കാണാദൂരം : ഭാഗം 12

kanadhooram

രചന: ഷൈനി ജോൺ

ജോയലിനെ കണ്ടുമുട്ടിയ കാര്യം ആൻ അറിയാതെ ഒരാഴ്ചയോളം ഞാൻ മനസിൽ തന്നെ സൂക്ഷിച്ചു. പക്ഷേ ആ കാഴ്ച എന്നെ വല്ലാതെ തകർത്തിരുന്നു. ജോയലിന്റെ അസാന്നിധ്യത്തിൽ വെറുക്കാനും അകലാനുമായി കണ്ടെത്തിയ എല്ലാ കാരണങ്ങളും അവനെ കണ്ടതോടെ നിഷ്പ്രഭമായി. ഹൃദയം അവനു വേണ്ടി ഉരുകുന്നതറിഞ്ഞു. ഒറ്റയ്ക്കിരുന്ന് കരയുന്നത് ആൻ കണ്ടുപിടിച്ചതോടെ എനിക്ക് അത് പറയാതെ വയ്യെന്നായി. " ഞാൻ അവനെ എന്റെ ജീവനേക്കാൾ സ്നേഹിച്ചിരുന്നു. അതിനേക്കാൾ വിശ്വസിച്ചു. ജോയ്ക്കു വേണ്ടി മരിക്കാനും തയാറായിരുന്നു. ഒരു നിമിഷം പോലും അവനെ വേർപെട്ട് ഒരു ജീവിതം ഞാൻ സങ്കൽപ്പിച്ചിട്ടു കൂടിയില്ല. ജോയെ അല്ലാതെ എനിക്കീ ലോകത്ത് മറ്റൊരാളെയും സ്നേഹിക്കാൻ കഴിയില്ലായിരുന്നു. "

ഏങ്ങലടിച്ചു കൊണ്ടാണ് അവൾക്കു മുമ്പിൽ ഞാനെന്റെ ഹൃദയം തുറന്നു വെച്ചത്. "എന്റെ ലോകം പോലും അവനായിരുന്നു ആൻ..എന്നിട്ടാണ് അവന്റെ മുമ്പിൽ വെച്ച് എനിക്ക് ജിതിന്റെ താലിയ്ക്ക് വേണ്ടി തലകുനിക്കേണ്ടി വന്നത്... അവനെ വേർപിരിഞ്ഞ് ഇത്ര നാൾ കഴിയേണ്ടി വന്നത്..എന്നിട്ടിപ്പോ അവനെ കണ്ടപ്പോൾ ഞാൻ നിറവയറുമായി നിൽക്കുന്നു. എന്റെയുള്ളിൽ ജിതിന്റെ കുഞ്ഞ്... ഒന്നു മിണ്ടാൻ പോലും കഴിയാതെ അവനെ വിട്ടു പോരേണ്ടി വന്നു.." പതം പറഞ്ഞു കരയുന്ന എന്റെ ചുമലിൽ തഴുകി ആൻ എല്ലാം കേട്ടിരുന്നു. ഞാൻ ജോയലിനെ എത്രയേറെ ആഴത്തിൽ സ്നേഹിച്ചിരുന്നുവെന്ന് അവളെ പറഞ്ഞു മനസിലാക്കാൻ വാക്കുകൾക്കായി ഞാനുഴറി.. കണ്ണുനീരോ, വിലാപമോ അതിന്റെ ആഴം വെളിപ്പെടുത്താൻ പര്യാപ്തമായിരുന്നില്ല.. ജോയൽ എന്നാൽ എന്നിലെ പരമാണു തന്നെയാണെന്ന് വിളിച്ചു കൂവാൻ കഴിയാതെ ഞാൻ സങ്കടപ്പെട്ടു. ഞാൻ പറയുന്നതെല്ലാം ആൻ അനുതാപത്തോടെ കേട്ടു. പിന്നെ മറുപടി ഒന്നും പറയാതെ ഇരുന്നു. അമ്മച്ചി ക്യാരറ്റ് ജ്യൂസുമായി വന്നതോടെ സംഭാഷണം നിന്നു.

" ജോയലിന് fb ഐഡി ഉണ്ടോ"? ജ്യൂസ് രുചിച്ചു നോക്കിക്കൊണ്ട് ആൻ ചോദിച്ചു. "ഉണ്ട്.. ജോയൽ ജോൺസൺ എന്നാണ് പ്രൊഫൈലിന്റെ പേര് " ഞാൻ പറഞ്ഞു. അവൾ എഫ്‌. ബിയിൽ സെർച്ച് ചെയ്ത് ജോയലിന്റെ ഐഡി കണ്ടുപിടിച്ചു. പ്രൊഫൈൽ പിക് ഓപൺ ചെയ്ത് എന്നെ കാണിച്ചു " ഇതാണോ ആൾ.." ? " അതെ .." എന്നു ഞാൻ പറഞ്ഞു. അത് ഞാനെന്റെ മൊബൈൽ ക്യാമറയിലെടുത്ത പിക് ആയിരുന്നു. ഞങ്ങൾ ഒരിക്കൽ സ്നേഹതീരം ബീച്ചിൽ പോയപ്പോൾ എടുത്തത്. അസ്തമയ സമയത്തെ ചുവന്ന തിരമാലകൾ തീരം പുൽകി വരുന്നതും നോക്കി നിൽക്കുന്ന ജോയലിന്റെ മുഖത്തിന്റെ അന്തി ചുവപ്പ് വീണ സൈഡ് വ്യൂ ... ആൻ മറ്റ് ഫോട്ടോകളും തുറന്ന് നോക്കി. "നല്ല സുന്ദരനാണല്ലോ.. വെറുതെ അല്ല നീ ..." അവൾ എന്നെ നോക്കി ഹർഷാതിശയത്തോടെ പറഞ്ഞു. " സൗന്ദര്യമാണോ പ്രണയത്തിന്റെ അളവുകോൽ " എന്ന് ചോദിച്ച് ഞാനവളെ നീരസത്തോടെ നോക്കി. "അങ്ങനെയാണെങ്കിൽ ജിതിൻ ജോയലിനേക്കാൾ നാലിരട്ടി ഭംഗിയില്ലേ... " " ജിതിനേക്കാൾ ആകർഷണമുണ്ട് ജോയലിന്റെ കണ്ണുകൾക്ക് ... ചിരിയ്ക്കും " അവൾ പറഞ്ഞു.

ഞാൻ അതേപറ്റി ഓർത്ത് മൗനം പാലിച്ചു. "അതുപോട്ടെ ..നിനക്ക് ജോയലിനോട് മിണ്ടണം എന്നുണ്ടോ... സൗഹൃദമായിട്ടാണെങ്കിലും അവനുമായി ഒരു ബന്ധം തുടരണം എന്ന്.." ആനിന്റെ ചോദ്യം എന്നെ രോഷാകുലയാക്കി. " ഒരിക്കലും ഇല്ല.. ഞാൻ എന്ന ബന്ധനത്തിൽ നിന്നും തേപ്പുകാരിയിൽ നിന്നും അവൻ രക്ഷപെട്ടാൽ മാത്രം മതി.." ഞാനെഴുന്നേറ്റു പോകാൻ തുനിഞ്ഞപ്പോൾ ആൻ പിന്നാലെ വന്നു. "അതു വെറുതെ ...അവനെ കണ്ടതോടെ നിന്റെ ഭാവം തന്നെ മാറിപ്പോയി. നിന്റെ മുഖം വാടിപ്പോയി.. ഏതു പ്രശ്നവും നേരിടാമെന്ന നിന്റെ ആത്മവിശ്വാസം പോയി. നീയിപ്പോൾ എവിടെയെങ്കിലും ഇരുന്ന് കരച്ചിലും പിഴിച്ചിലുമാണ്. നീയറിയാതെ ഞാൻ നിന്നെ ശ്രദ്ധിക്കാറുണ്ട് ഹൃദ്യേ.." "അതൊന്നും ഞാൻ നിഷേധിക്കുന്നില്ലാ " ഞാൻ ആനിനെ എതിർത്തില്ല. "എന്റെ മനസിൽ ജോയലിനോട് സ്നേഹം മാത്രമേയുളളു. ഞങ്ങൾ ആദ്യം കണ്ടതും മിണ്ടിയതും പ്രണയമാണെന്ന് തിരിച്ചറിഞ്ഞതും തുറന്നു പറഞ്ഞതും പ്രേമിച്ചു മതിയാകാതെ നടന്നതും ശരീരം പങ്കു വെച്ചതും ഞാൻ ജിതിന്റെ ഭാര്യമായിട്ടും ജോ എന്നെ സ്വീകരിക്കാൻ തയാറായതും എല്ലാം എപ്പോഴും എന്റെ മനസിലൂടെ മിന്നിമറഞ്ഞു പോകാറുണ്ട്...

ഞാൻ മരിക്കുന്നത് വരെ അതൊന്നും മറക്കാനും കഴിയില്ല..എന്നു വെച്ച് ഒരാളിന്റെ കുഞ്ഞിനെയും ഉള്ളിലിട്ട് ജോയലിന്റെ ജീവിതത്തിലേക്ക് പോകാൻ ഞാനൊരിക്കലും തയാറാവില്ല " ആനിന്റെ മനസു വായിച്ചു തന്നെയാണ് ഞാനത് പറഞ്ഞത്. ജോയെയും എന്നെയും ചേർത്തു വെക്കാം എന്നൊരു മോഹം ഇപ്പോഴും അവളുടെ മനസിലുണ്ടെന്ന് തോന്നി. അത് മുളയിലേ നുള്ളിക്കളയുകയായിരുന്നു.. ഇനി ഒരു ജീവിതം എനിക്കുണ്ടെങ്കിൽ അത് ഈ കുഞ്ഞിനു വേണ്ടി മാറ്റി വെക്കുക തന്നെ. കാരണം ആ കുഞ്ഞിനെ പ്രസവിക്കുന്നവൾ ഞാനാണ്. ജിതിനോടുളള വെറുപ്പിന്റെ പേരിൽ ആ ഉത്തരവാദിത്തം മറക്കാൻ പാടില്ല. ആൻ എന്റെ മുഖത്തേക്ക് തന്നെ നോക്കി നിന്നു. പിന്നെ ഒന്നും സംഭവിക്കാത്തതു പോലെ ഒരു മൂളിപ്പാട്ടും പാടി പുറത്തേക്ക് പോയി. ആ പോക്കിൽ എന്തെങ്കിലും നിഗൂഢത ഉണ്ടോ എന്ന് ഞാൻ ചിന്തിക്കാതിരുന്നില്ല. തിരികെ ചെന്ന് സോഫയിലിരിക്കുമ്പോൾ പെട്ടന്ന് വയറിനകത്ത് ഒരു തിരയിളക്കം. എന്തോ ഒന്ന് മിന്നൽ പോലെ ഇളകി മറിഞ്ഞതു പോലെ.. എന്താണത് എന്നു ഞെട്ടിപ്പോയി.

അബോർഷനാകുകയാണോ എന്ന് തോന്നിപ്പോയി.. വീണ്ടും അതേ ഇളക്കം.. എനിക്കു നേരിയ സംശയം തോന്നി.. കുഞ്ഞാണോ അനങ്ങുന്നത്? ഞാൻ വയറിന് മീതെ കൈവെച്ചു. അപ്പോൾ ഒരു സ്പർശം കൈവെള്ളയിൽ പതിഞ്ഞു. "എന്താ ഹൃദ്യ മോളേ വയറു വേദനിക്കുന്നോ"? എന്ന് ചോദിച്ച് പേടിയോടെ അമ്മച്ചി അടുത്തേക്കു വന്നു. ഞാൻ ആ അനക്കം വിശ്വസിക്കാനാവാതെ നിൽക്കുകയായിരുന്നു. "എന്താ പെണ്ണേ..'' എന്ന് അമ്മച്ചി ഭയന്ന് ശബ്ദമുയർത്തി. "എന്തോ ഒരു അനക്കം..'' ഞാൻ പറഞ്ഞു. അമ്മച്ചിയുടെ മുഖത്ത് അതിശയം വിടർന്നു. " നോക്കട്ടെ" എന്നു പറഞ്ഞ് എന്റെ വയറിന് മീതെ കൈത്തലം അമർത്തി. നിറഞ്ഞ ചിരിയോടെ എന്നെ നോക്കി. "ഹൃദ്യേ... കൊച്ചു വന്നു നിന്നെ ചവിട്ടുന്നതാ..എന്റെ ദൈവമേ..നിന്റെ ഒരോരോ അത്ഭുതങ്ങൾ.... " അമ്മച്ചി ഹർഷാതിശയത്തോടെ പറഞ്ഞു. എനിക്കും വല്ലാത്ത അത്ഭുതം തോന്നി. ഒരു മനുഷ്യനുളളിൽ മറ്റൊരു മനുഷ്യൻ .... അത് ചലിക്കുന്നു... അതെന്നും എന്നെ വിസ്മയിപ്പിച്ചിരുന്ന ചിന്തയാണ്.

ആ അനുഭവം ഇതാ എന്നെ വന്നു തൊടുന്നു. "മോളേ.. നീ ചിന്തിക്കുന്നതും വിഷമിക്കുന്നതും വെറുക്കുന്നതും ഒക്കെ കുഞ്ഞിന് പല രീതിയിലും അനുഭവപ്പെടും... അതൊരു പിഞ്ചല്ലേ... നീയീ വിരോധം ഒക്കെ മാറ്റി കുഞ്ഞിനെ സ്നേഹിക്കാൻ നോക്കണം " അമ്മച്ചി ഇടറിയ ശബ്ദവുമായി പറഞ്ഞു. ഞാൻ വെറുതേ തലയാട്ടിയതേയുള്ളു. ഈ കുഞ്ഞ് ഒ ജിതിന്റെ ബീജത്തിൽ നിന്നും പൊട്ടിമുളച്ചതാണ് എന്ന ഒരൊറ്റ ചിന്തയിൽ, അതുവരെ ഹൃദയത്തിലൂറി നിന്ന മൃദുല ഭാവം മാഞ്ഞു. ഇടയ്ക്കിടെ തലനീട്ടുന്ന എന്റെ വിഷാദ ഭാവം മാറ്റാൻ ആനും കുടുംബവും എപ്പോഴും പരിശ്രമിച്ചിരുന്നു. അപ്പച്ചൻ ചിലപ്പോഴൊക്കെ ഞങ്ങളെ പുറത്തു കൊണ്ടുപോയി. പ്രകൃതി രമണീയമായ , സുരക്ഷിതമായ സ്ഥലങ്ങൾ .... കുഞ്ഞിന് അങ്ങനെയുള്ള അന്തരീക്ഷം ഇഷ്ടപ്പെടുമെന്നാണ് അപ്പച്ചന്റെ കണ്ടുപിടുത്തം. നഗരവും തിരക്കയും പുകയും പൊടിയുമൊന്നും ഗർഭിണിയ്ക്ക് നല്ലതല്ല.. നല്ല തണുത്ത വായുവുള്ള സ്ഥലങ്ങൾക്ക് ദൈവികമായ ചൈതന്യം പോലുമുണ്ടത്രേ.

ആനിന്റെ അമ്മച്ചിയാണെങ്കിൽ ആട്ടിൻ സൂപ്പും മറ്റും ഉണ്ടാക്കി കഴിപ്പിക്കുക , കുഞ്ഞിന്റെ വരവിന് വേണ്ടിയുള്ള ഒരുക്കങ്ങൾ നടത്തുക തുടങ്ങിയ തിരക്കിലാണ്. ആൻ ഞരമ്പുകൾ പിടച്ചു കിടക്കുന്ന എന്റെ കാലുകൾ കുഴമ്പിട്ട് തിരുമ്മി തരും .. മുടി നീലിഭൃംഗാദി എണ്ണ തേച്ച് മിനുക്കി ചീകി കെട്ടിത്തരും. വേണ്ടപ്പെട്ടവരെ കൊണ്ട് ഈശ്വരൻ ദു:ഖങ്ങൾ മാത്രം തരാനാണ് ശ്രമിച്ചത്. അതേസമയം ആരുമല്ലാത്തവർ എന്നെയും കുഞ്ഞിനെയും അഗാധമായി സ്നേഹിക്കുന്ന മറിമായം.. ദിവസങ്ങൾ വളരെ വേഗം കടന്നുപോകുകയായിരുന്നു. അങ്ങനെ ഒരു സന്ധ്യാസമയത്ത് തികച്ചും അപ്രതീക്ഷിതമായി ജോയൽ എന്നെ കാണാൻ വന്നു. ഏതു സമയവും ചടഞ്ഞിരിക്കരുതെന്ന് അമ്മച്ചി ശാസിച്ചതു കൊണ്ട് ഞാൻ മുറ്റത്ത് നടന്ന ചെടികൾ നനയ്ക്കുകയായിരുന്നു. ആനിന്റെ കാർ വന്നു നിന്നപ്പോൾ ഞാൻ പൈപ്പ് അടച്ചിട്ട് അടുത്തേക്ക് ചെന്നു. ഡോർ തുറന്ന് ജോയൽ പുറത്തേക്കിറങ്ങിയപ്പോൾ ഞെട്ടിപ്പോയി. പജോയ്ക്ക് നിന്നോട് സംസാരിക്കണം ഹൃദ്യാ...' എന്ന് ആൻ പറഞ്ഞു.

ഞാൻ അനങ്ങാൻ വയ്യാതെ നിന്നു. ജോ എന്നെ നോക്കി മന്ദഹസിച്ചു. എനിക്ക് ആ ചിരി മടക്കി നൽകാൻ കഴിഞ്ഞില്ല. ആൻ അടുത്തു വന്ന് സ്തബ്ധയായി നിൽക്കുന്ന എന്റെ കൈ പിടിച്ചു. " ജോയ്ക്ക് നിന്നോട് സംസാരിക്കാനുണ്ട് " എന്നു പറഞ്ഞു. "എനിക്കൊന്നും പറയാനില്ല. ഒന്നും കേൾക്കണം എന്നുമില്ല..." എന്നു പറയുമ്പോൾ പ്രണയകാലത്തെ ഞങ്ങളുടെ പിണക്കം പോലെ വാക്കുകളിൽ വാശി കലർന്നു. "എനിക്കു വേണ്ടി..പ്ലീസ്..' എന്ന് ആൻ കെഞ്ചി. ഒടുവിൽ സമ്മതിക്കേണ്ടി വന്നു. ഞങ്ങൾ ആനിന്റെ മുറിയിലേക്ക് പോയി. ഞാൻ കിടക്കയിലിരുന്നു. ജോ മടിയൊന്നും കൂടാതെ എന്റെ അരികിലിരുന്നത് അവിശ്വാസത്തോടെയാണ് കണ്ടത്. "ഹൃദ്യേ.. ജിതിൽ എന്നെ ഒരുപാട് തെറ്റിദ്ധരിപ്പിച്ചു..എന്നോട് ക്ഷമിക്കണം " എന്ന് ജോയൽ അപക്ഷയോടെ എനിക്കു മുമ്പിലിരുന്നു. ഞാൻ അവനരികിൽ നിന്നെഴുന്നേറ്റ് ജനാലയോരം ചെന്നു നിന്നു. ഉൾപതർച്ച കൊണ്ടെന്റെ കാലുകളിടറി. ജോയലും എഴുന്നേറ്റ് വന്ന് എനിക്ക് . അഭിമുഖമായി നിന്നു. "തെറ്റ് എന്റേതാണ്. എന്റെ വീട്ടിലേക്കുള്ള ബസിൽ കയറിയതാണ് നീ..

നിനക്ക് പെട്ടന്ന് തന്നെ മനസുമാറ്റി ജിതിന്റെ കൂടെ ചെന്ന് ജീവിക്കാൻ കഴിയുമെന്ന് ചിന്തിച്ചത്.-- " " ജോ.. എല്ലാം തകിടം മറിഞ്ഞു... ആ കഥ തന്നെ മാറിപ്പോയി.. നോക്ക് ..ഇപ്പോഴിനി ഒരു കുമ്പസാരത്തിന്റെ ആവശ്യമുണ്ടോ.. " . പരമാവധി ശാന്തത കൈവരിച്ചു കൊണ്ട് ഞാൻ ചോദിച്ചു. " ഒന്നും മാറിയിട്ടില്ലെന്ന് വിചാരിക്കാമല്ലോ ഹൃദ്യേ.. ഈ കുഞ്ഞ് നിന്റേയും എന്റെയുമാണെന്ന് ചിന്തിച്ചു കൂടേ.. ഹൃദ്യേ.. നീയെന്നെ ഒന്ന് നോക്ക്.. ഒരു അര പ്രാണനായി ജീവിക്കുന്നു.. നീ ഇല്ലാതെ ജീവിക്കാൻ വയ്യ... " അവന്റെ ശബ്ദവും രൂപവും എനിക്കു മുന്നിൽ വിറങ്ങലിച്ചു ... എന്തു പറയണം എന്നെനിക്ക് അറിയാതെയായി.. ആ നിശബ്ദത ലംഘിച്ചുകൊണ്ട് ജോയൽ പറഞ്ഞു "എല്ലാ രേഖകളിലും കുഞ്ഞ് എന്റേതായ്ക്കോട്ടെ... നിന്നേക്കാൾ നന്നായി ഈ കുഞ്ഞിനെ ഞാൻ നോക്കിക്കോളാം പോരേ " അവൻ പറഞ്ഞത് പോലെ തന്നെ അർദ്ധപ്രാണനായി നിൽക്കുന്ന ജോയെ വേദനിപ്പിക്കുന്നതൊന്നും പറയാൻ എനിക്ക് കഴിഞ്ഞില്ല.. കണ്ണുകൾ മാത്രം നിയന്ത്രണം വിട്ടു നിറഞ്ഞു കവിഞ്ഞു ...

എങ്കിലും ഒരു മറുപടി ജോ അർഹിക്കുന്നുണ്ടായിരുന്നു. പ്രതീക്ഷകൾക്കൊന്നും സ്ഥാനമുണ്ടാകരുതെന്ന് എനിക്ക് നിർബന്ധവുമുണ്ടായിരുന്നു. അതുകൊണ്ട് നിർവികാരതയോടെ ഞാൻ അവനെ നോക്കി. " എന്നെ കൂടുതൽ വേദനിപ്പിക്കരുത്... ഞാൻ ജീവിച്ചോട്ടെ.." അത്രയും പറയാനേ എനിക്കു കഴിഞ്ഞുള്ളു. വാക്കുകൾ തൊണ്ടയിൽ കുരുങ്ങി. ജോ ഉൾക്കിടിലത്തോടെ എന്നെ നോക്കി നിന്നു. എന്റെ എല്ലാ അവസ്ഥകളും ചിന്തകളും ആവാഹിച്ച മട്ടിൽ മൗനമായി നിന്നു . പിന്നെ ആർദ്രമായ ഒരു ചിരി എടുത്തണിയാൻ പാടുപെട്ടുകൊണ്ട് പറഞ്ഞു " വീണ്ടും നിന്നെ സങ്കടപ്പെടുത്തിയെങ്കിൽ ക്ഷമിക്ക് .നിന്റെ ജീവിതത്തെ തടസപ്പെടുത്തുന്നതൊന്നും എന്റെ ഭാഗത്തു നിന്ന് ഉണ്ടാവില്ല ഹൃദ്യേ.. കാണാനും അറിയാനും കഴിയാത്ത ദൂരത്തേക്ക് പോകണം .....ഞാൻ പോകും.. ഇവിടെ വയ്യ... നിന്നെ കാണാനും മിണ്ടാനും തോന്നി ഞാൻ ഓടി വരാനും സാധ്യതയുണ്ട് .. അതുകൊണ്ട് ജോലി എന്ന പേരിൽ ഈ നാട്ടിൽ നിന്നേ പോയേക്കാം.." ഇടറിയ വാക്കുകൾ എന്റെ ഹൃദയം പിളർത്തുന്നുണ്ടായിരുന്നു.. എങ്കിലും വിചാരിച്ചു.

അവൻ പോയി രക്ഷപെടട്ടെ... ഭാഗ്യമുള്ള ഒരു കുട്ടിയെ കണ്ടെത്തി നന്നായി ജീവിക്കട്ടെ... അതുകൊണ്ട് മൗനമായി നിന്നു. "എങ്കിലും എന്റെ ജീവിതം തന്നെയാണ് നിന്റെ ജീവിതവും എന്ന് നിനക്കും തോന്നിയാൽ നിനക്ക് എപ്പോൾ വേണമെങ്കിലും എന്നെ തിരഞ്ഞു വരാം.. എവിടേക്കെങ്കിലും ഓടിപ്പോകും മുമ്പ് നീ എന്നെ വിളിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കും.. അങ്ങനെ എങ്കിലും മനസിലെ വേദന കുറയുമെങ്കിൽ അതല്ലേ നല്ലത്.." അവൻ എന്റെ കണ്ണുകളിലേക്ക് നോക്കി യാത്ര പറഞ്ഞു "പോട്ടെ..." ഞാൻ അവനെ നോക്കി പ്രജ്ഞയറ്റ് നിന്നു. ജോ മുറിയിൽ നിന്നും ഇറങ്ങിപ്പോയി. ആൻ കയറി വരുന്നത് വരെ ആ ജനാലയിലേക്ക് മുഖം ചേർത്തു വെച്ച് കരയുകയായിരുന്നു ഞാൻ. " നീയൊരു നല്ല തീരുമാനമെടുക്കും എന്ന് അവനിപ്പോഴും പ്രതീക്ഷയുണ്ട്.. " അവൾ പറഞ്ഞു. എനിക്ക് അമർഷം തോന്നി. "പത്തുമാസം തികയാറായ ഒരു പെണ്ണാണ് ഞാൻ...

അതും ആൻ മറന്നോ " പൊട്ടിത്തെറിക്കും മട്ടിലാണ് ചോദിച്ചത്. ആൻ ചിരിച്ചതേയുള്ളു. "മനുഷ്യന്റെ ജീവിതം കുറേയൊക്കെ അവനവന് തീരുമാനിക്കാൻ കഴിയും.. പക്ഷേ പൂർണമായി നിയന്ത്രിക്കുന്നത് ഏതോ അജ്‌ഞാത ശക്തിയാണ്... അങ്ങനെ തോന്നുന്നില്ലേ ഹൃദ്യേ നിനക്ക് .." ആൻ അടുത്തു വന്നു. " ഒരു കുഞ്ഞ് ആരുടേതോ, ആര് പ്രസവിച്ചെന്നോ ഒന്നുമല്ല മോളേ കാര്യം.. ആ കുഞ്ഞിനെ ആര് സ്നേഹിക്കുന്നു എന്നതാണ് .... ജോയ്ക്ക് അതിന് കഴിയുമെങ്കിൽ എനിക്ക് അവനെ അഭിനന്ദിക്കാനേ കഴിയൂ.." "പട്ടിയുടെ വാല് എത്ര കാലം കുഴലിൽ ഇട്ടാലും അത് നിവരില്ല.. നിന്നോട് സംസാരിച്ചിട്ടെന്ത് കാര്യം.." എന്ന് ഞാൻ നീരസപ്പെട്ട് മിണ്ടാതിരുന്നു. എന്നെ ദേഷ്യം പിടിപ്പിക്കുന്നതൊന്നും ആൻ പിന്നീട് പറഞ്ഞില്ല. എങ്കിലും ജോയലും അവളും തമ്മിൽ ഒരു സൗഹൃദം രൂപപ്പെട്ടുവെന്ന് ഞാൻ മനസിലാക്കിയിരുന്നു. ജോ വിദേശത്ത് പോകാനുള്ള ശ്രമത്തിലാണെന്ന് അവൾ ഒരിക്കൽ പറഞ്ഞു. എന്റെ പ്രസവത്തിന് രണ്ടു നാൾ മുമ്പു തന്നെ ആൻ എന്നെ കൊണ്ടുപോയി ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യിച്ചു.

താൻ വീട്ടിലില്ലാത്ത സമയത്ത് പ്രസവവേദന വന്നാൽ അമ്മച്ചി എങ്ങനെ ആ സന്ദർഭം നേരിടുമെന്ന് അവൾക്ക് ഭയമായിരുന്നു. ഇസബെല്ല ഡോക്ടർ പരിശോധിച്ചിട്ട് ഡേറ്റ് പറഞ്ഞ ദിവസം തന്നെ ഞാൻ പ്രസവിക്കും എന്ന് ഉറപ്പു വരുത്തി. എന്നാൽ പ്രസവ സമയത്ത് എല്ലാവരെയും ഭയപ്പെടുത്തിക്കൊണ്ട് എന്റെ ബി പി ഉയർന്നു. ലേബർ റൂമിലെ ടേബിളിൽ അപസ്മാര ബാധ പോലെ ഒരു അവസ്ഥയുണ്ടായി. ഇസബെല്ല ഡോക്ടർ എന്റെ അച്ഛനെയോ ജിതിനെയോ ഉടൻ വിളിച്ചു വരുത്തണമെന്ന് ആനിനോട് പറഞ്ഞു. അച്ഛൻ ഓടിക്കിതച്ചെത്തിയപ്പോഴേക്കും എന്റെ സ്ഥിതി ഗുരുതരമായി തുടങ്ങിയിരുന്നു. ഡോക്ടർ വേഗം അച്ഛനിൽ നിന്നും സമ്മതപത്രം ഒപ്പിട്ടു വാങ്ങി.. മിനുട്ടുകൾ കൊണ്ട് അനസ്തേഷ്യ നൽകി , ഓപ്പറേഷൻ റൂമിലേക്ക് ഞാൻ മാറ്റപ്പെട്ടു.. അബോധാവസ്ഥയിലും ഒരു സ്വപ്നത്തിൽ നിന്നെന്ന പോലെ ഇസബെല്ല ഡോക്ടറുടെ വാക്കുകൾ എനിക്കു കേൾക്കാമായിരുന്നു "കർത്താവേ.. ഈ പെൺകുട്ടിയെ ജീവനോടെ കിട്ടുമെന്ന് എനിക്കൊരു ഉറപ്പും ഇല്ല.......തുടരും....

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story