കാണാദൂരം : ഭാഗം 1

kanadhooram

രചന: ഷൈനി ജോൺ

അന്നൊരു തിങ്കളാഴ്ചയായിരുന്നു. അച്ഛൻ പോസ്റ്റ് മാസ്റ്റർ ജോലിയിൽ നിന്ന് വിരമിച്ചതിന്റെ പിറ്റേ ദിവസം. മൂടിക്കെട്ടിയ മുഖവുമായി ഈ ലോകത്തെ അഭിമുഖീകരിക്കാൻ വയ്യ എന്ന സങ്കടത്തോടെ അച്ഛൻ പത്രത്താളുകളിലേക്ക് മുഖം കുനിച്ചിരിക്കുകയായിരുന്നു. സമയം പതിനൊന്നു മണിയാകുന്നു. ഇതുവരെ ഒന്നും കഴിക്കാൻ മെനക്കെട്ടിട്ടില്ല എന്നു തോന്നുന്നു.. അമ്മ സിറ്റൗട്ടിലെ കൈപടിയിൽ കൊണ്ടു വെച്ച ചായ തണുത്തിരുന്നു. അതിന് അരികിലേക്ക് ഉറുമ്പുകൾ നിരയായി പോകുന്നത് കണ്ടാണ് ഞാൻ രാവിലെയുള്ള പി.എസ്. സി ക്ലാസ് കഴിഞ്ഞ് വന്നത്. അച്ഛന്റെ വരുമാനം നിലച്ചു എന്നത് അമ്മയെ പോലെ എന്നെയും ആശങ്കപ്പെടുത്തിയിരുന്നു. എങ്ങനെ എങ്കിലും റാങ്ക് ലിസ്റ്റിൽ കയറിപ്പറ്റുക, ഒരു സർക്കാർ ജോലി വാങ്ങുക ,അച്ഛന് പകരം വീടിന് താങ്ങാകുക എന്നൊക്കെയുള്ള സ്വപ്നങ്ങൾ ആയിരുന്നു എനിക്ക്.

ഒരു പ്രമുഖ ബാങ്കിൽ പി.ആർ. ഒ ആയി ഇന്റർവ്യൂ അടുത്തു വരുന്നുണ്ട് .അതിൽ കയറിപ്പറ്റാനുള്ള ശ്രമങ്ങളുടെ അവസാന പടവിലാണ് ഞാൻ. അച്ഛനിത്ര കാലം കൊണ്ട് സമ്പാദിച്ചത് ഈ ഇരുനില വീടും മൂന്നു പെൺമക്കളെയുമാണ്. മക്കൾക്ക് താമസിക്കാൻ നല്ലൊരു വീട്, അവർക്ക് മികച്ച വിദ്യാഭ്യാസം, അച്ഛന്റെ വരുമാനം കൊണ്ട് അതിലധികമൊന്നും സമ്പാദിക്കാൻ കഴിയുമായിരുന്നില്ല. ലോണുകൾ പലതും അടച്ചു വീട്ടിയപ്പോഴേക്ക് വിശ്രമ ജീവിതത്തിലേക്ക് പ്രവേശിക്കേണ്ട സമയമായി. ദൃശ്യ ബി.എസ്. സി നഴ്സിംഗ് കഴിയാറായി നിൽക്കുന്നു. ദർശന ബി.എസ്.ഡബ്ള്യു ഒന്നാം വർഷം പഠിക്കുന്നു. ഇനി അച്ഛന്റെ പെൻഷൻ അല്ലാതെ മറ്റൊരു വരുമാനവുമില്ല. ആ ചിന്തയാണ് അച്ഛന്റെ മൗനത്തിന് പിന്നിലെന്ന് ആ ഇരിപ്പ് വ്യക്തമാക്കുന്നുണ്ടായിരുന്നു. കാലൊച്ച കേൾക്കുമ്പോഴെങ്കിലും അച്ഛൻ പത്രത്തിൽ നിന്ന് തല ഉയർത്തുമെന്ന് വിചാരിച്ച് ഞാൻ ഒരു നിമിഷം നിന്നു . പിന്നെ അച്ഛനെ കടന്ന് അകത്തേക്കു പോന്നു. പോകുന്ന വഴിയിൽ അച്ഛന്റെ തലയിൽ ഒന്നു പരതി.

അച്ഛൻ മുഖമുയർത്തി. മൗനത്തിന്റെ ആവരണത്തിലൂടെ ഒരു ചിരി എടുത്തണിഞ്ഞു. "ആ.. ഹൃദ്യ മോള് വന്നോ..'' എന്ന് ചോദിച്ചു. ആ ചോദ്യത്തിൽ പോലും ഞാനൊരു വിഷാദം തൊട്ടറിഞ്ഞു. നീണ്ട വർഷങ്ങൾ ചെയ്ത ജോലി നഷ്ടമായത് അച്ഛനെ തകർത്തുവെന്ന് വ്യക്തമായിരുന്നു. ഞാൻ അച്ഛനെ നോക്കി ചിരിച്ചിട്ട് അടുക്കളയിലേക്ക് ചെന്നു. അമ്മ അച്ഛനുള്ള കഞ്ഞിയും ചെറുപയർ തോരനും ഉണക്കമീനും മാങ്ങയും ചേർത്തു വറ്റിച്ചതും പാത്രങ്ങളിൽ വിളമ്പി വെച്ചിരിക്കുന്നു. " ഹൃദ്യേ .. അച്ഛനോട് കഴിക്കാൻ വരാൻ പറയൂ മോളേ" എന്ന് കണ്ട പാടേ നിർദേശിച്ചു. "ആ... നല്ലയാളെയാ വിളിക്കേണ്ടത്.. അമ്മ രാവിലെ കൊടുത്ത ചായ അവിടിരുന്ന് ഉറുമ്പരിക്കുന്നുണ്ട് ..." ഞാൻ അമ്മയുടെ അരികെ ചെന്നു നിന്ന് പറഞ്ഞു. എന്റെ വിഷമം അമ്മയിലേക്കും പകർന്നു. "അച്ഛനിത് എന്തു ഭാവിച്ചാ .... ഇന്നലെ രാത്രിയും ഒന്നും കഴിച്ചില്ല.. രാവിലെ ഒരു ദോശയുടെ പകുതി തിന്നിട്ട് എഴുന്നേറ്റു പോയി..ഇങ്ങനെ ദു:ഖിച്ചിരുന്നിട്ടെന്താ കാര്യം... പ്രായമാകുമ്പോ റിട്ടയറാകണമെന്ന് നേരത്തേ അറിയാത്തതു പോലെ..."

അമ്മയ്ക്ക് സങ്കടവും ദേഷ്യവും തോന്നുന്നുണ്ട്. "ഹൃദ്യേ ... ആ കറികൾ ഇങ്ങോട്ടെടുത്തോ" എന്നു പറഞ്ഞ് കഞ്ഞിയും തേങ്ങാചമ്മന്തിയുമെടുത്ത് അമ്മ ഡൈനിംഗ് ഹാളിലേക്ക് പോയി. പുറകെ കറിപ്പാത്രങ്ങളുമായി ഞാനും അനുഗമിച്ചു. കഞ്ഞിപാത്രം ടേബിളിൽ വെച്ചിട്ട് അമ്മ പുറത്തേക്ക് പോയി അച്ഛനെ വിളിക്കുന്നത് കേട്ടു. " ഒന്നിങ്ങോട്ട് വാ മനുഷ്യാ... ഇവിടാരേലും ചത്തോ ഇത്രയ്ക്ക് ദു:ഖിക്കാൻ.." " ചത്താലേ ദുഃഖം വരുള്ളോ മനുഷ്യർക്ക് .." അച്ഛൻ ചോദിക്കുന്നത് കേട്ടു. "അതെ.. നിങ്ങളുടെ ഇരിപ്പു കണ്ടാൽ അങ്ങനെയേ തോന്നൂ.... എഴുന്നേറ്റ് വരാൻ നോക്ക്.. നിങ്ങൾക്കിവിടെ റിട്ടയറായതിന്റെ വിഷമം .. എനിക്കൊന്നും അതില്ലല്ലോ..അടുക്കള പണി എടുക്കുന്ന എനിക്ക് മരിക്കുന്നത് വരെ വിശ്രമം ഉണ്ടോ..." അമ്മയുടെ ചോദ്യം കേട്ട് എനിക്ക് ചിരി വന്നു . അമ്മ ഫെമിനിസ്റ്റ് ഒന്നുമല്ല. പക്ഷേ ചില ചോദ്യങ്ങൾ സൂചിപ്പിക്കുന്നത് അമ്മയിൽ ഒരു ഫെമിനിസ്റ്റ് മയങ്ങി കിടപ്പുണ്ട് എന്നാണ്. " നിന്റെ നാക്കിനോട് പിടിച്ചു നിൽക്കുന്നതിനേക്കാൾ ഭേദം എണീറ്റു വരുന്നതല്ലേ കമലേ..." എന്ന് അച്ഛൻ പരിതപിക്കുന്നു.

പിന്നെ ആദ്യം അമ്മയും പുറകെ അച്ഛനും ഡൈനിംഗ് ഹാളിലേക്കു വന്നു. ഞാൻ പ്രാതലിനുണ്ടാക്കിയ ദോശയും ചട്ണിയും വിളമ്പി കഴിച്ചു തുടങ്ങിയിരുന്നു. അച്ഛൻ വന്ന് അഭിമുഖമായി ഇരുന്നു. പിന്നെ സ്പൂൺ കൊണ്ട് കഞ്ഞിയിൽ ഉപ്പു പാകമാക്കി കൊണ്ട് പറഞ്ഞു "ഹൃദ്യ മോളുടെ കല്യാണമെങ്കിലും കഴിഞ്ഞിട്ട് വേണം റിട്ടയറാകാനെന്ന് ഞാൻ വിചാരിച്ചു. ഇവൾക്ക് വയസ് ഇരുപത്തി നാലായില്ലേ.. ജോലി കിട്ടിയിട്ടു മതിയെന്ന് വാശിപിടിച്ചതു കൊണ്ട് ഒന്നും നടന്നില്ല... പി.എഫിൽ കിടന്ന കാശു കൊണ്ട് ഇനിയത് നടത്താൻ നോക്കണം. ജോലി ഒക്കെ അതു കഴിഞ്ഞിട്ട് കിട്ടിയാലും സാരമില്ല. " എന്റെ കഴുത്തിൽ കയർ കുരുങ്ങാനുള്ള സമയം അടുത്തു കഴിഞ്ഞെന്ന് എനിക്ക് ബോധ്യമായി. ജോലി ചെയ്ത് വീടിന് തണലാകണം എന്ന മോഹമൊന്നും നടക്കുമെന്ന് തോന്നുന്നില്ല. ഇത്രയും നാൾ വാശിപിടിച്ചു.. ഇനി അത് അച്ഛൻ വക വെക്കില്ലെന്ന് തീർച്ചയായി തുടങ്ങി. നിശ്ചയദാർഢ്യം ആ മുഖത്തു നിന്ന് വായിക്കാനാവുന്നുണ്ട്.. അമ്മ മുമ്പേ തന്നെ ഹൃദ്യയുടെ വിവാഹം എന്ന ഒച്ചപ്പാടിലായിരുന്നതു കൊണ്ട് ആ വഴിയുള്ള പിന്തുണ പ്രതീക്ഷിക്കേണ്ടതില്ല. ദോശ കഴിച്ചെന്നു വരുത്തി ഞാനെഴുന്നേറ്റു പോന്നു. സ്‌റ്റെയർ കേസ് കയറുമ്പോൾ കേൾക്കാമായിരുന്നു , അച്ഛൻ പറയുന്നു "

ഓഫീസിലെ കരുണാകരൻ നല്ല ഒരു ആലോചനയെ പറ്റി പറഞ്ഞു. ചാലക്കുടിയാണ് ചെറുക്കന്റെ വീട് .. അച്ഛനും അമ്മയും രണ്ടാൺമക്കളും ഒരു പെൺകുട്ടിയും ഉള്ള നല്ലൊരു കുടുംബം.. പയ്യന് ബിസിനസാണ്. രാജസ്ഥാനിൽ നിന്ന് ടൈൽസ് കൊണ്ടുവന്ന് ഇവിടെ ലാഭത്തിൽ വിൽക്കുന്നതാണ് ബിസിനസ്. സെന്റിന് പതിനാറ് ലക്ഷം രൂപ വരുന്ന ഇരുപത് സെന്റ് സ്ഥലത്താണ് വീട് . അത് മക്കൾക്കായി വീതിച്ചു കൊടുക്കും. കല്യാണം കഴിഞ്ഞാൽ സ്വന്തം ഓഹരിയിൽ സ്വന്തമായി വീടു വെക്കാനാണ് പയ്യന്റെ തീരുമാനം. സർക്കാർ ജോലി ഇല്ല എന്ന കാരണം കൊണ്ട് കല്യാണം നടക്കാതെ നീണ്ടു പോയി എന്നാണ് അറിവ്... നമ്മുടെ ഹൃദ്യ മോൾക്ക് ചേരുന്ന ആലോചന ആണത്രേ." " അവൾക്ക് ടൈൽ ബിസിനസുകാരനെ ഒന്നും വേണ്ടാ... ബിസിനസ് പൊട്ടിയാൽ എല്ലാം തീർന്നില്ലേ.. അവൾക്കെന്തായാലും നല്ലൊരു ജോലി കിട്ടും.. സർക്കാർ ജോലിക്കാരനെ തന്നെ മതി.." അച്ഛന്റെ വാക്കുകളെ അമ്മ എതിർക്കുന്നത് കേട്ടപ്പോൾ തെല്ല് ആശ്വാസം തോന്നി. റൂമിൽ ചെന്ന് കിടക്കയിലിരുന്നു. സൈഡ് ടേബിളിന്റെ മീതെ വെച്ചിരുന്ന ഡയറി എടുത്ത് തുറന്നു. അതിനകത്ത് ആദ്യത്തെ പേജിൽ തന്നെ എഴുതി വെച്ചിട്ടുണ്ട് "നീയല്ലാതെ മറ്റാരും എന്റെ ജീവിതത്തിലില്ല...."

ആ വാക്കുകൾക്ക് മീതെ ഉമ്മ വെച്ചു. ഫോണെടുത്ത് സീക്രട്ട് ആപ്പ് തുറന്ന് ജോയലും താനും ഒന്നിച്ചിരിക്കുന്ന ഫോട്ടോകൾ ഓരോന്നായി നോക്കി. അടുത്തിരിക്കുന്നത് , ഒരുമിച്ച് പൊട്ടിച്ചിരിക്കുന്നത് , കൈ കോർത്തിരിക്കുന്നത്, ഉമ്മ വെക്കുന്നത് ... അതു നോക്കിയിരിക്കേ എന്റെ കണ്ണുകൾ എന്തിനോ നിറഞ്ഞു. ജോയലിനെ വേർപിരിഞ്ഞ് ഒരു ജീവിതം എനിക്കില്ല. ജോയലുമായുള്ള വിവാഹം ഉടനെ നടത്താൻ കഴിയുന്ന അവസ്ഥയിലല്ല അവന്റെ കുടുംബം. അവന്റെ പപ്പയ്ക്ക് കൂലിപ്പണിയായിരുന്നു. മരത്തിൽ നിന്ന് വീണ് കിടപ്പായിട്ട് വർഷങ്ങളായി. അമ്മച്ചി വീട്ടു ജോലിയ്ക്ക് പോയാണ് കുടുംബവും ജോയലിന്റെ പഠിത്തവും നോക്കിയത്. ബിടെക് കഴിഞ്ഞ് നല്ലൊരു ജോലി തേടി അലയുകയാണ് ജോയൽ . കോയമ്പത്തൂരിൽ ഒരു കമ്പനിയിൽ തുച്ഛമായ ശമ്പളത്തിൽ ഒരു വിധം പിടിച്ചു നിൽക്കുകയാണ് അവൻ. നല്ലൊരു ജോലി കിട്ടും വരെ ഞാൻ അവനു വേണ്ടി എനിക്ക് ഉറച്ചു നിന്നേ പറ്റൂ... ഹൃദയങ്ങൾ തമ്മിൽ വിളക്കി ചേർത്ത പ്രണയത്തിന് പിരിയാൻ കഴിയില്ലല്ലോ.

ജോയലിനെ കുറിച്ചോർത്തപ്പോൾ ഹൃദയം ഉരുകുന്നതു പോലെ തോന്നി. സ്നേഹം കൊണ്ട് ഞാനാകെ നിറയുന്നതു പോലെ.. അവന്റെ നമ്പറിലേക്കു വിളിച്ചു. ഒറ്റ വിളിയിൽ തന്നെ അവൻ കോൾ എടുത്തു. "ഹൃദ്യാ .. ജോലിയിലാണ് " എന്ന് ഒറ്റ ശ്വാസത്തിൽ അറിയിച്ചു. "വെറുതെ വിളിച്ചതാ ജോ" എന്നു പറയുമ്പോൾ എന്റെ ശബ്ദം ഇടറിയിരുന്നു. "എന്താടീ ഒരു വിഷമം പോലെ "? അവന്റെ ഉത്കണ്ഠ നിറഞ്ഞ ചോദ്യം വന്നു. " ഒന്നുമില്ല ജോ" എന്നു പറഞ്ഞപ്പോൾ പതറാതിരിക്കാൻ ശ്രദ്ധിച്ചു. "ഹൃദ്യേ..ഇന്നലെ സാലറി കിട്ടി. ആകെ ഉള്ള പതിനയ്യായിരത്തിൽ നിന്ന് പി.എഫ്, ഇ.എസ്.ഐ എന്നൊക്കെ പറഞ്ഞ് പിടിച്ചിട്ട് കിട്ടിയത് വെറും പന്ത്രണ്ടായിരം.. അതിൽ അയ്യായിരം ഇവിടത്തെ ചെലവിനെടുത്തിട്ട് ബാക്കി അമ്മയ്ക്ക് അയച്ചു.." അവൻ എണ്ണിയെണ്ണി പറയുന്നത് കേട്ടപ്പോൾ എന്റെ ഹൃദയം വാത്സല്യം കൊണ്ട് തുടിച്ചു. "നീ പേടിയ്ക്കണ്ട ...നിനക്കും ഒരു ഗിഫ്റ്റ് ഉണ്ട്.. അടുത്ത സൺഡേ ലീവാണ്.. ഞാൻ വരുമ്പോ കൊണ്ടു വരാം.." "ഒ.കെ. ഡാ ... ജോ..ഉമ്മ.." എന്ന് ഫോണിൽ അമർത്തി ചുംബിച്ചു കൊണ്ട് ഞാൻ പറഞ്ഞു. അപ്പോൾ വർക്ക് സൈറ്റിൽ മുഷിഞ്ഞ് ഉലഞ്ഞു നിൽക്കുന്ന എന്റെ ചെക്കനെ ഓർമ വന്നു. ഓടിച്ചെന്ന് കെട്ടിപ്പിടിക്കാനൊരു മോഹം.. "

ഒ.കെ.. ഹൃദ്യ..ഉമ്മ.." മറുപടി കേൾക്കാൻ നിൽക്കാതെ ജോയൽ കോൾ കട്ട് ചെയ്തു. പാവം.. ഒരുപാട് കഷ്ടപ്പെടുന്നുണ്ട്. എക്സ്പീരിയൻസിന് വേണ്ടി ആ കമ്പനിയിൽ ചൂഷണം എന്നറിഞ്ഞിട്ടും നിന്നു കൊടുക്കുകയാണ് . എല്ലാം ഒരുപാട് സ്വപ്നകൾക്ക് മുന്നോടിയായിട്ടാണ് എന്നു മാത്രമാണ് ആശ്വാസം. എങ്ങനെ എങ്കിലും വിദേശത്ത് ചെന്നു പറ്റി നല്ലൊരു ശമ്പളത്തിൽ ജോലി ചെയ്യണം എന്നാണ് ഒരു ആഗ്രഹം.. പിന്നെയുള്ളത് സർക്കാർ ജോലി കിട്ടുന്നത് തന്നെ. സാധിക്കുന്ന എല്ലാ ടെസ്റ്റുകളും എഴുതും. പോലീസിൽ കയറിപ്പറ്റുക എന്നതാണ് അവന്റെ ജീവിതാഭിലാഷം. ഈ കഷ്ടപ്പെടുന്നതിൽ പാതിയും എനിക്കു വേണ്ടിയാണ്. ഒന്നിച്ചൊരു ജീവിതം സ്വപ്നം കണ്ട് വണ്ടിക്കാളയെ പോലെ ഭാരം വലിക്കുന്നു ജോ.. "നിന്നെ വെറുതേ അങ്ങ് വിളിച്ചു കൊണ്ടുപോയി കഷ്ടപ്പെടുത്താൻ വയ്യ.. പോസ്റ്റ് മാസ്റ്റർ രാജന്റെ മകളെ അദ്ദേഹം വളർത്തി കൊണ്ടു വന്ന നിലവാരത്തിൽ എങ്കിലും നോക്കാൻ കഴിയണം " എന്നൊക്കെ പറയും.. അതോർത്തപ്പോൾ എനിക്കു ചിരി വന്നു.

എങ്കിലും സ്വപ്നം കാണാൻ മാത്രമല്ല, അത് പ്രാവർത്തികമാക്കാൻ കഠിനാധ്വാനം ചെയ്യാൻ മടിയില്ലാത്ത അവനെ ഓർത്ത് എനിക്ക് അഭിമാനമായിരുന്നു. അവന്റെ ഒപ്പം എന്റെ ജീവിതം ഭദ്രമായിരിക്കും എന്ന് ഉറപ്പും ഉണ്ടായിരുന്നു.. തമ്മിൽ പിരിയില്ലെന്ന് ഞങ്ങൾ എപ്പോഴും പരസ്പരം പറഞ്ഞു.. ഒരാൾക്ക് ഒരാളെ വേർപെട്ട് ജീവിക്കുക എന്നത് അസാധ്യമായിരുന്നു.. എന്നാൽ എല്ലാ വിശ്വാസങ്ങളെയും തകർത്തെറിഞ്ഞ് എന്റെ ജീവിതം മറ്റൊരു ദിശയിലേക്ക് ഒഴുകാൻ പോകുകയാണെന്ന് ഞാൻ അപ്പോൾ അറിഞ്ഞതേയില്ല.. വെറുപ്പ് എന്ന വികാരം എന്റെ ജീവിതത്തെ മൂടാൻ പോകുകയാണെന്നറിഞ്ഞില്ല.. എല്ലാത്തിനും അന്നു രാത്രി തന്നെ തുടക്കമിട്ടു.. അച്ഛന് രാത്രി ഒരു വല്ലാത്ത നെഞ്ചുവേദന വന്നു. ഹൃദയ ഭാഗത്ത് കൈകൾ അമർത്തി അച്ഛൻ വേദന കൊണ്ട് പുളഞ്ഞ് നിലത്തേക്ക് വീണു. വായിൽ നിന്നും മൂക്കിൽ നിന്നും രക്തം വന്നു.. അമ്മയും ദൃശ്യയും ദർശനയും വാവിട്ട് നിലവിളിച്ചപ്പോൾ ഞാൻ അച്ഛന്റെ കാർ സ്റ്റാർട്ട് ചെയ്യാൻ പാടുപെടുകയായിരുന്നു.

ഓടിക്കൂടിയ അയൽക്കാരിൽ ചിലരാണ് അച്ഛനെ എടുത്ത് പിൻസീറ്റിൽ കിടത്തിയത്. ആരൊക്കെയോ കൂടെ കയറി. എനിക്കു കഴിയാവുന്ന വേഗതയിൽ ഞാൻ കാറോടിച്ചു. ആശുപത്രിയിലെത്തി. അച്ഛനെ പരിശോധിച്ചതിന് ശേഷം ഡോക്ടർ പറഞ്ഞത് ഈ ഹാർട്ട് അറ്റാക്കിൽ നിന്നും അച്ഛൻ രക്ഷപെട്ടാൽ അതൊരു അത്ഭുതമായിരിക്കുമെന്നാണ്. പതിയെ ആ അത്ഭുതം സംഭവിച്ചു. എല്ലാവരുടെയും പ്രാർത്ഥനകളുടെ ഫലമായി അച്ഛൻ ജീവിതത്തിലേക്ക് മടങ്ങി വന്നു. വളരെ ദുർബലമായ ഒരു ഹൃദയവുമായിട്ടായിരുന്നു തിരിച്ചു വരവ്. പുനർജന്മം എന്നാണ് അച്ഛനെ ഡോക്ടർ വിളിച്ചത്. ആ ജന്മം നിലനിൽക്കേണ്ടതിന് അച്ഛന്റെ നേർത്ത ഹൃദയത്തെ മുറിപ്പെടുത്തുന്നതൊന്നും ഉണ്ടാവരുതെന്ന് ഡോക്ടർ എന്നോടും അമ്മയോടും , ദൃശ്യയോടും ദർശനയോടുമായി ഓർമപ്പെടുത്തി. ഒരുപാട് ഗുളികകളുമായിട്ടായിരുന്നു ഐ.സി.യുവിൽ നിന്ന് തിരികെ വീട്ടിലേക്കുള്ള അച്ഛന്റെ മടക്കയാത്ര. വീട്ടിലെത്തിയപ്പോഴേ അച്ഛൻ തന്റെ ആഗ്രഹം ബന്ധുക്കൾക്കു മുമ്പിലേക്ക് കുടഞ്ഞിട്ടു.

'' മരിക്കുന്നതിന് മുമ്പ് എനിക്ക് ഹൃദ്യയുടെ വിവാഹം കാണണം.." ആ ആഗ്രഹത്തിനു മുമ്പിൽ ഞാനാകെ അടിപതറി നിന്നു. ചുറ്റും നിർബന്ധിക്കുന്നവർ മാത്രം. പെണ്ണുകാണാൻ വരവിന് സമ്മതിക്കുക എന്നല്ലാതെ രക്ഷപെടാൻ മറ്റൊരു ഉപായവും എനിക്കു മുമ്പിലുണ്ടായിരുന്നില്ല.. നാലാംനാൾ അവർ എത്തി. അച്ഛന്റെ ഓഫീസിലെ കരുണാകരേട്ടൻ പറഞ്ഞ അതേ ആലോചനക്കാർ തന്നെയാണ് വന്നത്. ടൈൽസിന്റെ ബിസിനസ് ചെയ്യുന്ന ആ പയ്യൻ - ജിതിൻ. അയാളെ ആദ്യം കണ്ടപ്പോഴേ ദൃശ്യയ്ക്കും ദർശനയ്ക്കും ഒരുപാട് ഇഷ്ടമായി. ആരെയും ആകർഷിക്കുന്ന രൂപവും പെരുമാറ്റവുമായിരുന്നു അയാൾക്ക്. വീട്ടുകാർക്കുമതെ. ഹൈസ്ക്കൂൾ അധ്യാപകനായി വിരമിച്ച ബാലനും രാജലക്ഷ്മിയുമായിരുന്നു അയാളുടെ മാതാപിതാക്കൾ. അനുജൻ നിധിൻ എന്ന ബി.കോം വിദ്യാർത്ഥി . വളരെ പ്രസരിപ്പുള്ള പ്രകൃതക്കാരിയായ പ്ലസ്ടു വിദ്യാർത്ഥിനി മിഥുന ഏക സഹോദരിയും. കാഴ്ചയിൽ വളരെ ആഢ്വത്വം തോന്നുന്ന കുടുംബം. പ്രതീക്ഷിച്ചതിനേക്കാൾ ആഢംബരവും സമ്പന്നതയും തോന്നിച്ചു

. ബി.എം.ഡബ്ല്യു കാറിലുള്ള അവരുടെ വരവ് തന്നെ കല്യാണം ഉറപ്പിക്കാനുള്ള സാധ്യതകൾ എല്ലാം തീർച്ചപ്പെടുത്തും വിധമായിരുന്നു. ദൃശ്യയും ദർശനയും ചേർന്ന് എന്നെ അണിയിച്ചൊരുക്കി. പിസ്ത കളർ പട്ടുപാവാടയും ബ്ലൗസും കസവ് പടി വെച്ച ഇളം റോസ് ദാവണിയും ആയിരുന്നു എന്റെ വേഷം. മുടിയിൽ മുല്ലപ്പൂക്കളും അനിയത്തിമാർ ചാർത്തിത്തന്നു. കണ്ണാടിയിൽ നോക്കുമ്പോൾ എന്നത്തേക്കാളും ഭംഗി തോന്നി. "ഈശ്വരാ അയാൾക്ക് എന്നെ ഇഷ്ടപ്പെടരുതേ" എന്ന് അപ്പോഴും മൗനമായി പ്രാർത്ഥിക്കുകയായിരുന്നു. ഒടുവിൽ സദസ്സിലേക്ക് വിളിക്കപ്പെട്ടു. ചായയുമായി ഞാൻ എല്ലാവർക്കും മുമ്പിലേക്ക് എത്തി. ചായ ഗ്ലാസുകൾ ട്രേയിൽ നിന്നും ഓരോരുത്തർക്കുമായി എടുത്തു നീട്ടി . ശേഷം പ്രദർശന വസ്തു പോലെ ഞാൻ അവർക്കു മുമ്പിൽ കുറച്ചു നേരം നിന്നു. ഓരോ കണ്ണുകളും എന്നെ അളന്നു തിട്ടപ്പെടുത്തുന്നതിഞ്ഞു. എനിക്ക് അസഹ്യത തോന്നി. എങ്കിലും മനസിൽ ആശ്വസിച്ചു. ഈ നാടകം ഇപ്പോൾ തീരും. അച്ഛനെ ബോധിപ്പിക്കാൻ വേണ്ടി മാത്രമാണ് ഈ ഒരുങ്ങിക്കെട്ടൽ..

ഏതാനും നിമിഷങ്ങൾക്കകം ഇതിന് തിരശീല വീഴും. പിടച്ചു ചാടുന്ന ഹൃദയമൊതുക്കി ഞാൻ നിന്നു. ഇനി ചെറുക്കനും പെണ്ണും സംസാരിക്കട്ടെ എന്നു പറഞ്ഞ് എല്ലാവരും അരങ്ങൊഴിഞ്ഞപ്പോൾ ജിതിൻ എന്റെ അരികിലേക്കു വന്ന് ആർദ്രതയോടെ പറഞ്ഞു " ഹൃദ്യയെ എനിക്കിഷ്ടമായി.. ഒരുപാട് .." എന്താണ് പറയേണ്ടത് , എങ്ങനെയാണ് പറയേണ്ടത് എന്നറിയാതെ ഞാൻ അൽപ നേരം നിന്നു..പിന്നെ ജോയലിനെ ഹൃദയത്തിലേക്ക് ആവാഹിച്ചു കൊണ്ട് ജിതിന്റെ മുഖത്ത് നോക്കി നിശ്ചയദാർഢ്യത്തോടെ പറഞ്ഞു. "എന്നോട് ക്ഷമിക്കണം. അച്ഛന് വയ്യാത്തത് കൊണ്ടു മാത്രമാണ് ഞാനീ വേഷം കെട്ടിയത്. എനിക്ക് ഒരാളെ ഇഷ്ടമാണ്. മറക്കാൻ ഒരിക്കലും കഴിയില്ല...അത്രയ്ക്ക് സ്നേഹിച്ചു പോയി... എന്നെ ഇഷ്ടപ്പെട്ടില്ലെന്ന് പറഞ്ഞ് ഈ ആലോചനയിൽ നിന്ന് നിങ്ങൾ പിൻമാറണം.."

എന്റെ ഏറ്റവും വലിയ ദയനീയതയിൽ അയാൾക്ക് മുമ്പിൽ തൊഴുകൈയ്യോടെ നിൽക്കുമ്പോൾ കണ്ണീർ പെയ്തിറങ്ങുന്നുണ്ടായിരുന്നു. മനുഷ്യ ഹൃദയം ഉള്ള ഒരാൾ ഒരിക്കലും എന്നെ ആ അവസ്ഥയിൽ ഒറ്റുകൊടുക്കില്ലെന്ന് ഞാൻ വിശ്വസിച്ചു. അയാളുടെ ദയാവായ്പിന് കെഞ്ചി ഞാൻ നിന്നു.. എന്നെ ഒട്ടു നേരം ഉറ്റുനോക്കി നിന്ന് ജിതിൻ പിന്തിരിഞ്ഞു.. പ്രതീക്ഷയോടെ, കണ്ണീരോടെ ഞാൻ അതേ നിൽപ്പ് നിന്നു.... തുടരും..

Share this story