കും അവകാശമില്ല.പ്രണയത്തിന്റെ വില എത്രയാണെന്നും ആഗ്രഹിച്ചത് കിട്ടിയില്ലെങ്കിൽ അതിന്റെ വേദന എത്രത്തോളമുണ്ടെന്നും എനിക്ക് നന്നായിട്ടറിയാം. അതുകൊണ്ടുതന്നെ ഞാൻ കിച്ചൻ ഒന്നിനും നിർബന്ധിക്കില്ല. അമ്മയുടെ മനസ്സ് മനസ്സിലാക്കി അവൻ എന്ന് ഒരു ജീവിതം തുടങ്ങുന്നോ അത് വരെ ഞാൻ കാത്തിരിക്കും. അതാരായാലും എനിക്ക് ഒരു പ്രശ്നവുമില്ല. "മായ അവസാനം പറഞ്ഞത് ദേവയെ ഒരു പ്രതീക്ഷയോടെ നോക്കി കൊണ്ടായിരുന്നു. അത് മനസ്സിലാക്കിയതുപോലെ ദേവ പെട്ടെന്ന് ശ്രദ്ധ മറ്റൊരിടത്തേക്ക് മാറ്റി . കുറച്ചുസമയം കൂടി മായ അവളോട് വിശേഷം പറഞ്ഞിരുന്നു. ശേഷം കുളി lച്ചു വരാമെന്നും പറഞ്ഞവർ മുറിയിലേക്ക് പോയി. "ഞാൻ ഫ്രഷായി വരുമ്പോഴേക്കും കിച്ചൻ ഉണരുകയാണെങ്കിൽ നീ അവന് ഒരു കപ്പ് ചായ കൊണ്ടു കൊടുക്കണേ മോളെ.... ഉണർന്നാൽ ഒരു കപ്പ് ചായ അവന് നിർബന്ധമാണ്." പോകാൻ നേരം അവർ ദേവയോട് പറഞ്ഞു.

ദേവയത് അനുസരണയോടെ തലയാട്ടി. മായ ഫ്രഷ് ആവാൻ പോയി കുറച്ച് സമയം കഴിഞ്ഞ് കിച്ചു ആരോടോ ഫോണിൽ സംസാരിക്കുന്ന ശബ്ദം കേട്ടു അവൻ ഉണർന്നെന്നവൾക്ക് മനസ്സിലായി. അവൾ ഒരു കപ്പ് എടുത്ത് ഫ്ലാസ്കിൽ നിന്നും ചൂട് ചായ ഒഴിച്ച് അതുമായി അവന്റെ മുറിയിലേക്ക് പോയി . മുറിയിൽ കിച്ചൻ ഉണ്ടായിരുന്നില്ല ബാത്റൂമിൽ നിന്ന് വെള്ളം വീഴുന്ന ശബ്ദം കേട്ടപ്പോൾ മനസ്സിലായി അവൻ അതിനകത്തുണ്ടെന്ന്. അവൾ കയ്യിലിരുന്ന ചായകപ്പ് അവിടെയുള്ള ടീപോയിൽ വെച്ച് പോകാനൊരുങ്ങിയപ്പോഴാണ് ആ മുറി ഒന്ന് ചുറ്റും കണ്ണോടിച്ചത്. ആകെ അലങ്കോലമാക്കി ഇട്ടിരിക്കുന്നു. അത് കണ്ടപ്പോൾ പണ്ട് ഗിരി താമസിച്ച മുറിയാണ് അവൾക്ക് ഓർമ്മവന്നത്. അവൾ സാരി ഒന്ന് ഒതുക്കി കുത്തി വാരിവലിച്ചിട്ടിരിക്കുന്ന മുഷിഞ്ഞ തുണികളെല്ലാമെടുത്ത് ഒരു മൂലയിൽ ഒതുക്കി ബെഡ് നന്നായി കുടഞ്ഞു വിരിച്ചു. തലയണ എടുത്തു കുടഞ്ഞപ്പോഴാണ് അതിൽനിന്നും ഒരു ഫോട്ടോ താഴെ വീണത്. വളരെ കൗതുകത്തോടെയാണ് അവൾ അതെടുത്ത് നോക്കിയതെങ്കിലും അത് കണ്ടപ്പോൾ അവളുടെ മുഖം ഒന്ന് വാടി. ഒരുപാട് പഴക്കം ചെന്ന തന്റെ ഒരു ഫോട്ടോ. അത് എന്ന് എടുത്തതാണെന്ന് പോലും തനിക്ക് നിശ്ചയമില്ല. ഇതെങ്ങനെ സാറിന്റെ കയ്യിൽ വന്നു....??

അവൾ അതിലേക്ക് തന്നെ സൂക്ഷിച്ചു നോക്കുമ്പോഴാണ് ബാത്റൂമിൽ നിന്നും കിച്ചൻ വന്നത്.. ഒരു മുണ്ട് മാത്രമാണ് വേഷം, ആ കൊല്ലത്തിൽ ബാത്റൂമിൽ നിന്നും ഇറങ്ങുമ്പോൾ പ്രതീക്ഷിക്കാതെ ദേവയെ കണ്ടതും അവനാകെ ചമ്മി. കൈകൾകൊണ്ടു പെൺകുട്ടികൾ മാറിടം മറക്കുന്നത് പോലെ അവൻ തന്റെ നെഞ്ചോട് കൈകൾ ചേർത്ത് പൊത്തിപ്പിടിച്ചു. അങ്ങോട്ടാണോ ഇങ്ങോട്ടാണോ ഓടേണ്ടത് എന്നറിയാത്ത ഒരു പരവേശം. അവളുടെ കൈയിലാണെങ്കിൽ താൻ നിധിപോലെ സൂക്ഷിച്ച ആ ഫോട്ടോയും. ദേവയ്ക്ക് പെട്ടെന്നവന്റെ മട്ടും ഭാവവും കണ്ടപ്പോൾ ചിരി വന്നു. പ്രതീക്ഷിക്കാതെ അവനെ ആ കോലത്തിൽ കണ്ട് ജാള്യതയുമുണ്ട് മുഖത്ത്. അവൾ പെട്ടെന്ന് തന്നെ തിരിഞ്ഞു നടന്നു. "കയ്യിലുള്ള ആ ഫോട്ടോ അവിടെ വെച്ചിട്ട് പൊക്കോളു". പെട്ടെന്ന് പുറകിൽ നിന്നും അവന്റെ ശബ്ദം കേട്ടതും അവൾ ഒന്ന് നിന്നു. "ഇതെന്തിനാ സാറിന്...?

ഇതെന്തിന്റെ പേരിലാണെങ്കിലും ഇത് ഇനി സാർ സൂക്ഷിക്കേണ്ട. "അങ്ങനെ സൂക്ഷിക്കേണ്ട എന്ന് പറയാൻ തനിക്ക് ഒരു അവകാശവുമില്ല ഇത് ഞാൻ എന്റെ ഇഷ്ടത്തിന് എന്റെ കയ്യിൽ സൂക്ഷിക്കുന്നതാണ്.ഇതുപോലെ തന്റെ അനുവാദമില്ലാതെ പലതും ഞാൻ സൂക്ഷിക്കുന്നുണ്ട് തന്റെ നല്ല ഓർമ്മകളടക്കം എല്ലാം ഇപ്പോഴും പഴയതുപോലെ ഒരു മങ്ങലും ഏൽക്കാതെ എന്റെയുള്ളിൽ ഇപ്പോഴുമുണ്ട് അതൊന്നും വേണ്ട എന്ന് പറയാൻ തനിക്കെന്നല്ല ഈ ലോകത്ത് മറ്റാർക്കും അവകാശമില്ല. അതൊക്കെ എന്റെ ഇഷ്ടങ്ങളാണ്. തൽക്കാലം താൻ ആ ഫോട്ടോ അവിടെ വെച്ച് പൊക്കോളൂ.. " കുറച്ച് ഗൗരവത്തോടെയുള്ള സാറിന്റെ സംസാരം കേട്ടപ്പോൾ തർക്കിക്കാൻ അവൾക്കു തോന്നിയില്ല. ആ ഫോട്ടോ അവിടെ വെച്ച് അവൾ തിരിഞ്ഞുപോലും നോക്കാതെ ആ മുറിവിട്ടിറങ്ങി..... തുടരും..

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story