കാണാദൂരം : ഭാഗം 4

kanadhooram

രചന: ഷൈനി ജോൺ

രാത്രിയിൽ ഞാൻ ഒരു ദിവാൻ കോട്ടിന്റെ അത്രയും വീതിയിൽ പണിത ജനാല തിണ്ടിലാണ് കിടന്നത്. പുതിയ രീതിയിലുള്ള നിർമിതിയാണത്. ജനാലയോരത്ത് വേണമെങ്കിൽ ഇരിക്കാം. വേണമെങ്കിൽ തലയിണയുമിട്ട് കാറ്റു കൊണ്ടു കിടക്കാം . എന്തായാലും എനിക്ക് അത് സൗകര്യമായി. ജിതിനെ ഞാൻ ഓർമിപ്പിച്ചിരുന്നു. "എന്റെ ശരീരം നിങ്ങൾക്ക് അവകാശപ്പെട്ടതല്ല. അതിക്രമത്തിന് ശ്രമിച്ചാൽ ഞാൻ അലറിക്കൂവും. ആളുകൾക്ക് മുമ്പിൽ നിങ്ങളുടെ ചതി ഞാൻ വിളിച്ചു പറയും. എന്റെ ജീവിതം ഇനി എങ്ങനെ നശിച്ചാലും എനിക്കത് പ്രശ്നമല്ല. പക്ഷേ മരണം തിരഞ്ഞെടുക്കേണ്ടി വന്നാൽ പോലും നിങ്ങൾക്കൊപ്പം ജീവിക്കാൻ ഞാൻ ആഗ്രഹിക്കില്ല.. " എന്ന് ജിതിൻ എന്നെ ഉറ്റുനോക്കിയിരുന്നിട്ട് പറഞ്ഞു " മുഖമടച്ച് ഒരെണ്ണം തന്നാൽ നീയി കിടക്കയിൽ വീഴും. ഈ പൂക്കൾക്ക് മുകളിൽ.. പിന്നെ എനിക്ക് എന്തുമാകാം..നിന്നെ സ്നേഹിച്ചു പോയതു കൊണ്ട് എനിക്കത് ചെയ്യാൻ സാധിക്കുന്നില്ല എന്നേയുള്ളു.." "സ്നേഹത്തെ കുറിച്ച് നിങ്ങൾ എന്നോട് മിണ്ടരുത് " എന്ന് കോപാന്ധത കൊണ്ട് ജ്വലിച്ച് ഞാൻ അയാൾക്കു നേരെ വിരൽ ചൂണ്ടി.

"എന്റെ ജീവിതം എന്തായാലും നിന്നോടൊപ്പം ഞാൻ വലിച്ചു നീട്ടില്ല.. ഞാൻ ആത്മഹത്യ ചെയ്ത കേസിൽ താൻ അകത്തു കിടക്കും.. കണ്ടോ.." കോപം കൊണ്ട് വിറച്ച് ഞാൻ അയാളെ നേരിട്ടു. വെല്ലുവിളിച്ചു " ഞാനും ജോയലും തമ്മിലെ ബന്ധം എന്തായിരുന്നു എന്ന് ഞാൻ നിനക്ക് കാട്ടിത്തരാം" ഒരു തലയിണ വലിച്ചെടുത്ത് ജനലരികെ ഇട്ട് ആ തീണ്ടിൽ കയറിക്കിടന്ന് ഞാൻ മൊബൈൽ എടുത്ത് ജോയലിന് ഒരു മെസേജയച്ചു. "ജോ.. പറ്റിപ്പോയി.." അതയച്ചപ്പോൾ കണ്ണിലെ കനലുകൾ അണഞ്ഞു. അവ കെടുത്തിക്കൊണ്ട് മിഴികൾ നിറഞ്ഞു. "തേപ്പ് ... ഞാൻ അംഗീകരിക്കുന്നു.." എന്ന് കാത്തിരുന്നത് പോലെ ജോയുടെ മറുപടി വന്നു. ഞാനറിയാതെ തന്നെ എന്നിൽ നിന്നൊരു കരച്ചിൽ പുറത്തു ചാടി. ഞാൻ കണ്ടു കൂട്ടിയ സ്വപ്നങ്ങൾക്ക് എല്ലാത്തിനും കൂടി ജോ ഒരു പേരിട്ടിരിക്കുന്നു.. തേപ്പ് .. "ഹാപ്പി ഫസ്റ്റ് നൈറ്റ് " വീണ്ടും ജോ അയച്ചു. എന്റെ ഹൃദയം നൊന്തു. ഞാൻ ഫോൺ സ്വിച്ച് ഓഫ് ചെയ്തു കിടന്നു വിതുമ്പി. ജോയെ പൂർണമായും നഷ്ടപ്പെട്ടു എന്നു ഞാൻ വിചാരിച്ചു. എനിക്ക് ഭ്രാന്തുപിടിച്ചു. ഉറക്കമില്ലാതെ നേരം വെളുപ്പിച്ചു.

ജിതിനും ഉറങ്ങിയിട്ടില്ല. തിരിഞ്ഞും മറിഞ്ഞും കിടക്കുന്നു. അയാളുടെ കിടക്കയിലെ പൂക്കൾ ചതഞ്ഞരഞ്ഞു. എന്തൊക്കെ പ്രതീക്ഷകളോടെയാണ് അയാൾ ഈ മണിയറയിലേക്ക് വന്നത് എന്ന ചിന്ത പോലും എന്റെ പക വർധിപ്പിച്ചു അങ്ങനെ കിടന്ന് എപ്പോഴോ ഉറങ്ങിപ്പോയി. ഉണർന്നപ്പോൾ പകൽ വെളിച്ചമാണ് മുറി നിറയെ. ചുവരിലെ ക്ലോക്കിൽ മിഴികളുടക്കി. ആറര . ആലസ്യത്തോടെ എഴുന്നേറ്റിരുന്നു. മൊബൈൽ ഓൺ ചെയ്തു. ജോയുടെ മെസേജുകൾ തുരുതുരെ വന്നു തുടങ്ങി. രാത്രി അയച്ചതാണ്. " തേപ്പുകാരി.. തേപ്പുകാരി " എന്നു തന്നെ എല്ലാത്തിലും സംബോധന. തന്റെ ചതി അവനെ തകർത്തു കളഞ്ഞതും ഉറങ്ങാൻ കഴിയാതെ ഹൃദയം തകർന്ന് കരയുകയാണെന്നും എഴുതിയിരിക്കുന്നു. കഴിയുമെങ്കിൽ നിനക്കിനിയും വരാം ഹൃദ്യേ എന്ന് അപേക്ഷിക്കുന്നു. ഒരു മറുപടി മാത്രം അവന് അയച്ചു.

"എനിക്ക് ഒരു ഫസ്റ്റ് നൈറ്റ് മാത്രമേ ഉണ്ടായിട്ടുള്ളു ... അതിന്റെ വീഡിയോ ഇപ്പോഴും സൂക്ഷിക്കുന്നുണ്ടെങ്കിൽ ജിതിന് അയച്ചേക്കൂ.." അപ്പോൾ എനിക്കൊരു സമാധാനം തോന്നി എഴുന്നേറ്റു. ജിതിൻ ബെഡിൽ കമിഴ്ന്നു കിടന്നുറങ്ങുന്നു. ഞാൻ എഴുന്നേറ്റു പോയി വേഗം കുളിച്ചു വന്നു. നന്നായി തന്നെ വസ്ത്രം ധരിച്ചു. ഗോൾഡൻ ത്രെഡിൽ തിളങ്ങുന്ന കല്ലുകൾ പതിച്ച് ഹെവി വർക്ക് ചെയ്ത ചുവന്ന എലൈൻ ചുരിദാർ. അതെനിക്ക് നന്നായി ഇണങ്ങി. താലിമാലയ്ക്കൊപ്പം ചുവന്ന കല്ലുവെച്ച ഒരു നെക്ലേസ് കൂടിയണിഞ്ഞു. വളകളും മോതിരങ്ങളും ധരിച്ചു. ഡ്രയർ കൊണ്ട് മുടി ഉണക്കി ചീകി വിടർത്തിയിട്ടു. കണ്ണുകൾ കടുപ്പിച്ചെഴുതി. നന്നായി മേക്കപ്പ് ചെയ്തു. കല്യാണ ദിവസത്തേക്കാൾ സൗന്ദര്യം തോന്നി. ഇന്നത്തെ ദിവസം ജിതിന്റെ തകർച്ചയുടെ ദിനമാണ്. അവനെ മോഹിപ്പിക്കും വിധം പ്രത്യക്ഷപ്പെടുമ്പോൾ മാത്രമേ ആ തകർച്ചയുടെ ആക്കം കൂടുകയുളളു. ഒരു മൂളിപ്പാട്ടും പാടി ഞാൻ താഴേയ്ക്ക് ചെന്നു. അടുക്കളയിൽ നിന്ന് ജിതിന്റെ അമ്മ അതൃപ്തിയോടെ മിഥുനയോട് ചോദിക്കുന്നത് കേട്ടു. "

ഹൃദ്യ ഉണർന്നില്ലേ ഇതുവരെ .. കാലത്ത് തന്നെ പുതുപ്പെണ്ണിനെ കാണാൻ പലരും വന്നു.. ഇനിയും എഴുന്നേറ്റില്ലെന്ന് പറഞ്ഞാൽ നാണക്കേടല്ലേ.. സമയം എട്ടുമണി ആകാറായി. " " ഞാൻ ഉണർന്നല്ലോ അമ്മേ . " എന്നു പറഞ്ഞ് അടുത്തേക്ക് ചെന്ന എന്നെ കണ്ട് അമ്മ അന്തം വിട്ടു നിന്നു. അവരുടെ കണ്ണുകളിൽ അവിശ്വസനീയത . നന്നായി ഒന്നൊരുങ്ങി വന്നാൽ ഞാനൊട്ടും മോശമല്ലെന്ന് എനിക്കറിയാമല്ലോ. നല്ലൊരു വസ്ത്രം ധരിച്ചാൽ തന്നെ ഏത് ആൾക്കൂട്ടത്തിലും വേറിട്ട് ശ്രദ്ധിക്കപ്പെടുന്ന ഒരു പ്രൗഢി എനിക്കു ചുറ്റും പ്രതിഫലിക്കാറുണ്ട്. എന്റെ ആഹ്ളാദം നിറഞ്ഞ ചിരിയും മുഖം നിറയെ ഉള്ള ചിരിയും കണ്ട് അമ്മ ഹർഷാതിശയത്തോടെ നിന്നു. "എന്തൊരു ഭംഗി.. വെറുതെ അല്ല ജിത്തേട്ടൻ ഇവിടെ വന്ന് ഹൃദ്യേച്ചിയെ തന്നെ കല്യാണം കഴിക്കണം എന്ന് വാശിപിടിച്ചത്.." മിഥുനയും അടുത്തു വന്ന് അഭിനന്ദിക്കുന്ന മട്ടിൽ പറഞ്ഞു. "ജിത്തിന് ബെഡ് കോഫി നിർബന്ധമാണ് ഹൃദ്യേ.. കൊണ്ടുചെന്ന് കൊടുക്കാമോ" എന്നായി അമ്മ. തലേരാത്രി പാൽ കൊണ്ടുപോകാൻ പറഞ്ഞ ഓർമ കൊണ്ടാവാം ഇത്തവണ സ്വരത്തിൽ അപേക്ഷയാണ്.

ഞാൻ ചായക്കപ്പ് സോസറിന് മീതെ വെച്ച് പടികൾ കയറിച്ചെന്നു. ജിതിൻ എഴുന്നേറ്റ് കുളിച്ചിട്ടുണ്ട്. പുരുഷത്വം പ്രകടമായ ശരീരത്തിൽ വീതിയുള്ള ടവൽ കൊണ്ട് പുതച്ചിട്ടുണ്ട്. മൊബൈൽ നോക്കി ഞെട്ടിത്തരിച്ചുള്ള ഇരിപ്പു കണ്ടപ്പോൾ തന്നെ എനിക്കു മനസിലായി. ഞാൻ പറഞ്ഞത് ജോയൽ അയച്ചു കഴിഞ്ഞു. എന്നെ കണ്ടതും ആ മുഖം മുറുകി. ചായ എന്ന് ഞാൻ കപ്പ് എടുത്ത് നീട്ടി. ഭർതൃ പ്രേമം കൊണ്ടെന്ന പോലെ എന്റെ മുഖത്ത് മന: പൂർവം ഞാനൊരു ലജ്ജ പുർട്ടിയ മന്ദഹാസം ഒളിപ്പിച്ചിരുന്നു. അയാളുടെ കൈയ്യിലെ മൊബൈലിൽ ഞാനൊരു നോട്ടം കണ്ടു. ജോയലിന്റെ വീട്ടിലെ അവന്റെ ബെഡ്റൂമിൽ, ഞാനും അവനും .. ഞങ്ങൾ ഞങ്ങളുടേതായ ഒരു ലോകത്തിൽ... നഗ്നതയിൽ .. ഞാൻ പെട്ടന്ന് നോട്ടം പിൻവലിച്ചു. ജിതിൻ ഇരുന്നു വിയർക്കുകയായിരുന്നു. "ചായ" എന്നു പറഞ്ഞ് ദയാരഹിതമായി ഒരിക്കൽ കൂടി ഞാൻ കപ്പ് അയാൾക്ക് നേരെ നീട്ടി. ആളിപ്പടർന്ന തീ പോലെ പെട്ടന്നാണ് അയാൾ ചാടിയെഴുന്നേറ്റത്. "നിന്റെ ചായ..'' എന്ന അലർച്ചയോടെ ഒരൊറ്റ തട്ടിന് അതു തെറിപ്പിച്ചു. കപ്പും സോസറും ചായയും എല്ലാം നിലത്തേക്ക് തെറിച്ചു വീണു.

ആ ഭാവം കണ്ട് ഭയന്നെങ്കിലും ഞാൻ ഭാവ ദേദമില്ലാതെ പിടിച്ചു നിന്നു. അയാൾ ദേഷ്യപ്പെട്ടാലും കോപിച്ചാലും എനിക്കെന്ത്. ജോയലിനെയും കൂട്ടി അയാളെ കണ്ടപ്പോൾ ഞാൻ പറയാൻ ആഗ്രഹിച്ചതെല്ലാം ആ വീഡിയോയിൽ ഉണ്ട്. അതു കേൾക്കാനോ മനസിലാക്കാനോ അയാൾ തയാറായില്ല. ഒരു കുരങ്ങിനെ പോലെ തന്റെ ജീവിതം തട്ടിക്കളിച്ച് സ്വന്തം കാൽക്കീഴിലാക്കി. അതിന്റെ ഭവിഷ്യത്ത് എല്ലാം ഇനി അനുഭവിക്കട്ടെ. താഴെ വീണു പൊട്ടിയ കപ്പും സോസറും ഒന്നും പെറുക്കാൻ പോയില്ല. ജനൽ തിണ്ടിൽ ചെന്ന് ഇടം പിടിച്ചു. താഴെ, മുറ്റത്ത് മിഥുനയും ജിതിന്റെ അച്ഛനും കൂടി പട്ടിയെ കളിപ്പിക്കുന്നു. അച്ഛനും മകളും തമ്മിൽ വളരെ സ്നേഹമുണ്ടെന്ന് തോന്നി. അച്ഛനും താനും അങ്ങനെ തന്നെയായിരുന്നു.എന്നിട്ട് അതേ അച്ഛന്റെ കാര്യം പറഞ്ഞ് എല്ലാവരും തന്റെ വായും കൈയ്യും കെട്ടി. ഒരു ശവശരീരത്തെ പോലെ ജിതിന്റെ മുമ്പിലെറിഞ്ഞു കൊടുത്തു. മുഖം ചെരിച്ച് ജിതിനെ നോക്കിയപ്പോൾ അയാൾ ഇരുന്ന് പുകയുകയുകാണ്. നെറ്റിയിൽ ആഞ്ഞടിക്കുന്നു.

കണ്ണുകൾ കോപത്തോടെ തുറന്നടയ്ക്കുന്നു. എനിക്ക് തമാശ തോന്നി. ഞാനും ജോയലും തമ്മിലെ പ്രണയം എത്രമേൽ ആഴത്തിലായിരുന്നു എന്നയാൾ അറിഞ്ഞു കഴിഞ്ഞു. അത് ജോയൽ എടുത്ത വീഡിയോ ആണ്. താൻ തടയാൻ ശ്രമിച്ചിരുന്നു. ഓർക്കുമ്പോഴൊക്കെ കാണാമല്ലോ എന്ന് ജോയൽ കെഞ്ചിയപ്പോൾ സമ്മതിച്ചു. നാലു വർഷത്തെ പ്രണയത്തിന് ശേഷമായിരുന്നു അങ്ങനെ ഒരു ദിനം. അതും മന:പൂർവം സംഭവിച്ചതൊന്നുമല്ല. ജോയലിന്റെ പപ്പയ്ക്ക് തീരെ സുഖമില്ലെന്നറിഞ്ഞപ്പോൾ അവന് ഒരു സർപ്രൈസ് കൊടുക്കാനാണ് ഭാവി മരുമകളുടെ അധികാരം പോലെ പപ്പയെ കാണാൻ ചെന്നത് . അവിടെ ചെന്നപ്പോഴാണറിഞ്ഞ് മമ്മിയും ജെനിയും ചേർന്ന് പപ്പയെ ഹോസ്പിറ്റലിൽ കൊണ്ടുപോയിരിക്കുകയാണ്. ജോയലിന് ഒരു പനിക്കോളുണ്ട്. അതുകൊണ്ട് സ്വയം ചികിത്സ ചെയ്ത് ഡോളോയും കഴിച്ച് കിടക്കുകയായിരുന്നു. കോളിംഗ് ബെല്ലടിച്ചു. വാതിൽ തുറന്ന ജോയൽ എന്നെ കണ്ട് വിസ്മയിച്ചു പോയി. " ഹൃദ്യയോ ...എന്താണ് പറയാതെ..'' എന്ന് അത്ഭുതപ്പെട്ടു.

"വയ്യാതെ കിടക്കുന്ന അമ്മായിയപ്പനെ കാണാൻ വന്നതാണ്..."എന്ന് ഞാൻ ആഗമനോദ്ദേശ്യം അറിയിച്ചു. "പപ്പ മരത്തിൽ നിന്ന് വീണു കിടപ്പായിട്ട് കൊല്ലം രണ്ടായല്ലോ..എന്നിട്ട് മരുമകൾ ഇപ്പോഴാണോ വന്നത്!? "ജോയൽ ചിരി പൂണ്ടു. "പപ്പയെ കാണാനും മിണ്ടാനും ഇപ്പോഴാണ് ധൈര്യം വന്നതെന്ന് കരുതിക്കോളൂ " എന്നായി ഞാൻ. 'പപ്പയ്ക്ക് കുഴപ്പമൊന്നുമില്ല ഹൃദ്യ.. എന്നെ പോലെ ചെറിയൊരു പനി..പിന്നെ ചെക്കപ്പിന്റെ ദിവസവും ഇന്നാണ്. അങ്ങനെ പോയതാണ്. ", അവൻ പറഞ്ഞു. " എന്നെ ഒന്ന് അകത്തേക്ക് വിളിക്കെടാ " എന്ന് ഞാൻ വാതിൽക്കൽ നിന്ന് ദേഷ്യപ്പെട്ടു. "ആദ്യമായിട്ട് വരുന്നതല്ലേ..വലതുകാൽ വെച്ചു തന്നെ കയറിക്കോ.. സ്വീകരിക്കാനും നിലവിളക്ക് തരാനും ഇപ്പോ ഇവിടെ ആരുമില്ല..പിന്നെ ക്രിസ്ത്യാനി പയ്യന്റെ വീടാണ്. നിലവിളക്കും ഇല്ല..." അവന്റെ കുസൃതി കണ്ട് ഞാൻ ചിരിയോടെ വലതു കൈ അവന് നേരെ നീട്ടി. അവൻ അത് ഗ്രഹിച്ച് സ്നേഹപൂർവം അകത്തേക്ക് പിടിച്ചു കയറ്റി. വലതുകാൽ വെച്ചു തന്നെ ഞാൻ കയറിച്ചെന്നു. പഴകി നരച്ച തീരെ ചെറിയ ടെറസ് വീട് ആയിരുന്നു അത്.

ചെറിയൊരു ഹാൾ, ഇടുങ്ങിയ രണ്ടു മുറികൾ. ചെറിയ അടുക്കള .അത്രയേയുള്ളു വീട്. ആ.. സാരമില്ലെന്ന് മനസിലോർത്തു. ജോയലിന് പോലീസിൽ കിട്ടിയാൽ ലോണെടുത്ത് നല്ലൊരു വീട് വെക്കാം. അതല്ല സിവിൽ എഞ്ചിനീയറായി ജോലിയ്ക്ക് കയറാൻ കഴിഞ്ഞാലും മതി. അതുമല്ലെങ്കിൽ വിദേശത്ത് പോയാലും രക്ഷപെടാം. തനിക്കും ജോലി കിട്ടുന്നതോടെ എല്ലാം എളുപ്പമാകും. വീടിന്റെ വലിപ്പമോ പണക്കൊഴുപ്പോ ഒന്നും എന്നെ സ്വാധീനിച്ചിട്ടില്ല. സ്നേഹവും പരസ്പരം പുലർത്തുന്ന ഉത്തരവാദിത്തവും ഉണ്ടെങ്കിൽ എല്ലാം നേടാവുന്നതേയുള്ളു. പപ്പയ്ക്ക് സുഖമില്ലാതെ പെട്ടന്ന് കൊണ്ടു പോകേണ്ടി വന്നതു കൊണ്ടാവാം വീടാകെ അലങ്കോലപ്പെട്ടു കിടക്കുകയായിരുന്നു. ഞാൻ നേരെ അടുക്കളയിൽ ചെന്നു നോക്കി. കട്ടൻ ചായ ഉണ്ടാക്കിയത് ബാക്കിയിരിപ്പുണ്ട്. രണ്ട ബ്രഡ് പീസും ജാമും അടച്ചു വെച്ചിരിക്കുന്നു. ജോയ്ക്ക് വേണ്ടിയിട്ടാവാം. സിങ്കിൽ കഴുകാത്ത പാത്രങ്ങൾ. എങ്കിലും അടുക്കള മൊത്തത്തിൽ വൃത്തിയുണ്ട്. ഞാൻ ചുരിദാറിന്റെ ഷാൾ ഇടുപ്പിൽ കെട്ടി പാത്രങ്ങൾ കഴുകി വെക്കാൻ തുടങ്ങി.

" ആഹാ.. മമ്മീടെ മരുമകൾ വന്ന പാടേ ചാർജേറ്റെടുത്തോ. " എന്ന് ചോദിച്ച് ജോയൽ അടുത്തു വന്നു. "അമ്മ തിരിച്ചു വരുമ്പോ ഒന്ന് ആശ്വസിച്ചോട്ടേ.. ജോ കിടക്കാൻ നോക്ക് .. പനിയുള്ള ആൾക്ക് ബ്രഡ് മാത്രം പോരല്ലോ.. " ഞാൻ ഉത്തരവാദിത്തം ഏറ്റ മട്ടിൽ അവനെ തുരത്തി. ക്ഷീണം ഉള്ളതു കൊണ്ടാവാം ജോയൽ വേഗം പിന്തിരിഞ്ഞു. ഞാൻ വേഗത്തിൽ വീടാകെ ക്ലീൻ ചെയ്തു. എല്ലാം അടുക്കിപ്പെറുക്കി വെച്ചു. നിലം അടിച്ചു തുടച്ചു. ജോയലിന് പൊടിയരി കഞ്ഞിയും തേങ്ങ ചുട്ടരച്ച ചമ്മന്തിയും ഉണ്ടാക്കി. ചോറു വെച്ചു. ഫ്രിഡ്ജിലിരുന്ന പച്ചക്കറികളെടുത്ത് സാമ്പാറും കാബേജ് തോരനും ഉണ്ടാക്കി വെച്ചു. ഉണക്ക മാന്തൾ വറുത്ത് മീതെ മുളകുപൊടി തൂവിയതോടെ പണികൾ എല്ലാം കഴിഞ്ഞു. ജോയലിനുള്ള കഞ്ഞിയും ചമ്മന്തിയും പപ്പടം ചുട്ടതുമെടുത്ത് അവന്റെ മുറിയിലേക്ക് ചെന്നു. ആൾ ചെറിയ മയക്കത്തിലാണ്. നെറ്റിയിൽ തൊട്ടുനോക്കി. നേരിയ പനിയുണ്ട്. പക്ഷേ നേരത്തേ ഗുളിക കഴിച്ചതു കൊണ്ടാവാം പനി വിടുന്ന ലക്ഷണം പോലെ നെറ്റിയിൽ വിയർപ്പു മണികൾ പൊടിഞ്ഞു നിൽക്കുന്നു.

കഞ്ഞിയും മറ്റും ടേബിളിൽ വെച്ച് ഞാൻ ജോയലിനെ വിളിച്ചു. "ഉറങ്ങിപ്പോയി. " എഴുന്നേറ്റ് തെല്ല് കുറ്റബോധത്തോടെ ജോയൽ പറഞ്ഞു. "കഞ്ഞി കൊണ്ടുവന്നിട്ടുണ്ട്. ചൂടാറാതെ കുടിയ്ക്ക് " ഞാൻ സ്പൂൺ അവനു നേരെ നീട്ടി. " നീയിപ്പോ ശരിക്കും എന്റെ ഭാര്യയായതു പോലെ..'' എന്ന് ജോയൽ എഴുന്നേറ്റ് നിൽക്കുകയായിരുന്ന എന്നെ പെട്ടന്ന് അവന്റെ നെഞ്ചിലേക്ക് ചേർത്തണച്ചു. ഞാൻ പിടഞ്ഞു മാറി. കോപം നടിച്ച് പറഞ്ഞു. " എന്നെ തൊട്ടാൽ ഞാൻ ഇവിടുന്ന് ഇപ്പോ പോകും കേട്ടോ..'' " ഞാൻ നിന്നെ ഉമ്മ വെച്ചിട്ടുണ്ടല്ലോ " എന്ന് ജോയൽ എഴുന്നേറ്റ് അടുത്തു വന്നുകൊണ്ട് പറഞ്ഞു. അവന്റെ കണ്ണുകളിലേക്ക് നോക്കിയപ്പോൾ എനിക്ക് ലജ്ജ തോന്നി. നോട്ടം പിൻവലിച്ചു കൊണ്ട് പറഞ്ഞു. " അത് നെറ്റിയിലല്ലേ... അതിനെന്താ.." " ഒന്നുമില്ലേ.. എന്നാൽ പിന്നെ ഒരു കുഴപ്പവും ഇല്ലല്ലോ" എന്നു പറഞ്ഞ് ചേർത്തുപിടിക്കാൻ നോക്കി. ഞാൻ അവനെ തള്ളി മാറ്റി, ഉന്തിക്കൊണ്ടു പോയി കസേരയിലിരുത്തി. പിന്നെ കഞ്ഞി പ്ലേറ്റ് എടുത്ത് ഉപ്പും പാകത്തിനാക്കി കോരിക്കൊടുത്തു. "നല്ല രുചി... "

ആസ്വദിച്ചു കഴിച്ചു കൊണ്ട് ജോയൽ പറഞ്ഞു. " ഇവിടെ മിക്കവാറും രാവിലെ ബ്രഡാണ്. മമ്മി ജോലി ചെയ്യുന്ന വീട്ടിൽ പുലർച്ച തന്നെ എത്തണം... അതിന്റെ ഓട്ടത്തിലായിരിക്കും അമ്മ...പിന്നെ ഞാനും ജെനിമോളും കൂടി ഉച്ചത്തേക്ക് എന്തെങ്കിലും ഒക്കെ തട്ടിക്കൂട്ടും..എന്തെങ്കിലും ഒരു കറിയോ തോരനോ മെഴുക്കുപുരട്ടിയോ ... അങ്ങനെ എന്തെങ്കിലുമൊക്കെ. ഞങ്ങൾക്കും പോകണ്ടേ... പപ്പയ്ക്ക് എല്ലാം കൈയ്യെത്തുന്ന ദൂരത്ത് വെച്ചിട്ട് ഞങ്ങള് പോകും.. മമ്മി ഉച്ചവരെയേ ജോലി ചെയ്യൂ... പപ്പ ഇവിടെ ഒറ്റയ്ക്കല്ലേ... അതിനിടയിൽ നല്ല ഭക്ഷണം ഒക്കെ സ്വപ്നം മാത്രമാകും... ഇതിപ്പോ പൊടിയരി കഞ്ഞി , തേങ്ങ ചമ്മന്തി, പപ്പടം ചുട്ടത്.. സത്യം പറയാലോ ഹൃദ്യ.. ഈ പ്രിവിലേജൊക്കെ സിനിമയിലേ ഞാൻ കണ്ടിട്ടുള്ളു. " സത്യമായും എനിക്ക് അവന്റെ മങ്ങിയ ചിരി കണ്ടപ്പോൾ നെഞ്ചിൽ വാത്സല്യം ചുരന്നു. സ്പൂൺ പാത്രത്തിലിട്ടിട്ട് ഞാനവന്റെ ശിരസ് എന്റെ നെഞ്ചോട് ചേർത്തു വെച്ച് കെട്ടിപ്പുണർന്നു. തലകുനിച്ച് നെറുകിൽ ചുംബിച്ചു. ചുംബനം നെറുകിലൂടെ ഒഴുകി അവന്റെ ചുണ്ടിലേക്കെത്തി.

അപ്പോഴേക്കും അതു വരെ തോന്നിയ വാത്സല്യം ഒരു തരം ആസക്തിയായി രൂപമാറ്റം വന്നിരുന്നു.. ചുണ്ടുകൾ തമ്മിൽ ഒട്ടിച്ചേർന്നു... ശ്വാസഗതികൾക്ക് താളഭംഗം വന്നു... ജോയലിന്റെ കൈ വിരലുകൾ ചുരിദാറിന്റെ സ്ലീറ്റുകളെ അകറ്റി വയറിലൂടെ ഇഴയാൻ തുടങ്ങിയിരുന്നു.. എന്നിൽ നിന്നും മുഖം സ്വതന്ത്രമാക്കി അവൻ തലതാഴ്ത്തി പൊക്കിളിന് മീതെ ഉമ്മ വെച്ചതോടെ ഞാൻ ഈ ലോകം തന്നെ മറന്നു പോയി.. മാന്ത്രിക സംഗീതമുതിരുന്ന ഒരു പ്രണയ ദ്വീപിൽ അകപ്പെട്ടവരായി ഞങ്ങൾ .. തമ്മിൽ ഒട്ടിപ്പിടിച്ച് കിടക്കയിലേക്കു വീണു. "ആരെങ്കിലും വരും" എന്നെനിക്ക് പേടിയുണ്ടായിരുന്നു. "പപ്പയൊക്കെ വരുമ്പോൾ വൈകുന്നേരമാകും..പിന്നെ ബന്ധുക്കളൊന്നും അങ്ങനെ കയറിവരില്ല..ഞങ്ങൾ പാവങ്ങളല്ലേ ഹൃദ്യ.. കടം ചോദിച്ചാലോ.." ജോയുടെ വിഷമം ഞാനെന്റെ ചുംബനങ്ങൾ കൊണ്ട് മായ്ച്ചു. എന്നിട്ട് അവനെ എന്റെ നെഞ്ചിലേക്കു ചേർത്തുപിടിച്ചു കൊണ്ട് പറഞ്ഞു " ജോ പാവപ്പെട്ടനല്ല ... നാളത്തെ പണക്കാരനാണ്.. നമ്മൾ ആഢംബരത്തോടെ തന്നെ ജീവിക്കും.. അതെല്ലാവരും കാണും.."

"എങ്കിലെനിക്ക് പത്തു മക്കളെ തരണം.. പറ്റുമോ " എന്നു ചോദിച്ചു കൊണ്ട് അവൻ വീണ്ടുമെന്നിലേക്ക് പടർന്നു.. " ഇപ്പോൾ തന്നെ വേണോ ഒരാളെ " ഞാൻ കാതിൽ ചോദിച്ചു. "വേണ്ട.. പൊന്നേ വേണ്ട.." എന്നു ചിരിച്ചു കൊണ്ട് അവൻ കാതോരം പറഞ്ഞു " പക്ഷേ..ബാക്കിയെല്ലാം ഇപ്പോൾ തന്നെ വേണം.. " എന്തിനോ ആ കണ്ണുകൾ നിറഞ്ഞതു കണ്ടു. എന്റെ മിഴികളും ആർദ്രമായി. കെട്ടിപ്പുണർന്ന് ഉമ്മ വെച്ചു കൊണ്ട് ഞങ്ങൾ മറ്റൊരു ലോകത്തേക്ക് പതിയെ പതിയെ ഒഴുകിയൊഴുകിപ്പോയി.. "ഹൃദ്യേ..." എന്ന് അരികെ ഒരലർച്ച കേട്ടാണ് ഞാൻ ആ ഓർമകളിൽ നിന്നും ഞെട്ടി കൺമിഴിച്ചത്. ജിതിൻ എന്റെ അരികിൽ നിൽപ്പുണ്ടായിരുന്നു. "വീഡിയോ എനിക്ക് അയക്കാനുള്ള ഐഡിയ നീയാണോ അവന് പറഞ്ഞു കൊടുത്തത് " ജിതിന്റെ മുഖത്ത് പരിഹാസം കണ്ടു. " ഹൃദ്യാ ..നീയൊരാളുമായി ദീർഘകാലം പ്രണയത്തിലായിരുന്നു.. പത്താം ക്ലാസിൽ തുടങ്ങിയ പ്രേമമാണ്..അതെല്ലാം നീ എന്നോട് പറഞ്ഞു.. ഞാൻ അത് ഉൾക്കൊണ്ടു " ജിതിന്റെ സൗമ്യഭാവം കണ്ട് എനിക്കു പ്രതീക്ഷ തോന്നി.

ഒരു നല്ല തീരുമാനമെടുക്കാൻ അയാൾക്ക് കഴിഞ്ഞിരുന്നെങ്കിൽ.. അച്ഛനെ നോവിക്കാതെ എല്ലാം പറഞ്ഞു മനസിലാക്കാനുള്ള വലിയ മനസ് കൂടി ജിതിന് ഉണ്ടായിരുന്നെങ്കിൽ .... എന്റെ ചിന്തകൾ മനസിലാക്കിയതു പോലെ ജിതിൻ മന്ദഹസിച്ചു. ഒരാളുമായി ദീർഘകാല പ്രണയ ബന്ധം എന്നു വെച്ചാൽ അതിൽ സെക്സ് കൂടി ഉൾപ്പെടാൻ സാധ്യതയുണ്ടെന്ന് ചിന്തിക്കാത്ത ഒരു പൊട്ടനാണ് ഞാൻ എന്നു ഹൃദ്യ കരുതുന്നുണ്ടോ.. അതും ഉണ്ടാവാം എന്നു ഞാൻ സങ്കൽപിച്ചിരുന്നു. പക്ഷേ ... പെട്ടന്ന് ഈ വീഡിയോ കണ്ടപ്പോൾ ഞാനൊന്നു ഉലഞ്ഞു.. അതു ശരി തന്നെ... അതിന്റെ പേരിൽ ഞാൻ ഹൃദ്യയെ ഉപേക്ഷിക്കുമെന്നാണ് വിചാരിച്ചത് അല്ലേ...എന്നിട്ട് ഞാൻ മറ്റൊരു വിവാഹം കഴിക്കണം... ആ പെൺകുട്ടി വിർജിൻ ആയിരിക്കുമെന്ന് എന്താണ് ഒരു ഉറപ്പ് .." ജിതിന്റെ പറഞ്ഞത് കേട്ട് ഞാൻ ഞെട്ടിയെഴുന്നേറ്റു പോയി. " ഞാനിത് കണ്ടിട്ടേയില്ല.. അങ്ങനെ കരുതിയാൽ പോരേ... എന്റെ ഉള്ളിലൊരു വിങ്ങലുണ്ട് .. അതവിടെ തന്നെ ഇരിക്കട്ടെ.. അതിലേറെ നോവാണെനിക്ക് ഞാൻ താലി കെട്ടിയ പെണ്ണിനെ വേണ്ടെന്നു വെക്കുന്നത്..

കാമുകനെ വിവാഹം കഴിക്കാൻ കഴിയാതിരുന്ന ലോകത്തെ ആദ്യത്തെ പെൺകുട്ടിയെന്നുമല്ല ഹൃദ്യ... നമുക്കൊരു നല്ല ജീവിതം നയിക്കാൻ ഇനിയും സമയമുണ്ട് ..നീ ചെയ്ത എല്ലാ തെറ്റുകളെയും അവഗണിക്കാൻ എനിക്കു കഴിയും ഹൃദ്യാ..അത്രയ്ക്ക് ഞാൻ നിന്നെ സ്നേഹിക്കുന്നു..'' ജിതിൻ ഒരു നീരാളിയെ പോലെ എന്നെ വരിഞ്ഞു മുറുക്കാൻ പോകുകയാണ്.. നിലയില്ലാ കയത്തിൽ വീണു കഴിഞ്ഞു ഞാൻ... രക്ഷപെടാൻ ഒരിക്കലും കഴിയില്ലേ.. അയാളുടെ ക്ഷമ ഞാൻ പ്രതീക്ഷിച്ചതേയല്ല.. ഓടിയകലും തോറും കാലുകളിൽ കുരുക്കിട്ട് വീഴ്ത്തുകയാണ് അയാൾ. ഞാൻ അയാളെ വെറുക്കുന്നു... ജിതിൻ എന്റെ പരവേശം കണ്ട് എന്റെ ചുമലിൽ കൈ വെച്ചു. ചിരിച്ചു കൊണ്ട് പറഞ്ഞു " ഹൃദ്യ എന്നെ സ്നേഹിച്ചു തുടങ്ങുന്നത് വരെ ഞാൻ കാത്തിരിക്കും.. പിന്നീട് ഈ വീട് നമ്മുടെ സ്വർഗമായി മാറും.. " ജിതിൻ പുറത്തേക്ക് പോയി.. ഞാൻ അതേ നിൽപ്പു നിന്നു.. ജിതിൻ എന്നെ അയാളിൽ തന്നെ തടവിലാക്കാൻ പോകുന്നു.. രക്ഷപെടണം.. ആ ചിന്ത മാത്രമായി എനിക്ക്......തുടരും....

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story