കാണാദൂരം : ഭാഗം 6

kanadhooram

രചന: ഷൈനി ജോൺ

ജിതിൻ എന്താണ് പറയാൻ പോകുന്നത് എന്ന ആകാംക്ഷയിൽ എന്റെ ഹൃദയമിടിപ്പ് വർധിച്ചു. ജിതിൻ പറയാൻ തുടങ്ങി, ഞാൻ അറിയാതിരുന്ന ചില പരമാർത്ഥങ്ങൾ.. എനിക്കൊരു പ്രണയമുണ്ടെന്നും വിവാഹാലോചനയിൽ നിന്നു പിൻമാറണമെന്നും ജിതിനോട് പറഞ്ഞതിനെ തുടർന്നായിരുന്നു എല്ലാം സംഭവിച്ചത്. വിവാഹത്തിൽ നിന്നും പിൻമാറാൻ ഒരു വേള ജിതിൻ തയാറായിരുന്നത്രേ. ആദ്യമൊക്കെ ഹൃദ്യ പിന്നീട് സമ്മതിച്ചോളും എന്ന മനസുറപ്പോടെ അയാൾ മുന്നോട്ടു പോയി. എന്നാൽ അവസാന ഘട്ടത്തിൽ വല്ലാത്തൊരു ഭയം തോന്നി. വിവാഹ വേദിയിൽ വെച്ച് ഹൃദ്യ തന്നെ നാണം കെടുത്തു മോ എന്ന പേടി. സോഷ്യൽ മീഡിയയിൽ അങ്ങനെ ചില വീഡിയോസ് അയാൾ കണ്ടിരുന്നു. പള്ളിയിൽ , വിവാഹ ശുശ്രൂഷയിൽ വെച്ച് അച്ചനോട് സമ്മതമല്ല എന്ന് വ്യക്തമാക്കി പോലീസ് അകമ്പടിയോടെ ഇറങ്ങി വരുന്ന വധു... ഗുരുവായൂർ അമ്പലത്തിലെ വിവാഹ ചടങ്ങിനിടെ വരന്റെ കൈയ്യിൽ നിന്നും താലി തട്ടി മാറ്റി ഇറങ്ങിപ്പോയ വധു.. അങ്ങനെ പലതും..

ഹൃദ്യയുടെ പെരുമാറ്റവും അത് ഉറപ്പിക്കുന്ന മട്ടിലായിരുന്നു. ഒടുവിൽ വിവാഹ നിശ്ചയത്തിന് മുമ്പ് ജോയലും ഹൃദ്യയും കാണാനെത്തിയതോടെ ഭയം ഇരട്ടിച്ചു. ഹൃദ്യയുടെ വീട്ടിൽ വിവരം തുറന്നു പറയാനാണ് അച്ഛനും അമ്മയും ഉപദേശിച്ചത്. അവരെയും കൂട്ടി , ഹൃദ്യ തിരിച്ചെത്തുന്നതിന് മുമ്പേ അവിടെ എത്തി. എല്ലാവരും ചേർന്ന് ഒരു മറുമരുന്ന് ആലോചിച്ചു. എങ്ങനെയും ഹൃദ്യയെ വിവാഹത്തിൽ തന്നെ ഉറപ്പിച്ചു നിർത്തുമെന്ന് ഉറപ്പു കിട്ടി. കൂടിക്കാഴ്ചയ്ക്ക് ശേഷം ശുഭാപ്തി വിശ്വാസത്തോടെ അവർ മടങ്ങി. അതിനു ശേഷമാണ് ഹൃദ്യ തിരിച്ചെത്തിയത്. നേരെ അച്ഛനെ കണ്ട് എല്ലാം തുറന്നു പറയാൻ ശ്രമിച്ചപ്പോഴേക്കും അയാൾ കുഴഞ്ഞു വീണു. ആദ്യത്തെ വീഴ്ചയുടെ ആഘാതം ഹൃദ്യയെ വിട്ടൊഴിഞ്ഞിട്ടില്ലെന്നറിഞ്ഞുള്ള നാടകം. ജിതിന്റെ ബന്ധു ഡോക്ടറായി ജോലി ചെയ്യുന്ന ഹോസ്പിറ്റലിലേക്കാണ് കൊണ്ടുപോയത്. വിവാഹത്തിന് രണ്ടു ദിവസം മുമ്പു വരെ ഐസിയുവിലാണെന്ന് എല്ലാവരെയും ധരിപ്പിച്ച് അവിടെ പേ വാർഡിൽ കഴിഞ്ഞു..

കഴുത്തിൽ താലി വീണു കഴിഞ്ഞാൽ മകൾ അനുസരണയുള്ള ഭാര്യയായി കഴിയുമെന്നായിരുന്നത്രേ അച്ഛന്റെയും അമ്മയുടേയും ധാരണ. ക്രിസ്ത്യാനിയായതും പാവപ്പെട്ടവനായതുമാണ് ജോയലിൽ കണ്ട കുറ്റം.. താൻ മരിച്ചാലും ശരി ജോയലിന് ഹൃദ്യയെ കൈപിടിച്ചു കൊടുക്കില്ലെന്ന് അച്ഛൻ ആണയിട്ടിരുന്നുവത്രേ.. എല്ലാം കേട്ടു ഞാൻ നിന്നു.. കേട്ടതൊന്നും വിശ്വസിക്കാൻ വയ്യായിരുന്നു. ഒരു അച്ഛൻ മകളെ തോൽപിക്കാൻ കൂട്ടുനിൽക്കുക... അതെന്റെ അച്ഛനല്ല... മറ്റാരോ ആണ് ..ഓമനിച്ച് വളർത്തിയ എന്റെ അച്ഛന് എന്നെ ചതിക്കാനാവില്ല.. ഞാൻ ഏങ്ങലടിച്ചു കരയുകയായിരുന്നു... എന്റെ വിതുമ്പലുകൾ വളരെ വേഗം ഒരു വലിയ കരച്ചിലിലേക്ക് വഴി മാറി. ഇത്രയും ദിവസം കീഴടങ്ങലിനേക്കാൾ, വെറുപ്പും പ്രതികാരവുമാണ് എന്നെ നയിച്ചത്. വീണു പോകാതിരിക്കാൻ വാശിയുടെ തീഷ്ണത എനിക്കു കൂട്ടായിരുന്നു. എന്നാലിപ്പോൾ ഞാൻ ഒഴികെ മറ്റെല്ലാവരും ചേർന്ന് എന്നെയൊരു വിഡ്ഡി വേഷം കെട്ടിക്കുകയായിരുന്നു എന്ന തിരിച്ചറിവിൽ ഞാൻ തകർന്ന് നിലത്തേക്ക് വീണു..

ആകെ പകച്ചു നിൽക്കുകയായിരുന്നു ജിതിൻ. കരച്ചിലും ബഹളവും കേട്ട് താഴെ നിന്നും അമ്മയും ദൃശ്യയും ദർശനയും ഓടിക്കുതിച്ചു വന്നു. അച്ഛൻ അവശത കൊണ്ടാവാം സ്റ്റെയർ കേസിന്റെ കൈവരിയിൽ പിടിച്ച് ഏറെ സമയം എടുത്താണ് എത്തിയത്. ഞാനപ്പോൾ ഭിത്തിയിൽ ചാരിയിരുന്ന് മടക്കിയ കാൽ മുട്ടുകളിൽ മുഖം ചേർത്തു വെച്ചിരുന്ന് ഉറക്കെ കരയുകയായിരുന്നു. "എന്താ..എന്തു പറ്റി.." എന്ന അമ്മയുടെ ചോദ്യത്തിന് ജിതിൻ മറുപടി പറയാതെ വന്നു. അച്ഛൻ പടി കയറി വന്ന് അണച്ചു കൊണ്ട് ചോദിച്ചു " ഹൃദ്യേ..എന്തു പറ്റി എന്ന് പറയാൻ.." ഞാനൊന്നും പറഞ്ഞില്ല. എന്റെ വീട്ടിൽ ഞാൻ അന്യയായിരിക്കുന്നു. ചതിയൻമാരുടെ ഈ കൂടാരം ഇനി എന്റേതല്ല.. ജിതിൻ പറഞ്ഞതു പോലെ അയാൾക്കൊപ്പം പോകാനും വയ്യ.. ആശയ കുഴപ്പം എന്നെ പൊതിഞ്ഞു. "അച്ഛൻ വരൂ" എന്ന് ജിതിൻ അച്ഛനെ വിളിച്ചു കൊണ്ട് പുറത്തേക്കിറങ്ങി.

എന്നോട് ചോദിച്ചാൽ മറുപടി കിട്ടില്ലെന്നറിയാവുന്നത് കൊണ്ടായിരിക്കാം അയാൾക്കു പുറകെ അമ്മയും ദൃശ്യയും ദർശനയും ഇറങ്ങി പോയി. അവരെല്ലാം ഇപ്പോൾ ഒറ്റക്കെട്ടാണ്.. ഞാൻ മാത്രമാണ് തനിച്ചായത്.. ഒറ്റ... അൽപമെങ്കിലും ആത്മാഭിമാനം ഉണ്ടെങ്കിൽ ഇനി ഇവിടെ നിൽക്കരുതെന്ന വാശി എന്നിൽ നിറഞ്ഞു. ജിതിൻ വിചാരിച്ചത് പോലെ മറ്റൊരിടവും ഇല്ലാതെ ഞാൻ അയാളിലേക്ക് മടങ്ങാനും തീരുമാനിച്ചില്ല.. ഒന്നു മാത്രം മനസിൽ ഉറപ്പിച്ചു.. ഇനി ഇവരൊന്നും എന്റെ ആരുമല്ല.. ആരും.. അച്ഛൻ വാങ്ങിയതും ജിതിന്റെ വീട്ടുകാർ സമ്മാനിച്ചതുമായ , ശരീരത്തിലുണ്ടായിരുന്ന എല്ലാ ആഭരണങ്ങളും അഴിച്ച് മേശപ്പുറത്തു വെച്ചു. ധരിച്ച വസ്ത്രത്തോടെ ഇറങ്ങി. കൈയ്യിലൊരു ബാഗ് മാത്രം..അതിൽ ഏതാനും നോട്ടുകളും ചില്ലറയുമുണ്ട് ..പിന്നെ സർട്ടിഫിക്കേറ്റുകളും..അത്രയേയുള്ളു. താഴേക്ക് ഇറങ്ങിച്ചെന്നപ്പോൾ അമ്മ പുറകേ വന്നു തടഞ്ഞു. "ഹൃദ്യേ ... നീയെങ്ങോട്ടാ... നിൽക്ക് ... നിൽക്കു മോളേ..." അമ്മ കരയുന്നത് കണ്ട് എനിക്കു ചിരി വന്നു. എങ്കിലും മരവിപ്പോടെ നിന്നു.

അച്ഛൻ നെഞ്ചിൽ കൈ വെച്ച് പ്രാഞ്ചി വന്ന് കൈയ്യിൽ പിടിച്ചു. "എന്റെ മോളുടെ നൻമയ്ക്ക് വേണ്ടി ......" അച്ഛനെ മുഴുവൻ പറയാൻ സമ്മതിച്ചില്ല. "വേണ്ട.. അത്രയ്ക്ക് നൻമയൊന്നും എനിക്കു വേണ്ട..പിന്നെ ഹാർട്ട് അറ്റാക്ക് വരുമെന്ന് കാട്ടിയുള്ള ഈ നിൽപ്പ്.. ഇനി അഭിനയം വേണ്ടച്ഛാ.... ഒരിക്കൽ വന്നപ്പോ അനുഭവിച്ചത് ഓർമയുണ്ടല്ലോ... ഇനി വരല്ലേന്ന് പ്രാർത്ഥിക്ക് .." എന്റെ വാക്കുകളിലെ വെറുപ്പിൽ അച്ഛൻ ചൂളി നിന്നു. "ഞങ്ങൾ എന്തു തെറ്റാടീ ചെയ്തത്.. ഞങ്ങളുടെ മകൾ ഒരു അവശ ക്രിസ്ത്യാനിയുടെ കൂടെ ജീവിക്കരുതെന്ന് വിചാരിച്ചു.. അതിലെന്ത് തെറ്റ്.. പട്ടിണിയും പരിവട്ടവുമായി നീ കഴിഞ്ഞോട്ടേന്ന് വെക്കാൻ പറ്റില്ലായിരുന്നു... " അമ്മ ചീറി വന്നു. "അപ്പോൾ ദുരഭിമാനവും ഉണ്ട് എല്ലാത്തിനും പിന്നിൽ.. അതങ്ങനെ തന്നെ ഇരിക്കട്ടെ.. ഇനി ഒരു പാവകളിയ്ക്ക് നിന്നു തരാൻ എന്നെ കിട്ടില്ല.. ഞാൻ പോകുന്നു... പുറകേ വരരുത്.. എനിക്കിനി ഒന്നും നഷ്ടപ്പെടാനില്ല.. ജീവനല്ലാതെ.. പിന്നാലെ വന്ന് സ്വൈര്യം ഇല്ലാതാക്കിയാൽ മരിക്കാനും മടിക്കില്ല ഞാൻ.."

ഞെട്ടിത്തരിച്ചു നിൽക്കുന്നവരെ വെറുപ്പോടെ നോക്കി. കണ്ണു നിറച്ചു നിൽക്കുന്ന ദൃശ്യയേയും ദർശനയേയും നോക്കി വിങ്ങലോടെ പറഞ്ഞു "നിങ്ങളും കൂട്ടു നിന്നു...ങ്ഹാ കോടീശ്വരനായ ചേട്ടനെ കിട്ടുമ്പോൾ അതിന്റെ ഒരു ഉപകാരം നിങ്ങൾക്കും കിട്ടുമല്ലോ.. ആദ്യ പടി കിട്ടിക്കഴിഞ്ഞു. കല്യാണത്തിന് അഞ്ചു പവൻ വീതം അനിയത്തിമാർക്ക് .. ചേച്ചിയുടെ കല്യാണം ആർക്കുമൊരു നഷ്ടക്കച്ചവടം ആയില്ല..അല്ലേ.." ദർശനയും ദൃശ്യയും മിഴികൾ താഴ്ത്തി നിന്നു. ജിതിനരികിൽ നിൽക്കുന്ന അച്ഛനോട് പരിഹാസ രൂപേണ പറഞ്ഞു " പൊൻമുട്ടയിടുന്ന മരുമകനെ വേണ്ടെന്ന് വെക്കണം എന്നില്ല. ദൃശ്യയ്ക്കോ ദർശനയ്ക്കോ വിവാഹം കഴിച്ചു കൊടുത്തേക്കൂ.. എനിക്ക് എതിർപ്പില്ല. " മുഖത്തടിച്ചത് പോലെ പറഞ്ഞിട്ട് ഞാനിറങ്ങി. മുമ്പിൽ നീണ്ടു പോകുന്ന ടാറിട്ട വഴി.. എങ്ങോട്ട് പോകണം. അതുവഴി വന്ന ഓട്ടോറിക്ഷ കൈകാട്ടി നിർത്തി. തൃശൂർ എന്നു പറഞ്ഞ് പുറത്തേക്ക് മിഴി നട്ടിരുന്നു. നിറഞ്ഞ മിഴികൾ തുടച്ചു കൊണ്ട് മനസിലുറപ്പിച്ചു ഇനി കരയില്ല. തൃശൂരെത്തി. ശക്തൻ സ്റ്റാൻഡിൽ ചെന്ന് എന്തു ചെയ്യണമെന്നറിയാതെ നിൽക്കുമ്പോൾ ഭിത്തികളിൽ ഒട്ടിച്ചു വെച്ചിരിക്കുന്ന പരസ്യങ്ങൾ കണ്ടു.

വാണ്ടഡ് സെയിൽസ് ഗേൾസ് , ഹോം നഴ്സിനെ ആവശ്യമുണ്ട്. വീട്ടുജോലിക്കാരിയെ ആവശ്യമുണ്ട്. മനസിലൊരു തണുപ്പു വീണു. വേണമെങ്കിൽ ഈ ലോകത്ത് തനിച്ചു ജീവിക്കാനുള്ള സാധ്യതകളുണ്ട്. പോകണം.. തത്ക്കാലം കേരളത്തിൽ വേണ്ട. തൊഴിലവസരങ്ങളിൽ നോക്കി മറ്റെവിടെ എങ്കിലും.. സ്റ്റാൻഡിൽ ഇട്ടിരുന്ന കസേരകളിൽ ഒന്നിലിരുന്നു. മൊബൈലെടുത്ത് പരസ്യത്തിൽ കണ്ട നമ്പറിലേക്ക് വിളിക്കാൻ തുനിഞ്ഞതും ജോയലിന്റെ കോൾ വന്നു. "ഹൃദ്യ ...നീയെവിടെ .. ദൃശ്യ എന്നെ വിളിച്ചു. ചേച്ചി ഇറങ്ങിപ്പോയെന്ന് പറഞ്ഞ് കരയുന്നു...എന്താ സംഭവിച്ചത് മോളേ..'' ഒറ്റശ്വാസത്തിൽ വേവലാതിയോടെ ജോയൽ ചോദിച്ചു. എനിക്കു വീണ്ടും കരച്ചിൽ പൊട്ടി. ശബ്ദം താഴ്ത്തി സംഭവിച്ചതെല്ലാം ഞാൻ ഒന്നൊഴിയാതെ ജോയലിനോട് പറഞ്ഞു. എല്ലാം കേട്ടുകഴിഞ്ഞ് ജോയൽ പറഞ്ഞു "ഹൃദ്യാ ..നീ എവിടേക്കും പോകരുത്.. അങ്ങനെ ആരുമില്ലാത്തവളായി എവിടെയും പോകേണ്ടവളല്ല നീ.. ഞാൻ പറയുന്നത് ഹൃദ്യ അനുസരിക്കണം.. ഒരു ഓട്ടോ വിളിച്ച് നീ നേരെ എന്റെ വീട്ടിലേക്ക് ചെല്ല്.. ഞാൻ മമ്മിയെ വിളിച്ചു പറയാം. ഒന്നും പേടിക്കണ്ടെടാ.. ഇഷ്ടപ്പെട്ടയാളുടെ കൂടെ ജീവിക്കാൻ വിവാഹം കഴിക്കണം എന്നൊന്നുമില്ല..

നാളെ തന്നെ ഒരു വക്കീലിനെ കണ്ട് വിവാഹ മോചനത്തിനുള്ള പരാതി നൽകണം.. ഇവിടുന്ന് ലീവു കിട്ടിയാലുടനെ ഞാൻ വരാം.. അല്ലെങ്കിൽ പോലീസ് എന്നെ വിളിപ്പിക്കുമ്പോൾ വരാം.. അതു മാത്രമാണിതിന് പോംവഴി..മറ്റെവിടേക്കും നിന്നെ പറഞ്ഞു വിടാൻ ഞാൻ തയാറല്ല... " എരിയുന്ന മനസിലേക്ക് മഴ തണുപ്പോടെ പെയ്തു വീഴുകയായിരുന്നു ജോയലിന്റെ വാക്കുകൾ.. എന്തു സംഭവിച്ചാലും ഒന്നിച്ചു നേരിടാമെന്ന അവന്റെ ആത്മവിശ്വാസം എന്നെയും പൊതിഞ്ഞു. "ഞാൻ മമ്മിയെ വിളിച്ച് മരുമകളെ സ്വീകരിക്കാനുള്ള തയ്യാറെടുപ്പുകൾ റെഡിയാക്കാൻ പറയാം.. ഒന്നും പേടിക്കണ്ട... ആരെയും പേടിക്കണ്ട..നല്ല അരിവാളും കത്തിയുമൊക്കെ ഉണ്ട് മമ്മീടെ കയ്യിൽ.." എനിക്കു ചിരി വന്നു..എന്റെ സന്തോഷമെല്ലാം തിരികെ കിട്ടിയതുപോലെ. സന്ധ്യ ഇരുട്ടിന്റെ മുഖാവരണമണിഞ്ഞു..

ഇനി ഇവിടെ നിൽക്കുന്നതും ശരിയില്ല.. ആളുകൾ ശ്രദ്ധിക്കുന്നുണ്ട്. അതു പറഞ്ഞപ്പോൾ ജോയൽ എന്നാൽ ഓട്ടോ പിടിച്ചു പോകണ്ട എന്നു പറഞ്ഞു " ബസ് സ്റ്റാൻഡിൽ നിന്നു തന്നെ കിട്ടും.." എന്ന് ഓർമ്മിപ്പിച്ചു. ഞാൻ ബാഗുമെടുത്ത് ബസിൽ കയറിയിരുന്നു. ഏഴരയായപ്പോഴേക്കും ജോയലിന്റെ സ്റ്റോപ്പിൽ ഇറങ്ങി. ഓരോരോ ജോലിയ്ക്ക് പോയിട്ടു വന്നവർ തിരക്കിട്ട് നടക്കുന്നത് കണ്ടു. വീതി കുറഞ്ഞ ഇടവഴിയിലൂടെ അരകിലോമീറ്റർ നടക്കണം ജോയുടെ വീട്ടിലേക്ക്. ഞാൻ വേഗത്തിൽ നടക്കവേ, പെട്ടന്നൊരു കാർ എന്റെ അരികിൽ വന്നു നിന്നു. ഞെട്ടിത്തിരിഞ്ഞു നോക്കുമ്പോഴേക്കും ഒരാളുടെ കൈ നീണ്ടു വന്നെന്നെ ശക്തിയോടെ അകത്തേക്ക് വലിച്ചിട്ടു. കാർ അതിവേഗം ചീറിപ്പാഞ്ഞു പോയി.. നിലവിളിക്കാനാഞ്ഞ എന്റെ മുഖവും വായും ശക്തിയിൽ അമർത്തിപ്പിടിച്ച മനുഷ്യന്റെ മുഖം ഞാൻ കണ്ടു. ജിതിൻ....തുടരും....

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story