കാണാദൂരം : ഭാഗം 17 || അവസാനിച്ചു

kanadhooram

രചന: ഷൈനി ജോൺ

കോടതി നീട്ടിയ രണ്ടര മാസത്തിന്റെ ആ ഇടവേള എനിക്ക് അസഹ്യമായിരുന്നു. ഓരോ ദിവസവും പൊഴിയുന്നത് ഞാൻ നെഞ്ചിടിപ്പോടെ എണ്ണി. ആർക്കും ചിരിയോ , തമാശയോ , സമാധാനമോ ഉണ്ടായിരുന്നില്ല. ബബ്ളു മാത്രം അവന്റെ ഭാഷയും അവന്റെ കുഞ്ഞു കുറുമ്പുകളുമായി പിച്ച വെച്ച് ഓടി നടന്നു. അപ്പച്ചനോടായിരുന്നു അവന് ഏറ്റവും ഇഷ്ടം. രാവിലെ ഉണർന്നാലുടനെ അപ്പച്ചനെ കാണണം. ആ നെഞ്ചിൽ കയറിയിരുന്ന് കാലുകൾ ഇരുവശത്തേക്കുമിട്ട് അവർ രണ്ടു പേർക്കും മാത്രം ഗ്രഹിക്കാവുന്ന ഒരു ഭാഷയിൽ സംസാരിക്കുകയും പൊട്ടിച്ചിരിക്കുകയും കൊഞ്ചുകയും ചെയ്യും. ഇഷ്ടക്കുറവ് അമ്മച്ചിയോടാണ്. അമ്മച്ചി അവനെ കുളിപ്പിക്കും. കുളിക്കുന്നത് അവനിഷ്ടമല്ല. അമ്മച്ചി അടുത്തു വന്നാൽ തന്നെ പോ പോ എന്ന് ഇരു കൈയ്യും വീശി ആട്ടും. കാക്കയേയും കിളിയേയും ഒക്കെ കാണിക്കാമെന്നു പറഞ്ഞാണ് അമ്മച്ചി അവനെ എടുക്കാറുള്ളത്. "ഈ ചെറുക്കന് ആണുങ്ങളോടാ ഇഷ്ടം..." എന്ന് ആൻ പറയും. "ഇവിടെ ന്യൂസ് പേപ്പറിടാൻ വരുന്ന യാളെ പോലും എടുക്കാൻ സമ്മതിക്കും ".

ആൻ പറയുന്നതാണ് സത്യമെന്ന് എനിക്കും തോന്നിയിട്ടുണ്ട്. കോടതി വരാന്തയിൽ വെച്ചു ജിതിൻ കൈ നീട്ടുമ്പോഴൊക്കെ എ തല്ലിയും കടിച്ചും കുതറിയും അവൻ അയാൾക്ക് നേരെ ചാടും. അടുത്ത് പരിചയിച്ചിട്ടു പോലുമില്ല. പക്ഷേ രക്ത ബന്ധത്തിന്റെ അടുപ്പമായിരിക്കാം. എന്നെ തോൽപിക്കാൻ വേണ്ടിയായിരിക്കാം. കുഞ്ഞിന് അച്ഛനെ ഇഷ്ടമാണ്. കുഞ്ഞിനെ അയാൾ വല്ലാതെ ലാളിക്കാറുണ്ട്. എല്ലാ പുരുഷൻമാരിലും അവൻ ജിതിനെയാണ് തിരയുന്നതെന്ന് തോന്നിയിട്ടുണ്ട്. "അപ്പനില്ലാതെ വളരുന്നതിന്റെ പ്രശ്നമാ മോളേ" എന്ന് അമ്മച്ചി പറയുന്നതാണ് ശരി. ആദ്യമൊക്കെ കുഞ്ഞിനോട് ഈർഷ്യ തോന്നിയിരുന്നെങ്കിലും പിന്നീടത് സഹതാപമായി പരിണമിച്ചു. ആൺകുട്ടികൾക്ക് അച്ഛൻ ഹീറോയാണെന്ന് കേട്ടിട്ടുണ്ട്. ഇവിടെ അങ്ങനെ ഒരു ഹീറോ ഇല്ല.. ഞാൻ അതേ കുറിച്ചൊക്കെ പറയുമ്പോൾ ആൻ ചിരിക്കും. 'എന്താ ഹൃദ്യേ..ഒരു ചായ് വ്.... ജിതിന്റെ കൂടെ പോകണം എന്നുണ്ടോ?" "ഒരിക്കലുമില്ല.. ഞാൻ തുടക്കം മുതൽ ക്ഷമിച്ചിരുന്നെങ്കിൽ ഇന്ന് അയാൾക്കൊപ്പം സ്വർഗ തുല്യമായി കഴിയാമായിരുന്നു.

പക്ഷേ വിശ്വാസ വഞ്ചനയും ധാർഷ്ട്യവും കൊണ്ട് അയാൾ തുടങ്ങി വെച്ച ഈ ബന്ധം എന്നും വെറുപ്പു കൊണ്ടു മാത്രമേ എനിക്ക് അളക്കാൻ കഴിഞ്ഞിട്ടുള്ളു.. കുഞ്ഞിനു വേണ്ടി പോലും അയാളെ ഉൾക്കൊളളാനുള്ള വ്യാപ്തി എന്റെ ഹൃദയത്തിലില്ല. സ്വയം വഞ്ചിച്ച് ജീവിക്കാൻ എനിക്കറിയില്ല ആൻ.." അവൾ എന്നെ ഉറ്റു നോക്കിയിരുന്നു. " കോടതി ജിതിന് കുഞ്ഞിനെ വിട്ടു കൊടുത്താലോ.." അവളുടെ ചോദ്യം ഞാൻ ഓരോ നിമിഷവും എന്നോടു തന്നെ ചോദിക്കുന്നതാണ്. ഒരു ഉത്തരവും ലഭിക്കാത്ത ചോദ്യമാണത്. " എനിക്കറിയില്ല... ഒരു ഇരുട്ടു നിറഞ്ഞ ശൂന്യത മാത്രമേ മുമ്പിലുള്ളു. ജോലി കിട്ടുമായിരിക്കും.. പക്ഷേ, എന്തിന് ഞാൻ ജീവിക്കണം ആൻ... മറ്റൊരാളെയും എനിക്കു സ്നേഹിക്കാൻ കഴിയില്ല. കാരണം ജോയെ ഞാൻ ആത്മാർഥമായി സ്നേഹിച്ചു പോയി. നീയില്ലാതെ മറ്റൊരാളും എന്റെ ജീവിതത്തിലില്ല എന്നു ആയിരം വട്ടം ഞാൻ അവനോട് പറഞ്ഞിട്ടുണ്ട്... അതെന്റെ ഹൃദയത്തിൽ തട്ടി പറഞ്ഞതാണ്. പിന്നെ ഞാൻ ആർക്കു വേണ്ടി ജീവിക്കണം.... അല്ലെങ്കിൽ എന്തിന് ജീവിക്കണം...

എനിക്കറിയില്ല... ആരുമില്ലാതെ മരണം വരെ ജീവിക്കാനൊന്നും എനിക്കു കഴിയുമെന്ന് തോന്നുന്നില്ല ആൻ... എനിക്ക് എന്റേതായ ഒരാളുടെ സ്നേഹം വേണം.. ജോ അങ്ങനെ ഒരാളായിരുന്നു. ഇപ്പോ എന്റെ ബബ്ളു.. അവൻ അങ്ങനെ ഒരാളാണ്... ജോയെ നഷ്ടപ്പെട്ടു... ഇനി ബബ്ലുവിനെക്കൂടി..." പറഞ്ഞു വന്നപ്പോഴേക്കും ഞാൻ കരഞ്ഞു പോയി. "മരിക്കാൻ എനിക്കു പേടിയാ ആൻ... അല്ലെങ്കിൽ എപ്പോഴേ എന്റെ ശവം ഞാൻ ജിതിന് തിന്നാൻ ഇട്ടു കൊടുത്തേനേ....' " എന്റെ ഹൃദ്യേ... നീ എന്നോട് ക്ഷമിക്ക് " എന്ന് കരഞ്ഞു കൊണ്ട് ആൻ എന്നെ കെട്ടിപ്പിടിച്ചു. ഞങ്ങൾ രണ്ടു പേരും ആലിംഗനബദ്ധരായി കണ്ണുനീർ വാർത്തു. അപ്പോഴാണ് അമ്മച്ചി താഴേയ്ക്ക് വിളിച്ചത്. ആരോ ഹൃദ്യയെ കാണാൻ വന്നിട്ടുണ്ടത്രേ. " വാ... ഞാനും കൂടെ വരാം " എന്നു പറഞ്ഞ് ആൻ എന്നെയും കൂട്ടി ഹാളിലേക്ക് പോയി. അവിടെ എന്നെ കാത്തിരുന്ന ആളെ കണ്ട് ഞാൻ അത്ഭുതപ്പെട്ടു. ജോയുടെ മമ്മി. "മമ്മി." എന്നു ഞാനറിയാതെ വിളിച്ചു. മമ്മിയുടെ മുഖത്ത് തെളിച്ചമൊന്നും കണ്ടില്ല. എന്നെ ആകമാനം ഒന്നു നോക്കി.

പിന്നെ മുഖവുരയൊന്നും ഇല്ലാതെ എഴുന്നേറ്റ് അടുത്തേക്കു വന്നിട്ട് എന്തോ തീർച്ചപ്പെടുത്തിയ മട്ടിൽ എന്നെ നോക്കി. " ഹൃദ്യ ഇനിയെങ്കിലും എന്റെ ചെറുക്കനെ ഞങ്ങൾക്ക് വിട്ടു തന്നേക്കണം " ഒട്ടും പ്രതീക്ഷിക്കാതെയാണ് ജോയലിന്റെ മമ്മി അതു പറഞ്ഞത്. ഞാൻ ആകെ അമ്പരന്നു പോയി. നാണക്കേടു കൊണ്ട് എനിക്കു മിണ്ടാൻ കഴിഞ്ഞില്ല. ജോയലിന്റെ മമ്മിയുടെ മുഖത്തെ അരിശം കണ്ട് ഞാൻ സ്തബ്ധയായി നിന്നു. "വല്ല വീട്ടിലും പാത്രം കഴുകിയാ കൊച്ചിനെ ഞാൻ വളർത്തിയെടുത്തത്. അവനൊന്ന് കണ്ണു തെളിഞ്ഞാൽ ഞങ്ങളുടെ പ്രാരാബ്ധമെല്ലാം തീരുമെന്നോർത്തു. വയ്യാതെ കിടക്കുന്ന ചാച്ചനേയും ജെനിയെയും ഇവനേയും നോക്കാൻ ഞാൻ എത്ര ബുദ്ധിമുട്ടിയെന്ന് ആർക്കും മനസിലാവില്ല. ജോമോനെ എഞ്ചിനീയറിംഗ് പഠിപ്പിക്കാൻ എനിക്ക് കഴിവുണ്ടായിട്ടില്ല. അവന് കോയമ്പത്തൂരിലെ കമ്പനിയിൽ ജോലി കിട്ടിയതിൽ പിന്നെയാ എന്റെ കഷ്ടപ്പാട് കുറഞ്ഞത്. എന്റെ ചെറുക്കൻ നിന്റെ കെട്ടിയവന്റെ അടി കൊണ്ട് കിടന്നപ്പോൾ ആ ജോലിയും പോയി....

നിങ്ങള് തമ്മിൽ ഇപ്പോഴും വിളിയും പറച്ചിലും ഉണ്ടെന്ന് ഞാനറിഞ്ഞു.." മമ്മി എന്താണ് പറഞ്ഞു വരുന്നതെന്നറിയാതെ ഞാൻ വിരണ്ടു നിൽക്കുകയായിരുന്നു. " സ്വന്തം കൊച്ചിന്റെ അപ്പനെ ഉപേക്ഷിച്ചിട്ട് ജോമോനുമായി ബന്ധം വെക്കുന്നത് ശരിയാണോ മോളേ .. നിനക്ക് അയാളെ വേണ്ടായിരിക്കും. നീ പെറ്റ കുഞ്ഞും അയാളും തമ്മിലുള്ള ബന്ധം പിരിക്കാൻ നിനക്കു കഴിയുമോ? ആ കുഞ്ഞ് അപ്പന്റെ സ്നേഹം അറിയാതെ വളരുന്നത് ദൈവത്തിന് നിരക്കുന്ന കാര്യമാണോ? എല്ലാ കൂട്ടുകാർക്കും അപ്പനുണ്ടാകുമ്പോൾ അതിനു മാത്രം ഇല്ലെന്ന അവസ്ഥ ആ കുഞ്ഞ് എങ്ങനെ സഹിക്കും എന്ന് നീ ഓർത്തിട്ടുണ്ടോ? നിനക്കൊന്ന് ക്ഷമിക്കാമെങ്കിൽ ആ കുഞ്ഞിന് നല്ലൊരു ജീവിതം കിട്ടും.. നിന്റെ കുഞ്ഞിന് മാത്രമല്ല...എന്റെ കുഞ്ഞിനും.." " ജോയലിന്റെ മമ്മി എന്തിനാ അവളെ ഇറിറ്റേറ്റ് ചെയ്യുന്നത് " ? ആൻ ദേഷ്യപ്പെട്ടു. " ഞാൻ ആരെയും വിഷമിപ്പിക്കാൻ വന്നതല്ല. എന്റെ മോളെ പോലെ തന്നെയാ ഹൃദ്യയെ ഞാൻ കരുതിയത്.. അതുകൊണ്ട് പരിധി വിട്ട് എനിക്കൊന്നും പറയാനും വയ്യ... എന്നാലും ഇത് പറയാതിരിക്കാൻ വയ്യാതെ ആയി. ജോമോന് ലണ്ടനിൽ ഒരു ജോലി ശരിയായിട്ടുണ്ട്. ഞങ്ങളുടെ അവസ്ഥ കണ്ട് പള്ളീലച്ചൻ ഇടപെട്ട് ശരിയാക്കി തന്നതാണ്. മാസം രണ്ടുമൂന്നു ലക്ഷം ശമ്പളം കാണും.

പക്ഷേ അവൻ പോകുന്നില്ല.. എനിക്കറിയാം ഇവളെ ഇവിടെ ഇട്ടിട്ട് പോകാൻ ജോമോന് പറ്റത്തില്ല.. അതാണ് അവൻ പോകാതിരിക്കുന്നത്. മമ്മി നിർബന്ധിച്ചിട്ട് ഒരു കാര്യവും ഇല്ലെന്ന് കടുംപിടുത്തത്തിലാ അവൻ.." അവരുടെ കണ്ണു നിറഞ്ഞത് കണ്ട് ഞാൻ വല്ലാതായി. ". ഈ കൊച്ച് അവളുടെ കുഞ്ഞിനെയും കൊണ്ട് ഭർത്താവിന്റെ കൂടെ പോയാൽ എല്ലാ പ്രശ്നവും തീരും.. ജോമോൻ ഈ നാടു തന്നെ വിട്ടു പോയ്ക്കോളും. ഇവളിങ്ങനെ നിന്നാൽ അവനും ഇങ്ങനെ തന്നെ നിൽക്കും..ദയവു ചെയ്ത് ഞങ്ങളെ നന്നായി ജീവിക്കാൻ സമ്മതിക്കണം മോളേ.." മമ്മി എനിക്കു നേരെ കൈകൂപ്പി കരഞ്ഞു. ഞാൻ മിണ്ടാനാവാതെ നിന്നു . എന്റെ വാക്കുകൾ അവർ വിശ്വസിക്കാൻ തയാറല്ലായിരുന്നു. എന്റെ ജീവിതം അവർക്കു വേണ്ടി മാറ്റി എഴുതണമെന്നു മാത്രമാണ് മമ്മിയ്ക്ക് പറയാനുള്ളത്. "ജോയലിന്റെ മമ്മി തന്നെ മകനെ പറഞ്ഞു മനസിലാക്കി ലണ്ടനിലേക്കോ അമേരിക്കയിലേക്കോ വിടാൻ നോക്ക് .. നിങ്ങളുടെ മകൻ നിങ്ങളെ അനുസരിക്കാത്തതിന് ഹൃദ്യയാണോ ഉത്തരവാദി..

മേലിൽ ഇത്തരം ടോർച്ചറിംഗുമായി ഇങ്ങോട്ട് വന്നേക്കരുത്. നിങ്ങളൊക്കെ എന്ത് ടോക്സിക്ക് മനുഷ്യരാണ്.. ജീവിതം തകർന്ന് , മനസു തകർന്ന് വലപാടും ജീവിക്കാൻ ശ്രമിക്കുന്ന ഒരു പെണ്ണിനു നേരെ വൃത്തികെട്ട ആരോപണങ്ങളുമായി വരിക.. ഇതൊന്നും ഞാൻ അനുവദിക്കില്ല.. പറയാനുള്ളത് പറഞ്ഞു തീർന്നെങ്കിൽ മമ്മി പൊയ്ക്കോ.. ഇത്രയും സംസാരിക്കാൻ സമ്മതിച്ചതു തന്നെ ജോയലിന്റെ അമ്മയാണല്ലോ എന്ന കൺസിഡറേഷൻ കൊണ്ടാണ്. പക്ഷേ അത് ഹൃദ്യയെ കുത്തി നോവിക്കാനാണെങ്കിൽ അതൊന്നും ഇവിടെ നടക്കില്ല.... " ആൻ ഒച്ചയെടുത്തു. "ഇവൾ ഒരു വാക്കു പറഞ്ഞാൽ ജോമോൻ വിദേശത്ത് പൊയ്ക്കോളും " മമ്മി പിൻമാറാൻ മനസില്ലാതെ പുലമ്പി. " അവൾക്ക് മനസില്ല.. നീ വാ ഹൃദ്യേ..." എന്നു വഴക്കിട്ട് ആൻ എന്റെ കൈയ്യും പിടിച്ച് അവളുടെ റൂമിലേക്ക് പോയി. ജോയുടെ മമ്മി എപ്പോഴാണ് പോയത് എന്നറിയില്ല. പക്ഷേ അവരുടെ വരവ് എന്നെ തകർത്തു കളഞ്ഞു. ഞാൻ ജീവിച്ചിരിക്കുന്നത് എല്ലാവർക്കും ഭാരമാണ്.. സ്വയം അവസാനിച്ചിരുന്നുവെങ്കിൽ .... ഓരോരോ തോന്നലുകളിൽ ഉഴറി ഞാൻ കിടക്കയിൽ മുഖം അമർത്തി കിടന്നു കരഞ്ഞു. എന്റെ വിഷമം കണ്ടിട്ടാവണം ആന് ഭ്രാന്തു വന്നു. അവൾ ജോയലിനെ വിളിച്ച് എവിടെ വേണമെങ്കിലും പൊയ്ക്കോളാനും നിങ്ങളുടെ കുടുംബ പ്രശ്നത്തിൽ ഹൃദ്യയെ വലിച്ചിടരുതെന്നും പറഞ്ഞു. ജോയൽ പറയാൻ ശ്രമിച്ചതൊന്നും അവൾ കേൾക്കാൻ നിന്നില്ല. കോൾ കട്ടു ചെയ്തു.

ഒരു മണിക്കൂർ തികഞ്ഞില്ല , ജോയലിന്റെ ബൈക്ക് ആനിന്റെ വീടിനു മുമ്പിലെത്തി. അവൻ ആരുടെയും അനുവാദത്തിന് കാത്തു നിൽക്കാതെ ഞാനും ആനും ഇരുന്ന മുറിയിലേക്ക് കയറി വന്നു. "മമ്മി എന്തു പറഞ്ഞു "? വന്നപാടേ അവൻ ചോദിച്ചു. അവൻ വല്ലാതെ ക്ഷുഭിതനായിരുന്നു. ആൻ അവന്റെ അങ്ങനെ ഒരു ഭാവം കണ്ടിട്ടില്ലാത്തതിനാൽ തെല്ല് ഭയന്നു. ദേഷ്യം വന്നാൽ ഭ്രാന്തു വന്നതു മാതിരിയുള്ള അവന്റെ സ്വഭാവം അറിയാവുന്നതു കൊണ്ട് ഞാൻ മൗനം പാലിച്ചു. ആരും മിണ്ടാത്തത് കൊണ്ട് അവൻ എനിക്കു നേരെ വന്നു. "ഹൃദ്യേ.. മമ്മി നിന്നെ കുറ്റപ്പെടുത്തിയെങ്കിൽ മറുപടി ഞാൻ കൊടുത്തോളാം.. എന്നെ ഉപദേശിച്ചു നന്നാക്കാനുള്ള ഒരു അവകാശവും നിങ്ങൾക്കാർക്കും ഞാൻ തന്നിട്ടില്ല.." അവൻ മൗനിയായ എന്നെ നോക്കി നിരാശയോടെ നിന്നു. പിന്നെ സ്വയം ശാന്തത കൈവരിച്ചു. എന്നെ ആശ്വസിപ്പിക്കും മട്ടിൽ നോക്കി . "എന്തു തീരുമാനമെടുക്കണമെന്നും എങ്ങനെ ജീവിക്കണമെന്നും എനിക്കോ ഹൃദ്യയ്ക്കോ ആരും പറഞ്ഞു തരണമെന്നില്ല.. സ്വന്തം നിലപാടുകളിൽ ഉറച്ചു നിൽക്കുന്നവരെ ആർക്കും സ്വാധീനിക്കാനും കഴിയില്ല.

അങ്ങനെ ഉള്ളവർ അവർ ആഗ്രഹിച്ച ജീവിതം നയിക്കും. മറ്റുള്ളവരുടെ വാക്കു കേട്ട് അതിനൊപ്പം അങ്ങോട്ടും ഇങ്ങോട്ടും ചാടി നടക്കുന്നവർക്ക് നിന്നെ പോലെ ദുഃഖം തന്നെ പകരം കിട്ടും.." ഞാൻ നിറമിഴികളോടെ നിന്നു. "ഹൃദ്യയെ ഇനിയും വിഷമിപ്പിക്കരുതെന്നുള്ളത് കൊണ്ടു മാത്രം ഞാനൊരു വാക്കുതരുന്നു... മമ്മി പറഞ്ഞ ആ ജോലിയ്ക്ക് ഞാൻ പൊയ്ക്കോളാം... പോരേ... നാളെ പോകാൻ പറ്റുമെങ്കിൽ നാളെത്തന്നെ... അതിന്റെ പേരിൽ ഒരു ചീത്തപ്പേര് നിനക്കു വേണ്ട....." ജോയലിന്റെ വാക്കുകൾ കേട്ട് ഞാൻ ഏങ്ങലടിച്ചു കരഞ്ഞു. ജോയൽ നിശബ്ദനായി. പ്രാണസങ്കടത്തോടെ എന്നെയൊന്നു നോക്കി. എന്നിട്ട് തിരിഞ്ഞു നടന്നു. അവന്റെ ബൈക്ക് പുറത്തേക്ക് പോകുന്ന ശബ്ദം കേട്ട് എന്റെ ഹൃദയം പിടഞ്ഞു. എന്റെ ജോ പോകുകയാണ്.. അവന്റെ മാത്രം ഒരു ലോകത്തേക്ക് .. എനിക്ക് സഹിക്കാനായില്ല.. എങ്കിലും ജോ പറഞ്ഞതു പോലെ ആ പേരിൽ ഇനിയൊന്നും കേൾക്കാൻ വയ്യ. ജോയൽ എന്ന അധ്യായം എന്റെ ജീവിതത്തിൽ നിന്നും അടച്ചു വെക്കപ്പെടുകയാണ്.

ആ സംഭവത്തിന് ശേഷം ഒരുമാസം കൂടി കഴിഞ്ഞാണ് എന്റെ കേസിന്റെ ദിവസമെത്തിയത്. ബബ്ളുവിനെയും എടുത്ത് കോടതി മുറ്റത്തേക്ക് കാറിൽ നിന്നിറങ്ങിയപ്പോൾ എന്റെ കാലുകൾ വിറപൂണ്ടു ഇന്ന് എന്റെ ജീവിതം എന്തായി തീരുമെന്ന വിധി വരികയാണ്. ഞാനിത് നേരിട്ടേ മതിയാകൂ.. സ്വയം കരുത്തു പകരാൻ ശ്രമിച്ചെങ്കിലും ദേഹം വിറച്ചു. ആൻ ലീവെടുത്ത് എനിക്കൊപ്പം വന്നു. അമ്മച്ചിയും അപ്പച്ചനും വന്നില്ല. കുഞ്ഞിനെ നഷ്ടപ്പെട്ടാൽ അതു കാണാൻ അവർക്കു കാണാൻ വയ്യ എന്നു പറഞ്ഞു. ആനിനൊപ്പം ഞാൻ കോടതിയിലേക്കുള്ള ഇടുങ്ങിയ സ്റ്റെപ്പുകൾ കയറുമ്പോൾ ജിതിൻ പിന്നിൽ നിന്ന് ഹൃദ്യാ എന്നു വിളിച്ചു. ഞാൻ തിരിഞ്ഞു നോക്കിയപ്പോഴേക്കും അയാൾ എന്റെ അടുത്തെത്തി. "നീ തോറ്റു കഴിഞ്ഞു ഹൃദ്യാ... ഈ കേസ് ഇന്ന് വിധി പറയില്ല. കാരണം നിന്റെ കണ്ണുനീരിന് മുമ്പിൽ കോടതി അൽപ്പം കൂടി സമയം അനുവദിച്ചേക്കാം. വർഷങ്ങളോളം ഈ കേസ് ഞാൻ നീട്ടിക്കൊണ്ടു പോകും..നിന്റെ ജീവിതം കോടതിയും കേസുമായി വേസ്റ്റായിപ്പോകും..

ഒടുവിൽ കുഞ്ഞിനെ എനിക്കു തന്നെ കിട്ടും. അപ്പോഴേക്കും ചോരയും നീരും വറ്റി, യൗവ്വനവും പോയി നീയൊരു പാഴ്ജന്മമായി മാറിയിട്ടുണ്ടാകും. അല്ലാതെ നിന്നെ ഞാൻ ജീവിക്കാൻ വിടില്ല..പിന്നെ നിനക്കൊരു ഓപ്ഷനേ ഉള്ളു.. ജിതിൻ ....ഒടുവിൽ നിന്നെക്കൊണ്ട് ഞാൻ എനിക്ക് അനുകൂലമായി ചിന്തിപ്പിക്കുക തന്നെ ചെയ്യും" ജിതിൻ ചിരിച്ചു. "പോടാ ... നായേ..'' ആൻ അവനെ നേരിട്ടു. "എത്ര കൊല്ലം പോരാടിയാലും മോനെ ഞങ്ങൾ തന്നെ കൊണ്ടുപോകും " അവൾ ജ്വലിച്ചു കൊണ്ട് പറഞ്ഞു. " വാ.." ഞാൻ ആനിന്റെ കൈപിടിച്ചു. അന്ന് ആദ്യം തന്നെ കോടതി പരിഗണിച്ചത് എന്റെ കേസാണ്. "നിങ്ങൾ എന്തു തീരുമാനിച്ചു " ? ജഡ്ജി ഞങ്ങളോടായി തിരക്കി. "കുഞ്ഞിനെ വിട്ടു കിട്ടണം ....എന്നാൽ ഡിവോഴ്സിന് ഞാൻ തയാറാണ് ' . " ജിതിൻ പറഞ്ഞു. "ഹൃദ്യ എന്തു പറയുന്നു. കേസ് നീട്ടിക്കൊണ്ടുപോകാമെന്നല്ലാതെ ഹൃദ്യയ്ക്കെതിരേ സോളിഡ് എവിഡൻസുകൾ ഉള്ളതു കൊണ്ട് ഇഷാനെ ഹൃദ്യയ്ക്ക് കിട്ടാൻ തൊണ്ണൂറ്റഞ്ച് ശതമാനം ചാൻസില്ല. " എനിക്കു നേരെ നിയമം വിശദീകരിക്കപ്പെട്ടു.

"കുഞ്ഞിനെ അവന്റെ അച്ഛന് വിട്ടു കൊടുക്കാൻ ഞാൻ തയാറാണ് " ആ വാക്കുകൾ ഉച്ചരിച്ചപ്പോൾ എന്റെ ഹൃദയം വീണ്ടുകീറി. കണ്ണുനീർ ധാരധാരയായി ഒഴുകിയിറങ്ങി. പക്ഷേ എന്റെ വാക്കുകൾ ഉറച്ചിരുന്നു. അതിന്റെ ആഘാതമേറ്റ് ജിതിൻ ഞെട്ടിത്തരിച്ചു. അവിശ്വസനീയതയോടെ ജിതിൻ എന്നെ നോക്കി. " ജോലിയ്ക്കും മറ്റുമായി കുഞ്ഞിനെ അച്ഛനേയും ബന്ധുക്കളെയും ഏൽപ്പിച്ചു പോകുന്ന അമ്മമാരില്ലേ സർ.. ഞാൻ അങ്ങനെ വിചാരിച്ചോളാം.. കഴിഞ്ഞ രണ്ടു മാസം കൊണ്ട് എന്റെ മോനെ അവന്റെ അച്ഛന് വിട്ടു കൊടുക്കാൻ മാത്രം എന്റെ മനസ് ഉറച്ചു. കുഞ്ഞിനും അച്ഛനെ ഇഷ്ടം.. അമ്മയെ വേണമെന്നു തോന്നുമ്പോൾ അവൻ വരട്ടെ... അതാർക്കും തടയാനാവില്ലല്ലോ" " പറഞ്ഞു തീർന്നതും വലിയ ശബ്ദത്തിൽ ഞാൻ ആർത്തു കരഞ്ഞു പോയി. ജഡ്ജി പോലും പകച്ചിരുന്നു. പെട്ടന്ന് ഞാൻ സ്വയം നിയന്ത്രിച്ചു. കണ്ണുകൾ തുടച്ചു. " എന്റെ ജീവിതത്തിൽ നിന്ന് ഇയാളൊന്ന് ഒഴിഞ്ഞു പോയാൽ മതി സർ... ഇയാളെ കാണാൻ ഒരിക്കലും ഇടവരാതിരിക്കട്ടെ എനിക്ക് ... അതിനെന്റെ കുഞ്ഞിനെ ഇയാൾക്ക് വിട്ടു കൊടുക്കണമെങ്കിൽ അതിന് ഞാൻ തയാറാണ്.. ഇന്നുതന്നെ ഇയാളിൽ നിന്നെന്നെ വേർപെടുത്തി തരണം" കോടതി ഏതാനും നിമിഷത്തേക്ക് നിശബ്ദമായി.

"ജിതിൻ എന്തു പറയുന്നു.. ഇനി നിങ്ങൾക്ക് എന്തെങ്കിലും എതിരഭിപ്രായം ഉണ്ടോ ." ജിതിനു നേരെയും ചോദ്യമെത്തി. അയാൾ തല കുനിച്ചിരുന്നു. ഇങ്ങനെ ഒരു ക്ലൈമാക്സ് അയാൾ തീരെ പ്രതീക്ഷിച്ചില്ലെന്ന് തോന്നി. ഒടുവിൽ അയാൾക്ക് സമ്മതിക്കേണ്ടി വന്നു. "കുഞ്ഞിനെ വിട്ടു തന്നാൽ ഹൃദ്യയെ സ്വതന്ത്രമാക്കാൻ എനിക്ക് സമ്മതം..'' കോടതിയ്ക്ക് മുമ്പാകെ അതു മാറ്റി പറയാൻ അയാൾക്ക് നിർവാഹമില്ലായിരുന്നു. കോടതി നടപടികൾ പിന്നീട് വേഗത്തിൽ നടന്നു. കുഞ്ഞിനെ ജിതിന് വിട്ടു കൊടുക്കാനുള്ള വിധി നേരത്തെ തന്നെ എഴുതപ്പെട്ടിരുന്നു എന്ന് ഞാൻ ഊഹിച്ചിരുന്നു. എത്ര ബലം പിടിച്ചാലും കുഞ്ഞിനെ എനിക്കു കിട്ടുകയില്ലെന്നും എനിക്കു തീർച്ചയായിരുന്നു. നിസഹായതയുടെ അവസാന പടിയിൽ വെച്ചാണ് ഞാൻ ആ തീരുമാനത്തോട് യോജിച്ചത് . അനുകൂലിച്ചില്ലെങ്കിൽ പോലും കുഞ്ഞിനെ എന്നിൽ നിന്നും അയാൾക്കു തന്നെ പിടിച്ചു പറിച്ചു കൊടുത്തേനെ. ഞങ്ങൾ തമ്മിലുണ്ടാക്കിയ ഉടമ്പടി വായിച്ചു കേൾക്കപ്പെട്ടു. കുഞ്ഞിനെ കൈമാറാൻ കോടതി നിർദ്ദേശിച്ചു.

കുഞ്ഞ് ആനിന്റെ മാറിൽ മയങ്ങിക്കിടക്കുകയായിരുന്നു. കുഞ്ഞിനെ ഉണർത്താതെ ഞാൻ അവന്റെ നെറുകയിൽ ഉമ്മ വെച്ചു. പിന്നെ പതുക്കെ ആനിൽ നിന്നും അടർത്തിയെടുത്ത് എന്റെ ജീവനോളം ആഴത്തിൽ ചേർത്തു പുണർന്നു. ഒടുവിൽ ജിതിന്റെ നീട്ടിയ കൈകളിലേക്ക് കുഞ്ഞിനെ വെച്ചു കൊടുത്തു. ഞാൻ ജിതിനിൽ നിന്നും സ്വതന്ത്രയായിരിക്കുന്നു. പക്ഷേ സ്വതന്ത്ര്യം തേടി വന്നപ്പോഴേക്കും രാജ്യം കൈമോശം വന്നവളെ പോലെ ഞാൻ തകർന്നു നിന്നു. കോടതി മുറ്റത്തെത്തിയപ്പോൾ ജിതിൻ കുഞ്ഞുമായി അടുത്തേക്കു വന്നു. അയാൾ കുഞ്ഞിനെ എനിക്കു തരാൻ വരിയൊണെന്ന് എന്റെ മനസ് ആശിച്ചു. "മിടുക്കി.." അയാൾ അഭിനന്ദിച്ചു "ഞാനൊരിക്കലും പ്രതീക്ഷിക്കാത്ത ഒരു കരുനീക്കത്തിലൂടെ നീയെന്നെ വെട്ടിമാറ്റി.. ഇനി ജിതിൻ ഒരിക്കലും നിന്റെ പുറകേ വരില്ല.. അതെന്റെ വാക്ക് .. പക്ഷേ ഈ ജീവിതം മുഴുവൻ നീയീ കുഞ്ഞിനെ ഓർത്തു വെന്തു തീരും..അതെനിക്കറിയാം.. എന്നെ വേദനിപ്പിച്ചതിന്റെ ശിക്ഷ... ജയിച്ചത് ഞാൻ തന്നെയാണ് ഹൃദ്യ.." കുഞ്ഞിന് നേർക്ക് നോക്കാനാവാതെ മിഴികൾ താഴ്ത്തി ഞാൻ കാറിനു നേർക്ക് നടന്നു.

"മോളേ.." എന്നൊരു വിളി എന്റെ കാതിൽ വീണു. ജിതിന്റെ അമ്മ. അവർ അടുത്തു വന്നു. കരഞ്ഞു കരഞ്ഞ് വീങ്ങി ചുവന്നിരുന്നു അവരുടെ മുഖം. " ഹൃദ്യേ..നിന്റെ മോനെ ഞാൻ ജീവിച്ചിരിക്കുന്ന കാലം പൊന്നുപോലെ വളർത്തും. ഒരാളും ഒരു നുള്ള് പൂഴിമണ്ണു പോലും അവന്റെ നേർക്ക് വാരിയിടാൻ സമ്മതിക്കാതെ രാജകുമാരനെ പോലെ ഞാൻ അവനെ വളർത്തും. അവന്റെ അച്ഛൻ എന്തായിരുന്നു എന്നും അമ്മയുടെ കൈയ്യിൽ നിന്നും എങ്ങനെയാണ് അവനെ തട്ടിപ്പറിച്ചതെന്നും ഞാൻ പറഞ്ഞു കൊടുക്കും.' അവൻ നിന്നെ തിരഞ്ഞു വരും മോളേ..'' ഞാനൊന്നും മിണ്ടാതെ നിന്നു. മിണ്ടിപ്പോയാൽ ഒരു ഭ്രാന്തിയെ പോലെ അലറിക്കരയുമെന്ന് ഞാൻ ഭയന്നു. " അധിക നാളൊന്നും നിന്റെ കുഞ്ഞിനെ നീ പിരിഞ്ഞ് ഇരിക്കേണ്ടി വരില്ല മോളേ..നിന്നെ ജയിക്കാനുള്ള ഒരു ഉപകരണം ആണ് അവന് കുഞ്ഞ്. ആ വാശി തീരുമ്പോൾ അവന് കുഞ്ഞൊരു ബാധ്യതയാകും. അവൻ തന്നെ ഇവനെ നിനക്കു തന്നേക്കാൻ എന്നോട് പറയും.. എനിക്കത് ഉറപ്പാണ്. കാരണം ഞാൻ പെറ്റു വളർത്തിയതല്ലേ അവനെ .. എനിക്കറിയാം.."

" ആ ദിവസം വേഗം വരട്ടെ അമ്മേ.." എന്നു ഞാൻ എങ്ങനെയോ പറഞ്ഞൊപ്പിച്ചു. ആൻ വിളിച്ചതോടെ യാത്ര പറയാതെ തന്നെ ഞാൻ ചെന്നു കാറിൽ കയറി. "നീയെന്നെ വടക്കുന്നാഥന് മുന്നിൽ വിടേക്കാമോ..'' കാർ ചലിച്ചപ്പോൾ ഞാൻ അവളോട് ചോദിച്ചു. "എനിക്ക് ഈശ്വരന് മുന്നിൽ എല്ലാ സങ്കടങ്ങളും പറഞ്ഞൊന്ന് കരയണം.. ഇല്ലെങ്കിൽ എന്റെ ഹൃദയം പൊട്ടിപ്പോകും.." ആൻ എന്നെ സംശയത്തോടെ നോക്കി. "ജീവനോടെ തന്നെ ഞാൻ നിന്റെ അടുത്തേക്ക് വരും.. ഒരിക്കലും നിന്നെ പറഞ്ഞു പറ്റിക്കില്ല. " ഞാനവളുടെ കൈപിടിച്ച് സത്യം ചെയ്തു. ആൻ എന്നെ തേക്കിൽകാട് മൈതാനത്ത് ഇറക്കി. " നീ പൊയ്ക്കോളു... ഞാൻ വന്നേക്കാം.. വരും..എന്റെ വാക്കാണ്.." ഞാൻ പിന്നെയും ആണയിട്ടു. ആൻ എന്റെ കൈപിടിച്ച് അതിൻമേൽ ചുംബിച്ചു. പിന്നെ മിണ്ടാതെ കാറോടിച്ചു പോയി. ഞാൻ വടക്കുന്നാഥ ക്ഷേത്രത്തിനു നേരെ നടന്നു. അതിനിടെ മൊബൈലെടുത്ത് ജോയലിനെ വിളിച്ചു. അവൻ കോൾ എടുത്തു. " എന്നാണ് ലണ്ടനിലേക്ക് പോകുന്നത് " ? ഞാൻ ചോദിച്ചു. "ഇന്ന് രാത്രി..'' അവൻ പറഞ്ഞു.

" നേരത്തേ ചെല്ലണം ... എയർപോർട്ടിൽ റിപ്പോർട്ട് ചെയ്യണം ... ഞാൻ നെടുമ്പാശേരിയിലേക്ക് പോയ്ക്കൊണ്ടിരിക്കുകയാണ് " അവൻ പറഞ്ഞു. " പോയിട്ട് എന്നു വരും..'' ഞാൻ ചോദിച്ചു. "വരണമെന്നില്ല.. അവിടെ തന്നെ ശിഷ്ടകാലം കഴിയണം.. മമ്മി കല്യാണത്തിന് നിർബന്ധിച്ചാൽ ഏതെങ്കിലും മദാമ്മയെ കെട്ടണം.." അതു കേട്ട് എന്റെ കണ്ണുകൾ നിറഞ്ഞു തൂവി. "ജീവിതത്തിൽ ഞാൻ എപ്പോഴെങ്കിലും ഒറ്റപ്പെട്ടാൽ എന്റെ കൂടെ ഉണ്ടാകുമെന്ന് വാക്കു തന്നിരുന്നില്ലേ..." അഭിമാനം മറന്ന് ഞാൻ കേണു. "എന്റെ വാക്കൊന്നും ഒരിക്കലും മാറിയിട്ടില്ലല്ലോ.. നീയല്ലേ മറ്റുള്ളവരുടെ സന്തോഷത്തിനു വേണ്ടി എന്നെ ഉപേക്ഷിച്ചത്.." ആ ചോദ്യം എന്നെ പിന്നെയും തകർത്തു. "ശരി.. പോയിട്ട് വരൂ... അല്ല... സന്തോഷത്തോടെ ജീവിക്കൂ.." ഞാൻ കണ്ണീരോടെ ആശംസിച്ചു. "നീയൊന്നു നേരെ നോക്ക് ഹൃദ്യേ.." അവൻ പറഞ്ഞു. ഞാൻ നോക്കി.. കൽവിളക്കിന് അടുത്ത് മന്ദഹാസത്തോടെ നിൽക്കുന്നു .... " ജോ.." എന്ന് ഞാൻ വിസ്മയത്തോടെ ഉരുവിട്ടു. " നീ ഇങ്ങോട്ടു തന്നെ വരുമെന്ന് എനിക്കു തോന്നി...നിന്റെ സങ്കടമെല്ലാം പറഞ്ഞു തീർക്കാനുള്ള ആൾ ഇവിടെയാണല്ലോ...

അതുകൊണ്ട് നിന്നെയും കാത്തു നിന്നു..'' ജോ പറഞ്ഞു. എന്നെ കുറിച്ചൊന്നും അവൻ മറന്നിട്ടേയില്ല എന്ന് ഞാനോർമിച്ചു. " നിനക്കു സ്നേഹിക്കാൻ ഒന്നുകിൽ ബബ്ളു വേണം..അല്ലെങ്കിൽ ഞാൻ... എനിക്കതറിയാം..." ഞങ്ങൾ തമ്മിൽ അധികം ദൂരമില്ലെങ്കിലും ഫോണിൽ അവന്റെ ശബ്ദം കേട്ടു. " ബബ്ളു തിരിച്ചു വരും.. അന്നെന്നെ ഉപേക്ഷിക്കില്ലെങ്കിൽ നേരെ നടന്നു വാ... ഒരിക്കലും നിന്നെ ഞാൻ ഉപേക്ഷിക്കില്ല ഹൃദ്യേ.." എന്ന വാക്കുകൾ പൊള്ളുന്ന ഹൃദയത്തിന് മീതെ മഴ പോലെ പെയ്തു. കോൾ കട്ട് ചെയ്യാൻ പോലും മറന്ന് ഞാൻ അവനു നേരെ നടന്നു.. കണ്ണുകളിലാകെ നീർ നിറഞ്ഞ് അവന്റെ രൂപം എന്റെ മിഴികളിൽ നിന്നും ഒരു കാണാദൂരത്തിന് അപ്പുറമായി.. (അവസാനിച്ചു)

തുടക്കം മുതൽ ഹൃദ്യയോടും എന്നോടും ഒപ്പം സഞ്ചരിച്ച എല്ലാ കൂട്ടുകാർക്കും ഹൃദയംഗമായ നന്ദി. നിങ്ങളുടെ അഭിപ്രായങ്ങൾ വിശദമായി എഴുതുമെന്ന് പ്രതീക്ഷിക്കുന്നു. NB.. ഹൃദ്യ ഒരു സാങ്കൽപ്പിക കഥാപാത്രമല്ല..അവൾ എനിക്കറിയാവുന്ന ഒരു കുട്ടിയാണ്. അവൾ ഇപ്പോഴും താലി കെട്ടിയതിന്റെ പേരിൽ ഭർത്താവിനൊപ്പം ജീവിക്കാൻ നിർബന്ധിക്കപ്പെടുകയാണ്. 

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story