കാണാ മറയത്ത്..❤: ഭാഗം 11

kanamarayath

രചന: മീര സരസ്വതി

ശരത്തിനെ കുറേ തവണ വിളിച്ചിട്ടും എടുക്കാതെ ആയപ്പോൾ കാശി വാട്സാപ്പിൽ മെസേജിട്ടു... പക്ഷേ, ഡാറ്റ ഓഫായിരിക്കണം... മെസ്സേജ് ഡെലിവെർഡ് ആയില്ല... എന്തോ അപകടമുണ്ടെന്ന് മനസ്സ് മന്ത്രിച്ചതും ഇഷാൻവിയുടെ നമ്പറിലേക്കവൻ വിളിച്ചു... മറുപുറത്ത് നിന്ന് കേട്ട വാർത്തയറിഞ്ഞതും തലയിൽ കൈ കൊടുത്ത് കാശി സോഫയിലേക്ക് ഇരുന്നു പോയി... "എന്തു പറ്റി കാശിയേട്ടാ...?? ശരത്തേട്ടന് എന്താ...?? എന്തേലും പ്രശ്നമുണ്ടോ...???!!" "ഏയ്‌ അങ്ങനെയൊന്നൂല്ല... " ലൈലയ്ക്ക് മുഖം കൊടുക്കാതെ കാശി സോഫയിലോട്ട് ചാഞ്ഞു കിടന്നു... ആ മറുപടിയിൽ തന്നെ എന്തൊക്കെയോ ഉണ്ടെന്ന് ലൈലയ്ക്ക് മനസ്സിലായി.. എങ്കിലും അവൻ ടെൻഷനിൽ ആയതിനാൽ തന്നെ പിന്നെയുമോരോന്ന് കുത്തിച്ചോദിക്കുവാൻ അവൾക്ക് തോന്നിയതുമില്ല... കാശിയെ നോക്കി കൊണ്ട് മറുവശത്തുള്ള സോഫയിൽ നിസ്സഹയതയോടെ അവളുമിരുന്നു... " ഇതെന്ത് പറ്റി രണ്ടാൾക്കും....??!!" ഈ കാഴ്ച കണ്ട് കൊണ്ട് വന്ന ടീച്ചർ ഇരുവരോടും ചോദിച്ചു... "ഏയ്‌ ഒന്നൂല്ല അമ്മാ.. " മുഖത്തൊരു പുഞ്ചിരി വരുത്താൻ ശ്രമിച്ചു കൊണ്ട് കാശി പറഞ്ഞു...

പക്ഷേ ശബ്ദം കുറച്ചുള്ള ആ സംസാരമോ ശബ്ദത്തിലുള്ള ഇടർച്ചയോ കൊണ്ടോ കാര്യമായെന്തോ പ്രശ്നമുണ്ടെന്ന് ടീച്ചർക്ക് മനസ്സിലായി... അടുത്ത് ചെന്നിരുന്ന് തലമുടിയിൽ വാത്സല്യത്തോടെ തഴുകിയപ്പോൾ അമ്മയുടെ തോളിലേക്കവൻ ചാഞ്ഞു.... " പുലർച്ചെ റൈഹാൻ ശരത്തിന്റെ വീട്ടിച്ചെന്ന് ഒച്ചപ്പാടുണ്ടാക്കിയമ്മാ... അത് കഴിഞ്ഞ് ഷീനാമ്മ കുഴഞ്ഞു വീണു.. അമ്മയിപ്പോ ഹോസ്പിറ്റലിലാ... " " ന്റീശ്വരാ..... " ആദിയോടെയവർ നെഞ്ചിൽ കൈ വെച്ചു... അത്‌ കേട്ട് സ്തംഭിച്ചിരിപ്പാണ് ലൈല... വല്ലാതെ ഉള്ളം നൊന്തവൾക്ക്... താൻ കാരണം ഒരുപാട് പേർ കഷ്ടപ്പെടുകയാണ്... വരേണ്ടിയിരുന്നില്ല... എല്ലാം സഹിച്ചവിടെ കഴിഞ്ഞാൽ മതിയാരുന്നു... ഇതിപ്പോ എത്ര പേരാ താൻ കാരണം... കണ്ണുനീർ പൊടിഞ്ഞു... ഓർക്കും തോറും കുറ്റ ബോധത്താൽ നീറി... ഈയൊരു നിമിഷം പരലോകം പുൽകാൻ കഴിഞ്ഞെങ്കിൽ.... " ഞാൻ തിരിച്ചു പൊക്കോളാ കാശിയേട്ടാ... ഞാൻ കാരണമല്ലേ എല്ലാരുമിങ്ങനെ കഷ്ടപ്പെടണേ.... ഞാൻ ചെന്നാൽ ഇവരീ മൊടയോക്കെ എന്നോടെ കാട്ടുള്ളൂ... ഞാനനുഭവിച്ചാ മതിയല്ലോ..... " പെണ്ണൊന്ന് വിതുമ്പി... കാശി ദേഷ്യത്തോടെ എഴുന്നേറ്റിരുന്നു..

. "പാതി വഴിയിൽ തനിച്ചു വിടാനായിരുന്നേൽ എനിക്കതപ്പോൾ തന്നെ ആകാമായിരുന്നു .... ഇത്രേം റിസ്ക്കെടുക്കേണ്ട കാര്യമില്ലാരുന്നു... ആർക്കിനി എന്ത്‌ വന്നാലും വേണ്ടീല ആമിനുമ്മ തിരികെ കൊണ്ട് വിടാൻ പറയും വരെ താനിവിടെ ഞങ്ങളുടെ കൂടെത്തന്നെ കാണും... " ഉറച്ച ശബ്ദമായിരുന്നു അത്‌.... ദേഷ്യത്തോടെ റൂമിലേക്കു നടന്നു കാശി.... നിയന്ത്രിക്കാൻ വയ്യാതെ ലൈല പൊട്ടിക്കരഞ്ഞു... "വിഷമിക്കാതെ ലൈലൂ... ഷീനയ്ക്ക് ഒന്നും വരില്ല... കരയാതിരിക്ക്... " ടീച്ചറമ്മ ആവും വിധമവളെ ആശ്വസിപ്പിച്ചു... കാശിക്ക് ഒരേ സമയം ദേഷ്യവും സങ്കടവും വന്നു... "അവൾക്ക് തിരികെ പോകണമെന്ന്...!! അവളു മാത്രം അനുഭവിച്ചാൽ മതിയെന്ന്...!!" പിറു പിറുത്തുകൊണ്ട് അങ്ങോട്ടുമിങ്ങോട്ടും നടന്നു... അറിയാം.. ദണ്ണം കാണും.... അവളിന്ന് ഏതവസ്ഥയിലാണെന്നും അറിയാം... അവൾ കാരണമെല്ലാവരും കഷ്ടത അനുഭവിക്കുകയാണെന്ന ചിന്ത കൊണ്ട് പറഞ്ഞതാണെന്നുമറിയാം... പക്ഷേ, തല പോയാലും അവളെ സംരക്ഷിക്കുമെന്ന വാശിയാണിപ്പോൾ മനസ്സ് നിറയെ.. അങ്ങനെയുള്ളപ്പോൾ എല്ലാം ഒറ്റയ്ക്ക് അനുഭവിക്കാമെന്ന് പറഞ്ഞ് തിരികെ പോയാൽ എങ്ങനെ ശെരിയാവും...?!!

ഫോൺ ശബ്ദിച്ചതും അവൻ ധൃതയിലെടുത്തു... ശരത്താണേ... " അമ്മ ഓക്കേ ആണെടാ.. ബിപി വേരിയേഷൻ വന്നതാ... അവന്മാർ വന്ന് ബഹളമുണ്ടാക്കിയപ്പോൾ നന്നായി പേടിച്ചിരുന്നു.. അതിന്റെയാ.... ഇതൊന്നും നീ ഓർക്കേണ്ട കാശീ... ഇവിടെത്തെ കാര്യങ്ങളൊക്കെ എനിക്ക് മാനേജ് ചെയ്യാൻ പറ്റണതാ.. പിന്നേ ലൈലയെ ഒന്നും അറിയിക്കേണ്ട.. അല്ലെങ്കിൽ തന്നെ വല്ലാതെ അവസ്ഥയിലാ പെണ്ണ്... " മറുപുറത്ത് നിന്നുള്ള വാക്കുകൾ ആശ്വാസമായി കാതുകളെ പുൽകി... അത്രമേൽ ആശ്വാസകരമായ വാക്കുകളായതിനാലാകാം ദേഷ്യവും വിട്ടകന്നിരുന്നു... ഉള്ളം നിറയെ കുറ്റബോധമായിരുന്നു പിന്നീട്... വേണ്ടീരുന്നില്ല.. ദേഷ്യപ്പെടേണ്ടിയിരുന്നില്ല... അല്ലെങ്കിലേ വീടും നാടും വിട്ട് കഴിയുന്നതിന്റെ സങ്കടമാ പെണ്ണിന്.. പോരാത്തതിന് ഈ ചെറുപ്രായത്തിൽ നേരിടേണ്ടി വന്ന വഞ്ചനയും അപമാനവും പരിഹാസവും.. ഒരു മനുഷ്യ മനസ്സിന് താങ്ങാൻ കഴിയുന്നത്തിലും അപ്പുറം ആ കുട്ടി അനുഭവിക്കുന്നുണ്ട്.. അതിന്റെ കൂട്ടത്തിൽ താനും... കുറ്റബോധത്താൽ ഉള്ളം നീറിയപ്പോൾ മുറിവിട്ട് പുറത്തിറങ്ങി... അവളോടൊരു സോറി പറയണം... തൊട്ടടുത്ത മുറിയിലേക്ക് മെല്ലെ തലയിട്ടു നോക്കി കാശി....

നിലത്തൊരു ബെഡ്ഷീറ്റ് വിരിച്ച് കൈകൾ മുകളിലേക്കുയർത്തി പ്രാർത്ഥനയിലാണ് ലൈല.. അമ്മ അടുക്കളയിലാണ്... " അമ്മേ... ശരത്ത് വിളിച്ചായിരുന്നു... ഷീനാമ്മയ്ക്ക് കുഴപ്പമൊന്നുമില്ല... വിഷമിക്കാൻ മാത്രം ഒന്നുമില്ലെന്ന് പറഞ്ഞു..." ലൈലയും കൂടി കേൾക്കേണ്ട കാര്യമായതിനാൽ തന്നെ റൂമിന്റെ വാതുക്കൽ നിന്ന് ഉറക്കെയവൻ വിളിച്ചു പറഞ്ഞു.. " ന്റെ ഭാഗവാനേ.. നീ കാത്തു... " ടീച്ചർ ആശ്വാസത്തോടെ പറഞ്ഞു... കാശി റൂമിലേക്ക് എത്തി നോക്കി.. പെണ്ണ് അപ്പോഴും പ്രാർത്ഥനയിൽ തന്നെ... പുറത്തേക്കിറങ്ങി വന്നയുടനെ അവളോട് സോറി പറയണം എന്നോർത്ത് അക്ഷമനായി ഹാളിലെ സോഫയിൽ ചെന്നിരുന്നു.. പെട്ടെന്നാണ് കോളിങ് ബെൽ മുഴങ്ങിയത്.. അമാലും ഉമ്മിയുമാണേ... അപ്പോഴേക്കും ലൈലയും അവിടെയെത്തി.. ആ മുഖത്തൊരു സങ്കട ഭാവമുണ്ട്.. ഉൾകുത്ത് ശക്തമായി... എന്ത് വിധേനയും അവളോട് സംസാരിക്കണമെന്ന് ഓർത്ത് കുറച്ചു നേരം കൂടി അവിടെ ചുറ്റി തിരിഞ്ഞു... എവിടെ....??!!

പെണ്ണുങ്ങളെല്ലാം കൂടെ സംസാരത്തിലാണെ.. പരിചയപ്പെടലും വിശേഷം പറയലുമൊക്കെയായി ആകെ ബഹളം.. അതിനിടയ്ക്ക് ലൈലയുടെ ഒരു നോട്ടം പോലും കടാക്ഷിക്കുന്നില്ലെന്ന് ഓർത്തതും പതിയെ എഴുന്നേറ്റ് റൂമിലേക്കു വലിഞ്ഞു... പക്ഷേ ചിന്തയും ചെവികളും ഹാളിൽ തന്നെ ചുറ്റി കറങ്ങി നിൽപ്പാണ്... ഇറങ്ങുവാണെന്ന് അമാലിന്റെ ഉമ്മി പറഞ്ഞതും കാശി റൂമിനു പുറത്തെത്തിയിരുന്നു... " ലൈലൂനെ ഞാൻ കൊണ്ടു പോകുവാണേ..." അമാൽ ലൈലുവിന്റെ കയ്യിൽ പിടിച്ച് ടീച്ചറമ്മയോടായി പറഞ്ഞു... " ഏയ്‌ അത്‌ ശെരിയാവില്ല.... " പെട്ടെന്നുള്ള കാശിയുടെ പ്രതികരണത്തിൽ എല്ലാവരും ഒരുപോലെ അത്ഭുതപ്പെട്ട് നോക്കി... " അ... അല്ല... പുറത്തോട്ടിറങ്ങിയാൽ ആരേലും കണ്ടാലോ എന്നോർത്താ.. " ചമ്മലോടെ കാശി തിരുത്തി... "ഒന്ന് പോണം ബ്രോ... ഇവിടുന്നിറങ്ങി നേരെ അവിടെ കയറും.. അതിനിടെൽ ആരു കാണാനാ...??!!" അതും പറഞ്ഞ് ലൈലയുടെ കൈയ്യും പിടിച്ച് അമ്മു മുന്നോട്ട് നടന്നു...

ഫ്ലാറ്റിൽ എത്തിയതും ആവേശത്തോടെയവൾ ലൈലയെ ഓരോന്ന് കാണിച്ചു കൊണ്ട് നടന്നു.... ബാൽക്കണിയിലെ ദിവാനിൽ രണ്ടുപേരും ഇരുന്നു... നിർത്താതെ സംസാരിക്കുന്നവളെ മടുപ്പില്ലാതെ ലൈല കേട്ടു നിന്നു... രേണുവിനോട് തോന്നുന്ന അതേ അടുപ്പം ലൈലയ്ക്ക് അമ്മുവിനോട് തോന്നി.. "കാശിയേട്ടനും ലൈലയും ലവേഴ്സ് അല്ലെന്ന് ഞാനറിഞ്ഞിരുന്നു... പിന്നെന്താ ലൈലയുടെ ജീവിതത്തിൽ സംഭവിച്ചത്..?? എങ്ങനെയാ ബാംഗ്ലൂർ എത്തിപ്പെട്ടത്...???!" അമ്മു ചോദിച്ചപ്പോൾ അത്രയും നാൾ മനസ്സിൽ അടക്കി വെച്ചതൊക്കെയും ലൈല തുറന്നു വിട്ടു... ഒരു മുഷിപ്പുമില്ലാതെ അമ്മു അവളെ കേട്ടു നിന്നു... നിമിഷ നേരം കൊണ്ട് തന്നെ ആ സൗഹൃദം ലൈലയുടെ ഹൃദയത്തിൽ പതിഞ്ഞിരുന്നു... അത്കൊണ്ട് തന്നെയാവണം തന്റെ ജീവിതം അമ്മുവിന് മുന്നിൽ തുറന്നു കാണിക്കാനും ലൈലയ്ക്ക് കഴിഞ്ഞത്... പറഞ്ഞു കഴിഞ്ഞതും ലൈല പൊട്ടിക്കരഞ്ഞു പോയി... ആശ്വസിപ്പിക്കാനായി ലൈലയുടെ തോളിൽ കൈ വെച്ചതും അവൾ അമ്മുവിനെ ഇറുകെ പുണർന്നിരുന്നു... അവളുടെ തോളിൽ മതിയാവോളം കണ്ണു നീർ ഒഴുക്കി വിട്ടു...

ഒരു ആത്മ സുഹൃത്തിനെ പോലെ അവളുടെ തലയിലൂടെ തഴുകി അമ്മു അവളെ ആശ്വസിപ്പിച്ചു... ബാൽക്കണിയുടെ പുറത്ത് നിന്നും അവർ സംസാരിക്കുന്നത് മുഴുവൻ കേട്ട ഫൈസാനിന്റെ കണ്ണ് നിറഞ്ഞു... അമ്മുവിന്റെ പ്രായമാണ് അവൾക്കും... അമ്മുവിന്റെ കണ്ണൊന്നു നിറഞ്ഞാൽ പോലും തനിക്ക് സഹിക്കാൻ പറ്റില്ല... ലൈലയെ നോവിച്ച അവളുടെ വീട്ടുകാരെ ഓർത്തപ്പോൾ പുച്ഛം തോന്നിപോയി... കോളിങ് ബെൽ മുഴങ്ങിയതും ഫൈസാൻ ഡോർ തുറക്കാനായി പോയി... "അളിയോ...!!!" മുന്നിൽ കാശിയെ കണ്ടതും ഫൈസാൻ അവനെ പുണർന്നു.... ഇരുവരും പരസ്പരം വിശേഷങ്ങൾ പങ്കു വെച്ചു... " ഞാൻ ലൈലയെ വിളിക്കാൻ വന്നതാടാ... ഷോപ്പിങ്ങിനു പോവണം... അവൾക്ക് ആവശ്യമുള്ള ഡ്രെസ്സും കാര്യവുമൊക്കെ വാങ്ങിക്കണം... " "നിങ്ങള് രണ്ടാളും ഇറങ്ങുന്നത് അത്ര സേഫ് അല്ല കാശി.. ഒരു കാര്യം ചെയ്യ്.. ഞാനും അമ്മുവും കൊണ്ടുപൊക്കോളാം... ഞങ്ങളോടൊപ്പമാവുമ്പോൾ അവളെയാരും തിരിച്ചറിയാൻ വഴിയില്ല..." സത്യത്തിൽ ലൈലയോടൊരു മാപ്പ് പറയാനുള്ള അവസരം നോക്കി നടക്കുകയായിരുന്നു കാശി... ഷോപ്പിങ്ന് പോകുമ്പോൾ അവളോടൊന്ന് തനിയെ സംസാരിക്കാനുള്ള അവസരം കിട്ടുമല്ലോ എന്നോർത്താണ് വന്നതും.. ചെറിയൊരു നിരാശ തോന്നിയെങ്കിലും ഫൈസാൻ പറഞ്ഞതിലും കാര്യമുണ്ടെന്ന് കാശിക്കും തോന്നി.. അത്‌ കൊണ്ട് തന്നെ കാശി സമ്മതിച്ചു... 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸

വൈകിട്ടായതിനാലാവും എങ്ങും തിരക്കാണ്... അമ്പരചുംബികള്‍ എവിടെയും കാണാം... നിരത്തുകളില്‍ ആയിരക്കണക്കിന് വാഹനങ്ങള്‍... വഴിയിലുടനീളം തട്ടുകടകള്‍... മെട്രോ ട്രെയിനുകളെ അത്ഭുധത്തോടെയാണ് ലൈല നോക്കിയത്.... ബാംഗ്ലൂരിലെ ആദ്യ ദിവസം സൽമാനെയും കൂട്ടരെയും കണ്ടത് കൊണ്ടുള്ള പേടി കൊണ്ട് ബഗ്ലൂർ നഗരത്തെ ശ്രദ്ധിചില്ല.. അത്‌ കൊണ്ടാവണം ആദ്യമായി കാണുന്നൊരു ഫീലായിരുന്നു ലൈലയ്ക്ക്.. " തിരിച്ചു പോരുമ്പോൾ ഞങ്ങൾക്ക് പാനിപൂരി വാങ്ങിച്ചു തരണം ഭയ്യാ... പിന്നേ സ്വീറ്റ് കോണും.... " വഴിയരികിലെ തട്ടുകടയിൽ നോക്കി കൊതിയോടെ അമ്മു പറഞ്ഞു.... "ആം ആലോചിക്കാം..." " ആലോചിക്കാന്നോ...??!! വാങ്ങിച്ചു തന്നെ പറ്റുള്ളൂ... പ്ലീസ് ഭയ്യാ..... " "നമ്മുടെ ലൈല ആദ്യമായിട്ടല്ലേ ബാംഗ്ലൂർ... സോ, വാങ്ങിച്ചു തരാം..." "അപ്പൊ എന്നെയെന്താ തവിടു കൊടുത്തു വാങ്ങിയതാണോ...??!!" അമ്മൂസ് കള്ള പരിഭവം കാണിച്ചതും ഫൈസി പൊട്ടിച്ചിരിച്ചു.. പിന്നെയാ ചിരി എല്ലാ മുഖങ്ങളിലേക്കും പടർന്നിരുന്നു... നിർത്താതെ സംസാരിക്കുന്ന അമ്മുവും അവളെ കൌണ്ടർ അടിച്ചു മുന്നേറുന്ന ഫൈസിയും ലൈലയുടെ പ്രിയപ്പെട്ടവരുടെ ലിസ്റ്റിൽ അപ്പോഴേക്കും ഇടം നേടിയിരുന്നു...

അവരുടെ കൂടെ നടക്കുമ്പോൾ ടെൻഷനെല്ലാം മറന്ന് അവരിൽ ഒരാളായി ഇരിക്കാൻ ലൈലയ്ക്ക് സാധിച്ചു... ഫൈസിക്ക് അമ്മുവിനോടുള്ള സ്നേഹവും കരുതലും ലൈലയുടെ കണ്ണ് നനയിച്ചു... ഇജാസിനെയും ലമീസിനെയും ആ സ്ഥാനത്ത് ഊഹിച്ചു നോക്കി... ലൈലയുടെ കണ്ണു നിറഞ്ഞത് അമാൽ ശ്രദ്ധിച്ചു കാണണം പിന്നെയങ്ങോട്ട് നിർത്താതെ സംസാരമായിരുന്നു.... കോളേജിലെ വിശേഷങ്ങളും നാട്ടിലെ കുടുംബ വീടുമൊക്കെ അവളുടെ സംസാരത്തിൽ വന്നു.. ഒരിക്കൽ പോലും അവളെ പഴയ ഓർമകളിലേക്ക് തിരികെ പോകാതിരിക്കാൻ അവൾ ശ്രമിച്ചു... രണ്ടു പേരുടെയും സംസാരത്തിൽ ഇടങ്കോലായി ഫൈസി നിന്നുമില്ല.. എങ്കിലും മുന്നിലെ കണ്ണാടി ചില്ലിലൂടെ അവന്റെ നോട്ടങ്ങൾ ഇടയ്ക്കിടെ ലൈലയെ തേടി ചെന്നിരുന്നു... ഇഷ വിളിച്ചപ്പോൾ ലൈലയുടെ കഥകൾ പറഞ്ഞിട്ടുണ്ട്.. പക്ഷേ അനുഭവത്തിലെന്നത് പോലെ അറിഞ്ഞത് ലൈല അമ്മുവിനോട് പറയുന്നത് കേട്ടപ്പോഴാണ്... ഇനി മുന്നോട്ടുള്ള ജീവിതമെങ്കിലും സന്തോഷപൂർണ്ണമാവട്ടെ... അവൻ പ്രാർത്ഥിച്ചു... 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸

"ടാ ഇതെങ്ങനെയുണ്ട് നോക്ക്യേ.. കൊള്ളാവോ..?? " മാളിൽ ചെന്ന് ലൈലയ്ക്കാവശ്യമുള്ള ഡ്രസ്സ്‌ സെലക്ട്‌ ചെയ്യാൻ സഹായിക്കുകയാണ് അമ്മു... ഇരുവരെയും ലേഡീസ് സെക്ഷനിൽ വിട്ട് ഫൈസി മെൻസ് കളക്ഷനിലേക്ക് പോയി.. "ഡിസൈൻ കൊള്ളാം അമ്മൂ... പക്ഷേ എനിക്കീ പിങ്ക് കളർ ഒട്ടും ഇഷ്ടമല്ലെടാ.. വേറെ കളേഴ്സ് വല്ലോം ഉണ്ടോ...??!!" "ദേ ഇത് നോക്കിയേ... പീച്ച് കളർ കൊള്ളാവോ..??" " ഇത് കൊള്ളാലോ.. എനിക്കിഷ്ടായി... " "എങ്കിൽ ഇട്ട് നോക്കിയിട്ട് വാടാ... ദേ ഇതൊക്കെയും നോക്കിക്കോ..." വേറെയും ഒന്ന് രണ്ടു ടോപ് കയ്യിൽ വെച്ചു കൊടുത്തു കൊണ്ട് അമ്മു പറഞ്ഞു... "ആ പർദ്ധയും ഹിജാബും ഇങ്ങു തന്നേക്ക് ലൈലൂ..." പർദ്ധയും ഹിജാബും അമ്മുവിനെ ഏൽപ്പിച്ച് ലൈല ട്രയൽ റൂമിൽ കയറി ഓരോന്നായി ഇട്ടു നോക്കി.. ഓരോന്നു മാറുമ്പോഴും അമ്മുവിന് കാണിച്ച് അഭിപ്രായം ചോദിക്കാനും മറന്നില്ല... കുറച്ചു ടോപ്പുകൾ സെലക്ട്‌ ചെയ്ത് ലൈല ട്രയൽ റൂമിൽ നിന്നുമിറങ്ങി.. ഇറങ്ങികഴിഞ്ഞ് ട്രയൽ റൂമിനു പുറത്ത് അമ്മുവിനെ കണ്ടതുമില്ല... പർദ്ധയും ഹിജാബും അവളുടെ കയ്യിൽ ആയതിന്റെ ടെൻഷനിലായിരുന്നു ലൈല... അമ്മുവിനെ അന്വേഷിച്ച് നടക്കുന്നതിനിടയിൽ എതിർ വശത്തുകൂടി വരുന്നയാളുമായി ലൈല കൂട്ടിയിടിച്ചു...

"ഓഹ്ഹ്....സോറി..." "എവിടെ നോക്കിയാ ഇവളുമാരൊക്കെ നടക്കുന്നേ... മനുഷ്യനെ മിനക്കെടുത്താൻ...." അയാളുടെ കയ്യിൽ നിന്നും തെറിച്ചു വീണ ഫോൺ കയ്യിലെടുത്ത് തിരിച്ചും മറിച്ചും നോക്കികൊണ്ട് അയാൾ പറഞ്ഞു... "അറിയാതെ പറ്റിയതാ ചേട്ടാ.. സോറി.. ഫോണിന് എന്തേലും പറ്റിയോ..??" അപ്പോഴാണ് ലൈലയെ അയാൾ ശ്രദ്ധിക്കുന്നത്... " ഏയ്‌ സാരമില്ല.. ചെറുതായി സ്ക്രീൻ കാർഡിൽ പൊട്ടലുണ്ട്.. അത്‌ കുഴപ്പമില്ല.. മലയാളിയാണെന്ന് അറിഞ്ഞില്ല.. അതാ അങ്ങനെ പറഞ്ഞത്.... " ചമ്മലോടെ അയാൾ പറഞ്ഞു... ഒരിക്കൽ കൂടി ക്ഷമ പറഞ്ഞു കൊണ്ട് ലൈല മുന്നോട്ട് നടന്നു... അവൾ പോകുന്നത് നോക്കി നിന്ന അയാളുടെ ചുണ്ടിൽ തേടിയതെന്തോ കണ്ടെത്തിയത് പോലെ ഒരു പുഞ്ചിരി വിടർന്നിരുന്നു... " ശിവാനി....!!" അയാളുടെ ചുണ്ടുകൾ സന്തോഷത്തോടെ മന്ത്രിച്ചു.............തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story