കാണാദൂരം : ഭാഗം 11

kanadhooram

രചന: ഷൈനി ജോൺ

ജിതിന്റെ ആരോപണത്തിൽ കഴമ്പില്ലെന്നും അബോർഷൻ നടത്താൻ വേണ്ട ആരോഗ്യം എന്റെ ശരീരത്തിനില്ലെന്നും കോടതിയെ ധരിപ്പിച്ചതോടെ ആ കേസിൽ ജിതിന്റെ പരാതിയിൽ കഴമ്പില്ലാതെയായി. ഗർഭിണിയായ ഭാര്യ ആണെങ്കിൽ കൂടി ഭർത്താവിനൊപ്പം തന്നെ ജീവിക്കണം എന്നൊന്നും കോടതിയ്ക്ക് വാശി പിടിക്കാൻ കഴിയാത്തതു കൊണ്ട് ഞാൻ ആനിന്റെ വീട്ടിൽ തന്നെ തുടർന്നു. ജിതിന്റെ പ്രവൃത്തിയ്ക്ക് തിരിച്ചടി കൊടുക്കുന്നതു പോലെ അയാൾക്ക് ഞാൻ ഡിവോഴ്സ് നോട്ടീസ് അയച്ചു. ജിതിൻ ഒരിക്കൽ കൂടി എന്നെ കണ്ട് ഒത്തു തീർപ്പിന് കെഞ്ചി. അയാളുടെ സ്വത്തു മുഴുവൻ എന്റെയും കുഞ്ഞിന്റെയും പേരിൽ എഴുതി തരാമെന്നു വരെ പറഞ്ഞു നോക്കി. "എനിക്ക് നിങ്ങളുടെ ഒരു സൗജന്യവും ആവശ്യമില്ല. കുഞ്ഞിന് പ്രായപൂർത്തി ആയതിന് ശേഷം ആ കുഞ്ഞിന് നിങ്ങളുടെ സ്വത്തും പണവും ആവശ്യമുണ്ടെങ്കിൽ മാത്രം അതേ കുറിച്ച് ചിന്തിച്ചാൽ മതിയെന്ന് ഞാൻ തിരിച്ചടിച്ചു. ഒരു വർഷമെങ്കിലും കഴിയാതെ ഡിവോഴ്സ് കേസ് വിധിയാകില്ലെന്ന് ഞാനുറപ്പിച്ചിരുന്നു.

അതുവരെ കോടതിയിൽ കയറി ഇറങ്ങേണ്ടി വരും.. അനുരഞ്ജനത്തിനായി കൗൺസലിംഗ് ഉണ്ടായിരിക്കും.. ലോകം തന്നെ പൊട്ടി തലയിലേക്ക് വീണാലും അയാളെ എന്റെ ജീവിതത്തിൽ നിന്നും മുറിച്ചു മാറ്റുമെന്ന് ഒരൊറ്റ വാശിയിൽ തന്നെ ഞാൻ തുടർന്നു. അഞ്ചു മാസം പിന്നിട്ടതോടെ എന്റെ വയർ വലുതായി തുടങ്ങി. ഒറ്റ നോട്ടത്തിൽ തന്നെ ഞാൻ ഗർഭിണിയാണെന്ന് എല്ലാവർക്കും തിരിച്ചറിയാമായിരുന്നു. ആരോഗ്യം വളരെ അധികം മെച്ചപ്പെട്ടു. കവിളുകൾ തുടുത്തു. ഊർജസ്വലത തിരിച്ചു വന്നു. പഴയതിലധികം സൗന്ദര്യം വന്നുവെന്ന് ആൻ പറഞ്ഞു. മാസം ഇത്രയായിട്ടും കുഞ്ഞിനോട് എനിക്കൊരു മമതയും തോന്നിയില്ല. ജിതിന്റെ ഒരംശം എന്നിൽ തന്നെ അടിഞ്ഞുകൂടിയിരിക്കുന്നു. ആ ചിന്ത തന്നെ അസഹനീയമായിരുന്നു. ജിതിനോട് തോന്നുന്ന വെറുപ്പ് അതേ പോലെ തന്നെ ആ കുഞ്ഞിനോടും തോന്നുന്നത് എനിക്കു തന്നെ ദു:ഖവും കുറ്റബോധവും തോന്നിക്കുന്ന വികാരമായിരുന്നു. എന്റെ ഇനിയുള്ള ജീവിതത്തിൽ കുഞ്ഞും ഭാഗമാണ്.

എനിക്ക് എന്റേതെന്ന അവകാശത്തോടെ കൂടെ നിർത്താനൊരാൾ... സ്നേഹിക്കണമെന്ന് എനിക്ക് തോന്നിയിരുന്നു. അതിനായി പരിശ്രമിക്കുകയും ചെയ്തു. പക്ഷേ അതിനു കഴിയാതെയായി. എന്റെ ആരോഗ്യത്തിനു വേണ്ടിയല്ലാതെ കുഞ്ഞിന് വേണ്ടി ഞാനൊന്നും കഴിച്ചിട്ടു കൂടിയില്ല. നടത്തത്തിലും ഇരുത്തത്തിലുമൊന്നും കുഞ്ഞുണ്ടെന്ന ശ്രദ്ധ എനിക്കില്ലായിരുന്നു. " നീ ഇങ്ങനെ ക്രൂരയാകരുത് ഹൃദ്യ മോളേ" എന്ന് അമ്മച്ചി പലപ്പോഴും ശാസിച്ചു. ആറാം മാസം മുതൽ മുലകളിൽ പാൽ നിറഞ്ഞു. അതെന്നിൽ വല്ലാത്തൊരു അറപ്പും വെറുപ്പും ഉണ്ടാക്കി. എങ്കിലും ഞാൻ സന്തോഷവതിയായിരുന്നു. വീട്ടിലിരുന്ന് മുഷിയാതെ പി.എസ്.സി ടെസ്റ്റുകൾക്കായുള്ള പഠനത്തിൽ മുഴുകി..വന്ന ടെസ്റ്റുകൾ എല്ലാം എഴുതി. രക്ഷപെടണം എന്ന ചിന്ത എന്നിൽ നിറഞ്ഞു തൂവി.. കുഞ്ഞ് എന്ന യാഥാർത്ഥ്യം ഇനി അംഗീകരിക്കാതെ വയ്യ.. ഒഴിവാക്കാൻ കഴിയാത്ത ഒരു ഭാരം പോലെ ആ കുട്ടി എന്റെ ഹൃദയത്തിൽ തന്നെ തങ്ങി നിൽക്കുന്നു. ഇനിയുള്ള ജീവിതത്തിലും ആ ഭാരവുമായി കുഞ്ഞ് കൂടെയുണ്ടായിരിക്കും..

ആ ബാധ്യതകളൊന്നും ആനിന്റെ കുടുംബത്തിന്റെ തലയിലാകരുത്.. അവർ എന്നെ മകളായി കാണുന്നുണ്ടാവാം. ഞാനവരെ മാതാപിതാക്കളും കൂടപ്പിറപ്പുമായി തന്നെ കാണുന്നു. പക്ഷേ അതൊരു കരുതൽ മാത്രമാണ് ..എപ്പോൾ വേണമെങ്കിലും ബന്ധങ്ങളുടെ ചരടുകൾ അറ്റു പോകാനിടയുണ്ടെന്ന് എനിക്കെന്റെ ജീവിതം വ്യക്തമാക്കി തന്നതാണ്. "നാളെ ഹോസ്പിറ്റലിൽ പോകണം കേട്ടോ മോളേ.. ചെക്കപ്പ് ഉള്ള ദിവസമാ " എന്ന് അമ്മച്ചി അടുത്തു വന്നു പറഞ്ഞു. അവരുടെ കൈയ്യിലെ പാത്രത്തിൽ മുറിച്ച ആപ്പിൾ കഷ്ണങ്ങൾ ഉണ്ടായിരുന്നു. അതെന്റെ മുന്നിൽ വെച്ചിട്ട് അമ്മച്ചി അടുത്തിരുന്നു. "അതു പറഞ്ഞപ്പോൾ എന്താ മുഖത്തൊരു വാട്ടം " എന്നു ചോദിച്ച് അവർ എന്റെ കൈയ്യിൽ തൊട്ടു. " ആശുപത്രിയിൽ പോകുക എന്നോർക്കുമ്പോൾ തന്നെ ഇറിറ്റേഷനാണ് ... ഡോക്ടറുടെ റൂമിന് മുന്നിൽ ഒത്തിരി ഗർഭിണികൾ ഉണ്ടായിരിക്കും.. അവർക്കെല്ലാവർക്കും ഭർത്താവും ഉണ്ട്...എന്റെ കുഞ്ഞിന്റെ അച്ഛനാരാ... അച്ഛനെവിടെ... കൂടെ വന്നില്ലേ..എന്തേ വരാത്തത്... അങ്ങനെ എന്തൊക്കെയാ ചോദിക്കുന്നത്.

മറുപടി പറയാതിരുന്നാൽ പിഴച്ചു പ്രസവിക്കാൻ വന്നവളെന്ന ഭാവത്തിൽ ഉഴിഞ്ഞു നോക്കുന്നത് കാണാം... മടുത്തു..." എന്റെയുള്ളിലെ വിഷമതകൾ എല്ലാം അമ്മച്ചിയുടെ മുന്നിൽ കുടഞ്ഞിട്ടു. കണ്ണുകൾ നിറഞ്ഞതു കണ്ട് അമ്മച്ചി "മിണ്ടാതെ ആപ്പിളെടുത്ത് കഴിക്ക് " എന്നു ശാസിച്ചു. "ഹൃദ്യേ... ഇനി നീ ഇത്തരം ചോദ്യങ്ങൾക്കൊന്നും നിന്നു കൊടുക്കേണ്ടിവരില്ല. ഇസാന്റിയോട് നിനക്കു വേണ്ടി തിരക്കില്ലാത്ത ടൈം ഞാൻ ചോദിക്കാം.. പോരേ " എന്ന് എല്ലാം കേട്ടു കൊണ്ടു വന്ന ആൻ തിരക്കി. അവൾ ഷോപ്പിലേക്ക് പോകാനിറങ്ങിയതായിരുന്നു. "ആരും ഇല്ലാത്ത നേരത്ത് രഹസ്യമായി പോയി കാണാൻ പറ്റിയിരുന്നെങ്കിൽ അത്രയും നല്ലത് " എന്നു ഞാൻ പറഞ്ഞു. "കുറച്ചൊക്കെ നമുക്ക് ശരിയാക്കാം..ഹൃദ്യേ.. വേഗം പ്രസവിക്കാൻ നോക്ക് ... എനിക്ക് ഷോപ്പിൽ ഇരിക്കാൻ മടിയാ... നിനക്ക് പകരം സ്റ്റാഫിനെ വെക്കുന്ന കാര്യം ഒക്കെ ഞാൻ ചിന്തിക്കുന്നുണ്ട്.." എന്ന് അവൾ പറഞ്ഞു. " നീ വെക്കെടീ ആനേ " എന്നു പറഞ്ഞു ഞാൻ ചിരിച്ചു. "അതെന്തായാലും വേണ്ട. എനിക്ക് ജോലി കിട്ടുന്നത് വരെ ഞാൻ തന്നെ നിന്നോളാം..

പക്ഷേ കുഞ്ഞാവ ഉണ്ടാകുന്നത് വരെ മാത്രം. അതു കഴിഞ്ഞ് കുഞ്ഞിനെ ഞാൻ നോക്കിക്കോളാം..നീ കടയിൽ പോയേ പറ്റൂ... കുത്തിയിരുന്ന് ബില്ലടിക്കാൻ എനിക്ക് വയ്യ... കടയിലാണെങ്കിൽ എന്തൊരു തിരക്കാ... ടൗണിൽ വേറെ ടെക്സ്റ്റയിൽ ഷോപ്പില്ലാത്തത് പോലെയാ ആളുകൾ തള്ളിക്കയറുന്നത് ... എല്ലാത്തിനെയും ചീത്ത വിളിച്ച് ഓടിക്കാൻ തോന്നും.. മടുത്തു.." അവളുടെ സംസാരം എന്നെ ചിരിപ്പിച്ചു. "കുഞ്ഞുണ്ടായാൽ നീയെങ്ങനെ നോക്കും.. മുലപ്പാൽ എന്റെടുത്തല്ലേ ഇരിക്കുന്നത് ..." ഞാൻ ചോദിച്ചു. " നിന്റെ മുലയും പാലും ഒന്നും ഞങ്ങൾക്ക് ആവശ്യമില്ല. കുട്ടിയ്ക്ക് ഞാൻ കുപ്പിപാല് കൊടുക്കും. ലാക്ടൊജൻ കലക്കി കൊടുക്കും.. അപ്പി വാരാനും മൂത്രം തുടയ്ക്കാനും ഒന്നും എനിക്ക് അറപ്പില്ല... അതെല്ലാം ബില്ലടിച്ചിരിക്കുന്ന ബോറടിയേക്കാൾ ഭേദമാ.." അതും പറഞ്ഞ് ആൻ എന്റെ അടുത്തു വന്നിരുന്നിട്ട് സ്വകാര്യം പറഞ്ഞു

" നിനക്ക് കുഞ്ഞിനോട് സ്നേഹമൊന്നും ഇല്ലെന്നല്ലേ പറഞ്ഞത്.. ജനന സർട്ടിഫിക്കേറ്റിൽ അമ്മയുടെ കോളത്തിൽ നീ എന്റെ പേരും അഡ്രസും കൊടുത്തോ.. വാവയെ ഞാൻ എന്റെ കുഞ്ഞായിട്ട് വളർത്തിക്കോളാം.. നീ അതിനെ മൈൻഡ് ചെയ്യണ്ട.. പോരേ... പിന്നെ നാട്ടുകാരോട് ഞാൻ കാമുകനിൽ നിന്ന് ഗർഭിണിയായതാണെന്ന് പറയാലോ.. നാളെ മുതൽ വയറ്റിൽ വല്ല തലയിണയും കെട്ടിവെച്ച് നടന്നാൽ എല്ലാവരും വിശ്വസിച്ചോളും..സോ സിംപിൾ .. " "നിന്റെ ഭാവി ഞാൻ തന്നെ തകർത്തു തരണം. അല്ലേ... അതു നടക്കില്ല..എന്റെ ഭാവിയോ പോയി.. ആ ചെകുത്താന്റെ കുഞ്ഞിനെ പെറ്റു വളർത്തുകയാണ് എന്റെ തലയിലെഴുത്ത്.. അതു ഞാൻ തന്നെ ചെയ്തോളാം.. നീ കടേൽ പോ പെണ്ണേ ..." എന്ന് ഞാൻ അവളെ ഓടിച്ചു. പിറ്റേന്ന് ഞാനും അമ്മച്ചിയും കൂടിയാണ് ആശുപത്രിയിൽ പോയത്. ചെക്കപ്പ് കഴിഞ്ഞപ്പോൾ ഡോക്ടറുടെ മുഖം തെളിഞ്ഞിരുന്നു. "ഹൃദ്യയ്ക്കിപ്പോൾ ആരോഗ്യപരമായി ഒരു കുഴപ്പവും ഇല്ല.. പ്രസവം കോംപ്ലിക്കേഷൻ ഒന്നുമില്ലാതെ തന്നെ നടക്കും.. കുഞ്ഞിന് കൃത്യമായ വളർച്ചയുണ്ട് ..

പ്രഷർ കൂടാതെ സൂക്ഷിച്ചാൽ മതി.. എങ്കിലും ഹൈ റിസ്ക്ക് കാറ്റഗറിയിൽ തന്നെയാണ് ഹൃദ്യയെ ഞാൻ കരുതുന്നത്... അത് ഹൃദ്യയുടെ മാനസികാവസ്ഥ കൂടി കണക്കിലെടുത്തിട്ടാണ്.." ഇസബെല്ല ഡോക്ടറുടെ മുഖത്ത് നോക്കി ഞാൻ മന്ദഹസിച്ചു. "എന്റെ മനസ് ഇപ്പോൾ ശാന്തമാണ് മാഡം.. വരുന്നത് വരട്ടെ എന്നു കരുതിയാൽ പിന്നെ ടെൻഷൻ എന്തിന്... അങ്ങനെ മാത്രമേ കരുതുന്നുള്ളു...." ഡോക്ടർ സ്നേഹപൂർവം നോക്കി. " ഹൃദ്യയുടെ ഹെൽതിന്റെ കാര്യത്തിൽ റോസാന്റിയ്ക്ക് ഒരു വിട്ടുവീഴ്ചയും ഇല്ല അല്ലേ.. ഹൃദ്യയെ ആദ്യം കണ്ട രൂപവും ഇപ്പോൾ കാണുന്ന രൂപവും ശ്രദ്ധിച്ചാൽ തന്നെ അക്കാര്യം മനസിലാകും..." ആനിന്റെ അമ്മച്ചിയെയും അഭിനന്ദിക്കാൻ ഡോക്ടർ മറന്നില്ല. അവർ തമ്മിൽ അകന്ന ബന്ധുക്കളും ആണല്ലോ. അതിന്റെ ഒരു അടുപ്പം ഡോക്ടർ എന്നോട് എപ്പോഴും പുലർത്തിയിരുന്നു. "എനിക്ക് ഒരു മോൾ കൂടി ഉണ്ടെന്ന് ഞാനങ്ങു കരുതി " എന്ന് അമ്മച്ചി അതിന് മറുപടി പറഞ്ഞു. " കേട്ടോ ഹൃദ്യേ.. റോസാന്റി താൻ പ്രസവിക്കാത്ത പെൺകുട്ടിയെ മകളായി കാണുന്നു...

നീയോ, നിന്റെ വയറ്റിലുള്ള കുഞ്ഞിനെ വെറുക്കുന്നു....എല്ലാത്തിനെയും നമുക്ക് സ്നേഹത്തോടെ സമീപിക്കാൻ കഴിയും.. മനുഷ്യത്വമുള്ള ഒരു മനോഭാവം മാത്രം മതി...." ആ ഓർമപെടുത്തലിൽ കുറ്റപ്പെടുത്തലിന്റെ ധ്വനിയുണ്ടായിരുന്നു. എന്റെ മുഖം വിളറിപ്പോയി. " അച്ഛൻ ആരുമാകട്ടെ... ഇത് ഹൃദ്യയുടെ ഉദരത്തിൽ ജന്മമെടുത്ത ഒരു കുഞ്ഞു ജീവനല്ലേ.. ഹൃദ്യയല്ലാതെ മറ്റാരാണ് അതിന്റെ അവകാശി... പതുക്കെ ഈ പാവം കുഞ്ഞിനെ സ്നേഹിക്കാൻ ശ്രമിക്കണം... വയറ്റിൽ വെച്ചേ വെറുപ്പു ചുമക്കേണ്ട വിധം പാപിയാണോ ഒന്നുമറിയാത്ത ആ പൈതൽ ....." മറുപടിയൊന്നും പറയാതെ ഞാൻ നിർന്നിമേഷം നിന്നു. " പൊയ്ക്കോളൂ... അടുത്ത ചെക്കപ്പിന് ഇതിനേക്കാൾ ആരോഗ്യവതിയായും സന്തോഷത്തോടെയും വരൂ.. എന്തെങ്കിലും അസ്വസ്ഥത ഉണ്ടായാൽ വിളിക്കാൻ മടിക്കണ്ട.." ഇസബെല്ല ഡോക്ടർ ആ വിഷയം വിട്ടു. ഞാൻ തലയാട്ടിക്കൊണ്ട് അമ്മച്ചിയ്ക്ക് പിന്നാലെ പുറത്തേക്ക് വന്നു. പുറത്ത് ഗർഭിണികളായ രണ്ടുപേർ വെയ്റ്റിംഗിലാണ്. രണ്ടുപേരെയും മുൻപും കണ്ടിട്ടുണ്ട്. തന്നെ കണ്ടപ്പോൾ അവർ ചെവിയിൽ രഹസ്യം പറയുന്നത് കണ്ടു.

സ്വകാര്യം പറയുകയാണെങ്കിലും അശരീരി പോലെയുള്ള പറച്ചിൽ കാതിൽ വീണു. " ഞാൻ പറഞ്ഞില്ലേ.. ഭർത്താവില്ലാതെ ഗർഭിണിയായതാണെന്ന് തോന്നുന്നു. അമ്മയും മോളും തമ്മിലുള്ള സംസാരം കേട്ടപ്പോൾ തോന്നിയ സംശയമാ....." ചെവി പൊള്ളി..ദേഹമാകെ ചൊറിയൻ പുഴുക്കൾ അരിയ്ക്കുന്നതു പോലെ.. ഒന്നും പറയാൻ തോന്നിയില്ല. പകരം വല്ലാത്തൊരു നിസ്സഹായത മനസു പൊള്ളിച്ചു. ഞാൻ അവിടെ നിന്ന് നിറമിഴികളുമായി നടന്നെത്തിയത് നേരെ ജോയലിന്റെ മുമ്പിലേക്കാണ്. മറ്റുള്ളവരിൽ നിന്നുമെന്റെ കണ്ണീർ മറയ്ക്കാൻ മുഖം കുനിച്ചു നടന്നു വരുന്നതിനിടെ ജോയലിന്റെ ദേഹത്ത് ചെന്ന് തട്ടുകയായിരുന്നു. "ഹേയ്.. വീഴല്ലേ..'' എന്ന് വെപ്രാളത്തോടെ ജോയൽ എന്നെ പിടിച്ചു നേരെ നിർത്തിയപ്പോഴാണ് ഞാൻ അവനെ കാണുന്നത്.. മുമ്പിൽ നിറവയറുമായി നിൽക്കുന്നത് ഞാൻ ആണെന്ന അമ്പരപ്പ് അവന്റെ മുഖത്ത് കണ്ടു. "ഹൃദ്യാ ..നീ..'' എന്ന വാക്കുകൾ കേട്ടു..വേഗം അവനെ കടന്ന് മുന്നോട്ടു നടന്നു. ഇടയ്ക്കൊന്നു തിരിഞ്ഞു നോക്കിയപ്പോൾ അവൻ തന്നെ നോക്കി അമ്പരന്നു നിൽക്കുകയാണ്... താടി വളർത്തി കോലം കെട്ട രൂപം.. പഴയ ജോയലിന്റെ പ്രേതം പോലെ ദുർബലമായിരികുന്നു ശരീരം.. മുഷിഞ്ഞിരിക്കുന്നു വല്ലാതെ .. കണ്ണുകൾ നിറഞ്ഞു തുളുമ്പിയൊഴുകി. മനസ് നീറി നീറിയെരിഞ്ഞു... ഓരോ ചുവടിലും എന്റെ കാലുകൾ ഇടറി......തുടരും....

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story