കാണാദൂരം : ഭാഗം 8

kanadhooram

രചന: ഷൈനി ജോൺ

വീണു പോകരുതേ എന്ന ചിന്തയോടെ ഞാൻ നിന്നു. എനിക്കു നേരെ നീളുന്ന നോട്ടത്തിൽ നിന്നും രക്ഷപെട്ട് ഒളിക്കണമെന്ന് മനസു തുടിച്ചെങ്കിലും ശരീരം ചലിച്ചില്ല. കാറിന്റെ ഡോർ തുറക്കപ്പെടുന്നത് ഉൾക്കാടിലത്തോടെയാണ് ഞാൻ കണ്ടത്. ഇറങ്ങി അടുത്തേക്ക് നടന്നു വരുന്ന രൂപം നിറകണ്ണുകൾ തു മുന്നിൽ അവ്യക്തമായി. " ഹൃദ്യാ " തോളിൽ തട്ടി മുഖത്തേക്ക് നോക്കി അമ്പരപ്പോടെ വിളിക്കുന്നത് കേട്ടു. "ആൻ. " എന്റെ വാക്കുകൾ ഇടറിപ്പോയി. "നീയെന്താ ഇങ്ങനെ നിൽക്കുന്നത്.. നിനക്ക് വയ്യേ.. മുഖം വല്ലാതിരിക്കുന്നതു പോലെ.. നിനക്ക് സുഖമില്ലേ.." ആൻമരിയ എന്നെ ആകമാനം നോക്കി. ഞാൻ മിഴികൾ താഴ്ത്തി നിന്നു. "ഹൃദ്യാ ..നിന്റെ ഹസിന്റെ വീട് ഇവിടെ അടുത്തല്ലേ.. വാ..ഞാൻ കൊണ്ടു വിടാം.. എവിടെ പോകാനിറങ്ങിയതാണെങ്കിലും ഈ സ്ഥിതിയിൽ അതു വേണ്ട.." ആൻ മരിയയുടെ ഉത്കണ്ഠ നിറഞ്ഞ നോട്ടത്തിൽ ഞാനാകെ ചൂളി നിന്നു.

കോളജിൽ എന്റെ ക്ലാസ്മേറ്റായിരുന്നു ആൻ. ഞങ്ങൾ സുഹൃത്തുക്കൾ ആയിരുന്നില്ല. കാണുമ്പോൾ ഉള്ള ഹായ് ,ബൈ ബന്ധം മാത്രം. അവളോട് എന്റെ ജീവിത കഥ പറയാനുള്ള അടുപ്പമൊന്നും ഉണ്ടായിരുന്നില്ല. അതിൽ എനിക്കു വിമുഖതയും തോന്നി. പക്ഷേ, അധിക നേരം കൂടി തളർന്നു വീഴാതെ എനിക്കിങ്ങനെ നിൽക്കാനും വയ്യെന്നു തിരിച്ചറിഞ്ഞു. ഇപ്പോഴേ കണ്ണിൽ ഇരുട്ടു പടരുന്നത് പോലെ.. എന്റെ മൗനം കണ്ട് ആൽമരിയ തോളിൽ കൈ വെച്ച് സംശയത്തോടെ നോക്കി. " ഹൃദ്യ.. എന്താ വയ്യേ നിനക്ക്.. "!! ആ ചോദ്യം കേട്ടതും എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. ഒരു വിതുമ്പൽ എന്നെ ഉലച്ചു. എന്തു വേണമെന്നറിയാതെ ആൻ രണ്ടു നിമിഷം നിന്നു. എന്നിട്ട് എന്റെ കൈപിടിച്ചു കൊണ്ട് " നീ വന്നേ..'' എന്നു വിളിച്ച് എന്നെ കാറിനു നേർക്ക് നടത്തിക്കൊണ്ടുപോയി. ഡോർ തുറന്ന് എന്നെ അകത്തു കയറ്റി. അവളും ഡ്രൈവിംഗ് സീറ്റിൽ കടന്നിരുന്നു. ശേഷം ഒരു മിനറൽ വാട്ടർ ബോട്ടിൽ തുറന്ന് എനിക്കു നേരെ നീട്ടി. " കുടിക്ക് " എന്ന് അലിവോടെ പറഞ്ഞു. ഞാൻ ആ വെള്ളം കുടിച്ചു..

തൊണ്ടയിലൂടെ ഒരു ജലധാര ഒഴുകുന്നത് പോലെ... പതിയെ ശരീരത്തിന്റെ വിറയൽ നിലച്ചു. "ഓ.കെ. ആയോ " ? ഡ്രൈവ് ചെയ്യുന്നതിനിടയിൽ ആൻ മരിയ എന്നെ നോക്കി. ഞാൻ ചിരിക്കാൻ ശ്രമിച്ചു. അവൾ ബാഗ് തുറന്ന് ഒരു ചെറിയ ബോക്സ് തുറന്ന് മടിയിൽ വെച്ചു തന്നു. "ഡ്രൈ നട്സ് ആണ് .. അണ്ടിപ്പരിപ്പ്, മുന്തിരി, ബദാം, പിസ്ത ... ഡ്രൈവ് ചെയ്ത് ബോറടിക്കുമ്പോൾ കഴിക്കാനുളളതാ..'' അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു. "നീയിത് കഴിക്ക്... നിനക്ക് നല്ല ക്ഷീണമുണ്ട് ഹൃദ്യേ...." എന്ന് സ്നേഹത്തോടെ നോക്കി. ഞാൻ അതു തുറന്നു. അൽപ്പം കഴിച്ചപ്പോഴേക്കും ആരോഗ്യം തിരിച്ചു കിട്ടിയത് പോലെയായി. ഞാൻ ആൻ മരിയയെ നോക്കി മന്ദഹസിക്കാൻ ശ്രമിച്ചു. "എവിടേക്ക് ഡ്രോപ് ചെയ്യണം എന്നു പറഞ്ഞില്ലല്ലോ.. കല്യാണത്തിന് വന്നതു കൊണ്ട് ഇവിടെയാണ് നിന്റെ ഹസിന്റെ വീടെന്ന് അറിയാം.

അവിടേക്കാണോ അതോ നിന്റെ വീട്ടിലേക്കോ "? അവളുടെ ചോദ്യത്തിന് എന്താണ് മറുപടി പറയുക എന്നെനിക്ക് അറിയില്ലായിരുന്നു. എന്റെ മുഖഭാവം കണ്ടിട്ടാവാം അവൾ എന്റെ കൈ വിരലുകളിൽ സ്നേഹത്തോടെ തൊട്ടു "എന്താ ഹൃദ്യേ ... പ്രശ്നം എന്തെങ്കിലുമുണ്ടോ..'' എന്റെ കണ്ണുകൾ നിറയുന്നത് കണ്ട് അവൾ ആശങ്കയോടെ ശ്രദ്ധിച്ചു. "നീയെന്താ ഒന്നും പറയാത്തത്.. " ഞാൻ പ്രതീക്ഷയോടെ അവളെ നോക്കി, അവളുടെ ഇടം കൈവിരലുകളിൽ മുറുകെ പിടിച്ചു. "ആൻ.. എനിക്കൊരു ജോലി വേണം.. ഒരു താമസ സ്ഥലവും.'' ' ഞാൻ മടിയോടെയാണ് ചോദിച്ചത്. ആൻ എന്റെ മുഖത്തേക്ക് തന്നെ ഏതാനും നേരം നോക്കിയിരുന്നു. പിന്നെ എന്റെ കൈ വിരലുകളിൽ മുറുകെ ഒന്നു പിടിച്ചു. ആ സ്പർശനത്തിന് "സാരമില്ല ... സമാധാനമായിരിക്കൂ " എന്നൊരു അർത്ഥവും ഉണ്ടായിരുന്നു.

സ്നേഹരാഹിത്യത്തിന്റെ തീച്ചൂളയിൽ എരിഞ്ഞ് ഇല്ലാതെയായിരുന്നു ഞാൻ.. ഇപ്പോൾ ഒരു മഴ ചാറ്റൽ പോലെ എനിക്കു മീതെ പെയ്ത ആർദ്രതയിൽ ഞാനലിഞ്ഞു. വീണ്ടും മിഴികൾ നിറഞ്ഞു തുളുമ്പി. ഞാൻ കരയുന്നത് കണ്ട് ആൻ മരിയ കവിളിൽ നുള്ളി. " ഡോണ്ട് ബി സില്ലി.. ആദ്യം നമുക്കെന്റെ വീട്ടിലേക്ക് പോകാം.. പിന്നത്തെ കാര്യം പിന്നെ... അങ്ങനെയല്ലേ.." ആ വാക്കുകൾ ഉള്ളിൽ ആളിപ്പടർന്ന തീ കെടുത്തി. അര മണിക്കൂറിനുള്ളിൽ കാർ അവളുടെ വീടിന്റെ മുമ്പിലെത്തി നിന്നു. ആൻ വന്ന് ഡോർ തുറന്നു. പിന്നെ കാരുണ്യത്തോടെ ക്ഷണിച്ചു. "പ്ലസന്റായി ഇറങ്ങി വാ... തത്ക്കാലം അമ്മച്ചി ഒന്നും അറിയണ്ട... എന്തു പ്രശ്നമായാലും പരിഹാരം ഉണ്ടല്ലോ.. ഒരു കയറ്റത്തിന് ഒരു ഇറക്കം.. വെറുതേ മനസു വിഷമിപ്പിക്കരുത്.. ഹൃദ്യ വാ " ഞാനിറങ്ങി. എന്തും നിസാരമായി നേരിടുന്ന ആൻ മരിയയുടെ സ്വഭാവം എന്റെ ഉള്ളിലെ നെരിപ്പോട് കെടുത്തിയിരുന്നു എന്നു തന്നെ പറയാം. അവൾ എന്നെ കൊണ്ടു പോയത് നേരെ ഡൈനിംഗ് റൂമിലേക്കാണ്.

എന്നെ കണ്ട് "ഇതാരാ മോളേ" എന്ന് ചോദിച്ചു വന്ന അവളുടെ അമ്മച്ചിയോട് അവൾ പറഞ്ഞു " എന്റെ ക്ലാസ്മേറ്റ് ... എന്നെ കാണാൻ വന്നതാ.." ആ മറുപടിയിൽ തന്നെ അമ്മച്ചി ശാന്തയായത് പോലെ തോന്നി. ചിരിച്ചു കൊണ്ട് എന്നോട് പേരു ചോദിച്ചു. "ഹൃദ്യ.. ഹൃദ്യ രാജൻ " എന്ന് ആൻ മരിയ തന്നെയാണ് മറുപടി പറഞ്ഞത്. " ഇനി അമ്മച്ചീടെ ഇന്റർവ്യൂ ഒക്കെ പിന്നെ ആകാം.. ഇപ്പോ കഴിക്കാനെടുക്ക്" എന്ന് അവൾ അക്ഷമ കൂട്ടി. " നീ തറവാട്ടിൽ പോയി വരുന്ന വഴിയായത് കൊണ്ട് അവിടുന്ന് കഴിച്ചിട്ടാണ് വരുന്നതെന്നോർത്തു.. ഇവിടെ ചോറിന് കൂർക്കയിട്ട ബീഫ് കറിയും പടവലങ്ങ തോരനും മാത്രമേ ഉണ്ടാക്കിയിട്ടുള്ളു. " ആനിന്റെ അമ്മച്ചി പാത്രങ്ങൾ എടുത്ത് ചോറു വിളമ്പി തന്നു. ആഴ്ചകൾക്കു ശേഷമാണ് കഴിക്കണം എന്നു തോന്നി ഭക്ഷണത്തിന് മുമ്പിലിരിക്കുന്നത്. ബീഫു കറിയും തോരനും കുഴച്ച് ചോറുണ്ടപ്പോൾ അസാധ്യ രുചി.. ദീർഘ കാലം പട്ടിണി കിടന്നതു പോലെ വാരി വാരിക്കഴിച്ചു. ആൻ എന്റെ പാത്രത്തിലേക്ക് വീണ്ടും വീണ്ടും വിളമ്പി.

വയറു നിറഞ്ഞപ്പോൾ ബോധക്കേട് വന്നതു പോലെ തോന്നി. "ക്ഷീണിച്ചോ " ആൻ എന്നെ നോക്കി പുഞ്ചിരി തൂകി. "വല്ലാതെ ക്ഷീണിച്ചു. " ഞാൻ പറഞ്ഞു. " ഒരു മാസം പട്ടിണി കിടന്ന പോലെ ഉണ്ടല്ലോ പ്രകടനം " എന്ന് അവൾക്ക് കുസൃതി. " അര മാസം.." എന്നു ഞാൻ തിരുത്തി. അവളുടെ മുഖഭാവം മാറുന്നത് കണ്ടു. അവിശ്വസനീയത കണ്ണുകളിൽ തെളിഞ്ഞു വന്നു. ഞാൻ പാത്രവുമായി എഴുന്നേറ്റപ്പോൾ അവൾ അത് പിടിച്ചു വാങ്ങി. ഞങ്ങൾ കൈഴുകിയിട്ട് അവളുടെ മുറിയിലേക്കു പോയി. അടുക്കും ചിട്ടയുമുള്ള വൃത്തിയുള്ള റൂം. വെളുത്ത വിരിയുള്ള കിടക്ക. അവൾ എന്നെ അതിൻമേൽ പിടിച്ചിരുത്തിയിട്ട് അടുത്തിരുന്നു.എന്നിട്ട് എന്താണ് എനിക്ക് സംഭവിച്ചതെന്ന് ചോദിച്ചറിഞ്ഞു. ഞാൻ എല്ലാം പറഞ്ഞു. ഒന്നും വിട്ടു പോകാതെ. ജിതിൻ എന്നെ പെണ്ണുകാണാൻ വന്നതു മുതൽ ഈ നിമിഷം വരെ സംഭവിച്ചതെല്ലാം ഒളിക്കാതെയും മറയ്ക്കാതെയും അവൾക്കു മുമ്പിൽ തുറന്നു വെച്ചു. ആൻ മരിയ വൈദ്യുതാഘാതം ഏറ്റതു പോലെ എന്നെ നോക്കി മരവിച്ചിരുന്നു.

എല്ലാം പറഞ്ഞു കഴിഞ്ഞ് ഒരു ആശ്രയത്തിനെന്ന പോലെ അവളെ നോക്കി ഇരുന്ന എന്റെ കൈകൾ രണ്ടും പിടിച്ചു കൊണ്ട് അവൾ അൽപ് നേരം നിശബ്ദത പാലിച്ചു. " ഹൃദ്യ..ഇതൊരു ക്രൈം ആണ്.. മാരിറ്റൽ റേപ് ..നിയമപരമായി നേരിടേണ്ട ഒന്നാണിത്..നിനക്കു മനസിലാകുന്നുണ്ടോ"? അവൾ എന്റെ കണ്ണുകളിലേക്ക് നോക്കി ചോദിച്ചു. ഞാൻ മൗനം പൂണ്ടു. " അയാളെ വെറുതെ വിടുന്നതിത് ഒരു ക്രിമിനലിനെ വളരാൻ അനുവദിക്കുന്നതിന് തുല്യമാണ്.." "എനിക്ക് ഇപ്പോൾ ആവശ്യം ഒരു താമസ സ്ഥലമാണ്. ഈ ലോകത്ത് ഇനി ഒരു ബന്ധുവിനെയും എനിക്കു വേണ്ട ആൻ.. എത്ര ചെറിയ ജോലിയും ചെയ്യാൻ ഞാൻ തയ്യാറാണ്. നിനക്ക് എന്നെ സഹായിക്കാൻ കഴിയുമോ "? ഞാൻ അവളുടെ കണ്ണുകളിലേക്ക് ഉറ്റുനോക്കി നിസഹായതയോടെ ചോദിച്ചു. ആൻ മരിയ എന്നെ കെട്ടിപ്പിടിച്ചു. പുറത്ത് തട്ടിക്കൊണ്ട് അടർന്നു മാറി. അടുത്തിരുന്ന് എന്റെ ഹൃദയത്തിൽ തൊടുന്നതുപോലെ പറഞ്ഞു "നിനക്ക് താമസ സ്ഥലം ഇതു പോരേ.. വീടിന്റെ മുകൾ നില പേയിംഗ് ഗസ്റ്റിനായി മാറ്റിയിട്ടിരിക്കുന്നതാണ്. അവിടെ താമസിച്ചിരുന്ന ചേച്ചി സ്ഥലം മാറ്റമായി മാറിപ്പോയി.. പകരം നീ അവിടെ താമസിക്കുന്നു...

മാസം മൂവായിരത്തി അഞ്ഞൂറ് രൂപ നീ അമ്മച്ചിയുടെ കൈയ്യിൽ കൊടുക്കേണ്ടി വരും.. അതെങ്ങനെ ഉണ്ടാക്കും എന്ന് പേടിക്കണ്ട, അപ്പന്റെ ടെക്സ്റ്റയിൽസിൽ ഒരു ബില്ലിംങ് സ്റ്റാഫിന്റെ ഒഴിവുണ്ട്. മാസം ഒമ്പതിനായിരം രൂപയേ കിട്ടൂ... അവിടെ ജോലി ചെയ്യാൻ നിനക്ക് സമ്മതമാണോ? ബാക്കി തുക നിന്റെ ചെലവിന് തികയില്ലേടീ " എനിക്ക് അവളുടെ കാലുകളിൽ വീണ് നമസ്ക്കരിക്കാൻ തോന്നി. " അമ്മച്ചിയ്ക്ക് അഡ്വാൻസ് ആയി ഇരുപതിനായിരം കൊടുക്കേണ്ടി വരും... തത്ക്കാലം ഞാൻ എന്റെ അക്കൗണ്ടിൽ നിന്ന് മറിച്ചു തരാം.. നീയത് തിരിച്ചു തരണം.. കാശു കൊണ്ടുള്ള കളികൾ ഒടുവിൽ പിണക്കത്തിലേ അവസാനിക്കൂ... അതുകൊണ്ടാണ് ....." അവൾക്കൊപ്പം ഞാനും ചിരിച്ചു. ആൻ എഴുന്നേറ്റ് എന്റെ ചുമലിൽ തട്ടിക്കൊണ്ട് പറഞ്ഞു " അമ്മച്ചിയും അപ്പനും തത്ക്കാലം ഈ കഥകൾ ഒന്നും അറിയണ്ട .. സാവധാനം ഞാൻ പറഞ്ഞോളാം..നീയിവിടെ പേയിംഗ് ഗസ്റ്റായി താമസിക്കാൻ വന്നതാണെന്നേ ഇപ്പോൾ ഞാൻ പറയു... പിന്നെ നീ കേസ് കൊടുക്കണം.. ഒരു പെണ്ണിന്റെ സമ്മതമില്ലാതെ അവളെ വിവാഹം ചെയ്യുക..

മുറിയിൽ പൂട്ടിയിട്ട് ബലാത്സംഗം ചെയ്യുക.. ഇതൊക്കെ അനുവദിച്ചു കൊടുക്കാൻ കഴിയില്ല.. ക്രിമിനലുകൾക്ക് പറഞ്ഞിട്ടുള്ളതാണ് ഹൃദ്യേ ജയിൽ... നീ സമാധാനമായിരിക്ക് ..ഞാനുണ്ട് കൂടെ ... നിന്നെ ഇഷ്ടപെട്ടാൽ അമ്മച്ചിയും അപ്പനും എല്ലാം കാണും കൂടെ ..'' അവളുടെ വാക്കുകളെല്ലാം ജീവിതത്തിലേക്കുള്ള തിരിച്ചു നടത്തത്തിന്റെ ഏണിപ്പടികളായിരുന്നു. ദുരിത പർവങ്ങൾ പിന്നിട്ട് ഞാൻ എന്റെതായ ലോകത്തിലേക്ക് പടികൾ കയറുന്നതു പോലെ തോന്നി. അന്നു തന്നെ ആൻ വാടകചീട്ട് എഴുതിച്ചു. അഡ്വാൻസും ആദ്യ മാസത്തെ വാടകയും അമ്മച്ചിയുടെ കൈവശം ഏൽപ്പിച്ചു. ഇരുപത്തിമൂവായിരത്തി അഞ്ഞൂറ് രൂപയ്ക്ക് ഞാനവൾക്ക് കടക്കാരിയായി. മുകൾ നിലയിൽ ആകെ ഒരു അറ്റാച്ച്ഡ് റൂമും അടുക്കളയും മാത്രമേയുള്ളു. ഇനി അതാണ് എന്റെ ഭൂമിയും ആകാശവും. ആനും അവളുടെ വീട്ടിലെ സെർവന്റ് ഷീലാമ്മയും ചേർന്ന് അവിടെയെല്ലാം അടിച്ചു വാരി തുടച്ച് വൃത്തിയാക്കി. അടുക്കളയിൽ അത്യാവശ്യം പാത്രങ്ങളും സ്റ്റൗവും ഗ്യാസും സൗകര്യങ്ങളും എല്ലാം ഉണ്ടായിരുന്നു. വീടെല്ലാം വൃത്തിയാക്കിയതിന് ശേഷം എന്റെ ബാഗ് അവൾ അലമാരയിൽ കൊണ്ടു വെച്ചു.

അത്യാവശ്യം ധരിക്കേണ്ട വസ്ത്രങ്ങളും സർട്ടിഫിക്കേറ്റുകളും എല്ലാം അതിനകത്തുണ്ട്. ജോയലിന്റെ വീട്ടിലേക്ക് പോകാനായി തയ്യാറാക്കിയ ബാഗായിരുന്നു അത്.. അതു തുറന്ന് വസ്ത്രങ്ങൾ അടുക്കി വെക്കാൻ ഭാവിച്ചപ്പോൾ ഗോൾഡ് അടങ്ങിയ കവർ നിലത്തേക്കു വീണു. ജിതിന്റെ അമ്മ എടുത്തു വെച്ചതാണ്. " ഇതെന്താ സ്വർണമോ...." ആൻ അതെടുത്ത് നോക്കി. " അത് അച്ഛനുണ്ടാക്കിയതാണ്.. തിരിച്ചു കൊടുക്കണം. എനിക്കത് വേണ്ടാ.." എന്ന് ഞാൻ പറഞ്ഞു. " നിന്റെ ജീവിതം നശിപ്പിച്ചതിന്റെ നഷ്ടപരിഹാരമായി നിനക്കിത് എടുത്തു കൂടേ " എന്ന് ആൻ ചോദിച്ചപ്പോൾ അതിലൊരു ന്യായം ഉണ്ടെന്ന് എനിക്ക് തോന്നാതിരുന്നില്ല. പക്ഷേ അച്ഛന്റെയോ ജിതിന്റെയോ ആയതൊന്നും തന്നെ സ്വീകരിക്കാൻ എനിക്കു കഴിയുമായിരുന്നില്ല. "ആൻ.. എനിക്ക് വേണ്ട... ഇത് എന്നെ വിറ്റു കൊണ്ട് നൽകിയ പാരിതോഷികമാണ് .. എനിക്കിത് കൈപ്പറ്റാൻ വയ്യ.." എന്ന് ഞാൻ അപേക്ഷിച്ചു. " എങ്കിൽ നീ റെഡിയാവ്.. നേരെ കൊണ്ടു ചെന്ന് കൊടുത്തേക്കാം.. പിന്നെ കിച്ചനിലേക്ക് വേണ്ട പലവകകൾ വാങ്ങിക്കണ്ടേ..ഇന്നെന്റെ കൂടെ കഴിയാം..നാളെ രാവിലെ പാലുകാച്ചി നിന്റെ വാടക വീട്ടിൽ കയറിക്കൂടിക്കോണം.. പേയിങ് ഗസ്റ്റായിട്ടല്ലാ...

വാടകക്കാരിയായിട്ടാണ് നീയിവിടെ താമസിക്കേണ്ടത്.. എന്നാലേ നിനക്കൊരു ഉത്തരവാദിത്തം വരൂ.." അവൾ പറയുന്നതെന്തിനും ഞാൻ തയാറായിരുന്നു. ഉച്ച കഴിഞ്ഞ് ഞങ്ങൾ സ്വർണവുമായി ഇറങ്ങി. നേരെ എന്റെ വീട്ടിലേക്കാണ് പോയത്. ഞാൻ ചെല്ലുമ്പോൾ അച്ഛനും അമ്മയുടെ മൂത്ത സഹോദരനും പുറത്തേക്ക് പോകാനുള്ള ഒരുക്കത്തിലായിരുന്നു. ആനിന്റെ കാറിൽ നിന്നു ഞാൻ ഇറങ്ങുന്നത് കണ്ട് അച്ഛൻ പ്രേതത്തെ കണ്ടതു പോലെ ഞെട്ടി നിൽക്കുന്നത് കണ്ടു. ഞാൻ അടുത്തു ചെല്ലുന്നതിനു മുമ്പേ അകത്തേക്ക് നോക്കി "കമലേ ദേ ഹൃദ്യമോള് .. " എന്ന് ആർത്തു വിളിക്കുന്നത് കേട്ടു. ഞാൻ അച്ഛന്റെ അടുത്ത് എത്തിയപ്പോഴേക്കും ദൃശ്യയും അമ്മയും പുറത്തേക്ക് ഓടിയെത്തി. "എന്റെ മോളേ" എന്നു കരഞ്ഞു കൊണ്ട് അമ്മ വന്നെന്നെ കെട്ടിപ്പിടിച്ചു. "നീയെവിടെ ആയിരുന്നു കുഞ്ഞേ.. ജീവിച്ചിരിപ്പുണ്ടോ മരിച്ചോ എന്നു പോലും ഞങ്ങൾ പേടിച്ചു. ജിതിന്റെ അമ്മ ഇങ്ങോട്ട് വിളിച്ച് എല്ലാ കാര്യങ്ങളും പറഞ്ഞു. നീ ഇറങ്ങി പോന്നതും പറഞ്ഞു. ഇത്രയും നേരം നിന്നെ കാണാഞ്ഞ് അച്ഛനും മാമനും പോലീസ് സ്‌റ്റേഷനിലേക്ക് പോകാനിറങ്ങിയതായിരുന്നു..." അമ്മയെ എന്നിൽ നിന്ന് പറിച്ചു കളയാൻ എന്റെ ഹൃദയം തുടിച്ചു. പക്ഷേ കഴിഞ്ഞില്ല.

അമ്മ തന്നെ അകന്നു മാറി. "വാ.. മോളേ..നിന്റെ ഇഷ്ടം നോക്കാതെ ഇനി ഇവിടെ ഒന്നും നടത്തില്ല " എന്ന് പശ്ചാത്താപത്തോടെ വാഗ്ദാനം ചെയ്തു. ഞാൻ അമ്മയെ തീർത്തും അവഗണിച്ചു. "മോളേ.. ജിതിനുമായി നിനക്ക് ചേർന്നു പോകാൻ കഴിയില്ലേ..എല്ലാം കേട്ടിട്ട് അവൻ തെറ്റൊന്നും ചെയ്തതായി എനിക്കു തോന്നിയില്ല. ഭാര്യയെ മുറിയിൽ പൂട്ടിയിട്ട് സ്നേഹിക്കാൻ നോക്കി... അത് തെറ്റാണോ..അവന്റെ ഗതികേടല്ലേ.. ഒരു ക്രിസ്ത്യാനി ചെക്കനെ പ്രേമിച്ച പേരും പറഞ്ഞ് നീയവനെ ഇങ്ങനെ ദ്രോഹിക്കുന്നത് ശരിയാണോ.." എന്നായി മാമൻ .. " നിർത്ത് .." എന്ന് ഞാൻ അലറി. എന്റെ ശബ്ദം വല്ലാതെ ഉയർന്നു പോയി. കോപം കൊണ്ട് നിന്നു വിറയ്ക്കുന്ന എന്നെ കണ്ട് എല്ലാവരും വിരണ്ടു നിന്നു. " ഹൃദ്യ മോളേ.. രഘു പറഞ്ഞതല്ല അച്ഛന് പറയാനുള്ളത്.. ഞാൻ നിന്നോട് ക്ഷമ ചോദിക്കുകയാ.. അച്ഛനോട് ക്ഷമിച്ച് മോൾ അകത്തേക്കു വാ.." എന്ന് പറഞ്ഞ് കെഞ്ചുന്ന മട്ടിൽ അച്ഛൻ എനിക്കു മുമ്പിൽ നിന്നു. ഞാൻ അതൊന്നും ശ്രദ്ധിക്കാനേ പോയില്ല. അച്ഛന്റെ കൈ പിടിച്ചു ആഭരണങ്ങൾ അടങ്ങുന്ന കവർ ആ കൈകളിലേക്ക് വെച്ചു കൊടുത്തു. "എനിക്കു വേണ്ടി ചെയ്തതും സഹിച്ചതുമായ ത്യാഗങ്ങൾ എല്ലാമൊന്നും തിരിച്ചേൽപിക്കാൻ കഴിയില്ലെന്നറിയാം..

എങ്കിലും എന്നെ വിറ്റു കളഞ്ഞപ്പോൾ തന്ന ഈ സമ്മാനങ്ങളൊന്നും എനിക്ക് വേണ്ടാ.. പേടിക്കണ്ട ... ജീവിക്കാൻ ശ്രമിച്ചു നോക്കുകയാ.. പരാജയപ്പെട്ടാലേ മരിക്കൂ... എന്റെ പിന്നാലെ വരരുത്.. ജീവിക്കാൻ അനുവദിക്കണം" അച്ഛന്റെ നിറയുന്ന കണ്ണുകളെ അവഗണിച്ച് ദൃശ്യയുടെ കൈ പിടിച്ച് വിതുമ്പുന്ന അവളുടെ മുഖത്തേക്കു നോക്കി ഇത്രയും കൂടി പറഞ്ഞു "സ്നേഹം കാട്ടി ചതിക്കാൻ കഴിയുന്നവർക്കൊപ്പമാ ദൃശ്യേ നീയും ജീവിക്കുന്നത്.. നല്ല കരുതൽ വേണം.. ദർശനയോടും പറഞ്ഞേക്ക്" അതും പറഞ്ഞ് വേഗം തിരിച്ചു നടന്നു. ആൻ എന്നെ ചേർത്തുപിടിച്ചു. ആൻ പറഞ്ഞതു പോലെ പിറ്റേന്ന് തന്നെ ഞാൻ അവരുടെ വീടിന്റെ മുകൾ നിലയിലെ വാടകക്കാരിയായി താമസം തുടങ്ങി. എന്റെ ശരീരത്തിനും ഹൃദയത്തിനുമേറ്റ മുറിവുകൾ ശമിക്കാൻ ഒരാഴ്ച കൂടി ആൻ മരിയ എനിക്ക് അനുവദിച്ചു തന്നിരുന്നു. അവൾ എനിക്ക് ശരീരബലം വീണ്ടെടുക്കാനുള്ള എന്തൊക്കെയോ മരുന്നുകളും ലേഹ്യങ്ങളുമെല്ലാം കൊണ്ടു വന്നു തന്നു. കൂടെ ഐ പിൽ എന്നൊരു ഗുളികയും. "ഇനിയിത് കഴിച്ചിട്ട് കാര്യമുണ്ടോ എന്നറിയില്ല. എമർജൻസി കോൺട്രാസെപ്റ്റീവ് ആണ് .. പ്രഗ്നൻസി തടയും. സെക്സിന് ശേഷം എഴുപത്തിരണ്ട് മണിക്കൂറിനകം കഴിച്ചിരിക്കണം..

എന്നാലേ ഫലപ്രാപ്തി ഉണ്ടാകൂ എന്നൊക്കെയാ പറയുന്നത് " എന്നും വിശദീകരിച്ചു. എനിക്ക് ഭയമൊന്നും തോന്നിയില്ല. ആൻ ചെയ്യുന്നതെല്ലാം വിജയിക്കും എന്ന ഒരു ആത്മവിശ്വാസം എന്നിൽ രൂഢമൂലമായിട്ടുണ്ടായിരുന്നു. ഒരാഴ്ചയ്ക്ക് ശേഷം ഞാൻ ആൻ മരിയയുടെ അപ്പച്ചന്റെ ടെക്സ്റ്റയിൽ ഷോപ്പിൽ ബില്ലിംങ് സ്റ്റാഫായി പോയിത്തുടങ്ങി. ജോലി എനിക്ക് എളുപ്പത്തിൽ വഴങ്ങി. പതിയെ ആനിന്റെ അപ്പച്ചൻ എന്റെയും അപ്പച്ചനായി മാറി. അമ്മച്ചി ആനിനെ കാത്തിരിക്കുന്നതിനേക്കാൾ താത്പര്യത്തോടെ എനിക്കു വേണ്ടി കാത്തിരുന്നു. സ്പെഷ്യൽ വിഭവങ്ങൾ ഉണ്ടാക്കി എന്റെ കിച്ചനിൽ കൊണ്ടുവന്നു തന്നു. ഉപാധികളില്ലാത്ത സ്നേഹം എന്തെന്ന് അനുഭവിക്കുകയായിരുന്നു ഞാൻ. ജിതിൻ എന്നെ പിന്തുടരുമെന്ന ഭയം എന്നെ വിട്ടകന്നു തുടങ്ങി. ഞാനും ആനും കൂടി ഒരു വക്കീലിനെ ചെന്നു കണ്ടു. മാരിറ്റൽ റേപ് എന്നു പറഞ്ഞ് സമയം കളയണ്ട.. ഡിവോഴ്സ് പെറ്റീഷനിൽ അക്കാര്യം കൂടി ചേർത്താൽ മതിയെന്ന നിർദേശം ഞാൻ അംഗീകരിച്ചു.

ജോയ്ന്റ് പെറ്റീഷൻ അല്ലാത്തതു കൊണ്ട് ഡിവോഴ്സിന് ഒരു വർഷമെങ്കിലും താമസിക്കുമെന്ന് അഡ്വക്കേറ്റ് പറഞ്ഞിരുന്നു. അതിനിടെ മറ്റൊരു കേസും കൂടെയായി ആനിന് ഇരട്ടി ഭാരമാകാൻ തോന്നിയില്ല. പതുക്കെ പതുക്കെ ജിതിൻ എന്ന ഭയം എന്നിൽ നിന്നും മാഞ്ഞു തുടങ്ങി. ഞാൻ ആനിന്റെ വീട്ടിൽ വന്നിട്ട് രണ്ടു മാസമായി.. ബില്ലിംഗ് സ്റ്റാഫ് ആയതു കൊണ്ട് എപ്പോഴും ഇരുന്നുള്ള ജോലിയാണ്. ജോലി കാര്യത്തിൽ ഓരോ മാസത്തിലും പ്രശ്നം സൃഷ്ടിക്കാറുള്ള ആ നാലു ദിവസങ്ങളെയാണ് ഞാൻ പേടിച്ചത്. അപ്പോൾ ഇങ്ങനെ കുത്തിയിരുന്ന് ജോലി ചെയ്യാൻ സാധിക്കുമോ എന്ന ഒരു ആശങ്ക... ആദ്യത്തെ മാസം അതുണ്ടാവാതിരുന്നപ്പോൾ ഞാൻ ഭയന്നില്ല. മാനസിക പ്രശ്നങ്ങൾ ആർത്തവത്തെ സാരമായി ബാധിക്കുമെന്ന് എവിടെയോ വായിച്ചത് ഓർമിച്ച് സമാധാനിച്ചു. അടുത്ത മാസവും അതുണ്ടാവാതിരുന്നപ്പോൾ ആൻ പോലും അറിയാതെ ഞാൻ ഒരു യുപിറ്റി കാർഡ് വാങ്ങി. അതുമായി ബാത് റൂമിലേക്ക് നടക്കുമ്പോൾ എന്റെ കാലുകൾ ഭയം കൊണ്ട് വിറങ്ങലിച്ചു....തുടരും....

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story