കാണാദൂരം : ഭാഗം 13

kanadhooram

രചന: ഷൈനി ജോൺ

ബോധം തെളിയുമ്പോൾ ഞാൻ ഐസിയുവിലാണ്. വീണ്ടും ഇതിനകത്ത് എത്തിയോ എന്ന ആശങ്കയോടെ ചുറ്റും നോക്കി. സിനിമകളിൽ കണ്ടിട്ടുള്ളത് പോലെ മുകളിൽ കറങ്ങുന്ന ഫാൻ, പച്ച വിരിപ്പുകൾ ഇളം മഞ്ഞ ചുവര്.. പച്ച കർട്ടൻ... എന്തൊക്കെയോ യന്ത്രങ്ങൾ ... കുറച്ചു നേരം ഞാൻ കാഴ്ചകൾ കാണുന്നത് പോലെ കിടന്നു. പതിയെ പതിയെ പ്രജ്ഞ തെളിഞ്ഞു.. ഇസബെല്ല ഡോക്ടർ പറഞ്ഞത് പോലെ ഞാൻ മരിച്ചുവോ... എന്റെ ആത്മാവാണോ ഈ കാഴ്ചകളൊക്കെ കാണുന്നത്. ഇല്ലെന്ന് പതിയെ മനസിലാക്കി. കാഴ്ചകളൊക്കെ തെളിച്ചമുള്ളതായി. അടിവയറ്റിൽ നിന്നൊരു വേദന ഉടലാകെ പടരുന്നു. കണ്ണോടിച്ചപ്പോൾ വീർത്തു നിന്ന വയറില്ല.. കുഞ്ഞ്... അതിനെ വയറു കീറി പുറത്തെടുത്തിരിക്കുന്നു.. കുട്ടി മരിച്ചോ ജീവിച്ചിരിപ്പുണ്ടോ എന്ന ഒരു ചിന്ത വന്നെന്റെ ഉള്ളിൽ തട്ടി. എന്തോ ഒരു വേവലാതി.. ആ കുഞ്ഞ് പിറക്കുമ്പോൾ മരിക്കണേന്ന് പോലും പ്രാർത്ഥിച്ചിട്ടുണ്ട്... പക്ഷേ ഇപ്പോൾ കണ്ണുകൾ ഈറനാകുന്നു.. മാറിടം കടയുന്നു... അതെന്തു കുഞ്ഞായിരിക്കും.. ആണോ ? പെണ്ണോ ?

അതിന് ജിതിന്റെ ഛായ ഉണ്ടായിരിക്കുമോ? അങ്ങനെ വന്നാൽ കുഞ്ഞിനോട് ശത്രുത തോന്നുമോ തനിക്ക് ... "അയ്യോ സിസ്റ്ററേ ..ദേ... പേഷ്യന്റ് കണ്ണു തുറന്നു..." എന്നൊരു നിലവിളി കേട്ടു.. നോക്കുമ്പോൾ പച്ച നിറമുള്ള യൂണിഫോം അണിഞ്ഞ ഒരു സിസ്റ്റർ പരക്കം പായുന്നു. ഉടനേ തന്നെ അതേ യൂണിഫോം അണിഞ്ഞ മറ്റൊരു സിസ്റ്റർ ഓടി വന്നു. "ങേ.... കണ്ണു തുറന്നല്ലോ...എന്റമ്മേ പേടിപ്പിച്ചു കളഞ്ഞല്ലോ കൊച്ചേ നീ.." സ്നേഹത്തോടെ ശാസിച്ചു കൊണ്ടാണ് വരവ്.. വന്ന് ആകമാനം നോക്കിയിട്ട് അവളെന്നെ നോക്കി മന്ദഹസിച്ചു. " ഇതു പുനർജന്മമാ കേട്ടോ... മോള് തിരിച്ചു വരുമെന്ന് ഇവിടാരും വിചാരിച്ചില്ല... ഇതിനകത്ത് കയറിയിട്ട് എത്ര ദിവസമായെന്നാ... ഒന്നര ആഴ്ച കഴിഞ്ഞു.." എന്റെ കണ്ണ് മിഴിഞ്ഞു പോയി.. അപ്പോഴേക്കും ഇസബെല്ല ഡോക്ടർ ഓടിക്കിതച്ചെത്തി. വന്നപാടേ എന്നെ കാര്യമായി ശ്രദ്ധിക്കാതെ പരിശോധന തുടങ്ങി. ഒടുവിൽ ഒരു ദീർഘ നിശ്വാസത്തോടെ ഡോക്ടർ എന്റെ കൈപിടിച്ച് കണ്ണിലേക്ക് നോക്കിയിട്ട് അനുതാപത്തോടെ പറഞ്ഞു

"ഹൃദ്യ... വെന്റിലേറ്ററിലേക്ക് മാറ്റാനിരിക്കുകയായിരുന്നു... ഇതെന്തൊരു മിറാക്കിൾ ആണെടോ.." ഡോക്ടർ കുനിഞ്ഞ് എന്റെ നെറ്റിയിൽ ചുംബിച്ചു. അപ്പോൾ ഒരു തുള്ളി കണ്ണീരെന്റെ നെറ്റിയിൽ പടർന്നു..എന്റെ കണ്ണുകളും ഈറനായി. ആനിനോട് അവർ പ്രകടിപ്പിച്ചിരുന്ന വാത്സല്യം എന്നും എന്നോടും കാട്ടിയിരുന്നു.. അവരുടെ സ്നേഹം ആത്മാർഥമാണെന്ന് തെളിയിക്കുന്നതായിരുന്നു ആ ചുംബനം.. " കുഞ്ഞ്.." അതുവരെ ഉള്ളിൽ വീർപ്പുമുട്ടിയത് ഞാൻ ചോദിച്ചു. " അവൻ കുട്ടികളുടെ ഐ.സി.യുവിലാണ്.. കുഴപ്പമൊന്നുമില്ല.. ഇന്നു രാവിലെ കൊണ്ടുവന്ന് കുറേ നേരം ഹൃദ്യയുടെ അരികിൽ കിടത്തിയിരുന്നു. പാൽ കൊടുത്തില്ല.. അമ്മ ഹെൽതിയായിട്ടു മാത്രമേ അവന് സ്വന്തം അമ്മയുടെ പാൽ നുണയാൻ ഭാഗ്യമുണ്ടാകു" "മോനാണോ " ? ഞാൻ ചോദിച്ചു. "അതെ... മൂന്നര കിലോ ഭാരമുണ്ടായിരുന്നു... നല്ലകുട്ടിയായിരിക്കുന്നു. " ഡോക്ടർ എന്റെ കാര്യങ്ങൾ നോക്കുന്നതിനിടെ കവിളിൽ തട്ടിയിട്ട് പറഞ്ഞു " കാണാൻ കൊതിയാകുന്നു അല്ലേ.. തത്ക്കാലം സഹിക്കണം.

ഹൃദ്യയ്ക്ക് ചില ടെസ്റ്റുകൾ ഒക്കെയുണ്ട്..എല്ലാം ഓ.കെ. ആണെങ്കിൽ റൂമിലേക്ക് മാറ്റാം .. അപ്പോൾ മോനും വരും.." എനിക്കെന്തോ അവനെ കാണാൻ വല്ലാത്തൊരു വെമ്പൽ തോന്നി. മനസാകെ ഒരു വിങ്ങൽ. അമ്മിഞ്ഞ പാലിന്റെ മാധുര്യം നുണയാൻ അവൻ എവിടെയോ തന്നെ കാത്തു കിടക്കുന്നു. ഇതാണോ മാതൃത്വം എന്നു ഞാൻ അതിശയിച്ചു. ഇത്രനാൾ ഞാനവനെ എത്രയോ വെറുത്തു. ഇപ്പോഴിതാ കാണാൻ കണ്ണുകൾ തുടിയ്ക്കുന്നു. അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധം എത്ര അമൂല്യമാണെന്ന് ചിന്തിച്ചു കിടന്നു. എന്നെ വെന്റിലേറ്ററിലേക്ക് മാറ്റാൻ തീരുമാനിച്ചിരുന്നു. അതിന് മുന്നോടിയായി കുഞ്ഞിനെ ആദ്യമായി അവർ കൊണ്ടുവന്ന് തന്റെ അരികിൽ കിടത്തി. എന്നാലോ ആ കുഞ്ഞിളം മേനിയുടെ ചൂട് എന്റെ ആത്മാവിലേക്ക് പകരാൻ അവന് കഴിഞ്ഞു കാണണം.. ഞാൻ കണ്ണുകൾ തുറന്നു .. ബോധാവസ്ഥയിലേക്ക് തിരിച്ചു വന്നു. . ടെസ്റ്റുകൾ എല്ലാം പൂർത്തിയാക്കി പിറ്റേന്ന് ഉച്ചയോടെയാണ് റൂമിലേക്ക് മാറ്റിയത്. ഇൻഫെക്ഷൻ ഉണ്ടാകാതിരിക്കാൻ കടുത്ത നിയന്ത്രണത്തോടെയാണ് റൂമിലേക്കുള്ള മാറ്റൽ..

കുഞ്ഞും ഞാനും പരിശോധനയ്ക്കെത്തുന്ന ഡോക്ടർമാരും നഴ്സും മാത്രമുള്ള ലോകം.. ആനും അമ്മച്ചിയും അപ്പച്ചനും ചില്ലുജാലകത്തിലൂടെ എന്നെ നോക്കി നിൽക്കുന്നത് കാണാമായിരുന്നു. ഇടയ്ക്കിടയ്ക്ക് എന്റെ അമ്മയുടെയും അച്ഛന്റെയും ദൃശ്യയുടെയും മുഖങ്ങൾ കണ്ടു.. അമ്മയായതോടെ എനിക്ക് അവരോടുള്ള വെറുപ്പും പാതിയായി കുറഞ്ഞത് പോലെ തോന്നി. അമ്മ എന്ന സ്ത്രീ എന്നെ പ്രസവിച്ചപ്പോഴും ഈ മൃദുലമായ വികാരത്തിലൂടെ കടന്നുപോയിരിക്കും.. എന്നിട്ടും ഇപ്പോഴും ജിതിനോട് ചേർന്നു നിൽക്കാൻ കാരണം ആൻ പറയുന്നത് പോലെ ഈ സമൂഹത്തിന്റെ പുരുഷാധിഷ്ഠിത കാഴ്ചപ്പാട് തന്നെ ആയിരിക്കണം. പിന്നെ, ജിതിൻ എല്ലാവർക്കും നല്ലവനാണ്.. തന്നോടു മാത്രമേ... ചിന്തകൾ അയാളിലേക്കെത്തിയപ്പോൾ ഞാൻ മുഖം കുടഞ്ഞു. പത്തുമണി കഴിഞ്ഞപ്പോഴാണ് മോനെ ഒരു സിസ്റ്റർ എടുത്തു കൊണ്ടു വന്നത്. നനുത്തൊരു പഞ്ഞി പുതപ്പിൽ ഇളംറോസ് ഉടുപ്പുമണിഞ്ഞ് അതിലേറെ റോസ് നിറത്തിൽ മിഴികൾ തുറന്നു കിടക്കുന്നു കുഞ്ഞ്. കഴിയുന്നത്ര ശരീരം ചെരിച്ചു കിടന്ന് ഞാൻ അവനെ കണ്ടു. സഹജ വാസന പോലെ കുഞ്ഞ് എന്റെ ശരീരത്തിലേക്ക് മുഖം ചായ്ച്ച് പാലിന് വേണ്ടി പരതി. എന്റെ ദേഹത്താകമാനം ഒരു വൈദ്യുതി പാഞ്ഞു.

ഞാൻ ആ കുഞ്ഞു രൂപത്തെ നോക്കി കിടന്നു. കൈ നീട്ടി ഒന്നു തൊടാൻ തോന്നിയെങ്കിലും എന്തോ ഒരു മടി. "കുഞ്ഞിന് ഇപ്പോഴൊന്നും പാൽ കൊടുത്തു തുടങ്ങേണ്ട... ഒരുപാട് മെഡിസിൻ യൂസ് ചെയ്യുന്നതല്ലേ... ബെല്ല ഡോക്ടർ പറയുന്നത് പോലെ തന്നെ ചെയ്യണം കേട്ടോ..'' നഴ്സ് ഓർമിപ്പിച്ചു. ഞാൻ തലയാട്ടി. " എന്നു വെച്ച് ടെൻഷൻ ഒന്നും വേണ്ട.. ഒരുപാട് അമ്മമാർ അവനു വേണ്ടി മുലപ്പാൽ തരുന്നുണ്ട്.. പാലു കിട്ടാത്ത പ്രശ്നമൊന്നും ഈ പീക്കിരിയ്ക്കില്ല.." കുഞ്ഞിനെ ഓമനിച്ചു കൊണ്ട് നഴ്സ് പോയി. കുഞ്ഞിനെ കണ്ണിമയ്ക്കാതെ നോക്കി കിടക്കുമ്പോഴും എന്റെ അപരിചിതത്വം മാറിയിരുന്നില്ല. അവൻ ഒരുപാട് അമ്മമാരുടെ പാൽ കുടിച്ചുവത്രേ.. അവനെ ഒരുപാട് വെറുത്തത് കൊണ്ടായിരിക്കും ആദ്യമായി പാലൂട്ടാനും അതിന്റെ അനുഭൂതി അറിയാനും ഈശ്വരൻ തന്നെ അനുവദിക്കാതിരുന്നത്. ഇസബെല്ല ഡോക്ടറുടെ അനുമതി വാങ്ങി ആൻ മരിയ അകത്തേക്കു വന്നു. " ഞാനന്ന് പറഞ്ഞത് അതേപടി ശരിയായി. കുഞ്ഞിന്റെ മൂത്രം തുടയ്ക്കാനും അപ്പി കോരാനും എനിക്കു തന്നെ യോഗം " അവൾ കസേര വലിച്ചിട്ട് അടുത്തിരുന്നു.

ഞാൻ അവളുടെ മുഖത്തേക്കു തന്നെ ഉറ്റുനോക്കി കിടന്നു. ആൻ എന്റെ വലം കൈപിടിച്ച് നനുക്കെ ഉമ്മ വെച്ചു. അപ്പോൾ അവളുടെ മിഴികൾ നിറഞ്ഞിരുന്നു. " നിന്നെയും കുഞ്ഞിനെയും കിട്ടില്ലെന്ന് തന്നെ വിചാരിച്ചു.. രണ്ടു ദിവസം മുമ്പ് ഈ നേരത്ത് നിന്നെ വെന്റിലേറ്ററിലേക്ക് മാറ്റുന്ന കാര്യമാണ് ഇസാന്റി സംസാരിച്ചത്... എന്നാൽ പോലും ഒരു ഉറപ്പും ഇല്ലായിരുന്നു.." " ഞാൻ അനുഭവിച്ചതൊന്നും പോരാന്ന് ഇപ്പോ നിനക്ക് മനസിലായില്ലേ. ഇനിയും പലതും ബാക്കിയുണ്ട്." അവളുടെ കണ്ണുകളിലേക്ക് നോക്കി ഞാൻ ചിരിച്ചു. അപ്പോഴേക്കും ഞങ്ങൾ കരഞ്ഞു പോയി. ഒപ്പം കുഞ്ഞും കരഞ്ഞു. ഞാൻ ആദ്യമായിട്ടാണ് അവന്റെ കരച്ചിൽ കേൾക്കുന്നത്.. പതുക്കെ തുടങ്ങി കൈ ചുരുട്ടി ഉറക്കെ കിടന്ന് കീറുകയാണ്..എന്റെ നെഞ്ചു പിടഞ്ഞു. "നിനക്കെന്താടാ എന്നെ കണ്ടപ്പോഴാണോ കരച്ചിൽ വന്നത് " ? ആൻ വാത്സല്യത്തോടെ കുഞ്ഞിനെ എടുത്ത് നെഞ്ചോടു ചേർത്തു. കുഞ്ഞ് കരച്ചിലിനിടെ മുഖം ചെരിച്ച് ചുണ്ടു നുണഞ്ഞ് ആനിന്റെ മാറിൽ പരതി. " അപ്പോഴേക്കും വിശന്നല്ലേ... " എന്ന് അവൾ കുഞ്ഞിനെ ഓമനിച്ചു "എടാ കള്ള ചെക്കാ.. മിൽമ എന്റെ ബ്രസ്റ്റിലല്ല... ദേ കിടക്കുന്നു നിന്റെ അമ്മ... അങ്ങോട്ട് ചെല്ല്... " എന്ന് തമാശ പറഞ്ഞു.

"പാലു കൊടുക്കരുതെന്ന് പറഞ്ഞിട്ടുണ്ട് ഇസാന്റി .." എന്ന് ഞാൻ അവളെ അറിയിച്ചു. "അച്ചോടാ - കഷ്ടമായി പോയല്ലോടാ കള്ളക്കൊതിയാ.." എന്നു ലാളിച്ച് ആൻ ഭിത്തിയിലെ പ്രത്യേക സ്വിച്ചമർത്തി. നാലഞ്ച് മിനിറ്റിനും ഒരു സിസ്റ്റർ വന്നു. കുഞ്ഞ് വിട്ടുവീഴ്ചയ്ക്ക് തയാറല്ലാത്ത മട്ടിൽ വിങ്ങി പൊട്ടി കരയുകയാണ്. "സിസ്റ്ററേ.. ഇവന് നല്ല വിശപ്പുണ്ട്.." എന്ന് അവൾ അറിയിച്ചു. " ആണോ.. എന്നാൽ വാ... എൻഐസിയുവിൽ പാല് കളക്ട് ചെയ്ത് വെച്ചിട്ടുണ്ടാവും" എന്ന് നഴ്സ് പറഞ്ഞു. " ഹൃദ്യ.. ദേ വരുന്നേ.." എന്നു പറഞ്ഞ് കുഞ്ഞുമായി ആൻ പോയി. ചില്ലുവാതിലിനപ്പുറം നിന്ന് അമ്മയും അച്ഛനും ഇതെല്ലാം കാണുന്നത് ഞാൻ ഇടം കണ്ണിട്ടു നോക്കി കണ്ടു. കുഞ്ഞുമായി ആൻ ചെന്നപ്പോൾ മോന്റെ കവിളിൽ തട്ടി അച്ഛൻ ഓമനിക്കുന്നു. എത്രയൊക്കെ ആയാലും രക്തബന്ധത്തിന്റേതായ ഒരു ഈറൻ എന്റെ മനസിനെ കുളിർപ്പിച്ചു. പത്തുപതിനഞ്ച് മിനിട്ട് കഴിഞ്ഞാണ് ആൻ കുഞ്ഞുമായി തിരിച്ചു വന്നത്. അവൻ നല്ല ഉറക്കമായിരുന്നു. പാൽ കുടിച്ച് നിറഞ്ഞ ഉണ്ണിക്കുടവയർ കാട്ടി ആൻ ചിരിച്ചു കൊണ്ട് പറഞ്ഞു "ദേ.. കണ്ടോ ഇപ്പോൾ ഇവനാണ് പ്രഗ്നന്റ്. " എനിക്കും ചിരിവന്നു. ഒന്നിനു പിന്നാലെ ഒന്നായി കരയിലേക്കൊഴുകുന്ന തിരമാലകൾ പോലെ വാത്സല്യവും സ്നേഹവും എന്റെ ഉള്ളിലാകെ പതച്ചു വരുന്നുണ്ടായിരുന്നു.. എന്റെ മകൻ എന്തു സുന്ദരനാണ് .... എന്തൊരു ഓമനത്തമാണ്... ഈ ലോകത്തേറ്റവും ഭംഗിയുള്ള കുഞ്ഞ്....

ഞാൻ ഭയന്നതു പോലെ കുഞ്ഞിന് ജിതിന്റെ ഛായയല്ല..എന്റെ തന്നെ ഒരു കുഞ്ഞു പതിപ്പ്... ആനും പറഞ്ഞു "ഹൃദ്യേ ഇവന് നിന്റെയും നിന്റെ അച്ഛന്റെയും ഛായയാണ്. " " അതു ഭാഗ്യം.." എന്നു ഞാൻ നിശ്വസിച്ചു. വൈകിട്ട് ഇസബെല്ല ഡോക്ടർ വന്നപ്പോഴും അവൻ ഉറക്കമാണ്. " കുംഭകർണൻ അമ്മയുടെ ചൂടുപറ്റി നല്ല ഉറക്കമാണല്ലോ.." എന്ന് ഡോക്ടർ വാത്സല്യത്തോടെ പറഞ്ഞു. " ഇന്നത്തെ ടെസ്റ്റുകൾ ഒന്നും കുഴപ്പമില്ലാ മോളേ... ഇങ്ങനെ ആണെങ്കിൽ നിനക്ക് വേഗം വീട്ടിൽ പോകാം കേട്ടോ.." എന്ന് ഡോക്ടർ അഭിനന്ദനം പോലെ അറിയിച്ചു. രാത്രി വളരെ നേർത്ത എന്തെങ്കിലും ഭക്ഷണം ആകാമെന്ന് ഡോക്ടർ ആനിനോട് പറഞ്ഞു. അവൾ അമ്മച്ചിയെ വിളിച്ച് പൊടിയരിക്കഞ്ഞി കൊണ്ടുവരാനേൽപ്പിച്ചു. കഞ്ഞി കോരി കുടിപ്പിച്ചതും അവൾ ആണ്. ദൃശ്യയും ദർശനയും എന്റെ കൂടപ്പിറപ്പുകളാണെങ്കിലും കർമം കൊണ്ട് എന്റെ സഹോദരി ആൻ മരിയയാണ്. സ്നേഹ പാരവശ്യം കൊണ്ട് എന്റെ മിഴികൾ പിന്നെയും നിറഞ്ഞു. രാത്രി ഒമ്പതരയായപ്പോൾ ആൻ കുഞ്ഞിനെയും കൊണ്ടുപോയി പാൽ കുടിപ്പിച്ചിട്ടു വന്നു.

കുഞ്ഞ് മാലാഖ കണ്ണുകൾ തുറന്ന് കിടന്ന് കൈയ്യും കാലും ചെറുതായി ഇളക്കി ലോകത്തെ ഉറ്റു നോക്കുന്ന ഭാവത്തിൽ കിടന്നു. ആൻ ചെന്ന് എന്റെ കിടക്കയോട് ചേർന്നുള്ള ജനാലകൾ തുറന്നു . "കുറച്ചുനേരം ശുദ്ധവായു കയറട്ടെ.." അവൾ പറഞ്ഞു. "മൊസ്ക്വിറ്റോ നെറ്റുണ്ട് .. അതുകൊണ്ട് കൊതുകിനെ പേടിക്കണ്ട... " എന്ന് പറഞ്ഞ് ഒരു കസേര വലിച്ചിട്ട് ജനലരികെ ഇരിപ്പായി. " ഈ കുഞ്ഞ് എന്താ ഉറങ്ങാത്തേ.." ഞാൻ അത്ഭുതപ്പെട്ട് ചോദിച്ചു. "കുഞ്ഞാവകൾ അങ്ങനെയാ.. തോന്നുമ്പോ ഉറങ്ങും തോന്നുമ്പോ ഉണരും..അതൊക്കെ അവരുടെ ഇഷ്ടം..പിന്നെ കുഞ്ഞിനെ ആ കുഞ്ഞ്, ഈ കുഞ്ഞ്.. അവൻ, ഇവൻ എന്നൊന്നും ഇനി വിളിക്കണ്ട... അവനു ഞാൻ ഒരു പെറ്റ് നെയിം ഇട്ടിട്ടുണ്ട്.. " അവൾ പറഞ്ഞത് കേട്ട് ഞാൻ ആകാംക്ഷയോടെ നോക്കി. "ബബ്ലു" അവൾ ചിരിച്ചു. "ബബ്ലുവോ ..ബബ്ലൂസ് നാരങ്ങ എന്ന് കേട്ടിട്ടുണ്ട്.. ഇതെന്ത് പേരാണെടീ" എന്ന് എനിക്ക് ദേഷ്യവും വന്നു. "ബബ്ലൂസ് നാരങ്ങയുടെ ഉള്ളിലെ തുടുത്ത റോസ് നിറമല്ലേ ഇവന് .. അതുകൊണ്ടാണ് ഇവന് ബബ്ലു എന്ന് പേരിട്ടത്.." ആൻ ചിരിച്ചു കൊണ്ട് പറഞ്ഞു. ഞാൻ കുഞ്ഞിനെ നോക്കി.

പാവം തോന്നി. കറുത്ത് തിളങ്ങുന്ന മുത്ത് പോലെയുള്ള കൃഷ്ണമണികൾ വികസിപ്പിച്ച് അന്തരീക്ഷത്തിൽ നോക്കി കിടക്കുന്നു. ഇത്ര നല്ലൊരു കുഞ്ഞിന് പേര് ബബ്ലു പോലും.. "കുഞ്ഞിന്റെ ഒഫീഷ്യൽ നെയിം ഞാനിടും " എന്ന ഞാൻ പെട്ടന്ന് പറഞ്ഞു. "എന്തു പേര് "ആൻ പുറത്തേക്കുള്ള നോട്ടം മാറ്റി എന്റെ നേരെ നോക്കി. " പേരൊന്നും കരുതി വെച്ചിട്ടില്ലല്ലോ.. സമയമാകട്ടെ... നല്ലൊരു പേര് ഞാനിട്ടോളാം.." ഞാൻ ചിരിച്ചു "ഓ..ആയ്ക്കോട്ടേ... ഇപ്പോൾ അമ്മയും കുഞ്ഞും ഒന്നായി.." അവൾ പരിഭവിച്ചു. "ഞാൻ ഇപ്പോഴല്ലേടീ അമ്മയായത്.. ഇതെന്തൊരു ഫീലാണെന്നറിയ്യോ..." എന്റെ വാക്കുകളിൽ വിസ്മയം പുരണ്ടു. കുഞ്ഞ് കരയാൻ തുടങ്ങി.. "ബബ്ലു മോനേ... ആന്റീടെ ചക്കരേ... കരയല്ലേ.." എന്നൊക്കെ കൊഞ്ചിച്ച് ആൻ അവനുമായി മുറിയിൽ ചുറ്റി നടക്കുന്നത് കണ്ടാണ് ഞാൻ ഉറങ്ങിപ്പോയത്. എത്ര നേരം ഉറങ്ങിയെന്നറിയില്ല. ദേഹത്തേക്ക് ആരോ വെളളം കുടഞ്ഞത് പോലെ തോന്നിയപ്പോഴാണ് ഞെട്ടിയുണർന്നത്. നോക്കുമ്പോൾ പുറത്ത് കനത്ത മഴ.. കാറ്റുമുണ്ട്.

ജനാലയിലൂടെ മഴ ചാറ്റൽ കിടക്കയിലേക്ക് പാറി വീഴുന്നു. എന്റെ അരികിൽ ചൂടുപറ്റി ഗാഢനിദ്രയിലാണ്ടു കിടക്കുന്ന കുഞ്ഞ്.. അവൻ വല്ലാതെ നനഞ്ഞിട്ടുണ്ട്. തൊട്ടു നോക്കിയപ്പോൾ അവനെ പൊതിഞ്ഞു കിടത്തിയ പുതപ്പ് മൂത്രത്തിൽ കുതിർന്നിരിക്കുന്നു. മറുവശത്ത് ആൻ കിടക്കയിലേക്ക് ശിരസർപ്പിച്ച് എല്ലാ ക്ഷീണങ്ങളോടെയും കൂർക്കം വലിച്ചുറങ്ങുന്നു. "അയ്യോ " എന്നൊരു വല്ലാത്ത സങ്കടം എന്റെ തൊണ്ടയിൽ വന്നു കുരുങ്ങി. ഹൃദയം വല്ലാതെ അലിഞ്ഞു പോയി. പ്രാണസങ്കടവും അതിലേറെ കുറ്റബോധവും. വേദന വകവെക്കാതെ കട്ടിലിന്റെ ചാരുപടിയിൽ പിടിച്ചു ഞാൻ നിരങ്ങി എഴുന്നേറ്റിരുന്നു. കൈയ്യെത്തിച്ച് ബാസ്ക്കറ്റിൽ നിന്ന് ടർക്കിയും വിരിപ്പുകളുമെല്ലാമെടുത്തു. വിറയ്ക്കുന്ന കൈകളോടെ കുഞ്ഞിനെ എടുത്തു ഞാൻ നെഞ്ചോടു ചേർത്തു പിടിച്ചു. ആദ്യമായാണ് ഞാൻ എന്റെ കുഞ്ഞിനെ എടുക്കുന്നത്. ആ കുഞ്ഞു ദേഹത്തിന്റെ സ്പർശമേറ്റ് എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.

കുഞ്ഞിനെ വൃത്തിയായി തുടച്ചു. തണുപ്പേല്ക്കാതെ നനുത്ത പുതപ്പിൽ പൊതിഞ്ഞു. മാറോടു ചേർത്തുപിടിച്ചപ്പോൾ ഞെളിഞ്ഞു പിരിഞ്ഞ് കണ്ണു തുറന്ന കുഞ്ഞ് പാലിനു വേണ്ടി നെഞ്ചോരം തിരഞ്ഞു. ചുറ്റും നോക്കിയപ്പോൾ ആരും ഒന്നും കാണുന്നില്ല.. കുഞ്ഞിനെ പാലൂട്ടാനുള്ള മോഹം അനിയന്ത്രിതമായി. മെല്ലെ നൈറ്റിയുടെ സിബ്ബ് താഴ്ത്തി ഞാൻ കുഞ്ഞിനെ നെഞ്ചോടു ചേർത്തു. ഇടതു മുലയിലെ ഞെട്ട് ആ ചോരിവായിൽ വെച്ചതും കുഞ്ഞ് പാൽ നുണയാൻ തുടങ്ങി.. മാതൃത്വത്തിന്റെ മഹനീയത എന്നെ തൊട്ടു . "എടീ ഹൃദ്യേ... നീയെന്താടീ കാണിക്കുന്നത് - " എന്ന് ഞെട്ടിയുണർന്ന ആൻ മരിയ ശബ്ദമുയർത്തി. "പ്ലീസ് .. ആൻ..പ്ലീസ് ഡീ.." ഞാൻ സ്വയമറിയാതെ കെഞ്ചി. ആൻ സ്തബ്ധയായി നോക്കിയിരുന്നു പോയി. "ഹൃദ്യേ.. ഇസാന്റി പറഞ്ഞത്.." അവൾ എന്നെ ഓർമിപ്പിക്കാൻ ശ്രമിച്ചു. "ഒരു വട്ടം.. എനിക്ക് കൊതിയായിട്ടല്ലേ " എന്ന് ഞാൻ യാചിച്ചു. "കുഞ്ഞിനൊന്നും വരില്ല.. എനിക്കറിയാം..എന്റെ കുഞ്ഞല്ലേ...പ്ലീസ്.." എന്നു കരഞ്ഞു. ഞാൻ കരയുകയാണെന്ന് കണ്ടിട്ടാവാം ആൻ മൗനം പാലിച്ചു.

പിന്നെ എഴുന്നേറ്റ് ചെന്ന് ജനലുകൾ അടച്ചു പൂട്ടി. " നശിച്ച മഴ.. ഇതിപ്പോ പെയ്യുമെന്നാര് കണ്ടു..പാവം.. കുഞ്ഞ് നനഞ്ഞു അല്ലേ.." അവൾ പശ്ചാത്താപത്തോടെ ചോദിച്ചു. "നനഞ്ഞു.. ഞാൻ നോക്കുമ്പോ മഴ ചാറ്റലും കൊണ്ട്, മൂത്രത്തിലും കുതിർന്ന് വിറങ്ങലിച്ച് നല്ല ഉറക്കം... എന്റെ ചങ്കു പൊട്ടിപ്പോയി.." എന്റെ സങ്കടം കണ്ട ആൻ അത്ഭുതത്തോടെ നോക്കി നിന്നു. അവളുടെ നോട്ടത്തിന്റെ അർത്ഥം എനിക്കറിയാമായിരുന്നു. എന്റെ കുഞ്ഞിനെ വയറ്റിൽ വെച്ചേ വെറുത്ത അമ്മയല്ലേ ഞാൻ... നനഞ്ഞതും മൂത്രം തുടച്ചതുമായ തുണികൾ എടുത്ത് വേസ്റ്റ് ബക്കറ്റിലിട്ടിട്ട് ആൻ എല്ലായിടവും തുടച്ച് വൃത്തിയാക്കി. കുഞ്ഞ് വയർ നിറഞ്ഞ് വീണ്ടും ഉറങ്ങാൻ തുടങ്ങിയിരുന്നു. ആൻ കുഞ്ഞിനെ എടുത്ത് പുറത്ത് തട്ടി. പിന്നെ അവന് സുഖപ്രദമായ രീതിയിൽ എന്റെ അരികിൽ കിടത്തി. " ഇസാന്റി പറയുന്നത് വരെ ഇനി പാൽ കൊടുക്കരുത് ഹൃദ്യേ..നിനക്ക് ആഗ്രഹം ഒക്കെ ഉണ്ടാകും..പക്ഷേ കുഞ്ഞിന് ആയിരിക്കും പ്രശ്നം " അവൾ എന്നെ ശാസിച്ചു. അതു കേട്ടപ്പോൾ എനിക്കു വല്ലാതെ പേടി തോന്നി.

കുഞ്ഞിനെ എന്റെ ഇടത് കൈ വലയത്തിനുള്ളിലാക്കി കുറ്റബോധത്തോടെ ഞാൻ കിടന്നു. ഇസാന്റി വന്നപ്പോൾ ഞാൻ ബബ്ലുവിനെ പാലൂട്ടിയ കാര്യം ആൻ പറഞ്ഞു. " അതു സാരമില്ല.. ഹൃദ്യയ്ക്ക് ഇപ്പോൾ പ്രത്യേകിച്ച് മെഡിസിൻ ഒന്നും ഇല്ലല്ലോ.." എന്ന് ഡോക്ടർ പറഞ്ഞപ്പോഴാണ് എനിക്കു സമാധാനമായത്. "എങ്കിലും ഡിസ്ചാർജായി വീട്ടിൽ എത്തിയതിനു ശേഷം മതി എന്റെ മുലപ്പാൽ കൊടുക്കുന്നത് " എന്നും ഡോക്ടർ പറഞ്ഞു. ഞാൻ സമ്മതിച്ചു. ഒരാഴ്ച കൂടി ഞാൻ ഒബ്സർവേഷനിൽ തുടർന്നു. അതിനു ശേഷമാണ് ഡോക്ടർ ഡിസ്ചാർജിനെഴുതിയത്. വീട്ടിലേക്ക് പോകാനായി ഞാനും ആനും തയാറെടുക്കുന്നതിനിടെ ഇസബെല്ല ഡോക്ടർ എന്നെ കാണാൻ വന്നു. ഡോക്ടർ എന്റെ അനുവാദം തേടാൻ കൂടിയാണ് വന്നത്.. പുറത്ത് നിൽക്കുന്ന ബന്ധുക്കൾക്ക് എന്നെ ഒന്നു കാണാൻ ആഗ്രഹം ഉണ്ടത്രേ.. അനുവാദം കൊടുക്കാനാണ് എനിക്കും തോന്നിയത്.. " വന്നോട്ടെ.. അധിക സമയം നിർത്തരുത്' എന്ന് ഞാൻ ഉദാരവതിയായി. " ഓ.കെ. മോളു.." എന്ന് ഡോക്ടർ എന്റെ കവിളിൽ തട്ടിയിട്ട് പുറത്തേക്കു പോയി. ആദ്യം ആനിന്റെ അമ്മച്ചിയും അപ്പച്ചനുമാണ് വന്നത്. "എന്റെ കുഞ്ഞേ..ഞാനിനി നേർച്ച നേരാൻ ഒരു പളളിയും ബാക്കിയില്ല.." എന്ന് അപ്പച്ചൻ നിറകൺചിരിയോടെ എന്നെ തലോടി.

"വേഗം അങ്ങു വാടാ ചെക്കാ " എന്ന് അമ്മച്ചി മോനെ ലാളിച്ചു. "മോളേ.. ദൈവത്തെ മനസിലോർത്ത് സന്തോഷത്തോടെ പോകാനൊരുങ്ങ് " എന്ന് എന്നെ ഓർമിപ്പിച്ചിട്ട് അവർ പുറത്തേക്കു പോയി. പിന്നീട് എന്റെ അമ്മയും അച്ഛനുമാണ് വന്നത്. ഞാൻ അവരെ നോക്കി ഗൗരവം ഭാവിച്ച് കിടന്നു. "എന്റെ പൊന്നു മോളേ.. എന്തോരം പേടിപ്പിച്ചെടീ ഹൃദ്യേ നീ.." എന്ന് അമ്മ എന്റെ മുടിയിലാകെ തൊട്ടുകൊണ്ട് വിതുമ്പി. അമ്മയുടെ കണ്ണീരടർന്ന് എന്റെ മുഖത്ത് വീണു. അറിയാതെ ഞാനുമൊന്നുരുകി. അച്ഛൻ വിങ്ങുന്ന മനസടക്കി ആകെ തന്നിലേക്ക് ചുരുങ്ങി ഒരു അന്യനെ പോലെ വിതുമ്പി നിൽക്കുന്നു. സാരമില്ലെന്ന ഭാവത്തിൽ ഞാൻ അച്ഛനെ നോക്കി മന്ദഹസിച്ചു. "ഞങ്ങൾ പ്രാർത്ഥിക്കുന്നുണ്ട് മോളേ.. ഒന്നും വരില്ല നിനക്ക് .." എന്ന് അമ്മ ആശ്വസിപ്പിച്ചു. " മതി.. ഇനി അടുത്തയാൾ " എന്ന് സിസ്റ്റർ കല്പിക്കുന്നതു കേട്ടു. മനസില്ലാ മനസോടെ അമ്മയും അച്ഛനും തിരിക പോയി. കണ്ണീരു വന്നെന്റെ കാഴ്ച അവ്യക്തമായി. ആരോ അടുത്തേക്ക് വന്നു നിന്നെന്ന തോന്നലിൽ കണ്ണു തുറക്കവേ എന്നെ നോക്കി നിൽക്കുന്ന ആളെ കണ്ട് ഞാൻ നടുങ്ങിപ്പോയി. ജിതിൻ.......തുടരും....

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story