കാണാദൂരം : ഭാഗം 3

kanadhooram

രചന: ഷൈനി ജോൺ

അയാളുടെ കൈയ്യിൽ നിന്നും താലി തട്ടിക്കളയാൻ കൈ നീട്ടിയപ്പോഴാണ് എനിക്കു നേരെ മുമ്പിലെന്നോണം പ്രാർത്ഥനകളുമായി നിൽക്കുന്ന അച്ഛനിൽ കണ്ണുടക്കിയത്. ആ നിമിഷം ഞാൻ വല്ലാത്തൊരു മാനസികാവസ്ഥയിലേക്ക് ഊർന്നു പോയി. ജോയലിനെ നേടുക എന്നാൽ അച്ഛനെ നഷ്ടപ്പെടുത്തുക എന്നായിരിക്കുമോ അർത്ഥം. അച്ഛനെ ഇല്ലാതാക്കിയിട്ട് എനിക്ക് ഇഷ്ടപ്പെട്ട ഒരു ജീവിതം നേടിയാൽ ആ കുറ്റബോധം എന്നെ മരണം വരെ വേട്ടയാടുമെന്ന് തീർച്ച കൈ തടഞ്ഞതോടെ ജിതിന്റെ കണ്ണുകളിലെ നടുക്കം ഞാൻ കണ്ടു. പരാജയ ഭീതി.. അതെന്നെ ലഹരി പിടിപ്പിച്ചു. പൂജാരി മാത്രമല്ല കാണികളും ശ്രദ്ധിക്കാൻ തുടങ്ങിയിരുന്നു. കളി മാറുകയാണ്. ജയിച്ചു എന്ന അഹങ്കാരത്തോടെ താലിയുമായി ഇരിക്കുന്ന ജിതിന്റെ മുഖത്തടിച്ചതു പോലെ എഴുന്നേറ്റു പോകണം.. അതേ നിമിഷം മനസു പതറി. അയാൾ വെറുതെ വിടില്ല.. അച്ഛൻ ഈ സന്ദർഭത്തെ അതിജീവിച്ചാൽ പോലും നഷ്ടപരിഹാരമെന്ന് പറഞ്ഞ് തന്നെ തോൽപിക്കാൻ എന്തും ചെയ്തു കളയും.

ലക്ഷങ്ങൾ ആവശ്യപ്പെടും. കല്യാണ ആവശ്യത്തിന് ഇത്രയേറെ പണം മുടക്കിയ അച്ഛൻ നഷ്ടപരിഹാരത്തിന്റെ പേരിൽ എന്തെടുത്ത് കൊടുക്കും.. കണ്ണുകളിലെ അഗ്നി കെടുത്തിക്കൊണ്ട് മിഴിനീർ നിറഞ്ഞു. അബദ്ധം സംഭവിച്ചതു പോലെ കൈ പിൻവലിച്ചു പോയി. ഒരു മരപ്രതിമയെ തള്ളി നീക്കുന്നത് പോലെ ആരോ എന്റെ കഴുത്ത് മുന്നോട്ട് തട്ടി വളച്ചു. ജിതിൻ വിജിഗീഷുവിനെ പോലെ താലി കെട്ടി. നിറയുന്ന കണ്ണുമായി ഞാൻ കാണുകയായിരുന്നു. കാത്തു നിന്ന ജോയലിന്റെ മുഖത്തെ അവിശ്വസനീയത.. കൊടുങ്കാറ്റിൽ ഉലഞ്ഞതു പോലെ അൽപ്പനേരം നിന്നിട്ട് അവൻ പിന്തിരിഞ്ഞു നടന്നു പോകുന്നത് കണ്ടു. കണ്ണുനീർ എന്റെ കവിളിലൂടെ ഒഴുകി. സുമംഗലി ആയതിന്റെ ആനന്ദക്കണ്ണീരെന്ന് ആരൊക്കെയോ വിലയിരുത്തുന്നത് കേട്ടു. പൂജാരിയുടെ നിർദ്ദേശപ്രകാരം ജിതിൻ എന്റെ സീമന്തരേഖയിൽ കുങ്കുമം ചാർത്തി. പാണീ ഗ്രഹണം നടത്തി അഗ്നിയ്ക്ക് വലം വെച്ചു. ജീവനുള്ള ഒരു പാവ മാത്രമായിരുന്നു ഞാൻ അപ്പോൾ.

എന്റെ അവസാനത്തെ അവസരവും തട്ടിനീക്കപ്പെട്ടിരിക്കുന്നു. നുരയുന്ന വെറുപ്പോടെ മാത്രം എനിക്ക് ഓർക്കാൻ കഴിയുന്ന ഒരുത്തന്റെ ഭാര്യയായിരിക്കുന്നു.. എന്റെ ജീവിതം എനിക്കു നഷ്ടപ്പെട്ടു പോയി. പിന്നെ നടന്നതെല്ലാം ഒരു സ്വപ്നം പോലെയാണ് തോന്നിയത്. ലാവൻഡർ നിറമുള്ള കല്യാണസാരി മാറ്റി ആരൊക്കെയോ ചേർന്ന് ജിതിൻ പുടവ തന്ന ഇളം റോസ് പട്ടുസാരി ഉടുപ്പിച്ചു. അയാൾക്കൊപ്പം സദ്യ കഴിക്കാനിരുന്നതും വേദിയിൽ ഫോട്ടോ ഷൂട്ടിന് നിന്നു കൊടുത്തതുമെല്ലാം അബോധത്തിൽ മാത്രം സംഭവിച്ച കാര്യങ്ങളാണ്. ആരൊക്കെയോ എന്നെ കൊണ്ട് അതിലെല്ലാം പങ്കെടുപ്പിക്കുകയായിരുന്നു. ഒടുവിൽ ജിതിന്റെ വീട്ടിലേക്ക് പുറപ്പെടാനിറങ്ങിയപ്പോൾ ദൃശ്യയും ദർശനയും വന്ന് കെട്ടിപ്പിടിച്ച് കരഞ്ഞു. അറിയാതെ വെറുപ്പോടെ അവരെ ദേഹത്തു നിന്ന് വിടുവിച്ചു. അച്ഛൻ വന്ന് ഹൃദ്യ മോളേ എന്ന് വിതുമ്പി. അപരിചിതയെ പോലെ തുറിച്ച് നോക്കി നിന്നതേയുള്ളു.

അമ്മ വന്ന് കവിളിൽ തഴുകിക്കൊണ്ട് പറഞ്ഞു "ജിതിനെയും വീട്ടുകാരെയും അനുസരിക്കണം.. ഇനി അതാണ് നിന്റെ വീട് .." എനിക്കു ചിരി വന്നു. ഇതെന്റെ വീടായിരുന്നോ... എങ്കിൽ ഞാനെന്റെ ഹൃദയത്തോട് ചേർത്ത് സ്നേഹിച്ചയാളെ നിങ്ങൾ എനിക്ക് നഷ്ടപ്പെടുത്തുമായിരുന്നോ. ആരൊക്കെയോ അലങ്കരിച്ച കാറിനടുത്തേക്ക് നയിച്ചു. തള്ളിക്കയറ്റിയത് പോലെ ഞാൻ അതിനകത്തായി. അരികിൽ താമര മാല്യമണിഞ്ഞ ജിതിൻ .. അയാൾക്ക് എന്നോട് ചിരിക്കണമെന്നുണ്ട്. വിയർപ്പ് പൊടിഞ്ഞ എന്റെ മുഖത്തു നോക്കി ക്ഷീണിച്ചു അല്ലേ എന്ന് കുശലം ചോദിക്കാനാഞ്ഞു. കത്തുന്ന ഒരു നോട്ടം കൊണ്ട് ഞാൻ അയാളെ നിശബ്ദനാക്കി കളഞ്ഞു. കാർ മുന്നോട്ട് നീങ്ങി. ആരൊക്കെയോ പുറത്ത് നിന്ന് കൈവീശുന്നു . അമ്മയും അച്ഛനും കരയുന്നു. ദൃശ്യയും ദർശനയും വിതുമ്പുന്നു. ഞാൻ കൈവീശിയില്ല.

ശ്രദ്ധിക്കാനേ പോയില്ല. ഓടി മറയുന്ന കാഴ്ചകളിൽ കണ്ണു നട്ടിരിക്കവേ ജിതിൻ ചോദിച്ചു "ഹൃദ്യയ്ക്ക് വിഷമമായി അല്ലേ.."? പോടാ പുല്ലേ എന്നാണ് വായിൽ വന്നത്. പറഞ്ഞില്ല. വെറുപ്പ് ഉള്ളിൽ കയ്ച്ചു തികട്ടി. അയാൾ കൈ നീട്ടി എന്റെ വിരലുകളെ സ്പർശിക്കാൻ ശ്രമിച്ചു. ഒരു സ്ത്രീലമ്പടൻ അടുത്തു വന്നത് പോലെ, അത്രയും വിരോധത്തിൽ ഞാൻ ആ കൈ തട്ടിയെറിഞ്ഞു. എന്റെ ഉഗ്രഭാവം കണ്ട് അയാൾ അടങ്ങി. അല്ലെങ്കിൽ ജിതിന്റെ മുഖത്തടിക്കാനും ഞാൻ മടിക്കില്ലായിരുന്നു. രാഹുകാലത്തിന് മുമ്പ് കാർ മേടയിൽ വീടിന് മുമ്പിലെത്തി. ഒതുങ്ങിയ ഇരുനില വീട് .. മുന്നിൽ ഷോയ്ക്ക് വേണ്ടി നട്ടിരിക്കുന്ന തണൽ വിരിച്ച ഫലവൃക്ഷങ്ങൾ.. താഴെ പുൽത്തകിടി . വീടിന്റെ കാഴ്ച മനോഹരമായിരുന്നു. ജിതിന്റെ അമ്മ നിലവിളക്കുമായി വന്നു. അതെന്റെ കൈയ്യിൽ തന്നിട്ട് പറഞ്ഞു "ഐശ്വര്യത്തോടെ വലതുകാൽ വെച്ച് കയറി വാ മോളേ..'' ഐശ്വര്യത്തോടെ കയറി ചെല്ലണം പോലും.. കടന്നു വരുന്നത് ഐശ്വര്യ ദേവതയല്ല.

നിങ്ങളുടെ മകന്റെ ജീവിതം നരകമാക്കാൻ തീരുമാനിച്ച് വന്നവളാണ്. എന്നെ പോലൊരു സാധു ജീവിയെ ഈ വിധം ദ്രോഹിച്ച അയാൾക്ക് ഒരിക്കലും ഞാൻ മാപ്പു കൊടുക്കില്ല. നേർത്തൊരു മന്ദഹാസം പോലുമില്ലാതെ, മൂടിക്കെട്ടി വീർത്ത മുഖവുമായി ഞാൻ നിലവിളക്കുമായി കയറിച്ചെന്നു. പൂജാമുറിയിൽ വിളക്കുവെച്ച് തൊഴുതപ്പോൾ മനസ് മന്ത്രിച്ചു , ഇതെന്റെ വീടല്ല. ഇവിടെ ആരും തന്റെ ആരുമല്ല.. ജയിലാണിത്. ഒരു നിരപരാധിയെ ജീവപര്യന്തം ശിക്ഷിക്കാൻ ഒരുക്കി വെച്ച ജയിൽ.. പിന്നെയും ചടങ്ങുകളുണ്ടായിരുന്നു. മധുരം കഴിപ്പിക്കലും മറ്റും. എല്ലാം തീർന്നു. ബന്ധുജനങ്ങളുടെയും അയൽക്കാരുടെയും ഇന്റർവ്യൂ തുടങ്ങി. അവരോടൊന്നും ചിരിക്കാനോ മര്യാദ കാണിക്കാനോ ഞാൻ ശ്രമിച്ചില്ല. പകരം കല്യാണ വീടാകെ ഓടി തകർക്കുകയായിരുന്ന മിഥുനയെ അടുത്തേക്ക് വിളിച്ചു. " മിഥുന.. തലവേദന സഹിക്കാൻ വയ്യ.. എനിക്ക് വസ്ത്രം മാറണം. കുളിക്കണം. മുടിയിലെ പൂക്കളും സ്ളൈഡുകളും എല്ലാം അഴിച്ചു കളയണം. വയ്യ... " അഹങ്കാരത്തോടെയുള്ള ഭാഷ കേട്ട് ആതിഥേയർ നിറം മങ്ങിയ മുഖവുമായി നിൽക്കുന്നത് കണ്ടു.

" ഞാൻ സഹായിക്കാം മോളേ.." എന്നു പറഞ്ഞ് ജിതിന്റെ അമ്മയുടെ സഹോദരി, സീതാലക്ഷ്മി ഓടി വന്നു. "വേണ്ട.. മിഥുന മതി...." ധിക്കാരത്തോടെയാണ് അവരെ തടഞ്ഞത്. ആരെയും ഗൗനിക്കാതെ മിഥുനയുടെ പിന്നാലെ സ്‌റ്റെയർ കേസ് കയറി ചെന്നു. വിശാലമായ ഒരു റൂമായിരുന്നു മണിയറ, ബെഡിന് മീതെ മുല്ലപ്പൂ പന്തൽ ... ബെഡിൽ ചുവന്ന റോസാദളങ്ങൾ കൊണ്ട് നിർമിച്ച വലിയ ഹൃദയ ചിഹ്നം .. എനിക്കത് കണ്ട് എല്ലാം വാരിയെറിയണമെന്ന് തോന്നി. സ്വയം നിയന്ത്രിച്ചു. മിഥുനയുടെ സഹായത്തോടെ സാരിയിലെ പിന്നുകളും തലയിൽ നിന്ന് മുടിപ്പിന്നലുകളും പൂക്കളുമെല്ലാം നീക്കം ചെയ്തു. അപ്പോഴേക്കും ജിതിന്റെ അമ്മ ഓടിക്കിതച്ചു വന്നു. കല്യാണത്തിന് വരാൻ പറ്റാതിരുന്ന ചിലർ വരുന്നുണ്ടത്രേ.. വിവാഹ വസ്ത്രവും ആഭരണങ്ങളും ഇപ്പോൾ മാറണ്ട പോലും. "എനിക്ക് വയ്യ..ഇനിയും ഇതൊക്കെയിട്ട് നിൽക്കാൻ " എന്ന് അവരുടെ മുഖത്തടിച്ചത് പോലെയാണ് പറഞ്ഞത്. ഇനി അൽപ നേരം പോലും കുളിക്കാതെ പറ്റില്ല.. ശബ്ദത്തിലെ വാശി ശ്രദ്ധിച്ചതു കൊണ്ടാവാം അവർ കീഴടങ്ങിയതു പോലെ നിന്നു.

പിന്നെ വാർഡ്രോബ് തുറന്നു കാട്ടിയിട്ട് പറഞ്ഞു " മോൾക്കുള്ള വസ്ത്രങ്ങൾ എല്ലാം ഇതിനകത്തുണ്ട്. നല്ലതു നോക്കി ഒരെണ്ണം ഇട്ടോണ്ട് അണിഞ്ഞൊരുങ്ങി താഴേയ്ക്ക് വരണം കേട്ടല്ലോ..." പാതി കല്പനയാണ്. ഞാൻ ശ്രദ്ധിക്കാനേ പോയില്ല. ആഭരണങ്ങൾ എല്ലാം അഴിച്ചു വെച്ചു. കാതിലെ വലിയ ജിമുക്കി മാറ്റി മൊട്ടു കമ്മൽ മാത്രമാക്കി. കഴുത്തിൽ താലിമാല മാത്രം. അതാണ് ആദ്യം ഊരിയെറിയേണ്ടത്. പക്ഷേ ചെന്ന അന്നു തന്നെ അത്രയും ധൈര്യം എനിക്കു കിട്ടിയില്ല. ഷവറിന് ചുവട്ടിൽ നിൽക്കുമ്പോൾ ജോയലിനെ ഓർത്ത് ഒരുപാട് കരഞ്ഞു. തലയിലൂടെ ഒഴുകിയിറങ്ങിയ വെള്ളത്തുള്ളികൾ മേനിയാകെ പടർന്നു... തോൽക്കാതിരിക്കാൻ ഇനിയും സമയമുണ്ട് എന്ന് ഹൃദയം പറഞ്ഞു. ജിതിനൊപ്പം ജീവിക്കുക എന്ന ഓപ്ഷനേക്കാൾ എനിക്കിഷ്ടം മരണമാണ്. കുളി കഴിഞ്ഞ് യാതൊരു പ്രൗഢിയും തോന്നാത്ത ഒഴുകി കിടക്കുന്ന ഒരു വെളുത്ത ചുരിദാറാണ് ഞാൻ ധരിച്ചത്. പിന്നീട് വീട്ടിൽ ധരിക്കാനോ മറ്റോ വാങ്ങി വെച്ചതാവാം. മുടി വെറുതേ കോതിയിട്ടു. നെറുകയിൽ സിന്ദൂരമിടാനൊന്നും നിന്നില്ല.

പൊട്ടും വെച്ചില്ല. കണ്ണെഴുതാനോ മുഖത്ത് സൗന്ദര്യലേപനങ്ങൾ പൂശാനോ ശ്രമിച്ചില്ല. വിധവയെ പോലെ വേഷം കെട്ടി നിന്നു. "അമ്മ താഴേയ്ക്ക് വരാൻ പറഞ്ഞു " എന്ന് നിധിൻ വന്ന് അറിയിച്ചപ്പോൾ അതേ മട്ടിൽ ഇറങ്ങി ചെന്നു. തന്നെ അത്ഭുതത്തോടെ വീക്ഷിക്കുന്ന കണ്ണുകളെ അതേപടി അവഗണിച്ചു. ജിതിന്റെ അമ്മ തന്നെ നോക്കി തറഞ്ഞു നിൽക്കുന്നത് കണ്ടു. " ഇങ്ങനെയാണോ മോളേ വന്നത്.. ഞാൻ പറഞ്ഞില്ലേ.. ആളുകൾ ഇനിയും നിങ്ങളെ കാണാൻ വരുന്നുണ്ട്. "അവർ നിരാശപ്പെട്ട് കൊണ്ടു പറഞ്ഞു. "എനിക്ക് ഇങ്ങനെയാണ് ഇഷ്ടം.." അവരെ തെല്ലും പരിഗണിക്കാതെയാണ് ഉത്തരം നൽകിയത്. ആ വീട്ടിൽ അശാന്തിയുടെ വിത്തുകൾ ഞാൻ പാകി മുളപ്പിച്ചു. " കുളി കഴിഞ്ഞിട്ട് ഒരു നുള്ള് സിന്ദൂരം പോലും നെറുകിലിട്ടിട്ടില്ല.. ഇതൊക്കെ പറഞ്ഞു തരണം എന്നുണ്ടോ " ജിതിന്റെ അമ്മായി ദേഷ്യപ്പെട്ടു. "എനിക്കിഷ്ടമല്ല സിന്ദൂരം " അറുത്തു മുറിച്ച മട്ടിൽ പറഞ്ഞു. " എങ്കിൽ പിന്നെ താലിയും ഊരി വെച്ചു കൂടേ " അവർ അങ്ങനെ വിടാനുള്ള ഭാവം ഒന്നുമല്ലായിരുന്നു. ഞാനും വിട്ടു കൊടുത്തില്ല. "

ഇന്നത്തെ കാലത്ത് താലി ഇടണം എന്നൊന്നും ഒരു നിർബന്ധവുമില്ല. " എടുത്തടിച്ചത് പോലെയുള്ള എന്റെ തർക്കുത്തരങ്ങൾ അവിടമാകെ നിശബ്ദത പടർത്തി . കല്യാണ ചെലവിന്റെ കണക്കെഴുതുകയായിരുന്ന ജിതിന്റെ അച്ഛൻ മുഖം കനപ്പിച്ച് നോക്കുന്നത് കണ്ടു. " മോളേ ജിതിൻ അവന്റെ ഫ്രണ്ട്സിനെ പറഞ്ഞയച്ചിട്ടേ വരൂ... വിശക്കുന്നെങ്കിൽ വന്ന് എന്തെങ്കിലും കഴിച്ചിട്ട് കിടന്നോളൂ.." എന്ന് ജിതിന്റെ അമ്മ വിളിച്ചു. ആൾക്കൂട്ടത്തിനിടയിൽ നിന്ന് അഹങ്കാരിയായ എന്നെ ഒഴിവാക്കാൻ ഒരു ശ്രമം..എല്ലാവരുടെയും വിളറിയ മുഖങ്ങൾ എനിക്കു ഹരം നൽകുന്നതായിരുന്നു. ഡൈനിംഗ് ടേബിളിൽ എടുത്തു വെച്ചിരുന്ന നെയ്ച്ചോറും കോഴിയിറച്ചിയും ഞാൻ ഒരു പ്ലേറ്റ് എടുത്ത് വെച്ച് വിളമ്പി. ആരോടും കഴിക്കുന്നില്ലേ എന്നു ചോദിച്ചില്ല..കൂടെ ഇരിക്കാനും പറഞ്ഞില്ല. നല്ല വിശപ്പുണ്ടായിരുന്നു. വയറു നിറയുന്നത് വരെ കഴിച്ചു. പാത്രം കഴുകി വെച്ച് കൈയ്യും കഴുകി തുടച്ച് വേഗം ഇനി മുതൽ എന്റേതായ റൂമിലേക്ക് നീങ്ങാൻ നോക്കി. ജിതിന്റെ അമ്മ പറഞ്ഞ ബന്ധുക്കൾ അപ്പോഴാണെത്തിയത്.

മോടിയും ഒരുക്കവും ഇല്ലാതെ നിൽക്കുന്ന എന്നെ അവർക്കു പരിചയപ്പെടുത്താൻ അമ്മയ്ക്ക് ചമ്മലുണ്ടെന്ന് തോന്നി. എനിക്ക് പക്ഷേ സന്തോഷമായിരുന്നു. ജിതിന്റെ ഭാര്യ സുന്ദരിയാണെന്നോ നല്ലവളാണെന്നോ ഒരാൾ പോലും വിചാരിക്കരുതെന്ന് എനിക്ക് നിർബന്ധമുണ്ടായിരുന്നു. ആരോടും ഞാൻ ചിരിക്കാനോ പരിചയപ്പെടാനോ നിന്നില്ല. അവർ ചോദിച്ചതിനൊക്കെ യന്ത്രം പോലെ മറുപടി നൽകി. മരപ്പാവ പോലെ നിർവികാരയായി നിന്നു. ബന്ധുക്കൾ എല്ലാം പെട്ടന്നുതന്നെ മടങ്ങി. സമയം ഒമ്പതിനോട് അടുത്തപ്പോൾ ജിതിന്റെ അമ്മ ഒരു ഗ്ലാസ് പാലുമായി വന്നു. " മോളേ ഇതുമായി മുറിയിലേക്ക് ചെല്ല്.. ജിതിൻ അവിടെയുണ്ട് " അവർ തെളിച്ചമില്ലാത്ത ചിരിയോടെ പറഞ്ഞു. "എനിക്ക് പാൽ ഇഷ്ടമേ അല്ലമ്മേ.. ജിതിന് വേണമെങ്കിൽ ജിതിൻ വന്നെടുത്ത് കുടിച്ചോളും " മറുപടി ഒന്നും കേൾക്കാൻ നിൽക്കാതെ ഞാൻ വേഗം സ്‌റ്റെയർ കേസ് കയറാൻ തുടങ്ങി. " ഈ കൊച്ച് എന്താ ഇങ്ങനെ.. മര്യാദ എന്ന ഒരു സാധനം ഇതിനില്ലേ.. കുടുംബത്ത് നിർത്താൻ കൊള്ളാത്ത സ്വഭാവമാണല്ലോ.''

താഴെ നിന്നും ജിതിന്റെ അച്ഛൻ മുറുമുറുക്കുന്നത് കേട്ടു. അങ്ങനെ വരട്ടെ... വെടിമരുന്ന് പുകഞ്ഞു തുടങ്ങി. പതിയെ പതിയെ ഈ വീടു തന്നെ ഞാൻ തകർക്കും എന്ന് ആനന്ദത്തോടെ ചിന്തിച്ചു കൊണ്ട് ഞാൻ പടികൾ കയറിച്ചെന്നു. മീതെ മുല്ലപ്പൂ പന്തലിട്ട ബെഡിൽ ചുവന്ന റോസാ പൂവിതളുകൾ വിരിച്ച പ്രണയ ചിഹ്നത്തിനരികെ ജിതിൻ ഇരിക്കുന്നുണ്ടായിരുന്നു. കൂസലില്ലാതെ ഞാൻ കയറിച്ചെന്നത് കണ്ട് തെല്ല് പാരവശ്യത്തോടെ ജിതിൻ എന്നെ നോക്കി ചിരിച്ചു. പുച്ഛത്തോടെ ഞാൻ അയാളെ നോക്കി പിന്നെ ജനലോരം പോയി നിന്നു. ജിതിൻ എഴുന്നേറ്റ് അടുത്തെത്തി. ആർദ്രതയോടെ നിന്നു. " ഹൃദ്യയ്ക്ക് എന്നോട് വെറുപ്പുണ്ടായിരിക്കും..പക്ഷേ ... എനിക്ക് പിൻമാറാൻ കഴിഞ്ഞില്ല.. ക്ഷമിക്ക് ഹൃദ്യാ ...നിന്നെ കണ്ടപ്പോൾ ഞാനൊരു പാട് ആഗ്രഹിച്ചു പോയി.. മറക്കാൻ വയ്യാത്ത വിധം മനസിൽ പതിഞ്ഞു പോയി.." ജിതിൻ ജനൽപ്പടി മേലിരുന്ന എന്റെ വലതു കരം ഗ്രഹിച്ചു കൊണ്ട് കണ്ണുകളിൽ നോക്കി പ്രണയാർദ്രതയോടെ പറഞ്ഞു " എന്നെ വെറുക്കരുത്.. നീയൊന്ന് ചിന്തിച്ചു നോക്ക് ..

ജോയലുമായുള്ള നിന്റെ വിവാഹം ഒരിക്കലും നടക്കില്ലായിരുന്നു..നിന്റെ അച്ഛനോ ബന്ധുക്കളോ ആരും അതിന് സമ്മതിക്കുകയുമില്ല..പിന്നെന്തിന് ഞാൻ നിന്നെ വേണ്ടെന്ന് വെക്കണം..എല്ലാം സാവധാനം ചിന്തിച്ചാൽ ഹൃദ്യയ്ക്കു തന്നെ മനസിലാകും.. ചേരേണ്ടവർ നമ്മളായിരുന്നു..." അയാൾ പറഞ്ഞു. ജിതിന്റെ കൈകൾക്കുള്ളിൽ നിന്നും എന്റെ വലതു കൈപ്പത്തി ഊരിയെടുക്കാൻ വയ്യായിരുന്നു. ബലം പ്രയോഗിച്ചപ്പോൾ അയാൾ പ്രണയപൂർവം അതിൻമേൽ ഉമ്മ വെക്കാൻ ശ്രമിച്ചു കൊണ്ട് പറഞ്ഞു "നീ എനിക്കു വേണ്ടി ജനിച്ചവളാണ് ' . അതാണ് നമ്മൾ ഒന്നിച്ചത്..എന്റെ ഹൃദ്യയെ പൊന്നുപോലെ ഞാൻ നോക്കും..എന്നോട് ദേഷ്യമൊന്നും മനസിൽ വെക്കരുത്.. ജോയലിനെ മറക്കാൻ നിനക്ക് എളുപ്പം സാധിക്കും ഹൃദ്യ... കാരണം നിങ്ങൾ തമ്മിൽ കേവലം ഒരു പ്രണയ ബന്ധം മാത്രമല്ലേ ഉണ്ടായിരുന്നുള്ളു... നമ്മൾ തമ്മിൽ ഒരു താലിയുടെ ബന്ധമാണ്... ദൈവം കൂട്ടി ചേർത്തവരാണ് നമ്മൾ" അയാൾ എന്റെ കൈയ്യിലെ പിടുത്തം വിട്ട് ഇരു ചുമലിലും പിടിച്ചു എന്റെ കണ്ണുകളിൽ ഉറ്റുനോക്കിക്കൊണ്ട് പറഞ്ഞു

എനിക്കു ചിരിക്കാനാണ് തോന്നിയത്. "ഞാനും ജോയലും തമ്മിൽ വെറും പ്രണയം മാത്രമെന്ന് ആരാണ് നിങ്ങളോട് പറഞ്ഞത്? വെറും ഒരു താലിയുടെ ബന്ധനമല്ല.. ഹൃദയബന്ധമായിരുന്നു ഞങ്ങൾ തമ്മിൽ... അതു മാത്രവുമല്ല.. ശരീരം കൊണ്ടും..." അയാളെ തോൽപിക്കാനുള്ള വെറുപ്പിൽ ഞാൻ പുകഞ്ഞു കത്തി. "ഞാനതൊന്നും വിശ്വസിക്കില്ല.. ഹൃദ്യ എന്റേതാണ്.." ജിതിൻ എതിർത്തു. എന്നെ അയാളുടെ നെഞ്ചോടു ചേർക്കാനുള്ള ശ്രമത്തിൽ നിന്നും തെന്നിമാറിയിട്ട് ഞാൻ അയാളെ വെല്ലുവിളിച്ചു. " ഭാര്യ എന്ന അവകാശവും പറഞ്ഞ് എന്നെ സ്പർശിക്കാൻ വന്നേക്കരുത്.. ഒരിക്കലും ഞാൻ നിങ്ങളുടെ ഭാര്യ ആയിരിക്കില്ല.. നിങ്ങളെന്റെ ഭർത്താവുമല്ല. ഞാനെന്നും ജോയലിന്റേതാണ്... അവന്റെ മാത്രമാണ് .. തെളിവുകൾ നിങ്ങളെ തേടി വന്നോളും..എന്നിട്ട് വിശ്വസിച്ചാൽ മതി.." വെറുപ്പിന്റെ നിലയില്ലാ കയത്തിൽ താഴ്ത്തി അയാളെ ശ്വാസം മുട്ടിച്ചു കൊല്ലാനുള്ള ആവേശമായിരുന്നു എനിക്ക് .....തുടരും....

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story