കാണാ മറയത്ത്..❤: ഭാഗം 16

kanamarayath

രചന: മീര സരസ്വതി

" നമുക്കെയ്‌ ഇന്നെല്ലാർക്കും മുകളിൽ കിടന്നാലോ... " അമ്മൂസ് ആശയം പറഞ്ഞതും സമ്മതമെന്നോണം മൂവരും തലയാട്ടി... തണുപ്പ് പ്രശ്നമാകും എന്നതിനാൽ തന്നെ ടീച്ചറമ്മ താഴെ മുറിയിൽ തന്നെ കിടന്നോളാം എന്നേറ്റു... പിന്നെയൊട്ടും താമസിക്കാതെ കിടക്കയും തലയിണയും ബ്ലാങ്കറ്റുകളുമൊക്കെയേന്തി എല്ലാവരും ടെറസിലേക്ക് കയറിയിരുന്നു... "ലൈലൂന്റെ പാട്ട് കേട്ട് മതിയായില്ല... അത്‌ കൊണ്ട് ഉറക്കം വരും വരെ ലൈലു പാടുന്നതായിരിക്കും... കൈയ്യടിക്ക്...!! കൈയ്യടിക്ക് ബ്രോസ്...!!!" അമ്മു കൈയ്യടിച്ചപ്പോൾ കൂടെ ഫൈസിയും കാശിയും കയ്യടിച്ചു... "എനിക്കൊന്നും മേല... വന്നേ കിടക്കാം...." " ദേ എല്ലാരും കൂടെ കൈയ്യടിച്ചു പാസാക്കിയേ... ഇനി പാടാതെ പറ്റില്ല മോളേ... "എങ്കിലൊരു കാര്യം ചെയ്യാം.. നമുക്കെല്ലാവർക്കും പാടാം.. ഞാൻ മാത്രം പാടി ബോറക്കേണ്ടാ..." " ഓക്കേ സമ്മതിച്ചു.... " അമാലും കാശിയും ഒരേ സ്വരത്തിൽ സമ്മതിച്ചു... " പറ്റില്ല... എനിക്കൊന്നും അറിയില്ല പാടാൻ..." ഫൈസി അതിനെ എതിർത്തു..

" പാടാൻ അറിയില്ലേൽ പാടണ്ട.. പറഞ്ഞാൽ മതി...!!! നമുക്കേയ് അതൊന്നും ഒരു പ്രശ്നല്ല... അല്ലേ അമ്മൂസേ...?" "പിന്നല്ല....!!" ലൈല അത്‌ പറഞ്ഞതും അമ്മു അവളെ പിന്തുണച്ചു... ആദ്യം മടിച്ചെങ്കിലും ഫൈസിയും പാടി തുടങ്ങി... പാടി തുടങ്ങി എന്നല്ല, പിന്നീട് ഏറ്റവും കൂടുതൽ പാട്ടുകൾ പാടിയതും ഫൈസിയാണ്... പിന്നീടെപ്പോഴോ തളർന്നതും ഊഞ്ഞാലിൽ കിടന്നവൻ ഉറക്കം പിടിച്ചു... ലൈലയും അമ്മുവും പായ വിരിച്ച് അതിനു മുകളിൽ കെട്ടിപ്പുണർന്ന് കിടന്ന് ഉറങ്ങി.... ഹാങ്ങിങ് ലൈറ്റ് കെടുത്തി വന്ന് അവരുടെ എതിർവശത്തായി പായ വിരിച്ച് കാശിയും കിടന്നു... എത്ര ശ്രമിച്ചിട്ടും കാശിക്ക് ഉറക്കം വന്നതേയില്ല... മനസ്സിൽ നിറയെ വൈകിട്ട് ലൈലയുടെ കൈകോർത്ത് നടന്നതും ഓടി നടന്നു കുസൃതി കാണിച്ചതുമൊക്കെ തികട്ടി വന്നു.. വല്ലാത്ത സന്തോഷം പൊതിയും പോലെ... പതിയെ തല ചെരിച്ചു അവൾ കിടക്കുന്നത് നോക്കി.. ചുറ്റിനും നല്ല ഇരുട്ടാണ്.. അതിനാൽ തന്നെ അവളെ വ്യക്തമാകുന്നുമില്ല.. കാശി പതിയെ എഴുന്നേറ്റ് ഫോണുമെടുത്ത് പുറത്തേക്കിറങ്ങി... ആകാശത്ത് നിറഞ്ഞു നിൽക്കുന്ന താരകങ്ങളെ നോക്കി ടെറസിലെ അരഭിത്തിയിൽ ചാരിയിരുന്നു....

ശരത്ത് രാവിലെ വിളിച്ചതിനു ശേഷം പിന്നെ വിളിച്ചതേയില്ലെന്ന് അപ്പോഴാണ് ഓർത്തത്... ഒരു മെസ്സേജ് പോലും അയച്ചിട്ടില്ല.. പതിവില്ലാത്തതാണ്... ഇന്ന് മൊത്തം തിരക്കായതിനാൽ തന്നെ വിളിക്കാനും പറ്റിയിരുന്നില്ല... ഫോൺ ഓൺ ചെയ്ത് നോക്കിയപ്പോഴാണ് മൊബൈൽ ഡാറ്റ ഓഫാണെന്ന് അറിയുന്നത് തന്നെ... ഡാറ്റ ഓൺ ചെയ്തപ്പോഴേക്കും മെസ്സേജുകളുടെ കൂമ്പാരമായിരുന്നു... ശരത്തിന്റെ മെസേജാണ് ആദ്യം തന്നെ നോക്കുന്നത്... " എന്തൊക്കെയാടാ കാര്യങ്ങളൊക്കെ..?? പുതിയ വീട് എങ്ങനെയുണ്ട്...?" അവനുള്ള മെസേജിനു റിപ്ലൈ കൊടുത്ത ശേഷമാണു ലൈലയുടെ ഫേസ് ബുക്ക്‌ മെസേജുകളിലേക്ക് ശ്രദ്ധ തിരിച്ചത്... പ്രതീക്ഷിച്ചത് പോലെ തന്നെ മെസേജുകളുടെ നീണ്ട നിരയുണ്ട്... പക്ഷെ മറുപടി കൊടുക്കാതെ അവഗണിച്ചു.. "ഹായ്..." ഓൺലൈനിൽ കണ്ടത് കൊണ്ടാവാം വീണ്ടും മെസേജ് വന്നത്... " നമുക്ക് മീറ്റ് ചെയ്യേണ്ടേ ശിവൂ...?" റിപ്ലൈ കൊടുക്കാതെ തിരിച്ചു വരാൻ നിന്നപ്പോഴാണ് അടുത്ത മെസേജ്... അതേ മീറ്റ് ചെയ്യണം... എത്രയും പെട്ടെന്ന് തന്നെ അവനുള്ള പണി കൊടുക്കണം അത്‌ തന്നെയാണ് ആഗ്രഹവും.. പക്ഷേ നാട്ടിൽ ഇല്ലാത്ത സ്ഥിതിക്ക് അതെന്ന് സാധിക്കാനാണ്...??!!

" വേണം.. പക്ഷേ... ഞാനിപ്പോൾ നാട്ടിലില്ല... " "ഉം അറിയാം ശിവൂ... ബാംഗ്ലൂർ അല്ലേ ഇപ്പൊ..???" അവനത് ചോദിച്ചപ്പോൾ കാശിയാകെ ഞെട്ടിത്തരിച്ചു... അപ്പോൾ നരിക്ക് കാര്യങ്ങൾ ഒക്കെ അറിയാമായിരിക്കും.. അങ്ങനെയാണേൽ അവനൊരു പണി കൊടുക്കുക എന്നത് ഒരു നിസ്സാര കാര്യമാവില്ല... " അതെങ്ങനെ നരിക്കറിയാം....??!!!" " അതൊക്ക അറിയാം... ബാംഗ്ലൂർ റിലേറ്റീവ്സ് ഉള്ളതൊന്നും പറഞ്ഞിരുന്നില്ലല്ലോ ശിവൂ..? കസിൻസ് ആവുമല്ലേ കൂടെ ഉണ്ടായിരുന്നത്.." നരി പറയുന്നത് എന്താണെന്ന് മനസ്സിലാകാതെ ഒരു നിമിഷം ആലോചനയോടെ കാശി നിന്നു.. "ഞാൻ ബാംഗ്ലൂരുണ്ട്.... ശിവയെ ഞാൻ കണ്ടിരുന്നു... താൻ തന്നെയാണോന്ന് ഉറപ്പില്ലാനിട്ടാ ഞാൻ മിണ്ടാതെ മാറി നിന്നെ.." ഇത്തവണ ഒന്ന് കൂടി കാശി ഞെട്ടി.. കാരണം ഒരു ഫോട്ടോയിലൂടെ പോലും പരസ്പരം കണ്ടിട്ടില്ലെന്നാണ് ലൈല പറഞ്ഞതെന്ന് അവനോർത്തു... "എന്നെയെങ്ങനെ നരിക്ക് മനസ്സിലായി...??എവിടെ വെച്ചാ കണ്ടേ...???" "പറഞ്ഞതല്ലേ പെണ്ണേ നിനക്കായ്‌ ഞാനൊരു രൂപം പകുത്തു വെച്ചിട്ടുണ്ടെന്ന്... എനിക്കുറപ്പായിരുന്നു ആ രൂപത്തിൽ ഒരു മാറ്റവും നിനക്കുണ്ടാകില്ലെന്ന്... ഇന്നെനിക്ക് ഉറപ്പാ ഞാൻ കണ്ടത് നിന്നെ തന്നെയാ..."

"മ്മ്... അത്‌ പോട്ടെ നരിക്ക് ഇവിടെന്താ പരിപാടി...??" " അതൊക്കെയുണ്ട്... കാണുമ്പോൾ വിശദമായി പറയാം... ഇനി പറ എന്നാ ഒന്ന് കാണാൻ പറ്റുന്നേ..??" " പറയാം.... ഇവിടിപ്പോ കസിൻസിന്റെ കൂടെയല്ലേ താമസം.. തനിയെ വരാൻ പണിയാ... എന്നാലും വീട്ടിൽ സീനാകാത്ത വിധത്തിൽ ഒരു സമയം നോക്കട്ടെ... " " അത്‌ മതി.... " " ഉറക്കം വരുവാ... ഗുഡ്‌ നൈറ്റ്... " "ഓക്കേ ശിവൂ... ഗുഡ് നൈറ്റ്... നാളെ കാണാം... ഉമ്മാഹ്...." കുറേ ഉമ്മകളുടെ ഇമോജി വാരി വിതറിയതും കാശിക്ക് നിയന്ത്രണം നഷ്ടപ്പെടും പോലെ തോന്നിപ്പോയി... " അവന്റയൊരു ഉമ്മയും ബാപ്പയും... തൂഫ്... കാണിച്ചു തരാമെടാ വൃത്തികെട്ടവനെ.... " തെല്ലുറക്കെ തന്നെയവൻ പറഞ്ഞു... "ആർക്ക് എന്ത് കാണിച്ചു കൊടുക്കാമെന്നാ ബ്രോ...???!!" നടുപ്പുറം നോക്കി ഇടിച്ചു കൊണ്ട് അമ്മു കാശിയോട് ചോദിച്ചു.. "ഔച്ച്.. ന്റെ പുറം... എടി കുട്ടിപ്പിശാശേ നിനക്ക് ഉറക്കവുമില്ലേ...??!!" "വോ ഇല്ലാ..." അവളൊന്ന് ഇളിച്ചു കൊണ്ട് തുടർന്നു.... "ഒന്ന് വെള്ളം കുടിക്കാൻ എണീറ്റതാ.. അപ്പോഴുണ്ട് ഒരാൾ മൊബൈലിൽ തല പൂഴ്ത്തി നിൽക്കുന്നു...

ഇന്നേരത്ത് ഉറക്കമിളിച്ച് മൊബൈലും തൊണ്ടിയിരിക്കുന്നത് കണ്ടപ്പോ ലൈൻ വലിയാകുമെന്ന് കരുതിയാ പാത്തും പതുങ്ങിയും വന്നേ... നോക്കുമ്പോ ഏതോ ഒരുത്തന്റെ ഉമ്മക്കും ബാപ്പയ്ക്കും വിളിയാ... എന്താണ് മോനുസ് ആർക്കിട്ടാണ്..." " അതോ ഒരു തന്തയില്ലാത്തവനുള്ളതാ... വന്നേ നമുക്ക് പോയി കിടക്കാം.. " " അയ്യടാ അതങ്ങ് പള്ളീൽ ചെന്ന് പറ... ഐ വാണ്ട്‌ കംപ്ലീറ്റ് ഡീറ്റെയിൽസ് റൈറ്റ് നൗ... പറയണം മിഷ്ടർ പരേറാ..." " ഉഫ്.. ഡാർക്ക്... പെട്ടല്ലോ തമ്പുരാനെ.... " " ആര് എവിടെ എങ്ങനെ പെട്ടുന്നാ..?? " ഫൈസിയാണെ.... " ഹോ നിന്റെം കൂടി കുറവേ ഉണ്ടാരുന്നുള്ളൂ.. പൂർത്തിയായി... രണ്ടും പോയി കിടന്നുറങ്ങാൻ നോക്കിയേ... " രണ്ടു പേരും കൂടി കാര്യങ്ങൾ മുഴുവനും പറയാതെ വിടില്ല എന്നായതും നരിയെ ട്രാപ്പിലാക്കിയ കാര്യങ്ങൾ മുഴുവനും കാശി പറഞ്ഞു... " എടാ മോനെ നാറി... നീ കളിച്ചത് നമ്മുടെ ലൈലൂസിനോടാ... നിനക്കുള്ള പണിയേ ഇങ്ങ് ബാംഗ്ലൂരിൽ നമ്മളൊരുക്കും.... " "പിന്നല്ല..." അമ്മൂസ് പറഞ്ഞപ്പോൾ ഫൈസിയും അവളെ പിന്തുണച്ചു...

" ഇത്തവണ അവനെ രക്ഷപ്പെടാൻ അനുവദിക്കരുത് കാശി... അവനൊരിക്കലും ഊരാൻ പറ്റാത്ത തരത്തിലുള്ള കെണി തന്നെയാകണമത്... " ഫൈസി പറഞ്ഞതും കാശിയും അമ്മുവും ഒരേപോലെ അതംഗീകരിച്ചു... " നാളെ ഏതായാലും ശരത്തിനോടും ഇഷയോടും കൂടെ ചോദിച്ച് നമുക്ക് പ്ലാൻ തയ്യാറാക്കാം... " മനസ്സിൽ തോന്നിയ പ്ലാനുകൾ ഓരോരുത്തരായി പങ്കു വെച്ചു.. ശരത്തിനോടും ഇഷാൻവിയോടും അഭിപ്രായങ്ങൾ ആരാഞ്ഞ് കാര്യങ്ങൾ തീരുമാനിക്കാം എന്നും പറഞ്ഞവർ ചർച്ച അവസാനിപ്പിച്ചു... ഇതൊന്നുമറിയാതെ നല്ല ഉറക്കത്തിലായിരുന്നു ലൈല... . " എന്റെ ലൈലുവിനെ ഈ അവസ്ഥയിലെത്തിച്ച ആ നാറിക്ക് രണ്ടടി കൊടുക്കാതെ എനിക്കിനി വിശ്രമമില്ല... തമ്പുരാനെ ഇത്തവണ പ്ലാൻ പൊളിഞ്ഞേക്കല്ലേ... മിന്നിച്ചേക്കണേ.... " മുകളിലോട്ട് കൈയുയർത്തി പറഞ്ഞതിന് ശേഷം അമ്മു ലൈലയുടെ അരികിൽ ചെന്നു കിടന്നു... 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸

മൊബൈൽ കയ്യിലെടുത്ത് ശിവയുടെ മെസ്സേജിലൂടെ കണ്ണോടിച്ചു റോഷൻ..... "ഒരിക്കലീ റോഷന്റെ കൈയ്യിൽ നിന്നും തെന്നിമാറി പോയ പെണ്ണാണ് നീ... പക്ഷേ... ഇത്തവണ അങ്ങനെ തെന്നി മാറാൻ നിനക്ക് കഴിയില്ല പെണ്ണേ.... റോഷൻ വിരിച്ച വലകളൊന്നും ഇതു വരെ വെറുതെയായിട്ടില്ല... ഒരബദ്ധം ഏത് കൊലക്കൊമ്പനും പറ്റും.. എന്ന് വെച്ച് സ്ഥിരം അബദ്ധം പിണയില്ല... " നിരക്ഷരൻ എന്ന ഐഡിയിലൂടെ പലരോടും പല ബന്ധങ്ങൾ സ്ഥാപിച്ചിട്ടുണ്ട്... പിടി വാശി പിടിച്ച പലരും പിന്നീട് വരുതിയിൽ വന്നിട്ടുണ്ട്. പക്ഷേ.... ശിവന്യ.... അവൾ മാത്രം പിടി തന്നിരുന്നില്ല... ഒരു ഫോട്ടൊ പോലും തന്നിരുന്നില്ല... സൗഹൃദത്തിലൂടെ മാത്രമേ അവളെ വീഴ്ത്താനാകുമെന്ന ഉറപ്പിലായിരുന്നു അവളോട് സൗഹൃദം സ്ഥാപിച്ചതും കൂടുതൽ അടുത്തതും... ഗ്രൂപ്പിൽ മോഡായിരുന്ന സമയത്ത് ശിവ ഗ്രൂപ്പിലെ മെമ്പർ ആയിരുന്ന പാറുവുമായി നല്ല കൂട്ടായിരുന്നു... പാറുവുമായി താനും... ശിവ എന്നോ അയച്ച അവളുടെ ഫോട്ടോ പാറുവാണ് കാണിച്ചു തന്നത്.... അവളിലൂടെയാണ് ശിവയെ പറ്റി കൂടുതൽ അറിഞ്ഞത്... സ്വാതന്ത്ര്യം തഴയപ്പെട്ട വീട്ടിലെ ഒരു പാവം ഉമ്മച്ചിക്കുട്ടി... കുന്നോളം ആഗ്രഹങ്ങളുള്ള പാട്ടുകാരി പെണ്ണ്..

അവൾക്കാവശ്യം നല്ലോരു കേൾവിക്കാരനെ ആണെന്ന് തോന്നിയതും ആ നിലയിൽ അവളെ വീഴ്ത്താനായി ശ്രമങ്ങൾ... വീണതുമാണ്... അതിനിടയിലാണ് അവന്മാർ.... റോഷൻ പല്ലിറുമ്മി ..... " പക്ഷേ... ഇത്തവണ... ഇത്തവണ ഞാൻ നിന്നെ രുചിച്ചിരിക്കും പെണ്ണേ... " മേശമേൽ ഉണ്ടായിരുന്ന ഡ്രോയിങ് ബുക്ക്‌ മറിച്ച് അതിൽ വരച്ചു വെച്ചേക്കുന്ന ലൈലയുടെ ഫോട്ടോയിൽ വഷളൻ ചിരിയോടെ നോക്കിക്കൊണ്ട് റോഷൻ പറഞ്ഞു.. 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 രാവിലെ ലൈല എഴുന്നേറ്റു നോക്കിയപ്പോൾ ഒരു വശത്ത് മൂടിപ്പുതച്ച് കാശി കിടപ്പുണ്ട്.. ഊഞ്ഞാലിൽ ഫൈസിയും.. ഇരുവരും നല്ലയുറക്കമാണ്.... അമ്മുവിനെ അവിടെങ്ങും കാണാനുമില്ല... ലൈല ബെഡ്ഷീറ്റും പായയും മടക്കി വെച്ച് അവിടെ നിന്നും എഴുന്നേറ്റു.. താഴേക്ക് ചെന്നപ്പോൾ അടുക്കളയിൽ നല്ല മേളം കേൾക്കാം.... അമ്മു ടീച്ചറമ്മയുടെ കൂടെ കൂടിയേക്കുവാണ്.. വാഷ് റൂമിൽ കയറി ഒന്ന് ഫ്രഷായ ശേഷം ലൈലയും അടുക്കളയിലേക്ക് വെച്ചു പിടിച്ചു...

ടീച്ചർ ഇടിയപ്പം ഉണ്ടാക്കുന്നതും നോക്കി വാ തോരാതെ സംസാരിച്ചു കൊണ്ട് സ്ലാബിൽ കയറിയിരിപ്പാണ് അമ്മു.. "ടീച്ചറമ്മ മാറിക്കെ... ഞാനുണ്ടാക്കിക്കോളാം..." സേവനഴിക്കായി കൈ നീട്ടി ലൈല... "അയ്യോ വേണ്ടായേ... ഒരാളിവിടെ തിരിച്ചു കളിച്ചു കുളമാക്കിയതിന്റെ ക്ഷീണം മാറിയിട്ടില്ല..." ടീച്ചർ അമ്മുവിനെ നോക്കി പറഞ്ഞതും അവൾ കുറുമ്പോടെ ചിരിച്ചു... " ചായയും കുടിച്ച് മുറ്റത്തുള്ള ചെടികൾക്കൊക്കെ വെള്ളമൊഴിക്ക് രണ്ടാളും.. അപ്പോഴേക്കും ഞാനിത് ഉണ്ടാക്കിക്കോളാം... " കയ്യിലെ ചായക്കപ്പ് ലൈലയ്ക്ക് കൊടുത്ത് കൊണ്ട് ടീച്ചർ പറഞ്ഞു... ചായയും കുടിച്ച് രണ്ടുപേരും മുറ്റത്തേക്കിറങ്ങി.. അമ്മു വെള്ളമൊഴിക്കുന്നതും നോക്കി ഫൈസിയുടെ വണ്ടിയിൽ ചാരി ലൈല നിന്നു... " ലൈലൂ... നമ്മളിന്നലെ ആ നരി നാറിക്കിട്ട് പണിയാൻ കുറേ പ്ലാൻ ചെയ്തു.... " "ഏഹ്ഹ് അതെപ്പോ...?? ഞാനറിയാതെയോ..??" "പോത്ത് പോലെ കിടന്നുറങ്ങുവാരുന്നു.... പിന്നെങ്ങനാ..." ശരിയാണ്... ഇന്നലെ കിടന്നതും ഉറങ്ങിയതുമൊന്നും അറിഞ്ഞില്ലെന്നതാണ് സത്യം... അത്രയേറെ സന്തോഷമുള്ള ദിവസമായിരുന്നു... ഒരുപാട് സ്വാതന്ത്ര്യം അനുഭവിച്ച ദിവസം...!!

ജീവിതത്തിൽ ഇതുവരെ ഇത്രയേറെ ആഘോഷത്തോടെ തള്ളി നീക്കിയ വേറൊരു ദിനമുണ്ടായിട്ടില്ല... വേറൊരു ചിന്തകളും മനസ്സിനെ അലട്ടിയതുമില്ല.. അതാകാം അത്ര പെട്ടെന്ന് ഉറങ്ങിയതും... " ഡി ഞാൻ പറയണത് വല്ലതും നീ കേൾക്കുന്നുണ്ടോ...???!!" വാട്ടർ സ്പ്രയർ മുഖത്തേക്ക് തളിച്ചപ്പോഴാണ് ലൈല ചിന്തകളിൽ നിന്നുമുണർന്നത്... " എന്താ.. എന്താ പറഞ്ഞത്...??" " നിന്റെ നരിയെ ഇത്തവണ പൂട്ടും.. അവനൊരിക്കലും പൊളിക്കാൻ പറ്റാത്ത വിധത്തിലുള്ള പൂട്ടിടും... ആദ്യത്തെ അടി ശരത്തേട്ടന്റെ വകയാണ് പോലും... ശരണ്യേച്ചിയുടെ പേരിലുള്ളത്... ഇല്ലേൽ കാണാരുന്നു... ആാഹ്ഹ് എന്തായാലും രണ്ടാമത്തെ അടി അതെന്റെ വക തന്നെയാകും... അവന്റെ അമ്മൂമേടെ നരി കൊരി... " കയ്യിലെ സ്പ്രയർ ദേഷ്യത്തോടെ അമർത്തി അമ്മു... " ഹോ മതി പെണ്ണേ... അത്‌ പൊട്ടിക്കാതെ... " "നിനക്കെന്താടി ലൈലൂ അവനോട് ദേഷ്യൊന്നും തോന്നാത്തെ....??!!" " ദേഷ്യുല്ലെന്ന് ആരാ പറഞ്ഞേ അമ്മൂസേ...??

എന്റെ വീടും വീട്ടുകാരെയും എന്നിൽ നിന്ന് അകറ്റിയവനാ.. എനിക്ക് ബന്ധവും സ്വന്തവും ഇല്ലാതെ ആക്കിയവനാ.. ആത്മാർത്ഥമായുള്ള പ്രണയത്തെ തമാശയായി കണ്ടവനാ.. അതു കഴിഞ്ഞുള്ള എന്റെ മൂന്ന് മാസങ്ങൾ നരക തുല്യമാക്കിയവനാ... മുഖത്ത് തുപ്പലേറ്റിട്ടുണ്ട്... തൊലിയുരിയപ്പെട്ടവളെ പോലെ ബന്ധുക്കളുടെ മുന്നിൽ നിൽക്കേണ്ടി വന്നിട്ടുണ്ട്... ഞാൻ മാത്രമല്ല ഒരു തെറ്റും ചെയ്യാത്ത ടീച്ചറമ്മയും കാശിയെട്ടനും കൂടി കഷ്ടപ്പെടുന്നുണ്ട്... എല്ലാത്തിനും ഒരേയൊരു കാരണം അവൻ മാത്രമല്ലേ... ഒക്കെ ആലോചിക്കുമ്പോൾ എനിക്കിപ്പോൾ അയാളോട് വെറുപ്പാ.. കള്ളങ്ങൾ കൊണ്ട് എനിക്ക് മുന്നിൽ ചീട്ടു കൊട്ടാരം പണിതവനോട് ഇപ്പോൾ ദേഷ്യമാ... " ഒരു കിതപ്പോടെ ലൈല പറഞ്ഞു നിർത്തി... അവളെ ആശ്വസിപ്പിക്കാനായി എന്തോ പറയാൻ ഒരുങ്ങിയപ്പോഴാണ് വെളിയെ നിന്നും പാതി തുറന്ന ഗേറ്റിനുള്ളിലൂടെ ഒരു കുഞ്ഞു തല നീണ്ടു വരുന്നത് അമ്മു കണ്ടത്.. അമ്മുവിന്റെ നോട്ടം കണ്ട ലൈലയുടെ ശ്രദ്ധയും പിന്നെ ആ വഴിക്ക് പോയി... രണ്ടാളും കണ്ടെന്ന് തോന്നിയതും കുഞ്ഞ് കിലുക്കത്തോടെ ചിരിച്ചു കൊണ്ട് ആ തല പിൻവാങ്ങിയിരുന്നു..........തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story