കാണാദൂരം : ഭാഗം 14

kanadhooram

രചന: ഷൈനി ജോൺ

ജിതിനെ കണ്ടതും തലയ്ക്കു ഭ്രാന്തു പിടിക്കുന്ന അവസ്ഥയായി എനിക്ക്. ആരും പിടിക്കാതെ തന്നെ വേദന മറന്ന് ഞാൻ എഴുന്നേറ്റിരുന്നു. കുഞ്ഞിനെ അയാൾ എടുത്തു കൊണ്ടുപോകുമോ എന്ന ഭയത്തോടെ കുഞ്ഞിനെ മാറോടു ചേർത്തു പിടിച്ചു. "ഹൃദ്യാ .." അയാൾ ഹൃദയമലിയുന്ന വിധം വിളിച്ചു. "നീയും കുഞ്ഞും എന്റെ കൂടെ വരണം..നിന്നെ വേദനിപ്പിക്കുന്നതൊന്നും ഇനി എന്നിൽ നിന്നുണ്ടാവില്ല. " എനിക്കു ചാടിയെഴുന്നേറ്റ് അയാളുടെ മുഖമടിച്ച് പൊട്ടിക്കണമെന്നുണ്ടായിരുന്നു. പക്ഷേ കുഞ്ഞ് എന്ന വികാരം അതിൽ നിന്നു തടഞ്ഞു. 'ഹൃദ്യ.... നീ കുഞ്ഞിന്റെ അമ്മയാണെങ്കിൽ ഞാൻ അച്ഛനാണ് .. നിനക്കു കുഞ്ഞിനോടുള്ള അതേ സ്നേഹം എനിക്കുമുണ്ട്..എന്റെ കുഞ്ഞിനെ എന്റെ അടുത്തു നിന്ന് അകറ്റാൻ ഞാൻ സമ്മതിക്കില്ല.." എനിക്കു കലി വന്ന് തലച്ചോറ് പൊട്ടുന്നത് പോലെ തോന്നി. " സിസ്റ്റർ ..... സിസ്റ്റർ ......" എന്ന് ഞാൻ വാതിൽക്കലേക്ക് നോക്കി അലറി. അത് പുറത്തു നിന്നടച്ച് സിസ്റ്റർ എന്റെ കേസ് ഷീറ്റുമായി ഡോക്ടറെ തേടി പോയതായിരുന്നു. ചില്ലിലൂടെ ഞാൻ അപ്പച്ചനെയും എന്റെ അച്ഛനെയും കണ്ടു.

"ജിതിൻ .... ഇറങ്ങി വാ.." എന്ന് അച്ഛൻ വിളിക്കുന്നുണ്ടായിരുന്നു. " എന്താണിവിടെ..." എന്ന് ഉറക്കെ ചോദിച്ച് സിസ്റ്റർ തിരിച്ചു വന്നു. അവർ വാതിൽ തുറന്നതും കുഞ്ഞുമായി എഴുന്നേറ്റ് നിന്ന് ഞാൻ രാക്ഷസിയെ പോലെ "സിസ്റ്റർ.." എന്ന് അലറി. "ഹൃദ്യേ...എന്തായിത് " എന്ന് ചോദിച്ച് സിസ്റ്റർ അമ്പരന്ന് അടുത്തേക്ക് വന്നു. " ഇയാളെ ആരാണ് സിസ്റ്റർ അകത്തേക്ക് വിട്ടത്." എന്ന് ഞാൻ ശബ്ദമുയർത്തി. " ഇയാൾ ഇടിച്ചു കയറി വന്നതാ.. കൂടെ നിന്നവരാണെങ്കിൽ ഒന്നും പറഞ്ഞുമില്ല... ഞാനോർത്തു ബന്ധുവാണെന്ന് " സിസ്റ്റർ അങ്കലാപ്പോടെ എന്നെ നോക്കി. "ഹൃദ്യ ഇയാളെ അറിയില്ലേ " അവരുടെ ചോദ്യം കേട്ട് ജിതിൻ ദുഃഖ പ്രകടനങ്ങളോടെ അവരെ നോക്കി. " എന്റെ കുഞ്ഞാണിത്... ഇവൾ എന്റെ ഭാര്യയാണ്." അയാൾ ഉറച്ച ശബ്ദത്തിൽ പറഞ്ഞു. എനിക്കു വിറഞ്ഞു കയറി. കുഞ്ഞ് കൈയ്യിലില്ലായിരുന്നെങ്കിൽ സമനില വെടിഞ്ഞ് ഞാൻ അയാളെ എന്തെങ്കിലും ചെയ്തു പോയേനെ. " ഭാര്യയ്ക്കും ഭർത്താവിനും ഇവിടെ ഒബ്സർവേഷൻ റൂമിൽ എന്താ പ്രശ്നം " എന്ന് സിസ്റ്റർ ഉറക്കെ ചോദിച്ചു. ജിതിൻ ഒന്നു വിരണ്ടെന്നു തോന്നി. "

അവളെ ഞാൻ വീട്ടിലേക്ക് വിളിച്ചു കൊണ്ടു പോകാൻ വന്നതാണ് " അയാൾ സഹതാപം അർഹിക്കുന്നവനെ പോലെ പറഞ്ഞു. അതു കേട്ടാണ് ഇസബെല്ല ഡോക്ടർ ഓടിയെത്തിയത്. ജിതിനെ കണ്ട് അവരുടെ മുഖത്തേക്ക് കോപം ഇരച്ചു കയറുന്നത് കണ്ടു. " തനിക്കിവിടെ എന്താ കാര്യം " ഇസ ഡോക്ടർ ഒച്ചയിട്ടു. "കുട്ടിയുടെ അവകാശമൊക്കെ താൻ കോടതിയിൽ പറഞ്ഞാൽ മതി. ഹൃദ്യ ഡിവോഴ്സ് പെറ്റിഷൻ കൊടുത്തിട്ടുണ്ടല്ലോ... ഇവിടെ അതിക്രമിച്ചു കടന്ന് ഷോ കാട്ടിയാൽ പോലീസിനെ വിളിക്കേണ്ടി വരും". അവർ ജിതിനോടുള്ള സർവ വെറുപ്പും പ്രകടമാക്കി. "ഞങ്ങൾക്ക് ഒരു കുഞ്ഞ് ഉണ്ടായിപ്പോയില്ലേ ഡോക്ടർ.. കുഞ്ഞിന് അമ്മ മാത്രം മതിയോ.. അച്ഛനും വേണ്ടേ.. ഞാൻ തെറ്റ് ചെയ്തു.. ശരിയാണ്.. കുഞ്ഞെന്ത് പിഴച്ചു. എന്റെ തെറ്റു തിരുത്താൻ ഞാൻ തയാറാണ്. അതിന് വേണ്ടി ഹൃദ്യയുടെ കാലിൽ വീണ് കിടക്കണോ അതിനും മടിയില്ലെനിക്ക്.." വികാരധീനനായി സംസാരിക്കുന്ന ജിതിനെ നോക്കി ഇസബെല്ല ഡോക്ടർ മൗനം പൂണ്ടു നിന്നു. " കേസ് പിൻവലിക്കാനും ഒത്തു തീർപ്പാകാനും ഒക്കെ പറ്റുമല്ലോ ഡോക്ടർ..

കുഞ്ഞിനെ സംബന്ധിച്ച് അതിന്റെ അമ്മയും അച്ഛനും കൂടെ ഉണ്ടാകുക എന്നല്ലേ പ്രധാനം.." ഇസബെല്ല ഡോക്ടർ എന്നെ നോക്കി. എന്നിട്ട് കുഞ്ഞിനെ കൈയ്യിൽ വാങ്ങി. എന്നെ കിടക്കയിൽ പിടിച്ചിരുത്തിയിട്ട് ജിതിനെ ശാന്തമായി നോക്കി. " ജിതിൻ രണ്ടാഴ്ചയോളം ഐസിയുവിൽ മരണം കാത്ത് കിടന്ന പെണ്ണാണിത്.. വെന്റിലേറ്ററിലേക്ക് മാറ്റാനിരിക്കുകയായിരുന്നു. ഈ കുഞ്ഞിന്റെ ഭാഗ്യം കൊണ്ടാണ് ഹൃദ്യയെ തിരിച്ചു കിട്ടിയത്.. അങ്ങനെ ഒരു പെൺകുട്ടിയ്ക്ക് വീണ്ടും ഷോക്ക് കൊടുക്കുക.. അവളെ ട്രോമയിലാക്കുക ഇതൊക്കെ മനുഷ്യത്വം ഉള്ളവർക്ക് സാധിക്കുന്നതാണോ? നിങ്ങളുടെ പ്രശ്നമൊക്കെ ഹൃദ്യ ആരോഗ്യം വീണ്ടെടുത്തതിന് ശേഷം സംസാരിച്ച് തീർപ്പാക്കൂ.... ഇവിടെ ഇങ്ങനൊരു സീൻ പറ്റില്ല... ചുവരുണ്ടെങ്കിലേ ചിത്രം വരയ്ക്കാൻ പറ്റൂ... ഹൃദ്യ ജീവിച്ചിരുന്നാലേ ജിതിൻ പറഞ്ഞ കാര്യം നടക്കൂ..." സംസാരം അവിടെ എത്തിയപ്പോൾ ജിതിൻ നടുക്കമേറ്റത് പോലെ എന്നെ നോക്കി. " അതുകൊണ്ട് മര്യാദയ്ക്ക് പുറത്തിറങ്ങി പോ .... അതല്ലെങ്കിൽ എനിക്ക് പോലീസ് സ്‌റ്റേഷനിൽ വിളിച്ച് കംപ്ലയിന്റ് ചെയ്യേണ്ടി വരും.. "

എന്നെ ഒന്നു തറച്ചു നോക്കിയിട്ട് ജിതിൻ പിന്തിരിഞ്ഞു. പിന്നെ പെട്ടന്ന് ഓർമിച്ചതു പോലെ അടുത്തു വന്നു. "എന്റെ കുഞ്ഞ് എന്റെ കൂടെ വളരണം. നീ തടസം നിന്നാൽ തീർത്തു കളയും ... ഒരു കുപ്പി പെട്രോളിന്റെ ചെലവേ ഉള്ളു... നീ നിന്നു കത്തും..ഓർമ വേണം. " ഡോക്ടർ പോലും നടുങ്ങി നിൽക്കവേ ഭ്രാന്തനെ പോലെ ജിതിൻ വാതിൽ വലിച്ചു തുറന്ന് അപ്രത്യക്ഷനായി. " മോളേ കൂൾ ഡൗൺ " എന്ന് ഡോക്ടർ എന്റെ തോളിൽ തട്ടി. "എന്തൊക്കെ പറഞ്ഞാലും കുഞ്ഞിനെ കാണാൻ ആഗ്രഹം ഇല്ലാതിരിക്കില്ലല്ലോ.. അതു കൊണ്ടാവും വന്നത്... ഇനി ഇതൊന്നും ഓർത്ത് പ്രഷർ കൂട്ടരുത്. ഹൃദ്യയുടെ മകന് അമ്മ വേണമല്ലോ" ഡോക്ടർക്ക് എന്റെ കാര്യത്തിൽ ഇതുവരെ ധൈര്യം കിട്ടിയിട്ടില്ലെന്ന് തോന്നി. വീണ്ടും എന്റെ ആരോഗ്യ സ്ഥിതി തകിടം മറിയുമെന്ന പേടി കൊണ്ടാവാം. ഞാൻ ആ കൈപിടിച്ചു. "പേടിക്കണ്ട ഇസാന്റി... ഇതിലും എത്ര ഇരട്ടി അയാളിൽ നിന്ന് അനുഭവിച്ചതാണ് .... അങ്ങനെ ഒന്നും ഞാൻ വീണു പോകില്ല. എന്റെ കണ്ണീർ തിളക്കമുള്ള ചിരി കണ്ട് എല്ലാത്തിനും സാക്ഷിയായിരുന്ന സിസ്റ്റർ സഹതാപത്തോടെ നോക്കി.

"ഡോക്ടർ.. അയാൾ കുഞ്ഞിനെ കാണാൻ വന്നതല്ല... ഈ കുഞ്ഞിന്റെ നേർക്ക് ഒന്ന് നോക്കിയിട്ട് കൂടിയില്ല. ഹൃദ്യയെ കൊണ്ടു പോകാനുള്ള അടവായിരുന്നു പയറ്റിയത്. അതിന്റെ ഇടയിൽ കൊച്ചിന്റെ കാര്യമൊക്കെ അയാള് മറന്നു.." ആ സിസ്റ്ററുടെ വാക്കുകളിൽ അരിശം കലർന്നിട്ടുണ്ടായിരുന്നു. "എന്തായാലും ഹൃദ്യ ഇപ്പോൾ അതേ കുറിച്ചൊന്നും ചിന്തിക്കണ്ട... ആദ്യം അമ്മയും കുഞ്ഞും ആരോഗ്യത്തോടെ ഇരിക്കുക... മറ്റു കാര്യങ്ങൾ നന്നായി തീരുമാനിച്ച് ചെയ്താൽ മതി" ഞാനൊന്നും മിണ്ടിയില്ല. ഏറ്റവും സന്തോഷമുള്ള ഒരു ദിവസത്തിൽ മനസ് കലുഷിതമാക്കാനായി അയാൾ അവതരിച്ചിരിക്കുന്നു. ജിതിനെ കടിച്ചു കീറാനുള്ള വാശി എന്റെ ഉള്ളിൽ നിറഞ്ഞു തൂവി. എങ്കിലും സംയമനം പാലിച്ചിരുന്നു. ഡോക്ടർ എന്നെ വീണ്ടും ആശ്വസിപ്പിച്ചു. ആൻ മരിയയെ വിളിച്ച് കൂടെ ഇരുത്തി. എത്രയും വേഗത്തിൽ ഡിസ്ചാർജ് നടപടികൾ ശരിയാക്കി.

ആശുപത്രിയിൽ നിന്ന് പുറത്തേക്കിറങ്ങിയപ്പോൾ വെയിൽ വെളിച്ചം പതിച്ചു എന്റെ കണ്ണ് മഞ്ഞളിച്ചു. എത്ര നാളായി ഞാൻ ഈ കെട്ടിടത്തിന് അകത്തായിട്ട്. മോചനം കിട്ടിയ തടവുപുള്ളിയെ പോലെ ഒരു ആനന്ദം അനുഭവപ്പെട്ടു. കുഞ്ഞ് ആനിന്റെ കൈയ്യിലിരുന്ന് കണ്ണു ചിമ്മി വീക്ഷിക്കുന്നത് കണ്ടു. എനിക്ക് പിന്നിൽ അപ്പച്ചനും അമ്മച്ചിയും അച്ഛനും അമ്മയും ഉണ്ടായിരുന്നു. ആരോടും സംസാരിക്കാതെ ഞാൻ ചെന്ന് ആനിന്റെ കാറിൽ കയറാൻ ഭാവിച്ചു. "മോളേ.. ഹൃദ്യ മോളേ.." എന്നു വിളിച്ച് ഹൃദയം തകർന്ന മട്ടിൽ അമ്മ ഓടി വന്ന് എന്നെ പിടിച്ചു. " നീ വീട്ടിലേക്ക് വാ മോളേ..നിന്നെയും കുഞ്ഞിനെയും ഞാൻ നോക്കിക്കോളാം. ഒരു കുറവും വരില്ല.." അച്ഛനും അടുത്തു വന്നു. "ഹൃദ്യേ ഇനിയും വേണോ വാശി.. നീ വാ... എന്റെ ഭാഗത്തു നിന്നും ഉണ്ടായ തെറ്റുകളെല്ലാം നീ ക്ഷമിക്ക് .. ഇത് ഞങ്ങളുടെ പേരക്കുഞ്ഞല്ലേ.

. അതിനെ കാണാനും കൊഞ്ചിക്കാനും ഞങ്ങൾക്കുമില്ലേ ആഗ്രഹം " അച്ഛൻ നിലവിട്ടു കെഞ്ചി. ആനിന്റെ കൈയ്യിൽ നിന്നും അമ്മ കുഞ്ഞിനെ വാങ്ങി നെഞ്ചോടു ചേർത്തു. അതിന്റെ നെറുകയിൽ ചുംബിച്ചു. പിന്നെ അച്ഛനു നീട്ടി. അച്ഛൻ മോനെ എടുത്തു മുഖം നിറയെ ഉമ്മകൾ പതിപ്പിച്ചു. പിന്നെ ദയനീയ ഭാവത്തിൽ എന്നെ നോക്കി. "ഹൃദ്യേ.. നീ വരില്ലേ.." " നിങ്ങൾക്ക് എന്നേക്കാൾ വലുതല്ലേ ജിതിൻ .. അങ്ങനെ ഉള്ളിടത്തേക്ക് എന്തു വിശ്വസിച്ച് ഞാൻ വരും" ? കോപത്തോടെ ഞാൻ അച്ഛനെ നോക്കി. " കൃത്യസമയത്ത് ജിതിൻ ഇന്ന് ആശുപത്രിയിലെത്തിയതെങ്ങനെ.... ചോദിക്കുന്നില്ല... നുണയല്ലേ പറയൂ... എന്നെങ്കിലും നിങ്ങൾ അയാളെ വിട്ട് എന്നെ മനസിലാക്കുന്നുവെങ്കിൽ അന്ന് തിരിച്ചു വരവിനെ കുറിച്ച് ആലോചിക്കാം അച്ഛാ ..." എന്റെ വാക്കുകളുടെ പ്രഹരശേഷി താങ്ങാനാവാതെ അച്ഛൻ മുഖം കുനിച്ചു.

" മോളേ..നിന്റെ ഭാവി നഷ്ടപെടരുത്.. ദേ... ഇവർക്കൊന്നും ഞങ്ങടെ വേദന അറിയില്ല.. ക്ഷമിച്ചും സഹിച്ചുമല്ലാതെ ഒരു കുടുംബ ജീവിതവും മുന്നോട്ട് പോയിട്ടില്ല.. ഒരു കുഞ്ഞായില്ലേ നിനക്ക് ... അതിന്റെ അച്ഛന്റെ കൂടെ സുഖമായിട്ട് ജീവിക്കുന്നതല്ലേ നല്ലത്.. ജിതിൻ നിന്നെ നുള്ളി നോവിക്കില്ല.. അതു ഞങ്ങൾക്ക് ഉറപ്പാണ്. എന്റെ കൺമുന്നിൽ നിന്ന് നിന്നെ എങ്ങോട്ടും അമ്മ പറഞ്ഞു വിടില്ല അവന്റെ ഒപ്പം.. പോരേ.." അമ്മയുടെ മുഖത്ത് കണ്ണുനീർ തിളങ്ങി. "എന്റെ കുഞ്ഞിന് അച്ഛനില്ലമ്മേ.. കുന്തീദേവിയെ പോലെ ഞാൻ സൂര്യനിൽ നിന്ന് ഗർഭം ധരിച്ച കുഞ്ഞാണിത്... വേറൊരു അവകാശിയും ഇല്ല... നിങ്ങളും ജിതിനും ഒന്നും എന്റെ കുഞ്ഞിന്റെ ആരുമല്ല..'' ആൻ കാറിന്റെ ഡോർ തുറന്നു പിടിച്ചിരുന്നു. ഞാൻ അച്ഛനെയും അമ്മയേയും അവഗണിച്ച് പിൻസീറ്റിൽ കടന്നിരുന്നു. കുഞ്ഞുമായി ആനും അരികിലിരുന്നു. അപ്പച്ചൻ ഡ്രൈവിംഗ് സീറ്റിലും അമ്മച്ചി അരികിലുമായി ഇരുന്നു.

ജന്മപാശങ്ങൾ എല്ലാം കുടഞ്ഞെറിഞ്ഞ് ഞാൻ അവർക്കൊപ്പം തിരിച്ചു പോയി. അമ്മ വിങ്ങിപ്പൊട്ടുന്നതും അച്ഛൻ കണ്ണീർ തുടയ്ക്കുന്നതും കണ്ടു. ഞാൻ കുഞ്ഞിന് നേർക്ക് മുഖം തിരിച്ചു. അവർ എന്നോട് ചെയ്തതും ചെയ്തു കൊണ്ടിരിക്കുന്നതും എനിക്ക് എന്റെ കുഞ്ഞിനോട് ചെയ്യാൻ കഴിയുമോ? ചിലപ്പോൾ അമ്മ എന്ന അധികാരവും കുഞ്ഞിനു മീതെ അന്തർലീനമായ സ്വാർത്ഥതയും എന്നെയും ഇങ്ങനെ ഒക്കെ ആക്കി മാറ്റിയേക്കുമോ ? ആനിന്റെ വീട്ടിൽ എനിക്കു വേണ്ടി പ്രത്യേകം ഒരു മുറി ഒരുക്കിയിരുന്നു. വീടു മാറ്റം ഇഷ്ടപ്പെടാത്തത് പോലെ ബബ്ലു കരയാനും തുടങ്ങി. വാശി പിടിച്ചുള്ള കരച്ചിൽ. മുലഞെട്ട് ചോരിവായിൽ തിരുകിയിട്ടും അത് വിട്ട് വലിയ വായിൽ കരയുകയാണ്. ആനും അമ്മച്ചിയും മാറി മാറി എടുത്ത് ആശ്വസിപ്പിക്കാൻ നോക്കി. ഒടുവിൽ എന്റെ ചൂടുപറ്റിക്കിടന്ന് അവൻ ഉറങ്ങി.

ഉറങ്ങുന്ന ബബ്ളുവാണ് ലോകത്തിലെ ഏറ്റവും മനോഹരമായ കാഴ്ച എന്ന് എനിക്കു തോന്നി. എത്ര കണ്ടിട്ടും മതിയാകുന്നില്ല. ഞാനവനെ ഉമ്മ വെച്ചു കൊണ്ടേയിരുന്നു. ആൻ അടുത്തു വന്നിരുന്നു. ജിതിനെതിരേ പരാതി കൊടുക്കണമെന്ന് അവൾ പറഞ്ഞു. അവന്റെ ഭീഷണി അവഗണിച്ചു കൂടാ... തനിക്ക് കിട്ടുന്നില്ലെങ്കിൽ നശിപ്പിച്ചു കളയുക എന്ന സ്വഭാവമാണ് അവൻ ഒടുവിലത്തെ വെല്ലുവിളിയിൽ പ്രകടമാക്കിയത്. ഒരു കുപ്പി പെട്രോൾ മതിയത്രേ. ഇപ്പോഴത്തെ സാഹചര്യമനുസരിച്ച് അങ്ങനെയുള്ള ഭീഷണികളെല്ലാം ഗുരുതരമാണ്. അവഗണിക്കാൻ കഴിയില്ല. എത്ര പെൺകുട്ടികളെയാണ് ഈയിടെയായി ഓരോ പിശാചുക്കൾ കത്തിച്ചും കുത്തിയും വെട്ടിയും കൊന്നു കളഞ്ഞത്. ഞാൻ മടിച്ചു. എങ്കിലും ആനിനെ അനുസരിക്കുന്നതാണ് നല്ലതെന്ന് തോന്നി. ആൻ തന്നെ പരാതി തയാറാക്കി മെയിൽ ചെയ്തു. പ്രസവിച്ചു കിടക്കുന്ന തനിക്ക് സ്റ്റേഷനിൽ വരാൻ ബുദ്ധിമുട്ടാണെന്ന് സൂചിപ്പിച്ചിരുന്നു. പിറ്റേ ദിവസം തന്നെ പോലീസ് എത്തി . സബ് ഇൻസ്പെക്ടറും ഒരു പോലീസുകാരനും എത്തി വിവരങ്ങൾ ശേഖരിച്ചു.

" ഇതൊക്കെ വെറുതേ ഭയപ്പെടുത്തുന്നതാണെന്ന് വിചാരിച്ചാൽ മതി..പിന്നെ ചെറിയ ഒരു ജാഗ്രതയും വേണം " എന്ന് എസ്.ഐ സമാധാനിപ്പിച്ചു. ജിതിനെ അവർ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി ചോദ്യം ചെയ്തുവത്രേ. പെട്ടന്നുണ്ടായ ഒരു ദേഷ്യത്തിന് പലതും വിളിച്ചു പറഞ്ഞതാണെന്നും ഇനി തന്റെ ഭാഗത്തു നിന്നും ഇങ്ങനെ ഒന്നും ഉണ്ടാവില്ലെന്നും അയാൾ ഉറപ്പു നൽകിയതായും അറിയിച്ചു " അയാൾ ഭയങ്കര ഡീസന്റ് ആണല്ലോ. നിങ്ങൾ തമ്മിലെന്തെങ്കിലും തെറ്റിദ്ധാരണ ഉണ്ടെങ്കിൽ പരിഹരിച്ചു കൂടേ " എന്നൊരു ഉപദേശവും തന്ന് പോലീസ് തന്റെ ദൗത്യം പൂർത്തിയാക്കി മടങ്ങി. "ഇപ്പോഴെങ്ങനെ ഇരിക്കുന്നു " അവർ പോയിക്കഴിഞ്ഞപ്പോൾ ഞാൻ ആനിനോട പരിഹാസത്തോടെ ചോദിച്ചു. " ഇവിടെ നിയമങ്ങൾ എല്ലാം സ്ത്രീകൾക്ക് അനുകൂലമാണ്. എന്നാൽ നിയമപാലകർ ഭൂരിപക്ഷവും പുരുഷനൊപ്പവും.. എങ്ങനെ എങ്കിലും പിടിച്ചു നിൽക്കണമെന്ന ഉപദേശം ഫ്രീ... പോലീസുകാരിൽ നിന്ന് നീതി തേടി പോയിട്ട് ഒരു കാര്യവുമില്ല... കോടതി പിന്നെയും സ്ത്രീപക്ഷത്തു നിൽക്കും.." ഞാൻ നീരസം കാട്ടി. "

പോലീസ് അവരുടെ പാട്ടിന് പോട്ടെ .. രേഖാമൂലം ഒരു പരാതി അവിടെ എത്തിയല്ലോ.. അന്വേഷണവും നടന്നു..അത്ര നോക്കിയാൽ മതി" ആൻ എന്റെ കവിളിൽ തട്ടി. ഞാൻ മുഖം വീർപ്പിച്ചിരുന്നു. ആനിന്റെ അമ്മച്ചി വന്ന് എന്നെ കുളിക്കാൻ വേണ്ടി കൂട്ടിക്കൊണ്ടുപോയി. പ്രസവ ശുശ്രുഷകൾ അടങ്ങിയ ദീർഘമായ കുളി കഴിഞ്ഞ് ഞാൻ തിരികെ വരുമ്പോൾ ആൻ വീഡിയോ കോളിൽ ബബ്ളുവിനെ ആർക്കോ കാണിച്ചു കൊടുക്കുകയാണ്. " നോക്ക് .. കണ്ടോ ... സുന്ദരക്കുട്ടനല്ലേ... ഇവനാരുടെ ഛായയാടാ..." അവൾ ചോദിക്കുന്നത് കേട്ടു. " ഹൃദ്യയെ പോലെ തന്നെ...." എന്ന ശബ്ദം എന്റെ കാതിൽ വീണു. ജോയലിന്റെ ശബ്ദം.. ഞാൻ ആ നിമിഷം തിരിച്ചറിഞ്ഞു. ഞാനൊന്നും മിണ്ടാൻ പോയില്ല.. അവൾക്ക് എന്തൊക്കെയോ ലക്ഷ്യങ്ങൾ ഉണ്ടെന്ന് തോന്നി. ഒന്നും നടക്കില്ല.. അവൾ എന്തെങ്കിലും ചെയ്യട്ടെ. "ഹൃദ്യ വന്നു.. കൊടുക്കാം " എന്നു പറഞ്ഞ് ആൻ എന്റെ കൈയ്യിലേക്ക് ഫോൺ തന്നു. ഒന്നു മടിച്ചെങ്കിലും അത് ഭാവിക്കാതെ ഞാൻ ഫോൺ വാങ്ങി. ജോയലിന്റെ ഉലഞ്ഞ രൂപം ഡിസ്പ്ലേയിൽ.. " ഹൃദ്യേ.."

ആ വിളി എന്റെ കാതിൽ വീണു. പഴയ , അതേ സ്നേഹം അതിൽ നിറഞ്ഞു തൂവി. "ഞങ്ങളെയൊക്കെ വിട്ടു പോകാൻ ഒന്നു ട്രൈ ചെയ്തു അല്ലേ..'' അവന്റെ ചിരി കണ്ടു " ഞാൻ വെറുതേ ചോദിച്ചതാ... പേടിച്ചത് സത്യം... എന്നാലും നീ മരിക്കില്ലെന്നൊക്കെ എനിക്കറിയാമായിരുന്നു ". എന്തു മറുപടി പറയണമെന്നറിയാതെ ഞാൻ നോക്കിയിരുന്നു. "കുഞ്ഞ് നിന്റെ പോലെ തന്നെ... നിന്നെ ഇങ്ങനെ അമ്മയൊക്കെ ആയി കാണുമ്പോൾ എന്താ ഒരു അത്ഭുതം ....." അവന്റെ സംസാരം കുഞ്ഞിനെ കുറിച്ചായപ്പോൾ അറിയാതെ എന്റെ മുഖത്തൊരു ചിരി വന്നു. എത്ര നാളുകൾക്ക് ശേഷമാണ് ഞാൻ ജോയലിനോടൊന്ന് ചിരിച്ചിട്ട് എന്നോർത്തു..അവനും അത്ഭുതമായിരുന്നു. എന്നെ ഉറ്റുനോക്കുന്നത് പോലെ ഏതാനും നിമിഷം ഇരുന്നു. പിന്നെ ചിരിച്ചു കൊണ്ട് സ്വാഭാവിക മട്ടിൽ പറഞ്ഞു " ഹൃദ്യേ.. നമ്മൾ തമ്മിൽ പിണക്കം ഒന്നുമില്ലല്ലോ... മിണ്ടാതെ നടന്നിട്ടെന്താണ് .... ഞാനൊന്നിനും നിന്നെ നിർബന്ധിക്കില്ല..എല്ലാവരും നിന്നെ നിർബന്ധിച്ചും ഭീഷണിപ്പെടുത്തിയും ഇങ്ങനെ ഒക്കെ ആക്കി തീർത്തു.. ഞാനും കൂടി അങ്ങനെ ആയാൽ പിന്നെന്താണ് വ്യത്യാസം.. അല്ലേ...?"

ഞാൻ മറുപടി ഒന്നും പറഞ്ഞില്ല. "ഇനി നീ നിന്റെ തീരുമാനം എങ്ങനെ എന്നു വെച്ചാൽ അതുപോലെ ജീവിക്ക് ..നിനക്ക് താത്പര്യം ഉള്ളതു മാത്രം ചെയ്താൽ മതി..എന്നോടുള്ള സൗഹൃദം തീരെയും ഉപേക്ഷിച്ചില്ലെങ്കിൽ ഉപകാരമായി " ജോയൽ തമാശമട്ടിലാണ് പറഞ്ഞത്. അതുകൊണ്ട് എനിക്ക് പിന്നെയും ചിരി വന്നു. "എത്ര നാളായി ഹൃദ്യേ നീ ചിരിക്കുന്നത് കണ്ടിട്ട്... അതു മായരുത്... നീ ഇങ്ങനെ തന്നെ മുന്നോട്ട് പോണം.. ഒന്നുമില്ലെങ്കിലും നിന്റെ ചെക്കനില്ലേ ഇപ്പോൾ നിന്റെ കൂടെ... പിന്നെ ഞാനും ആനും ......" " നീയോ..'' ഞാൻ ചോദിച്ചു. " അതെന്താ .... ഞാൻ പാടില്ലേ.." അവന്റെ നിസാര ഭാവം കണ്ട് എനിക്കും മനസിന് ലാഘവത്വം തോന്നി. " ജോ എന്റെ കൂടെ നടന്നാൽ ഇനിയും പലതും തോന്നും... എന്നാൽ ജോയൊരു കല്യാണം കഴിക്ക് ... അപ്പോൾ നോക്കാം..! " ഞാൻ അവനെന്തെങ്കിലും ആഗ്രഹം അവശേഷിക്കുന്നുണ്ടെങ്കിൽ അതിനു മീതെ ഞാൻ അവസാനത്തെ ആണിയും അടിച്ചു. ജോയലിന്റെ മുഖം മങ്ങി. "ഹൃദ്യേ ...നീ മനസിലാക്കാത്ത ഒരു കാര്യമുണ്ട്... ശ്രദ്ധിച്ച് കേട്ടോ.. ഒരിക്കൽ പറഞ്ഞപ്പോൾ നീ അച്ഛനെന്നും അമ്മയെന്നും പറഞ്ഞ് എതിർത്തു..

ഒരാളുടെ പേഴ്സണലായ സംഭവമാണ് വിവാഹം ..വിവാഹം കഴിക്കണോ, വേണ്ടയോ , ഏതു പ്രായത്തിൽ കഴിക്കണം, ആരെ വിവാഹം ചെയ്യണം, ലിവിങ് ടുഗെദർ മതിയോ, ഏതു ജാതിക്കാരനെ വേണം, ഏതു ജോലിയുള്ളവനെ വേണം...എല്ലാം വ്യക്തിപരമായ തീരുമാനമായിരിക്കണം.. നമ്മൾ അനുവദിച്ച് കൊടുത്തിട്ടല്ലാതെ മറ്റാർക്കും അതൊന്നും തീരുമാനിക്കാനോ നടപ്പിലാക്കാനോ സമ്മർദ്ദം ഉണ്ടാക്കാനോ ഉള്ള അവകാശം ഇല്ല ...." എന്റെ മുഖത്ത് ഒരടിയേറ്റതുപോലെ ഞാൻ അവനെ നോക്കി സ്തബ്ധയായി ഇരുന്നു.. " അതുകൊണ്ട് എന്റെ ജീവിതവും വിവാഹവും ഒക്കെ എന്റെ പേഴ്സണൽ ആയി നീയെനിക്ക് വിട്ടുതരണം.. ഒരു കാര്യത്തിൽ ഞാൻ ഉറപ്പു തരാം.. പഴയ ഹൃദ്യയായി ഞാനൊരിക്കലും നിന്നെ കാണാൻ ശ്രമിക്കില്ല... ബുദ്ധിമുട്ടായിരിക്കാം.. എന്നാലും ഇത് ഞാൻ തരുന്ന വാക്കാണ്. നിനക്കു ഞാൻ തന്ന വാക്കൊന്നും ഞാനായിട്ട് തെറ്റിച്ചിട്ടില്ല..നിന്റെ മനസിനെ പലരും ചൂഷണം ചെയ്തതാണ് ... അതുകൊണ്ട് ഹൃദ്യ എന്നെ അകറ്റി നിർത്തുകയൊന്നും വേണ്ടാ... എന്റെ ലിമിറ്റ് എനിക്കറിയാം..''

ഞാനൊന്നും മിണ്ടിയില്ല. അവനെ നോക്കി ഇരുന്നതേയുള്ളു. " എന്നാൽ ശരി .... ഈ ഉണ്ട ചെക്കനെ കാണാൻ ഞാൻ വിളിക്കാം ഹൃദ്യേ ..." എന്നു പറഞ്ഞ് ജോയൽ കോൾ കട്ട് ചെയ്തു. എന്റെ ഫോണിലാണ് ആൻ ജോയലിനെ വിളിച്ചത്. അതെന്തിനാണെന്ന് ഞാൻ ആനിനോട് ചോദിച്ചു. "കൈയ്യിൽ കിട്ടിയ ഫോണെടുത്ത് വിളിച്ചു. അത്രേയുളളു.." ആൻ അത് നിസാരമാക്കി. 'നിന്റെ നമ്പർ അവന് അറിയാത്തതൊന്നുമല്ലല്ലോ.." ഞാൻ മോനെ എടുത്ത് മാറോട് ചേർത്ത് പാലൂട്ടാൻ തുടങ്ങി. ബബ്ളു ഉറങ്ങിയപ്പോൾ അവന്റെ അടുത്തു കിടന്നു. ചിന്തകൾ എന്നെ അതിജീവിച്ച് ഞാനും ജോയലും പിന്നിട്ട പ്രണയകാലത്തിലേക്ക് പാറി വീണു. സൂചിമുനകൊണ്ട് കുത്തേൽക്കുന്നതുപോലെ എന്റെ ഹൃദയം നൊന്തു കൊണ്ടിരുന്നു. കണ്ണുകൾ നിറഞ്ഞൊഴുകി. അതു കണ്ടു വന്ന ആൻ എന്റെ അരികിലിരുന്നിട്ട് വിസ്മയത്തോടെ നോക്കി. അവളുടെ മുഖത്ത് നഷ്ടബോധം..

" ദൈവം ആയിട്ട് കൂട്ടിച്ചേർത്ത ബന്ധം നീയും ജോയലും തമ്മിലായിരുന്നു. അതിനിടയിൽ കുറേ മനുഷ്യർ ഒരു പിശാചിനെ പിടിച്ചിട്ടു.." അവൾ അമർഷം പൂണ്ടു. അതു ശരിയാണെന്ന് എന്റെ മനസു പറഞ്ഞു. എനിക്കെന്റെ ജോയെ നഷ്ടപ്പെടുത്തിയത് ആ പിശാചാണ് . അയാൾ ഒരു പിശാചു തന്നെയാണ് വീണ്ടും തെളിയിച്ചു. രണ്ടു ദിവസം കഴിഞ്ഞ് ഒരു സന്ധ്യയ്ക്ക് ആൻ കയറി വന്നത് കരഞ്ഞു കൊണ്ടാണ്. "ഹൃദ്യേ.. ജിതിൻ നമ്മുടെ ജോയെ തല്ലിച്ചതച്ചു. കൂടെ അയാളുടെ ഗുണ്ടകളും ഉണ്ടായിരുന്നു.. ജോയലി പ്പോ ഹോസ്പിറ്റലിലാണ്.. പരിക്ക് ഗുരുതരമാണെന്ന് ..." ഞാൻ ബബ്ളുവിനെ എടുത്തു കൊണ്ട് നടക്കുകയായിരുന്നു. ആൻ ഓടി വന്ന് അതു പറഞ്ഞപ്പോൾ നിന്ന നിൽപ്പിൽ ഞാനൊന്നുലഞ്ഞു. ബിപി കൂടി തലച്ചോർ പിളർന്നെന്നു തോന്നി. കുഞ്ഞ് എന്റെ കൈവിട്ടു താഴേക്ക് വീണു പോകുമെന്ന് പേടിച്ചു.....തുടരും....

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story