കാണാദൂരം : ഭാഗം 5

kanadhooram

രചന: ഷൈനി ജോൺ

ജിതിന്റെ വീട്ടിൽ നിന്ന് ഒല്ലൂരിലേക്കുള്ള തിരിച്ചു പോക്ക് എന്തുകൊണ്ടും ആശ്വാസമായിരുന്നു. പിറന്ന വീട്ടിലെത്തുമ്പോഴുള്ള ഒരു തരം ലാഘവത്വം എനിക്ക് അനുഭവപ്പെട്ടു. അച്ഛനെ കാണുമ്പോഴൊക്കെയും അന്നു രാത്രി രക്തം ഛർദ്ദിച്ച് വീണതാണ് ഓർമ വരിക. ഈ ത്യാഗമെല്ലാം അച്ഛനു വേണ്ടിയാണല്ലോ എന്നോർക്കുമ്പോൾ മാത്രമാണ് മനസൊന്നു തണുക്കുന്നത്. രക്തബന്ധത്തിന്റേതായ മുറുക്കം.. അച്ഛനില്ലാതെ ഈ വീട് സങ്കൽപ്പിക്കാൻ കഴിയില്ല. വിരുന്നിന് ക്ഷണിച്ചു കൊണ്ടു വന്നതായതു കൊണ്ട് ജിതിനും കൂടെയുണ്ടായിരുന്നു. എന്റെ ബന്ധുക്കൾക്ക് മുമ്പിൽ ജിതിൻ സന്തുഷ്ടനായ ഭർത്താവായി അഭിനയിക്കുന്നത് കണ്ട് ഞാൻ വിസ്മയിച്ചു. ഇതെന്തിനു വേണ്ടി.. സ്വന്തം ചതി മറച്ചുവെക്കാനോ.. അതോ തന്നെ സംരക്ഷിക്കാനോ.. എങ്കിലും എന്റെ വീട്ടുകാർക്കു മുമ്പിൽ പോലും സന്തോഷവതിയായി അഭിനയിക്കാൻ എനിക്കു കഴിയുന്നുണ്ടായിരുന്നില്ല. ആരുടെ മുമ്പിൽ വെച്ചും ജിതിനോട് സൗമ്യമായോ, സ്നേഹപൂർവമോ സംസാരിക്കാൻ എനിക്കു കഴിഞ്ഞില്ല.

അമ്മ പല തവണ എന്നോട് കുത്തി കുത്തി ചോദിച്ചു, അക്കാര്യം. "എന്താ ഹൃദ്യേ.. നിങ്ങൾ തമ്മിൽ ഒരു അടുപ്പവുമില്ലാത്തത് " എന്ന് കണ്ണുരുട്ടി. ഞാൻ അത് ഗൗനിക്കാതെ ഒട്ടും അയവില്ലാതെ പറഞ്ഞു, " എനിക്ക് അഭിനയിക്കാനറിയില്ലമ്മേ..എല്ലാവർക്കും എല്ലാം അറിയാലോ.." ഞാനത് വളരെ സാധാരണമായാണ് പറഞ്ഞതെങ്കിലും അമ്മ ഞെട്ടുന്നത് കണ്ടു. ആ മുഖം വിവർണമായി. "ജിത്ത് നിന്നോടെന്തെങ്കിലും പറഞ്ഞോ''? എന്ന് അമ്മ തിടുക്കപ്പെട്ട് ചോദിച്ചു. "എന്തു പറഞ്ഞോന്ന് ..'' ഞാൻ അമ്മയെ നോക്കി. അമ്മ പെട്ടന്ന് എന്തോ മറച്ചു വെക്കുന്ന മട്ടിൽ വിഷയം മാറ്റി.. "ജിത്ത് എന്തേ മുറിയിൽ ചടഞ്ഞു കൂടിയിരിക്കുന്നത്... നിനക്ക് അടുത്തു പോയി ഇരുന്നു കൂടേ..'' "ഒറ്റയ്ക്കിരുന്നാൽ പേടിക്കുന്ന പ്രായമൊക്കെ കഴിഞ്ഞു. " ഞാൻ ഉദാസീനമായി പറഞ്ഞു. ദൃശ്യയും ദർശനയും ജിതിനും തമ്മിൽ നല്ല കൂട്ടായെന്ന് തോന്നി. മുകളിൽ നിന്ന് അവരുടെ ചിരിയും സംസാരവും താഴേക്ക് കേൾക്കാമായിരുന്നു. "ദർശു എന്നാണ് ബാംഗ്ലൂരേക്ക് തിരിച്ചു പോകുന്നത്..

അവൾക്കിനിയും ലീവ് കിട്ടുമോ.. അവസാന വർഷം ഉഴപ്പാൻ തന്നെയാണോ തീരുമാനം.. ബി.എസ്. സി നഴ്സിംഗ് അത്ര നിസാരമായി കരുതണ്ട..'' അതൃപ്തി പ്രകടമാക്കിക്കൊണ്ട് ഞാൻ ചോദിച്ചു. " ദർശന മറ്റന്നാൾ പോകും ഹൃദ്യേ... കല്യാണത്തിന് വേണ്ടി എടുത്ത ലീവെല്ലാം തീർന്നു. പഠിത്തം ഉഴപ്പുന്നെന്ന് പറഞ്ഞ് അച്ഛനും വഴക്കു പറയുന്നുണ്ട്.." അമ്മ പറഞ്ഞു. പിന്നെ അമ്മ അടുത്തു വന്ന് തോളിൽ കൈ വെച്ചു കൊണ്ട് കണ്ണിലേക്ക് നോക്കി അൽപ്പനേരം നിന്നു.എന്നിട്ടു പറഞ്ഞു. "നിങ്ങൾ ഇങ്ങനെ അടുക്കാതെ ജീവിച്ചാലെങ്ങനെയാ ഹൃദ്യേ.. പ്രേമിക്കുന്നവർക്കൊപ്പം ജീവിക്കാൻ എല്ലാവർക്കും വിധി ഉണ്ടോ.. ജിത്ത് നിന്റെ മനസു മനസിലാക്കി സമയം തരുന്നു.. പക്ഷേ നീയോ..അവനെ മനസിലാക്കാൻ നിനക്കെന്താ പറ്റാത്തത് ..പിന്നെ ഇനിയും പിണക്കവും പരിഭവവും ആയി നടന്നാൽ പോരാ.. അച്ഛനിപ്പോ ഒരു ആഗ്രഹം കൂടിയുണ്ട്..'' അമ്മയ്ക്ക് അതു പറയാൻ തന്നെ നാണം പോലെ.. കവിളുകൾ തുടുപ്പിച്ച് കൊണ്ട് പറഞ്ഞു " ഒരു തലമുറയെക്കൂടി കാണാൻ ആർക്കാ ആഗ്രഹം ഇല്ലാത്തത് ..

നിനക്കൊരു കുഞ്ഞുണ്ടായിട്ട് വേണം മരിക്കാൻ എന്നാ ഇപ്പോ.. നീ വേഗം വിശേഷം ആകാൻ നോക്ക്.." എന്റെ ഹൃദയമാകെ പുച്ഛം നിറഞ്ഞു തുളുമ്പി. കടുത്ത നോട്ടവുമായി ഞാൻ അമ്മയെ നേരിട്ടു. മാർദ്ദവമില്ലാതെ പറഞ്ഞു " അച്ഛനോട് അമ്മ പറയണം, എല്ലാ ആഗ്രഹങ്ങളും സാധിച്ച് ഒരാളും ഈ ലോകത്തു നിന്ന് മടങ്ങിയിട്ടില്ല.. കൊതിച്ചതൊക്കെ നേടിയ ഒരാളുമില്ല..അത് ആഗ്രഹം അല്ലമ്മേ.. അത്യാഗ്രഹമാണ് ..എന്റെ ജീവിതമാണ് അച്ഛന് വേണ്ടി തുലച്ചത്..പിന്നെ ആഗ്രഹങ്ങൾ അച്ഛനു മാത്രമല്ല ..എനിക്കും ഉണ്ട്.. ഉണ്ടായിരുന്നു....ദയവു ചെയ്ത് ഓരോരോ മോഹങ്ങൾ പറഞ്ഞ് ഇനിയും എന്നെ കൊല്ലാതെ കൊല്ലരുത് എന്ന് പറയ്.." ഉള്ളിലുള്ള നിരാശയാകെ അണപൊട്ടി ഒഴുകി. കിതച്ചു കൊണ്ട് നോക്കിയത് നേരേ അച്ഛന്റെ മുഖത്തേക്ക്.. ആ മുഖം വല്ലാതെ വിളറിയിരിക്കുന്നു. ഞാൻ തളർന്ന് അച്ഛനെ നോക്കി നിന്നു.

അച്ഛന്റെ ഹൃദയത്തിന് എന്തെങ്കിലും സംഭവിക്കുമോ, അച്ഛൻ കുഴഞ്ഞ് വീഴുമോ എന്നൊക്കെ വല്ലാതെ പേടിച്ചു. അച്ഛനൊന്നും മിണ്ടിയില്ല. എന്നെ തന്നെ നോക്കി അൽപ്പനേരം നിന്നു. പിന്നെ പിന്തിരിഞ്ഞു. അച്ഛൻ അത് കേട്ടതിൽ എനിക്ക് സന്തോഷവും തോന്നിയിരുന്നു. ഒരു മനുഷ്യൻ തന്റെ ആഗ്രഹങ്ങൾ സാധിക്കാൻ വേണ്ടി മറ്റൊരാളെ കരുവാക്കുന്നതിനോട് എനിക്ക് അമർഷമായിരുന്നു.. അച്ഛനാണ്.. ജനിപ്പിച്ചതിന്റെ അവകാശം.. സ്നേഹിച്ചതിന്റെ ...കഷ്ടപ്പെട്ട് വളർത്തിയതിന്റെ ... എല്ലാമെല്ലാം അവകാശവും അധികാരവും ഉണ്ട്.. പക്‌ഷേ.. മക്കളുടെ മനസിനൊപ്പം നിൽക്കാനുള്ള ബാധ്യത കൂടി അച്‌ഛനുണ്ടായിരുന്നു.. ജോയലിനെ കുറിച്ച് സംസാരിക്കാൻ ഞാൻ ശ്രമിച്ചതാണ്.. അച്ഛൻ തളർന്നു വീണു.. പക്ഷേ ആശുപത്രിയിൽ നിന്നു തിരിച്ചു വന്ന അച്ഛൻ എന്നോട് സംസാരിക്കാൻ നിന്നു തന്നില്ലെന്ന് മാത്രമല്ല , തടവിലാക്കുക കൂടിയായിരുന്നു. ആ വിരോധം അച്ഛനോട് എനിക്കുണ്ട്. അതെന്നേക്കും നിലനിൽക്കുകയും ചെയ്യും. എല്ലാവരും കൂടി തലയിലെടുത്തിട്ട മുൾക്കിരീടം ചുമക്കുന്നത് ഞാനാണ്.

ഊൺ സമയത്ത് ടേബിളിനരികെ വെച്ചാണ് പിന്നെ ഞാൻ അച്ഛനെയും ജിതിനെയും കണ്ടത്. രണ്ടു പേരും നിശബ്ദരായിരുന്നു. ദൃശ്യയും ദർശനയും കളിതമാശകൾ പറഞ്ഞു വെങ്കിലും രണ്ടുപേരും തികഞ്ഞ മൗനം പാലിച്ചു. അമ്മ രുചികരമായ വിഭവങ്ങൾ ഒരുക്കിയിരുന്നു. ജിതിൻ അധികം കഴിച്ചതുമില്ല. ഊണു കഴിഞ്ഞ് പോകുകയാണെന്നും ടൈലിന് ഓർഡർ തരാൻ ആരോ വരുന്നുണ്ടെന്നും തിടുക്കപ്പെട്ട് ജിതിൻ പോകാനിറങ്ങി. ഞാനത് ശ്രദ്ധിക്കാതെ മുറ്റത്തെ പ്ലാവിൻ ചില്ല മേൽ കെട്ടിയ ഊഞ്ഞാലിൽ ഇരിക്കുകയായിരുന്നു. ജിതിൻ ബാഗുമായി അടുത്തു വന്നിട്ടും ഞാൻ കണ്ട ഭാവം നടിച്ചില്ല. എങ്കിലും പ്രസന്നത ഭാവിച്ച് ജിതിൻ അടുത്തു വന്നു. "ഞാനിനി നിൽക്കാനായി വരില്ല.. ഹൃദ്യ വിളിച്ചാൽ മതി.. വന്നു കൊണ്ടുപോയ്ക്കോളാം.." കണ്ണുകളിലെ അപേക്ഷാ ഭാവം കണ്ട് ഞാൻ നിന്ദാഹാസം പൊഴിച്ചു. കാൽ മടമ്പ് നിലത്തു കുത്തി പതിയെ ആടിക്കൊണ്ട് " വരണോ എന്ന് ചിന്തിച്ചിട്ടില്ല. " എന്ന് പറഞ്ഞു. ജിതിന്റെ മുഖം ദയനീയമാകുന്നത് കണ്ടു. എനിക്കു ഹരം പിടിച്ചു. ഇയാൾ എന്താണ് വിചാരിച്ചത്.

പെണ്ണിന്റെ സമ്മതമില്ലാതെ അവളെ സമ്മർദ്ദത്തിൽ അകപ്പെടുത്തി കഴുത്തിൽ ഒരു താലി കെട്ടിയാൽ അവൾ എല്ലാം അനുസരിച്ചോളുമെന്നോ..: ഹൃദയമടക്കി കൂടെ ജീവിച്ചോളുമെന്നോ.. എന്റെ നോട്ടത്തിൽ തന്നെ എല്ലാമുണ്ടായിരുന്നു. എല്ലാ കുറ്റങ്ങളും ഏറ്റുപറയുന്ന മട്ടിൽ നിൽക്കുന്ന ജിതിനോട് ഒരു സഹതാപവും തോന്നിയില്ല. " പോട്ടേ.. ടാറ്റാ ... കൊണ്ടുപോകാൻ വരാം " എന്നൊക്കെ എനിക്കു നേരെ കൈവീശി എന്റെ വീട്ടുകാർക്ക് മുമ്പിൽ ജിതിൻ സന്തോഷവാനായി അഭിനയിച്ചു. അയാളുടെ വിലയേറിയ കാർ ഗേറ്റ് കടന്നുപോയപ്പോഴാണ് എനിക്ക് ശ്വാസം നേരെ വീണത്. അയാൾ എന്ന കുരുക്കിൽ നിന്ന് മോചനം ലഭിച്ചതു പോലെ... ഞാൻ ഇനി ജിതിന്റെ വീട്ടിലേക്ക് തിരിച്ചു പോകില്ലെന്ന് തീരുമാനിച്ചിരുന്നു. മതി... അച്ഛന്റെ ആഗ്രഹം നടന്നു.. മകളുടെ വിവാഹം കണ്ടു... ജനിച്ചാൽ ഒരിക്കൽ മരണം സുനിശ്ചിതം.. ഇനിയെല്ലാം അച്ഛന്റെ വിധി. ഞാൻ പോകില്ല.. ജിതിന്റെ കൂടെ ഒരു നിമിഷം കൂടി ജീവിക്കാൻ എനിക്കിഷ്ടമില്ല.. ഞാൻ ആ നിലപാടിൽ തന്നെ ഉറച്ചു നിന്നു.

ദിവസങ്ങൾ കടന്നു പൊയിക്കൊണ്ടിരുന്നു. ഒരു മാസത്തോളമായി. വിരുന്നിന് വന്ന മകൾ ഭർതൃ വീട്ടിലേക്ക് തിരിച്ചു പോകാത്തതിന് അമ്മ പലരോടും മറുപടി പറഞ്ഞു മടുത്തു. "ഹൃദ്യ ഒരു കോഴ്സ് പഠിക്കാനായി ഇവിടെ വന്നു നിൽക്കുകയാണ് " എന്ന് അമ്മ അവരോട് തഞ്ചത്തിൽ പറഞ്ഞു. ഞാൻ പ്രതീക്ഷിച്ചതു പോലെ അച്ഛന് വീണ്ടും ഹാർട്ട് അറ്റാക്കുണ്ടായില്ല. ഞാൻ തിരിച്ചു പോകാൻ തയാറാവാത്തതിന്റെ പാരവശ്യവും ദു:ഖവും അച്ഛനുണ്ടായിരുന്നു.. അതിലേറെ നാണക്കേടായിരുന്നു. പക്ഷേ എന്നെ നിർബന്ധിക്കാൻ അച്ഛനും എന്തോ വിമുഖതയുണ്ടെന്ന് മാത്രം തിരിച്ചറിഞ്ഞു. വിവരങ്ങൾ എല്ലാം ഞാൻ ജോയലിന് മെസേജ് അയച്ച് അറിയിച്ചു കൊണ്ടിരുന്നു. സമയവും സന്ദർഭവും അനുകൂലമാകുമ്പോൾ ഡിവോഴ്സിന് കോടതിയെ സമീപിക്കണമെന്ന് ജോയൽ പറഞ്ഞു. അവൻ സന്തോഷവാനായിരുന്നു .അവന്റെ കമ്പനിയിൽ തിരക്കായതു കൊണ്ട് അവധിയുണ്ടായില്ല. അതുകൊണ്ട് കൂടിക്കാഴ്ചകൾ ഉണ്ടായില്ല. ഒരാളുടെ ഭാര്യാ പദവിയിലിരുന്നു കൊണ്ട് പൂർവ കാമുകനെ സന്ധിക്കുവാൻ എനിക്കും പ്രയാസമുണ്ടായിരുന്നു.

പഴയ ആത്മവിശ്വാസത്തോടെ അവനെ അഭിമുഖീകരിക്കണമെങ്കിൽ ആദ്യം ജിതിന്റെ താലി നിയമപരമായി അഴിച്ചു കളയുക എന്ന കർമ്മം നടക്കേണ്ടിയിരിക്കുന്നു.. ആരുമറിയാതെ ഞാൻ കരുക്കൾ നീക്കി. ഇതിനിടെ നാലു വട്ടം ജിതിൻ എന്നെ കാണാനായി വന്നു.. ഓരോ തവണയും തിരിച്ചു വരണമെന്ന് അപേക്ഷിച്ചു. നാലാം തവണ വന്നപ്പോൾ ക്ഷോഭം കൊണ്ട് ആ മുഖം ചുവന്നിരുന്നു. എന്നെ കോപത്തോടെ ഭിത്തിയിലേക്ക് ചേർത്ത് അമർത്തി ഇരു കൈകൾ കൊണ്ടും എന്റെ ചുമലിൽ ബലമായി പിടിച്ച് ഒതുക്കി നിർത്തിക്കൊണ്ട് ജിതിൻ കിതച്ചു. "ഹൃദ്യ ..ഞാൻ തെറ്റുകാരനാണ്.. ഒ.കെ.. അതുകൊണ്ടാണ് നീയിവിടെ വന്നു നിൽക്കുന്നത് അല്ലേ.. ഞാൻ നിന്നെ ചതിച്ചു.. പക്ഷേ നിന്റെ വീട്ടുകാരോ ... ആ ചതിയിൽ അവരും ഉൾപ്പെട്ടിരുന്നു.. അത് അറിയുമോ ഹൃദ്യയ്ക്ക് ..ഞാൻ ചെയ്തത് ക്ഷമിക്കാനാവാതെ നീയിവിടെ വന്നു നിൽക്കുന്നു... അപ്പോൾ ഇവർ ചെയ്തതോ... ആ ചതി ക്ഷമിച്ച് ഇവിടെ നിൽക്കാൻ നിനക്ക് കഴിയില്ല ഹൃദ്യ.." "എന്തു ചതി.." ഞാൻ അയാളുടെ കണ്ണുകളിലേക്ക് നോക്കി ചോദിച്ചു. ജിതിൻ വെളിപ്പെടുത്തിയ രഹസ്യം കേട്ട് ഞാൻ ആകെ തകർന്നു പോയി....തുടരും....

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story