കാണാദൂരം : ഭാഗം 2

kanadhooram

രചന: ഷൈനി ജോൺ

ജിതിൻ പോയിക്കഴിഞ്ഞിട്ടും വീട്ടിലെ ആഹ്ളാദ ഭാവത്തിന് അൽപം പോലും മാറ്റമുണ്ടാകാത്തത് എന്നെ അതിശയിപ്പിച്ചു. അച്ഛനാണെങ്കിൽ വിരമിച്ച വകയിൽ ലഭിച്ച പണം കൊണ്ട് എന്തൊക്കെ ചെയ്യാം എന്ന കണക്കുകൂട്ടലിൽ മുഴുകിയിരിക്കുന്നു. ജിതിൻ എന്റെ അപേക്ഷ പരിഗണിക്കാതെ , അച്ഛനോട് അയാളുടെ ഇഷ്ടക്കേടൊന്നും അറിയിക്കാതെ പോയതിൽ എനിക്ക് ഭയം തോന്നിത്തുടങ്ങി. എങ്കിലും എന്റെ ഉള്ളിലെ പ്രതീക്ഷയ്ക്ക് മങ്ങലേറ്റിരുന്നില്ല. വീട്ടിൽ ചെന്നതിനു ശേഷം ഇങ്ങോട്ടേക്ക് വിളിച്ചു പറയാമെന്ന് ജിതിൻ വിചാരിച്ചിട്ടുണ്ടാവണം എന്ന് ഞാൻ കരുതി. അവർ പോയതിന് ശേഷം ഓരോ ഫോൺ കോളിലും ഞാനത് പ്രതീക്ഷിച്ചു. ഹൃദ്യയെ ഇഷ്ടമായില്ലെന്നോ, മറ്റെന്തെങ്കിലും കാരണം പറഞ്ഞോ ഈ വിവാഹാലോചന ജിതിൻ തെറ്റിപ്പിരിയ്ക്കും എന്നു ഞാൻ പ്രതീക്ഷയോടെ കാത്തിരുന്നു. റൂമിലിരിക്കാതെ ആ വാർത്തയ്ക്കു വേണ്ടി , അച്ഛനും അമ്മയ്ക്കും പിന്നാലെ ചുറ്റിത്തിരിയുകയായിരുന്നു ഞാൻ.

ദൃശ്യയും ദർശനയും എന്റെ പുറകേ നടന്ന് കളിയാക്കി കൊണ്ടിരുന്നു. ജോയലുമായുള്ള എന്റെ പ്രണയ ബന്ധത്തെ പറ്റി അവർക്കറിയാവുന്നത് കൊണ്ട് അവർ എന്നെ രഹസ്യമായി തേപ്പുകാരി എന്നും വിളിച്ചു. ജിതിൻ ചേട്ടന്റെ ഭംഗി കണ്ട് ഞാൻ മയങ്ങി പോയതാണത്രേ . അതാണ് ദൃശ്യയുടെ കണ്ടുപിടുത്തം. അതല്ല പണം കണ്ട് കണ്ണു മഞ്ഞളിച്ചു എന്ന് ദർശന. എന്തായാലും ഈ ബന്ധമാണ് ഹൃദ്യേച്ചിയ്ക്ക് ജീവിക്കാൻ നല്ലതെന്ന് അവർ അഭിപ്രായപ്പെട്ടു. അവരുടെ വാക്കുകളോരോന്നും എന്നെ മുറിപ്പെടുത്തിക്കൊണ്ടിരുന്നു. ശാന്തി ലഭിക്കാത്ത ഒരു ആത്മാവു പോലെ ഞാൻ അവർക്കു ചുറ്റും പരതി നടന്നു. ജോയൽ, ജോയൽ എന്ന ഒരൊറ്റ ബിന്ദുവിൽ കുരുങ്ങി എന്റെ ആത്മാവ് നിലവിളിച്ചു കൊണ്ടിരുന്നു. അതിനിടെ ജോയലിനെ പറ്റിയുള്ള അനിയത്തിമാരുടെ കുറ്റം പറച്ചിൽ എന്നെ ദേഷ്യം പിടിപ്പിക്കുകയും ചെയ്തു. എങ്കിലും അതു പ്രകടിപ്പിക്കാതെ ഉള്ളിലടക്കി . ജോയലിനെ അവർക്ക് ഇഷ്ടമാണെങ്കിലും അവന്റെ ചുറ്റുപാടുകളോട് പണ്ടേ അവർക്ക് പ്രിയം ഒട്ടുമില്ല.

ദർശന ആവട്ടെ പണ്ടുമുതലേ തന്റേതായ രീതിയിൽ അവളുടെ എതിർപ്പ് രേഖപ്പെടുത്തിയിട്ടുമുണ്ടായിരുന്നു. ഗതിയില്ലാത്ത വീട്ടിൽ ചെന്നു കയറി നരകിക്കണോ എന്ന് പ്രായോഗിക ബുദ്ധിയുടെ പേരിൽ അവൾ എത്രവട്ടം ചോദിച്ചിരിക്കുന്നു. എല്ലാ പരിഹാസ വാക്കുകളെയും അതിജീവിച്ച് ജിതിന്റെ വിളിയ്ക്കു വേണ്ടി കാതോർത്ത് ഞാൻ ചുറ്റിത്തിരിഞ്ഞു. എന്നെ കാണുമ്പോഴൊക്കെ അമ്മ ആനന്ദത്തോടെ പറഞ്ഞു കൊണ്ടിരുന്നു. "ജിതിന്റെ അമ്മയ്ക്ക് നിന്നെ വലിയ ഇഷ്ടമായ മട്ടാണ്. എന്തോരു മുടിയാണ് കുട്ടിയ്ക്ക് എന്ന് നൂറുവട്ടം അതിശയത്തോടെ പറയുന്നത് കേട്ടു. നിന്നെ പോലൊരു നാടൻ പെൺകുട്ടിയെ മരുമകളായി കിട്ടാനാണ് അവർ ആശിച്ചിരുന്നതത്രേ.. ഇപ്പോഴത്തെ അങ്ങുമിങ്ങും എത്താത്ത വേഷംകെട്ടും തല തെറിച്ച സ്വഭാവവും ഉള്ള പെൺകുട്ടികളെയൊന്നും അവർക്കും ജിതിനും ഇഷ്ടമേ ഇല്ലെന്ന് .. " ഞാൻ എല്ലാം വെറുതേ മൂളിക്കേട്ടിട്ട് അവസാന ശ്രമം എന്നോണം പറഞ്ഞു നോക്കി.. "അമ്മേ എനിക്ക് അയാളെ ഇഷ്ടമായില്ല. അയാളുടെ കണ്ണിലൊക്കെ എന്തോ ഒരു കള്ളത്തരം പോലെ..."

അമ്മ എന്നെ ഉറ്റു നോക്കി നിൽക്കുന്നതു കണ്ടപ്പോൾ പേടി തോന്നി. എന്റെ മനസിലിരുപ്പ് കൈയ്യിൽ വെച്ചാൽ മതിയെന്ന ഭാവം അമ്മയുടെ മുഖത്ത്. അതീവ ഗൗരവത്തോടെ അമ്മ തുറിച്ചു നോക്കി നിന്നു. എന്നിട്ട് വെറുപ്പു കലർന്ന ശബ്ദത്തിൽ പറഞ്ഞു "പലതും എന്റെ ചെവിയിലും എത്തിയിട്ടുണ്ട്. വേണ്ടാത്തതൊന്നും ചിന്തിക്കണ്ടാ... ഹൃദ്യേ.. നീ വെറുതേ അച്ഛനെ കൊല്ലാൻ നിൽക്കണ്ട''. അച്ഛനെ കൊല്ലാൻ നിൽക്കണ്ട എന്ന അമ്മയുടെ വാക്കുകൾക്ക് മരണത്തിന്റെ തണുപ്പായിരുന്നു. എന്റെ അസ്ഥികൾ വരെ ആ തണുപ്പിൽ ഉറഞ്ഞു . എന്താണ് പറയേണ്ടതെന്നറിയാതെ തറഞ്ഞു നിന്നു. സങ്കൽപ്പിച്ചതിൽ അധികം ഗൗരവത്തോടെയാണ് കാര്യങ്ങൾ മുന്നോട്ട് പോകുന്നത്. എല്ലാവരും തനിക്ക് മൂക്കു കയറിടുന്നത് ഒരൊറ്റ വാചകം കൊണ്ടാണ് "അച്ഛന്റെ ജീവൻ ഇനി നിന്റെ കൈയ്യിലാണ് ഹൃദ്യേ.." ഓരോ തവണ അതു കേൾക്കുമ്പോഴും ഹൃദയത്തിലാകെ ഒരു തരം ഭയം ഇഴഞ്ഞു. അനുനിമിഷം ഭാരം നിറഞ്ഞു.. ജിതിൻ ഒന്നു വിളിച്ചിരുന്നെങ്കിലെന്ന് പ്രാണൻ കേണു കൊണ്ടിരുന്നു. ഇടയ്ക്ക് ഞാൻ മുറിയിൽ പോയി ജോയെ വിളിച്ചു.

"ജിതിൻ ആള് ശരിയല്ലെന്ന് എനിക്കു തോന്നുന്നു ജോ''...എല്ലാം പറഞ്ഞു കേൾപ്പിച്ചപ്പോഴേക്കും ഞാൻ പൊട്ടിക്കരഞ്ഞു പോയി. സംഭവിച്ചതെല്ലാം കേട്ട് ജോയൽ ആശ്വസിപ്പിച്ചു. " മറ്റൊളുടെ കാമുകിയെ സ്വന്തമാക്കാൻ ഒരാളും ആഗ്രഹിക്കില്ല ഹൃദ്യേ.. പ്രത്യേകിച്ച് ഇക്കാലത്ത് ..ഇപ്പോഴത്തെ പ്രേമം എവിടെ വരെയൊക്കെ ചെന്നെത്തുമെന്ന് ആർക്കാണ് അറിയാത്തത്.. ജിതിൻ വിളിക്കും.. നീ സമാധാനമായിരിക്ക് " ജോയലിന്റെ വാക്കുകൾ ഉള്ള് തണുപ്പിച്ചില്ല. കാരണം ജിതിനെ നേരിൽ കണ്ടത് താനാണ്. മോഹത്തോടെ തന്നെ നോക്കിയ കണ്ണുകൾ.. അയാളുടെ ആ നിൽപ്പ് .. അയാളുടെ കണ്ണുകൾ തന്റെ ശരീര വടിവുകളിലൂടെ ഇഴയുന്നതു പോലെയായിരുന്നു തോന്നിയത്. എനിക്കൊരു പ്രണയമുണ്ടെന്ന് പറഞ്ഞപ്പോൾ വാശിയുടെ ഒരു തുടിപ്പ് അയാളിൽ കാണാമെന്ന് തോന്നി.. ഒന്നിനോടും ഒത്തുതീർപ്പിനില്ലെന്ന ഒരു തരം ഭാവം.. ചിരിയിലെ നിഗൂഢത.. അയാൾ വിളിച്ച് അച്ഛനോട് സമ്മതമല്ലെന്ന് അറിയിക്കുന്നത് വരെ ആ ഓർമകൾ മനസിന് സ്വസ്ഥത തരില്ലെന്ന് എനിക്കറിയാമായിരുന്നു.

ജോയലിനോടുള്ള സംഭാഷണം അവസാനിപ്പിച്ച് ഞാൻ വീണ്ടും ഹാളിലേക്ക് ചെല്ലുമ്പോൾ ദൃശ്യ പൂമുഖത്ത് നിലവിളക്ക് കൊളുത്തി പ്രാർത്ഥനയോടെ നിൽക്കുകയായിരുന്നു. കൃത്യം അതേ സമയത്താണ് ജിതിന്റെ അച്ഛൻ എന്റെ അച്ഛനെ വിളിച്ചത്. "എത്രയും വേഗം വിവാഹം നടത്താനാണ് അവർക്കും താത്പര്യമത്രേ.. നാളിതു വരെ ജിതിന് വേണ്ടി അൻപതിലധികം പെൺകുട്ടികളെ കണ്ടു.. ചിലതൊക്കെ ഇഷ്ടപ്പെട്ടെങ്കിലും നാളും ജാതകവും ഒന്നും ചേർന്നില്ല.. ചില പെൺകുട്ടികളെ ജിതിന് ഇഷ്ടപ്പെട്ടില്ല.. ചിലർക്ക് ജിതിനെ ഇഷ്ടപ്പെട്ടില്ല.. അതങ്ങനെ നീണ്ടു പോകുകയായിരുന്നു. സർക്കാർ ജോലി ഇല്ലാത്തത് കൊണ്ട് പലരും ഒഴിവാക്കുകയും ചെയ്തു. 25 വയസിൽ പെണ്ണു കാണൽ തുടങ്ങി.. ഇപ്പോൾ മുപ്പത്തിരണ്ട് വയസായി.. ഇനി പെണ്ണു കാണാനും കല്യാണത്തിനും നിന്നു തരില്ലെന്നും വിവാഹമേ വേണ്ടെന്നും ജിതിൻ തീരുമാനിച്ചിരുന്നു.. ഒരിക്കൽ കൂടി തങ്ങൾ നിർബന്ധിച്ചു കൊണ്ടു വന്നാണ് ഹൃദ്യയെ കാണിച്ചത്. ഒറ്റക്കാഴ്ചയിലേ അവന് പെൺകുട്ടിയെ ഇഷ്ടമായി..

ഇവളായിരുന്നല്ലോ മുൻ ജൻമത്തിലും തന്റെ ഭാര്യ എന്നു തോന്നിയത്രേ... കൊണ്ടു പോയ ജാതകം നോക്കിച്ചപ്പോഴാണെങ്കിൽ എട്ടു പൊരുത്തവുമുണ്ട്.. നടക്കുകയാണെങ്കിൽ ഇത്.. അല്ലെങ്കിൽ ഇനി വിവാഹമേ വേണ്ട എന്ന നിലപാടിലാണ് ജിതിൻ ....." അച്ഛൻ മൊബൈൽ ലൗഡ് സ്പീക്കറിലിട്ടതിനാൽ അദ്ദേഹം പറയുന്നത് എല്ലാവർക്കും കേൾക്കാമായിരുന്നു. ജിതിന്റെ തീരുമാനം കേട്ട് ഞാൻ ബോധം കെട്ടു വീണില്ല എന്നേയുള്ളു. അച്ഛന്റെ സമീപത്ത് നിന്ന ഞാൻ നിലയറ്റത് പോലെ സോഫയിലേക്ക് ഇരുന്നു പോയി. നിമിഷ നേരം കൊണ്ട് വിയർത്തു കുളിച്ചു. മുഖമാകെ വിവർണമായി.. "അയ്യേ ... ഹൃദ്യേച്ചിയ്ക്ക് നാണം " എന്ന് ദർശന വിളിച്ചു കൂവി. അമ്മ അടുത്തേക്ക് വന്നിട്ടു പറഞ്ഞു. "വിളക്കു കൊളുത്തിയ നേരമാണ് ശുഭവാർത്ത.. ഈ കല്യാണം നടന്നാൽ ഐശ്വര്യത്തോടെ ഇവൾക്ക് അവിടെ കഴിയാം.. നമുക്ക് അതല്ലേ വേണ്ടത്. " അച്ഛന്റെ മുഖത്താണ് നിലവിളക്ക് പ്രകാശിക്കുന്നതെന്ന് തോന്നി. അത്രയും ദീപ്തം.. "ഹൃദ്യയുടെ കല്യാണം വരെ ആയുസ് മതി...

അത്രയും അനുവദിച്ച് കിട്ടിയില്ലെങ്കിൽ മരിച്ചു പോയാലും എനിക്ക് സമാധാനം ഉണ്ടായെന്ന് വരില്ല.. ദൃശ്യ മോളെയും ദർശുവിനെയും നോക്കാൻ ഇവളും ജിതിനും ഉണ്ടല്ലോ.. അതും ഒരു സമാധാനം.. ഇനി മറ്റൊരു ആലോചനയും നോക്കി പോകണ്ടാ.. ഇതാണ് വിധിച്ചത്.. ഏതു നിമിഷവും മരണം അടുത്തുണ്ടെന്ന തോന്നലാണെനിക്ക് .. ശ്വാസം പോകും മുമ്പേ ഒരാളെങ്കിലും സുമംഗലിയായി കാണണം. അത് നാളെ എങ്കിൽ നാളെ ... " അച്ഛൻ എല്ലാം തീരുമാനിച്ചു കഴിഞ്ഞിരിക്കുന്നു. ഹൃദ്യേ .. നിനക്ക് ഇഷ്ടമാണോ ഈ വിവാഹം എന്ന് ഒരാളും ചോദിക്കുന്നില്ല.. ഇഷ്ടമെന്ന് തെറ്റിദ്ധരിച്ചിട്ടാണോ.. അതോ ഇഷ്ടവും ഇഷ്ടക്കേടും മുതിർന്നവർ തീരുമാനിക്കുമെന്ന ധാർഷ്ട്യമോ... അതുമല്ലെങ്കിൽ മരണാസന്നനായ ഒരാളുടെ അന്ത്യാഭിലാഷം സാധിപ്പിക്കാൻ തിരഞ്ഞെടുത്ത അഭിപ്രായങ്ങളില്ലാത്ത ഇരയാണോ താൻ... അത്തരം ചോദ്യങ്ങളോടെ അമ്മയെ നോക്കി നിന്നു. അർത്ഥം ഗ്രഹിച്ചതു പോലെ അമ്മ താക്കീത് നൽകി. "ഹൃദ്യേ...അച്ഛന്റെ തീരുമാനം..അതാണിപ്പോ മുഖ്യം.. നല്ലതല്ലാത്തതൊന്നും നിനക്കു വേണ്ടി അച്ഛൻ തിരഞ്ഞെടുക്കില്ല.."

അകം പുറം കത്തിയെരിഞ്ഞ് ഞാൻ ഉഴറി നടന്നു. കാര്യങ്ങൾ ശരവേഗത്തിലാണ് നടക്കുന്നത്. രാവിലെ അമ്മാവൻമാരും ചെറിയച്ഛൻമാരും മറ്റു ബന്ധുക്കളും എത്തി. വിവാഹ നിശ്ചയത്തിന് തീയതി തീരുമാനിച്ചു. രണ്ടാഴ്ചത്തെ സമയം മാത്രം. നിശ്ചകം കഴിഞ്ഞ് പിറ്റേ ആഴ്ച വിവാഹം. എല്ലാം തീരുമാനമായി. ദൂതൻമാർ ജിതിന്റെ വീട്ടിലേക്ക് പോയി. അവർക്കും സമ്മതം .. കല്യാണത്തിന്റെ ഒരുക്കങ്ങളിലേക്ക് വീട് കൂപ്പുകുത്തി വീഴുകയായിരുന്നു. പെയ്ന്റിംഗ് , മറ്റ് അനുബന്ധ മോടി പിടിപ്പിക്കലുകൾ, പർച്ചേസിംഗ് , സ്വർണമെടുക്കൽ എല്ലാം വേഗത്തിൽ നടന്നു. വിവാഹ നിശ്ചയത്തിന് നാലു ദിവസം ബാക്കിയുള്ളപ്പോഴാണ് ജോയൽ ലീവെടുത്ത് നാട്ടിലെത്തിയത്. ആ പാവത്തിന് കമ്പനി അപ്പോഴാണ് ലീവ് അനുവദിച്ചത്. " വിഷമിക്കരുത്.. ജിതിനെ ഞാനൊന്നു കണ്ടു നോക്കാം.. ഇല്ലെങ്കിൽ കഴുത്തിൽ താലി വീഴും മുമ്പ് നിന്നെ ഞാൻ കൊണ്ടു പോകും. നീ എന്റെ കൂടെ വന്നാൽ മതി" എന്ന് അവൻ ആശ്വസിപ്പിച്ചു. ബ്യൂട്ടി പാർലറിലേക്ക് എന്ന ഭാവത്തിൽ ജിതിനെ കാണാൻ ജോയലിനോടൊപ്പം ഞാനും പോയി.

ചാലക്കുടിയിൽ , ജിതിന്റെ മേടയിൽ ടൈൽസ് എന്ന സ്ഥാപനത്തിന് മുമ്പിൽ വെച്ചായിരുന്നു കൂടിക്കാഴ്ച . ജിതിൻ കാണാനായി ഞാൻ മന:പൂർവം ജോയലിന്റെ വലതു കൈയ്യിൽ മുറുകെ പിടിച്ചിരുന്നു. " ജിതിൻ ... ഞങ്ങളുടെ ബന്ധത്തെ പറ്റി തനിക്കൊന്നും അറിയാത്തതു കൊണ്ടാണ്.''' എന്ന് ജോയൽ സംസാരത്തിന് തുടക്കമിട്ടു.. ഒട്ടും സൗഹൃദപരമല്ലായിരുന്നു ജിതിന്റെ നിൽപ്പ്. അക്ഷോഭ്യനായി എന്നെയും ജോയലിനെയും നോക്കി കുറച്ചു നേരം അയാൾ നിന്നു. പിന്നെ ജോയലിനെ തടഞ്ഞു കൊണ്ട് പറഞ്ഞു. " നിങ്ങളുടെ ഒരു ബന്ധവും എനിക്കറിയേണ്ട ആവശ്യമില്ല.. നിങ്ങൾ പ്രണയത്തിലാണെന്ന് ഞാൻ വിശ്വസിക്കുന്നുമില്ല. ഹൃദ്യയ്ക്ക് ജോലി കിട്ടുന്നത് വരെ കല്യാണം നീട്ടി വെക്കണം.. അതിന് ഒരു കഥയും കഥാപാത്രത്തെയും ഇറക്കുമതി ചെയ്തു.. അങ്ങനെ കരുതിയാൽ പോരേ... അല്ലേ.." ? അയാളുടെ മുഖത്തെ പുച്ഛം കണ്ട് എനിക്ക് അന്ധമായ കോപം വന്നു. എല്ലാം വിളിച്ചു പറയാൻ തുനിയവേ കൈയ്യെടുത്ത് വിലക്കിയിട്ട് അയാൾ പറഞ്ഞു " ഹൃദ്യേ... നീയും ഞാനും തമ്മിൽ ഇപ്പോൾ ഒരു ബന്ധവും ഇല്ല..

അതുകൊണ്ട് ഹൃദ്യ എന്നെ ഒന്നും ബോധിപ്പിക്കണമെന്നില്ല. ഹൃദ്യയ്ക്ക് എന്തെങ്കിലും എതിർപ്പുണ്ടെങ്കിൽ അത് ഹൃദ്യയുടെ അച്ഛനോട് പറയൂ... ആദ്യം അതിനുള്ള ധൈര്യം കാണിക്ക് ..", അയാളുടെ വാക്കുകൾക്ക് മുമ്പിൽ ഞാൻ ഉരുകി തീർന്നത് പോലെ തോന്നി. ജോയലും പകച്ചു നിന്നു. ഞങ്ങളെ തീർത്തും അവഗണിച്ച് ഒരു വില്ലനെ പോലെ ജിതിൻ തിരിച്ചു നടന്നു പോയി. അയാൾ എല്ലാം കൃത്യമായ പ്ലാനിംഗോടെയാണ് നടപ്പിലാക്കുന്നത് എന്ന് ഞാൻ മനസിലാക്കുകയായിരുന്നു. അച്ഛന്റെ ഇപ്പോഴത്തെ അവസ്ഥയെ , എന്റെ നിസ്സഹായാവസ്ഥയെ മുതലെടുക്കുകയാണ് അയാൾ.. തിരിച്ചു വരുമ്പോൾ ഞങ്ങൾ നിശബ്ദരായിരുന്നു. വീട്ടിലേക്കള്ള ഇടവഴിയിൽ ജോയൽ ബൈക്ക് നിർത്തി. ഞാൻ അവനെ ചുറ്റിപ്പിടിച്ചിരിക്കുകയായിരുന്നു ഒരിക്കലും അവനിൽ നിന്നും വേർപെടരുതേ എന്നാശിച്ച് ഇരു കൈകളാലും അവനെ ചുറ്റിവരിഞ്ഞ് ദേഹമൊന്നാകെ അവന്റെ മീതെ ഞാൻ അമർത്തി വെച്ചിരുന്നു. "ഹൃദ്യേ.. ഇറങ്ങ് .. ആളുകൾ ശ്രദ്ധിക്കും " എന്ന് ജോയൽ പറഞ്ഞു.

ഞാൻ അവന്റെ പുറത്തു നിന്നും മുഖം അടർത്തിയപ്പോൾ കണ്ണീരിൽ കുതിർന്ന ഷർട്ട് അവന്റെ ദേഹത്ത് പറ്റിപ്പിടിച്ചിരുന്നു. "എനിക്കും നിന്നോട് പറയാൻ അതു തന്നെയാണ് ഉള്ളത്. നിന്റെ അച്ഛനോട് ഇനിയെങ്കിലും എല്ലാം തുറന്നു പറയ്..നിന്റെ അച്ഛനല്ലേ..നിന്നെ മനസിലാവില്ലേ.. എനിക്ക് പണവും സാമ്പത്തികവും കുറവായിരിക്കുo. പക്ഷേ അതെല്ലാം നിനക്കു വേണ്ടി നേടാൻ എനിക്കു കഴിയുമെന്ന് പറയ്.. ഇനി അതേയുള്ളു വഴി..നിന്റെ അതേ പ്രായം തന്നെയല്ലേ ഹൃദ്യേ എനിക്കുമുള്ളു... വിജയിക്കാൻ അൽപ്പം സമയം എനിക്കു തന്നാൽ മാത്രം മതി... അതിന് അവർക്ക് സമ്മതമില്ലെങ്കിൽ വിവാഹപന്തലിൽ വരെ ഞാൻ നിന്നെ പ്രതീക്ഷിക്കും ഹൃദ്യേ... വിവാഹ മണ്ഡപത്തിൽ നിന്ന് ഇറങ്ങി വന്നാലും എനിക്ക് ജീവനുണ്ടെങ്കിൽ ഞാൻ നിന്നെ സ്വീകരിക്കും.. ഇതല്ലാതെ ഞാനെന്തു പറയാനാണ് .. എന്നെ ചതിക്കരുത്.. നീയില്ലാതെ ഞാനെങ്ങനെ ജീവിക്കുമെന്ന് നിനക്ക് ഓർമ വേണം.." ജോയൽ അവന്റെ ഹൃദയ ഭാരം കൂടി എന്നിലേക്ക് തട്ടിക്കുടഞ്ഞിട്ട് ബൈക്ക് ഓടിച്ചു പോയി.

സ്ഥലകാല ബോധമില്ലാത്ത ഒരു ഭ്രാന്തിയെ പോലെയാണ് ഞാൻ വീട്ടിലെത്തിയത്. അച്ഛൻ പന്തൽ പണിക്കാർക്കു വേണ്ട നിർദേശങ്ങൾ കൊടുത്തു കൊണ്ട് മുറ്റത്തു തന്നെ ഉണ്ടായിരുന്നു. ജിതിനോടുള്ള വെറുപ്പും ജോയലിന്റെ അപേക്ഷയും കൂടി കൂടിക്കലർന്ന് എനിക്ക് അപ്പോൾ ഒരു വിപദി ധൈര്യം തോന്നി.. ജോയൽ പറഞ്ഞതു പോലെ എന്റെ അച്ഛനല്ലേ.. ഞാൻ പറഞ്ഞാൽ എന്റെ അച്ഛന് മനസിലാവില്ലെന്നുണ്ടോ.. ആ കൈപിടിച്ച് മുറ്റത്തെ മൂവാണ്ടൻ മാവിൻ ചുവട്ടിലേക്ക് മാറ്റി നിർത്തി. എന്നിട്ട് പൊട്ടിക്കരഞ്ഞു കൊണ്ട് ആ കൈപിടിച്ച് പറഞ്ഞു " അച്ഛാ..എന്നോട് ക്ഷമിക്കണം.. എനിക്ക് ഈ കല്യാണം വേണ്ട.." കരഞ്ഞു കൊണ്ട് ഞാൻ മുഖം പൊത്തി. "എനിക്കൊരാളെ ഇഷ്ടമാണ് അച്ഛാ.. ജീവിക്കാനാണെങ്കിലും മരിക്കാനാണെങ്കിലും എനിക്കവന്റെ കൂടെ മതി.." പറഞ്ഞു തീരും മുമ്പേ അമ്മയുടെ അലർച്ച കേട്ടാണ് ഞാൻ കണ്ണുകൾ തുറന്നത്. മുറ്റത്ത് വീണു കിടക്കുന്നു അച്ഛൻ.. എന്റെ ആദ്യത്തെ വാക്കുകൾ തന്നെ അച്ഛനെ വീഴ്ത്തിയിരിക്കുന്നു. നിശ്ചയ തിരക്ക് പ്രമാണിച്ച് കൂടിയ ബന്ധുക്കൾ അച്ഛനെ വാരിയെടുത്ത് ഹോസ്പിറ്റലിലേക്ക് കൊണ്ടുപോകുന്നത് കണ്ട് ഞാൻ വിറങ്ങലിച്ചു നിന്നു. " നീയെന്താടീ രാജേട്ടനോട് പറഞ്ഞത്.."

അമ്മ അടുത്തു വന്നു ചീറി. " അച്ഛനെന്തെങ്കിലും പറ്റിയാലുണ്ടല്ലോ ഞാനും എന്റെ രണ്ടു പെൺമക്കളും ആത്മഹത്യ ചെയ്യും. പിന്നെ നീ നിന്റെ ഇഷ്ടത്തിന് എന്താന്ന് വെച്ചാൽ ചെയ്തോ " അമ്മ ഭ്രാന്തിയെ പോലെ ഗേറ്റിന് നേർക്ക് പായുന്നത് കണ്ടു. ആരൊക്കെയോ അമ്മയെ തടുക്കുന്നു. അമ്മയുടെ വക ആത്മഹത്യാ ഭീഷണിയുമായി.. അതിലേറെ നോവിച്ചത് അച്ഛന്റെ അവസ്ഥയാണ്. അച്ഛന് എന്തെങ്കിലും പറ്റിപ്പോയാൽ അതിന് കാരണക്കാരിയായ താൻ എങ്ങനെയത് നേരിടും. അകത്തു ചെന്ന് ബെഡിൽ വീണ് വിങ്ങിവിങ്ങിക്കരഞ്ഞു. ഒരു മുഴം കയറിലോ ഷാളിലോ എല്ലാ ദുഃഖങ്ങളും ഇറക്കി വെക്കാൻ സാധിച്ചേക്കും. ജിതിനോടുള്ള പ്രതികാരവുമാകും..പക്ഷേ അതും അച്ഛനെ തകർക്കുകയേയുള്ളു. മണിക്കൂറുകൾ കഴിഞ്ഞു. ദൃശ്യയും ദർശനയും അരികിൽ വന്നപ്പോൾ ഞാൻ കിടന്ന കിടപ്പിൽ നിന്നും എഴുന്നേറ്റിരുന്നു. " അച്ഛനെ വീണ്ടും ഐസിയുവിലാക്കി. ഭാഗ്യത്തിന് രണ്ടാമത്തെ അറ്റാക്ക് ഉണ്ടായിട്ടില്ല..!" ദർശന പറഞ്ഞു. " അച്ഛനെ ഇല്ലാതാക്കാനാണോ ഹൃദ്യേച്ചിയുടെ ഭാവം.. അതോ അച്ഛനേക്കാൾ വലുതാണോ ഇന്നലെ കണ്ട കാമുകൻ .." ദൃശ്യ ദേഷ്യപ്പെട്ടു. ഓരോ ചോദ്യങ്ങളും എന്റെ ഹൃദയത്തിൽ തന്നെ തറച്ചു. എല്ലാവരും എന്നെ കൊത്തിപ്പറിക്കുന്നു..

എന്നെ മനസിലാക്കാൻ മാത്രം ആരുമില്ല..ഞാനോ..എല്ലാവർക്കും വേണ്ടി മുൾക്കുരിശ് ചുമക്കാൻ നിർബന്ധിക്കപ്പെട്ടിരിക്കുന്നു.. ആ അവസ്ഥ എനിക്ക് അംഗീകരിക്കാനാകുന്നില്ല. എന്റെ ജീവിതം എങ്ങനെ വേണമെന്ന് കൃത്യമായി ഞാൻ ഡിസൈൻ ചെയ്തിരുന്നു. അത് ആർക്കൊപ്പം ആയിരിക്കണമെന്നും... കൂട്ടിയും കുറച്ചും ഗുണിച്ചും ഹരിച്ചും ഞാൻ സൃഷ്ടിച്ച ആ ചട്ടക്കൂടുകൾ ആരോ പൊളിച്ചടുക്കി കഴിഞ്ഞു. ഇപ്പോൾ കണക്കുകൂട്ടലുകൾ പിഴച്ച് പതറി നിൽക്കുകയാണ് ഞാൻ . എന്റെ ജീവിതത്തിന് മേൽ എനിക്ക് യാതൊരു അവകാശവും ഇല്ലാതായിരിക്കുന്നു. ഞാൻ എവിടെ, എങ്ങനെ ജീവിക്കണമെന്ന് മറ്റാരൊക്കെയോ വിധിയെഴുതുന്നു... ആർക്കൊപ്പം കിടക്ക പങ്കിടണമെന്നു പോലും.. അവർ കണ്ടെത്തിയ ആളെ എനിക്കു ഇഷ്ടമായോ എന്നതിന് പ്രസക്തിയില്ല. അയാളെ എനിക്ക് സ്നേഹിക്കാൻ കഴിയുമോ എന്നാർക്കും അറിയുകയും വേണ്ട.. അയാൾക്കൊപ്പം എന്റെ ശരീരം പങ്കുവെക്കാൻ ഞാൻ തയാറാണോ എന്ന് ആരും ചിന്തിക്കുന്നത് പോലുമില്ല. അച്ഛന്റെ ആഗ്രഹം എന്ന കടമ്പയിൽ തട്ടി എന്റെ ജീവിതം ചിതറി വീഴുന്നത് എനിക്കു കാണാൻ കഴിയുന്നുണ്ട്... ജനിപ്പിച്ച ആളോട്, വളർത്തിയ മനുഷ്യനോട് നന്ദി കാണിക്കേണ്ട വെറും വളർത്തുനായയെ പോലെ ഞാൻ വാലാട്ടി നിൽക്കേണ്ടിയിരിക്കുന്നു.

അച്ഛന്റെ ജീവൻ എന്ന ഭാരിച്ച ഉത്തരവാദിത്തം ഇപ്പോൾ എന്റെ നെറുകയിലാണ്.. ജീവനെടുക്കാനും കൊടുക്കാനും കഴിയുന്ന അതി മാനുഷിക ശക്തിയാണ് ഞാൻ.. എനിക്ക് മനുഷ്യഗുണങ്ങൾ പാടില്ല.. സ്വന്തമായ ആദർശങ്ങളോ, ആഗ്രഹങ്ങളോ പാടില്ല.. അനുസരണ മാത്രം പ്രതീക്ഷിച്ച് ഉടമസ്ഥർ വടിയെടുക്കുമ്പോൾ ഓടിക്കയറേണ്ടത് വിവാഹ വേദിയിലേക്കാണ്. കഴുത്തു നീട്ടേണ്ടത് താലി എന്ന ചങ്ങലയ്ക്കു വേണ്ടിയും.. ദുഃഖവും അമർഷവും എന്നെ വലയം ചെയ്തു. വിവാഹ നിശ്ചയം നടക്കുന്നത് വരെ ദൃശ്യയും ദർശനയും ഉൾപ്പെടുന്ന കാലാൾപ്പടയുടെ തടവിലായിരുന്നു ഞാൻ എന്നു തന്നെ പറയാം. നിശ്ചയത്തിന്റെ തലേ ദിവസമാണ് അച്ഛൻ ആശുപത്രിയിൽ നിന്നും തിരിച്ചു വന്നത്. അച്ഛൻ പഴയതു പോലെ എന്നെ അഭിമുഖീകരിച്ചില്ല. എന്നോട് പിണങ്ങിയതു കൊണ്ടാവാം അടുത്തേക്ക് വരികയോ വിളിക്കുകയോ ചെയ്തില്ല. അച്ഛനെ എന്നല്ല, ആരെയും ശ്രദ്ധിക്കാനോ , അവർക്കു വേണ്ടി അഭിനയിക്കാനോ കഴിയാത്ത ഒരു മാനസികാവസ്ഥയിലായിരുന്നു ഞാൻ.. സദാസമയവും കിടപ്പിൽ തന്നെയായിരുന്നു.

ജോയലിന്റെ വാക്കുകൾ മാത്രമായിരുന്നു ആശ്രയം. വിവാഹ മണ്ഡപത്തിൽ നിന്നു പോലും നിനക്ക് ഇറങ്ങി വരാം എന്ന വാക്ക്.. അച്ഛന്റെ അസുഖം പ്രമാണിച്ച് ലളിതമായിട്ടായിരുന്നു വിവാഹ നിശ്ചയം നടത്തിയത്. ചന്ദന നിറമുള്ള ജൂബയും മുണ്ടും ധരിച്ചെത്തിയ ജിതിനെ കണ്ടാൽ സിനിമാ നടനെ പോലെയുണ്ടെന്ന് കല്യാണ വീട്ടിലാകെ ഒരു സംസാരം പടർന്നു. ചന്ദന നിറത്തിൽ അരികിൽ ചുവന്ന ബോർഡറുള്ള കാഞ്ചീപുരം പട്ടുസാരിയായിരുന്നു എനിക്കു വേണ്ടി വാങ്ങിയത്. ധരിക്കാനുള്ള ആഭരണങ്ങൾ ജിതിന്റെ വീട്ടുകാർ കൊണ്ടുവന്നു എന്ന ഒരു അശരീരി ഞാനും കേട്ടു. അമ്പതു പവൻ സ്വർണം എനിക്കു വേണ്ടി മാത്രം കൊണ്ടുവന്നുവത്ര .. പോരാഞ്ഞിട്ട് ദൃശ്യയ്ക്കും ദർശനയ്ക്കും അഞ്ചു പവൻ വീതം ആഭരണങ്ങൾ . അമ്മയ്ക്ക് അഞ്ചു പവന്റെ മാല.. അച്ഛന് മാലയും മോതിരവും.. എല്ലാം കൂടി എഴുപത്തഞ്ച് പവൻ വരും..അത്രയും സ്വർണത്തിന് ഈ തീപിടിച്ച വിലയുള്ള കാലത്ത് എത്ര ലക്ഷം വേണ്ടി വന്നു കാണുമെന്ന് സ്ത്രീകൾക്കിടയിൽ ചർച്ച നടന്നു. ബ്യൂട്ടീഷൻ എന്റെ കഴുത്തിൽ വീതിയും ഇറക്കവും ഉള്ള കൊത്തുപണി ചെയ്ത ഒരു മാലയും ചുവന്ന കല്ലുവെച്ച പാലയ്ക്കാ നെക്ലേസും അണിയിച്ചു. സാരിയ്ക്ക് ചേരും വിധം മുടിയിൽ ചുവന്ന റോസാപ്പൂക്കളും മുല്ലപൂക്കളും ചുറ്റി അലങ്കരിച്ചു.

ഒരുങ്ങി വേദിയിലേക്ക് വന്നപ്പോൾ ജിതിന്റെ വധു സുന്ദരിയാണല്ലോ എന്ന് അയാളുടെ ബന്ധുക്കൾക്കിടയിൽ നിന്നും ചില അടക്കി പറച്ചിലുകൾ ഞാനും കേട്ടു. അസൂയ നോട്ടങ്ങളും എന്റെ നേരെ നീളുന്നുണ്ടെന്ന് ഞാനറിഞ്ഞു. ചടങ്ങുകൾ ഓരോന്നായി തീർന്നു.. ജിതിൻ എന്റെ വിരലിൽ മോതിരം അണിയിച്ചു. ഞാൻ തിരിച്ചും. വിവാഹ നിശ്ചയം കഴിഞ്ഞു.. തീയതി ഉറപ്പിച്ചു. ഏഴാം ദിവസം വിവാഹം .. സദ്യ കഴിഞ്ഞപ്പോൾ ഫോട്ടോഗ്രാഫർ വന്നു ക്ഷണിച്ചു , സേവ് ദ ഡേറ്റിന് ഫോട്ടോ എടുക്കണം. പുള്ളിലെ പാടത്ത് പോകാം എന്നായി എല്ലാവരും. കുട്ടവഞ്ചിയിൽ കയറാം.. നല്ല ഫോട്ടോസും വീഡിയോയും കിട്ടും. വെള്ളം മൂടിക്കിടക്കുന്ന പാടശേഖരത്തിലൂടെ പ്രകൃതി ഭംഗിയിൽ മുങ്ങി ജിതിനൊടൊപ്പം പല ആംഗിളുകളിലുള്ള ഫോട്ടോസ് എടുക്കാം. ഫോട്ടോ ഷൂട്ടിനിടയിൽ ജിതിൻ അധികാരത്തോടെ കൈ പിടിച്ചപ്പോഴൊക്കെയും അമർഷത്തോടെ ഞാൻ ആ കൈകൾ കുടഞ്ഞെറിഞ്ഞു കളഞ്ഞു. ഫോട്ടോഗ്രാഫറും സഹായികളും ഞങ്ങളെ സംശയത്തോടെ നോക്കുന്നുണ്ടായിരുന്നു..

ചിരിക്കാൻ പറഞ്ഞിട്ട് ഞാൻ ചിരിച്ചില്ല.. ഓടി വരാനും കെട്ടിപ്പിടിക്കാനും പറഞ്ഞിട്ട് അനുസരിച്ചുമില്ല.. ഇളംനീല വസ്ത്രങ്ങൾ അണിഞ്ഞ് നിറചിരിയോടെ നിൽക്കുന്ന ജിതിന് അരികെ ഇളം നീല ലാച്ചയും ആഭരണങ്ങളും അണിഞ്ഞ ഞാൻ മൂടിക്കെട്ടി നിൽക്കുന്ന ഫോട്ടോസ് ആയിരുന്നു എല്ലാം. ചിരിയുടെ ഒരു ലാഞ്ചന പോലും എന്റെ മുഖത്ത് ഉണ്ടായിരുന്നില്ല.എന്നിട്ടും ജിതിൻ ആ ഫോട്ടോകൾ നോക്കി വളരെ നന്നായിട്ടുണ്ട് എന്നാണ് അഭിപ്രായം പറഞ്ഞത്. ക്ഷണക്കത്തിലും ആ ഫോട്ടോകളിൽ ഒന്ന് ചേർത്തിരുന്നു. പ്രണയ നഷ്ടം സംഭവിച്ച ഒരുവളുടെ മരവിച്ച മുഖവുമായി ഞാനും ഞാനെന്ന ലോകം കീഴടക്കിയ മട്ടിൽ ചിരിച്ചു തകർത്തു നിൽക്കുന്ന ജിതിനും.. വല്ലാത്തൊരു വൈരുധ്യം ആ ഫോട്ടോയിൽ തന്നെ മുഴച്ചു നിന്നിരുന്നു. വിവാഹ നിശ്ചയം കഴിഞ്ഞ അന്നു രാത്രി എന്റെ മൊബൈൽ കാണാതായി. ലാപ്ടോപ്പിന് ഞാനറിയാത്ത പാസ്വേഡ്. ലാൻഡ്ഫോൺ പണിമുടക്കിലായി. വീട്ടിൽ ആരുടെയും മൊബൈലുകൾ കാണാനില്ല. എന്തിന് മുറിയ്ക്ക് അകത്തായിരുന്നപ്പോഴും പുറത്തുകടക്കുമ്പോഴും എന്നെ അനുഗമിക്കാനും ആളുകൾ കൂടെയുണ്ടായിരുന്നു. അക്ഷരാർത്ഥത്തിൽ വീട്ടുതടങ്കലിൽ ആണെന്ന സ്ഥിതി. സഹിക്കാതെ അമ്മയോട് പൊട്ടിത്തെറിച്ചു പോയി. "

അച്ഛന് ഒന്നും സംഭവിക്കരുതെന്ന് വിചാരിച്ചിട്ടാ..നിന്നെ പോലെ കുടുംബ സ്നേഹമില്ലാത്ത ഒന്നിനെ ഞാൻ പെറ്റു പോയില്ലേ.." എന്ന് അമ്മ എന്റെ എല്ലാ പരാതികളെയും നിസാരവത്ക്കരിച്ചു കളഞ്ഞു. വിവാഹത്തിന്റെ അന്നു രാവിലെ ബ്യൂട്ടീഷൻമാർ എന്നെ ഒരുക്കുന്നതിനിടയിലാണ് തന്ത്രപൂർവം അതിലൊരാളുടെ ഫോൺ വാങ്ങി എനിക്കു ജോയലിനെ വിളിക്കാൻ കഴിഞ്ഞത്. " നീയെന്നെ തേച്ചു..അല്ലേടീ.." എന്ന് ജോയലിന്റെ കരച്ചിൽപുരണ്ട അലർച്ച കേട്ട് ഞാനും കരഞ്ഞു പോയി. " ഇതു വരെ ഇല്ല.." എന്നു ഞാൻ മറുപടി നൽകി. "പക്ഷേ.. രക്ഷപെടാൻ കഴിയുമോ എന്നെനിക്കറിയില്ല.." കരഞ്ഞു കൊണ്ട് ഞാൻ അറിയിച്ചു. " ഞാൻ കല്യാണ മണ്ഡപത്തിൽ ഉണ്ടാവും. അവസാന നിമിഷം വരെ നിന്നെ പ്രതീക്ഷിക്കും.." നിരാശയും വികാര വിക്ഷോഭവും ഒന്നടങ്ങിയപ്പോൾ ജോയൽ പറഞ്ഞു. എന്റെ ജീവിതം ആർക്കുവേണ്ടിയും ബലി കൊടുക്കാനില്ല എന്നു തന്നെയായിരുന്നു അപ്പോഴും എന്റെ ചിന്ത.. ജീവിത പങ്കാളിയായി ജോയലിനെ അല്ലാതെ മറ്റാരെയും എനിക്ക് സങ്കൽപ്പിക്കാൻ വയ്യ..

എന്നെ കൊണ്ട് ഈ കടുംകൈ ചെയ്യിപ്പിക്കുന്നത് എന്റെ കുടുംബം തന്നെയാണ്. അതിന്റെ എല്ലാ തിരിച്ചടികളും അവർ അനുഭവിക്കട്ടെ.. വിവാഹ ചടങ്ങുകൾ ആരംഭിച്ചു. പൂജാരി ഓരോന്നും പറഞ്ഞു തന്നു. അത് അനുസരിക്കുകയല്ലാതെ നിവൃത്തിയില്ലായിരുന്നു. താമരമാലകൾ പരസ്പരം അണിയിച്ച് മണ്ഡപത്തിൽ അടുത്തടുത്തിരിക്കുമ്പോഴും കണ്ണുകൾ തിരഞ്ഞത് ജോയലിനെയാണ്. ഒടുവിൽ കണ്ടു. പന്തലിന്റെ ഒരറ്റത്ത് ആരുടെയും ശ്രദ്ധയിൽ പെടാതെ നിൽക്കുന്നു..എന്റെ ശ്രദ്ധ പതിയുന്ന വിധം.. താലി ചാർത്തിക്കൊള്ളു എന്ന പൂജാരിയുടെ നിർദ്ദേശം ഞാൻ കേട്ടു.. ജിതിൻ മഞ്ഞ ചരടിൽ കോർത്ത താലി എന്റെ മുഖത്തിന് നേർക്കു കൊണ്ടുവന്നു. ഞങ്ങളുടെ നോട്ടങ്ങൾ ഇടകലർന്നു എന്റെ കണ്ണിൽ നിന്നും അഗ്നി ആളിയിരിക്കണം.. ജിതിന്റെ കൈ വിറച്ചു. കഴുത്തിനു നേരെ ഉയർന്ന താലി ഞാൻ കണ്ടു. ദൂരെ ഹൃദയം പറിഞ്ഞു നിൽക്കുന്ന ജോയലിനെയും കണ്ടു. അറിയാതെ കൈയ്യുയർത്തി ഞാൻ താലി ഉയർത്തി പിടിച്ച ജിതിന്റെ കൈ തടഞ്ഞു.....തുടരും....

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story