കാണാദൂരം : ഭാഗം 10

kanadhooram

രചന: ഷൈനി ജോൺ

വക്കീൽ നോട്ടീസ് കൈപ്പറ്റുന്നതിന് മുമ്പ് അബോർഷൻ നടന്നു എന്നു വരുത്തി തീർക്കാൻ ആനിന്റെ ഭാഗത്തു നിന്നും എനിക്കു വേണ്ടി ഒരു ശ്രമം നടന്നു. എത്രയും വേഗം ഞങ്ങൾ ഹോസ്പിറ്റലിൽ എത്തി. ഇസബെല്ല ഡോക്ടർ കാര്യങ്ങൾ അറിഞ്ഞ് വളരെ അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. എനിക്ക് വീണ്ടും ജീവിതത്തോട് ഒരു പ്രതീക്ഷയൊക്കെ തോന്നിത്തുടങ്ങി. ഡോക്ടർ എന്റെ ആരോഗ്യ നില പരിശോധിച്ചതോടെ എല്ലാം തകിടം മറിഞ്ഞു. " ഹൃദ്യ.. ഇതെന്താണിത്.. എന്തൊരു അനീമിക്കാണ് താൻ..! എന്ന് ഡോക്ടർ ശാസനയോടെ എന്നെ സമീപിച്ചപ്പോൾ തന്നെ എന്റെ ഉള്ളിൽ ഒരു അപായ മണി മുഴങ്ങി. " തന്റെ ശരീരത്തിൽ ആവശ്യമായ രക്തമില്ല.. എച്ച്.പി. ഇല്ല, ഷുഗർ കുറവ്.. പ്രഷർ ഹൈ... താനെന്താ ഇവിടെ കൺസൽട്ട് ചെയ്തതിന് ശേഷം തീറ്റയും കൂടിയും ഒന്നും ഇല്ലായിരുന്നോ "? ഡോക്ടർ പേന മേശപുറത്തിട്ട് നിരാശ ഭാവത്തോടെ എന്റെ മുഖത്തേക്ക് നോക്കി. "ഈ കണ്ടീഷനിൽ ശരീരത്തിൽ നിന്ന് ഒരുപാട് രക്തം നഷ്ടപ്പെടുത്തുന്ന ഒരു ചികിത്സയും തനിക്ക് തരാനാകില്ല ഹൃദ്യ... "

എന്റെ കണ്ണുകൾ നിറഞ്ഞു. മുഖം വിളറിപ്പോയി. ഡോക്ടർ അനുതാപത്തോടെ എന്റെ കൈ വിരലുകളിൽ അമർത്തിപ്പിടിച്ചു " ഈ ശാരീരിക സ്ഥിതിയിൽ ഞാനല്ല.. ഒരു ഡോക്ടറും ഇങ്ങനൊരു റിസ്ക്ക് ഏറ്റെടുക്കുമെന്ന് തോന്നുന്നില്ല..സോറി.." ആ സോറി ഒരു മലയിടിഞ്ഞ് വീഴുന്നത് പോലെയാണ് എന്റെ ഹൃദയത്തിലേക്ക് വന്നു വീണത്. വലിയൊരു പ്രളയമുണ്ടായി , ഞാനതിൽ ഒഴുകിയൊഴുകി പോയി. ശ്വാസം കിട്ടാതായി. ബോധത്തിലേക്ക് ഉണരുമ്പോൾ ഐ.സി.യുവിലാണ്. മുഖത്ത് ഓക്സിജൻ മാസ്ക്ക് .. എനിക്കെന്തു സംഭവിച്ചു എന്നോർക്കാൻ ശ്രമിക്കുന്നതിനിടെ നരച്ച പച്ചനിറമുള്ള യൂണിഫോം അണിഞ്ഞ ഒരു നഴ്സ് എന്റെ അടുത്തെത്തി.. "ആഹാ.. കണ്ണു തുറന്നോ... എന്നാലും അതെന്തൊരു വീഴ്ചയായിരുന്നു... വെട്ടിയിട്ട വാഴത്തണ്ട് പോലെ... ഷുഗർ എഴുപതിലും താഴെ.. പ്രഷർ റോക്കറ്റ് പോലെ മേലേക്ക് .. ശ്വാസവും എടുക്കാതെ....എല്ലാവരെയും പേടിപ്പിച്ചു അല്ലേ.." സിസ്റ്റർ എന്റെ അടുത്തു വന്ന് ഓക്സിജൻ മാസ്ക്ക് മാറ്റി. "തനിയെ ശ്വസിക്കാൻ പറ്റുന്നുണ്ടോ എന്ന് നോക്കിക്കേ " എന്ന് നിർദേശിച്ചു.

എനിക്ക് ശ്വാസതടസമൊന്നും അനുഭവപ്പെട്ടില്ല. " എന്തായാലും എത്ര ദിവസം ഇവിടെ കിടക്കേണ്ടി വരുമെന്ന് ഇസ ഡോക്ടർ വന്നിട്ട് പറയും.. ടെൻഷനാവണ്ട കേട്ടോ.. ഞാൻ ഡോക്ടറോട് ചെന്നു പറയട്ടെ. " എന്നു പറഞ്ഞ് നഴ്സ് പോയി. ഞാൻ ഇസബെല്ല ഡോക്ടർ പറഞ്ഞതിനെ കുറിച്ച് ചിന്തിച്ചു. ശരീരം ഇത്രയ്ക്ക് വീക്കായ സ്ഥിതിയ്ക്ക് അബോർഷൻ നടക്കില്ല. ഇനി എന്ത് ... ജിതിന്റെ കുഞ്ഞിനെ പ്രസവിക്കുക .... എനിക്ക് കരച്ചിൽ വന്നു. എന്തൊരു വിധിയാണിത്. "എന്താ ഹൃദ്യ കരയുകയാണോ " എന്ന സൗമ്യമായ ചിരിയുമായി ഇസബെല്ല ഡോക്ടർ പ്രത്യക്ഷപ്പെട്ടു. അടുത്തു വന്ന് എന്നെ ആകെ പരിശോധിച്ചിട്ട് കവിളിൽ തട്ടി. "ആ കുഞ്ഞ് ഈശ്വരന്റെ തീരുമാനമാണെങ്കിൽ നമുക്കത് തടയാനോ നശിപ്പിക്കാനോ കഴിയില്ല മോളേ... പക്ഷേ ഇത്രയ്ക്ക് അനീമിയാക് ആയ ഒരു ശരീരത്തിൽ കുഞ്ഞിന് വളരാൻ കഴിയില്ലെന്നാണ് എന്റെ കണക്കു കൂട്ടൽ... നമുക്ക് നോക്കാം , ചിലപ്പോൾ വളർച്ച കുറവ് ഉണ്ടായി കുഞ്ഞ് തനിയേ നശിച്ചോളും.. എന്തായാലും അതൊരു പ്രതീക്ഷ മാത്രമാണ്.

അതുകൊണ്ട് ഹൃദ്യയുടെ ശാരീരിക സ്ഥിതി മെച്ചപ്പെടുമോ എന്നു നോക്കട്ടെ.. ഇതിപ്പോൾ പത്ത് ആഴ്ചയല്ലേ ആയിട്ടുള്ളു.. ഒരു മാസത്തിനകം ഹൃദ്യ നന്നായി ഭക്ഷണം കഴിച്ച് ഞാൻ പറഞ്ഞ മരുന്നുകൾ കഴിച്ച് ആരോഗ്യം വീണ്ടെടുത്താൽ നമുക്കിത് ചെയ്യാവുന്നതേയുള്ളു.... " ഡോക്ടറുടെ സംസാരം കേൾക്കുമ്പോഴും ജിതിന്റെ വക്കീൽ നോട്ടീസ് ആയിരുന്നു മനസിൽ ... ഇനി കോടതിയിലായിരിക്കും ബാക്കിയെല്ലാം.. തന്റെ കുഞ്ഞിനെ വേണമെന്ന് ജിതിനും, അതിനെ നശിപ്പിക്കാനുള്ള ഓർഡറിനു വേണ്ടി ഞാനും പോരാടണം.. പക്ഷേ അപ്പോഴും എന്റെ ശാരീരികാവസ്ഥ ജിതിന് അനുകൂലമാണ്. ഐസിയുവിൽ നിന്ന് പുറത്തിറക്കിയെങ്കിലും മൂന്നു ദിവസം പേവാർഡിൽ കിടക്കേണ്ടി വന്നു. ബി.പി ഒന്ന് നോർമലാക്കി എടുക്കാൻ ഡോക്ടർ ഒരുപാട് കഷ്ടപ്പെട്ടു. ആനും അമ്മച്ചിയും മാറി മാറി എന്റെ അടുത്തു നിന്നു. ഇടയ്ക്ക് അപ്പച്ചനും വന്നു. അവിടെ കിടന്ന് ഞാനൊരു കാര്യം തീരുമാനിച്ചു. ആനിനെയും അമ്മച്ചിയേയും അപ്പച്ചിയേയും ഇങ്ങനെ ബുദ്ധിമുട്ടിച്ച് വെറുപ്പിക്കരുത്.

ആരുടെ സമ്മർദ്ദം കൊണ്ടാണെങ്കിലും ദുഃഖങ്ങൾക്കും പ്രയാസങ്ങൾക്കും ഇനി എന്നിൽ സ്ഥാനമില്ല. ചിട്ടയായ ജീവിതം തന്നെ ഞാൻ ജീവിക്കും. ശരിയായ നേരത്ത് ആവശ്യമുള്ളത്ര ആരോഗ്യകരമായ ഭക്ഷണം കഴിക്കും. കൃത്യമായി വ്യായാമം ചെയ്യും. ഞാനെന്റെ ജോലിയിലേക്ക് തിരിച്ചു പോകും. പ്രശ്നങ്ങൾ വരട്ടെ, അതിനൊരു പോം വഴി കാലം കണ്ടു വെച്ചിട്ടുണ്ടാകും. നേരിടുക എന്നതു തന്നെയാണ് ധൈര്യപൂർവമായ ചുവടുവെയ്പ്.. ഒരു കടുകുമണിയിലേക്കും ഞാനിനി ഓടി ഒളിക്കാൻ ശ്രമിക്കില്ല. ആദ്യം ജയിക്കേണ്ടത് ഈ മോശം ശാരീരിക സ്ഥിതിയോടാണ്. ഡോക്ടറുടെ ഉപദേശ പ്രകാരം അതെല്ലാം മറികടന്നേ പറ്റൂ.. പിന്നെ മടിക്കാതെ ഭക്ഷണം കഴിച്ചു തുടങ്ങി. കണ്ണുകളിൽ നീർ വറ്റുകയും മുഖത്ത് പ്രസാദം തിരിച്ചു വരികയും ചെയ്തപ്പോൾ ആനിനും അമ്മച്ചിയ്ക്കും അപ്പച്ചനും സമാധാനമായി. എനിക്ക് എന്തെങ്കിലും സംഭവിച്ചു പോയാൽ അവർ കുറ്റക്കാരാകുമെന്ന ഒരു ആധി അവർക്കുണ്ടായിരുന്നു. അത് ഇല്ലാതാക്കേണ്ട ബാധ്യത എനിക്കുണ്ട്..

ഔചിത്യപൂർവം പെരുമാറാതെ വികാരധീനയായി ഇരുന്നാൽ ഞാനെന്ന ഭാരം അവർ കൈയ്യൊഴിഞ്ഞാലോ എന്നും ഞാൻ ചിന്തിച്ചു. ആശുപത്രിയിൽ നിന്ന് വീട്ടിലെത്തിയപ്പോൾ തന്നെ ആനിന്റെ അമ്മച്ചി പുതിയ ഉത്തരവിട്ടു. ഇനി ആനിനൊപ്പം അവളുടെ മുറിയിൽ കിടന്നാൽ മതി. ഭക്ഷണവും പരിചരണവും അമ്മച്ചി ഏറ്റെടുത്തോളാം. മുകൾ നില കോളേജ് വിദ്യാർത്ഥിനികൾ ചോദിച്ചിട്ടുണ്ട്. കാര്യങ്ങൾക്ക് ഒക്കെ ഒരു തീർപ്പാകുന്നത് വരെ ആ കുട്ടികൾ അവിടെ താമസിക്കട്ടെ.. എനിക്കതിൽ സങ്കോചമുണ്ടെന്ന് മനസിലാക്കി അപ്പച്ചൻ എന്റെ മുടിയിൽ തലോടി. "ആനിമോൾ ഉണ്ടായിക്കഴിഞ്ഞ് റോസമ്മയുടെ യൂട്രസ് എടുത്തു കളയേണ്ടി വന്നു. അവൾക്ക് ഒരു കൂടപ്പിറപ്പ് ഇല്ലാത്തതിൽ ഞങ്ങൾക്കും അവൾക്കും ഇക്കാലമത്രയും സങ്കടമായിരുന്നു. ഹൃദ്യമോള് ഇനി മുതൽ ഞങ്ങളുടെ മകളാണ് .. ആൻ നിന്റെ സഹോദരിയും.. ഞങ്ങൾ ഇല്ലാതായാലും ആനിമോൾക്ക് സ്വന്തം എന്നു പറയാനുള്ള കൂടപ്പിറപ്പ്.. ഞങ്ങളെയും മോള് അങ്ങനെ കരുതണം..''

അർഹിക്കുന്നതിലും ആയിരം ഇരട്ടിയായി അവരെന്നെ ഏറ്റെടുത്തിരിക്കുന്നു. ആ കാൽക്കൽ വീണ് മനസു കൊണ്ട് നമസ്ക്കരിച്ചു. എന്തും നേരിടാമെന്ന ധൈര്യം വന്നു. ഞാനൊറ്റയല്ല..എന്റെ അപ്പനും അമ്മയും സഹോദരിയും അടങ്ങുന്ന വീടെന്ന ചിപ്പിയിൽ സുരക്ഷിതയാണ് ഞാൻ.. കരഞ്ഞു കൊണ്ടിരിക്കുന്നവരെ കാലം പോലും വെറുത്തു പോകും ... അവരെ ദൈവം പോലും ഉപേക്ഷിക്കും.. കണ്ണീർ തുടച്ച് കർമഭൂമിയിലേക്കിറങ്ങുന്നവർ മാത്രമേ അംഗീകരിക്കപ്പെടൂ.. സ്വന്തം പാദങ്ങൾ ഉപയോഗിച്ചു തന്നെ നടക്കാൻ പഠിക്കണം. ആത്മവിശ്വാസത്തോടെ ചിരിക്കാൻ കഴിയണം. അധികമൊന്നും വെട്ടിപ്പിടിക്കണം എന്നില്ല... അന്നന്നത്തെ ജീവിതമെങ്കിലും സ്വന്തം കൈപ്പിടിയിലായിരിക്കണം.. ആരുടെ കാരുണ്യത്തിനു വേണ്ടിയും കാത്തു നിൽക്കരുത് എന്നെനിക്ക് വാശിയുണ്ടായിരുന്നു. രക്ത ബന്ധങ്ങൾ പോലും അന്യമായ ഞാൻ ഇപ്പോൾ കിട്ടിയ ഈ പുതിയ ജീവിതത്തിൽ അമിതമായി വിശ്വസിച്ച്‌ കഴിഞ്ഞുകൂടാൻ പാടില്ല...

ബന്ധങ്ങൾ എപ്പോൾ വേണമെങ്കിലും വീണു തകരാനിടയുള്ള ചില്ലുപാത്രങ്ങളാണ്. ഞാനെന്റെ പാഥേയം കണ്ടെത്തിയേ തീരൂ. " ഹൃദ്യ.. വക്കീൽ നോട്ടീസിന് മറുപടി കൊടുക്കണ്ടേ.." എന്ന് ആൻ ചോദിച്ചു. "വേണം.. ആദ്യം നമുക്ക് അയാളുടെ വക്കീലിനെ കാണണം. പിന്നെ നമുക്ക് ഒരു വക്കീലിനെ വെക്കണം. അയാളുടെ കുറ്റകൃത്യങ്ങൾ എണ്ണിയെണ്ണി പറഞ്ഞ് ഓരോന്നിനും പരമാവധി ശിക്ഷ വാങ്ങി കൊടുക്കാൻ കഴിവുള്ള ഒരാളെ ......" അതു പറയുമ്പോൾ അതിനേ സംബന്ധിച്ച ചിലവുകൾ ഓർത്ത് ഇടറാതിരുന്നില്ല. ആൻ പറഞ്ഞത് പോലെ ആ സ്വർണമൊന്നും കൊണ്ടു കൊടുക്കേണ്ടിയിരുന്നില്ല. അത് തന്റെ ജീവിതം ഈ വിധത്തിലാക്കിയതിന് താൻ ഈടാക്കേണ്ടുന്ന നഷ്ടപരിഹാരമായിരുന്നു. ഒരു ആവേശത്തിന് സ്ത്രീകൾ തനിക്ക് നഷ്ടമായ സ്വത്തും പണവും സ്വർണവുമൊന്നും വേണ്ടെന്ന് വെച്ചാണ് ഇത്തരം ബന്ധങ്ങളിൽ നിന്ന് ഡിവോഴ്സ് വാങ്ങി പോകാറുള്ളത്..എന്നിട്ട് ജീവിക്കാൻ കഴിയാതെ നട്ടംതിരിയും. ആത്മഹത്യ ചെയ്യും.

അവരുടെ കുഞ്ഞുങ്ങൾക്ക് അർഹമായ സാമ്പത്തിക സുരക്ഷിതത്വം ഇല്ലാതെയാകും. തനിക്ക് കിട്ടേണ്ട അവകാശങ്ങളെല്ലാം എണ്ണി പറഞ്ഞ് വാങ്ങുന്നവളാണ് ബുദ്ധിമതി.. അവൾക്ക് ജീവിത പ്രാരാബ്ധങ്ങളെ നേരിടുന്നത് നിസാരമായിരിക്കും. താനൊരു മണ്ടി ആയല്ലോ എന്ന് ചിന്തിക്കവേ സ്ത്രീധനം എന്ന പേരിൽ അച്ഛൻ തന്റെ ബാങ്ക് അക്കൗണ്ടിലിട്ട തുക ഓർമ വന്നു. ബാഗിൽ തപ്പി പാസ്ബുക്കെടുത്തു നോക്കി. മൂന്നു ലക്ഷത്തി ഇരുപത്തയ്യായിരം രൂപ അക്കൗണ്ടിലുണ്ട്.. അറിയാതെ ഒരു ചിരി എന്റെ ചുണ്ടിലേക്കെത്തി. ആനും ആ ചിരി കണ്ട് ആശ്വാസമായി. "പാസ്ബുക്ക് അച്ഛനെ ഏൽപ്പിക്കാനാണോ, അതോ കാശെടുത്ത് അച്ഛന്റെ മുമ്പിൽ കൊണ്ടു വെക്കാനാണോ പ്ലാൻ.." എന്റെ മനം മാറ്റമറിയാതെ ആൻ ചോദിച്ചു. " രണ്ടുമല്ല... അവരെനിക്ക് വരുത്തിയ നഷ്ടങ്ങൾ ഓർത്താൽ അമ്പതു ലക്ഷമെങ്കിലും ഞാൻ ചോദിച്ചു വാങ്ങണ്ടേ... ഇത് എന്റെ കൈയ്യിലിരിക്കട്ടെ.." എന്റെ മറുപടി കേട്ട് ആനിന്റെ മുഖത്ത് വിസ്മയം. ഓടി വന്ന് കെട്ടിപ്പിടിച്ചിട്ട് അവൾ പറഞ്ഞു " ഇപ്പോൾ നീ ജീവിക്കാൻ പഠിച്ചു..

ഇനി നീ തന്നെ ജയിക്കും.. എനിക്കുറപ്പായി..." ഞാനും ആനും കൂടി പിറ്റേന്ന് തന്നെ അയ്യന്തോളിൽ പോയി ജിതിന്റെ അഡ്വക്കേറ്റിനെ കണ്ടു. വാശി ഉപേക്ഷിച്ച് ജിതിനൊപ്പം പോയി സുഖമായി ജീവിച്ചാൽ കേസും കോടതിയും ഒന്നും വേണ്ടല്ലോ എന്ന് ആ വനിതാ അഡ്വക്കേറ്റ് ഉപദേശിച്ചു. ഭർത്താവിന് യാതൊരു വിലയും കൊടുക്കാത്ത ഞാൻ ഭാരത സ്ത്രീകൾക്ക് തന്നെ അപമാനമാണെന്ന് അവർ കുറ്റപ്പെടുത്തി. കാമുകനൊപ്പം പരിധി വിട്ട് നടന്നതു കൊണ്ടാണ് ജിതിനെ പോലെ ആത്മാർഥമായി എന്നെ സ്നേഹിക്കുന്ന ഭർത്താവിനെ ഞാൻ പരിഗണിക്കാതിരുന്നതത്രേ.. ഭാര്യയുടെ കാമുകൻ അയച്ച അശ്ളീല വീഡിയോ വരെ കണ്ടില്ലെന്ന് നടിച്ച , ഇപ്പോഴും എന്റെ ഒരിറ്റ് സ്നേഹത്തിനു വേണ്ടി കാത്തിരിക്കുന്ന ഒരു ഭർത്താവിനെ ഉപേക്ഷിച്ച് ഇറങ്ങി പോന്നത് എന്റെ തോന്ന്യാസമാണെന്ന് ആക്ഷേപിച്ചു. കാമുകന് വേണ്ടി എന്റെ ഉദരത്തിൽ ജന്മമെടുത്ത ഒരു കുഞ്ഞു ജീവനെ കൊല്ലാൻ കാത്തിരിക്കുന്ന പിശാചിനിയെന്നു വരെ ചിത്രീകരിച്ചു. " നിങ്ങൾ എങ്ങനെയാണ് സ്ത്രീയേ ഒരു അഡ്വക്കേറ്റായത്.."

ചാടിയെഴുന്നേറ്റ് ആത്മരോഷത്തോടെ ഞാൻ ചോദിച്ചു. അവരെ തല്ലാനുള്ള കോപം എനിക്കുണ്ടായിരുന്നു. കേസ് കോടതിയിലെത്തട്ടെ.. ജിതിൻ അനുഭവിക്കാൻ പോകുന്നതേയുള്ളു എന്ന് വെല്ലുവിളിച്ചാണ് ഞങ്ങൾ ഇറങ്ങിയത്. അഡ്വക്കേറ്റുമാർക്കിടയിൽ നല്ല പേരുള്ള സുധ ജയറാമിനെയാണ് ഞങ്ങൾക്കു വേണ്ടി സമീപിച്ചത്. ഒരു അമ്മയുടെ ഭാവവാഹാദികളുള്ള സൗമ്യയായ ആ മാഡം വളരെ അനുതാപത്തോടെ ഞാൻ പറഞ്ഞതെല്ലാം കേട്ടു. പക്ഷേ അവർ പറഞ്ഞ മറുപടി എന്നെ ഞെട്ടിച്ചു കളഞ്ഞു. എന്റെ കണ്ണുകളിൽ നോക്കി സ്നേഹവും സ്വയം നിന്ദയും സ്ഫുരിക്കുന്ന മുഖവുമായാണ് സുധ മാം സംസാരിച്ചത്. " ഹൃദ്യാ.. നിർഭാഗ്യവശാൽ .. മാരിറ്റൽ റേപ് എന്നു പറയുന്നത് ഇന്ത്യയിൽ ഒരു ഒഫൻസല്ല . അതായത് .. കല്യാണം കഴിക്കുന്നത് തന്നെ സെക്സ് എന്നു പറയുന്ന ഒരു കാഴ്ചപ്പാടിനായിട്ടാണ് എന്നും അതിന് വിവാഹത്തോടെ സ്വമേധയാ ഒരു ലൈസൻസ് ആകുമെന്നും പങ്കാളികൾ അതിന് വില്ലിംങ്ങ് ആകുമെന്നുമാണ് കണക്ക്. അപ്പോൾ എന്തെങ്കിലും ഒരു കാരണം കൊണ്ട് ഏതെങ്കിലും ഒരു പാർട്ട്ണർ അതിന് വില്ലിംങ്ങല്ല എങ്കിൽ അത് ഡിവോഴ്സിന് ഒരു കാരണം കൂടിയാണ്.. എന്നാൽ അപ്പോഴും.. മാരിറ്റൽ റേപ് എന്നു പറയുന്നത് ഇവിടെ കുറ്റകരമല്ല.

പതിനഞ്ച് വയസിൽ താഴെയുള്ള ഒരു ഭാര്യയാണെങ്കിൽ.. മാരിറ്റൽ റേപ് വരാം ...അത്രേയുളളു... ഇതിന്റെ ഒരു വിരോധാഭാസം എന്നു പറയുന്നത് നമ്മുടെ വീട്ടിൽ അച്ഛനോ ചേട്ടനോ അങ്ങനെ ആരെങ്കിലുമാണ് റേപ് ചെയ്യുന്നതെങ്കിൽ, ഹരാസ് ചെയ്യുന്നതെങ്കിൽ അവർക്കെതിരേ കേസെടുക്കാൻ പറ്റും.. എന്നാൽ ഇതേ ഹരാസ്മെന്റ് ഒരു സോ കോൾഡ് ഹസ്ബന്റ്. അല്ലെങ്കിൽ പാർട്ണർ ആണ് ചെയ്യുന്നതെങ്കിൽ അവർക്കെതിരേ കേസെടുക്കാൻ കഴിയില്ല. അതാണ് നിയമം.. " അഡ്വക്കേറ്റ് സുധാ ജയറാം പറഞ്ഞതു കേട്ട് ഞാൻ ഒരു ശില പോലെ ഇരുന്നു പോയി.. എന്റെ കണ്ണുകൾക്കു മുന്നിൽ ആത്മഹത്യ ചെയ്ത അനേകം ഭാര്യമാരുടെ ശരീരങ്ങൾ അദൃശ്യമായി പിടഞ്ഞു.. അവരുടെ കരച്ചിൽ കാതിൽ അലയടിച്ചു. താലി കെട്ടിപ്പോയതു കൊണ്ട് ഇണയുടെ ശരീരത്തിൻമേൽ അതിക്രമിച്ചു കയറുക എന്നത് ഇവിടെയുള്ള നിയമം കുറ്റകരമായി കാണുന്നില്ലത്രേ.. ഇത്രയ്ക്ക് സ്ത്രീ വിരുദ്ധമോ ഇപ്പോഴും നിയമം.. കിടപ്പറയിൽ നിന്നുയരുന്ന വേദന തിങ്ങിയ പെൺ ഞരക്കങ്ങൾ കാതിൽ മുഴങ്ങി.

എന്റെ പാരവശ്യം കണ്ട് സുധാമാം സഹാനുഭൂതിയോടെ നോക്കി. "സാരമില്ല.. നമുക്ക് ഗാർഹിക പീഡനം തന്നെ വെക്കാം.. അക്കാര്യം ഹൃദ്യ എനിക്കു വിട്ടേക്ക് .." ഞാനൊന്നും പറയാതെ ഒരു മന്ദ ബുദ്ധിയെ പോലെ ആ നിയമ പുസ്തകങ്ങളെ തുറിച്ചു നോക്കി ഇരുന്നു. ഇനി അബോർഷന്റെ കാര്യം... അതേ കുറിച്ച് പറഞ്ഞാൽ അബോർഷന് ബേസിക്കലി കല്യാണം കഴിഞ്ഞാലും ഇല്ലെങ്കിലും രണ്ടു പേരുടെയും സമ്മതം വേണം എന്നാണ് നിയമം.. എങ്കിൽക്കൂടിയും ഇപ്പോൾ പുതിയ വിധികൾ ഉണ്ട്. ബോഡി ഓട്ടോണമി അല്ലെങ്കിൽ റി പ്രൊഡക്ടീവ് ഓട്ടോണമി എന്നു പറയുന്നത് സ്ത്രീയുടെ ആണെന്നും സ്ത്രീയുടെ ചോയ്സ് ആയിരിക്കണം പ്രാഥമികമായി നോക്കേണ്ടത് എന്നുമാണ് ... അപ്പോൾ അത്തരത്തിൽ അബോർഷൻ ചെയ്യുന്നത് പെണ്ണിന്റെ മാത്രം ബേസിക് റൈറ്റാണ്..

ആരാണ് അതിന്റെ ഉത്തരവാദി എന്നും അയാളുടെ കൺസെന്റ് എടുത്തേ പറ്റൂ എന്നും ഒന്നും ബേസിക്കലി ഇല്ല... ഇതൊക്കെ വെച്ച് നമുക്ക് ജിതിനെ നേരിടാവുന്നതേയുള്ളു.." സുധാ മാം എന്നെ ആശ്വസിപ്പിക്കുന്ന മട്ടിൽ പറഞ്ഞു. "പക്ഷേ ... മാഡം.. " ഞാൻ കണ്ണുകൾ നിറയാതിരിക്കാൻ ശ്രമിച്ച് അവരെ നോക്കിക്കൊണ്ട് പറഞ്ഞു " അബോർഷൻ നടക്കില്ല.. ഈ കുഞ്ഞിനെ പ്രസവിച്ചു വളർത്താൻ തന്നെയാണ് എന്റെ വിധി... എന്റെ ശാരീരിക അവസ്ഥ മാറുമെന്നൊക്കെ ഡോക്ടർ പറഞ്ഞെങ്കിലും ഈ കുഞ്ഞിന് മാസം തികയാൻ ഭാഗ്യമുണ്ടെങ്കിൽ എനിക്ക് പ്രസവിക്കേണ്ടി തന്നെ വരും.. ഒരാളുടെ കുഞ്ഞിനെ ഗർഭം ധരിച്ചാൽ അയാൾക്കൊപ്പം തന്നെ താമസിക്കണം എന്നും ഈ നിയമ പുസ്തകത്തിൽ എഴുതിയിട്ടുണ്ടോ..." ആത്മരോഷം കൊണ്ട് എന്റെ ശബ്ദമുയർന്നു പോയി.....തുടരും....

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story