കാണാ മറയത്ത്..❤: ഭാഗം 1

kanamarayath

രചന: മീര സരസ്വതി

"മതി കാത്തിരുന്നത്..!!! മണിക്കൂറൊന്നായി... അപ്പഴേ പറഞ്ഞതാ ഇതൊന്നും ശരിയാവത്തില്ലെന്ന്... ഒന്നാമതേ അയാളുടെ ശെരിയായ പേര് പോലും അറിയില്ല... ഒരു നിരക്ഷരൻ....!! അയാളുടെ വായിൽ കൊള്ളാത്ത ഫേസ്ബുക് പേരും.. കേൾക്കുമ്പോ തന്നെ അറിയാം ലോക ഉടായിപ്പാണെന്ന്.. അവളുടെ ഒരു ദിവ്യ പ്രേമം.. കോപ്പ്... വന്നേ പോകാം.... " ദേഷ്യത്തോടെ കസേരയിൽ നിന്ന് എഴുന്നേൽക്കാൻ ശ്രമിച്ചു കൊണ്ട് രേണു പറഞ്ഞു... "കുറച്ചു നേരം കൂടി.. പ്ലീസ്‌ രേണു.. വല്ല തിരക്കിലും പെട്ടതാണെലോ...??!!" കണ്ണ് നിറച്ച് അപേക്ഷാ സ്വരത്തിൽ ലൈല പറഞ്ഞതും നുരഞ്ഞു വന്ന കോപമടക്കി വെച്ച് കസേരയിലേക്ക് തന്നെ അമർന്നിരുന്നു അവൾ... കയ്യിലിരുന്ന കെർച്ചീഫ് കൊണ്ട് മൂക്കിന് മുകളിൽ പൊടിഞ്ഞു വന്ന കുഞ്ഞു വിയർപ്പിൻ കണങ്ങളെ വെപ്രാളത്തോടെ ഒപ്പിയെടുക്കുന്ന ലൈലയെ അലിവോടെ നോക്കി രേണു...

"ഒന്നുമറിയാത്ത ഒരാളെ കണ്ണുമടച്ച് വിശ്വസിച്ചു വരരുതായിരുന്നു ലൈലൂ.... ഇപ്പോ വാർത്തകളിലൊക്കെയും സോഷ്യൽ മീഡിയ പ്രണയങ്ങളും അതിലെ ചതിക്കുഴികളും കേട്ട് കേട്ട് പേടിയായിട്ടാ നിന്നോട് തനിച്ചു പോരേണ്ടെന്ന് പറഞ്ഞത്.. ഇനിയെങ്ങാനും ആളെന്നെ കണ്ടത് കൊണ്ട് വെളിച്ചത്ത് വരാത്തതാകുമോ...??!! നീ ഒന്നും കൂടിയൊന്ന് വിളിച്ചു നോക്കിയേ..." ഒന്നല്ല പലവട്ടം നിരക്ഷരൻ എന്ന് സേവ് ചെയ്തു വെച്ച നമ്പറിലേക്ക് ലൈല വിളിക്കാൻ ശ്രമിച്ചു.. നിരാശയായിരുന്നു ഫലം... വാട്സാപ്പിലും മെസ്സഞ്ചറിലും മാറിമാറി മെസേജ് അയച്ചു നോക്കിയെങ്കിലും ഡെലിവേഡ് ആയതുമില്ല... കടന്നുവരുന്ന ഓരോ മുഖങ്ങളിലും പ്രതീക്ഷയോടെ നിരക്ഷരനെയും തിരഞ്ഞു കൊണ്ട് അര മണിക്കൂർ കൂടി ആ കോഫി ഷോപ്പിൽ രണ്ടുപേരും അതേയിരുത്തമിരുന്നു...... " പോകാം രേണു...... "

അത്‌ പറയുമ്പോൾ ആ പെണ്ണിന്റെ ശബ്ദമാകെ ചിലമ്പിച്ചിരുന്നു.. രേണുവുന്റെ സ്‌കൂട്ടിയുടെ പിന്നിൽ കയറിയിരിക്കുമ്പോഴും ലൈലയുടെ കണ്ണുകൾ ഓർമയിലെങ്ങും മുഖമില്ലാത്ത ആ ഒരു മുഖത്തിനായി ചുറ്റിനും പരതുകയായിരുന്നു ... അവളുടെ മനസ്സറിഞ്ഞത് പോലെ എന്നും നിർത്താതെ സംസാരിച്ചു കൊണ്ടിരിക്കുന്ന രേണു യാത്രയിലുടനീളം നിശബ്ദയായിരുന്നു.. " എന്നെ ഇഗ്നോറിൽ ഇട്ടേക്കുവാണോ നരി...?? എന്നെ പറ്റിച്ചതാണല്ലേ... ഉറപ്പായും വരാം.. കുറേ മിണ്ടാം... പാട്ടുകൾ പാടിത്തരാം എന്നൊക്കെ പറഞ്ഞത് എന്നെ വിഡ്ഢി വേഷം കെട്ടിക്കാൻ ആയിരുന്നോ....???!! അതോ അരുതായ്ക വല്ലതും സംഭവിച്ചോ...?? വരുന്ന വഴിയിൽ എന്തേലും...? ഞാനിതെവിടെ ചെന്നാ ഒന്ന് അന്വേഷിക്കുക..?? അറ്റ്ലീസ്റ്റ് ആ പേരെങ്കിലും എന്നോട് പറയാരുന്നില്ലേ... ഒക്കെയും നേരിട്ട് പറയാമെന്നു പറഞ്ഞു എന്നേ പറ്റിച്ചതാല്ലേ....??!!"

അത്രയും ടൈപ് ചെയ്ത് അയക്കുമ്പോഴേക്കും കണ്ണ് നിറഞ്ഞു ഒഴുകിയിരുന്നു... ഫോൺ ബാഗിലോട്ട് തിരികെ വെച്ച ശേഷം രേണുവിനെ പിന്നിലൂടെ വട്ടം പിടിച്ചു അവളുടെ പുറത്ത് തല ചായ്ച്ച് കിടന്നു കൊണ്ട് കണ്ണുമടച്ച് നിശബ്ദമായി കരഞ്ഞു പെണ്ണ്... ആ യാത്ര അവസാനിക്കും വരെ അതേ ഇരിപ്പായിരുന്നു അവൾ... അതിനാൽ തന്നെ ഇടയിലെപ്പോഴോ വഴിയരികിൽ പകുതി തകർന്നു കിടക്കുന്ന ബൈക്ക് ശ്രദ്ധിച്ചില്ല... രേണുവും ഏതോ ഒരു കുഞ്ഞു ആക്‌സിഡന്റ് എന്ന രീതിയ്ക്കപ്പുറത്തേക്ക് ചിന്തിച്ചതുമില്ല.. "ഇതെന്താ രേണു ഇവിടെ....??!!" " നിന്റെ മൂഡ് മാറ്റാൻ ഇതിലും നല്ല സ്ഥലം വേറെ ഇല്ലാത്തത് കൊണ്ട്... നീയേ നിന്റെ ടീച്ചറമ്മയോടൊപ്പം രണ്ടു കീർത്തനങ്ങൾ ഒക്കെ ആലപിച്ചു മിണ്ടിയും പറഞ്ഞുമൊക്കെ ഇരിക്ക്.. ഞാൻ അപ്പഴേക്കും തിരിച്ചെത്തിക്കോളാം.... " " വേണ്ട രേണു.. ഈയവസ്ഥയിൽ പോയാൽ ടീച്ചറമ്മയ്ക്ക് കാര്യം പിടികിട്ടും.. ചോദിച്ചാൽ എനിക്ക് കള്ളം പറയാനും പറ്റില്ല... നീ വണ്ടിയെടുത്തേ.... തിരിച്ചു പോകാം... " രേണു അവളെയൊന്ന് തിരിഞ്ഞു നോക്കി ദീർഘമായൊന്ന് നിശ്വസിച്ച് വണ്ടി തിരിച്ചു.. " ആഹാ... ഇതാരൊക്കെയാ...???!!

രണ്ടിനും ഈ വഴിയൊക്കെ ഓർമ്മയുണ്ടോ ആവോ..??!!" പിന്നിൽ നിന്നുമുള്ള ശബ്ദം കേട്ടതും ലൈല യന്ത്രികമായി വണ്ടിയിൽ നിന്നുമിറങ്ങി.. ടീച്ചറമ്മയാണേ... ഇനിയിപ്പോ ആളുടെ കയ്യിൽ നിന്നും ഊരിപ്പോരാൻ വയ്യല്ലോ എന്നോർത്ത് നിസ്സഹായതയോടെ പെണ്ണ് രേണുവിനെ നോക്കി... അവിടെയവൾ ചിരി കടിച്ചു പിടിച്ചു നിൽക്കുന്നത് കണ്ടതും ലൈല അവളെയൊന്ന് നോക്കി ദഹിപ്പിച്ചു... " ദേ ടീച്ചറമ്മേടെ പരാതി തീർക്കാൻ ശിഷ്യയെ തട്ടിക്കൊണ്ടു വന്ന് കയ്യോടെ ഏൽപ്പിക്കുവാണേ... ഒരു അര മണിക്കൂർ.. അപ്പഴേക്കും ആളെ ഫ്രീയായി വിട്ടേക്കണേട്ടോ... " രേണുവാണേ.... " നില്ല് പെണ്ണേ... ഒരു ചായ കുടിച്ചിട്ട് പൊക്കോ... " " ഇപ്പോ വേണ്ട ടീച്ചറമ്മേ.. പോയിട്ട് ചെറ്യൊരു ആവശ്യമുണ്ടേ.. വന്നിട്ടാകാം... " വണ്ടി മുന്നോട്ട് എടുക്കുന്നതിനിടയിൽ രേണു വിളിച്ചു പറഞ്ഞു... " എന്താ ന്റെ കുട്ടീടെ മുഖത്തൊരു വാട്ടം... ഉമ്മയോട് വഴക്കിട്ടോ....?? " രേണു പോയി കഴിഞ്ഞതും ലൈലയുടെ കവിളിൽ തലോടിക്കൊണ്ട് ടീച്ചർ ചോദിച്ചു..

"ഏയ്‌... ചെറിയൊരു തലവേദന പോലെ.. അതാവും.... ടീച്ചറമ്മേടെ നല്ല കടുപ്പത്തിലുള്ള ഏലക്കയും ഇഞ്ചിയുമിട്ട സ്പെഷ്യൽ ചായ കുടിക്കുമ്പോൾ തല വേദനയൊക്കെയങ്ങ് പമ്പ കടന്നോളും.... " ടീച്ചറമ്മയുടെ തോളിലൂടെ കയ്യിട്ട് മുന്നോട്ട് നടന്നു കൊണ്ടവൾ പറഞ്ഞു... ആറാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് പാട്ട് പഠിക്കാൻ സുമലത ടീച്ചറുടെ അടുക്കൽ എത്തുന്നത്... നല്ല ശബ്ദമാണ് മാപ്പിളപ്പാട്ട് പഠിപ്പിക്കണം എന്നും പറഞ്ഞു ഉപ്പയോട് തർക്കിച്ചു വല്യുമ്മയാണ് അവളെ ടീച്ചറുടെ സംഗീത ക്ലാസ്സിൽ ചേർത്തത്.. എന്നും വാ തോരാതെ സംസാരിക്കുന്ന എല്ലാവരോടും പെട്ടെന്ന് കൂട്ടാവുന്ന ലൈല ടീച്ചറുമായി പെട്ടെന്ന് അടുത്തു... പിന്നീടങ്ങോട്ട് ടീച്ചർക്ക് സ്വന്തം മോളേ പോലെയായിരുന്നു അവൾ.. തിരിച്ചു അതേ സ്നേഹം തന്നെ ലൈലയും കൊടുത്തു പോന്നു.. സന്തോഷമായാലും ദുഃഖമായാലും അത്‌ ടീച്ചറോടൊപ്പം പങ്കു വെക്കുന്നതാണ് പെണ്ണിന്റെ പതിവ്... പക്ഷേ നിരക്ഷരന്റെ കാര്യം ടീച്ചറമ്മയോട് പറയുവാൻ എന്തോ അവൾക്ക് പേടിയായിരുന്നു... പേരോ ഊരോ ഒന്നുമറിയാത്ത ഒരാളെ ഇഷ്ടപ്പെട്ടുവെന്നറിഞ്ഞാൽ ടീച്ചർ ശകാര വാക്കുകൾ കൊണ്ട് വെട്ടിക്കീറും എന്ന് പെണ്ണിന് നല്ല ഉറപ്പായിരുന്നു... "അയ്യോ.. ലൈലൂ പാല് തിളച്ചു മറിയുന്നു..."

ടീച്ചറമ്മയുടെ ശബ്ദമാണ് ആലോചനയിൽ നിന്നും ലൈലയെ ഉണർത്തിയത്.. പെണ്ണ് പെട്ടെന്ന് തന്നെ ഫ്ലൈയിം ഓഫ് ചെയ്ത്‌ വെച്ചു.. ഏലക്കയും ഇഞ്ചിയും ചതച്ചിട്ടു തിളച്ചു വരുന്ന വെള്ളത്തിലേക്ക് തേയിലയും പഞ്ചസാരയും കൂടിയിട്ട് നന്നായി തിളപ്പിച്ചപ്പോൾ തന്നെ ആ അടുക്കളയാകെ നല്ലൊരു ഗന്ധം പരന്നിരുന്നു.. തിളച്ച പാൽ കൂടി അതിലേക്ക് തൂവി ഒരു കപ്പിലേക്ക് പകർന്നു അവളുടെ കൈയിലേക്ക് ടീച്ചറമ്മ വെച്ചു കൊടുത്തു.. കപ്പ് മൂക്കിനോടടുപ്പിച്ചു മൂക്ക് വിടർത്തി ആവോളമാ ഗന്ധം ആസ്വദിച്ചു ലൈല... ചൂട് ചായ ഊതിയൂതി ഒരു കവിൾ കുടിച്ചതും അവളിൽ ഉന്മേഷം വന്നു നിറഞ്ഞു.... ഓമലാളേ നിന്നെയോര്‍ത്ത് കാത്തിരിപ്പിന്‍ സൂചിമുനയില്‍ മമകിനാക്കള്‍ കോര്‍ത്ത് കോര്‍ത്ത് ഞാന്‍ നിനക്കൊരു മാല തീര്‍ത്തു... ഉമ്മറപ്പടിയിൽ ഇരുന്ന് ലൈല ഗസലിൻ ഈരടികൾ മൂളി തുടങ്ങിയപ്പോൾ കൂടെ അവളുടെ ടീച്ചറമ്മയും പാടി തുടങ്ങിയിരുന്നു... രണ്ടാളും പാട്ടിന്റെ ലോകത്തിൽ അങ്ങനെ മുഴുകിയിരിക്കുമ്പോഴാണ് മുറ്റത്ത് ഒരു ബൈക്ക് വന്നു നിന്നത്... "ശരത്താണല്ലോ....!!!" ബൈക്കിൽ നിന്നുമിറങ്ങി ദൃതിയിൽ വീട്ടിലേക്ക് നടന്നു വരുന്ന സുമുഖനായ ചെറുപ്പക്കാരനെ നോക്കി ടീച്ചറമ്മ പറഞ്ഞു... "

കാശിയെവിടെ ശരത്തെ...?? നിന്നെ തിരക്കി രാവിലെ തന്നെ ഇറങ്ങിയതാണല്ലോ അവൻ...." "ടീച്ചറെ..... അ.. അത്‌.. പിന്നെ..." " എന്താടാ ഒരു പരുങ്ങൽ... എന്ത് കുരുത്തക്കേടാ രണ്ടും കൂടി ഒപ്പിച്ചെ...??!!" " ടീച്ചർ പെട്ടെന്നൊന്ന് ഒരുങ്ങി വന്നേ.. നമുക്ക് ഒരിടം വരെ പോയി വരാം... " അവന്റെ മുഖത്തെ പതർച്ച കാണുമ്പോൾ ടീച്ചറമ്മയ്ക്ക് അകാരണമായ ഭയം അനുഭവപ്പെട്ടു.. " കാര്യമെന്താ ശരത്തേ...??!! കാര്യമെന്തെന്ന് അറിയാതെ ഞാൻ വരുന്ന പ്രശ്നമില്ല.... " "അ... അത്‌.. ബൈക്ക് തെന്നി കാശിയൊന്ന് വീണു.. കാലിന് ചെറിയൊരു പൊട്ടലുണ്ട്... ഇന്നവിടെ അഡ്മിറ്റാകാൻ പറഞ്ഞിട്ടുണ്ട്... " മറ്റു വഴിയില്ലാതെ ശരത്ത് അത്രയും പറഞ്ഞൊപ്പിച്ചു... അത്‌ കേട്ടതോടെ ഒരാശ്രയത്തിന് എന്നോണം ടീച്ചറമ്മ ലൈലയുടെ കൈകൾ മുറുകെ പിടിച്ചു.... "നീ സത്യം പറയ് ശരത്തെ... എന്റെ കുഞ്ഞിന് വേറൊന്നും പറ്റിയില്ലല്ലോ അല്ലേ....??? "

" ഇല്ല ടീച്ചറെ... കുഴപ്പമൊന്നുമില്ല.. നമുക്ക് പോയി വരാം.. കണ്ടാൽ ആശ്വാസം ആകുമല്ലോ... " വേവലാതിയോടെ അകത്തേക്ക് നടക്കാനൊരുങ്ങിയതും എന്തോ ഓർത്തെന്ന പോലെ ടീച്ചർ ലൈലയെ നോക്കി... "റെഡി ആയി വാ ടീച്ചറമ്മേ... രേണുവിനെ വിളിക്കാം ഞാൻ.. ഞങ്ങളും കൂടെ വരാം ..." ടീച്ചറുടെ നോട്ടത്തിന്റെ അർത്ഥം മനസ്സിലായെന്ന പോലെ ലൈല പറഞ്ഞു.. അപ്പോഴേക്കും രേണുവും എത്തിയിരുന്നു... 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 ഹോസ്പിറ്റലിൽ ചെന്ന് കയറിയപ്പോൾ ശരത്ത് പറഞ്ഞത്രയും നിസ്സാരമല്ല കാര്യങ്ങളെന്ന് അവർക്ക് മനസ്സിലായി... ദേഹത്ത് അവിടിവിടെ പോറലുകൾ ഉണ്ട്‌... കാലിലും കയ്യിലും പൊട്ടലുണ്ട്... ഫ്രാക്ചർ ഇട്ട് റൂമിലേക്ക് മാറ്റിയിട്ടുണ്ട് ആളെ... മകന്റെ കിടപ്പ് കണ്ടതും ആ അമ്മ മനം തേങ്ങിത്തുടങ്ങിയിരുന്നു.. എങ്കിലും മകന്റെ മുന്നിൽ മനോധൈര്യം കൈ വിടാതെ ഉറച്ച മനസ്സോടെ നിന്നു... "എന്താ പറ്റിയെ കണ്ണാ...?? സൂക്ഷിക്കാരുന്നില്ലേ..???" "അതിനു മാത്രം ഒന്നൂല്ല അമ്മാ... അമ്മയിങ്ങോട്ട് വരേണ്ടിയിരുന്നില്ല....."

" നിനക്ക് ബോധം വീഴാതിരുന്നപ്പോ ഞാൻ പേടിച്ചു പോയെടാ.. അതാ ടീച്ചറെ ചെന്ന് വിളിച്ചത്.... " ശരത്ത് പറഞ്ഞു... " രണ്ടു ദിവസം ഇവിടെ കിടക്കാനാ ഡോക്ടർ പറഞ്ഞത്.. അത്‌ കഴിഞ്ഞ് നോക്കിയിട്ട് വേണ്ടത് ചെയ്യാമെന്ന്.... ഞാൻ ഏതായാലും പോയി മരുന്ന് മേടിച്ചോണ്ട് വരാം... നീ വരുന്നുണ്ടോ രേണു..?? " രേണുവിനെയും കൂടെ കൂട്ടി ശരത്ത് റൂം വിട്ടു.. പണ്ട് തൊട്ടേ എന്തുകൊണ്ടോ ലൈലയ്ക്കും കാശിക്കും പരസ്പരം ഇഷ്ടമായിരുന്നില്ല... ചിലപ്പോൾ ലൈലയോടുള്ള ടീച്ചറമ്മയുടെ അമിത വാത്സല്യം കാശിക്ക് ഇഷ്ടമാകാത്തതാകാം.. ലൈലയെ കാണുമ്പോൾ കാശി അനിഷ്ടം പ്രകടിപ്പിക്കുന്നതാകണം ലൈലയുടെ പ്രശ്നവും... എന്ത് തന്നെയായാലും ടീച്ചറമ്മയുടെ ഭാഷയിൽ രണ്ടു പേരും നല്ല അസ്സല് കീരിയും പാമ്പുമാണ്... പക്ഷേ കാശിയുടെ കിടപ്പ് കണ്ടപ്പോൾ എന്തോ ലൈലയ്ക്ക് വേദനിച്ചു... കുറച്ചു നേരം മുറിയിലിരുന്ന് ബോറടിച്ചതും ഫോൺ കയ്യിലെടുത്ത് ഡാറ്റ ഓൺ ചെയ്തു... മെസ്സഞ്ചർ ഇടതടവില്ലാതെ മുഴങ്ങിക്കൊണ്ടേയിരുന്നു...

വലയ പ്രതീക്ഷയോടെ ദൃതിയിൽ ഓരോ മെസേജുകളിലൂടെയും കണ്ണോടിച്ചു... നേരത്തെ നരിക്ക് അയച്ച മെസേജ് അത്‌ പോലെ കിടക്കുന്നത് കണ്ടതും വല്ലാത്തൊരു അവസ്ഥയിൽ ആയി പെണ്ണ്... സങ്കടമോ കരച്ചിലോ ദേഷ്യമോ അങ്ങനെ എന്തൊക്കെയോ ഒരു ഫീൽ... ഫോൺ മേശമേൽ വെച്ച് ലൈല ഹോസ്പിറ്റൽ വരാന്തയിലേക്ക് ഇറങ്ങിച്ചെന്നു.. പ്രൈവറ്റ് ഹോസ്പിറ്റൽ ആയതിനാലാവാം വലിയ ബഹളങ്ങൾ കുറവായിരുന്നു... പുറത്തേയ്ക്ക് തുറന്നു വെച്ചിരിക്കുന്ന ജനാലയിലൂടെ കാഴ്ചകൾ കണ്ടു നിന്നു.. അത്ര നേരവും അലട്ടാതെയിരുന്ന നരിയുടെ ഓർമ്മകൾ പിന്നെയും തല പൊക്കി തുടങ്ങി.. "കാശിക്ക് സംഭവിച്ചത് പോലെ നരിക്കുമിനി വല്ല ആക്സിഡന്റ്റും സംഭവിച്ചു കാണുമോ...?? " പെണ്ണ് സ്വയം ചോദിച്ചു... പുറത്ത് ആംബുലൻസ് സൈറൺ കേട്ടതും പെണ്ണ് വല്ലാതെ ഭയന്നു... "ഇനി അതിലെങ്ങാനം ന്റെ നരി കാണുമോ...??!!" ആലോചനയോടെ ആംബുലൻസിൽ നിന്നും ഇറക്കുന്നയാളെ സൂഷ്മമായി വീക്ഷിച്ചു ലൈല.... അതിനി നരിയാണെങ്കിൽ തന്നെ എങ്ങനെ മനസ്സിലാകാനാ..?!! ആളുടെ രൂപം പോലും ഒരൂഹമില്ല.... ഫോട്ടോ അയച്ചു തരാം എന്ന് പറഞ്ഞപ്പോൾ എനിക്ക് നേരിട്ട് കണ്ടാൽ മതിയെന്ന് പറയാൻ തോന്നിയ നിമിഷത്തെയവൾ പഴിച്ചു.... " നരിക്ക് അപകടമൊന്നും പറ്റിയെക്കല്ലേ പടച്ച റബ്ബേ..... എന്തേലും തിരക്കിൽ പെട്ടത് മാത്രമാവേണേ....

" ലൈല മുകളിലേക്ക് കൈകളുയർത്തി അള്ളാഹുവിനോട് കേണു..... നരിയെ ഒന്ന് കൂടി വിളിച്ചു നോക്കാൻ തോന്നിയപ്പോഴാണ് ഫോൺ ഹോസ്പിറ്റൽ റൂമിലെവിടെയോ വെച്ചേക്കുവാണെന്ന് ഓർത്തത്... " നീയെന്താ ലൈലൂ ഇവിടെ നിൽക്കണേ...?? " " ന്റെ മുന്നീന്ന് ടീച്ചറമ്മയോട് സംസാരിക്കാൻ അങ്ങേര് ബുദ്ധിമുട്ടുന്നത് കണ്ടപ്പോൾ ഇറങ്ങിയതാ.... " " അയ്ശരി.. നിങ്ങളുടെ ശീത സമരം ഇനിയെന്നാ അവസാനിക്കുന്നേ പെണ്ണേ....?? നീ വന്നേ റൂമിലോട്ട് പോകാം... " രേണു അവളുടെ അനുവാദത്തിന് കാത്തു നിൽക്കാതെ ലൈലയുടെ കൈയും പിടിച്ച് മുന്നോട്ട് നടന്നു... ശരത്തും ടീച്ചറമ്മയും കാശിയും എന്തോ പറഞ്ഞു ചിരിക്കുന്നുണ്ട്... വാതിൽ കടന്ന് വരുന്ന ലൈലയെ കണ്ടതും കാശിയുടെ ചിരി ഫുൾസ്റ്റോപ്പ് ഇട്ടത് പോലെ നിന്നു... അമ്മയും മകനും കുറച്ചു നേരം സംസാരിച്ചതിനാലാകാം ടീച്ചറമ്മയുടെ മുഖമൊന്ന് തെളിഞ്ഞിട്ടുണ്ട്.... " എന്റെ ഫോൺ കിട്ടിയിരുന്നോ ശരത്തേ...?? " " ഇല്ലെടാ.... സ്പോട്ടിൽ ശ്രീ പോയി തിരഞ്ഞാരുന്നു.. കിട്ടിയില്ല.... "

" എങ്കിൽ നിന്റെ ഫോണോന്ന് തന്നേ... " കാശിയും ശരത്തും അവരുടെ സംസാരത്തിലേക്ക് മെല്ലെ ചുവടു മാറി... രേണുവും ലൈലയും ടീച്ചറുടെ അരികിലേക്ക് നീങ്ങി.... " ഞങ്ങളെന്നാൽ ഇറങ്ങിക്കോട്ടെ ടീച്ചറമ്മേ... ഇനി വൈകിയാൽ ഉപ്പ അന്വേഷിച്ചിറങ്ങും..!! " " ഹാ മക്കള് ചെല്ല്... ഇനി വൈകിക്കെണ്ടാ... " ടീച്ചറോടു യാത്ര പറഞ്ഞ് ഇരുവരും ഇറങ്ങി... താഴെ പാർക്കിങ്ങിനു അരികെ എത്തിയപ്പോഴാണ് ഫോൺ മറന്നു വെച്ച കാര്യം ലൈല ഓർത്തത്... " രേണു ഞാൻ ഫോണവിടെ മറന്നു വെച്ചേക്കുവാടി... പെട്ടെന്ന് എടുത്തിട്ട് വരാം.." തിരികെ നടക്കുന്നതിനിടയിൽ ലൈല പറഞ്ഞു.. അടച്ചു വെച്ച കതകിൽ തട്ടിയപ്പോൾ ശരത്താണ് വന്ന് ഡോർ തുറന്നത്.. പതിവില്ലാത്ത വിധം ആളുടെ മുഖത്തെ ഗൗരവം ലൈലയെ തെല്ലൊന്ന് അത്ഭുതപ്പെടുത്തി... "ന്റെ ഫോൺ... ന്റെ ഫോൺ ഇവിടെവിടോ വെച്ചേക്കുവാ ശരത്തേട്ടാ...." അവനെ കവച്ചു വെച്ച് അകത്തേക്ക് കയറുന്നതിനിടയിൽ ലൈല പറഞ്ഞു.. ടീച്ചർ മുറിയിൽ ഇല്ലായിരുന്നു...

വാഷ്റൂമിൽ ടാപ് തുറന്നിട്ട ശബ്ദം കേൾക്കാം.. അത്‌ ടീച്ചറമ്മയാകുമെന്ന് പെണ്ണൂഹിച്ചു.. മൂലയിൽ ഇട്ടേക്കുന്ന ടേബിളിലും ബൈസ്റ്റാൻഡേഴ്സ് ബെഡിലുമൊക്കെ തിരഞ്ഞെങ്കിലും ഫോൺ കിട്ടിയില്ല... കാശി കിടന്നിരുന്ന ബെഡിലേക്ക് പെണ്ണൊന്ന് പാളി നോക്കി.. കാശിയുടെ നീട്ടിപിടിച്ച കൈയ്യിൽ ഫോൺ കണ്ടതും അതിനായി ലൈല കൈ നീട്ടി... ഫോൺ തിരികെ വാങ്ങുമ്പോൾ കാശിയുടെ മുഖത്ത് തെളിഞ്ഞു നിന്ന പുഞ്ചിരിയെ ഒരു നിമിഷം കൗതുകത്തോടെയവൾ നോക്കി നിന്നു പോയി... സാധാരണ അവളെ കാണുമ്പോൾ ആ മുഖത്ത് പുച്ഛമല്ലാതെ വേറൊരു ഭാവം വിരിയറില്ലെന്നും അവളോർത്തു... ആ സന്തോഷത്തിൽ മുറിവിട്ട് ഇറങ്ങി നടക്കുമ്പോൾ ഫോൺ ലോക്കഴിച്ചു നോക്കാൻ മറന്നില്ല.. മെസെഞ്ചർ നോട്ടിഫിക്കേഷനിൽ നരിയുടെ മിസ്സ്ഡ് കാൾ കണ്ടതും പെണ്ണിനുള്ളം തുടികൊട്ടി.. പെട്ടെന്ന് തന്നേ തിരികെ കാൾ ചെയ്തു..

പക്ഷേ കണക്ട് ആയില്ല.. നരിയുടെ നമ്പറിലേക്ക് വിളിച്ചപ്പോൾ ഔട്ട്‌ ഓഫ് കവറേജും... അത്ര വരെ ഉണ്ടായിരുന്ന ആശ്വാസം ആവിയായി പോകുന്നതും തന്നിൽ എന്തെന്നില്ലാത്ത ഭീതി വന്നു നിറയുന്നതും അവളറിഞ്ഞു.. കാർപോർച്ചിൽ എത്തും വരെ മെസ്സഞ്ചറിലും വാട്സാപ്പിലും അവന്റെ നമ്പറിലോട്ടുമൊക്കെ മാറി മാറി വിളിച്ചു കൊണ്ടേയിരുന്നു പെണ്ണ്.... " എന്തിനാ നരീ എന്നെയിങ്ങനെ പരീക്ഷിക്കുന്നേ....??!! ഒരു മെസേജ് അല്ലേൽ ഒരു കോൾ.. തനിക്കൊന്നും പറ്റിയില്ലെന്ന് മാത്രം അറിഞ്ഞാൽ മതിയെനിക്ക്... " അത്രയും ടൈപ് ചെയ്തിടുമ്പോൾ അവളുടെ കണ്ണ് നിറഞ്ഞു തൂവി ഫോൺ സ്ക്രീനിലോട്ട് വീണിരുന്നു... (തുടരാം....)

Share this story