💕കാണാച്ചരട് 💕: ഭാഗം 85

kanacharad

രചന: RAFEENA MUJEEB

 " അച്ചുവിന്റെ മോളേയും കൊണ്ട് വെറുതെ കുളപ്പടവിൽ വന്നിരുന്നതാണ് ആമി . ഇപ്പോൾ അധികസമയവും മോള് ആമിയുടെ കൂടെയാണ്. അവളുടെ എല്ലാ കാര്യവും ഇപ്പോൾ ആമി ഏറ്റെടുത്ത പോലെയാണ്. അവളെ കാണുമ്പോഴൊക്കെ ആദിമോനെയാണ് ഓർമ്മ വരുന്നത്. അവനെ കാണാതെ പിടിച്ചുനിൽക്കുന്നത് ഈ മോള് കാരണമാണ്. എല്ലാ ദിവസവും വിളിച്ച് അവരുടെ വിശേഷങ്ങൾ അറിയാറുണ്ട്. അവനെ ഒന്ന് കാണാൻ മനസ്സ് വല്ലാതെ ആഗ്രഹിക്കുന്നുണ്ട്. രണ്ടു ദിവസം കൂടി കഴിഞ്ഞാൽ അവരെ പോയി ഒന്ന് കാണണം. മനസ്സിൽ അവനെ കുറിച്ചുള്ള ഓർമ്മകളുമായി ഇരിക്കുമ്പോഴാണ് അവിടേക്ക് അവളുടെ ഫോണും പിടിച്ചു കൊണ്ട് അച്ചു വന്നത്. "അപ്പുവാണ് ഒരുപാട് നേരമായി വിളിക്കാൻ തുടങ്ങിയിട്ട്, ഈ ഫോണുമായി ഞാൻ ഈ വീട് മൊത്തം അലഞ്ഞു നിങ്ങൾ ഇവിടെ വന്നിരിക്കുകയായിരുന്നോ ....?"

ആമിയെ കണ്ടയുടൻ അച്ചു അവൾക്ക് നേരെ ഫോൺ നീട്ടിക്കൊണ്ട് പറഞ്ഞു.. "ഞങ്ങൾ ചുമ്മാ കറങ്ങാൻ ഇറങ്ങിയതാ...""കുഞ്ഞിനെ ചേർത്തുപിടിച്ചുകൊണ്ട് ആമീ പറഞ്ഞു. "കറങ്ങൽ ഇത്തിരി കൂടുന്നുണ്ട് രണ്ടിനും,ഏതു സമയവും ഇവളേയും എടുത്തു കൊണ്ടു നടന്നാൽ നീ പോയി കഴിഞ്ഞാൽ ഇവൾ പിന്നെ മടിച്ചിയാവും, ഞാനായിരിക്കും കഷ്ടപ്പെടുന്നത് ..." "എന്റെ കുഞ്ഞ് ഒരു മടിച്ചിയും ആവില്ല..ഇവൾ നല്ല കുട്ടിയാ.."" എന്നും പറഞ്ഞ് ആമി അവളെ ചേർത്ത് പിടിച്ച് ഒരു ഉമ്മ കൊടുത്തു . "മതി രണ്ടാളും കൂടി കിന്നാരം പറഞ്ഞത്. നീ മോളെ ഇങ്ങു താ... അപ്പുവുമായി സംസാരിച്ചിട്ട് വേഗം അങ്ങ് വാ അവളുടെ കയ്യിൽ ഫോൺ കൊടുത്ത് അച്ചു കുഞ്ഞുമായി പോയി. " അവിടെ ചെന്നപ്പോൾ നിനക്കെന്നെ ഓർമ്മപോലും ഇല്ലാതായി അല്ലേടീ....??ഫോണെടുത്തയുടൻ അപ്പുവിന്റെ പരാതിയാണ് ആദ്യം കേട്ടത്.. അവളെ ഒന്ന് സമാധാനിപ്പിച്ച്‌ വന്നപ്പോഴേക്കും ഒരുപാട് സമയമെടുത്തു. അവിടെ നടന്ന വിശേഷങ്ങൾ ഓരോന്നും ആമി അവളെ വിശദമായി തന്നെ പറഞ്ഞു കേൾപ്പിച്ചു.

ക്ഷമയുടെ കാര്യം അറിഞ്ഞതും ബാധകേറിയ പോലെയായിരുന്നു അപ്പുവിന് അവളെ കൊല്ലാനുള്ള ദേഷ്യമുണ്ടായി .. "അതൊക്കെ അതിന്റെ വഴിക്ക് വിട് ഇവിടെയുള്ള കാര്യങ്ങൾ ഞങ്ങൾ ശ്രദ്ധിച്ചോളാം എന്തിനും എന്റെ കൂടെ അച്ചുവില്ലേ.... നീ കാളിയാർ മഠത്തിലെ പുതിയ വിശേഷങ്ങൾ പറ..!!" "കാളിയാർ മഠമിപ്പോൾ എന്റെ കയ്യിലല്ലേ...? ഇതെല്ലാം എന്നെ ഏൽപ്പിച്ചവർ തീർത്ഥാടനത്തിന് പോയിരിക്കുകയാണ്.. വരുമ്പോഴേക്കും ഇത് ഞാൻ കുട്ടിച്ചോറാക്കി കയ്യിൽ കൊടുക്കും.." അപ്പു ഒരു പുഞ്ചിരിയോടെ പറഞ്ഞു. " കിച്ചൻ വിളിച്ചപ്പോൾ കാര്യങ്ങൾ പറഞ്ഞിരുന്നു അവർ പോയ തക്കത്തിന് ഇന്നലെ ദേവയുമായി കാളിയാർമഠത്തിൽ പോയി കർമ്മങ്ങളെല്ലാം ചെയ്തു." "ഞാൻ ദേവയെ വിളിച്ചിരുന്നു കാര്യങ്ങളെല്ലാം അവൾ പറഞ്ഞു ഇന്നലെ സാറിന്റെ വീട്ടിലായിരുന്നു രാത്രി, രാവിലെ നിന്റെ വീട്ടിലേക്ക് തിരിക്കും എന്നാണ് പറഞ്ഞത് ". "എന്താ നിന്റെ പ്ലാൻ...? അവിടെ എന്തു മാറ്റങ്ങളാണ് അവർ വരുമ്പോഴേക്കും നീ ചെയ്യാനുദ്ദേശിക്കുന്നത്....?" അവർ പോയത് മുതൽ ഞാനിവിടെ എനിക്ക് വേണ്ട കാര്യങ്ങൾ അന്വേഷിക്കുകയാണ്..

ആവശ്യമുള്ള പല രേഖകളും എന്റെ കയ്യിൽ കിട്ടി കഴിഞ്ഞു. ആദ്യം വേണ്ടത് ദേവ വരുന്നതുവരെ ഇനി ഈ കാളിയാർ മഠത്തിലെ ഒരു ചില്ലി പൈസ പോലും അവർ എടുക്കാൻ പാടില്ല.!! ഒരു രൂപ പോലും കുറയാതെ എല്ലാം ദേവയുടെ കൈയിൽ തന്നെ എത്തിച്ചേരണം.. ഇവിടെ രണ്ടു വിഭാഗം തൊഴിലാളികൾ ഉണ്ട് ഒന്ന് ഇവരോട് കൂറുള്ളവർ... ഒന്ന് പഴയ മാനേജ്മെന്റ് ഇഷ്ടപ്പെടുന്നവർ. ഇവരുടെ കയ്യിൽ കാളിയാർ മഠം വന്നതിനുശേഷം പല ആനുകൂല്യങ്ങളും ഇവർ വെട്ടിക്കുറച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇവർക്കെല്ലാവർക്കും ആരോഹിയോടും നകുലനോടും അഖിലിനോടും ഉള്ളിൽ നല്ല അമർഷമുണ്ട്. ഗതികേട് കൊണ്ട് അവരെ അനുസരിച്ച് നിൽക്കുന്നതാണ് പലരും. ഭൂരിഭാഗം വരുന്ന തൊഴിലാളികളും ഈ ഗണത്തിൽ പെട്ടവരാണ്. അതുകൊണ്ട് തന്നെ ഇവരുടെ ഉള്ളിൽ ആവശ്യത്തിന് പ്രതിഷേധത്തിന്റെ വിത്തുകൾ ഞാൻ പാകിയിട്ടിട്ടുണ്ട്. ഇനി അവർ വരുമ്പോഴേക്കും ഞാൻ വെള്ളം നനച്ച് അതു മുളപ്പിക്കും . തൊഴിലാളികളെ ഇളക്കി വിട്ട് കമ്പനിക്ക് നേരെ സമരം നടത്തണം.

അതുവഴി കോടതിയില്നിന്നും സ്റ്റേ ഓർഡർ മേടിക്കണം സ്വത്തുക്കളെല്ലാം കോടതി മുഖാന്തരം മരവിപ്പിക്കണം. അഞ്ചു പൈസ പോലും ഇവർക്ക് ഉപയോഗിക്കാൻ പറ്റാത്ത രീതിയിൽ കാര്യങ്ങൾ എത്തിക്കണം. അങ്ങനെ ചെയ്താൽ അവരെ സാമ്പത്തികമായി തളർത്താൻ നമുക്ക് സാധിക്കും... അങ്ങനെ അവർ തളർന്നു നിൽക്കുന്ന സമയത്ത് നമുക്ക് അടുത്ത് കൊട്ടു കൊടുക്കാണം. എങ്ങനെയുണ്ട് കാര്യങ്ങൾ..? "അപ്പു പ്രതീക്ഷയോടെ ചോദിച്ചു. "സംഭവം കൊള്ളാം പക്ഷേ ഇതൊക്കെ നമ്മൾ പ്രതീക്ഷിച്ചത് പോലെ തന്നെ നടക്കണം."" തുടക്കത്തിലെ നീ ഇങ്ങനെ നെഗറ്റീവ് അടിക്കല്ലേ ടീ...!!"എനിക്ക് നിയമ പിന്തുണകളും ഉപദേശവുമായി അനിരുദ്ധ് സാർ എന്റെ കൂടെ തന്നെയുണ്ട് അതുകൊണ്ട് എന്റെ ചുവടുകളൊന്നും പിഴക്കില്ല എന്ന ഉറച്ച വിശ്വാസം എനിക്കുണ്ട്.. നീ ധൈര്യമായിട്ടിരിക്ക്.." "സൂക്ഷിക്കണം അവർക്ക് ഒരു ചെറിയ സംശയം പോലും വന്നാൽ അത് നിന്റെ ജീവനെ പോലും ബാധിക്കും അത് കൊണ്ട് ഓരോ ചുവട് വെയ്ക്കുമ്പോഴും നല്ല ശ്രദ്ധ വേണം."

"അതൊക്കെ ഞാൻ ശ്രദ്ധിക്കുന്നുണ്ട് മോളെ...നീ അവിടുത്തെ കാര്യങ്ങൾ ശ്രദ്ധിക്കുക. ഇവിടെ എല്ലാം റെഡിയാവുമ്പോഴേക്കും നിന്റെ കൂടെ നിന്റെ അരവി ഉണ്ടായിരിക്കണം." അതൊക്കെ എന്തായിത്തീരുമെന്ന് എനിക്ക് ഒരറിവുമില്ല. തനവ് അരവിയാണെന്ന് ഉറപ്പിക്കുന്ന ഒരു തെളിവും എനിക്ക് ഇതുവരെ കിട്ടിയിട്ടില്ല. എല്ലാം എന്റെ തോന്നലാണെങ്കിൽ ഇവിടെ ഞാൻ തോറ്റുപോകും. ഇനിയൊരു അംഗത്തിന് പോലും കഴിയാതെ ഞാൻ തളർന്നുപോകും"". ആമി നിരാശയോടെ പറഞ്ഞു. അതൊക്കെ നിന്റെ വെറും തോന്നലാണ്, നീ തളരാതിരുന്നാൽ മതി അത് അരവിയാണെങ്കിൽ സത്യം മാത്രമേ ജയിക്കു... അതിനുള്ള വഴി ഈശ്വരൻ തന്നെ നിന്റെ മുൻപിൽ കൊണ്ടു തരും അപ്പു അവളെ ആശ്വസിപ്പിച്ചു. രണ്ടുപേരുടെയും സംസാരം ഒരുപാട് നേരം നീണ്ടു. വിശേഷങ്ങൾ പറഞ്ഞ് അവസാനിപ്പിച്ച് ആ ഫോൺ കട്ട് ചെയ്യുമ്പോൾ ആമിയിൽ പഴയതിലും ആത്മവിശ്വാസം ഉണ്ടായതു പോലെ തോന്നി അവൾക്ക്. ************ " ദേവ യാത്ര പറഞ്ഞ് ഇറങ്ങിയപ്പോൾ മായക്ക് വല്ലാത്ത വിഷമം തോന്നി.

അവളും കുഞ്ഞുങ്ങളും വന്നതിനുശേഷം വീട്ടിൽ ഒരു ആളും അനക്കവുമൊക്കെ ഉണ്ടായതാണ്.. ഒരു ദിവസമെങ്കിലും അവളെ അവിടെ നിർത്തണം എന്നായിരുന്നു ആഗ്രഹം പക്ഷേ ജാനകി അവിടെ തനിച്ചായതു കൊണ്ട് അത് നടക്കില്ല. അവരുടെ കാർ കണ്ണിൽ നിന്നും മറയുന്നത് വരെ മായ നോക്കിനിന്നു. ജാനകി ദേവ വരുന്നതും നോക്കി ഉമ്മറത്ത് തന്നെ ഇരിപ്പാണ് .. അവളും മക്കളും പോയതിനുശേഷം വീട് ഉറങ്ങിയത് പോലെയാണ്. ഒന്നിനും ഒരു ഉഷാറില്ല. അവൾ കർമ്മങ്ങൾ ചെയ്യാൻ ആണെന്നും പറഞ്ഞ് ഈ വീടിന്റെ പടി ഇറങ്ങിയപ്പോൾ തന്നെ ഉള്ളിൽ നല്ല ആദിയുണ്ടായിരുന്നു. അവരെങ്ങാനും തിരിച്ചു വന്നാൽ എല്ലാം അവിടെ അവസാനിക്കും. പക്ഷേ അവളുടെ ഏറ്റവും വലിയ ഒരു ആഗ്രഹമാണ് അല്ലിമോളെ കൊണ്ട് അവളുടെ അച്ഛന്റെ കർമ്മങ്ങൾ ചെയ്യിക്കുക എന്നത്. അതിന് ഒരിക്കലും താൻ എതിരു നിൽക്കാൻ പാടില്ല അതുകൊണ്ട് മാത്രം ആരെയും ഒന്നും അറിയിച്ചില്ല. പിന്നീട് വൈകിട്ട് അവർ അവിടെ നിൽക്കുകയാണെന്ന് കിച്ചു വിളിച്ചു പറഞ്ഞപ്പോൾ ഒരുപാട് എതിർത്ത് നോക്കിയതാണ്.

തന്റെ ഉള്ളിലെ പേടി അവനെ അറിയിച്ചതാണ്. തന്റെ അതേ ആദി അവനും ഉണ്ടെന്നും അവളുടെ വലിയൊരു ആഗ്രഹമല്ലേ അതിനെതിര് നിൽക്കാൻ തോന്നിയില്ല എന്നും അവൻ പറഞ്ഞപ്പോൾ അവന്റെ തീരുമാനത്തോട് യോചിക്കയല്ലാതെ വേറെ നിവൃത്തിയില്ലായിരുന്നു. ഇനി അവൾ വന്നു കയറാതെ ഒരു സമാധാനവുമില്ല. രാവിലെ നേരാംവണ്ണം ഭക്ഷണം പോലും കഴിച്ചിട്ടില്ല. അവരെ നോക്കിയുള്ള ഇരിപ്പാണ് കുറച്ചുസമയം കഴിഞ്ഞപ്പോൾ അവരെയും കൊണ്ട് കിച്ചന്റെ കാർ ഗേറ്റ് കടന്നു വന്നു. അവരെ നേരിൽ കണ്ടപ്പോഴാണ് ജാനകിയുടെ ശ്വാസം നേരെ വീണത്. കിച്ചൻ അവരെ അവിടെ വിട്ട് നേരെ കോളേജിലേക്ക് പോയി. ************ " ഇതെന്താ മുത്തശ്ശിയെ ഇന്ന് പുറത്തേക്ക് ഒന്നും കണ്ടില്ലല്ലോ..? ഇതിനുള്ളിൽ തന്നെ ചടഞ്ഞിരിപ്പാണോ രാവിലെ തൊട്ട്..?" തന്റെ മുറിയിലിരുന്ന് രാമനാമം ചൊല്ലി കൊണ്ടിരിക്കുന്ന മുത്തശ്ശിയുടെ അടുത്തേക്ക് വന്നുകൊണ്ട് അച്ചു ചോദിച്ചു .

"വയ്യ കുട്ട്യേ...പണ്ടത്തെപ്പോലെ ഓടിച്ചാടി നടക്കാനൊന്നും. നാളും പ്രായമൊക്കെ ഏറി വര്യാല്ലേ..? അതിന്റേതായ അവശതകളുമുണ്ട്.. "ആരു പറഞ്ഞു എന്റെ മുത്തശ്ശിക്ക് വയസ്സായെന്ന് , മുറ്റത്തശ്ശിയ്ക്ക് ഒരു കുഴപ്പവുമില്ല."!! " അതെന്നോടുള്ള സ്നേഹം കൊണ്ട് തോന്നുന്നതാ, പണ്ടത്തെപ്പോലെ എനിക്ക് ഒട്ടും ആരോഗ്യമില്ല കണ്ടോ കാലൊക്കെ നീര് വന്നിരിക്കുന്നത്.!" അവർ തന്റെ കാലുയർത്തി കൊണ്ട് അച്ചുവിനോട് പറഞ്ഞു. "അതിങ്ങനെ ഈ മൂലയ്ക്ക് ഒതുങ്ങി കൂടിയിരിക്കുന്നത് കൊണ്ടാണ് , വയ്യാ വയ്യാ എന്ന് മനസ്സിനോട് പറഞ്ഞാൽ അത് കൂടുതൽ വയ്യായ്ക തിരിച്ചു തരും. എന്നാൽ എനിക്ക് ഒരു കുഴപ്പവുമില്ല എന്നും പറഞ്ഞ് ഓടിച്ചാടി നടന്നാൽ മനസ്സ് കൂടുതൽ ഉഷാറാവും ശരീരം ചുറുചുറുക്കോടെ പ്രവർത്തിക്കും.." " ഒന്ന് പോടീ... എന്റെ വയ്യായ്ക എനിക്കേ അറിയൂ... ആരെയും ബുദ്ധിമുട്ടിക്കാതെ പെട്ടെന്ന് കണ്ണടയ്ക്കണം എന്നേയുള്ളൂ... അതിനുമുമ്പ് തനുവിന്റെയെങ്കിലും കല്ല്യാണം കാണണം. നിന്റെ കല്ല്യാണം കഴിഞ്ഞ് കൊച്ചുമോളേയും കാണാനുള്ള ഭാഗ്യം കിട്ടി,

ഇനി തനവിന്റെ കല്ല്യാണമെങ്കിലും ഒന്ന് കണ്ടാൽ മതി എന്നിട്ട് കണ്ണടച്ചാലും എനിക്കൊരു കുഴപ്പവുമില്ല.!!" തനുവിന്റെ കല്ല്യാണം കഴിഞ്ഞ് ഹൃദു മോളുടെ കൂടി കല്ല്യാണം കഴിഞ്ഞ് അവരുടെ കൊച്ചുമക്കളെയും കണ്ടിട്ടേ മുത്തശ്ശി കണ്ണടക്കുകയുള്ളൂ.. അതുവരെ ഞങ്ങളാരും മുത്തുവിനെ എങ്ങും വിടില്ല." "നിനക്കങ്ങനെ പറയാം.. ഇത് എക്സ്പെയറി ഡേറ്റ് കഴിയാറായി എന്ന് എനിക്കറിയാം.. താനൂന്റെ കാര്യം ആലോചിക്കുമ്പോൾ ഒരു വിഷമം.. ആ കുട്ടി അവന് ഒരുതരത്തിലും യോചിക്കില്ല എന്ത് കണ്ടിട്ടാ മഹേഷ് അവനുവേണ്ടി അങ്ങനെയൊരാളെ തിരഞ്ഞെടുത്തത്....?? അവന് ചേരുന്ന കുട്ടി ആമിയെ പോലുള്ള ഒരു പാവം കുട്ടിയായിരുന്നു.. അവളെ പോലെ ഒരു കുട്ടി മരുമകളായി വരികയാണെങ്കിൽ ഞാൻ എത്ര സന്തോഷിച്ചേനെ.. ഇനി പറഞ്ഞിട്ട് കാര്യമില്ലല്ലോ...??"അവർ നിരാശയോടെ പറഞ്ഞു. ആ സമയം അതുവഴി നടന്നു പോകുന്ന ക്ഷമ വിഷയം തന്നെ കുറിച്ചാണെന്നറിഞ്ഞതും മുറിക്ക് പുറത്ത് ചെവികൾ കൂർപ്പിച്ച് പതുങ്ങിനിന്നു. ആമിയെ കുറിച്ച് പറയുന്നത് കേട്ടതും അവൾ ദേഷ്യം കൊണ്ട് പല്ലുകൾ കടിച്ചമർത്തി നിന്നു.

" അതിനിനിയും സമയമുണ്ടല്ലോ..? അവരുടെ വിവാഹമൊന്നും കഴിഞ്ഞിട്ടില്ല ല്ലോ..? ആമിയെ വേണമെങ്കിൽ നമുക്ക് തനൂനെകൊണ്ട് കല്യാണം കഴിപ്പിക്കാം." അച്ചു മുത്തശ്ശിയുടെ മനസ്സറിയാൻ വേണ്ടി ഒന്ന് എറിഞ്ഞു നോക്കി. "അതൊരിക്കലും നടക്കില്ല മോളെ.. നീയൊക്കെ എത്രതന്നെ പറഞ്ഞാലും താലിയില്ലാതെ ഒരു പെൺകുട്ടി അമ്മയാകുന്നത് അവളുടെ സ്വഭാവദൂഷ്യം കൊണ്ട് തന്നെയാണ്. വിവാഹം എന്നത് പവിത്രമാക്കപ്പെട്ട ഒന്നാണ്. അതിന്റെ പിൻബലമില്ലാതെ ഒരു പെൺകുട്ടി അമ്മയായാൽ അവൾ സമൂഹത്തിനു മുന്നിൽ എന്നും പിഴച്ചവളാണ്. അങ്ങനെയൊരുവളെ എനിക്ക് മരുമകളായിട്ട് വേണ്ട. എത്രയൊക്കെ നല്ല സ്വഭാവമുണ്ടെങ്കിലും ഈ കാര്യത്തിൽ അവളെ എനിക്ക് അംഗീകരിക്കാൻ വയ്യ.!!" അവരുടെ സംസാരം കേട്ടതും അച്ചുവിന്റെ മുഖത്ത് നിരാശ പടർന്നു.. പുറത്തുനിന്ന് എല്ലാം കേട്ടുകൊണ്ടിരുന്ന ക്ഷമയ്ക്ക് ഇതൊരു ലോട്ടറിയായിരുന്നു. കേട്ട കാര്യം വിശ്വസിക്കാനാവാതെ അവൾ നിന്നു. "ഓഹോ കുലസ്ത്രീ.. കുലസ്ത്രീ എന്നും പറഞ്ഞ് എല്ലാവരും പൊക്കിപ്പിടിച്ചുകൊണ്ട് നടന്നിരുന്നവളുടെ തനിസ്വഭാവം ഇതായിരുന്നോ .....? ഇന്നത്തോടെ അവളുടെ അഹങ്കാരം ഞാൻ തീർത്തുകൊടുത്തിട്ട് തന്നേ കാര്യം..! കുറച്ചുദിവസമായി അവൾ തന്റെ മുൻപിൽ വലിയ ആളാവാൻ നോക്കുന്നു. തനവിന്റെ മുൻപിലിട്ട് തന്നെ അവളെ ഇന്ന് ഞാൻ വലിച്ചു കീറും. ക്ഷമ ഒരു വിജയിയെ പോലെ ഗൂഢമായി ഒന്ന് പുഞ്ചിരിച്ചു ..... തുടരും..

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story