കാണാദൂരം : ഭാഗം 8

kanadhooram

രചന: ഷൈനി ജോൺ

 ഇതേതു ദിവസം, എത്ര ദിവസമായി ഞാനീ മുറിയ്ക്കുള്ളിൽ കുടുങ്ങിപ്പോയിട്ട് എന്നൊന്നും എനിക്ക് അറിയാതെയായി. ജിതിൻ വരുമ്പോൾ വാതിൽ തുറക്കപ്പെടും. അയാൾ അകത്തു കടന്നാലുടനെ വാതിൽ ലോക്ക് ചെയ്യപ്പെടും.. ഭക്ഷണവും വെള്ളവും കൃത്യമായി ജിതിൻ എത്തിക്കുന്നുണ്ട്. അല്ലാതെ ഒരു ഈച്ചയെ പോലും അകത്തേക്ക് കയറ്റാറില്ല. രണ്ടാഴ്ചയെങ്കിലും കഴിഞ്ഞിട്ടുണ്ടാവണം. ഒന്നു രണ്ടു തവണ മിഥുന ജനൽ വഴി വന്ന് വിളിച്ചു. ഒരു തവണ ജിതിന്റെ കൈയ്യിൽ നിന്നും ഡോർ കീ കൈവശപ്പെടുത്തി കൊണ്ടുവന്നു. അത് എന്റെ കൈയ്യിലെത്തും മുമ്പ് ജിതിൻ കണ്ടുപിടിച്ചു. മിഥുനയുടെ മുഖത്ത് ഒരടിയായിരുന്നു പ്രതിഫലം. "പോടീ " എന്ന അലർച്ച കേട്ട് ഞാൻ തന്നെ ഞെട്ടിപ്പോയി. പാലക്കാട് എവിടെയോ ഒരാൾ കാമുകിയെ പത്തു വർഷം മുറിയിൽ ഒളിപ്പിച്ചു വെച്ച വാർത്ത ഓർത്തു ഞാൻ.. ജിതിൻ എന്നെ ഒരിക്കലും തുറന്നു വിടില്ലേ.. പട്ടിണി കിടന്ന് പ്രതിഷേധിച്ചു നോക്കി. ആദ്യമൊക്കെ ജിതിൻ അടുത്തു വന്നിരുന്ന് വാരി തരാൻ ശ്രമിച്ചു.

വാ തുറക്കാതിരുന്നപ്പോൾ ഭ്രാന്ത് വന്നതു പോലെ കൈ വിരലുകൾ കൊണ്ട് കുത്തി തുറന്ന് ഭക്ഷണം വായിലേക്ക് തള്ളിക്കയറ്റി. എനിക്ക് ശ്വാസം മുട്ടി. കവിളിലെ വേദന അസഹനീയമായിരുന്നു. പിന്നെ പിന്നെ അതു ഭയന്ന് കിട്ടുന്നതെന്തെങ്കിലും നുള്ളിപ്പെറുക്കി കഴിക്കാൻ തുടങ്ങി. "അങ്ങനെ നല്ല കുട്ടിയായി ജിത്തേട്ടൻ പറയുന്നത് അനുസരിക്ക് ഹൃദ്യാ " എന്നു പറഞ്ഞ് ജിതിൻ എന്നെ കെട്ടിപ്പിടിച്ചു കവിളുകളിലെ കൈപ്പാടിന് മീതെ അമർത്തി ഉമ്മവച്ചു. എന്തു ചെയ്താലും ഞാനിപ്പോൾ പ്രതികരിക്കാതായിരിക്കുന്നു. ജീവനുള്ള പാവയായി മാറിക്കഴിഞ്ഞു. മരണം വരെ ഇതിനകത്ത് കിടക്കേണ്ടി വരുമോ എന്നു പോലും ചിന്തിച്ചു. ജിതിനെ സ്നേഹിക്കുന്നുവെന്നും അയാൾക്കൊപ്പം കഴിയാമെന്നും വാക്കു കൊടുക്കുന്ന നാൾ വരെ ഈ ബന്ധനം തുടരുമെന്നാണ് അയാൾ പറഞ്ഞത്. വെറുതെ പറഞ്ഞാൽ പോര ... ആത്മാർഥമായിട്ടായിരിക്കണം. വാക്കു പാലിക്കണം.. എങ്കിൽ അയാൾ എന്നെ കൈ വെള്ളയിൽ വെച്ച് പരിപാലിക്കുമത്രേ.

പക്ഷേ, ഈ തകർന്ന ശരീരത്തിൽ ജീവന്റെ ഒരു തുള്ളി എങ്കിലും ശേഷിക്കുന്നുണ്ടെങ്കിൽ അയാളുടെ ഇംഗിതത്തിന് അനുകൂലമായ വാക്ക് നൽകാൻ എനിക്ക് കഴിയില്ല. അന്നും ഒരു രക്ഷപെടലിനെ കുറിച്ച് ഞാൻ ചിന്തിച്ചിരുന്നില്ല. ഒരു പുലർച്ചെ ജിതിന്റെ അമ്മ വന്ന് വാതിലിൽ ആഞ്ഞടിക്കുന്നത് വരെ "ജിത്തേ... ജിത്തേ വാതിൽ തുറക്ക് " എന്ന് അവർ ഭ്രാന്തിയെ പോലെ ഉറഞ്ഞു തുള്ളി. ജിതിൻ എന്റെ ദേഹത്ത് അമർന്നു കിടക്കുകയായിരുന്നു. അയാളുടെ ആവശ്യം പാതിയിൽ നിർത്തേണ്ടി വന്ന നീരസത്തോടെ ജിതിൻ എഴുന്നേറ്റ് വാതിലിനു നേർക്ക് ചെന്നു. "അമ്മയ്ക്ക് എന്താ വട്ടായോ " ? എന്ന് അയാൾ ജ്വലിച്ചു. " അതേടാ... ഇതെല്ലാം കണ്ടു കണ്ട് എനിക്ക് വട്ടായി.. ആ പെൺകൊച്ചിനെ എത്ര നാളായി നീ പൂട്ടിയിട്ടിരിക്കുന്നു. ഇനി നിന്റെ പകയ്ക്കും വിദ്വേഷത്തിനും അവളെ ഇട്ടു തരാൻ ഞാൻ തീരുമാനിച്ചിട്ടില്ല. മര്യാദയ്ക്ക് ഹൃദ്യയെ തുറന്ന് വിടാനാ ഞാൻ പറഞ്ഞത് " അമ്മയുടെ ശബ്ദമുയർന്നത് ജിതിനെ അസ്വസ്ഥനാക്കുന്നത് ഞാൻ കണ്ടു. "അന്നേ ഞാൻ പറഞ്ഞു, ഒരാളെ പ്രേമിക്കുന്ന പെണ്ണ് അതു തുറന്നു പറഞ്ഞിട്ടും അവളെ തന്നെ കെട്ടണമെന്ന് വാശി പിടിക്കരുതെന്ന് ..

അപ്പോൾ മകനും തന്തയും ഒറ്റക്കെട്ടായി നിന്നു.. ചെമ്മീൻ ചാടിയാൽ മുട്ടോളം.. പിന്നേം ചാടിയാൽ ചട്ടിയോളം.. അങ്ങനെ അല്ലേ അന്ന് നിന്റെ അച്ഛൻ നിനക്ക് പറഞ്ഞു തന്നത്.. ഇപ്പോഴെന്താടാ പൂട്ടിയിട്ടില്ലെങ്കിൽ അവൾ ചട്ടിയിൽ നിന്ന് ചാടിപ്പോകുമോ.." അമ്മ വാതിലിൽ ആഞ്ഞടിച്ചു കൊണ്ടാണ് ഓരോന്നും വിളിച്ചു പറയുന്നത്. "എന്റെ രാജലക്ഷ്മീ ... അവര് ഭാര്യയും ഭർത്താവും മുറിയിൽ ഒന്നിച്ചു കഴിയുന്നതാണോ നിന്റെ പ്രശ്നം .." എന്ന് അയാളുടെ അച്ഛൻ പരിഹസിക്കുന്നതും കേൾക്കാമായിരുന്നു. "നിങ്ങളെ പോലെ മക്കൾക്ക് തെറ്റു ചെയ്യാൻ വളം വെച്ച് കൊടുക്കുന്ന ഒരു തന്തയെ കിട്ടിയത് കൊണ്ടാണവൻ ക്രൂരനായി പോയത്.." അയാളുടെ അമ്മ ഉറഞ്ഞു തുള്ളുന്നു. "ജിതിനേ നീ അവളെ പുറഞ്ഞു വീട്ടില്ലെങ്കിൽ കളി മാറും.. ഞാൻ അയൽക്കാരെ വിളിച്ചു വരുത്തും. അവർ പോലീസിനെ വിളിക്കും..

രണ്ടു വീട് അപ്പുറത്താണ് ജന്മദേശം ചാനലിലെ റിപ്പോർട്ടർ താമസിക്കുന്നതെന്ന് നീ മറക്കണ്ട.. അന്നാ മേരിയെ വിളിച്ച് ഞാൻ വിവരം പറയും... നീ നാറും.. മറുപടി പറയേണ്ടിവരും ജിത്തേ.." അമ്മയുടെ വാക്കുകൾ അയാളെ ഭയപ്പെടുത്തിയെന്നു തോന്നി. ജിതിൻ വാതിൽ വലിച്ചു തുറന്നു . വാതിലിനപ്പുറത്ത് കോപാന്ധയായ അമ്മയേയും ഭയന്നു നിൽക്കുന്ന മിഥുനയേയും നിധിനെയും ഒന്നും സംഭവിക്കാത്ത മട്ടിൽ നെഞ്ചിൽ കൈ കെട്ടി നിൽക്കുന്ന ജിതിന്റെ അച്ഛനെയും ഞാൻ കണ്ടു. എന്റെ വസ്ത്രങ്ങൾ നീങ്ങി , പാതിയിലേറെ നഗ്നയായിട്ടാണ് ഞാനിരിക്കുന്നത് എന്നു പോലും ഞാൻ മറന്നിരുന്നു. ദീർഘകാലം ഏതോ വനാന്തരത്തിലെ ഗുഹയിൽ പെട്ടു പോയൊരാൾ പൊടുന്നനെ പുറം ലോകത്ത് എത്തുമ്പോഴുണ്ടാകുന്ന ഒരു തരം ഉത്കണ്ഠയിൽ എന്റെ മനസിടറി. ശില പോലെ ഇരിക്കുന്ന എന്നെ അമ്മ ഒന്നു നോക്കി. അവർ അകത്തേക്കു വരുന്നത് തടയാൻ ശ്രമിച്ച ജിതിനെ കുടഞ്ഞ് തെറിപ്പിച്ച് അവർ എന്റെ അടുത്തേക്ക് വന്നു. അരികിലെത്തിയതും അതുവരെ കണ്ട ഉഗ്ര വേഷം വെടിഞ്ഞ് " പൊന്നു മോളേ" എന്ന ഒരു കരച്ചിലോടെ അമ്മ എന്നെ കെട്ടിപ്പിടിച്ചു.

ഞാനാ നെഞ്ചിൽ സ്ഥലകാല ബോധം നശിച്ചവളെ പോലെ ചേർന്നു കിടന്നു. അമ്മ എന്നെ പുതപ്പുകൊണ്ട് പൊതിഞ്ഞു. ജിതിനെ പുറത്താക്കി വാതിലടച്ചു. കൈ പിടിച്ചു കൊണ്ടു പോയി കുളിപ്പിച്ചതിന് ശേഷം അലമാരയിൽ നിന്നൊരു ചുരിദാർ എടുത്തു ധരിപ്പിച്ചു. ഒരു കുഞ്ഞിനെ പോലെ ലജ്ജയേതുമില്ലാതെ ഞാൻ അങ്ങനെ നിന്നതേയുള്ളു.. അതിനൊന്നുമുള്ള ബോധം എന്നിലേക്ക് തിരിച്ചെത്തിയിരുന്നില്ല. അമ്മ എന്റെ ബാഗെടുത്ത് അലമാരയിലിരുന്ന എന്റെ ആഭരണങ്ങൾ എല്ലാം അതിലെടുത്തു വെച്ചു. അതെന്റെ ചുമലിലിട്ടിട്ട് മുഖം അൽപം പിടിച്ചു താഴ്ത്തി നെറ്റിയിൽ ഉമ്മ വെച്ചു.എന്നിട്ട് കണ്ണീരോടെ എന്നെ നോക്കി " വേഗം രക്ഷപെട്ടോള് ..ഇനി ജിതിൻ നിന്നെ തിരഞ്ഞു വരില്ല.. അതിന് ഞാൻ ജീവിച്ചിരിക്കുമ്പോൾ അവന് കഴിയില്ല.. മോള് എന്നോട് ക്ഷമിക്ക് .. ഇങ്ങനെ ഒരു ധൈര്യം കാണിക്കാൻ ഇത്ര ദിവസത്തെ തയ്യാറെടുപ്പ് വേണ്ടി വന്നു... തന്തയും മകനും കൂടി എന്നെ കൊല്ലാനും മടിക്കില്ലായിരുന്നു... ഇന്ന് ഞാൻ വിചാരിച്ചു.. കൊല്ലുന്നെങ്കിൽ കൊല്ലട്ടെ..

നിന്നെ ഇനിയും കൊല്ലാക്കൊല ചെയ്യാൻ കൂട്ടു നിൽക്കാൻ വയ്യെന്ന് .." അതെല്ലാം കേട്ടിട്ടും മര പ്രതിമ പോലെ നിന്ന എന്നെ ഉറ്റു നോക്കി അമ്മ അമ്പരപ്പോടെ ചോദിച്ചു "ഹൃദ്യയെന്താ ഇങ്ങനെ നിൽക്കുന്നത്. ജിതിന്റെ കൂടെ ഇത്രയും ദിവസം കഴിയേണ്ടി വന്നപ്പോൾ ഇനി അവന്റെ കൂടെ തന്നെ ജീവിക്കാമെന്നു വല്ലതും തീരുമാനിച്ചിട്ടുണ്ടോ? പൊടുന്നനെ എന്റെ കണ്ണുകൾ നിറഞ്ഞു . കണ്ണീർ ചാലുകൾ കവിളിലൂടെ ഒഴുകി. മരിക്കേണ്ടി വന്നാൽ പോലും ജിതിനോടൊപ്പമുള്ള ജീവിതത്തെ കുറിച്ച് ഞാൻ ചിന്തിക്കില്ല അമ്മേ എന്ന് പറയണമെന്നുണ്ടായിരുന്നു. പക്ഷേ വാക്കുകൾ തൊണ്ടയിൽ തന്നെ കുരുങ്ങി. എന്നാൽ അതെല്ലാം മനസിലാക്കിയ മട്ടിൽ അമ്മ എന്റെ കൈ പിടിച്ച് വാതിൽ തുറന്ന് പുറത്തേക്ക് നടത്തി. പുറത്ത് എന്തു ചെയ്യണമെന്ന് ചിന്തിച്ചു നിന്ന ജിതിനോട് അവർ കൈ ചൂണ്ടി. "ജിത്തേ..ഇനി അവൾ അവൾക്കിഷ്ടമുള്ള ജീവിതം ജീവിക്കും.. നിനക്കെതിരേ കേസ് കൊടുക്കണോ വേണ്ടയോ എന്നു കൂടി അവൾ തീരുമാനിക്കും.. പുറകേ ചെന്ന് നീയവളെ ദ്രോഹിച്ചാൽ നീ ജയിലിൽ കിടക്കുന്നത് എന്റെ പരാതിയിൽ മേലായിരിക്കും. അതുകൊണ്ട് നീ അവളെ മറന്നേക്ക്..

ഹൃദ്യയുടെ ദേഹത്തിനി ഒരു പൊടിമണ്ണ് വീഴ്ത്തിയാൽ പോലും മകനാണെന്നും അമ്മയാണെന്നും ഉള്ള ബന്ധം ഞാൻ മറക്കും.. കാരണം എനിക്കും ഉണ്ട് ഒരു മോള് .." അവർ കിതച്ചു കൊണ്ട് ജിതിന്റെ അച്ഛന്റെ നേർക്കും വിരൽ ചൂണ്ടി. " ഇതിന്റെ പേരിൽ അച്ഛനും മകനും എന്നെ ഇവിടുന്ന് പറഞ്ഞു വിടുന്നെങ്കിൽ ഞാൻ എന്റെ മോളെയും നിധിനേയും കൊണ്ട് ഈ പടി ഇറങ്ങും.. അതല്ല എന്നെ തട്ടിക്കളയാൻ വിചാരിച്ചെങ്കിൽ ഇതു കൊണ്ടൊന്നും തീരില്ല.. എന്റെ വീട്ടിൽ ഞാനെല്ലാ വിവരങ്ങളും അറിയിച്ചിട്ടുണ്ട്..'' അമ്മ ഒറ്റയാൾ പട്ടാളം പോലെ പൊരുതുകയാണല്ലോ എന്ന് ഞാനോർത്തു . മറ്റെല്ലാവരും ആ തന്റേടത്തിന് മുന്നിൽ നിഷ്പ്രഭരായി നിൽക്കുന്നു. ഇത് നേരത്തേ വേണ്ടതായിരുന്നു. സ്ത്രീ ദുർബലയാകുന്ന വീടുകളിൽ പുരുഷൻമാർ അനീതിയുടെ ചതുരംഗക്കരുക്കൾ നീക്കുമെന്ന് ഞാൻ ചിന്തിച്ചു. പക്ഷേ... ഒടുവിൽ എല്ലാം സഹന ശക്തിയ്ക്കും അപ്പുറമെത്തിയപ്പോൾ പ്രതികരിക്കാനുള്ള ധൈര്യമെങ്കിലും അവർ കാട്ടി... അത്രയും നല്ലത്.. അമ്മ എവിടുന്നോ എന്റെ ഫോൺ തപ്പിയെടുത്തു കൊണ്ടു വന്നു തന്നു. "ഇനി പൊയ്ക്കോളു മോളേ.. ഈ നശിച്ച വീട്ടിൽ ഒരു നിമിഷം പോലും നിൽക്കരുത് ". അമ്മ എന്നെ കൈപിടിച്ച്‌ മുറ്റത്തേക്ക് വിട്ടു.

എനിക്കു പിന്നിൽ വാതിലടഞ്ഞു. അബോധാവസ്ഥയിലെന്നതു പോലെ ഞാൻ ഗേറ്റിനു നേരെ നടന്നു. വഴിയിലൂടെ സ്കൂൾ കുട്ടികൾ യൂണിഫോമണിഞ്ഞ് കളിച്ചും ചിരിച്ചും നടന്നു പോകുന്നു. അവർക്കു പിന്നിൽ ഓരോ ചുവടും പെറുക്കി വെച്ചു ഞാൻ നടന്നു. ഇനി എങ്ങോട്ട് ... അനിശ്ചിതാവസ്ഥയുടെ നൂൽ പാലത്തിൽ ജീവിതമാകെ ആടിയുലയുന്നത് ഞാൻ അനുഭവിച്ചു. മൊബൈലെടുത്ത് നോക്കി. സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണ്. ഞാൻ അത് ഓൺ ചെയ്തു. തുരുതുരെ നോട്ടിഫിക്കേഷനുകൾ വന്നു ഫോൺ നിറഞ്ഞു. വഴിയരികിൽ കണ്ട ബസ് സ്റ്റോപ്പിന്റെ ഭിത്തിയിൽ ചാരി നിന്ന് ഞാൻ അതെല്ലാം തുറന്നു നോക്കി. ജോയലിന്റെ കോളുകൾ ആയിരുന്നു മിസ്ഡ് കോൾ അലർട്ട് കാണിച്ചതിലേറെയും. മെസേജുകളും നിരവധി. അവസാനം അയച്ച മെസേജ് ഞാൻ വായിച്ചു. "ഒരിക്കൽ കൂടി പ്രതീക്ഷ തന്ന് നീ എന്നെ ചതിച്ചു..

ഹൃദ്യാ.. നീ മനസു മാറ്റി അവന്റെ കൂടെ ജീവിക്കാൻ തീരുമാനിച്ചു അല്ലേ.. ഇനി എന്നെ വിളിക്കരുത്.. നിനക്ക് എന്നിലേക്ക് എത്താനുള്ള എല്ലാ വഴികളും അവസാനിച്ചിരിക്കുന്നു. ഞാൻ വെറുക്കുന്നു.. നീയും ജിതിനും മധുര നിമിഷങ്ങൾ പങ്കുവെക്കുന്ന വീഡിയോ എനിക്കും കിട്ടി... എല്ലാത്തിനും നന്ദി.. ഗുഡ് ബൈ.." ഇടർച്ചയോടെ ഞാൻ നിന്നു.. ശരീരം വിറച്ചു.. വിശപ്പ് അതിഭീകരമായി എന്നെ കാർന്നു തിന്നു. പതിവുള്ളത് പോലെ മാനസിക സമ്മർദ്ദം വരുമ്പോഴുള്ള കൊടും വിശപ്പ്... എത്രയോ ദിവസമായി പട്ടിണിയിൽ തന്നെ ആയിരുന്നു ഞാൻ..എല്ലാ വിശപ്പുകളും ഒന്നിച്ച് വന്ന് എന്നെ ആക്രമിക്കാൻ തുടങ്ങി. തല കറങ്ങി വീഴുമെന്ന ഭീതിയിൽ ഞാൻ ഭിത്തിയിലേക്ക് കഴിയുന്നത്ര ചേർന്നു നിന്നു. അപ്പോൾ എന്റെ മുമ്പിൽ ഒരു കാർ വന്നു നിന്നു. ഗ്ലാസ് താഴ്ന്നു. ഡ്രൈവിംഗ് സീറ്റിൽ നിന്നും എനിക്കു നേരെ നീളുന്ന നോട്ടം... ആ മുഖം കണ്ട് ഞാൻ സ്തബ്ധയായി നിന്നു...തുടരും....

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story