കാണാദൂരം : ഭാഗം 9

kanadhooram

രചന: ഷൈനി ജോൺ

എന്റെ ഉള്ളിലൊരു കുഞ്ഞ് രൂപപ്പെട്ടിരിക്കുന്നു എന്ന യാഥാർത്ഥ്യം എനിക്കൊരു തിരിച്ചടിയായിരുന്നു. ജിതിൻ എന്ന ചെകുത്താന്റെ കുഞ്ഞ്, ഞാൻ ആ സത്യത്തിന് മുമ്പിൽ തകർന്നിരുന്നു. എന്റെ മനസ് ശൂന്യമായി. എന്തെന്നോ, എവിടെയെന്നോ അറിയാതെ കൂരിരിട്ടിൽ അകപ്പെടു പോയവളെ പോലെ ഞാൻ പരിഭ്രാന്തയായി. ദിക്കറിയാതെ, വഴിയറിയാതെ ചുറ്റും പരതി . അഗാധമായ ഒരു കൊക്കയിലേക്ക് വീണു.. " ഹൃദ്യേ... ഹൃദ്യേ.." എന്ന് ആൻ വിളിക്കുന്നത് കേട്ടാണ് ഞാൻ കണ്ണു തുറന്നത്. തുറന്ന മിഴികൾ മുന്നിലെ കാഴ്ചയുമായി പൊരുത്തപ്പെടാൻ വൈകി.. കൺപോളകൾ ചിമ്മി തുറന്നപ്പോൾ ആൻ മുഖത്ത് വെള്ളം കുടയുകയാണ്.. ഞാൻ നിലത്ത് വീണു കിടക്കുകയാണെന്ന ബോധത്തിലേക്ക് തിരിച്ചു വന്നു. ആൻ എന്നെ താങ്ങി പിടിച്ച് ദിത്തിയിലേക്ക് ചേർത്തിരുത്തി. എന്റെ കണ്ണുകൾ നിറഞ്ഞു. ആൻ അടുത്തു വന്നിരുന്നു. " നിനക്കെന്തു പറ്റി ഹൃദ്യേ..." എന്നു ചോദിച്ചപ്പോഴേക്കും വാതിൽ കടന്ന് അവളുടെ അമ്മച്ചിയും അപ്പച്ചനും എത്തി. എല്ലാവരെയും അഭിമുഖകരിക്കാൻ എനിക്കു വിഷമം തോന്നി.

ഒരു പിശാചിന്റെ കുഞ്ഞിനെ ഗർഭം ധരിച്ചുവെന്ന് ഞാനെങ്ങനെ അവരോട് പറയും.. പക്ഷേ, പറയേണ്ടി വന്നില്ല. "എന്റെ മോളേ..എന്തു പറ്റിയെടീ " എന്ന് അമ്മച്ചി വന്നെന്നെ ഉത്കണ്ഠയോടെ നോക്കി. അപ്പച്ചൻ കൈയ്ക്ക് പിടിച്ച് എഴുന്നേൽപ്പിച്ചു കിടക്കയിലിരുത്തി. അപ്പോൾ നിലത്തുവീണു കിടന്ന യുപിറ്റി കാർഡ് ഹൃദ്യയുടെ കണ്ണിൽ പെട്ടു. ഹൃദ്യ അതെടുത്തു നോക്കി. അവളുടെ മുഖം വിളറുന്നത് കണ്ടു. "എന്താ മോളേ അത് "എന്ന് അപ്പച്ചൻ ചോദിച്ചു. ആൻ ഒന്നും പറഞ്ഞില്ല. അവൾ വന്ന് എന്റെ അടുത്തിരുന്നു. എന്നെ ചേർത്തു പിടിച്ചു. ആലംബമറ്റ ഒരു കുഞ്ഞിനെ പോലെ ഞാനവളെ കെട്ടിപ്പിടിച്ച് ഉറക്കെ കരഞ്ഞു പോയി..അല്ലെങ്കിൽ സങ്കടങ്ങളെല്ലാം തിങ്ങി എന്റെ ഹൃദയം പൊട്ടിത്തകർന്നു പോയേനെ. ഞാൻ ഗർഭിണിയായെന്ന ബോധ്യത്തിന് മുമ്പിൽ എല്ലാവരും ഒരുപോലെ തകർന്നു..ഒടുവിൽ ഹൃദ്യയുടെ അപ്പച്ചൻ എന്റെ ശിരസിൽ കൈ വെച്ചു കൊണ്ടു പറഞ്ഞു. "എന്തു വേണമെന്ന് മോൾക്ക് തീരുമാനിക്കാം.. ഞങ്ങളുടെ വിശ്വാസ പ്രകാരം ഭ്രൂണഹത്യ പാപമാണ് .. എന്നാലും കുഞ്ഞ് വേണ്ടാ എന്നാണ് മോൾടെ തീരുമാനമെങ്കിൽ ഞങ്ങളും കൂടെ നിൽക്കാം.

അതല്ല ആ വൃത്തികെട്ട നാറിയോടുള്ള വെറുപ്പും വിദ്വേഷവും ഒന്നുമറിയാത്ത ഈ കുഞ്ഞിനോട് നിനക്കു തോന്നുന്നില്ലെങ്കിൽ കുഞ്ഞ് ജനിക്കട്ടെ.. ഇനിയുള്ള ജീവിതത്തിൽ ഹൃദ്യയ്ക്ക് ആ കുഞ്ഞ് ഒരു കൂട്ടായിരിക്കുമെങ്കിലോ.." ആ രണ്ടു സാധ്യതകളെ കുറിച്ചും ഞാൻ ചിന്തിച്ചു. ഒടുവിൽ തീരുമാനിച്ചു , എന്നോട് ഇത്ര ക്രൂരമായി പെരുമാറിയ ഒരാളുടെ കുഞ്ഞിനെ എനിക്കു വേണ്ടാ. തീരുമാനം ആനിനോട് പറഞ്ഞു. അവൾക്കൊപ്പമാണ് ഡോക്ടർ ഇസബെല്ലയെ കാണാൻ പോയത്. ആനിന്റെ ബന്ധുവാണ് അവർ - എല്ലാം കേട്ടുകഴിഞ്ഞ് i ഇതു തന്നെയാണ് നല്ല തീരുമാനം. " എന്ന് ഡോക്ടർ എന്റെ ചുമലിൽ തട്ടി. രണ്ടു പേർ തമ്മിലെ വഴക്കിനിടയിൽ കരുവായി ഒരു പിഞ്ചു പൈതലിനെ കൊണ്ടിടേണ്ട ആവശ്യമില്ലല്ലോ. ഡോക്ടർ ടെസ്റ്റുകൾക്കും സ്കാനിംഗിനും എഴുതി. സ്കാൻ ചെയ്തു വന്നതിനിശേഷം ബ്ലഡ് ടെസ്റ്റിന് രക്തം കൊടുത്തതിന്റെ റിസൽട്ട് വാങ്ങി. അതുമായി തിരിയുമ്പോൾ പിന്നിൽ നിൽക്കുന്ന അമ്മയേയും ദൃശ്യയേയും കണ്ടു ഞെട്ടിപ്പോയി..

ഒന്നും മിണ്ടാൻ തോനിയില്ല. അവരെ അവഗണിച്ച് വേഗം നടന്നു പോന്നു. അമ്മയ്ക്ക് പ്രഷർ ക്രമാതീതമായി കൂടുമ്പോഴെല്ലാം ആവശ്യമുള്ള ചികിത്സയ്ക്കു വേണ്ടി വരുന്നത് ഈ ആശുപത്രിയിലേക്കാണല്ലോ എന്നോർത്തു. ആൻ സ്കാനിംഗ് റിസൽട്ടും വാങ്ങി വരുന്നത് വരെ അവളെയും കാത്തിരുന്നു. ആൻ വരുമ്പോൾ അവളുടെ മുഖം വിവർണമായിരുന്നു. ഞാൻ ആശങ്കയോടെ നോക്കുന്നത് കണ്ട് അവൾ എന്റെ അടുത്തിരുന്നു. എന്റെ കൈകൾ പിടിച്ചു കൊണ്ട് പറഞ്ഞു "ഹൃദ്യ.. നീ പ്രഗ്നന്റായ വിവരം നിന്റെ അമ്മയും അനിയത്തിയും അറിഞ്ഞു. അബോർഷൻ നടക്കില്ലേ.. ഇത് പ്രശ്നമാകുമോ?" എനിക്ക് അവളുടെ ആശങ്ക പിടി കിട്ടിയില്ല. അമ്മയും ദൃശ്യയും അക്കാര്യം അറിഞ്ഞതു കൊണ്ട് എന്തു സംഭവിക്കാനാണ്. അറിഞ്ഞതു കൊണ്ട് അവരെങ്ങനെ എന്നെ തടയും. ആ മനുഷ്യ പിശാചിന്റെ കുഞ്ഞിനെ എനിക്കു വേണ്ട... അതിന്റെ മുഖം കാണണ്ട. എ മുലകളിൽ അത് അമ്മിഞ്ഞ പാൽ തിരയുമ്പോൾ ജിതിനെ ഓർമ വന്നാൽ ചിലപ്പോൾ ആ കുഞ്ഞിനെ ഞാൻ നിലത്തെറിഞ്ഞ് കൊലപ്പെടുത്തിയേക്കും. വെറുക്കുന്ന ഒരു അമ്മയുടെ മുന്നിൽ സ്നേഹത്തിന് കെഞ്ചി ആ കുഞ്ഞ് നിൽക്കരുത്... ഇപ്പോഴത് ഒരു ഭ്രൂണം മാത്രമാണ്. അത് നശിക്കട്ടെ...

അതിനോട് തനിക്കു ചെയ്യാവുന്ന ഏറ്റവും വലിയ കാരുണ്യം ഈ അബോർഷനാണ്. "ഞാൻ പ്രഗ്നന്റാണെന്ന് അമ്മയും ദൃശ്യയും എങ്ങനെ അറിഞ്ഞു "? ഞാൻ ആനിനെ നോക്കി. "നിന്റെ അമ്മ സൂത്രത്തിൽ ആ ലാബിലെ പെൺകുട്ടിയോട് ചോദിച്ചു മനസിലാക്കിയതാണ്. വലിയ സന്തോഷത്തിലാണ് അവർ.. തന്റെ അച്ഛന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നുവത്രേ ഒരു പേരക്കുട്ടിയെ എങ്കിലും കാണാൻ കഴിയണമെന്ന് ... അതു സാധിച്ചുവെന്ന്... ഇതോടെ ഹൃദ്യ പിണക്കം മറന്ന് വീട്ടിലേക്ക് തിരിച്ചു വരുമെന്നും അമ്മ പ്രതീക്ഷിക്കുന്നുണ്ട്.." ആൻ എന്നെ സസൂക്ഷ്മം വീക്ഷിച്ചു കൊണ്ടാണ് അതു പറഞ്ഞത്. എന്റെ ചുണ്ടിലെ നിന്ദാഹാസം കണ്ട് ആൻ പതിയെ ചുമലിൽ തൊട്ടു.. "അബോർഷൻ മിക്കവാറും ഉടനെ നടക്കും.. കുഞ്ഞിനെ വേണ്ടാ എന്നുള്ളത് നിന്റെ ഉറച്ച തീരുമാനം തന്നെയല്ലേ ഹൃദ്യേ.." " എനിക്കൊരിക്കലും സ്നേഹിക്കാൻ കഴിയാത്തൊരു കുത്തിനെ ഞാൻ പ്രസവിച്ചിട്ടെന്തു കാര്യം.." വീണ്ടും അവളുടെ ഡോക്ടർ ആന്റി എന്റെ പേരു വിളിക്കുന്നത് വരെ ഞങ്ങൾ നിശബ്ദത പാലിച്ചു. അരമണിക്കൂറിന് മുമ്പ് ഡോക്ടർ എന്നെ അകത്തേക്ക് വിളിച്ചു.

ആനും ഒപ്പം വന്നു. "ഹൃദ്യ.. .തനിക്ക് യാതൊരു കുഴപ്പവുമില്ല. അൽപം അനീമിക് ആണ്. അത് നല്ല ഭക്ഷണം കൊണ്ടു തന്നെ പരിഹരിക്കാൻ നോക്കാം.. ആരോഗ്യമുള്ള ഒരു കുഞ്ഞാണ് ഹൃദ്യയുടെ വയറ്റിലുള്ളത്. അബോർഷൻ നിർബന്ധമാണെങ്കിൽ ഞാൻ ഡേറ്റ് കുറിച്ചു തരാം.." ഡോക്ടർ എന്നെ നോക്കി പറഞ്ഞു. "ഡേറ്റ് തന്നോളു മാം..." ഞാൻ ആ കണ്ണുകളിലേക്ക് നോക്കി ദയാരഹിതമായി പറഞ്ഞു. " ഒ.കെ. " എന്നു പറഞ്ഞ് ഡോക്ടർ ദിവസം കുറിച്ചു തന്നു. അടുത്ത വ്യാഴാഴ്ച ... അഞ്ചു ദിവസം കൂടി ഉണ്ട്. ഡോക്ടർക്ക് നന്ദി പറഞ്ഞ് ഞങ്ങൾ ഇറങ്ങി. ആനിന്റെ വീട്ടിലെത്തിയതും എന്റെ മുറിയിൽ പോയി ഞാൻ വിശ്രമിച്ചു. ഹൃദയത്തിൽ നിന്നും പിറവിയെടുത്ത ഒരു ചുഴലിക്കാറ്റ് എന്നെ ശ്വാസം മുട്ടിച്ചു. ഒരു കുഞ്ഞു മുഖം മനസിൽ തെളിയുന്നു. അതിന്റെ മോണ കാട്ടിയുള്ള ചിരി... അതേ നിമിഷം തന്നെ ജിതിന്റെ മുഖം ഓർമയിലേക്കു വന്നു... പക കൊണ്ട് അയാളെ കൊല്ലണമെന്നു തോന്നി. അയാളുടെ ഒരു പൊടിപ്പ് ഒരിക്കലും എന്റെ ഉദരത്തിൽ നിന്നും ഭൂമിയിലേക്ക് പിറന്നു വീഴരുത്. ആ കിടപ്പിൽ ഞാൻ ഉറങ്ങിപ്പോയി.

അമ്മച്ചി വന്നു വിളിച്ചപ്പോഴാണ് ഉണർന്നത്. ആരൊക്കെയോ താഴെ എന്നെ കാണാൻ വന്നിട്ടുണ്ടെന്ന് അമ്മച്ചി പറഞ്ഞു. ആൻ എനിക്കു പകരം ടെക്സ്റ്റയിൽസ് ഷോപ്പിലേക്ക് പോയിരിക്കുകയാണ്. അമ്മച്ചിയ്ക്ക് പുറത്തു കാത്തിരിക്കുന്ന ആരെയും അറിഞ്ഞു കൂടാ.. ഞാൻ ഉലഞ്ഞ മുടിയിഴകൾ ഒതുക്കി വെച്ചു കൊണ്ട് അവർക്കൊപ്പം ചെന്നു. ദൂരെ നിന്നേ കണ്ടു , സിറ്റൗട്ടിലിരിക്കുന്ന അമ്മ, അച്ഛൻ ... ദൃശ്യ. "മോൾടെ അപ്പനും അമ്മച്ചിയുമാണോ "? എന്ന് ആനിന്റെ അമ്മച്ചി തിരക്കി. " അതെ " എന്നു ഞാൻ പറഞ്ഞു. " ചെല്ല്... എന്താന്ന് വെച്ചാൽ നിവർന്നു നിന്ന് തന്റേടത്തോടെ മുഖത്ത് നോക്കി പറഞ്ഞു ശീലിക്കണം മനുഷ്യൻമാര് " അമ്മച്ചിയുടെ വാക്കുകളാണ് എന്നെ മുമ്പോട്ട് നടത്തിയത്. അല്ലെങ്കിൽ ഞാൻ പിന്തിരിഞ്ഞ് റൂമിലേക്കു തന്നെ പോയേനെ. "എന്തു വേണം " എന്ന് ദാക്ഷിണ്യമൊന്നുമില്ലാതെ ഞാൻ വാതിലിനരികെ ചെന്നു നിന്ന് ചോദിച്ചു. അച്ഛൻ എഴുന്നേറ്റ് എന്റെ അരികെ വന്നു. "ഹൃദ്യ മോളേ... ഇങ്ങനൊരു നല്ല കാര്യം നടന്നിട്ട് അച്ഛനെ ഒന്നറിയിക്കാൻ തോന്നിയില്ലല്ലോ " എന്ന് എന്റെ വയറിനു മീതെ കണ്ണോടിച്ച് അച്ഛൻ സന്തോഷത്തിന്റെ വീർപ്പുമുട്ടലോടെ ചോദിച്ചു.

"ഈ സമയത്ത് പെൺകുട്ടികൾക്ക് അമ്മ അടുത്തു വേണം.. നീയൊരു അമ്മയാകുമ്പോഴേ ഞാനെന്ന അമ്മയെ നിനക്കു മനസിലാക്കാൻ കഴിയു ഹൃദ്യേ... ഇനി പഴയതൊന്നും പറയണ്ട.. നീ വാ... നിന്നെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോകാനാ ഞങ്ങൾ വന്നത്" അമ്മ എന്റെ കൈപിടിക്കാൻ ശ്രമിച്ചെങ്കിലും ഞാൻ വേഗം പിൻവലിച്ചു. "ഹൃദ്യേച്ചി.. ഇത്ര നല്ലൊരു സന്തോഷ വാർത്ത നീയെന്താ ആശുപത്രിയിൽ വെച്ച് പറയാതിരുന്നത്.." ദൃശ്യയും അടുത്തു വന്നു. " ഞാൻ എങ്ങോട്ടും വരുന്നില്ല.. എനിക്കിതൊരു സന്തോഷ വർത്തമാനവുമല്ല.." രണ്ടു പേർക്കും ഒന്നിച്ച് മറുപടി നൽകി. തറഞ്ഞു നിന്ന അമ്മയെ നോക്കി നിന്നപ്പോൾ എന്നെ കരുവാക്കി എല്ലാവരും കളിച്ച നാടകമാണ് ഓർമ വന്നത്. പെറ്റമ്മ എന്ന നിലയിലെങ്കിലും അമ്മയ്ക്ക് ഒഴിഞ്ഞു മാറാമായിരുന്നു. പിന്നെന്ത് മാതൃത്വവും മഹത്വവുമാണ് അമ്മയ്ക്ക് പറയാനുള്ളത്. "രണ്ടുപേരും തൂണു പോലെ നിൽക്കണം എന്നില്ല. ജിതിന്റെ കുഞ്ഞിനെ പ്രസവിക്കാൻ ഞാൻ തയാറല്ല..അത്ര തന്നെ ... ആ നീചന്റെ സന്തതി മറ്റൊരു പിശാച് ആണെങ്കിലോ... അതൊരു ആൺകുഞ്ഞാണെങ്കിൽ എന്നെ പോലെ ഒരു പെണ്ണിനോട് ഇതു പോലെ ഒക്കെ പെരുമാറിയാലോ... വേണ്ട.. ജീൻ എന്ന ഒന്നുണ്ട്. യാഥാർത്ഥ്യമാണത്. ഒരു പരീക്ഷണത്തിന് ഞാനില്ല. "

അവരുടെ അടുക്കൽ നിന്ന് പിന്തിരിഞ്ഞ് നടക്കാൻ ശ്രമിച്ചപ്പോൾ അമ്മ കൈയ്യിൽ കയറി പിടിച്ചു. " ഹൃദ്യേ നിനക്ക് അങ്ങനെയങ്ങ് ഇല്ലാതാക്കാൻ കഴിയുമോ കുഞ്ഞിനെ ... അതിന് വേറെയും അവകാശി ഉണ്ട്... നീയെല്ലാം തീരുമാനിച്ചാൽ മതിയോ... ജിതിനാണ് അതിന്റെ അച്ഛൻ.. അവൻ സമ്മതിക്കുമെന്ന് തോന്നുന്നുണ്ടോ.." ? അമ്മയുടെ ചോദ്യം കേട്ട് ഞാൻ പുച്ഛത്തോടെ അവരുടെ മുഖത്തേക്ക് നോക്കി. " ജിതിന്റെ സമ്മതം എനിക്ക് ആവശ്യമില്ലെന്ന് പറഞ്ഞേക്ക് , " തികട്ടി വന്ന വെറുപ്പോടെ ഞാൻ പടികൾ കയറി എന്റെ മുറിയിലേക്ക് പാഞ്ഞു. "അങ്ങനെ ഓടല്ലേ മോളേ" എന്ന് ആനിന്റെ അമ്മച്ചി പിന്നിൽ നിന്ന് വിളിച്ചു പറയുന്നത് കേൾക്കാമായിരുന്നു. എനിക്ക് ഈ ലോകം മുഴുവൻ തച്ചുടച്ച് തരിപ്പണമാക്കണമെന്നായിരുന്നു വിചാരം.. എന്നെ ഇങ്ങനെ പരീക്ഷിക്കുന്ന ഈ ലോകവും ദൈവവും എല്ലാം നശിക്കണം .... കൂടെ ഞാനും.. കിടക്കയിൽ ചെന്നു വീണ് വിതുമ്പി കരഞ്ഞതൊക്കെയും ആ കുഞ്ഞിനെ ഓർത്തു തന്നെയായിരുന്നു. ഒരു കണക്കിന് കൊലപാതകിയാകുകയാണ് ...

ജിതിന്റെ തെറ്റിന് ശിക്ഷിക്കപ്പെടുന്നത് ഒരു കുഞ്ഞാണ് .. എങ്കിലും പിന്നോക്കില്ല.. ഇതെന്റെ ങയം കൂടിയാണ്. വൈകിട്ട് ആൻ വന്നു വിളിച്ചപ്പോഴാണ് ഞാൻ എഴുന്നേറ്റത്. അവൾ എന്റെ അടുത്തിരുന്നു കൊണ്ട് സഹതാപത്തോടെ " ജിതിൻ വന്നിട്ടുണ്ട് " എന്നു പറഞ്ഞു. ആ പേര് കേട്ടതും ഒരു വിറയൽ എന്നിലൂടെ പാഞ്ഞു. കൈയ്യിൽ കിട്ടിയത് എന്തെങ്കിലുമെടുത്ത് അവനെ അടിച്ചു വീഴ്ത്താനുള്ള ആവേഗം പതഞ്ഞു. "ഹൃദ്യ.. നീ സമനില കൈവിടാതെ വേണം . അയാളോട് സംസാരിക്കാൻ.... എനിക്ക് അയാളെ പറഞ്ഞു വിടാനറിയാഞ്ഞിട്ടല്ല.. പക്ഷേ നീ ഭയന്നു മുറിയിൽ കയറി ഇരിപ്പാണെന്ന് അയാൾ കരുതും അതൊഴിവാക്കാനെങ്കിലും നീ വാ.." അവൾ വിളിച്ചു. ഞാനെഴുന്നേറ്റു . അവൾക്കു പിന്നാലെ ചെന്നു. സിറ്റൗട്ടിൽ കസേരയിൽ തല കുമ്പിട്ടിരിക്കുകയായിരുന്ന ജിതിൻ മുഖമുയർത്തി നോക്കി. എനിക്ക് അയാളുടെ മുഖത്ത് കാർക്കിച്ച് തുപ്പണമെന്നു തോന്നി. "ഹൃദ്യാ .." അയാൾ എഴുന്നേറ്റ് എന്റെ അടുത്തേക്കു വന്ന് വിളിച്ചു. "പരസ്പരം തെറ്റുകൾ. പറഞ്ഞു തീർക്കാൻ ഈശ്വരൻ ഒരു അവസരം തന്നു എന്ന് കരുതിക്കൂടേ..."

അയാളുടെ ചോദ്യം കേട്ട് എനിക്ക് അറച്ചു. "എനിക്ക് നിങ്ങളോട് പറഞ്ഞു തീർക്കാനൊന്നും തന്നെയില്ല. ഇനിയും എന്നെ ഉപദ്രവിച്ചാൽ അത് നിങ്ങളുടെ നാശത്തിനായിരിക്കും " ഞാൻ പറഞ്ഞു ജിതിൻ എന്നെ തുറിച്ചു നോക്കി നിന്നു. ആ മുഖത്തെ ഭാവം മാറുന്നത് ചിരപരിചിതത്വം കൊണ്ട് എനിക്കു മനസിലാകുന്നുണ്ടായിരുന്നു. "ഈ കുഞ്ഞ് ജനിക്കും..അത് ഉറപ്പിച്ചു തന്നെയാണ് നിന്നെ ഞാൻ പൂട്ടിയിട്ടത്. പക്ഷേ നീ രക്ഷപെട്ടു... അതു നിന്റെ ജയമല്ല .... ഈ ലോകത്ത് ഹൃദ്യ ജീവിക്കുന്നുണ്ടെങ്കിൽ അതെന്റെ ഭാര്യയായിട്ടായിരിക്കും " എനിക്കു കേൾക്കാൻ പാകത്തിൽ മാത്രം അയാൾ വാക്കുകളെ ഞെരിച്ചു.

." കാണാം" എന്ന് ഞാൻ നെഞ്ചിൽ കൈ കെട്ടി നിന്ന് അതേ മട്ടിൽ തിരിച്ചടിച്ചു. എന്നെ കത്തുന്ന നോട്ടം കൊണ്ട് ദഹിപ്പിച്ച് ജിതിൻ ഇറങ്ങിപ്പോയി. ആ കുഞ്ഞിനോട് എപ്പോഴൊക്കെയോ തോന്നിയ ചെറിയൊരു സഹതാപവും അവസാനിച്ചു. വാശിയായിരുന്നു എനിക്ക് .. ഡോക്ടർ പറഞ്ഞ ദിവസം എത്തി. ഞാനും ആനും അമ്മച്ചിയും കൂടി ആശുപത്രിയിലേക്ക് പുറപെടാൻ ഇറങ്ങിയപ്പോഴാണ് പോസ്റ്റുമാൻ എത്തിയത്. " ഹൃദ്യ രാജന് ഒരു രജിസ്ട്രഡുണ്ട്.." എന്ന് അയാൾ പറഞ്ഞു. ഇവിടുത്തെ വിലാസത്തിൽ ആരാണ് അതയച്ചത് എന്ന സംശയത്തോടെ ഞാനത് തുറന്നു നോക്കി. കണ്ണുകളിൽ ഇരുട്ടു പടർന്നു. ജിതിൻ എനിക്കയച്ച വക്കീൽ നോട്ടീസ് ആയിരുന്നു അത്. തനിക്കൊപ്പം താമസിക്കാൻ തയാറാവാത്ത ഭാര്യ തന്റെ സമ്മതമില്ലാതെ കുഞ്ഞിനെ അബോർഷൻ ചെയ്യാൻ ശ്രമിക്കുന്നു എന്നതാണ് കുറ്റം....തുടരും....

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story