കാണാദൂരം : ഭാഗം 15

kanadhooram

രചന: ഷൈനി ജോൺ

ആൻ വളരെ പെട്ടന്ന് എന്നെ താങ്ങിപ്പിടിച്ചില്ലെങ്കിൽ ഞാനും കുഞ്ഞും നിലം പതിച്ചേനെ. അവൾ കുഞ്ഞിനെ എടുത്തു. എന്നെ പിടിച്ച് കിടക്കയിലിരുത്തി. "ഹൃദ്യാ .. കുഴപ്പമൊന്നും ഇല്ലല്ലോ " എന്ന് എന്നെ ചെറുതായി ഉലച്ചു കൊണ്ട് ചോദിച്ചു. "എന്റെ തെറ്റാണ്. മിണ്ടിയാൽ ബിപി കൂടുന്ന നിന്നോട് ഓടി വന്നു പറയാൻ പാടില്ലായിരുന്നു " എന്നവൾ പരിതപിച്ചു. "ആനേ... ജോയ്ക്ക് എങ്ങനെ ഉണ്ട്..അവൻ മരിച്ചു പോകുമോ "? എന്റെ ഉൾപ്പിടയലെല്ലാം ആ ചോദ്യത്തിലൂടെ പുറത്തു വന്നു. ആധി സഹിക്കാനാവാതെ ഞാൻ കരഞ്ഞു. ജിതിനെ എനിക്കറിയാം. അയാൾ ക്രൂരനായാൽ ഏതറ്റം വരെയും ക്രൂരത കാണിക്കുമെന്ന് ഞാൻ അനുഭവിച്ചതാണ്. അയാളെന്നെ മുറിയിൽ പൂട്ടിയിട്ട രണ്ടാഴ്ച, എന്റെ ശരീരമാകെ എങ്ങനെ ഒക്കെ നോവിച്ചുവെന്ന് ഓർക്കവെ ഹൃദയം നിലച്ചതു പോലെ തോന്നി.

ഇപ്പോൾ അയാൾ ജോയലിനെതിരേ തിരിഞ്ഞിരിക്കുന്നു. താൻ വീണ്ടും ജോയലിനോട് അടുക്കുമെന്ന് ഭയക്കുന്നുണ്ടാവണം. ആ പേടി മുളയിലേ നുള്ളാൻ അയാൾ എന്തും ചെയ്യും. ജോയെ ഇല്ലാതാക്കാനും മടിക്കില്ല. " നീ സമാധാനമായിരിക്ക്... ഞാൻ ഹോസ്പിറ്റലിൽ പോയി വിവരങ്ങൾ അറിഞ്ഞിട്ടു വരാം.. ഇവിടെ ഇരുന്നിട്ട് എനിക്ക് വയ്യാ.." ആൻ വേഗം ഇറങ്ങി. അമ്മച്ചിയെ എനിക്കരികിൽ ഇരുത്തിയിട്ട് അവൾ പോയി. എനിക്കും അവൾക്കൊപ്പം പോകണമെന്നു തോന്നി. ജോയലിന് എന്തു സംഭവിച്ചെന്നറിയണം. ഓടിച്ചെന്ന് അവനെ ഹൃദയത്തോട് ചേർത്തു പിടിച്ച് പേരു ചൊല്ലി വിളിച്ച് ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടു വരണം. എന്റെ ജോ...എന്റെ ജോയൽ എന്ന് ഹൃദയം അലമുറയിട്ടു. തടയണ കെട്ടി നിർത്തിയ സ്നേഹമെല്ലാം പൊട്ടിച്ചിതറുന്നത് പോലെ .

" ഈശ്വരാ ഞാൻ അവനെ സ്നേഹിക്കുന്നു. അവനൊരു കുഴപ്പവും സംഭവിക്കരുത്.. എനിക്കൊരിക്കലും ജോയലിന്റെ ഭാര്യയായി ജീവിക്കണം എന്നില്ല. എന്നാൽ അവനില്ലാത്ത ഒരു ലോകത്ത് എനിക്ക് ഒരു നിമിഷം പോലും ജീവിക്കാനാവില്ല.. എന്റെ ബബ്ളുവിന് വേണ്ടി എനിക്കിവിടെ ഉണ്ടായേ പറ്റൂ..." ഞാൻ പലതും മനസിൽ ഉരുവിട്ട് ഏങ്ങലടിച്ചു കരയാൻ തുടങ്ങി. ഞാൻ ലോകത്തേക്കും വെച്ച് ഏറ്റവും അധികം സ്നേഹിക്കുന്നത് മോനെ ആണെന്ന് തെറ്റിദ്ധരിച്ചിരുന്നു. എന്നാലിപ്പോൾ മനസിലാക്കുന്നു. അതിലും ഇരട്ടിയാണ് ജോയലിനോടുള്ള സ്നേഹം. അളവുകോലില്ലാത്ത ആഴമുണ്ട് അതിന്. എനിക്കവനെ പിരിയാനാവില്ല.

അവൻ മരിച്ചു പോയെന്ന വാർത്ത എനിക്കു കേൾക്കേണ്ടി വരരുതേ എന്ന് ഞാനുരുകി. അമ്മച്ചി വിങ്ങലോടെ എന്നെ നോക്കിയിരുന്നു. ഒരു മിനുട്ടു പോലും അടുത്തു നിന്നു മാറാൻ അവർക്കു ഭയമായിരുന്നു. "എന്റെ കൊച്ചേ ഒന്നു കഴിയുമ്പോ മറ്റൊന്ന്..നിനക്ക് വല്ല ശാപവും കിട്ടിയതാണോ" ? അവർ പരിതപിച്ചു. ഞാനും അങ്ങനെ വിചാരിക്കാതിരുന്നില്ല. പൂർവജന്മത്തിൽ ഞാൻ കൊടും ക്രൂരകൃത്യങ്ങൾ ചെയ്ത ഒരു പാപി ആയിരുന്നിരിക്കണം. ഈ ജന്മത്തിൽ ചെയ്ത പാപങ്ങളൊന്നും ഓർമ വരുന്നില്ല. ഒരു പക്ഷേ ജോയലിനെ സ്നേഹിച്ചു പോയി എന്നതാവാം ഞാൻ ചെയ്ത പാപം. ആ സ്നേഹത്തിൽ നിന്നും ശാഖോപശാഖകളായി പൊട്ടി കിളിർത്തതാണ് പിന്നീട് നടന്നതെല്ലാം. ആൻ തിരിച്ചു വരുന്നതു വരെ ഞാൻ ഒരു ഭ്രാന്തിയെ പോലെ കരഞ്ഞും ഒന്നും കഴിക്കാൻ കൂട്ടാക്കാതെയും കഴിഞ്ഞു കൂടി. രാത്രിയായപ്പോഴാണ് ആൻ വന്നത്.

"നീ സങ്കടപ്പെടണ്ട... അവനെ വാർഡിലേക്ക് മാറ്റി.. ഹെഡ് ഇഞ്ചുറി ഉണ്ടോന്ന് സംശയമുണ്ടായിരുന്നു. സ്കാനിംഗിൽ കുഴപ്പമൊന്നും ഇല്ല.. നന്നായി അടി കൊണ്ടിട്ടുണ്ട്. ചുണ്ടും മൂക്കും മുഖവുമെല്ലാം പൊട്ടിയിട്ടുണ്ട്. മുഖത്ത് നല്ല നീരും ഉണ്ട്. വലതു കൈയ്യിലെ എല്ലിൽ പൊട്ടലുണ്ട്. കാലിന്റെ മുട്ടിന് താഴെ ഫ്രാക്ചറായിട്ടുണ്ട്. ശരീരം മുഴുവൻ വേദനയാണ്.. എന്നാലും നമ്മൾ പേടിച്ചതൊന്നും വരില്ലെടീ" അവൾ എന്റെ ചുമലിൽ തട്ടി ആശ്വസിപ്പിച്ചു. "എന്തിനാ ആൻ ആ ദുഷ്ടൻ ജോയെ..." ഞാൻ ചോദിച്ചു. ആൻ കാരണം പറഞ്ഞു.. " ഒരു തെറ്റ് എന്റെ ഭാഗത്തും ഉണ്ടായി ഹൃദ്യേ.. ഹോസ്പിറ്റലിൽ വന്ന് നിന്നോട് പെട്രോൾ ഒഴിച്ച് കത്തിക്കുമെന്ന് ജിതിൻ ഭീഷണിപ്പെടുത്തിയ കാര്യം ഞാൻ ജോയലിനോട് പറഞ്ഞു പോയി " ആനിന്റെ മുഖത്ത് കുറ്റബോധം പടർന്നു. "ജോയലിന് അതു കേട്ടിട്ട് സഹിച്ചില്ലെന്ന് തോന്നുന്നു. അവൻ ജിതിനെ കണ്ടു . ഹൃദ്യയ്ക്ക് ഒരു പോറൽ പോലും വന്നാൽ കണക്കു ചോദിക്കാൻ അവൻ വരുമെന്ന് പറഞ്ഞു. ജിതിൻ ഹൃദ്യയെ കത്തിച്ചാൽ ജിതിന്റെ കുടുംബം മൊത്തം ജോയൽ കത്തിക്കുമെന്ന് ഭീഷണിപ്പെടുത്തി.

അപ്പോൾ പ്രതികരിക്കാതെ പോയ ജിതിൻ പിന്നീട് ഗുണ്ടകളുമായി വന്ന് ജോയെ തല്ലുകയായിരുന്നു. തീർത്തു കളയാൻ തന്നെ ആയിരുന്നു ഉദ്ദേശം.. ഹൃദ്യയെ കൊലപ്പെടുത്തിയിട്ട് അഞ്ചാറു കൊല്ലം കൊണ്ട് ജയിലിൽ നിന്നും പുറത്തു വരാമെന്ന് ജിതിൻ കരുതിയിരുന്നത്രേ. പക്ഷേ ജിതിന്റെ കുടുംബം പോലും മുടിച്ചു കളയുമെന്ന ജോയലിന്റെ ഭീഷണി ഏറ്റു.. അതില്ലാതെയാക്കാനായിരുന്നു ജിതിന്റെ ശ്രമം.. ജോയൽ രക്ഷപെട്ടത് തന്നെ മഹാഭാഗ്യം.." " എനിക്കു വേണ്ടി.....", എന്നു ഞാൻ കുറ്റബോധത്തോടെ കരഞ്ഞു. ജോയെ ഞാൻ എന്റെ വീട്ടുകാർക്കു വേണ്ടി വിട്ടു കളഞ്ഞു. എന്നിട്ടും ജോ എനിക്കു വേണ്ടി ജീവൻ വരെ നഷ്ടപ്പെടുന്നതിന്റെ വക്കോളം എത്തിയിരിക്കുന്നു. ഞാൻ അതോർത്ത് കുറേയധികം കരഞ്ഞു. എങ്കിലും ജോയ്ക്ക് ഒന്നും സംഭവിച്ചില്ലല്ലോ എന്ന ആശ്വാസം എന്നിലാകെ നിറഞ്ഞു . എന്റെ മനസ് പതുക്കെ തണുക്കാൻ തുടങ്ങി. പക്ഷേ ചിന്തകളിൽ അഗ്നി പടർന്നു. ഇനി ഒരിക്കലും ജിതിൻ ജോയെ ഉപദ്രവിക്കരുത്. പോലീസിനെയും പട്ടാളത്തേയും ഒക്കെ സ്വാധീനിക്കാനും കബളിപ്പിക്കാനും അവനു കഴിയും.

ഇനി ജോയലിനു മേൽ ആ പിശാചിന്റെ നിഴൽ പോലും പതിക്കരുത്. അതിനു ചെയ്യേണ്ടതെന്താണെന്ന് ഞാൻ കണക്കു കൂട്ടി. പക്ഷേ അതിന് ഈ വീട്ടിൽ നിന്നു പുറത്തു കടക്കാൻ കഴിയണം. അനുകൂല സന്ദർഭത്തിനായി ഞാൻ കാത്തു . ഏതാനും ദിവസങ്ങൾ കഴിഞ്ഞാണ് അങ്ങനെ ഒരു അവസരം വീണു കിട്ടിയത്. ഞായറാഴ്ച . പള്ളിയിൽ കുർബാന കൈക്കൊള്ളപാടിന് പോകണമെന്ന് ആനിന്റെ വീട്ടിൽ നിർബന്ധമായിരുന്നു. കുടുംബ സമേതം പോകണം. അമ്മച്ചി എന്നെയും ബബ്ളുവിനേയും നേരത്തേ കുളിപ്പിച്ചു. ഒരു മണിക്കൂറിന്റെ താമസമേയുള്ളു. അതുകൊണ്ട് എനിക്ക് ഭക്ഷണം തന്ന് വാതിലടച്ച് കിടന്നുറങ്ങാൻ നിർദ്ദേശിച്ച് എല്ലാവരും പോയി. ഞാൻ വേഗം വസ്ത്രം മാറി. ബബ്ളുവിനെയും എടുത്ത് ഇറങ്ങി. ഗേറ്റിനരികിൽ ചെന്നു. രണ്ടു മിനുട്ട് നടന്നാൽ ഓട്ടോ സ്റ്റാൻഡുണ്ട്. അവിടെ ചെന്ന് ഓട്ടോ പിടിച്ചു. ജിതിന്റെ വീട്ടിലേക്കുള്ള വഴി പറഞ്ഞു കൊടുത്തു. ജിതിനെ തിരഞ്ഞു ഞാൻ അങ്ങോട്ടു ചെല്ലുക, അങ്ങനെ ഒരു സാധ്യത അയാൾ പ്രതീക്ഷിക്കില്ലെന്ന് ഞാൻ വിചാരിച്ചു.

ഈ പോകുന്ന പോക്കിൽ അയാളെ തീർത്തു കളയാമായിരുന്നു. പക്ഷേ ബബ്ളുവിന് അമ്മയെ നഷ്ടപ്പെടും.. കുഞ്ഞ് എന്നത് വലിയ ഒരു ഉത്തരവാദിത്തമാണ്. ഏതൊരു തീരുമാനമെടുക്കുമ്പോഴും അക്കാര്യം കുഞ്ഞിനെ എങ്ങനെ ബാധിക്കും എന്നു ചിന്തിച്ചേ തീരൂ. ഞാൻ ജീവിച്ചാലും മരിച്ചാലും കുഞ്ഞിനെ കുറിച്ചു ചിന്തിക്കാതെ വയ്യ. ജിതിന്റെ വീടിന് മുന്നിൽ ഓട്ടോ നിന്നപ്പോൾ ഒരു പ്രേത കൊട്ടാരത്തിന് മുന്നിലെത്തിയതു പോലെ തോന്നി. ഗേറ്റ് തുറന്ന് അകത്തേക്ക് പ്രവേശിച്ചു. ഓരോ അടിയിലും കാല്പാദങ്ങൾ വൃത്തികെട്ട എവിടെയോ സ്പർശിച്ചതു പോലെ അറച്ചു. കോളിംഗ് ബെല്ലിൽ വിരലമർത്തിയിട്ട് ഞാൻ കാത്തു നിന്നു . ആദ്യം ഇറങ്ങി വന്നത് അയാളുടെ അച്ഛനാണ്. എന്നെ കണ്ടപാടേ അങ്ങേർ തുറിച്ചു നോക്കി നിന്നു. പിന്നെ അകത്തേക്കു നോക്കി തികഞ്ഞ പുച്ഛത്തോടെ വിളിച്ചു പറയുന്നത് കേട്ടു " എടാ നിന്റെ ഭാര്യ സുഖവാസം മതിയാക്കി തിരിച്ചു വന്നിരിക്കുന്നു..." അകത്തു നിന്ന് അമ്മയുടെ " ആര് " എന്ന അതിശയം പുരണ്ട ശബ്ദം കേട്ടു. "

ഇറങ്ങി പോയവൾ ദേ അതുപോലെ തിരിച്ചെത്തി. ഞാനന്നേ പറഞ്ഞില്ലേ.. ചെമ്മീൻ ചാടിയാൽ പരമാവധി ചട്ടിയോളം.." അയാളുടെ ധാർഷ്ട്യച്ചിരി കേട്ടു. ഇയാളാണ് ജിതിനെ ഒരു അധമനായി വാർത്തെടുത്തത് എന്ന് ഞാൻ വിചാരിച്ചു. അകത്തു നിന്ന് പല മുഖങ്ങൾ പുറത്തേക്ക് തിക്കിതിരക്കി. നിധിൻ, മിഥുന , അമ്മ .. അവർക്കിടയിലൂടെ ജിതിൽ അത്ഭുതത്തോടെ അടുത്തേക്കു വന്നു. " ഹൃദ്യേ.. നീയോ.." അയാൾ വന്ന പാടേ എന്റെ കൈയ്യിൽ നിന്ന് കുഞ്ഞിനെ തട്ടിപ്പറിച്ചതു പോലെ എടുത്തു. കുഞ്ഞ് കരയുമെന്നും അയാളെ തോൽപ്പിക്കുമെന്നും ഞാൻ കരുതി. പക്ഷേ കുഞ്ഞ് പ്രിയപ്പെട്ടതെന്തോ കണ്ടത് പോലെ തൊണ്ണ വിടർത്തി ചിരിക്കുകയും ജിതിന്റെ നെഞ്ചോടു ചേർന്ന് കൈ കാലിളക്കി സന്തോഷം പ്രകടമാക്കുകയും ചെയ്തു. പെട്ടന്ന് എനിക്ക് ബബ്ളുവിനോട് അവൻ ജനിക്കുന്നതിന് മുമ്പ് അനുഭവപ്പെട്ടിരുന്ന അതേ വിരോഗം തോന്നി. ജിതിൻ കുഞ്ഞിനെ ഓമനിച്ചു. അതിന്റെ മുഖമാകെ ഉമ്മ വെച്ചു. കുഞ്ഞിനെ വാങ്ങാൻ നിധിനും മിഥുനയും അമ്മയും മത്സരമായി.

ജിതിന്റെ അച്‌ഛൻ മാത്രം നിന്ദാ ഗർഭമായ ഭാവത്തോടെ എല്ലാം വീക്ഷിച്ചു നിന്നു. "ഹൃദ്യേ.. കയറി വരൂ" എന്ന് ജിതിൻ അടുത്തേക്ക് വ ക്ഷണിച്ചു. അയാളുടെ കണ്ണുകൾ നിറഞ്ഞിട്ടുണ്ടായിരുന്നു. അതിനും മീതെ ഞാൻ തിരിച്ചു വന്നു എന്ന ആഹ്ളാദത്തിന്റെ തിളക്കം മിന്നി . "ഹുദ്യാ ...നീ ഈ വീട്ടിലെ രാജ്ഞിയായിരിക്കും.. ഒരുപാട് തെറ്റുകൾ രണ്ടു ഭാഗത്തു നിന്നും ഉണ്ടായി. കഴിഞ്ഞതെല്ലാം മറക്കാം.. നമ്മുടെ കുഞ്ഞിന് വേണ്ടി നീ തിരിച്ചു വരുമെന്നെനിക്ക് അറിയമായിരുന്നു. " ചേർത്തു പിടിക്കാൻ നീട്ടിയ ജിതിന്റെ കൈ ഞാൻ തട്ടിയെറിഞ്ഞു. ജ്വലിച്ചു കൊണ്ട് അയാളോട് അലറുകയായിരുന്നു "നിനക്കിനിയും മതിയായില്ല അല്ലേ ചെകുത്താനേ..." എന്ന്. അപ്രതീക്ഷിതമായി മാറിയ രംഗം കണ്ട് എല്ലാവരും വിരണ്ടു. ജിതിന്റെ മുമ്പിൽ വെച്ച് ഞാൻ ബാഗു തുറന്ന് ഒരു കുപ്പിയെടുത്ത് ആനിന്റെ കാറിൽ നിന്നും അവൾ അറിയാതെ ഊറ്റിയെടുത്ത പെട്രോൾ എന്റെ തലവഴി ഒഴിച്ചു. അമ്മയുടെ കൈയ്യിലിരുന്ന കുഞ്ഞിനെ വലിച്ചെടുത്ത് ദേഹത്തോടു ചേർത്തുപിടിച്ചു. " ചേച്ചീ..അയ്യോ... വേണ്ടാ...''

എന്നൊക്കെ മിഥുനയും നിധിനും കരഞ്ഞു. "മോളേ.. വേണ്ട ഹൃദ്യേ..." എന്ന് അമ്മയും ഉറക്കെ കരഞ്ഞു കൊണ്ട് തടയാൻ വന്നു. "ഹൃദ്യേ..." എന്നു അലറി വിളിച്ചു കൊണ്ട് ജിതിനും എന്നെ തടയാനും രക്ഷിക്കാനുമായി അടുത്തേക്ക് ഓടി വന്നു.. അതുവരെ പുച്ഛഭാവത്തിൽ നിന്ന അയാളുടെ അച്ഛനും ഭയന്നു. "എടാ മോനേ.. അകത്തേക്ക് ഓടെടാ..അവൾ എല്ലാവരെയും കത്തിക്കും..." എന്നയാൾ അലറിക്കൊണ്ട് ഭാര്യയേയും മക്കളേയും വലിച്ചിഴച്ച് അകത്തേക്കോടി . ഞാൻ അക്ഷോഭ്യയായി ജിതിന്റെ അരികിലേക്ക് ചെന്നു. ഭയന്നരണ്ടുവെങ്കിലും ചലിക്കാൻ കഴിയാതെ നിൽക്കുകയായിരുന്നു അയാൾ. കൈയ്യിലിരുന്ന സിഗരറ്റ് ലൈറ്റർ ഞാൻ അയാൾക്ക് നേരെ നീട്ടി "ഞാനെന്ത് തെറ്റു ചെയ്തിട്ടാ നീ എന്നെ ഇങ്ങനെ ഉപദ്രവിക്കുന്നത്. എന്റെ ജോയെ തല്ലിച്ചതച്ചത്... ഇനി നീ ആരെയും ബാക്കി വെക്കണ്ട... ആദ്യം എന്നെയും കുഞ്ഞിനെയും തന്നെ കൊന്നു തിന്നലാവട്ടെ... " പെട്ടന്നുണ്ടായ ആവേശത്തിൽ ഞാൻ ലൈറ്ററിൽ വിരലമർത്തി......തുടരും....

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story