കനൽ പൂവ്: ഭാഗം 39
Oct 6, 2024, 09:12 IST

രചന: കാശിനാഥൻ
പാർവതി വീട് വിട്ട് ഇറങ്ങിപ്പോകുമെന്ന് സ്വപ്നത്തിൽ പോലും കരുതിയതല്ല... പക്ഷെ.... അർജുൻ ഉറക്കമില്ലാതെ തന്റെ മുറിയിൽ കിടക്കുകയാണ്. നിറമിഴികളോടേ തന്റെ മുന്നിൽ നിൽക്കുന്നവളെ ഓർക്കും തോറും അവന്റെ നെഞ്ചു വിങ്ങിപ്പൊട്ടി. ചേ... കഷ്ടം ആയിപ്പോയി, അന്നേരത്തെ ദേഷ്യത്തിനു അടിച്ചു പോയതാ, പക്ഷെ,,, അവളിങ്ങനെ കാണിക്കുമെന്ന് ഓർത്തതേയില്ല. ഫോൺ എടുത്തു ഒന്ന് വിളിച്ചു നോക്കണോയെന്ന് പല തവണ ചിന്തിച്ചു. പക്ഷെ ആ താലിമാലയും വലിച്ചെറിഞ്ഞു അവൾ പോയതോർക്കുമ്പോൾ.. അവൻ മിഴികൾ അമർത്തിയടച്ചു. രാജാശേഖരൻ തന്റെ കുടുംബത്തോട് ചെയ്ത പ്രവർത്തികൾ കാരണമാണ് ഇങ്ങനെയൊരു ഉദ്യമത്തിന് ഇറങ്ങിത്തിരിച്ചത്. അയാളുടെ മകളാണെന്ന് ഓർത്തുകൊണ്ടു മാത്രം... അത് ഇങ്ങനെയൊക്കെ ആകുമെന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല.അവിടെയാണ് തനിക്ക് ഏറ്റവും വലിയ തെറ്റ് പറ്റിയത് പോലും.. ** അടുത്ത ദിവസം കാലത്തെ അരുൺ ഉണർന്നു മുറിയുടെ പുറത്തേക്ക് ഇറങ്ങി വന്നപ്പോൾ പാർവതി കുളിയൊക്കെ കഴിഞ്ഞു അമ്മയോടൊപ്പം ചായ കുടിക്കുന്നു. അവനെ കണ്ടതും അവൾ വേഗം എഴുന്നേറ്റു.എന്നിട്ട് മധുരമായി അരുണിനെ നോക്കിയൊന്നു പുഞ്ചിരി തൂകി. കുഞ്ഞ് എഴുന്നേറ്റില്ല അല്ലെ മോനേ? ഇല്ലമ്മേ. നല്ല ഉറക്കമാ.. ചക്കി അമ്പലത്തിൽ പോയോ. ഹേയ് ഇല്ലന്നേ, ആ പെണ്ണ് ഇങ്ങോട്ട് ഇറങ്ങി വന്നു പോലുമില്ല. ഇന്നലെ പ്രേത്യേകം പറഞ്ഞതാ, 7മണിക്ക് മുന്നേ അമ്പലത്തിലേക്ക് പുറപ്പെടണംന്ന്. പാർവതി ആ നേരത്തു അരുണിന് കുടിക്കാൻ ഒരു ഗ്ലാസ് കാപ്പിയുമായി വന്നു.. താങ്ക്സ് . അവൻ കാപ്പി മേടിച്ചു ഒരിറക്ക് കുടിച്ചുകൊണ്ട് അവളോടായ് പറഞ്ഞു. മോളെ... നീ കുളിയൊക്കെ കഴിഞ്ഞതല്ലേ, ഇവിടെ അടുത്തൊരു ദേവി ക്ഷേത്രം ഉണ്ട്, ഈ നാടിന്റെ ദേശ ദേവതയാണ്.ഒന്ന് പോയി തൊഴുത് വരുട്ടോ... അവർ പറഞ്ഞതും പാർവതി തലകുലുക്കി. അപ്പോളേക്കും കുഞ്ഞിന്റെ കരച്ചിൽ പോലെയവൾ കേട്ടു. നിലമോളുണർന്നു.. ഇപ്പൊ വരാമേ... ഒറ്റയോട്ടത്തിന് അവൾ സ്റ്റെപ്സ് കയറി മുകളിൽ ചെന്നു.അവളുടെ ഓട്ടം കണ്ടു അരുൺ അത് നോക്കിയിരുന്നു. കുഞ്ഞിനെ ജീവന.. ഒക്കത്തുന്ന് താഴെയിറക്കില്ല. പെറ്റമ്മ പോലും ഒന്ന് തിരിഞ്ഞുനോക്കുന്നില്ല. പക്ഷെ ഇവളുടെ സ്നേഹം കണ്ടോ മോനെ.....പറയുമ്പോൾ ലെച്ചുമ്മയ്ക്ക് വാക്കുകൾ ഇടറി.. ഒരുപാട് അടുപ്പിക്കേണ്ടരുന്നു. ഇനി അടുത്ത ദിവസം പാർവതി പോകുമ്പോൾ മോൾക്ക് ആകെ സങ്കടം ആവില്ലേയമ്മേ.... ഞാനും അതോർക്കു മോനെ...പക്ഷെ അവൾക്ക് പോകാണ്ട് വേറെ നിവർത്തിയില്ലാലോ ആ കുട്ടീടെ അമ്മ അവളെ കാത്തിരിക്കുവാ.. ആകെക്കൂടെ അവർക്ക് ഇനി പാർവതിമാത്രമല്ലേ ഒള്ളു. ആഹ് അതേ, ആദ്യത്തെ കുറച്ചു ദിവസത്തെ കരച്ചിലെ കാണു. പിന്നെയവള് സമാധാനിച്ചോളും. നമ്മൾക്ക് ദേവിചിറ്റേടെ വീട്ടിലൊക്കെയൊന്നു പോകാം, അവിടെയാകുമ്പോൾ കുഞ്ഞാറ്റയൊക്കെ കാണും. ആ കുട്ടികളോട് വല്യകാര്യമാണല്ലോ മോൾക്ക്.. അരുൺ പറയുന്നത് കേട്ട് കൊണ്ട് അച്ഛമ്മയും ഉണർന്നു വന്നു. എന്താ മക്കളെ നിങ്ങളീ പറയുന്നേ, എവിടെ പോകുന്നകാര്യമാ....? കസേര പിന്നിലേക്ക് വലിച്ചു കൊണ്ട് അവർ അരുണിനെ നോക്കി ചോദിച്ചു. ലെച്ചുമ്മയാണ് കാര്യങ്ങളൊക്കെ പറഞ്ഞത്. അത് കേട്ടതും അച്ഛമ്മയുടെ മുഖത്തും പലവിധം ഭാവങ്ങൾ ഉടൽകൊണ്ടു. പാർവതി നല്ലോരു മോളായിരുന്നു. പക്ഷെ പറഞ്ഞിട്ട് കാര്യമില്ലല്ലോ... അതിന്റെ വിധി എന്തൊരു ദയനീയമായിരുന്നു മക്കളെ. കുഞ്ഞിന്റെ കൊഞ്ചൽ കേട്ടതും അവർ മൂവരും ഒരുപോലെ മുകളിലേക്ക് നോക്കി. പാർവതിയുടെ ഒക്കത്തുണ്ട് നില മോള്.എന്തോ പറഞ്ഞുകൊണ്ട് ചിരിക്കുന്നത് കണ്ടപ്പോൾ അരുണും ഒന്ന് മന്ദഹസിച്ചു. അച്ഛാ......റ്റാറ്റാ പോവാ സ്വാമി തൊഴാൻ അരുണിനെ കണ്ടതും കുഞ്ഞ് ഉറക്കെ ചോദിച്ചു. ഹമ്.. പോവാല്ലോ,മോളും വരുന്നുണ്ടോട.. .ഹമ്... ഞാന്,മമ്മ, അച്ഛ... ആഹാ.. അപ്പൊ ഞങ്ങളെ ആരേം കൊണ്ട്പോകില്ലല്ലേ. കൂട്ട് വെട്ടി. അച്ഛമ്മ ഇരു കവിളും വീർപ്പിച്ചു കാണിച്ചുകൊണ്ട് കുഞ്ഞിനോട് പറഞ്ഞു. അത് പിന്നെ... അച്ഛമ്മ റ്റാറ്റാ പോകാമേ. ഓഹ് അമ്പടികള്ളി.... ആളുടെ മനസിലിരുപ്പേ, ആയിക്കോട്ടെ, മമ്മയെ കൂട്ടി പോയ്കോട്ടോ.. പിന്നെ ചക്കിയപ്പച്ചിയെ കൂട്ടുമോട. ആം... കൂട്ടാം. അവളുടെ പറച്ചിൽ കേട്ടു എല്ലാവരും ചിരിച്ചു. മോളെ.. എന്നാൽപിന്നെ നീ പോയി റെഡി ആയിക്കോ, അത്യാവശ്യ തിരക്കൊക്കെ ഉള്ള അമ്പലമാണ്.. അവർ പറഞ്ഞതും പാർവതി അമ്പലത്തിലെയ്ക്ക് പോകാൻ റെഡി ആവാൻ റൂമിലേക്ക് പോയി.. ചക്കിയ്ക്ക് പീരിയഡ്സ് ആയിരുന്നു. അതുകൊണ്ട് അവൾ എഴുന്നേറ്റ് വരാൻ ലേറ്റ് ആയത്. അവൾ വരുന്നില്ലെന്ന് കണ്ടതും പാർവതിയ്ക്ക് സങ്കടമായി. ഒരുങ്ങിയിറങ്ങുവേം ചെയ്തു. ഇനിയിപ്പോ എങ്ങനെ പിന്മാറും. സാരമില്ല... മോള് പോയിട്ട് വാ, ഇവിടുന്ന് ഒരു 20മിനുട്ട് യാത്രയൊള്ളു.. ലെച്ചുമ്മ നിർബന്ധിച്ചപ്പോൾ വേറെ മാർഗം ഇല്ലാതെ പാർവതിയും അരുണിനോടും കുഞ്ഞിനോടുമൊപ്പം അമ്പലത്തിലേക്ക് പുറപ്പെട്ടു. അവൾ പിൻസീറ്റിൽ കയറാൻ തുടങ്ങിയതായിരുന്നു. നിലമോള് പക്ഷെ സമ്മതിച്ചില്ല. മമ്മ, ഇവിടെ...... മുന്നിലെ ഡോറിൽ തൊട്ട് കൊണ്ട് കുഞ്ഞു നിന്നു. നമ്മൾക്ക് ഇവിടെ ഇരിക്കാം... മമ്മ കഥയൊക്കെ പറഞ്ഞു തരാം.. ബേണ്ടാ.... ഇവിടെ മതി. അപ്പോളേക്കും അരുൺ അവൾക്ക് കയറാൻ ഡോർ തുറന്നു കൊടുത്തു. ചേച്ചിയെ പറഞ്ഞു വിടണോമ്മേ.. ഇവിടെ നിർത്തിയാൽ പോരേ, ഏട്ടനെക്കൊണ്ട് നമ്മൾക്ക് കല്യാണം കഴിപ്പിച്ചാലോ.. ചക്കിയുടെ പറച്ചില് കേട്ട് ലെച്ചുഅമ്മ അവളെയൊന്നു നോക്കി കുഞ്ഞിന്റെ സ്നേഹം കണ്ടോ, ചേച്ചിയെ എന്ത് കാര്യമാണെന്നൊ. ചേച്ചി ഇവിടെ വന്നതിൽപ്പിന്നെ വാവയൊന്നു കരഞ്ഞിട്ടുപോലുമില്ല. ഫുഡ് കഴിക്കുവേം, കൃത്യ സമയത്തു ഉറങ്ങുവേം,ഒക്കെ ചെയ്യും...അല്ലെങ്കിൽ എന്തൊരു വാശിയാണ്. ഏട്ടൻ കാലത്തെ സ്കൂളിലേക്ക് പോകുംമുന്നേ ഇവിടെ കിടന്ന് ക്ഷ വരയ്ക്കുന്നതല്ലാരുന്നോ. ഇപ്പൊ നോക്കിയേ ഒരു പ്രശ്നോമില്ല. ചക്കിയാണെങ്കിൽ കാര്യകാരണം സഹിതം വിശദീകരിച്ചു. പക്ഷെ ലെച്ചുമ്മ യാതൊരു മറുപടിയും പറഞ്ഞില്ല. എന്നാലും അവരുടെ ഉള്ളിന്റെയുള്ളിൽ അത് ആഗ്രഹിക്കുന്നുണ്ടായിരുന്നു എന്നതാണ് സത്യവും.....തുടരും........