കാണാ മറയത്ത്..❤: ഭാഗം 14

kanamarayath

രചന: മീര സരസ്വതി

" ഇതേതോ ഞരമ്പനാ... നരിയാകുമെന്ന് കരുതിയാ ഞാൻ നേരത്തെ റിക്വസ്റ്റ് അക്‌സെപ്റ്റ് ചെയ്തത്.... ഇത് ഞാൻ ഡീൽ ചെയ്തോളാം... " കാശി പറഞ്ഞു കഴിഞ്ഞതും ആ ഐഡിയിൽ നിന്നും അതിലേക്കൊരു മെസ്സേജ് കൂടി വന്നിരുന്നു... " ശിവൂ.... ഇറ്റ്'സ് മീ യുവർ നരി.... " ഒരു നിമിഷം അമ്പരപ്പോടെ ഫോണിലേക്ക് ഒന്ന് നോക്കി കാശി... ഒരു തവണ കൂടിയാ മെസ്സേജ് വായിച്ചു... അപ്പോളവന്റെ ചുണ്ടിന്റെ കോണിൽ ഒരു വേട്ടക്കാരന്റെ കൗശലച്ചിരി തെളിഞ്ഞിരുന്നു... "ശിവൂ.... വഴക്കാവുമല്ലേ...??? സോറിഡീ ...." ആ മെസ്സേജ് സീൻ ആയിട്ടും മറുപടിയൊന്നുമില്ലെന്ന് കണ്ടതും പിന്നെയും ടൈപ്പിങ് എന്ന് മുകളിൽ തെളിഞ്ഞു.. ഫോണുമെടുത്ത് കാശി സോഫയിൽ ചെന്നിരുന്നു... ഇതൊന്നുമറിയാതെ ലൈല ടീച്ചറമ്മയുടെ പിറകെ പോയിരുന്നു... "ഞാനന്ന് കോഴിക്കോട് എത്തിയതാ ശിവൂ... സ്റ്റേഷനിൽ ഇറങ്ങിയപ്പോഴാണ് പെങ്ങളുടെ കോൾ വന്നത്... അമ്മയെ അഡ്മിറ്റാക്കിയേക്കുവാ ചേട്ടൻ പെട്ടെന്ന് വായെന്നും പറഞ്ഞ്... ശിവൂന് അറിയാവുന്നതല്ലേ അമ്മയും പെങ്ങളുമാ എന്റെ ലോകമെന്ന്.. അമ്മയ്ക്ക് വയ്യെന്ന് പറഞ്ഞപ്പോ ഞാൻ വേറൊന്നും ചിന്തിച്ചില്ല... പെട്ടെന്ന് തന്നെ അടുത്ത ബസ്സിൽ കയറി കണ്ണൂരേക്ക് തിരിച്ചു..

പക്ഷേ തിരക്കിട്ട ഓട്ടത്തിനിടയിൽ എന്റെ ഫോണും ബാഗും സ്റ്റേഷനിൽ നഷ്ടപ്പെട്ടുപോയി... അത്‌ മനസ്സിലാകുമ്പോഴേക്കും ബസ് ഏറെ ദൂരം പിന്നിട്ടിരുന്നു... പ്രശ്നങ്ങളൊതുങ്ങി തനിക്ക് മെസ്സേജ് ഇടാൻ നോക്കിയപ്പോൾ തന്റെ എഫ് ബി ഇല്ല.. ഫോൺ നഷ്ടമായത് കൊണ്ട് എന്റെ കയ്യിൽ തന്റെ നമ്പർ ഇല്ലായിരിന്നു... ഒന്ന് വിളിച്ചു നോക്കാൻ പോലും സാധിച്ചില്ല..." അത് വായിച്ചതും കാശി പല്ലിറുമ്മി... " ..... മോൻ... " അവന്റെയാ മെസേജിനും അവൻ റിപ്ലൈ കൊടുത്തില്ല... എത്രത്തോളം ന്യായീകരണങ്ങൾ അവൻ നിരത്തുമെന്ന് അറിയണമല്ലോ... "ഉം മിണ്ടാൻ വയ്യെങ്കിൽ അങ്ങനെ തന്നെയിരിക്കട്ടെ... ഡിസ്റ്റർബ് ചെയ്യുന്നില്ല.... ബൈ...." ഇതൊക്കെയവന്റെ പ്രഹസനമാണെന് അറിയുന്നത് കൊണ്ട് തന്നെ അവൻ തിരിച്ചു വന്ന് മിണ്ടുമെന്ന് കാശിയ്ക്ക് ഉറപ്പായിരുന്നു... അതിനാൽ തന്നെ മെസ്സേജ് സീൻ ചെയ്തിട്ടും ശിവു പിണക്കമാണെന്ന രീതിയിൽ കാശി റിപ്ലൈ ചെയ്തില്ല... കുറച്ചു നേരം കഴിഞ്ഞതും നരി ഓഫ്‌ലൈനിലായി... കാശി ശരത്തിനെയും ഇഷാൻവിയെയും ഗ്രൂപ്പ് കോൾ വിളിച്ചു കാര്യങ്ങൾ പറഞ്ഞു.... " വിടരുതെടാ ആ നാറിയെ.... അവന് പതിനാറിന്റെ പണി കൊടുക്കണം...

പിന്നേ അവനിട്ട് പൊട്ടിക്കുമ്പോ ആദ്യത്തേത് ശരണ്യയ്ക്ക് വേണ്ടി മാറ്റി വെക്കാൻ മറക്കണ്ട......!!" " അത്‌ പിന്നേ പറയാനുണ്ടോടാ... " "അവനിനി ഒരു പെണ്ണിനോടും ഇമ്മാതിരി ചെറ്റത്തരം കാണിക്കരുത്.. കയ്യിൽ കിട്ടിയാൽ ഒന്നും നോക്കെണ്ടാ അറഞ്ചം പുറഞ്ചം കൊടുത്തോ.." ഇഷയത് പറഞ്ഞതും രണ്ടാളും ഒരുപോലെ അത്‌ അംഗീകരിച്ചു.... കുറച്ചു നേരം സംസാരിച്ച് അവർ കോൾ കട്ട് ചെയ്തു...കോളിനിടയിൽ പലവട്ടം മെസഞ്ചർ നോട്ടിഫിക്കേഷൻ വന്നതിനാൽ കാശി ഫോണെടുത്ത് പരിശോധിച്ചു.. ട്രെയിൻ പോലെ നീണ്ടു നിൽപ്പാണ് നരിയുടെ മെസേജ്... " പ്ലീസ് ശിവൂ... ഒന്ന് മിണ്ട്... നീയില്ലാതെ ഇത്ര ദിവസം എങ്ങനെ തള്ളി നീക്കിയെന്ന് എനിക്കറിയില്ല... " " ഒന്ന് മിണ്ടെന്റെ ശിവൂ... എനിക്ക് നീയില്ലാതെ പറ്റണില്ല... " "ഒന്നെന്നെ മനസ്സിലാക്കെടോ പ്ലീസ്...." ഇങ്ങനെ പോകുന്നു ആളുടെ മെസേജ്... കാശിയ്ക്ക് ചിരി വന്നുപോയി.. അവന്റെയൊരു സെന്റിയിറക്കൽ... കലർപ്പില്ലാത്ത നയൻ വൺ സിക്സ് പശ്ചാത്താപം... ഉടായിപ്പാണെന്ന് പറയുകയേ ഇല്ല... ചിരിയോടെ തന്നെ "മ്മ്....." എന്ന് റിപ്ലൈ കൊടുത്തു... "പിണക്കം മാറിയോ ശിവൂസ്...?? ശെരിക്കുമെന്നോട് മിണ്ടുവോ...??!!"

"പിണക്കം മാറിയെന്നു ആര് പറഞ്ഞു...??!! പിണക്കമാ.. " "അന്നെന്റെ അവസ്ഥ അതായത് കൊണ്ടല്ലേ.. ഒന്ന് മനസ്സിലാക്കെടോ... അമ്മ ഹോസ്പിറ്റലിൽ ആണെന്ന് കേട്ടപ്പോ എനിക്ക് സഹിക്കാൻ പറ്റിയില്ല... സോറി ശിവൂ..." "അമ്മയ്ക്കിപ്പോ എങ്ങനിണ്ട് നരി..?" "കുറവുണ്ട്... എന്നാലും വയ്യായ്കയുണ്ട്.. " വൃത്തികെട്ടവൻ... അമ്മയുടെ പേരിലാ കള്ളം പറയുന്നത്... ഇവനെ പോലെയുള്ള തൃണത്തിന് ജന്മം കൊടുക്കാൻ മാത്രം എന്ത് പാപമാണ് ആ അമ്മ ചെയ്തേ എന്തോ...??!! കാശി ആത്മാഗതമെന്നോണം പറഞ്ഞു... "ഓക്കേ.. പിന്നേ കാണാം നരി... ബൈ.." ആ ചാറ്റ് അവിടെ അവസാനിപ്പിച്ചു അവൻ... റൂമിലേക്ക് നടക്കുമ്പോഴാണ് കോളിങ്ങ് ബെല്ലടിച്ചത്... ഫൈസിയാണ്... ഓഫീസിലേക്ക് പോകാനുള്ള വേഷത്തിലാണ്... " വീട് റെഡിയാണ് കാശി... നമുക്കൊന്ന് ചെന്ന് നോക്കിയാലോ...? ഫോട്ടോയിൽ കണ്ടത് ഫുള്ളി ഫർണിഷ്ഡ് വീടാണ്.... എന്തേലും വേണമെങ്കിൽ ബാക്കി അവിടെ ചെന്നു നോക്കിയതിനു ശേഷം വാങ്ങിക്കാം.." "നിനക്ക് ഓഫീസിൽ പോകേണ്ടെടാ..?? തിരിച്ചു വന്നിട്ട് നോക്കാം.." " അത്‌ കുഴപ്പമില്ലെടാ... പോകും വഴിക്ക് ഓഫീസിൽ ഒന്ന് കയറി ലീവ് പറയാം.. നീ പോയി പെട്ടെന്ന് റെഡിയാവ്... "

കാശി പെട്ടെന്ന് തന്നെ റെഡിയായി ഫൈസിയുടെ കൂടെ പുറത്തേക്ക് ചെന്നു... ഡോർ അടയ്ക്കുവാനായി ലൈല അവരുടെ പിന്നാലെ ചെന്നു... കാശി ഷൂസ് ഇടുന്നതും നോക്കിയവൾ വാതിൽക്കൽ തന്നെ നിന്നു... ഫൈസിയാകട്ടെ ചുണ്ടിലൊരു ചിരിയോടെ ലൈലയെ സസൂക്ഷ്മമം നിരീക്ഷിക്കുന്നുമുണ്ട്... "പോയി വരാം..... " ലൈലയെ നോക്കി ചിരിയോടെ കാശി പറഞ്ഞു... പെണ്ണ് ചിരിയോടെ തലയാട്ടി... "ആഹ് ലൈലൂ..." എന്തോ മറന്നെന്ന പോലെ കാശി ലൈലയുടെ അടുത്തേക്ക് വന്നു... " ഫോൺ കയ്യിൽ വെച്ചോ.. എന്തേലും ആവശ്യമുണ്ടേൽ അതിൽ ഫീഡ് ചെയ്തിട്ടുള്ള ഫൈസിയുടെ നമ്പറിലോട്ട് വിളിച്ചാൽ മതി... നിസ്കാര സമയമാകുമ്പോ വീട്ടിലേക്ക് വിളിച്ചു നോക്ക്... പിന്നേ ഇങ്ങോട്ട് ഹെലോ പറയുന്നതിന് മുന്നേ അങ്ങോട്ട് സംസാരിക്കരുത്... ഇജാസെങ്ങാനം ഫോണെടുത്താലോ...?!!" ലൈല ഫോൺ വാങ്ങിച്ചു കാശി പറയുന്നത് മൂളി കേട്ടു... ഇറങ്ങുവാ എന്ന അർത്ഥത്തിൽ കാശി തലയാട്ടിയപ്പോൾ ലൈലയും ചിരിയോടെ ഇരുവരെയും നോക്കി കൈ വീശി...

ഡോർ അടച്ചു ഫോൺ ഡയിനിങ് ടേബിളിന് മുകളിൽ വെക്കാൻ തുടങ്ങിയപ്പോഴാണ് അതിലേക്കൊരു മെസേജ് വന്നത് ലൈലയുടെ ശ്രദ്ധയിൽ പെടുന്നത്.... "ശിവൂ....." ആ മെസേജ് കണ്ടതും ഒരു വിറയൽ അവളുടെ ദേഹത്തൂടെ കടന്നു പോയി... വിറയ്ക്കുന്ന കൈകളിടെ അവളാ ചാറ്റ് തുറന്നു.... അത് വരെയുള്ള ചാറ്റുകളെല്ലാം വായിച്ചതും പെണ്ണിനുള്ളം തേങ്ങി... ഇത്രയും വിദഗ്ദമായി കള്ളം പറയുന്നയാളെയാണല്ലോ ഇത്രയുമധികം സ്നേഹിച്ചത്... ഇത്രയൊക്കെയായിട്ടും അവനെന്താണ് തന്നിൽ നിന്നും പ്രതീക്ഷിക്കുന്നതെന്നറിയാൻ അവൾക്ക് ആകാംക്ഷ തോന്നി... " ഒന്ന് ക്ഷമിക്കെടോ... എത്ര സോറി പറഞ്ഞതാ ഞാൻ... നിന്നെ അത്രയേറെ ഇഷ്ടമായത് കൊണ്ടല്ലേ തെറ്റു സമ്മതിച്ചു കൊണ്ട് ഒരുളുപ്പുമില്ലാതെ ഞാൻ തന്റെ പിറകെ വരുന്നത്... " യന്ത്രികമായി അവളുടെ വിരലുകൾ അവനുള്ള മറുപടിയ്ക്കായി ചലിച്ചു... " ഹാ കുഴപ്പമില്ല നരീ.... ഞാൻ ക്ഷമിച്ചു... " "സത്യം...???!!! അല്ലേലും എനിക്കറിയാം എന്റെ കൊച്ചിനെന്നോട് പിണങ്ങി നിൽക്കാൻ പറ്റില്ലെന്ന്..." കുറേ ഉമ്മിക്കുന്ന ഇമോജിയുടെ അകമ്പടിയോടെ അവനത് അയച്ചതും പെണ്ണിൽ വെറുപ്പിരമ്പി... " നിനക്ക് സുഖാണോ ശിവൂസ്....??"

പിന്നേ പരമ സുഖമാണല്ലോ...!! താൻ കാരണം കുടുംബം ഒറ്റപ്പെടുത്തി ആരോരുമില്ലാത്തൊരവസ്ഥയിൽ കഴിയുകയാണെന്ന് പറയാൻ നാവിൻ തുമ്പോളം വന്നു ലൈലയ്ക്ക്... എങ്കിലും സംയമനം പാലിച്ചു... "സുഖം.. നരിക്കോ..??" "എനിക്കും... അധികം വൈകാതെയൊരു ദിവസം ഞാനെന്റെ പെണ്ണിനെ കാണാൻ വരുമല്ലോ... പക്ഷേ ഇത്തവണ സർപ്രൈസ് വിസിറ്റാവും.... കാത്തിരുന്നോ....!!" കുറച്ചു മുന്നെയാണ് നരി ഇങ്ങനെയൊക്കെ പറഞ്ഞതെങ്കിൽ എത്രമാത്രം സന്തോഷിച്ചേനെയെന്ന് ഓർത്തു പെണ്ണ്... "എന്തെ ശിവു വരണ്ടേ ഞാൻ..?? എന്നെ കാണേണ്ടേ നിനക്ക്...??" "വേണം...." ഒരിക്കൽ മുഖമില്ലാത്തയീ മനുഷ്യനെ സ്നേഹിച്ചു പോയതല്ലേ... തീർച്ചയായും ആ മുഖമൊന്ന് കാണണം... ഇങ്ങനെ പെൺകുട്ടികളെ വഞ്ചിക്കുന്നതിലൂടെ തനിക്കെന്ത് സുഖമാണെടാ കിട്ടുന്നതെന്ന് ആ മുഖത്ത് നോക്കി കാർക്കിച്ചു തുപ്പിക്കൊണ്ട് ചോദിക്കണം... "എന്നെയൊന്നു വിളിക്കോ ശിവൂ...?? എത്രകാലമായി ആ ശബ്ദം കേട്ടിട്ട്...?!!

എത്ര കാലമായി തന്റെ പാട്ടൊന്നു കേട്ടിട്ട്..??!!. കൊതിയാകുവാ.. ഒന്ന് വിളിക്കെടോ...." "ഇപ്പോ വിളിക്കാൻ പറ്റിയ സാഹചര്യമല്ല നരി... പിന്നെയൊരിക്കലാവാം...." അത്രയും അയച്ചു ലൈല ഡാറ്റ ഓഫ്‌ ചെയ്തിട്ടു... ഇനിയും ഒന്നുമറിയാത്തൊരു വിഡ്ഢിയെ പോലെ നിൽക്കാൻ വയ്യ... ഫോൺ ടേബിളിലേക്ക് വെച്ച് അരികിലെ കസേരയിൽ തളർന്നിരുന്നു പെണ്ണ്.... വല്ലാതെ ഉള്ളം നീറി ലൈലയ്ക്ക്... ഹൃദയം നൂറായി നുറിങ്ങി അതിൽ നിന്നും ധാരയായി രക്‌തമൊഴുകും പോലെയുള്ള നോവ്... കണ്ണ് ഇടതടവില്ലാതെ ഒഴുകിക്കൊണ്ടിരുന്നു... പ്രണയത്തിനാൽ വിഡ്ഢിയാക്കപ്പെട്ടവളാണ്... പ്രാണനാണെന്ന് കരുതിയവനാണ്.... മറുപുറത്തുള്ളവൻ ഒരു ഹൃദയമില്ലാത്തവനാണെന്ന് അറിയാതെ സ്വന്തം ഹൃദയത്തിൽ പ്രതിഷ്ഠിച്ചില്ലേ.... ആർത്തു കരയാൻ തോന്നിയവൾക്ക്... പക്ഷേ പാടില്ല...!! സ്വന്തം ജീവനും ജീവിതവും ബലിയർപ്പിച്ചു തനിക്കായി കരുതലൊരുക്കിയവരുണ്ട്... തന്റെ ടീച്ചറമ്മയും കാശിയേട്ടനും... ജീവിക്കണം...!! പോരാടണം...!! അവർക്കു വേണ്ടിയെങ്കിലും... സജലങ്ങളായ മിഴികൾ രണ്ടും അമർത്തി തുടച്ചവൾ എഴുന്നേറ്റു.... ടീച്ചറമ്മ ഉച്ച ഭക്ഷണം തയ്യാറാക്കുന്ന തിരക്കിലാണ്...

കിച്ചണിലെ കുഞ്ഞു സ്റ്റോറേജ് ഏരിയയിൽ നിന്നും ഒരു ചൂലുമെടുത്ത് ഫ്ലാറ്റ് ക്‌ളീൻ ചെയ്യാൻ ആരംഭിച്ചു ലൈല... " തളരില്ല ഒരിക്കലും....!! ആ വൃത്തികെട്ടവനെ കൊണ്ട് ഇനിയൊരു പെണ്ണിനും എന്റെയനുഭവം ഉണ്ടാകാൻ പാടില്ല..." വാശിയോടെ ചൂൽ ആഞ്ഞു വീശിയടിച്ചു കൊണ്ട് ലൈല സ്വയം പറഞ്ഞു... 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 "ലൈലൂ......" ഉമ്മയുടെ ആ വിളിയിൽ പെണ്ണിൽ ഒരു സങ്കടക്കടൽ ആർത്തിരമ്പി.... "എനിക്കറിയാരുന്നു ഇന്ന് മോള് വിളിക്കുമെന്ന്... സുഖാണോ മോൾക്ക്...??" ഉമ്മയുടെ ആ ചോദ്യത്തിൽ മറുപടിയായി വന്നതൊരു പൊട്ടിക്കരച്ചിൽ ആയിരുന്നു... " കരയല്ലേ... ഉമ്മാക്കറിയാം ഉമ്മാടെ മോൾ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന്.... ഒരു നാൾ എന്റെ മോളൊരു തെറ്റും ചെയ്തില്ലെന്ന് ഉപ്പാക്ക് മനസ്സിലാകും.. അന്നീ തള്ളിപ്പറഞ്ഞവർ തന്നെ മോളെ സ്വീകരിക്കുമെന്ന് എനിക്കുറപ്പാ..." കുറച്ചു നേരം ഉമ്മിയിടും വലിയുമ്മയോടും സംസാരിച്ചപ്പോൾ മനസ്സിൽ വലിയൊരു സംഘർഷം ഒഴിവായി പെണ്ണിന്...

ഇത്രയും ദിവസമായിട്ടു കണ്ടെത്താൻ കഴിയാത്തതിനാൽ ഇനി ലൈലയെ തിരഞ്ഞ് ആരും പോകേണ്ടതില്ലെന്നാണ് ആലി ഹാജിയുടെ ഓർഡർ... നാട്ടിൽ കാര്യമറിയാൻ ഇനിയൊരു ഈച്ചക്കുഞ്ഞു പോലും ബാക്കിയില്ലെന്ന്... കുടുംബത്തിൽ പേരുദോഷം കേൾപ്പിച്ചതിനാൽ തന്നെ താൻ മരിച്ചാൽ മയ്യിത്ത് പോലും ലൈലയെ കാണിക്കരുതെന്ന് സ്ട്രിക്ട് ഓർഡറുണ്ട്...!! തനിക്കിനി അങ്ങനെയൊരു മോളില്ലെന്ന് പറഞ്ഞു ആള് എഴുതി തള്ളിയേക്കുവാണ്.... അത്രയറിഞ്ഞതും പെണ്ണിൽ വിഷമമല്ല ഉണ്ടായത്... തീർത്തും ആശ്വാസമായിരുന്നു... താൻ കാരണം എല്ലാരും ബുദ്ധിമുട്ടുമല്ലോ എന്നുള്ള ചിന്തയ്ക്ക് താൽക്കാലികമായെങ്കിലും വിരാമമായല്ലോ... 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 "യ്യോ ന്റെ ബദരീങ്ങളെ.... ഇത്രേം കാലത്തെ ജീവിതത്തിനിടയ്ക്ക് ഞാനിത് പോലെ പണിയെടുത്തിട്ടില്ല... ന്റെ കാല് ന്റെ കൈയ്യ് ന്റെ നടു.... എല്ലാം പോയേ...." ഒരു കൈ കൊണ്ട് നടുവിനൊരു താങ്ങും കൊടുത്ത് മറു കയ്യിലെ മോപ്പ് തറയിൽ വെച്ച് അമ്മു വലപിക്കാൻ തുടങ്ങിയേ.... വീട് സെറ്റായതും ഇന്ന് തന്നെ വീട് മാറിയേക്കാം എന്നും പറഞ്ഞു ക്ലീനിങ്ങിന് ഇറങ്ങിയതായിരുന്നു നാൽവർ പട്ടാളം...

കാശിയും ഫൈസിയും മുകളിൽ ടെറസ് ക്ലീൻ ചെയ്ത് ടീച്ചറമ്മയ്ക്ക് പാട്ട് പഠിപ്പിക്കുവാനുള്ള സെറ്റപ്പ് ഉണ്ടാക്കുകയാണ്... താഴെത്തെ നിലയിലെ ക്ലീനിങ് ലൈലയും അമ്മൂസും ഏറ്റെടുത്തു... " അപ്പോഴേ പറഞ്ഞതല്ലേ അമ്മൂസേ ഞാൻ തുടച്ചോളാമെന്ന്... നിങ്ങൾടെ ഫ്ലാറ്റ് ക്ലീനിങ് പോലെ അത്ര എളുപ്പമാവില്ലെന്ന്... അപ്പൊ എന്തൊക്കെയാരുന്നു...??!! തൊടക്കാനൊക്കെ എനിക്ക് ഈസിയാ... ഇതല്ല ഇതിനപ്പുറവും ചാടിക്കടന്നവനാ ഈ കേകേ അമ്മൂസ് എന്ന്...!!! എന്നിട്ടിപ്പോ എന്തായി...??!!" അമ്മുവിനെ കളിയാക്കി കൊണ്ട് ലൈലു പൊട്ടി ചിരിക്കാൻ തുടങ്ങി... മുകളിലെ നില ഒരുക്കി കഴിഞ്ഞ് കാശിയും ഫൈസിയും താഴേക്കിറങ്ങി വരുമ്പോൾ കാണുന്നത് പൊട്ടിച്ചിരിക്കുന്ന ലൈലയെ ആണ്... ഇത്രയും ദിവസത്തിനിടയ്ക്ക് അവളൊന്ന് ഉള്ളു തുറന്ന് ചിരിച്ചു കാണുന്നത് ഇപ്പോഴയതിനാൽ കാശിയിലും ഫൈസിയിലും ഒരുപോലെ സന്തോഷം നിറച്ചത്.... കാശിയാ ചിരിയിൽ സ്വയം മറന്നു നിന്നതും ഫൈസിയവനെ തട്ടി വിളിച്ചു... "ചെടികൾ ഞാൻ പോയി വാങ്ങിച്ചാൽ മതിയോ കാശി...?? ഇവരെ ഇരുവരെയും തന്നെയെങ്ങാനാ നിർത്തുന്നെ...?? അബ്ബയും ഉമ്മിയും ടീച്ചറമ്മയെ കൂട്ടി വരുമ്പോഴേക്കും സന്ധ്യയോട് അടുക്കും..."

"ഹ്മ്മ്‌.. എന്നാൽ അമ്മുവിനെയും കൂടെ കൂട്ടിക്കോ ഡാ... അവൾക്കാണല്ലോ ചെടികളെ കുറിച്ചൊക്കെ കൂടുതൽ ഐഡിയ ഉള്ളത്... ഞങ്ങളിവിടെ നിൽക്കാം..." റെസിഡന്റ്ൽഷ്യൽ ഏരിയ ആയതിനാൽ തൊട്ടടുത്ത് വീടുകൾ വേറെയുമുണ്ട്. അത്കൊണ്ടവിടെ കാര്യമായ പ്രശ്നങ്ങളൊന്നും വരാൻ സാധ്യതയില്ല... എങ്കിലും അമ്മുവും ഫൈസിയും പോയതും കാശി ഡോർ അടച്ചു... " ഇങ്ങ് വന്നെ ലൈലൂ.... " ലൈലുവിന്റെ കൈപിടിച്ചു വലിച്ചവൻ മുകളിലെത്തെ നിലയിലേക്ക് ഓടി... ഇങ്ങേർക്കിതെന്ത് പറ്റിയെന്ന് ആലോചിച്ചു പോയി ലൈല... മുകളിലെത്തെ നില രണ്ടുപേരും കൂടി ഭംഗിയായി ഒരുക്കി വെച്ചിട്ടുണ്ട്... ടെറസിന് ഒരു ഭാഗം ഷീറ്റിട്ട് ഒരു റൂം പോലെ തിരിച്ചിട്ടുണ്ട്..... അവിടെ തറയിൽ കാർപെറ്റ് വിരിച്ച് ഭംഗിയാക്കി വെച്ചിട്ടുണ്ട്... കുഞ്ഞൊരു സ്റ്റുഡിയോ റൂം ഒരുക്കി വെച്ചേക്കുകയാണ് രണ്ടുപേരും... അത്‌ കൂടാതെ ഒരു വശത്തൊരു സോഫ പോലെ നീണ്ടൊരു ഊഞ്ഞാലും ഇരിപ്പുണ്ട്... കുറച്ചു പഴക്കമുണ്ട് അതിന്.. മുൻപ് താമസിച്ചവർ ഉപയോഗിച്ച് വെച്ചതാകണം.... "എങ്ങനെയുണ്ട്...?? കൊള്ളാവോ..?? " ഊഞ്ഞാലിൽ കയറിയിരുന്നു കൊണ്ട് കാശി ചോദിച്ചു... സൂപ്പർ എന്ന് കൈകൊണ്ട് കാണിച്ച് പെണ്ണ് ചിരിച്ചു...

" ചെടികൾ വെച്ച് അലങ്കരിച്ചാൽ ഒന്നുകൂടി സ്റ്റൈൽ ആകുമല്ലേ...?? " അത്രയും പറഞ്ഞു കൊണ്ട് ലൈല ഊഞ്ഞാലിന്റെ മറുവശത്ത് ചെന്നിരുന്നു... മാനം ചെമ്പട്ടണിഞ്ഞു തുടങ്ങിയിട്ടുണ്ട്... ലൈല ആകാശത്തേയ്ക്ക് നോക്കി നിന്നു.. കാശി ലൈലയുടെ മുഖത്തേക്ക്.. ആ അരുണിമയിൽ പെണ്ണിന്റെ മുഖവും ശോഭിക്കുന്നതായി തോന്നി കാശിക്ക്... വീട്ടിലേക്ക് വിളിച്ചതിന്റെയാകണം ആ മുഖം തെളിഞ്ഞിട്ടുണ്ട്... നല്ല കാറ്റുണ്ട് അവിടെ.. കാറ്റത്ത് അവളുടെ തട്ടം ഇടയ്ക്കിടെ തലയിൽ നിന്ന് വീഴുന്നുണ്ട്... ഓരോ തവണ വീഴുമ്പോഴും പിന്നെയും അവളത് വലിച്ച് തലയിലേക്ക് തന്നെയിടും.. കാറ്റും അവളും മത്സരിക്കും പോലെ തോന്നിപ്പോയി... കാശിക്ക് ചിരി പൊട്ടി... കാശിയുടെ നോട്ടം അവളിലേക്കാണെന്ന് തോന്നിയതും ലൈല കാശിയെ നോക്കി... പെട്ടെന്ന് തന്നെയവൻ നോട്ടം മാറ്റിക്കളഞ്ഞു... അവന്റെ ചുണ്ടിലപ്പോൾ ഒരു പുഞ്ചിരി തെളിഞ്ഞിരുന്നു... ലൈലയ്ക്ക് വല്ലാത്ത വിശപ്പ് തോന്നി.. ഉച്ചയ്ക്ക് കഴിച്ചതിനു ശേഷം നല്ല അധ്വാനമായിരുന്നില്ലേ... വൈകിട്ട് ഒരു ചായ പോലും കുടിച്ചിരുന്നുമില്ല.. ഇനി ടീച്ചറമ്മ വരുമ്പോൾ വല്ലതും കഴിക്കാൻ കൊണ്ട് വരും.. അതുവരെ ഇരിക്കേണ്ടത് ആലോചിച്ചപ്പോഴേ പെണ്ണിന്റെ നെറ്റി ചുളിഞ്ഞു.... "

നമുക്ക് പോയി പാനി പൂരി കഴിച്ചിട്ട് വന്നാലോ ലൈലു...?? റോഡിലേക്കിറങ്ങിയാൽ തട്ടു കടകളുണ്ട്.... " അവളുടെ മനസ്സറിഞ്ഞത് പോലെ കാശി പറഞ്ഞപ്പോൾ ലൈല അത്ഭുതത്തോടെ അവനെ നോക്കി.. " എന്തെ...?? പോവണ്ടേ..??!" അവളുടെ നോട്ടം കണ്ടതും കാശി ചോദിച്ചു... "പോവണം...." ലൈലയ്ക്ക് മറുത്തൊന്നും ആലോചിക്കേണ്ടി വന്നില്ല... ഈ സമയം ആയതിനാൽ ആവണം റോഡിൽ അത്യാവശ്യം തിരക്കുണ്ട്... കാശിയുടെ അരികോട് ചേർന്നാണ് ലൈല നടക്കുന്നത്... സ്ട്രീറ്റ് ലൈറ്റിന്റെ മഞ്ഞ വെളിച്ചത്തിൽ പെണ്ണിന്റെ മുഖത്തേക്ക് നോക്കി കാശി.. ഒരു കുഞ്ഞു പൈതലിന്റെ ആകാംക്ഷയോടെ ഓരോന്ന് നോക്കി നോക്കിയാണ് നടപ്പ്... കാശിക്ക് എന്തെന്നില്ലാത്ത സന്തോഷം തോന്നി.. ഒപ്പം കുഞ്ഞു നിരാശയും... അവളുടെ കൈയ്യിൽ കൈ കോർത്തു നടക്കാൻ അവനൊന്ന് ആശിച്ചു... പെട്ടെന്ന് ലൈലയെ തൊട്ടു തൊട്ടില്ലെന്ന മട്ടിൽ ഒരു ബൈക്ക് കടന്നു പോയി.. കാശി പെണ്ണിനെ തോളിലൂടെ പിടിച്ചു ചേർത്ത് നിർത്തി... ഒട്ടും സമയം കളയാതെ അവളുടെ കൈയ്യിൽ കോർത്തു പിടിച്ചു... പെണ്ണ് അമ്പരപ്പോടെ കാശിയുടെ മുഖത്തേക്ക് നോക്കി... ഒന്നുമറിയാത്തവനെ പോലെ നേരെ നോക്കി നടപ്പാണ് നമ്മുടെ കാശി... " അതേയ് ശ്രദ്ധിച്ചു നടന്നില്ലേൽ പടമാകും... ഇത് നമ്മുടെ നാട് പോലല്ല.. റോഡിലൊക്കെ നല്ല തിരക്കാ... " നടത്തത്തിനിടയിൽ ആരോടെന്നില്ലാതെ കാശി പറഞ്ഞു...

ആ നടപ്പ് ലൈലയും ആസ്വദിച്ചിരുന്നു... കാശിയോടൊപ്പം വല്ലാത്തൊരു സുരക്ഷിതത്വം അനുഭവപ്പെട്ടു അവൾക്ക്... മനസ്സിൽ നേർത്തൊരു തണുപ്പ് പോലെ സന്തോഷം കടന്നു വന്നു... "ബാംഗ്ലൂർ നഗരത്തിന്റെ ഓരോ മുക്കും മൂലയും മനോഹരമാണല്ലേ...??" റോഡരികിലെ കാഴ്ചകളിലേക്കും മനുഷ്യരിലേക്കും കണ്ണോടിച്ചു കൊണ്ട് ലൈല പറഞ്ഞു... കാശി പുഞ്ചിരിയോടെ അവളെ ശ്രവിച്ചു.. "ഇത്ര സ്വാതന്ത്ര്യത്തോടെ നടക്കാൻ എനിക്കെന്റെയീ ജന്മം കഴിയുമെന്ന് കരുതിയില്ല... ഉപ്പയുടെ കർക്കശ സ്വഭാവത്തെ കുറിച്ച് പരാതി പറയുമ്പിൽ ഉമ്മ പറയും കല്യാണം കഴിഞ്ഞാൽ നടക്കുമെന്ന്... പക്ഷേ ഉമ്മയുടെ ലൈഫ് എങ്ങനെയാണോ അതുപോലെയാകും എന്റേതും എന്ന വിശ്വാസത്തിലായിരുന്നു ഞാനിരുന്നേ... പക്ഷേ.. ഇന്നീ നിമിഷം....!! എനിക്കറിയില്ല കാശിയേട്ടാ ഞാൻ എന്റെ ഇപ്പോഴത്തെ അവസ്ഥയെ കുറിച്ച് എങ്ങനെയാ പറഞ്ഞറിയിക്കേണ്ടേ എന്ന്....!" "തല്ക്കാലം പറഞ്ഞറിയിച്ചു നീ കുളമാക്കേണ്ട... നമുക്കെ ഇന്നീ വൈകുന്നേരം ഇവിടെ എക്സ്പ്ലോർ ചെയ്യാം... വാ...." നേരെ എതിർ വശത്തു കാണുന്ന ഐസ് ക്രീം കടയെ ലക്ഷ്യമാക്കി അവളുടെ കൈയും പിടിച്ച് കാശി നടന്നു..............തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story