💕കാണാച്ചരട് 💕: ഭാഗം 87

kanacharad

രചന: RAFEENA MUJEEB

 " തനവിന്റെ കാർ കണ്ണിൽ നിന്നും മറയുന്നത് വരെ അച്ചു ആ മുറ്റത്ത് തന്നെ നിന്നു. അവർ പോയതും ഒരു പുഞ്ചിരിയോടെ അകത്തേക്ക് കയറാൻ തുടങ്ങുമ്പോഴുണ്ട് വാലിനു തീ പിടിച്ച പോലെ ക്ഷമ അങ്ങോട്ടേക്ക് ഓടിവരുന്നു. "എവിടേക്കാണവർ രണ്ടുപേരും പോകുന്നത്...?നീ എങ്ങോട്ടാ അവരെ രണ്ടുപേരെയും പറഞ്ഞു വിട്ടത്...? വന്നയുടൻ അവൾ അച്ചുവിനെ തടഞ്ഞു നിർത്തി ചോദിച്ചു. അവർ എവിടേക്കാണ് പോകുന്നതെന്ന് എനിക്കെങ്ങനെ അറിയും...?എന്നോട് പറഞ്ഞിട്ടില്ല അവർ പോയത്...?നിനക്ക് വല്ലതും അറിയണമെങ്കിൽ അവനെ വിളിച്ചു ചോദിച്ചോ...? " അവളെ നോക്കി പുച്ഛത്തോടെ അത്രയും പറഞ്ഞ് അച്ചു അകത്തേക്ക് കയറി. "ടീ....!!നിക്കടി അവിടെ..!! അവൾക്കു പുറകെ ഓടിവന്ന ക്ഷമ അവളെ തടഞ്ഞു നിർത്തികൊണ്ടലറി. " നിനക്കറിയില്ലേ അവർ എങ്ങോട്ടാണ് പോയതെന്ന്...?സത്യം പറയെടീ...!!"അവളെ പിടിച്ചു കുലുക്കി കൊണ്ട് ക്ഷമ ചോദിച്ചു. അച്ചു അവളെ രൂക്ഷമായി ഒന്ന് നോക്കി തന്റെ ചുമലിൽ പിടിച്ച അവളുടെ ഇരുകൈകളും എടുത്തുമാറ്റി.

എനിക്ക് നന്നായിട്ടറിയാം അവർ എങ്ങോട്ടാണ് പോയതെന്നും എപ്പോഴാണ് തിരിച്ചുവരികയെന്നും പക്ഷേ എനിക്കത് പറയാൻ സൗകര്യമില്ല നീ എന്താന്ന് വെച്ചാൽ ചെയ്തോ...?? "'അവളെ നോക്കി പരിഹാസത്തോടെ അച്ചു പറഞ്ഞു "എനിക്കറിയാം നീയൊക്കെ കൂടി ഒരുമ്പെട്ടിറങ്ങിയിരിക്കുകയാണെന്ന്. നിന്റെ മനസ്സിലിരിപ്പ് എന്താണെന്ന് എനിക്ക് നല്ലപോലെ അറിയാമെടീ പക്ഷേ അതൊന്നും നടക്കാൻ പോകുന്നില്ല." "നടക്കുമോ ഇല്ലയോ എന്നൊക്കെ നമുക്ക് കണ്ടറിയാം. അതിനൊക്കെ ഇനിയും സമയമുണ്ടല്ലോ..?? തൽക്കാലം മോളൊന്ന് എന്റെ മുന്നിൽ നിന്നും മാറി നിൽക്ക് എനിക്ക് പോയിട്ട് വേറെ പണിയുണ്ട്." അവളെ തട്ടിമാറ്റി പോകാൻ തുടങ്ങിയ അച്ചുവിനെ അവൾ വീണ്ടും പിടിച്ചു നിർത്തി. "പറയാതെ നിന്നെ വിടില്ല ഞാൻ മര്യാദയ്ക്ക് പറയുന്നതാണ് നല്ലത് അല്ലെങ്കിൽ ഈ ക്ഷമ വാര്യർ ആരാണെന്ന് നീ അറിയും." ക്ഷമ ദേഷ്യത്തോടെ പറഞ്ഞു. "എങ്കിൽ പിന്നെ അതൊന്നറിഞ്ഞിട്ട് തന്നെ കാര്യം. എനിക്ക് പറയാൻ സൗകര്യമില്ല നീ എന്താന്നുവെച്ചാൽ ചെയ്യ് അച്ചു".

തന്റെ ഇരുകൈകളും കെട്ടി അവൾക്കു മുൻപിൽ ഗർവ്വോടെ നിന്നു. "എടീ നിന്നെ ഞാൻ.."ക്ഷമ ദേഷ്യത്തോടെ അലറി.. " ഒന്ന് പോടീ ഈ ഓലപ്പാമ്പ് കണ്ടാലൊന്നും ഞാൻ പേടിക്കില്ല" അച്ചു അവളെ നോക്കി പരിഹാസത്തോടെ ചിരിച്ചു. " എന്താ ഇവിടെ ഒരു ബഹളം..? എന്താ മക്കളെ നിങ്ങളുടെ പ്രശ്നം..? അവരുടെ ബഹളം കേട്ട് കൊണ്ട് അതിഥി മുഖം ചുളിച്ചു കൊണ്ട് അങ്ങോട്ട് വന്നു. അതിഥിയെ കണ്ടതും ക്ഷമ മുഖത്ത് സങ്കടം വരുത്തി അവൾക്ക്രികിലേക്ക് ഓടി . "ആന്റി കണ്ടോ.. തനു ആ ഒരുമ്പെട്ടവളുമായിട്ട് പുറത്തു പോയിരിക്കുകയാണ്.. എങ്ങോട്ടാ പോയതെന്ന് ചോദിച്ചിട്ട് ഇവളൊട്ടു പറയുന്നുമില്ല. ആന്റി ഒന്ന് ചോദിക്കിവളോട്.." "എന്താ ക്ഷമ മറ്റുള്ള കുട്ടികളെ അങ്ങനെയാണോ വിളിക്കുന്നത്..? നിനക്ക് കുറച്ചുകൂടി മര്യാദ ആയിക്കൂടെ..?' അതിഥി കുറച്ച് ഗൗരവത്തോടെ അവളെ നോക്കി ചോദിച്ചു. "തനു എവിടേക്കാ പോയതെന്നറിയാത്ത ടെൻഷനിൽ പറഞ്ഞുപോയതാണ് ആന്റി... ആന്റി ഒന്ന് ചോദിക്കിവളോട് അവൻ എങ്ങോട്ടാണ് പോയതെന്ന്...? അവൾ വിഷമത്തോടെ അതിഥിയുടെ കയ്യിൽ പിടിച്ചു കൊണ്ട് പറഞ്ഞു. " തനു പുറത്തേക്ക് പോയോ...? അതെന്തേ അവൻ എന്നോട് പറയാതെ പുറത്തേക്ക് പോയത്..? നിന്നോടും ഒന്നും പറഞ്ഞില്ലേ..?

ഇതൊന്നും അവനിൽ പതിവില്ലാത്തതാണല്ലോ...?" ക്ഷമയെ നോക്കി അതിഥി സംശയത്തോടെ ചോദിച്ചു. " ഞാൻ മുറിയിലായിരുന്നു കാറിന്റെ ശബ്ദം കേട്ട് പുറത്തേക്ക് ഓടി വന്നപ്പോഴേക്കും വണ്ടി പോയിക്കഴിഞ്ഞിരുന്നു ഇവളു മാത്രമേ ഇവിടെ നിൽപ്പുണ്ടായിരുന്നുള്ളൂ.. ഇവൾക്കറിയാം കാര്യം..!! എങ്ങോട്ടാ പോയതെന്ന് ഇവളോട് ചോദിച്ചു നോക്ക് ആന്റി അച്ചുവിനെ നോക്കി ക്ഷമ പറഞ്ഞു. " നിന്നോട് പറഞ്ഞോ മോളെ അവൻ എങ്ങോട്ടാ പോകുന്നതെന്ന്..??" " ഇല്ല മാമി!! എവിടേക്കാ പോകുന്നതെന്ന് എന്നോട് പറഞ്ഞിട്ടില്ല. പുറത്തേക്ക് പോവുകയാണെന്ന് പറഞ്ഞപ്പോൾ എങ്ങോട്ടാ എന്തിനാ എന്നൊന്നും ചോദിക്കേണ്ട കാര്യം എനിക്കില്ലല്ലോ..? ഇവളെ പോലെ അതിന്റെ ആവശ്യം എനിക്കെന്താണ്..? ക്ഷമയെ നോക്കി വീണ്ടും പരിഹാസത്തോടെ അച്ചു പറഞ്ഞു. " വെറുതെ പറയുകയാ ആന്റീ ഇവളുടെ കൂട്ടുകാരിയെ കൂടി ഇവൾ തനുവിന്റെ കൂടെ പറഞ്ഞു വിട്ടിട്ടുണ്ട്." അച്ചുവിനെ രൂക്ഷമായി നോക്കി ക്ഷമ പറഞ്ഞു. " ആമി മോൾ കൂടി പോയിട്ടുണ്ടോ തനൂന്റെ കൂടെ..??

"അതിഥി വിശ്വാസം വരാതെ അച്ചുവിനെ നോക്കി. "തനു പുറത്തേക്ക് പോവുകയാണെന്ന് പറഞ്ഞപ്പോൾ ആമിക്ക് ലൈബ്രറിയിൽനിന്ന് അത്യാവശ്യമായ രണ്ട് ബുക്ക് എടുക്കേണ്ടതുണ്ടായിരുന്നതുകൊ ണ്ടാണ് അവളെ ഞാൻ അവന്റെ കൂടെ പറഞ്ഞു വിട്ടത്. ഒറ്റയ്ക്ക് വിടാൻ മനസ്സനുവദിച്ചില്ല മോളെയും കൊണ്ട് ഞാനങ്ങനെയാണ് പുറത്തൊക്കെ കറങ്ങാൻ പോകുന്നത്..? അതുകൊണ്ടാണ് അവനോട് ചോദിച്ചപ്പോൾ അവൻ കൊണ്ടുപോകാം എന്നും പറഞ്ഞു. അവന്റെ കൂടെ പോകണമെന്നവൾക്ക് ഒട്ടും മനസ്സില്ല ഞാൻ അവളെ നിർബന്ധിച്ച് പറഞ്ഞു വിട്ടതാണ്." " അതിനിപ്പോ എന്താ മോളെ അവൾ അവന്റെ കൂടെയൊന്ന് പോയെന്ന് വെച്ച് ആകാശമൊന്നും ഇടിഞ്ഞു വീഴില്ല. ഒരേ വീട്ടിൽ താമസിക്കുന്നവരല്ലേ..? പരസ്പരം സ്നേഹവും സഹകരണവുമുണ്ടായെന്നു വെച്ച് ഒരു പ്രശ്നവുമില്ല. "അതിഥി ശാന്തമായി അച്ചുവിനെ നോക്കിക്കൊണ്ട് പറഞ്ഞു. "ഇതിനാണോ ക്ഷമേ നീയിങ്ങനെ കിടന്ന് തുള്ളുന്നത്...?അവർ പോയപോലെ ഇപ്പോൾ തന്നെ തിരിച്ചു വരും നീ ഒന്നടങ്ങ് ക്ഷേമ..."

ക്ഷമയെ ചേർത്തുപിടിച്ചുകൊണ്ട് അതിഥി പറഞ്ഞു. "അതിനെനിക്കൊരു പ്രശ്നവുമില്ല ആന്റി എവിടെക്കാണ് തനു പോകുന്നതെന്നറിയാത്തതിലുള്ള ടെൻഷനെ ഉണ്ടായിരുന്നുള്ളൂ. എനിക്കും അത്യാവശ്യമായ പുറത്ത് പോകേണ്ടതുണ്ട്. ഇപ്പോൾ ഇറങ്ങിയാൽ തിരിച്ചു വരുമ്പോൾ അവന്റെ കൂടെ വരാം. ഞാൻ പോയിട്ട് വേഗം വരാം." എന്നും പറഞ്ഞ് അച്ചുവിനെ ഒന്നു രൂക്ഷമായി നോക്കി ക്ഷമ പുറത്തേക്കോടി. "ഈ പെണ്ണിന്റെ ഒരു കാര്യം അവനോടുള്ള സ്നേഹം കൂടിയിട്ടാ ഈ കാട്ടിക്കൂട്ടുന്നതൊക്കെ.... മോള് അതൊന്നും കാര്യമാക്കേണ്ട." അച്ചുവിന്റെ നെറുകയിൽ സ്നേഹത്തോടെ തലോടിക്കൊണ്ട് അതിഥി അതും പറഞ്ഞ് അകത്തേക്ക് പോയി. " നാശം അവർ അവിടെ എത്തുമ്പോഴേക്കും അവൾ അവിടെയെത്തും.രണ്ടുപേർക്കും ഒന്ന് സ്വസ്ഥമായി സംസാരിക്കാനുള്ള സമയം പോലും കൊടുക്കില്ല ഈ പിശാച്.." ക്ഷമ പോയ വഴിയെ നോക്കി ദേഷ്യത്തോടെ പുറുപുറുത്തു കൊണ്ട് അച്ചു അകത്തേക്ക് കയറിപ്പോയി. ************ " പരസ്പരമൊന്നും സംസാരിക്കാനില്ലാതെ തനവും ആമിയും അടുത്തടുത്തിരുന്ന് വീർപ്പുമുട്ടി.

അവളോട് എന്തൊക്കെയോ ചോദിക്കണമെന്നുണ്ട് തനുവിന്. പക്ഷേ നേരത്തെ കണ്ട അവളുടെ ദേഷ്യത്തോടെയുള്ള മുഖമോർത്തപ്പോൾ ഒന്നും വേണ്ടായെന്ന് അവനു തോന്നി. അവൻ എന്തെങ്കിലും തന്നോട് ചോദിച്ചെങ്കിൽ എന്ന് ആമിയും വല്ലാതെ ആഗ്രഹിച്ചു . മനസ്സിൽ പരസ്പരം ഒരുപാട് സംസാരിക്കാൻ കൊതിച്ചുകൊണ്ട് തന്നെ രണ്ടുപേരും ആ യാത്ര തുടർന്നു. ടൗണിലെത്തിയപ്പോൾ ആദ്യം കണ്ട ലൈബ്രറിയിലേക്ക് തന്നെ ആമി ചൂണ്ടിക്കാണിച്ചു. തനവ് അതിനരികിൽ വണ്ടി പാർക്ക് ചെയ്തു. ഈശ്വരാ നേരെചൊവ്വേ ഒരു ബുക്കുപോലും മര്യാദയ്ക്ക് വായിക്കാത്ത താൻ ഇവിടെ വന്നിട്ട് എന്ത് കാണിക്കാനാ....?അവൾ ലൈബ്രറിക്കു മുൻപിൽ പകച്ചു നിന്നു. "വാ.. അകത്തേക്കു പോകാം തനു അവളെയും വിളിച്ച് മുൻപിൽ നടന്നു. അവൾ അവനു പുറകെ മടിച്ചുമടിച്ച് ലൈബ്രറിയിലേക്ക് കയറി. ഒരുപാട് പുസ്തകങ്ങൾക്കിടയിൽ നിന്നും ഏതെടുക്കണമെന്ന സംശയത്തോടെ അവൾ ഓരോ ബുക്കിലൂടെയും കൈകൾ പരാതി കൊണ്ടിരുന്നു. "താൻ ഒരുപാട് വായിക്കുന്ന കൂട്ടത്തിലാണോ..?? "അവൾ ചെയ്യുന്ന ഓരോ പ്രവർത്തിയും സസൂക്ഷ്മം വീക്ഷിച്ചുകൊണ്ട് നിന്ന തനവ് അവളോട് ചോദിച്ചു. "അങ്ങനെയൊന്നുമില്ല സമയം കിട്ടുമ്പോൾ വല്ല ബുക്കും വായിച്ചാലായി.'

"എനിക്കും വായന ഒരുപാട് ഇഷ്ടമാണ്.. മുൻപൊക്കെ ഞാൻ ഒരുപാട് പുസ്തകങ്ങൾ വായിച്ചിരുന്നു എന്ന് തോന്നുന്നു. പല പുസ്തകങ്ങളും വായിക്കുമ്പോൾ എവിടെയോ കേട്ടുമറന്നതു പോലെ തോന്നും . അക്ഷരങ്ങൾക്ക് ഒരു പ്രത്യേകതയുണ്ട് അവയെ അറിയുന്തോറും അതിന്റെ ആഴം കൂടിക്കൂടി വരും. ആസ്വദിച്ചു വായിക്കുന്ന ഓരോ അക്ഷരങ്ങളും മനുഷ്യന് ഓരോ ലോകം തന്നേ കാണിച്ച് കൊടുക്കും. ഓരോ എഴുത്തിലും ഓരോ രചയിതാവിന്റെ ജീവാംശം ഉണ്ടാവും. ഒരുപാട് ആലോചനകൾക്കും ചിന്തകൾക്കും വിരാമമിട്ടു കൊണ്ടാണ് ഓരോ രചനയും പിറക്കുന്നത്. അത് പിറവിയെടുക്കുമ്പോൾ ഓരോ രചയിതാവിനും ഒരു കുഞ്ഞിന് ജന്മം നൽകിയ അനുഭൂതിയായിരിക്കും. ആ സന്തോഷമാണ് അവരുടെ ഓരോ വരികളിലും നമുക്ക് കാണാൻ സാധിക്കുന്നത്. അവൻ അക്ഷരങ്ങളെ കുറിച്ച് സംസാരിക്കാൻ തുടങ്ങിയതും വാചാലനായി തുടങ്ങി. ആമി ആദ്യമായി ഉറപ്പിക്കുകകയായിരുന്നു തന്റെ മുൻപിൽ നിൽക്കുന്നത് അരവിന്ദൻ തന്നെയാണെന്ന് അക്ഷരങ്ങളിലൂടെ മാത്രം സഞ്ചരിച്ചിരുന്ന ഒരുപാട് വായിച്ചിരുന്ന തന്റെ മാത്രം അരവിയെ അവൾക്കോർമ്മ വന്നു .

കോളേജ് മാഗസിനുകളിൽ അവൻ കുത്തിക്കുറിക്കുന്ന ഓരോ അക്ഷരങ്ങൾക്കും വായനക്കാർ ഏറെയായിരുന്നു അന്നൊക്കെ. കാവിനെ കുറിച്ചും അമ്പലങ്ങളെ കുറിച്ചും സർപ്പങ്ങളെ കുറിച്ചും അവൻ എഴുതുന്നതെല്ലാം വായിക്കാൻ തനിക്കും ഏറെ ഇഷ്ടമായിരുന്നു. വായന ഒട്ടും ശീലമില്ലാത്ത തനിക്ക് പോലും അവന്റെ ഓരോ വരികളോടും ആരാധന തോന്നിയിട്ടുണ്ട്.. ഇപ്പോൾ തന്നോട് സംസാരിച്ചത് ആ അരവി തന്നെയാണ്. ആ അരവിയുടെ ഭാഷ്യമാണ് ഇപ്പോൾ അവനിൽ നിന്നും കേട്ടത് . പഴയ അരവി തന്നോട് പറയുന്നതുപോലെ തന്നെ. ആമി അവനെ തന്നെ മിഴിച്ചു നോക്കി. തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട എഴുത്തുകാരൻ ഏതാണ്.. അവളുടെ ചിന്തകളെ ഭേദിച്ചുകൊണ്ട് അവന്റെ അടുത്ത ചോദ്യമുയർന്നു. "ങേ...!" എന്ത്‌...?ഏതോ അന്യഗ്രഹത്തിൽ പെട്ടത് പോലെ അവന്റെ ചോദ്യം കേട്ടിട്ട് അവൾ മിഴിച്ചുനിന്നു. നല്ലൊരു വായനക്കാരിയല്ലേ താൻ. തനിക്ക് മികച്ചതെന്ന് തോന്നുന്ന ഏറ്റവും ഇഷ്ടമുള്ള എഴുത്തുകാരൻ ആരാണ്...?അവൻ വീണ്ടും തന്റെ ചോദ്യം ആവർത്തിച്ചു.

" അങ്ങനെയൊന്നുമില്ല എനിക്ക് എല്ലാവരെയും ഇഷ്ടമാണ് ". അവൾ ഒരു ഒഴുക്കൻ മട്ടിൽ അവനു മറുപടി കൊടുത്തു. "അങ്ങനെയൊക്കെ എല്ലാവരും പറയുമെങ്കിലും ഓരോരുത്തർക്കും ഉണ്ടാവും ഏറ്റവും പ്രിയപ്പെട്ട ഒരു എഴുത്തുകാരൻ അങ്ങനെയൊരു എഴുത്തുകാരൻ തനിക്കും ഉണ്ടാവില്ലേ..? "അവൻ പുഞ്ചിരിയോടെ തന്റെ ചോദ്യം വീണ്ടും ആവർത്തിച്ചു. "ഉണ്ട്!! അങ്ങനെയൊരാളുണ്ട്, വായന എന്താണെന്ന് എന്നെ പഠിപ്പിച്ച എഴുതുന്ന ഓരോ വരികളിലും മായക്കാഴ്ച്ചകൾ ഒളിപ്പിച്ച് മായാജാലം തീർത്ത ഒരാൾ .". അവൾ വിദൂരതയിലേക്ക് നോക്കി കൊണ്ട് പറഞ്ഞു. "ആഹാ!!" "അതാരാണ് അങ്ങനെ ഒരു എഴുത്തുകാരൻ തന്റെ പ്രിയപ്പെട്ട എഴുത്തുകാരനല്ലേ...?ഞാൻ വായിച്ചില്ലെങ്കിൽ എനിക്ക് കൂടി ഒന്ന് പറഞ്ഞുതാ..." "അങ്ങനെ എവിടെയും അറിയപ്പെടുന്ന വലിയ എഴുത്തുകാരൻ ഒന്നുമല്ല. ചില വരികളൊക്കെ കുത്തി കുറിക്കും അതെനിക്ക് ഏറെ പ്രിയമാണ്.." "താൻ ഇപ്പോഴും ആളെ പേര് പറഞ്ഞില്ല ആരാണ് അയാൾ..?"തനു കൗതുകത്തോടെ ചോദിച്ചു. "അരവിന്ദൻ " എന്റെ അരവി അവൻ എഴുതുന്ന വരികളോടാണ് എനിക്കെന്നും പ്രിയം ".

അവളുടെ വാക്കുകൾ കേട്ടതും അവൻ ഒരു നിമിഷം ആലോചിച്ചു നിന്നു. അവൾ പറയുന്നത് ആരെ കുറിച്ചാണെന്നവന് ഏറെ ബോധ്യമുള്ളതുകൊണ്ട് തന്നെ കൂടുതലൊന്നും അവനും ചോദിക്കാൻ മുതിർന്നില്ല. അവന്റെ സംസാരം നിലച്ചതും അവൾ വീണ്ടും പുസ്തകങ്ങൾ പരതാൻ തുടങ്ങി. " ടാ അളിയാ എത്ര ദിവസമായടാ കണ്ടിട്ട്..? നീ ഇത് എവിടെയായിരുന്നു..? ഞങ്ങളെയൊക്കെ മറന്നോ നീ..? ആമി നീയുമുണ്ടോ ഇവന്റെ കൂടെ..? ഈശ്വരാ അപ്പോൾ നിങ്ങൾ ഒരുമിച്ചോ..? ഒരുപാട് സന്തോഷമുണ്ടെടാ നിങ്ങളെ ഇങ്ങനെ കാണാൻ കഴിഞ്ഞതിൽ ഞങ്ങളൊക്കെ ഏറെ ആഗ്രഹിച്ച ഒരു കാഴ്ച്ചയാണിത് ". പെട്ടെന്നുള്ള ആ ശബ്ദം കേട്ടതും ആമിയും തനവും തിരിഞ്ഞുനോക്കിയപ്പോൾ മുൻപിൽ നിരന്നു നിൽക്കുന്നു അവരെ തന്നെ കൗതുകത്തോടെ നോക്കി നിറഞ്ഞ പുഞ്ചിരിയോടെ ആകാഷും ജിജോയും അൻഷാദലിയും. ആമിക്ക് ഒരു നിമിഷം എന്ത് ചെയ്യണമെന്നറിയാത്ത ഒരുവസ്ഥ. തനവ് മൂന്നുപേരെയും മനസ്സിലാകാതെ സംശയിച്ചു നിൽക്കുകയാണ്. അവരാണെങ്കിൽ ഒരുപാട് നാളുകൾക്ക് ശേഷം തന്റെ പ്രിയ കൂട്ടുകാരനെ വീണ്ടും കണ്ട സന്തോഷത്തിൽ നിറകണ്ണുകളുമായി നിൽക്കുന്നു..... തുടരും..

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story