കാണാ മറയത്ത്..❤: ഭാഗം 13

kanamarayath

രചന: മീര സരസ്വതി

" ഇതിൽ തന്റെ ഐഡി ഓപ്പൺ ചെയ്യ്... " കൈയിലെ ഫോൺ ലൈലയെ ഏൽപ്പിച്ചു കൊണ്ട് കാശി പറഞ്ഞു... ലൈല അക്കൗണ്ട് ലോഗിൻ ചെയ്ത് ഫോൺ തിരികെ കാശിയെ ഏൽപ്പിച്ചു.... " പക്ഷേ നരിയുടെ അക്കൗണ്ട് ഡിലീറ്റ് ആക്കിയില്ലേ.. പിന്നെങ്ങനെയാ....???!" " ഞങ്ങളും ലൈലയും തമ്മിലുള്ള ബന്ധം എന്തായാലും അവനറിയാൻ വഴിയില്ല.... ഇത്രയും നാളായിട്ടും പിടിക്കപ്പെട്ടില്ലെന്ന കോൺഫിഡൻഡ് അവന് തീർച്ചയായും കാണും.. അത് കൊണ്ട് തന്നെ പുതിയ ഫേക്ക് ഐഡി എടുത്ത് ശിവന്യയുടെ അടുത്തേക്ക് അവൻ വരാതിരിക്കില്ല... എന്തേലും ന്യായീകരണവും കൊണ്ട് അവൻ വരുമെന്ന് തീർച്ചയാ... നമുക്ക് കാത്തിരിക്കാം.... " എന്തൊക്കെയോ മനസ്സിൽ ഉറപ്പിച്ചു കൊണ്ട് കാശി പറഞ്ഞു... ലൈല എന്തോ ആലോചനയോടെ തല ഭിത്തിയിലേക്ക് ചായ്ച്ചു.... കുറച്ചു നിമിഷങ്ങൾ നിശബ്ദമായി കടന്നുപോയി... " ലൈലാ.... " "ഹ്മ്മ്‌.....??" "നിനക്കിപ്പോഴും അവനോടൊരു സോഫ്റ്റ്‌ കോർണർ ഉണ്ടല്ലേ..??? നിന്റെ ജീവിതത്തിൽ ഇത്രേം സംഭവിക്കാൻ കാരണക്കാരനായിട്ടും ഒരു തരിമ്പു പോലും ദേഷ്യം തോന്നുന്നില്ലേ ലൈലു...??" " ദേഷ്യം എനിക്ക് എന്നോട് തന്നെയാ കാശിയേട്ടാ....

അയാളെപ്പോലൊരുത്തനെ കണ്ണുമടച്ച് വിശ്വസിച്ചില്ലേ..?? ഒരുപാട് സ്നേഹിച്ചില്ലെ...?? " "കാര്യമാക്കേണ്ട ഒന്നും... അബദ്ധങ്ങൾ സംഭവിക്കാത്ത മനുഷ്യരുണ്ടോ..???!!! ... സോ ഒരബദ്ധം സംഭവിച്ചതാണെന്ന് അങ്ങ് കരുതിയാൽ മതി..." നല്ല തണുപ്പ് അരിച്ചു കയറുന്നുണ്ട്... ലൈല കൈ രണ്ടും കൂട്ടിയുരസ്സി ഇരു കവിളുകളിലായി വെച്ചു... തലയിൽ ധരിച്ച നേർത്ത ഷാൾ കൊണ്ട് ഷോൾഡറിന് താഴോട്ട് പുതച്ചിട്ടു പെണ്ണ്... പക്ഷേ നേർത്ത ഷാൾ ആയത് കാരണം അതൊന്നും ഏൽക്കുന്നില്ല.. താടി ചെറുതായി വിറയ്ക്കുന്നുണ്ടവൾക്ക്... " തണുപ്പ് കൂടി വരുവാ ലൈലു... പോയി കിടന്നോ.... " പെണ്ണിന്റെ അവസ്ഥ കണ്ടത് കാരണം കാശി പറഞ്ഞു.... "സാരില്ല... കുറച്ചു നേരം കൂടി കഴിയട്ടെ.... ഉറക്കം വരുന്നില്ല അതാ..." " എങ്കിൽ ഞാൻ ചെന്ന് ഒരു ബ്ലാങ്കറ്റെടുത്തിട്ട് വരാം... " കാശി മുറിയിൽ ചെന്ന് ബ്ലാങ്കറ്റെടുത്ത് കൊണ്ട് വന്ന് ലൈലയെ ഏൽപ്പിച്ചു... പെണ്ണത് തോളിലൂടെ പുതച്ചിട്ടു... " എനിക്കൊന്ന് വീട്ടിലേക്ക് വിളിക്കണമെന്നുണ്ട് കാശിയേട്ടാ.. ഉമ്മയോടും വല്യുമ്മയോടും സംസാരിക്കണം... എന്റെ കാര്യങ്ങൾ അറിയാത്തത് കൊണ്ട് അവര് രണ്ടുപേരും വിഷമിക്കുന്നുണ്ടാകും... "

" നാളെ വൈകിട്ട് ഫസീനയെ വിളിക്കാം... " " നാളെ വെള്ളിയാഴ്ചയല്ലേ... ഉപ്പയും ഇജാസും ഉച്ചയ്ക്ക് പള്ളിയിലാകും... ആ നേരത്ത് വീട്ടിലേക്ക് തന്നെ വിളിക്കാം... " " അത്‌ നല്ല ഐഡിയ ആണല്ലോ അങ്ങനെ ചെയ്യാം... " കാശിയ്ക്കും ശരീരമാകെ ചെറുതായി വിറച്ചു തുടങ്ങി... താടിയെല്ലുകൾ കൂട്ടിയിടുക്കുന്ന ശബ്ദവും കേൾക്കാം... ലൈല ഒരു തോളറ്റത്തു നിന്നും കാശിയുടെ തോളിലേക്ക് പുതപ്പിന്റെ ഒരു ഭാഗം ഇട്ടു കൊടുത്തു... അവനവളോട് കുറച്ചു കൂടി ചേർന്നിരുന്നു തോളിലൂടെ ആ ഭാഗമെടുത്ത് പുതച്ചു... "കാശിയേട്ടാ..." "ഹ്മ്മ്‌....???" " ഞാനൊരു കാര്യം ചോദിക്കട്ടെ....??? സത്യം പറയാവോ....???" പെണ്ണിന്റെ മുഖവുര കേട്ടപ്പോൾ അവനാ മുഖത്തേക്ക് നോക്കി... നിലാവെളിച്ചതിൽ അവളുടെ ചുണ്ടിൽ തങ്ങി നിന്ന കുസൃതി ചിരി കണ്ടതും കാശിയുടെ ചുണ്ടിലുമൊരു ചിരി വിടർന്നു.... " മ്മ്മ്മ്.... ചോദിക്ക്..... സത്യം പറയാൻ ഞാനൊരു ശ്രമം നടത്താം.." തിരിച്ചു കുസൃതി കലർത്തി അവനും പറഞ്ഞു.... " പണ്ടെന്നെ ഒട്ടും ഇഷ്ടല്ലായിരുന്നല്ലോ.. വഴക്കിടാൻ കാരണം കണ്ടെത്തി നടക്കുമായിരുന്നു.... എന്തായിരുന്നു എന്നോടിത്ര ദേഷ്യത്തിന് കാരണം.... "

" അതോ... ചെറിയൊരു കുശുമ്പ്....!!! ലൈലു അമ്മയുടെ ചെല്ലക്കുട്ടിയായിരുന്നില്ലേ...?? ന്റെ അമ്മയെ തട്ടിയെടുക്കാൻ വന്നവൾ.. അതായിരുന്നു ചെറുപ്പത്തിലേ ചിന്ത... പിന്നെന്നോ വളർന്നപ്പോൾ അതൊക്ക മാറി...." " പിന്നേയ്.... വളർന്നപ്പോൾ മാറീന്ന്... ആര് പറഞ്ഞു....??!! നിങ്ങൾക്കിപ്പോഴും കുശുമ്പല്ലേഡോ....??!!" പൊട്ടിച്ചിരിച്ചു കൊണ്ട് ലൈല പറഞ്ഞു... " അത്‌ പിന്നേ എന്നോട് ഗൗരവത്തിലിരിക്കുന്ന ആൾ നിന്നോട് ഭയങ്കര ഫ്രണ്ട്‌ലി.. അപ്പോ പിന്നേ നേരിയ കുശുമ്പ് കാണില്ലേ.... " "ഉം സ്വാഭാവികം.....!!!" രണ്ടു പേരും ചിരിയോടെ പരസ്പരം നോക്കി... " കാശിയേട്ടാ, ഒരു പാട്ട് പാടാമോ...?? " "ഉം.... നോക്കട്ടെ...." 🎶ദേവദാരു പൂത്ത കാലം നീ മറന്നുവോ അന്നു ദേവതമാർ ചൂടിത്തന്ന പൂ മറന്നുവോ.... ദേവദൂതുമായി വന്നൊ രെന്‍റെ സ്വപ്നമേ ദേവലോകമിന്നെനിക്കു നഷ്ട സ്വർഗ്ഗമോ.... കഴിഞ്ഞു പോയ കാലം കാറ്റിനക്കരെ... കൊഴിഞ്ഞു പോയ രാഗം കടലിനക്കരെ… മഞ്ഞലയിൽ മുങ്ങി നിന്ന തിങ്കളല്ലയോ.. അന്നു തംബുരുവിൽ തങ്ങി നിന്ന കാവ്യമല്ലയോ..

കരളിനുള്ളിലൂറി നിന്നൊ രെന്‍റെ രാഗമേ... കരയരുതേ എന്നെയോർത്തു തേങ്ങരുതേ നീ....🎶 പാടി തീർന്നതും പെണ്ണവന്റെ തോളിലേക്ക് ചാഞ്ഞു ഉറക്കം തുടങ്ങിയിരുന്നു.... അവളുടെ ഉറക്കം കണ്ടതും വിളിച്ച് ശല്യപ്പെടുത്താൻ തോന്നിയില്ലവന്... മുഖമൊന്ന് ചെരിച്ച് പെണ്ണിന്റെ തലയിൽ ചെറുതായൊന്നു മുത്തി കാശി.... അവളൊന്ന് കുറുകി അവന്റെ നെഞ്ചിലോട്ട് തല ചായ്ച്ചു.. അവനവളെ ചേർത്ത് പിടിച്ചു.. മറുകൈകൊണ്ട് വീണുകിടക്കുന്ന അവളുടെ മുടിയിഴകൾ അവളെ ഉണർത്താതെ ചെവിയ്‌ക്ക് പിന്നിലേക്ക് ഒതുക്കി വെച്ചു... " മോഹിക്കാൻ അർഹനല്ലെന്ന് അറിയാം ലൈലൂ... പക്ഷേ മോഹിച്ചു പോവുകയാ... എന്നെങ്കിലും പൂർണ്ണ മനസ്സോടെ നീയെന്നെ സ്നേഹിക്കുന്ന കാലം വന്നെങ്കിലെന്ന്... ഇന്നൊരു ദിവസം മുഴുവൻ നിന്റെ കണ്ണീരെന്നെ വല്ലാതെ അലട്ടിയിരുന്നു പെണ്ണേ... ഞാൻ തന്നെ എത്രമാത്രം സ്നേഹിക്കുന്നുണ്ടെന്ന് നീയിവിടെ ഇല്ലാതിരുന്ന കുറച്ചു സമയത്തിനുള്ളിൽ മനസിലായതാ...

എനിക്കറിയാം ഐആം നോട്ട് ഡിസേർവ്സ് യൂ.. ആ മനസിന്റെ ഒരറ്റത്ത് പോലും ഇരിക്കാൻ യോഗ്യനല്ല ഞാൻ.. ഇന്നീ നിമിഷത്തെ സൗഭാഗ്യം പോലും.... എങ്കിലും ഈ കാശിയുടെ മനസിലെന്നും നീ മാത്രമേ കാണുള്ളൂ... " നോവോടെ പതിഞ്ഞ ശബ്ദത്തിൽ മൊഴിഞ്ഞു കാശി.... തെന്നി കിടന്ന പുതപ്പൊന്ന് അവൾക്ക് നേരെയിട്ട് കൊടുത്ത് അവൻ ചുമരിലേക്ക് തല ചായ്ച്ചു.... എപ്പോഴോ അവനും നിദ്രയെ പുൽകിയിരുന്നു.. 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 " മോള് പോയി കിടന്നോ... ഞാൻ ചെയ്തോളാം... " എഴുന്നേറ്റ് വന്ന് അടുക്കളയിൽ നിന്ന് പരുങ്ങുന്ന ലൈലയോടായി ടീച്ചർ പറഞ്ഞു.... " അതില്ലേ ടീച്ചറമ്മേ... രാത്രി ഉറക്കം വരാഞ്ഞപ്പോ ഞാൻ ബാൽക്കണിയൽ ചെന്നിരുന്നതാ... കാശിയേട്ടനും ഇടക്ക് വന്നവിടെ ഇരുന്നു... രണ്ടാളും സംസാരിച്ചു ഉറങ്ങിപ്പോയത് അറിഞ്ഞല്ല... അതാ... " " അതിനു ഞാനൊന്നും ചോദിച്ചില്ലല്ലോ.. ഹ്മ്മ്‌...??" ചിരി കടിച്ചു പിടിച്ചു ടീച്ചറമ്മ പറഞ്ഞു.. രാവിലെ എഴുന്നേറ്റപ്പോൾ ലൈലയെ ബെഡിൽ കാണാനില്ലായിരുന്നു.. ബാൽക്കണിയിലെ ഡോർ തുറന്നിട്ടിരിക്കുന്നത് കണ്ടപ്പോൾ അവിടേക്ക് ചെന്നതായിരുന്നു.. അവിടെത്തെ കാഴ്ച കണ്ടതും ടീച്ചർ ചിരിച്ചു പോയി..

ഇന്ത്യയും പാകിസ്ഥാനും പോലെ ആജന്മ ശത്രുക്കളായിരുന്നവരാണ് സൗഹൃദ കരാറിൽ ഒപ്പ് വെച്ച് തോളോട് തോൾ ചേർന്ന് ഉറങ്ങുന്നത്... ഒരു നിമിഷം അവരെ ഇരുവരെയും നോക്കിയ ശേഷം ശല്യപ്പെടുത്താതെ പോകാൻ ഇരുന്നപ്പോഴാണ് ലൈല ഉണർന്നത്... മുന്നിൽ ടീച്ചറെ കണ്ടതും പെണ്ണൊന്ന് പരുങ്ങി.. ടീച്ചർ ചിരിയോടെ പുറത്തേക്കിറങ്ങി... പതിയെ അവൾ കാശിയെ ഉണർത്താതെ എഴുന്നേറ്റു ടീച്ചറുടെ പിന്നാലെ ചെന്നു.... പല്ല് പോലും തേക്കാതെ ടീച്ചറെ സഹായിക്കാൻ പിന്നാലെ നടപ്പാണ്... ചമ്മല് മറക്കാനുള്ള സൂത്രമാണേ അല്ലാതെന്ത്... "അതേയ് ലൈലൂ, പോയി ആ പല്ലെങ്കിലും തേച്ചിട്ട് വായോ...." ടീച്ചർ ഓടിച്ചു വിട്ടപ്പോഴാണ് പെണ്ണ് ഫ്രഷാകാൻ പോയത്.. പ്രഭാത കിരണങ്ങൾ കണ്ണിലടിച്ചപ്പോഴാണ് കാശി എഴുന്നേറ്റത്... എഴുന്നേറ്റു നോക്കുമ്പോൾ ലൈല അടുത്തില്ല.... അടുക്കളയിൽ പാത്രങ്ങളുടെ കലഹത്തോടൊപ്പം അമ്മയുടെയും ലൈലയുടെ പാട്ടുകളും കേൾക്കാം... ഇന്നലെ നടന്ന കാര്യങ്ങൾ ഓർത്തതും മനോഹരമായൊരു പുഞ്ചിരിയാ മുഖത്ത് വിരിഞ്ഞു... ഒപ്പം കുഞ്ഞൊരു നിരാശയും... പണ്ടെങ്ങോ മനസ്സിൽ മൂടി വെച്ച പ്രണയം പൂർവാധികം ശക്തിയോടെ തല പൊക്കി തുടങ്ങിയിരിക്കുന്നു...

അറിയാം ഒരിക്കലും പ്രണയം പിടിച്ചടക്കേണ്ടതല്ല... അതൊഴുകി നമ്മിൽ എത്തിച്ചേരേണ്ടതാണെന്ന്.... കാത്തിരിപ്പ് ചിലപ്പോൾ വിഫലമായേക്കാം... എങ്കിലും എന്നെങ്കിലും തിരികെ ഇഷ്ടപ്പെടുമെന്നുള്ള പ്രത്യാശയിൽ കാത്തിരിക്കാം... അവളെ നോക്കുന്ന ഓരോ നോട്ടത്തിലും ഇഷ്ടം തുളുമ്പുന്നത് അറിയാൻ പറ്റുന്നുണ്ട്... ഒരുപക്ഷെ അവളിൽ നിന്ന് തന്റെയിഷ്ടം മറച്ചു വെക്കാൻ സാധിച്ചേക്കും.... പക്ഷേ അമ്മ....!!! തന്നിലെ കുഞ്ഞു മാറ്റം പോലും അമ്മ കണ്ടുപിടിക്കും....!! അമ്മയെ സൂക്ഷിക്കണം....!! ആലോചനയോടെ അവനൊന്ന് ശ്വാസം ആഞ്ഞു വലിച്ചു വിട്ടു.... ബ്ലാങ്കറ്റ് മാറ്റി അവനെഴുന്നേറ്റു.. ഉറക്കത്തിന്റെ ആലസ്യത്തോടെ കാശി കൈകൾ രണ്ടും മുകളിലേക്കുയർത്തി ഒന്ന് കോട്ടുവായിട്ടു.... "ഗുമോണിംഗ് ബ്രോ.... അയ്ശരി ഇവിടാണോ ഉറങ്ങ്യെ...??? " "ഗുഡ് മോർണിംഗ് അമ്മൂസ്.... ഇവിടിരുന്നങ്ങ് ഉറങ്ങിപ്പോയ്.. എവിടെ ഫൈസി...??" " കോഫി മേക്കിങ്.... " " ആഹാ... പോയവന് കോഫി ഇട്ടു കൊടുക്കെടി.. " "സ്വയം ഇട്ട് കുടിക്കണം കൂട്ടത്തിൽ എനിക്കും ഉണ്ടാക്കണം... അതല്ലേ ഹീറോയിസം..." അമ്മു ചിരിയോടെ പറഞ്ഞപ്പോൾ കാശിയും ഒപ്പം ചിരിച്ചു... " ഞാനെന്നാൽ പോയി ഫ്രഷാവട്ടെ.... " കാശി അകത്തേക്ക് നടന്നു....

കുളി കഴിഞ്ഞിറങ്ങി ഫോണെടുത്ത് നോക്കിയപ്പോഴാണ് ഫേസ് ബുക്ക്‌ നോട്ടിഫിക്കേഷൻസ് ശ്രദ്ധിക്കുന്നത്.... ഇന്നലെ ലൈലയുടെ അക്കൗണ്ട് ഓപ്പൺ ചെയ്തിട്ടത് അപ്പോഴാണ് ഓർത്തത്... നോട്ടിഫിക്കേഷനിൽ രണ്ടു മൂന്ന് ഫ്രണ്ട് റിക്വസ്റ്റുകൾ കിടപ്പുണ്ട്... അവൻ ഓരോന്നും എടുത്തു നോക്കി... " നരേന്ദ്രൻ..." സംശയം ജനിപ്പിച്ചതും ആ ഐഡിയിൽ കയറി നോക്കി.. മ്യൂച്ചൽ ഫ്രണ്ട്‌സ് ആയി അഞ്ചു പേരുണ്ട്... പുതിയ ഐഡി ആണ്.. ഇന്നലെ ക്രിയേറ്റ് ചെയ്തതേ ഉള്ളുവെന്ന് തോന്നുന്നു....പഴയ ലാലേട്ടന്റെ പിക്കാണ് പ്രൊഫൈലിൽ... കൂടുതൽ ഡീറ്റൈൽസോ മറ്റോ അതിലില്ലായിരുന്നു... രണ്ടാമതൊന്ന് ആലോചിക്കാതെ കാശിയാ റിക്വസ്റ്റ് അക്‌സെപ്റ്റ് ചെയ്തു... "Hiii...." അക്‌സെപ്റ്റ് ചെയ്യാൻ കാത്തിരുന്നത് പോലെ മെസ്സേജും അതിൽ നിന്നും വന്നു... "Hloo...." ഒട്ടും ആലോചിക്കാതെ തിരികെ മറുപടി കൊടുത്തു കാശി... പിന്നെ അങ്ങോട്ട് സുഖാണോ? കഴിച്ചോ? എന്താ പരിപാടി? തുടങ്ങിയ ക്ലീഷേ ചോദ്യങ്ങൾ തന്നെ...

അത്കൊണ്ട് തന്നെ നരിയാകില്ലെന്ന തോന്നലിൽ കാശി ആ ചാറ്റവിടെ അവസാനിപ്പിച്ചു അടുക്കളയിലേക്ക് നടന്നു... " അമ്മാ.... " അടുക്കളയിൽ എത്തും മുന്നേ ടീച്ചറെ വിളിച്ചു കൊണ്ടാണ് കയറി ചെന്നത്... ലൈല കിച്ചൻ സ്ലാബിനു മുകളിൽ കയറിയിരിപ്പുണ്ട്... കൈയ്യിൽ ഒരു ചായക്കപ്പും... അവിടെ തന്നെ കസേരയിട്ട് ടീച്ചറുമിരിപ്പുണ്ട്... സ്ലാബിന് മുകളിലെ ചായയിൽ ബിസ്കറ്റ് മുക്കി കഴിക്കുകയാണ് ആള്... രണ്ടാളെയും നോക്കി പുഞ്ചിരിച്ച് റാക്കിൽ നിന്നും ഒരു കപ്പെടുത്ത് ചായ പകർന്ന് ലൈലയോടൊപ്പം സ്ലാബിൽ അവനും കയറിയിരുന്നു.... പെണ്ണ് ചായയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരിപ്പാണ്... ഒരു നോട്ടം കൊണ്ട് പോലുമവൾ കാടാക്ഷിക്കുന്നില്ലല്ലോ..??!! ഇനിയിന്നലെ സംഭവിച്ചത് മുഴുവൻ സ്വപ്നമാണോ എന്തോ...??!! സംശയത്തോടെ അവൻ ലൈലയിലേക്ക് തന്നെ ദൃഷ്ടിയുറപ്പിച്ചു... അത്‌ കണ്ടതും ടീച്ചറൊന്ന് ചുമച്ചു... എവിടെ..??!! കാശിയുടെ കണ്ണ് ലൈലയിൽ തന്നെ... ലൈലയാകട്ടെ കിണറ്റിൻ കരയിൽ നിന്ന് കൊണ്ട് കിണറിലേക്കെത്തി നോക്കില്ലേ..? അതേ മട്ടിൽ ചായക്കപ്പിൽ എത്തി നോക്കുന്നുണ്ട്.... ടീച്ചർ തെറ്റിദ്ധരിച്ചു കാണുമെന്ന ആശങ്കയിലാണ് പെണ്ണ്... ടീച്ചർ ഒന്നുകൂടി ശക്തിയിൽ ചുമച്ചു...

കാശി ഞെട്ടലോടെ ടീച്ചറെ നോക്കി... ടീച്ചർക്ക് ചിരി പൊട്ടിയെങ്കിലും ചുണ്ടു കടിച്ചു പിടിച്ചിരുന്നു.. "ലൈലയുടെ കാര്യത്തിൽ ഇനിയെന്താ നിന്റെ പ്ലാൻ...???" " എ... ന്ത്‌.... എന്താ മ്മാ...??? " കാശി വെപ്രാളത്തോടെ ചോദിച്ചു.... " ഈ ഫ്ലാറ്റിൽ നമ്മളത്ര സേഫ് അല്ല കാശി..." " ഓഹ് അതാരുന്നോ....???!!" അവൻ ആശ്വാസത്തോടെ നിശ്വസിച്ചു... " നീയിതിത്ര സില്ലി ആയാണോ കാണുന്നെ...??!! അപ്പുറത്തുള്ളത് അത്ര നിസ്സാരക്കാരല്ലെന്ന് ഓർക്കണം... ഇപ്പോൾ തന്നെ കേസ് പോയിക്കാണും.. നാട്ടിൽ പ്രശ്നങ്ങൾ തുടങ്ങിക്കാണും.... ഇഷയവിടെ നാട്ടിൽ ഉള്ള സ്ഥിതിക്ക് ഈ ഫ്ലാറ്റ് തേടി ആൾക്കാരെത്താൻ അധികം താമസമൊന്നും കാണില്ല... " " പേടിക്കാതെ അമ്മാ.. ഫൈസിയും ഞാനും ഇന്നലെ ഇതേ കുറിച്ച് സംസാരിച്ചതാ... അവന്റെ പരിചയത്തിലുള്ള ഒരാളുടെ വീട് റെന്റിനു കിടപ്പുണ്ട്... അതൊന്ന് അന്വേഷിക്കാമെന്ന് അവൻ പറഞ്ഞേക്കുവാ... ഇന്ന് വൈകുന്നേരത്തിനുള്ളിൽ ഒരു തീരുമാനത്തിൽ എത്താം... പിന്നേ... അതൊരു റെസിഡൻഷ്യൽ ഏരിയയാണെന്നാ അവൻ പറഞ്ഞേ... അമ്മയ്ക്കവിടെ പാട്ട് പഠിപ്പിക്കാൻ പിള്ളേരെയും കിട്ടും... " കപ്പിലെ ചായ ഒരിറക്ക് കുടിച്ച് കാശി അമ്മയെ നോക്കി... "

പ്രശ്നങ്ങളൊതുങ്ങിയാൽ ഞാനിവിടെത്തെ ഓഫിസിൽ ജോയിൻ ചെയ്യാം.. തല്ക്കാലം ഒരുമാസത്തെ ലീവ് അനുവദിച്ചിട്ടുണ്ട്...." "ലൈലയിതു ഫൈനൽ ഇയർ അല്ലേ... പരീക്ഷ എഴുതിക്കാനുള്ള വകുപ്പും നോക്കണം കാശി..." ടീച്ചറത് പറഞ്ഞതും പെണ്ണ് പ്രതീക്ഷയോടെ കാശിയെ നോക്കി... " ഹ്മ്മ്‌.. പരിഹാരമുണ്ടാക്കാം... ഈ പ്രശ്നമൊന്ന് കെട്ടടങ്ങട്ടെ... " ലൈലയെ നോക്കി ആലോചനയോടെ കാശി പറഞ്ഞു.... പെട്ടെന്നാണ് കാശിയുടെ ഫോൺ റിങ്ങ് ചെയ്തത്.. മെസ്സഞ്ചർ കാൾ ആണ്... രേണു ആണെന്ന് കണ്ടതും കാശി ഫോണവളെ ഏൽപ്പിച്ചു... രേണുവിന്റെ കാൾ കണ്ടതും സന്തോഷത്തിന്റെ മൂർദ്ധന്യാവസ്ഥയിൽ ആയിരുന്നു പെണ്ണ്... ഒട്ടും സമയം കളയാതെ അവളത് അറ്റൻഡ് ചെയ്തു.... " ഹ.. ഹെലോ... " ലൈലയുടെ ചുണ്ടുകളൊന്ന് വിറച്ചു... ഫോൺ ഇജാസ് വാങ്ങി വെച്ചത് കൊണ്ട് തന്നെ അതിനു ശേഷം രേണുവിനെ വിളിക്കാൻ കഴിഞ്ഞിട്ടില്ലായിരുന്നു.... " ഡി കോപ്പേ.... നീ ജീവനോടെയുണ്ടോ...?? ഏത് ഉലകത്തിലാടി കൊരങ്ങെ പോയി ഒളിച്ചേക്കുന്നെ...??!! " ദേഷ്യവും സങ്കടവും ഇടകലർത്തി രേണു ചോദിച്ചു... സന്തോഷം കൊണ്ടാവണം ലൈല പൊട്ടിക്കരഞ്ഞു...

എന്തോ അത്‌ കണ്ടു നിൽക്കാൻ വയ്യെന്ന് തോന്നിയതും കാശി എഴുന്നേറ്റ് കുടിച്ചു വെച്ച ചായക്കപ്പ് കഴുകി വെച്ച് ഹാളിലോട്ട് നടന്നു.. അവളുടെ തലയിൽ തലോടി ആശ്വസിപ്പിച്ച ശേഷം ടീച്ചറമ്മയും അകത്തേക്ക് പോയി... കുറച്ചു നേരം ലൈലയും രേണുവും പരാതികളും ആശ്വസിപ്പിക്കലുകളുമായി സംസാരത്തിലായി.. " നാട്ടിൽ പ്രശ്നങ്ങളൊന്നും ഇതുവരെയില്ലെടാ... പക്ഷേ നീ കാശിയേട്ടനൊപ്പം ഒളിച്ചോടി പോയെന്ന വാർത്തയാ എങ്ങും പരന്നേക്കുന്നെ... അന്ന് നിങ്ങളു പോയന്നു ഇജാസിക്ക വീട്ടിൽ വന്നിരുന്നു .. നീ പോയത് എങ്ങോട്ടാണെന്ന് എനിക്കറിയാമെന്ന് പറഞ്ഞാ ആ വെട്ടു പോത്ത് ഉറഞ്ഞു തുള്ളിയത്.... ഫോൺ നിങ്ങള് വാങ്ങി വെച്ചേക്കുവല്ലേ പിന്നെങ്ങനെ അവളെന്നെ വിളിക്കാനാ എന്ന് തിരിച്ചു ചോദിച്ചപ്പോ അങ്ങേരടങ്ങി... നമ്മളോടാ കളി.. ഹല്ല പിന്നേ... " " നിനക്കും ബുദ്ധിമുട്ടായല്ലേ എന്നെക്കൊണ്ട്.." "ദേ പെണ്ണേ.. ഒറ്റ വീക്കങ്ങ് വെച്ചു തരും പറഞ്ഞേക്കാം.." " ഈ.... ക്ഷമിക്കെടി.. അച്ഛനുമമ്മയും എന്താ പറഞ്ഞേ..??

ദേഷ്യപ്പെട്ടൊ...?? " " ആ വെട്ടുപോത്തിന്റെ കയ്യിന്ന് രക്ഷപെട്ടു പോയല്ലോ നന്നായിന്ന് പറഞ്ഞു... " പൊട്ടിച്ചിരിയോടെ രേണു പറഞ്ഞതും ലൈല ആശ്വാസത്തോടെ ചിരിച്ചു... കുറച്ചു നേരം കൂടി സംസാരിച്ചതിന് ശേഷമവർ ഫോൺ വെച്ചു.. കാശിയ്ക്ക് ഫോൺ തിരിച്ചു കൊടുക്കാൻ നീട്ടിയതും വീണ്ടുമതിലേക്ക് കോൾ വന്നു... സ്‌ക്രീനിൽ കാണുന്ന പേര് ലൈല വായിച്ചു.. "നരേന്ദ്രൻ....!!" ഒരു നിമിഷം പകപ്പോടെ ലൈല കാശിയെ നോക്കി... കാശി ഫോൺ തിരിച്ചു വാങ്ങിച്ചു.... " ഇതേതോ ഞരമ്പനാ... നരിയാകുമെന്ന് കരുതിയാ ഞാൻ നേരത്തെ റിക്വസ്റ്റ് അക്‌സെപ്റ്റ് ചെയ്തത്.... ഇത് ഞാൻ ഡീൽ ചെയ്തോളാം... " കാശി പറഞ്ഞു കഴിഞ്ഞതും ആ ഐഡിയിൽ നിന്നും അതിലേക്കൊരു മെസ്സേജ് കൂടി വന്നിരുന്നു... " ശിവൂ.... ഇറ്റ്'സ് മീ യുവർ നരി.... " ഒരു നിമിഷം അമ്പരപ്പോടെ ഫോണിലേക്ക് ഒന്ന് നോക്കി കാശി... ഒരു തവണ കൂടിയാ മെസ്സേജ് വായിച്ചു... അപ്പോളവന്റെ ചുണ്ടിന്റെ കോണിൽ ഒരു വേട്ടക്കാരന്റെ കൗശലച്ചിരി തെളിഞ്ഞിരുന്നു.............തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story