കാണാദൂരം : ഭാഗം 16

kanadhooram

രചന: ഷൈനി ജോൺ

"ഹൃദ്യേ.." എന്ന് ജിതിന്റെ അലർച്ച കേട്ടു. അയാൾ എനിക്ക് നേരെ കുതിച്ചു വരുന്നത് കണ്ടു. പക്ഷേ അതോടൊപ്പം എന്റെ കൈയ്യിലിരുന്ന ലൈറ്റർ കത്താതെ ദൂരേയ്ക്ക് തെറിച്ചു വീണു. ശക്തിയായ ഒരടിയേറ്റ് എന്റെ കൈ തകർന്നുവെന്ന് എനിക്കു തോന്നി. നോക്കുമ്പോൾ എന്റെ പിന്നിൽ ആനിന്റെ അപ്പച്ചൻ നിൽക്കുന്നു. അദ്ദേഹത്തിനൊപ്പം നിലവിളിച്ചു കൊണ്ട് അമ്മച്ചി. ആൻ ഓടി വന്ന് എന്റെ കൈയ്യിൽ നിന്നും കുഞ്ഞിനെ തട്ടിപ്പറിച്ചെടുത്തു. "ബബ്ളൂ ....ബബ്ളു മോനേ എന്നു വിളിച്ച് കുഞ്ഞിനെ നിവർത്തിപ്പിടിച്ച് അവൾ ആകമാനം പരിശോധിക്കാൻ തുടങ്ങി. കുഞ്ഞിന്റെ ദേഹത്ത് പെട്രോൾ വീണിരുന്നില്ല. ആനിനെ കണ്ട് അവൻ ചിരിക്കാനായി ചുണ്ടുകൾ കോട്ടി. " നീയെന്താ ഇവിടെ.. " ആനിന്റെ അപ്പച്ചൻ എന്റെ മുമ്പിലേക്ക് വന്നു. തീക്കനൽ പോലെ ജ്വലിക്കുന്ന അപ്പച്ചന്റെ മുഖം കണ്ട് ഞാൻ ഞെട്ടിപ്പോയി.

ആ ഭാവ വ്യത്യാസം കണ്ട് ഞാനാകെ തരിച്ചു നിന്നു. " ചെന്ന് കാറിൽ കയറെടീ" എന്ന് അപ്പച്ചൻ വിരൽ ചൂണ്ടി. ഞാൻ നടുങ്ങി. ശബ്ദിക്കാനാവാതെ നിന്നു. അപ്പയ്യൻ ജിതിന്റെ അടുത്തേക്ക് ചെന്നു. കൈ വീശുന്നത് കണ്ടു. കനത്ത ആഘാതത്തിൽ ഒരു അടി ജിതിന്റെ മുഖത്തു വീണു. ജിതിനിൽ നിന്നൊരു നിലവിളി തെറിച്ചു വീണു. ഒറ്റയടിയിൽ തന്നെ മൂക്കിൽ നിന്നും രക്തം കിനിഞ്ഞു വന്നു. "എടാ നായേ.. ബിസിനസുകാരനായ എന്നെയേ നീ കണ്ടിട്ടുളളു. പട്ടാളത്തിൽ മേജറായിരുന്ന എന്നെ നിനക്ക് പരിചയം കാണില്ല. ഈ കൈ കൊണ്ട് കൊന്നു തള്ളിയിട്ടവരുടെ കഥ പറഞ്ഞാൽ നീ പരിഹസിക്കും, പട്ടാളക്കഥയാണെന്ന്.. എന്നാൽ നീയൊന്ന് അന്വേഷിച്ചു നോക്ക് ... മനസിലാകും..'' ജിതിനെ പിന്നോട്ടു തള്ളി തള്ളിയാണ് അപ്പച്ചൻ സംസാരിച്ചത്. ജിതിൻ ആകെ വിരണ്ടു എന്നു തോന്നി. " ഇനി നീ ഈ പെണ്ണിന്റെ ജീവിതം വെച്ച് കളിച്ചാൽ ഒരാളെ കൂടി തട്ടണം.. അത്രയല്ലേ ഉള്ളു. എന്നെ സംബന്ധിച്ചു ശത്രു രാജ്യത്തെ ചാരനാ നീ.." ജിതിനെ പിന്നാക്കം തള്ളി വിട്ടിട്ട് അപ്പച്ചൻ തിരിച്ചു വന്നു.

ആൻ എന്റെ കൈയ്യിൽ പിടിച്ചു മുന്നോട്ട് വലിച്ചു കൊണ്ടു ചെന്ന് കാറിൽ കയറ്റി. അപ്പച്ചൻ വന്ന് ഡ്രൈവിംഗ് സീക്കിൽ കയറിയിരുന്ന് തിരിഞ്ഞ് എന്നെ നോക്കി. "നിന്റെ ഇഷ്ടം പോലെ നടക്കാനാണെങ്കിൽ നിനക്കിവിടെ നിന്ന് നിന്റെ വീട്ടിലേക്ക് പോകാം.. എന്റെ വീട്ടിൽ നിന്നിട്ട് ഇമ്മാതിരി തോന്ന്യാസം കാണിക്കാമെന്ന് ഹൃദ്യ ചിന്തിക്കണ്ട. " എടുത്തടിച്ചത് പോലെയുള്ള സംസാരം കേട്ട് ഞാനാകെ വിളറിപ്പോയി. ഞാൻ മുഖം കുനിച്ചിരുന്നു. ജിതിനേറ്റ പ്രഹരത്തേക്കാൾ കഠിനമായിരുന്നു എന്റെ നേർക്കുള്ള സംസാരം. ""ഹൃദ്യേ..നിനക്ക് സംഭവിച്ചതൊക്കെ നിന്റെ കൂട പിടിപ്പുകേടു കൊണ്ടാണ്. എന്നിട്ടും ഒരു പെൺകുട്ടിയെ എല്ലാവരും ചേർന്ന് ചൂഷണം ചെയ്തല്ലോ എന്നോർത്താണ് ഞാനും എന്റെ കുടുംബവും നിന്റെ കൂടെ നിൽക്കുന്നത്.. ആ ഞങ്ങളെ പ്രതിക്കൂട്ടിലാക്കിയാണ് നീ ഇപ്പോൾ ഈ പണി കാണിച്ചത്..നിനക്കോ ഈ കുഞ്ഞിനോ എന്തെങ്കിലും സംഭവിച്ചാൽ ഞാനും എന്റെ മോളും ഭാര്യയും അതിനു പിന്നാലെ തൂങ്ങണം..അല്ലേ.." എന്റെ കണ്ണുകൾ നിറഞ്ഞു. ഞാൻ മാത്രം അനാഥയായത് പോലെ...

അവരെല്ലാം ഒരു കുടുംബമാണ് ..ഞാൻ വലിഞ്ഞു കയറി ചെന്നതാണെന്ന് ഇതുവരെ തോന്നിയിട്ടില്ല. എന്നാലിപ്പോൾ തോന്നുന്നു.. നിയന്ത്രണം വിട്ട് ഞാൻ ഏങ്ങലടിച്ചു കരയാൻ തുടങ്ങി. " ഒന്നു മിണ്ടാതിരി മനുഷ്യാ.." എന്ന് അമ്മച്ചി ശാസിച്ചു. " അതു മതി ഇവൾക്കിനി ബിപി കൂടി വീഴാൻ.." അപ്പച്ചൻ മൗനിയായി. ആൻ കുഞ്ഞിനെ ഷാളുകൊണ്ട് തുടയ്ക്കുകയും ഇല്ലാ ട്ടോ വാവേ ഇല്ലാ ട്ടോ എന്ന് ആശ്വസിപ്പിക്കുകയും ചെയ്യുകയായിരുന്നു. കുഞ്ഞിന്റെ ഇളംചിരി കണ്ട് എന്റെ ഹൃദയം നുറുങ്ങി. ഇങ്ങനെ ഒന്നും വിചാരിച്ചല്ല ജിതിനെ കാണാൻ പോയത്. പേടിപ്പിച്ച് നിർത്തണം എന്നേ കരുതിയുള്ളു ഒരു നിമിഷം കൊണ്ട് എല്ലാം മാറി മറിഞ്ഞു. അയാളെ കാണുമ്പോൾ അനുഭവപ്പെടുന്ന ഇനം പുരട്ടുന്ന വെറുപ്പിൽ ആകെ എരിഞ്ഞു പോയി. താൻ ജീവനോടെ ഉള്ളതു കൊണ്ടാണല്ലോ എല്ലാം എന്ന ചിന്ത തിരമാല പോലെ തലച്ചോറിൽ വന്നടിച്ച് ചിതറി. അതോ പെട്ടന്ന് ബ്ലഡ് പ്രഷർ ഉയർന്നതാണോ? ഒന്നും അറിയില്ല. പെട്രോൾ തലവഴി ഒഴിച്ചതെല്ലാം ഭ്രാന്തമായ ഒരു അവസ്ഥയിലായിരുന്നു. കുഞ്ഞിനെ പിടിച്ചു വാങ്ങി നെഞ്ചോടു ചേർത്തു നിന്ന് ലാമ്പ് കത്തിച്ചതെല്ലാം ചിന്തിച്ചപ്പോൾ ആകെ വിറച്ചു പോയി.

ആനിന്റെ കൈയ്യിലിരുന്ന കുഞ്ഞിനെ നോക്കിയപ്പോൾ മിഴിനീർ കവിളിലേക്കൊഴുകി വീണു. ആ ലൈറ്റർ കത്തിയിരുന്നെങ്കിൽ ഈ പിഞ്ചുകുഞ്ഞ് വെന്തു കത്തി തീരുമായിരുന്നു. കൂടെ ഞാനും.. ഞാൻ മരിച്ചാൽ ആർക്കും ഒരു ചേതവുമില്ല.. ഈ കുഞ്ഞിനല്ലാതെ. കൈ നീട്ടി കുഞ്ഞിനെ തൊടാൻ ഭാവിച്ചപ്പോൾ ആൻ ക്രൂരമായി നോക്കി. " ഹൃദ്യേ.. മതി നിന്റെ പുന്നാരം.. പണ്ടേ നിനക്കിവനെ ഇഷ്ടമല്ല. അതല്ലേ കത്തിച്ചു കളയാൻ നോക്കിയത് " അവൾ ദേഷ്യപ്പെട്ടു. എന്റെ നെഞ്ചു പിളർന്നു. കുഞ്ഞിനെ കാണും തോറും കുറ്റബോധം കൊണ്ട് ഞാൻ തളർന്നു. ആനിന്റെ വീടെത്തി. കാറിൽ നിന്നിറങ്ങിയപ്പോൾ ഞാൻ കുഞ്ഞിന് വേണ്ടി കൈ നീട്ടി. ആൻ രൂക്ഷമായി നോക്കിയതോടെ ഞാൻ കൈ പിൻവലിച്ചു. അമ്മച്ചി ഇറങ്ങി വന്ന് എന്നെ പിടിച്ചു. "വാ മോളേ... ഈ പെട്രോളെല്ലാം കഴുകി കളയ്.... വന്ന വഴിയ്ക്കു നിന്നായാലും ഒരു തീപ്പൊരി വീണാൽ എല്ലാം തീർന്നേനെ . ദേഹം പുകയുന്നില്ലേ പെണ്ണേ നിനക്ക് ... " മനസിന്റെ പുകച്ചിലേനേക്കാൾ സാരമുള്ളതായിരുന്നില്ല ശരീരത്തിന്റെ നീറ്റൽ .. ഞാനൊന്നും മിണ്ടിയില്ല. ഡോർ തുറന്ന് അമ്മച്ചി തന്നെ എന്നെ പിടിച്ചു വലിച്ച് കുളിമുറിയിലേക്ക് കൊണ്ടുപോയി. സോപ്പും ഷാംപൂവും കണ്ടീഷനറും എടുത്തു തന്നു. നന്നായി കുളിച്ചിട്ട് വരാൻ പറഞ്ഞു.

ഷവറിനടിയിൽ നിന്ന് ഞാൻ കുറേ നേരം കരഞ്ഞു. ആൻ പറഞ്ഞതു പോലെ ബബ്ളുവിനോട് എനിക്ക് സ്നേഹം ഇല്ലേ.. ഉണ്ട്... എന്നെ ജീവിക്കാൻ പ്രേരിപ്പികുന്നത് പോലും എന്റെ കുഞ്ഞാണ്. അവൻ ആശുപത്രിയിൽ, മഴ ചാറലിലും മൂത്രത്തിലും നനഞ്ഞു കിടന്ന രാത്രി ഓർമ വന്നു. അന്നു തോന്നിയ വിഷമം... ആ വേദന ഇപ്പോഴും ഉള്ളിലുണ്ട്... അപ്പോൾ അവന്റെ ദേഹത്ത് ഒരു തീപ്പൊരിയെങ്കിലും വീണു പൊള്ളിയിരുന്നെങ്കിലോ.. കരഞ്ഞു കൊണ്ട് കൈകൂപ്പി നിന്ന് പ്രാർത്ഥിച്ചു പോയി. സഹിക്കാനുള്ള ശക്തി തരണേ ദൈവമേ. ഒരിക്കലും ഇനി ഈ വിധം മനസു പാളിപ്പോകരുതേ.. അപ്പോഴും മനസു പറഞ്ഞു, ജിതിൻ മുമ്പിൽ വന്നു നിന്നാൽ ആത്മസംയമനം നഷ്ടപ്പെടും.. സ്വയം നശിപ്പിച്ചായാലും എന്തു തന്നെ ഉപേക്ഷിച്ചിട്ടായാലും അയാളെ തകർത്തു തരിപ്പണമാക്കാൻ തോന്നും..അത്രത്തോളം വെറുപ്പാണ് .... വെറുപ്പാണ്.. വെറുപ്പാണ്. " ഹൃദ്യേ.. കഴിഞ്ഞില്ലേ " എന്ന് അമ്മച്ചി വാതിലിൽ മുട്ടിയപ്പോഴാണ് കുളിച്ച് വസ്ത്രം മാറ്റി ഇറങ്ങിച്ചെന്നത്. കുഞ്ഞ് വിശന്ന് വാശിപിടിച്ച് കരയുകയാണ്.

അവനെ വാങ്ങി നെഞ്ചോടു ചേർത്തു. സോഫയിലിരുന്ന് പാലൂട്ടി. ഓരോ തുള്ളി പാലമൃതും അവനിലേക്ക് പകരുമ്പോൾ കുറ്റബോധം കൊണ്ട് ഞാൻ തളർന്നു. കുഞ്ഞ് ഉറങ്ങിക്കഴിഞ്ഞ് തൊട്ടിലിൽ കിടത്തിയപ്പോഴേക്കും അമ്മച്ചി ഭക്ഷണം വിളസി വെച്ചിട്ട് വന്നു വിളിച്ചു.. ഊൺ മേശയ്ക്കരികിലും അപ്പച്ചന്റെ മുഖത്ത് ഗൗരവം തന്നെ. കഴിച്ചു കഴിയാറായപ്പോൾ "ഹൃദ്യ ഡിവോഴ്സ് കേസ് വേഗം മൂവ് ചെയ്യണം. അവന്റെ ഭാര്യയാണ് എന്ന അവകാശം അവസാനിപ്പിക്കണം " എന്ന് ഓർമിപ്പിച്ചു. "ഞാൻ നാളെ വക്കീലിനെ പോയി കണ്ടോളാം.." എന്നും അപ്പച്ചൻ പറഞ്ഞു. അപ്പോഴേക്കും കണ്ണുനീർ നിറഞ്ഞിട്ട് എനിക്ക് കരച്ചിൽ നിയന്ത്രിക്കാൻ വയ്യാതെയായി. അപ്പച്ചൻ എഴുന്നേറ്റ് കൈ കഴുകിയിട്ട് സ്ഥലം വിട്ടു. " ജോയലിന് എങ്ങനെയുണ്ട് ആൻ.." ? കിടക്കാൻ നേരം ഞാൻ ചോദിച്ചു. " കുഴപ്പമൊന്നുമില്ല.. നാളെക്കൂടി നോക്കിയിട്ട് ഡിസ്ചാർജിന് എഴുതാമെന്നാണ് ഡോക്ടർ പറഞ്ഞത് "ആൻ പറഞ്ഞു. എന്റെ ഉള്ളു തണുത്തു. അന്നു വരെ നിലനിന്ന കലുഷിത ജീവിതം പതിയെ സമാധാന തീരത്തേക്ക് അടുക്കുകയായിരുന്നു. അന്നത്തെ എന്റെ പെർഫോമൻസോടെ ജിതിൻ ഒതുങ്ങി.

ഒന്നുകിൽ ഞാൻ, അല്ലെങ്കിൽ ജോയൽ , ആനിന്റെ അപ്പച്ചൻ... ഇനിയും എന്നെ ഉപദ്രവിച്ചാൽ പകരം ചോദിക്കാൻ ഞങ്ങളിൽ ആരെങ്കിലുമൊക്കെയുണ്ട് എന്ന് അവന് വ്യക്തമായിരിക്കുന്നു. എന്നെ നശിപ്പിച്ചു കളഞ്ഞാലും ഒന്നും അവസാനിക്കില്ലെന്ന ബോധ്യം ജിതിന് ഉണ്ടായിക്കാണണം. ശാന്തിയും സന്തുഷ്ടിയും എന്നെ പൊതിഞ്ഞു. നോക്കി നിൽക്കേയാണ് മോന്റെ വളർച്ചയെന്ന് തോന്നി. അവനെ അമ്മച്ചിയെ ഏൽപ്പിച്ച് ഞാൻ വീണ്ടും ടെക്സ്റ്റൽസിലേക്ക് പോയി. ആന് ജോലി കിട്ടി. എസ്. ബി.ഐയിൽ പി.ആർ. ഒ ആയിട്ട്. അവൾ ജോലി കഴിഞ്ഞു വരാൻ വേണ്ടി ബബ്ളു കാത്തിരിക്കും. എന്നേക്കാൾ അടുപ്പം അവന് ആനിനോടായിരുന്നു. അവനെ അമ്മച്ചിയെ ഏൽപിച്ചിട്ടാണ് ഞാൻ ഷോപ്പിലേക്ക് പോകുക. പൊന്നുപോലെയാണ് അമ്മച്ചി ബബ്ളുവിനെ നോക്കുന്നത്. അപ്പച്ചൻ അവന്റെ മുന്നിൽ അവനേക്കാൾ ചെറിയ കുഞ്ഞാണ്. ആന കളിക്കാനും സാറ്റു കളിക്കാനും ഒക്കെ റെഡി. ഒരു ഉയർന്ന സൈനികനായിരുന്നു എന്ന ഭാവം പോലും അപ്പോൾ അദ്ദേഹത്തിനില്ല. ദിവസങ്ങൾ കടന്നുപോയ്ക്കൊണ്ടിരുന്നു.

അതിനിടെ അഞ്ചു പ്രാവശ്യം കേസു വിളിച്ചു. അതിൽ മൂന്നു പ്രാവശ്യവും ഓരോ കാരണം പറഞ്ഞ് ജിതിൻ ഹാജരായില്ല. കേസ് കഴിയുന്നത്ര നീട്ടിക്കൊണ്ടു പോകാനാണ് ശ്രമം. അതിനാണ് വല്ലപ്പോഴും കോടതിയിലെത്തുന്നത്. എക്സ്പാർട്ടി വിധി ഉണ്ടാകാതിരിക്കാൻ മാത്രം. ബബ്ളുവിന്റെ ഒന്നാം പിറന്നാളിന് തലേ ദിവസമായിരുന്നു വീണ്ടും ഹാജരാകേണ്ടിയിരുന്നത് ' അന്നു കേസ് വിളിച്ചപ്പോൾ ജിതിൻ എത്തിയിരുന്നു. ജഡ്ജി ഞങ്ങളോട് കൗൺസലിങിന് വിധേയരാകാൻ നിർദേശിച്ചു. ജിതിനൊപ്പം കൗൺസലിംഗിൽ പങ്കെടുക്കുന്നത് എനിക്ക് സങ്കൽപിക്കാനേ കഴിയുമായിരുന്നില്ല. എങ്കിലും അതു വേണ്ടി വന്നു. എന്റെ അനുഭവങ്ങൾ ഓരോന്നായി ഞാൻ തുറന്നു പറഞ്ഞു. ജിതിൻ ഓരോന്നും ഖണ്ഡിച്ചു. എനിക്ക് ജിതിനെ കൊല്ല... ണമെന്ന് തോന്നി. എന്റെ വെറുപ്പു കണ്ടിട്ടാവണം നിങ്ങൾക്ക് രണ്ടു പേർക്കും പരസ്പര ബഹുമാനത്തോടെ പിരിയുന്നതിനെന്താണ് തടസം എന്ന് അഡ്വക്കേറ്റ് ആരാഞ്ഞത്. "പിരിയുന്നതിന് ഒരു തടസവും ഇല്ല.. പക്ഷേ..കുഞ്ഞിനെ എനിക്കു വിട്ടു തരണം "

ജിതിൻ പറഞ്ഞു. ജിതിൻ അവന്റെ അവസാനത്തെ ആയുധവും എനിക്കു നേരെ പ്രയോഗിക്കുകയാണെന്ന് അറിയാമായിരുന്നു. എന്നെ തകർക്കാൻ ഇതിലും വലിയൊരു പ്രഹരം അയാൾക്കു വേറെയില്ല. ഞാൻ ഉടഞ്ഞു ചിതറിപ്പോയി. കോടതി വളപ്പിൽ വെച്ച് ജിതിൻ എന്റെ അടുത്തു വന്നു. അന്നത്തെ ആ സംഭവത്തിനു ശേഷം ആദ്യമായാണ് അയാളെന്നെ ശല്യപ്പെടുത്താൻ വരുന്നത്. ശത്രു അടുത്തു വരുന്ന ജാഗ്രതയോടെ ഞാൻ നിന്നു. "നീ എത്രയൊക്കെ ശ്രമിച്ചാലും കുഞ്ഞിനെ ഞാൻ കൊണ്ടുപോകും ഹൃദ്യേ...ഞാനിന്നു വരെ തോറ്റു പോയത് നിന്റെ മുമ്പിൽ മാത്രമാണ്. പക്ഷേ ജയിക്കും.. നീ തോൽക്കാൻ കാത്തിരുന്നോ.... കുഞ്ഞില്ലാതെ ജീവിക്കാൻ ഇപ്പോൾ തന്നെ പഠിച്ചു വെച്ചാൽ നല്ലത്.. " അത്രയും പറഞ്ഞ് നിന്ദാ ഗർഭമായ ഒരു ചിരിയോടെ അയാളെന്നെ കടന്നുപോയി. ഞാൻ നിന്നുരുകി. ഭയം എന്നെ കീഴ്പ്പെടുത്തി.

എനിക്ക് ചലിക്കാൻ കഴിഞ്ഞില്ല. ബബ്ളുവിന്റെ ഒന്നാം പിറന്നാൾ ആഘോഷത്തിൽ പോലും എനിക്ക് മനസു തുറന്നൊന്ന് ചിരിക്കാൻ കഴിയുന്നില്ലായിരുന്നു. എന്റെ കുഞ്ഞിനെ അയാൾ തട്ടിപ്പറിച്ചു കൊണ്ടുപോകുമെന്ന ഭയം എന്നെ അടിമുടി ഉലച്ചു. "ഹാപ്പി ബർത്ഡേ ഇഷാൻ " എന്നെഴുതിയ കേക്ക് മുറിച്ച് അവൻ ആദ്യം എന്റെ വായിൽ വെച്ചു തന്നപ്പോൾ സന്തോഷിച്ചതിനു പകരം ഞാനെന്റെ കുഞ്ഞിനെ മാറോടു ചേർത്ത് വിതുമ്പിക്കരഞ്ഞു പോയി. ഓരോ നിമിഷവും കുഞ്ഞിനെ നഷ്ടപ്പെടുമെന്ന് ഞാൻ ഭയന്നു. കോടതി കേസ് വിളിക്കുന്ന ദിവസം എത്തിയപ്പോഴേക്കും പേടി കൊണ്ട് ഭ്രാന്തുപിടിക്കുന്ന സ്ഥിതിയായി. കുഞ്ഞിനെ നിലത്തു വെക്കാൻ പോലും കഴിയാതെയായി. ഷോപ്പിൽ പോകുന്നത് നിർത്തി വെച്ചു. എന്റെ കുഞ്ഞിനെ നെഞ്ചോടു ചേർത്ത് ഊണും ഉറക്കവും ഇല്ലാതെ ഞാനുരുകി. കേസ് വിളിച്ച ദിവസം അപ്പച്ചനും അമ്മച്ചിയും കൂടെ വന്നിരുന്നു. " താനിങ്ങനെ ടെൻഷനടിക്കണ്ട ഹൃദ്യ... ഇത്ര ചെറിയ കുട്ടിയെ മതിയായ കാരണമില്ലാതെ കോടതി അമ്മയിൽ നിന്നും പിരിക്കാറില്ല. "

എന്ന് അഡ്വക്കേറ്റ് ആശ്വസിപ്പിച്ചിട്ടും എന്റെ ഉള്ളിലെ തീ അണഞ്ഞില്ല. കാരണം ജിതിനെ എനിക്കറിയാം. അയാൾ എന്നെ വെല്ലുവിളിച്ചെങ്കിൽ, വിജയിക്കാനുള്ള എന്തൊക്കെയോ തെളിവുകൾ അയാളുടെ പക്കൽ ഉണ്ടെന്ന് തീർച്ച. ഉച്ചയ്ക്ക് ശേഷമാണ് കേസ് വിളിച്ചത്. കുഞ്ഞിനെ വിട്ടുകിട്ടിയാൽ പിരിയാൻ സമ്മതമാണെന്ന് ജിതിൻ കോടതിയെ അറിയിച്ചു. അതിന് ഹൃദ്യയ്ക്ക് സമ്മതമല്ലെങ്കിൽ ഡിവോഴ്സ് എന്ന തീരുമാനത്തിൽ നിന്ന് അവൾ പിൻമാറണം. തന്നിൽ നിന്നും സംഭവിച്ച എല്ലാ തെറ്റുകളും തിരുത്തി അവൾക്ക് ഇഷ്ടമുള്ള വിധം നല്ലൊരു ഭർത്താവാകാൻ താൻ തയാറാണ് എന്നും അറിയിച്ചു. ജിതിന്റെ കൂടെ ജീവിക്കുന്നത് ആത്മഹത്യാപരമാണെന്ന് ഞാനും പറഞ്ഞു. ഒരിക്കലും അതിന് കഴിയില്ല. അത്രത്തോളം ഞാൻ അയാളെ വെറുക്കുന്നു. എന്റെ ജീവിതത്തിന്റെ ഒരു അരികിൽ പോലും അയാളുടെ നിഴൽ പതിയരുത്.. കുഞ്ഞിന് വേണ്ടിയുള്ള വാദപ്രതിവാദങ്ങൾ ആയിരുന്നു പിന്നീട് നടന്നത്. കുഞ്ഞിനെ വിട്ടു കിട്ടാൻ ജിതിൻ നിരത്തിയ വാദങ്ങളും തെളിവുകളും എന്നെ നടുക്കി.

ഞാൻ വഴിവിട്ടു ജീവിക്കുന്ന ഒരു സ്ത്രീയാണത്രേ.. അമിതമായ കാമാസക്തിയാണ് എനിക്ക്. നിംഫോമാനിയ എന്നു പോലും സംശയിക്കാവുന്നതാണ്. കാമുകനുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന വീഡിയോ അയാൾക്ക് അയച്ചു കൊടുത്ത് അതുപോലെ എല്ലാം തന്നോട് പെരുമാറണമെന്ന് ഞാൻ നിർബന്ധിക്കുമായിരുന്നുവത്രേ. "അവളോടുള്ള സ്നേഹം മൂലം ഞാൻ എല്ലാം ക്ഷമിച്ചു.." എന്നാണ് ജിതിൻ പറഞ്ഞത്. പക്ഷേ , അനുദിനം എന്റെ സ്വഭാവം മാറുകയായിരുന്നു. അയാളുടെ ഫോണെടുത്ത് അതിലുണ്ടായിരുന്ന തന്റെ സുഹൃത്തുക്കളുടെ നമ്പർ എടുത്ത് ഞാൻ സൗഹൃദം പുലർത്തിയത്രേ, ലൈംഗികത പരാമർശിക്കുന്ന ചാറ്റിംഗ് നടത്തുക. അശ്ളീല വീഡിയോ പരസ്പരം അയക്കുക , അവരുമായി ലൈംഗിക ബന്ധം ഉണ്ടാക്കുക, സ്വന്തം നഗ്നത അയച്ചു കൊടുക്കുക... അങ്ങനെ ജിതിൻ നിരത്തിയ വാദങ്ങൾ ഞാൻ ഞെട്ടലോടെ കേട്ടു നിന്നു. അതിനുള്ള തെളിവുകളും അയാൾ കോടതിയിൽ സമർപ്പിച്ചു. ഞാനും ജോയലും ഒരുമിച്ചുള്ള വീഡിയോ ,

കൂടാതെ എന്നെ തടവിലാക്കിയിരുന്ന കാലത്ത് അയാൾ എന്റെ ഫോണിലൂടെ കൃത്രിമമായി സൃഷ്ടിച്ച ഒരുപാട് തെളിവുകൾ ... എന്റെ ഭാഗത്തു നിന്നും സംഭവിച്ച ഭീകരമായ തെറ്റായിരുന്നു ഞാനും ജോയലും ഒന്നിച്ചുള്ള ആ വീഡിയോ എന്ന് ഞാൻ തിരിച്ചറിയുകയായിരുന്നു. ഞാൻ ഒരിക്കലും അത് ജിതിന് അയക്കരുതായിരുന്നു... അല്ല.. അങ്ങനെ ഒരു വീഡിയോ ഒരിക്കൽ പോലും , ഒരു കൗതുകത്തിന്റെ പേരിലും എടുക്കുകയേ പാടില്ലായിരുന്നു. ഒരിക്കൽ ചെയ്തു പോയ തെറ്റിന് ജീവിതം കൊണ്ട് ഞാൻ അനുഭവിച്ച് ഇല്ലാതായിരിക്കുന്നു. ചെയ്തു പോയ തെറ്റ് കാല പാമ്പ് പോലെ എന്റെ തിരുനെറ്റിയ്ക്കു തന്നെ ആഞ്ഞു കൊത്തുകയാണ്.. മരണം എന്റെ തൊട്ടരികെ..അതെ.. ഞാൻ എന്റെ മരണത്തെയാണ് അന്ന് ചിത്രീകരിക്കാൻ അനുവദിച്ചത്.. മറ്റെല്ലാ തെളിവുകളും അയാൾ സൃഷ്ടിച്ചെടുത്തതാണ്. ചാറ്റിംഗുകൾ ഉണ്ടാക്കിയെടുക്കാൻ കൂട്ടുകാരെയും കൂടെ കൂട്ടിയിട്ടുണ്ടാവാം.. കൃത്യമായ പ്ലാൻ വെച്ച് അയാളെന്നെ താലി കെട്ടി. അതിലേറെ ആസൂത്രിതമായി എന്നെ ഗർഭിണിയാക്കി. നാളെ ഞാൻ കോടതിയിലെത്തുമെന്ന് മുൻകൂട്ടി കണ്ട് എന്നെ അവിടെയും തോൽപ്പിക്കാനുള്ള തെളിവുകൾ നിർമിച്ചു...

ഞാൻ നിസ്സഹായയായിരുന്നു. കോടതി തെളിവുകൾ എല്ലാം പരിശോധിച്ചു. എന്റെ വക്കീൽ നാണക്കേട് നിറഞ്ഞ കണ്ണുകൾ കൊണ്ടാണ് എന്നെ നോക്കിയത്. ജഡ്ജി എന്റെ അമ്മയേയും അച്ഛനേയും വിളിച്ച് ജിതിന്റെ ആരോപണങ്ങൾ ശരിയായിരുന്നുവോ എന്ന് തിരക്കി. ജിതിൻ ഒരു നല്ല ഭർത്താവായിരുന്നു. മകളോട് സ്നേഹം മാത്രമേ ഉണ്ടായിരുന്നുള്ളു. പൊന്നുപോലെയാണ് നോക്കിയത്. അവൾക്ക് പക്ഷേ ഭർത്താവിനോട് ആ സ്നേഹം പുലർത്താൻ കഴിഞ്ഞില്ല. കുറ്റബോധത്തോടെയാണ് അവർ മൊഴി നൽകിയത്. വെറുപ്പോടെ എന്നെ നോക്കിയിട്ട് അവർ ഇറങ്ങിപ്പോയി. ഞാൻ ഉരുകിയുരുകി നിന്നു..എന്റെ ജന്മം തന്നെ അവസാനിച്ചിരിക്കുന്നു. ഇങ്ങനൊരു സ്ത്രീയെ അമ്മ എന്നു വിളിക്കാൻ പോലും എന്റെ കുഞ്ഞ് ലജ്ജിക്കേണ്ടി വരുമെന്നും കുഞ്ഞിന്റെ ജീവിതം എനിക്കൊപ്പം സുരക്ഷിതമാകില്ലെന്നും എന്റെ കാമുകൻമാരുടെ കൈ കൊണ്ട് തന്നെ അതിന്റെ ജീവൻ നഷ്ടമായേക്കുമെന്നും കുഞ്ഞിന്റെ അന്തസിനും സുരക്ഷിതത്വത്തിനും അച്ഛനൊപ്പം അയക്കുകയാണ് നല്ലതെന്നും ജിതിന്റെ വക്കീൽ കോടതിയെ ബോധിപ്പിച്ചു. കോടതി കേസ് വിധി പറയാൻ ഒരു ദിവസം കുറിച്ചു. ....തുടരും....

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story