കാണാ മറയത്ത്..❤: ഭാഗം 15

kanamarayath

രചന: മീര സരസ്വതി

ബാംഗ്ലൂർ നഗരത്തിന്റെ ഓരോ മുക്കും മൂലയും മനോഹരമാണല്ലേ...??" റോഡരികിലെ കാഴ്ചകളിലേക്കും മനുഷ്യരിലേക്കും കണ്ണോടിച്ചു കൊണ്ട് ലൈല പറഞ്ഞു... കാശി പുഞ്ചിരിയോടെ അവളെ ശ്രവിച്ചു.. "ഇത്ര സ്വാതന്ത്ര്യത്തോടെ നടക്കാൻ എനിക്കെന്റെയീ ജന്മം കഴിയുമെന്ന് കരുതിയില്ല... ഉപ്പയുടെ കർക്കശ സ്വഭാവത്തെ കുറിച്ച് പരാതി പറയുമ്പിൽ ഉമ്മ പറയും കല്യാണം കഴിഞ്ഞാൽ നടക്കുമെന്ന്... പക്ഷേ ഉമ്മയുടെ ലൈഫ് എങ്ങനെയാണോ അതുപോലെയാകും എന്റേതും എന്ന വിശ്വാസത്തിലായിരുന്നു ഞാനിരുന്നേ... പക്ഷേ.. ഇന്നീ നിമിഷം....!! എനിക്കറിയില്ല കാശിയേട്ടാ ഞാൻ എന്റെ ഇപ്പോഴത്തെ അവസ്ഥയെ കുറിച്ച് എങ്ങനെയാ പറഞ്ഞറിയിക്കേണ്ടേ എന്ന്....!" "തല്ക്കാലം പറഞ്ഞറിയിച്ചു നീ കുളമാക്കേണ്ട... നമുക്കെ ഇന്നീ വൈകുന്നേരം ഇവിടെ എക്സ്പ്ലോർ ചെയ്യാം... വാ...." നേരെ എതിർ വശത്തു കാണുന്ന ഐസ് ക്രീം കടയെ ലക്ഷ്യമാക്കി അവളുടെ കൈയും പിടിച്ച് കാശി നടന്നു.... ലൈലയ്ക്ക് നേരെ ഐസ് ക്രീം നീട്ടി പിടിച്ചപ്പോഴുള്ള ആ മുഖത്തെ സന്തോഷം കാശിയിലേക്കും പടർന്നു... ചുറ്റുമുള്ള കാഴ്ചകളോ നോട്ടങ്ങളോ വക വെക്കാതെ ആസ്വദിച്ചവൾ കഴിച്ചു..

അത്‌ മനം നിറയെ കണ്ടു കൊണ്ട് കാശിയും കഴിച്ചു..... "നിനക്കിപ്പോൾ ആവശ്യം ഒരിക്കലുമൊരു പ്രണയമല്ല... മറിച്ചൊരു സൗഹൃദമാണ്... എന്നും നല്ല സുഹൃത്തായി നിന്റെയൊപ്പം ഞാൻ നിൽക്കാം.. പ്രണയത്തിന്റെ കലർപ്പില്ലാതെ തന്നെ... എന്നെങ്കിലും നീയെന്നോടൊപ്പം കംഫർട്ടബിൾ ആണെന്ന് തോന്നുന്നുവോ അന്ന് മാത്രം മനസ്സ് തുറക്കാം.. ഇല്ലെങ്കിൽ ലൈഫ് ലോങ്ങ്‌ നല്ലൊരു ഫ്രണ്ട് ആയി മാത്രം ഞാൻ കൂടെ നിൽക്കും ലൈലൂ..... പഴയ വഴക്കാളി പെണ്ണിനെ തിരിച്ചു കൊണ്ട് വരണം.. അതിനാദ്യം നിന്റെ ജീവിതത്തിൽ സംഭവിച്ച കറുത്ത അധ്യായങ്ങളൊക്കെയും മറവിയിലാഴ്ത്തണം..." മനസ്സിൽ പലതുമുറപ്പിച്ച് മനസ്സാലെ മൊഴിഞ്ഞു കാശി.... ഐസ് ക്രീം തിന്ന് കഴിഞ്ഞതും പെണ്ണിന്റെ നോട്ടം തൊട്ടടുത്തുള്ള പാനി പൂരി കടയിലായി... ചൂടുള്ള പാനിപൂരി വായിലോട്ടു തിരുകി കഴിക്കുന്നവരെ ഒരു നിമിഷം കൊതിയോടെ ലൈല നോക്കി... കാശി തന്നെ നോക്കുകയാണെന്നുള്ള ബോധം വന്നതും ചമ്മിയ ചിരിയോടെ ലൈല കാശിയെ നോക്കി...

ഇരു പുരികവുമുയർത്തിയവൻ എന്താണെന്ന് ചോദിച്ചതും പെണ്ണ് ചുമല് കൂച്ചി... " വാ... " ലൈലയുടെ കൈയും പിടിച്ചവൻ പാനിപൂരി കടയിൽ കയറി... പിന്നേ രണ്ടുപേരുമവിടെ മത്സരിച്ചു തീറ്റിയായിരുന്നു... ഒടുക്കം വയറു നിറഞ്ഞു തോന്നിയപ്പോൾ മതിയെന്നും കാണിച്ച് പെണ്ണ് വയറു തടവി നിൽപ്പായി... " ന്റെ വയറ്...!!" "മൂക്ക് മുട്ടെ വാങ്ങി കഴിക്കുമ്പോ ഓർക്കണമാരുന്നു..." അവളുടെ തലയിലൊന്ന് കൊട്ടി കാശി കളിയായി പറഞ്ഞു.... " ഈ അത്‌ പിന്നേ ഒരാവേശത്തിന്റെ പുറത്ത്....!! പറയുന്നയാളും മോശമല്ലായിരുന്നു.... " "അത്‌ പിന്നേ ഇവിടെയൊരാളുടെ ആവേശം കണ്ടപ്പോൾ ഞാനുമൊരു ആവേശത്തിന്റെ പുറത്തങ്ങ് കഴിച്ചതാ...." ചിരിയോടെ കാശി പറഞ്ഞു... ഇരുവരും കുറച്ചു മുന്നോട്ട് നടന്നതും ചോളം ചുട്ടെടുക്കുന്നതിന്റെ മണമാകെ അന്തരീക്ഷത്തിൽ പടർന്നു... പെണ്ണ് മൂക്ക് വിടർത്തി ആ മണം വലിച്ചെടുത്ത് ആസ്വദിച്ചു.... " വേണോ...??!!" അവളുടെയാ നിൽപ്പ് കണ്ടതും കാശി ചോദിച്ചു....

" വാ താങ്ങിയാലും വയറു താങ്ങില്ല.... ഫുള്ളാ.... " വയറും തടവി നിരാശയോടെ പെണ്ണ് പറഞ്ഞതും കാശി പൊട്ടിച്ചിരിച്ചു... " നമുക്കെന്നാ നാളെ വന്ന് ഒരു പിടി പിടിക്കാം... ഇപ്പോ നമുക്ക് തിരിച്ചു നടക്കാം.. ചലോ... " തിരികെ നടക്കുമ്പോഴും ലൈല റോഡിലൂടെ ഓരോ കാഴ്ചകളും ശ്രദ്ധിച്ചു പതിയെ നടന്നു.. കൂടെ കാശിയും... പെട്ടെന്നാണ് അവന്റെ ഫോൺ അടിച്ചത്... ഫൈസിയാണ്... " നടത്തത്തിന് സ്പീഡ് കൂട്ടിക്കോ... അവര് വീട്ടിലെത്തി... കീ നമ്മുടെ കയ്യിലല്ലേ..??!! രണ്ടും കൂടെ പുറത്തിരിക്കുവാ... " "അയ്യോ...!!" ലൈല നാവു കടിച്ചു.. കാശിയുടെ നടത്തതിന് വേഗത കൂടി.. ലൈലയ്ക്കത് നടത്തമായിരുന്നില്ല ഓട്ടമായിരുന്നു... അവനോടൊപ്പമെത്താൻ അവള് നന്നേ പ്രയാസപ്പെട്ടു.. കൂടാതെ വയറു നിറച്ചു പാനി പൂരി കഴിച്ചതിന്റെയാകാം വയറു കഴച്ചു തുടങ്ങി... വീട്ടിലേക്കു കയറുന്ന ചെറിയ റോഡിലേക്കുള്ള വളവു തിരിഞ്ഞതും കിതപ്പടക്കാൻ പ്രയാസപ്പെട്ട് ലൈല രണ്ടു കൈയും മുട്ടിൽ ഊന്നി നിൽപ്പായി...

" ഇനിയൊരടി നടക്കാൻ എന്നെ കൊണ്ട് മേലാ കാശിയേട്ടാ... " അവനവളെ ഇടുപ്പിലൂടെ പൊക്കി ഒരു സൈഡിൽ ചേർത്ത് താങ്ങി പിടിച്ചു നടന്നു.. ലൈല കാശിയുടെ തോളിൽ സപ്പോർട്ടിനായി പിടിച്ചു... കുറച്ചു മുന്നോട്ട് ചുവടു വച്ചതും കാശിയ്ക്ക് ഒരു കുസൃതി തോന്നി.. അവളെയവൻ താഴേക്കിട്ടു... നടുവിടിച്ചു പെണ്ണ് വീണു... അവന്റെ പൊട്ടിച്ചിരി കേട്ടതും കപട ദേഷ്യത്തോടെ അവളെഴുന്നേറ്റ് കാശിയെ തല്ലാനായി ഓങ്ങി... കാശി കുറുമ്പോടെ ഓടിയതും പിന്നാലെ ലൈലയും ഓടി... വീടെത്തും വരെ ഈ ഓട്ടം തുടർന്നു... " ന്റെ ബദ്രീങ്ങളെ ന്റെ നടു.... " ഗേറ്റിനകത്ത് കയറിയതും നടുവിന് കൈയും കൊടുത്തു കിതാപ്പടക്കി കൊണ്ട് പെണ്ണ് അവന്റെ പുറകിലായി നിന്നു... കാശിയവളെ തിരിഞ്ഞു നോക്കിയൊരു കള്ളച്ചിരി ചിരിച്ചു കൊണ്ട് അവളുടെ അടുത്തേക്കായി നടന്നു... " ഓക്കേയല്ലേ ലൈലു...??!!" " പിന്നേ നല്ലോണം ഓക്കേ യാണ്...!!!" എന്നും പറഞ്ഞ് കൊണ്ട് കിട്ടിയ അവസരത്തിൽ അവന്റെ നടുപ്പുറം നോക്കിയൊന്ന് കൊടുത്തു മുന്നോട്ട് ഓടി... അവളെ പിടിക്കാൻ അവൻ പിന്നാലെയും.. പെട്ടെന്ന് ബ്രേക്കിട്ടത് പോലെ ലൈലു നിന്നു... അവരെ രണ്ടിനെയും നോക്കി ഇതെന്ത് കഥയെന്ന മട്ടിൽ ഉമ്മറത്ത് ഇരിപ്പാണ് എല്ലാവരും...

ഫൈസാന്റെയും അമ്മുവിന്റെയും കൂടെ അവരുടെ ഉമ്മയും ഉപ്പയും ടീച്ചറമ്മയും ഉണ്ട്‌... കാർപോർച്ചിലേക്ക് കയറ്റി ഇട്ടേക്കുന്ന അവരുടെ വണ്ടിയിലേക്ക് പിന്നെയാണ് ശ്രദ്ധ പോയത്... കാശിയും ലൈലയും അവരെ നോക്കി ചമ്മലോടെ ചിരിച്ചു... അത്‌ കണ്ടതും ബാക്കിയുള്ളവരും പരസ്പരം നോക്കി ചിരിച്ചു... "മാലിക്ക് അങ്കിൾ... റസീനാന്റി.. സുഖല്ലേ...?? നിങ്ങളെപ്പോ എത്തി...???" " ഉം ഉം... നല്ല സുഖാടാ... നേരത്തെ ഫ്ലാറ്റിന്ന് കണ്ടപ്പോ ചോദിക്കാൻ വിട്ടോണ്ടാകുമല്ലേ ഇപ്പോ ചോദിക്കുന്നെ...?? " അർത്ഥം വെച്ച് ചിരിച്ചു കൊണ്ട് മാലിക്ക് ചോദിച്ചപ്പോൾ കാശി ഒരു കൈ കൊണ്ട് കഴുത്തിനു പിറകിൽ തടവി ചമ്മലോടെ നിന്നു... "മതി മതി...ചെന്ന് ഡോർ തുറക്ക്.. ഞങ്ങൾക്കേ പാലൊക്കെ കാച്ചി കുടികേറൽ കഴിഞ്ഞ് വേണം തിരിച്ചു പോകാൻ.." ചിരിയോടെ അവന്റെ തോളിൽ തട്ടിക്കൊണ്ടു മാലിക് പറഞ്ഞു.. ലൈല അപ്പോഴേക്കും അമ്മുവിനരികിൽ എത്തിയിരുന്നു... അവളെടക്കിപ്പിടിച്ചു ചിരിച്ചപ്പോൾ ലൈലയവളുടെ തലയ്ക്കു നോക്കി കിഴുക്കി... ഇത് കണ്ട് ചിരിയോടെ നിൽപ്പാണ് ഫൈസാൻ... വീട് തുറന്നയുടൻ അമ്മമാര് രണ്ടു പേരും അടുക്കളയിലേക്ക് ചെന്നു...

അമ്മു ലൈലയെ പിടിച്ചു വലിച്ച് റൂമിലേക്ക് നടന്നു.. അകത്തേക്ക് കയറിയയുടൻ കതക് ചാരി എളുപ്പിൽ കൈവെച്ച് ലൈലയെ അവൾ കൂർപ്പിച്ചു നോക്കി... "എന്തൊക്കെയായിരുന്നു..?? മലപ്പുറം കത്തി അമ്പും വില്ലും...!! സത്യം പറഞ്ഞോ നിങ്ങള് ശരിക്കും ലൈനടിച്ചു ഓടിപ്പോന്നതല്ലേ..??!!" "ഓടിക്കോ കുരിപ്പേ..." ബെഡിലിരുന്ന തലയിണ അമ്മുവിന്റെ മേലേക്ക് വലിച്ചെറിഞ്ഞ് ലൈല ബെഡിലേക്ക് ചാഞ്ഞു... ആ തലയിണയും കയ്യിലെടത്ത് അവളും ലൈലയെ കെട്ടിപ്പിടിച്ചു കിടന്നു.... " ശരിക്കും നിങ്ങൾ നല്ല ജോഡികളാ ലൈലു.." ലൈലയുടെ മനസ്സിൽ എന്താണെന്ന് അറിയാനുള്ള ആകാംക്ഷയിൽ അമ്മു പറഞ്ഞു... അവളത് കേട്ടതും പൊട്ടിച്ചിരിച്ചു... " ഞങ്ങളു രണ്ടിനേം ശരിക്കുമറിയാത്തോണ്ടാ നീയീ പറഞ്ഞേ അമ്മൂസേ.... ടീച്ചറമ്മയുടെ ഹെഡേക്കാണ് ഞങ്ങൾ.. ടീച്ചറമ്മേടെ ഭാഷയിൽ നല്ല അസ്സല് കീരിയും പാമ്പും... അടിയൊഴിഞ്ഞു നേരമില്ലാത്ത ഞങ്ങളാ നല്ല ജോടികൾ..!!!" "ഹ്മ്മ്‌... ആണോ..?? ആണോ ആണോ...??!!!" ലൈലയെ ഇക്കിളിയിട്ടു അമ്മൂസ്... ചിരിച്ചു മറിഞ്ഞു കൊണ്ട് തിരികെ അവളെയും ഇക്കിളിയിട്ടു പെണ്ണ്... പാലും കൊണ്ട് അകത്തേക്ക് വന്ന റസീന ചിരിയോടെ ഈ കാഴ്ച്ച കണ്ടു നിന്നു...

പിന്നാലെ വന്ന മാലിക്കും അത്‌ കണ്ട് പുഞ്ചിരിച്ചു... " വന്നേ.. പാല് കുടിച്ചേ രണ്ടാളും... " " ഉമ്മീ ഞാനിന്നിവിടെ നിന്നോട്ടെ പ്ലീസ്‌...?? ഇനിയിപ്പോ ലൈലൂസിനെ കാണാൻ വരാൻ ഭയ്യാടെ കാല് പിടിക്കേണ്ട...??!!" "അബ്ബയോട് ചോദിക്ക്..." റസീന പറഞ്ഞതും അവള് രണ്ടു കൈയും തൊഴുത് പിടിച്ചു ശബ്ദമില്ലാതേ 'പ്ലീസ്‌ അബ്ബാ' എന്ന് പറഞ്ഞു.. മാലിക്ക് ചിരിയോടെ തലയാട്ടിയതും ഓടിച്ചെന്നു മാലിക്കിനെ കെട്ടിപിടിച്ചു കവിളിൽ ഉമ്മ വെച്ചു... " താങ്ക് യൂ താങ്ക് യൂ സോ മച്ച് അബ്ബാ.... " മാലിക്ക് അവളുടെ മുടിയിലൂടെ തടവി നെറുകയിൽ മുത്തി... ഈ കാഴ്ച കണ്ടതും ലൈലയുടെ കണ്ണു നിറഞ്ഞു... മനസ്സ് വല്ലാതെ വിങ്ങി... ഇതുപോലൊരു നിമിഷം തന്റെ ജീവിതത്തിൽ ഒരിക്കൽ പോലും ഉണ്ടായിട്ടില്ല.. ഒരു ചേർത്ത് നിർത്തൽ പോലും ഉപ്പയുടെ ഭാഗത്ത് നിന്നുമുണ്ടായിട്ടില്ല... എന്നും പേടിയോടെയല്ലാതെ ആളുടെ സമീപത്ത് നിന്നിട്ടില്ല... പെട്ടെന്ന് ലൈലയുടെ മുഖത്ത് നിറഞ്ഞു വന്ന മ്ലാനത കണ്ടാവണം ഒരു കൈയാൽ അമാലിനെ മുറുകെ പിടിച്ചു കൊണ്ട് മറു കൈ ലൈലയ്ക്ക് നേരെ മാലിക്ക് നീട്ടിയത്... ഒരു നിമിഷം ഒന്ന് ശംങ്കിച്ചു നിന്നെങ്കിലും ആ ചേർത്ത് നിർത്തൽ ആഗ്രഹിച്ചത് പോലെ അബ്ബയുടെ കൈക്കുള്ളിലേക്ക് അവളും കയറിയിരുന്നു...

വാത്സല്ല്യത്തോടെ അയാളവളുടെ തലയിൽ തഴുകി നെറുകിയിൽ ഉമ്മ വെച്ചു... അത്‌ കണ്ടു കൊണ്ടിരുന്ന റസീനയുടെ കണ്ണുകൾ നിറഞ്ഞു... മുറിയിലേക്ക് കയറി വന്ന ഫൈസാനും കാശിയും വർദ്ധിച്ച സന്തോഷത്തോടെയവരെ നോക്കി നിന്നു.... " അതേ അതേ... ഡ്രാമ നിർത്തിക്കെ.. രണ്ടൂടെ മോളിലേക്ക് നടക്ക്.. പണിയുണ്ട്.... " ഫൈസനാണെ... " അതെന്നെ വന്നേ രണ്ടും... പോകുമ്പോ മുറ്റത്തു നിന്നു ചെടികളുമെടുത്തോ... " കാശിയുമവനെ പിന്താങ്ങി... " അസൂയ അല്ലെടോ നിങ്ങൾക്ക്... " വീറോടെ അമ്മൂസ് പറഞ്ഞതും അവളെ തള്ളി ഫൈസാൻ വാപ്പിയെ കെട്ടിപ്പിടിച്ചു... ഇപ്പോൾ മാലിക്കിന്റെ ഒരു കൈയ്ക്കിടയിൽ ഫൈസാനും മറു കൈക്കിടിയിൽ ലൈലയുമാണേ... അവരെ നോക്കി നിന്നതും റസീനയിലൂടെ എന്തൊക്കെയോ ചിന്തകൾ കടന്നു പോയിരുന്നു... കാശിയിലും അതേ.. ആ കാഴ്ച അവനിൽ അസ്വസ്ഥത നിറച്ചതും ലൈലയെ പിടിച്ചു നീക്കി മാലിക്കിനെയവൻ കെട്ടിപ്പിടിച്ചു...

" രണ്ടിനും ഒട്ടും കുശുമ്പില്ല... അല്ലിയോ...???!!" അമ്മു പറഞ്ഞതും എവിടെയാകെ പൊട്ടിച്ചിരി മുഴങ്ങി.... 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 " ഈ സെറ്റപ്പ് കൊള്ളാലെ.... " ചെടികളും ഹാങ്ങിങ് ബൾബുകളും വെച്ച് അലങ്കരിച്ച അവരുടെ കുഞ്ഞു സ്റ്റുഡിയോ നോക്കി അമ്മൂസ് പറഞ്ഞു... " ഐഡിയ എന്റേതല്ലേ.. മോശാകുവോ... " ഫൈസാൻ കോളറുയർത്തി പറഞ്ഞു... " മതിയെടാ മതി... ഇതിപ്പോ എല്ലാരും കൂടി ഏറ്റു പിടിച്ചത് കൊണ്ട് ഇങ്ങനെയായി.. അങ്ങനെ ഒറ്റയ്ക്ക് മോൻ ക്രെഡിറ്റ്‌ തട്ടിയെടുക്കേണ്ട.... " " പിന്നല്ല....!!" കാശി പറഞ്ഞതും ലൈലയും അമ്മുവും ഒരേ സ്വരത്തിൽ ഏറ്റു പിടിച്ചു... "ലൈലൂ.. ബാ എല്ലാരേം വിളിച്ചോണ്ട് വരാം.. നമുക്കീ സ്റ്റുഡിയോ ഇന്ന് തന്നെ ഉൽഘാടനം ചെയ്യാം..." ലൈലയെ കൂട്ടി അമ്മുസ് താഴേക്ക് നടന്നു.. നിമിഷങ്ങൾക്കകം മൂവരെയും കൂട്ടി അവർ രണ്ടുപേരും ഹാജരായി... വിത്ത്‌ ഒരു കുഞ്ഞ് കയറും കത്രികയും.... "റിബൺ ഇല്ലാത്തോണ്ട് താത്കാലിക അഡ്ജസ്റ്മെന്റാണ്... ഐശ്വര്യമായി ഉൽഘടിച്ചോ...." കയറ് രണ്ടു സൈഡിലും നീട്ടി പിടിച്ചു ടീച്ചറുടെ കയ്യിൽ കൊടുത്ത് അമ്മു പറഞ്ഞു.... ഒരു ചിരിയോടെ ടീച്ചറ് കത്രിക വാങ്ങിച്ച് ആ കയർ കട്ട് ചെയ്തു... ചുറ്റുമുള്ളവർ കൈയ്യടിച്ചതും അവിടെയാഘോഷം തുടങ്ങി.... ലൈലയും അമ്മുവും ഒരു മൂലയിൽ ഭിത്തി ചാരി ഇരിപ്പുണ്ട്... മറുവശത്തിട്ട കുഞ്ഞു ബെഞ്ചിൽ കാശിയും ഫൈസാനും...

കുറച്ചാപ്പുറത്ത് കസേരയിലായി ടീച്ചറും മാലിക്കും റസീനയുമിരുന്നു... "ടീച്ചറമ്മേ ഒരു പാട്ട് പാടെന്നെ...." 🎶കാര്‍മുകില്‍വര്‍ണ്ണന്റെ ചുണ്ടില്‍ ചേരുമോടക്കുഴലിന്റെയുള്ളില്‍... വീണുറങ്ങുന്നൊരു ശ്രീരാഗമേ നിന്നെ പുല്‍കിയുണര്‍ത്താന്‍ മറന്നു കണ്ണന്‍ …🎶 ടീച്ചറുടെ ശബ്ദ മാധുര്യത്തിൽ ലയിച്ചിരുന്നു ബാക്കിയുള്ളവർ... പാട്ട് അവസാനിച്ചതും എല്ലാരുമൊരുപോലെ കയ്യടിച്ചു... " ഇനി ഉമ്മിടെ വക മാപ്പിളപ്പാട്ട്... " അമ്മുവാണേ... "അയ്യീീ... ഞാനോ..??!! മാപ്പിളപ്പട്ടിനാണേൽ അബ്ബയാ ബെസ്റ്റ്..." ഉമ്മി കൈ മലർത്തിയതും പ്രതീക്ഷയോടെ എല്ലാവരും മാലിക്കിനെ നോക്കി... " അവസാനം ഈ സഭ പിരിച്ചു വിടാൻ ഞാൻ പാടിക്കോളാം.. " "അതൊന്നും പറ്റില്ല അബ്ബ പാട്..." പിള്ളേരുടെ നിർബന്ധം സഹിക്കാൻ വയ്യാതെ ആയതും മാലിക്ക് പാടിത്തുടങ്ങി.... 🎶മനസ്സിന്റെ ഉള്ളിൽ നിന്നോളിയുന്ന മാണിക്യ മണിമുത്ത് രാജാത്തീ... മാനത്തുദിച്ചതോ മണ്ണില് മുളച്ചതോ ഏതാണീ രാജാത്തീ ... ഏതാണീ രാജാത്തീ ... കണ്ടാൽ കൊതികൊണ്ട് കരള് തുടിക്കുന്ന കലമാൻ മിഴിയുള്ള കൈതപ്പൂ മണമുള്ള കണ്ണാടി കവിളത്ത് കാണുന്ന കസ്തൂരി... വിറ്റതോ .. വിൽക്കുവാൻ വെച്ചതോ.. ഏതാണ്... ഏതാണീ രാജാത്തീ ....🎶

മാലിക്ക് പാടുമ്പോൾ അറിയാതെ തന്നെ എല്ലാവരും കൈ കൊണ്ട് താളം പിടിച്ചു തുടങ്ങിയിരുന്നു... കാശി ബെഞ്ചിൽ താളം പിടിച്ചു.. ഓരോ വരി പാടുമ്പോഴും കാശിയുടെ കണ്ണുകൾ അറിയാതെ ലൈലയുടെ മുഖം തേടി ചെന്നിരുന്നു... ഫൈസിയുടേതും.... ഒരു പോലെ രണ്ടാളും വേറെയെതോ ലോകത്ത് ചെന്നെത്തിയിരുന്നു... അവളുടെ കണ്ണുകൾ മാലിക്കിൽ ആയതിനാൽ തന്നെയും പെണ്ണിതൊന്നും അറിഞ്ഞതേയില്ല... മാലിക്ക് പാട്ട് നിർത്തിയതും എല്ലാവരും കൈയ്യടിച്ചു... അപ്പോഴാണ് കാശിയും ഫൈസിയും സ്വബോധത്തിലേക്ക് തിരിച്ചു വന്നത്... "ന്റെ പൊന്നബ്ബാ ഒരു രക്ഷേമില്ല...." അമ്മു എഴുന്നേറ്റ് ഓടി ചെന്ന് മാലിക്കിനെ കെട്ടിപ്പിടിച്ചു... " ഇനി ടീച്ചറമ്മേടെ ശിഷ്യ... " കാശിയത് പറഞ്ഞതും ടീച്ചറും ലൈലയുമൊഴികെയുള്ളവർ അത്ഭുധത്തോടെ കാശിയെ നോക്കി.. അവരുടെ നോട്ടത്തിന്റെ അർത്ഥം മനസ്സിലായെന്ന പോലെ അവൻ ലൈലയുടെ നേർക്ക് വിരൽ ചൂണ്ടി.... " ഏഹ്ഹ് ലൈലൂസ്....??!! ലൈലൂസ് പാടുമോ..??

ഇത്ര ദിവസമായിട്ടും എന്നോടൊരു വാക്ക് പറഞ്ഞില്ലല്ലോ...??!!" അമ്മു പരിഭവം പറഞ്ഞു... " അതെങ്ങനാ...??!! നിന്റെ തിരുവാ അടച്ചു വെച്ചു വല്ലപ്പോഴും അവൾക്ക് മിണ്ടാനൊരു അവസരം കൊടുക്കണം..." ഫൈസി പറഞ്ഞതും അവനെ നോക്കി അവൾ കോക്രി കാണിച്ചു... എല്ലാവരിലുമത് ചിരിയുണർത്തി... "പാട് മോളെ...." റസീനയും മാലിക്കും ഒരുപോലെയവളെ പ്രോത്സാഹിപ്പിച്ചു.... കാശി മൊബൈൽ ക്യാമറ ഓൺ ചെയ്തു റെഡിയാക്കി ലൈലയ്ക്ക് നേരെ പിടിച്ചു... 🎶നിലാമലരേ നിലാമലരേ പ്രഭാകിരണം വരാറായി.... സുഗന്ധം മായല്ലേ.... മരന്ദം തീരല്ലേ... കെടാതെൻ നാളമേ നാളമേ… ആളൂ നീ... 🎶 അവളുടെ ശബ്ദ മാസ്മരികതയിൽ എല്ലാവരും ഒരുപോലെ ലയിച്ചിരുന്നു.... അവൾക്കായി തുടിക്കുന്ന ഹൃദയത്തോടെ കാശിയും... എത്ര നിയന്ത്രിക്കാൻ ശ്രമിച്ചാലും മോചനമില്ലാത്ത വിധം അവന്റെ കണ്ണുകൾ അവളിൽ തന്നെ തങ്ങി നിൽക്കുകയാണ്... " ന്റെ പൊന്നു ലൈലൂ... എന്തൊരു രസാ കേൾക്കാൻ... എന്ത് ശബ്ദമാ... " അമ്മു വന്നവളുടെ അടുത്തിരുന്നു ആ തോളിൽ കയ്യിട്ട് ചേർത്ത് പിടിച്ചു.. കവിളിൽ അമർത്തി മുത്താനുമവൾ മറന്നില്ല...

കാശി വീഡിയോ എടുക്കുന്നത് നിർത്തി ഫോൺ പോക്കറ്റിലേക്ക് തിരികെ വെച്ചു... "ഇനി ഞാനൊരു പാട്ട് പാടാം..." അഭിമാനത്തോടെ അമ്മൂസ് പറഞ്ഞതും ഫൈസാൻ കൂവി തുടങ്ങി.. " ഡേയ് ഡേയ്.. മതിയെടാ.. ന്റെ മോൾടെ പാട്ടിനെന്താടാ കുറവ്..?!!! അവളെ അബ്ബെടെ മോളാ... ന്റെ കഴിവ് മൊത്തം അവൾക്കാ കിട്ടിയേക്കുന്നെ... നീ ധൈര്യമായിട്ട് പാട് മോളെ.... " മാലിക്ക് പ്രോത്സാഹിപ്പിച്ചതും പെണ്ണ് തൊണ്ടയൊക്കെ റെഡിയാക്കി... അവളുടെ വായിൽ നിന്നും കൊറിയൻ ബിടിസ് സോങ് വന്നതും മാലിക്ക് വാ തുറന്നു പിടിച്ചു... ഫൈസാനും കാശിയും ലൈലയും ആളുടെ ആയിരിപ്പ് കണ്ടപ്പോൾ ചിരി കടിച്ചു പിടിച്ചു... " ഇതെന്തിന്റെ കുഞ്ഞാണോ എന്തോ...??!!!" അടുത്തിരുന്ന റസീനയുടെ കാതിൽ മാലിക്ക് പറഞ്ഞു... " മത്തൻ കുത്തിയാൽ കുമ്പളം മുളക്കില്ലായിക്കാ.... " "ഹാ... വിധി..." രണ്ടു കൈകളും മുകളിലേക്കുയർത്തി മാലിക്ക് പറഞ്ഞതും അവിടെ കൂട്ടച്ചിരി മുഴങ്ങിയിരുന്നു...

പിന്നേ തുടങ്ങിയില്ലേ അലമ്പ്... ഫൈസാനും കാശിയും എന്തിനേറെ പറയുന്നു റസീന പോലും പാടി തിമിർത്തു... ഒടുക്കം എല്ലാവരും തളർന്നു ഒരു വഴിക്കായപ്പോ പതിയെ പാട്ടും ആഘോഷവും നിന്നു... ആഹാരം കഴിച്ചതിനു ശേഷം റസീനയും മാലിക്കും ഫ്ലാറ്റിലേക്ക് തിരിക്കാൻ റെഡിയായി.. " നാളെ ലീവല്ലേ അബ്ബാ.. നമുക്കെല്ലാവർക്കും ഇന്നിവിടെ കൂടാന്നെ.... " " ശരിയാവില്ലെടാ.. അബ്ബായ്ക്ക് മരുന്നുകളൊക്കെ ഉള്ളതല്ലേ... നാളെ രാവിലെ ഇങ്ങോട്ട് പോരാം.. നിങ്ങള് രണ്ടും ഇന്നിവിടെ കൂടിക്കോ... " യാത്ര പറഞ്ഞ് അവരിറങ്ങി... " നമുക്കെയ്‌ ഇന്നെല്ലാർക്കും മുകളിൽ കിടന്നാലോ... " അമ്മൂസ് ആശയം പറഞ്ഞതും സമ്മതമെന്നോണം മൂവരും തലയാട്ടി... തണുപ്പ് പ്രശ്നമാകും എന്നതിനാൽ തന്നെ ടീച്ചറമ്മ താഴെ മുറിയിൽ തന്നെ കിടന്നോളാം എന്നേറ്റു... പിന്നെയൊട്ടും താമസിക്കാതെ കിടക്കയും തലയിണയും ബ്ലാങ്കറ്റുകളുമൊക്കെയേന്തി എല്ലാവരും ടെറസിലേക്ക് കയറിയിരുന്നു............തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story