കനൽ പൂവ്: ഭാഗം 36
Sep 30, 2024, 20:37 IST

രചന: കാശിനാഥൻ
നിലമോള് നിർത്താതെ കരയുന്ന കേട്ട്കൊണ്ട് ചക്കി അകത്തേക്ക് ഓടി വന്നു. എന്ത് പറ്റിയേട്ടാ... കുഞ്ഞ് വഴക്കാണോ..ചോദിച്ചുകൊണ്ട് അവൾ സ്റ്റെപ്സ് കയറി ഓടിപോകുന്നത് നോക്കി പാർവതി ബാഗ് ഒക്കെ എടുത്തു അകത്തേക്ക് വെച്ചു. മോളെ... താഴെ രണ്ട് റൂമാണ് ഉള്ളത്, അവിടെ ഞാനും അച്ഛമ്മയും കിടക്കും. പിന്നെ ഇവിടെ സഹായത്തിനു വരുന്ന ഒരു സ്ത്രീയുണ്ട് അവളും.. മുകളിലാണ് ചക്കിമോളും അരുണും കിടക്കുന്നത്.. അവിടെ ഒരു മൂന്നു ബെഡ്‌റൂമുണ്ട്. അതിൽ ഒന്നിൽ മോൾക്ക് താമസിക്കാം കേട്ടോ. അവര് പറയുന്ന കേട്ട് പാർവതി തലകുലുക്കി. പോയി ഈ വേഷം ഒക്കെ ഒന്നു മാറ്റിയ്ക്കോ.കാലത്തെ കുളിച്ചത് ആണേലും സാരല്യ, ഒന്നൂടെ ഒന്ന് ദേഹമൊക്കെ കഴുകു,, അപ്പോളേക്കും ശരീരത്തിനോക്കെ ഇത്തിരി ആരോഗ്യം വെയ്ക്കും. ചക്കി ആണെങ്കിൽ കുഞ്ഞിനെയും തോളത്തു ഇട്ടു ഇറങ്ങി വരുന്നത് കണ്ടു പാർവതിയും അവിടേക്ക് നോക്കി. മ്മാ... അമ്മ.... പാർവതിയെ നോക്കി വാവ പറയുന്നുണ്ട്. അമ്മയല്ലടാ.. ആന്റിയാണ് കേട്ടൊ. ലെച്ചു തിരുത്തികൊടുത്തു കൊണ്ട് ചിരിച്ചു. പാർവതി കൈ നീട്ടിയപ്പോൾ കുഞ്ഞാവ അവളുടെ നേർക്ക് ചാടിചെന്നിട്ട് പാർവതിയെ നോക്കി ചിരിച്ചു. എന്നാടാ പൊന്നേ,ആന്റിയെ അറിയോ? മ്മ... മ്മാ... അമ്മ ഈ രണ്ടു വാക്കുകൾ മാത്രം ആ കുഞ്ഞു പറയുന്നത്.. സാറിന്റെ കുഞ്ഞാണോ ഇത്... പാർവതി ചോദിച്ചതും ചക്കി തല കുലുക്കി. എല്ലാം പറയാം ചേച്ചി, കുറച്ചു കഴിയട്ടെ..ഈ വാവയെ എങ്ങനെയെങ്കിലുമൊന്നുറക്കട്ടെ ചക്കി ആണെങ്കിൽ കുഞ്ഞിനെ മേടിക്കാൻ ആവുന്നത്ര ശ്രെമിച്ചു, പക്ഷെ വെറുതെയായിപ്പോയി. അവൾ ചെല്ലാൻ കൂട്ടാക്കിയില്ല. പാർവതിയെ ഇറുക്ക് പിടിച്ചു കൊണ്ട് ഇരുന്നു. പിന്നീട് പാർവതി തന്നെ തോളിൽ കിടത്തി കൊട്ടിയുറക്കുകയാണ് ചെയ്തത്. അതിനു ശേഷം ചക്കി കുഞ്ഞിനെ വാങ്ങി അരുണിന്റെ റൂമിൽ കൊണ്ട് പോയി കിടത്തി. ചക്കി തന്നെയാണ് പാർവതിയ്ക്ക് ഉള്ള റൂമും കാണിച്ചു കൊടുത്തത്. അവള് ഒന്നൂടൊന്നു കുളിച്ചു ഫ്രഷ് ആയി,താൻ കൊണ്ട് വന്ന പിങ്ക് നിറം ഉള്ള ഒരു സൽവാർ ആയിരുന്നു അവൾ എടുത്തു അണിഞ്ഞത്. കുഞ്ഞ് നല്ല ഉറക്കത്തിലാണല്ലെ.. വാതിൽ കടന്നു ഇറങ്ങി വന്നപ്പോൾ അരുണിനെ കണ്ടുകൊണ്ട് വെറുതെ അവൾ ചോദിച്ചു, ഹമ്.... യാത്ര ക്ഷീണം, അതുകൊണ്ടുള്ള ഉറക്കമാ, ഇല്ലെങ്കിൽ പകലൊന്നും കിടന്ന് ഇതുപോലെ ഉറങ്ങുന്ന ആളല്ല. ഒരു മന്ദഹാസത്തോടെ അവൻ പറഞ്ഞതു കേട്ട് പാർവതിയും ആ പിന്നാലെ സ്റ്റെപ്സ് ഇറങ്ങി താഴേക്ക് പോയി. ആഹ് കുളിച്ചു കഴിഞ്ഞപ്പോൾ ക്ഷീണം ഒക്കെ കുറവില്ലെ മോളെ...ഇനി വേണേൽ ഇത്തിരി കിടന്നൊന്ന് ഉറങ്ങു ലെച്ചുമ്മയാണ്... കുഴപ്പമില്ല, ഇപ്പോ ഓക്കേയായി . അവളൊന്നു പുഞ്ചിരിച്ചു. ഇത് ബീന, ഇവിടെ എന്നേ സഹായിക്കാൻ വരുന്നതാണ്, ചക്കിയും അരുണും പോയാൽപ്പിന്നെ ഞങ്ങൾ ഒറ്റയ്ക്ക് അല്ലെയൊള്ളു, കുഞ്ഞിനെ നോക്കാൻ ഒരാള് കൂടി ഇല്ലാണ്ട് എനിക്ക് പറ്റില്ല മോളെ. സമയം അപ്പോളേക്കും നാല്മണിയൊക്കെ കഴിഞ്ഞു. എല്ലാവർക്കുമുള്ള ചായയൊക്കെ എടുത്തു ബീന മേശമേൽ വെച്ചു. എന്നിട്ട് ഇലയടയും, അല്പം ചക്കവറുത്തതും കൂടി ഓരോ പ്ലേറ്റിൽ വെച്ചിട്ട് അടുക്കളയിലേക്ക് പിന്നെയും പോയി. ചക്കി........അരുണിനെ വിളിച്ചോണ്ട് വന്നേ ലെച്ചുമ്മ മുകളിലേക്ക് നോക്കി ഉറക്കെ വിളിച്ചു. കുഞ്ഞിനേയും എടുത്തു കൊണ്ട് അരുൺ വരുന്ന കണ്ട് പാർവതി ഇരിപ്പിടത്തിൽ നിന്ന് എഴുന്നേറ്റു മോളെ ഇരുന്നു ചായ കുടിയ്ക്ക്, വെറുതെ എഴുന്നേൽക്കുവൊന്നും വേണ്ടട്ടൊ.. അച്ഛമ്മ പറയുന്നത് ശരിവെച്ച്കൊണ്ട് തന്നേയാണ് അരുണും അവളോട് സംസാരിച്ചത്.. പാർവതിയെ കാണും തോറും കുഞ്ഞിന് അവളോട് ഉള്ള അടുപ്പം കൂടിക്കൂടിവന്നു.അത് എല്ലാവരിലും അമ്പരപ്പ് ഉളവാക്കി. അല്പം ഇലയട എടുത്തു പീച്ചിയിട്ട് കുഞ്ഞിന്റെ വായിലേക്ക് അവൾ വെച്ചു കൊടുത്തു..സാവധാനം കുഞ്ഞത് നുണഞ്ഞു കഴിച്ചു. നന്നായി കഴിപ്പിച്ചു വയറു നിറച്ച ശേഷം ആയിരുന്നു അവൾ ചായ കുടിക്കാൻ തുടങ്ങിത് പോലും. *** സന്ധ്യയ്ക്ക് വിളക്ക് വെച്ച് പ്രാർത്ഥിച്ചു കഴിഞ്ഞു ചക്കിയും പാർവതിയും കൂടി വെറുതെ ഉമ്മറത്തൊരു കോണിൽ ഇരിക്കുകയാണ്. അപ്പോളാണ് ചക്കി അവളോട് ആ കഥ പറഞ്ഞു തുടങ്ങിത്. ഇത് അമ്പാട്ടു തറവാട്.അദ്ധ്യാപകരായ രാജേന്ദ്രനും ലക്ഷ്മിയ്ക്കും രണ്ട് മക്കൾ ആയിരുന്നു, അരുണും അനുപമയും..അരുണേട്ടൻ പി ജി പൂർത്തിയാക്കിയ ശേഷം ബാങ്ക് ടെസ്റ്റ്‌ഒക്കെ എഴുതി ഒരു ബാങ്കിൽ ജോലിക്ക് കേറി. അങ്ങനെയിരിക്കെ ഏട്ടന് ഒരു വിവാഹ ആലോചന വരുന്നു. അന്ന് ഏട്ടന് വയസ് 27... ഇപ്പൊ കല്യാണം ഒന്നും വേണ്ടന്ന് പറഞ്ഞു ഏട്ടൻ ഇവിടെക്കിടന്നു ഭയങ്കര ബഹളം.. ഈ കല്യാണം എന്നൊക്ക പറയുന്നത്, ഒരു സമയത്തു നടന്നില്ലെങ്കില്പിന്നെ ഭയങ്കര ബുദ്ധിമുട്ട് ആവും എന്ന് പറഞ്ഞു അമ്മയും അച്ഛനും ഒരുപോലെ നിന്നു. ഒടുവിൽ ഏട്ടന് അത് വിഷമത്തോടെ ആണേലും സമ്മതിക്കേണ്ടി വന്നു. കൃഷ്ണ പ്രിയ എന്നായിരുന്നു പെണ്ണിന്റെ പേര്. ഇൻഫോ പാർക്കിൽ വർക്ക് ചെയ്യുന്നു. കാണാൻ കുഴപ്പമില്ല, പെൺകുട്ടിയെക്കുറിച്ച് തിരക്കിയപ്പോൾ ആളുകളൊക്കെ നല്ല അഭിപ്രായമാണ് പറഞ്ഞത്.അരുണേട്ടൻ പോയി പെണ്ണിനെ കണ്ടു. ഏട്ടന് ഇഷ്ട്ടമായി. പിന്നീട് ഞങ്ങൾ എല്ലാവരും പരസ്പരം വന്നുപോയി. കാര്യങ്ങളെല്ലാം വേഗത്തിൽ ആയിരുന്നു നടന്നത്. അങ്ങനെ ഏട്ടൻ 2020 ജനുവരി 20നു ചേച്ചിയെ കല്യാണം കഴിച്ചു. പ്രിയേച്ചി എല്ലാവരും ഭയങ്കര കമ്പനിയായിരുന്നു. പെട്ടെന്ന് തന്നെ ആളുകൾക്കിടയിൽ ഒരു മതിപ്പ് ഉളവാകുന്ന തരത്തിലുള്ള പെരുമാറ്റം ആയിരുന്നു ചേച്ചിടേത്. ഇവിടെ എല്ലാവർക്കു ഭയങ്കര കാര്യമായിരുന്നു. കല്യാണം കഴിഞ്ഞു രണ്ട് ആഴ്ച കഴിഞ്ഞു ചേച്ചിടേ ലീവ് തീർന്നു. കോവിഡ് ടൈം ആയതിനാൽ വർക്ക് from ഹോം ആയിരുന്നു. അതുകൊണ്ട് ചേച്ചി വീട്ടിലിരുന്നാണ് ജോലിയൊക്കെ ചെയ്തേ. അങ്ങനെയിരിക്കെ ഒരു ദിവസം ചേച്ചിയ്ക്ക് തലകറക്കം പോലെ വന്നു. ഭയങ്കര ക്ഷീണം, ഹോസ്പിറ്റലിൽ കാണിച്ചപ്പോൾ ചേച്ചി പ്രെഗ്നന്റ് ആണെന്ന് അറിയുന്നു.കല്യണം കഴിഞ്ഞിട്ട് അപ്പോൾ ഏകദേശം 1വർഷം കഴിഞ്ഞിരുന്നു. അത്രേം കാത്തിരുന്നു,അതുംകൂടിയായപ്പോൾ ഇവിടെ എല്ലാവർക്കും സന്തോഷത്തിനു അതിരില്ലാരുന്നു......തുടരും........