കാണാ മറയത്ത്..❤: ഭാഗം 18

kanamarayath

രചന: മീര സരസ്വതി

" ഏയ്‌ ഒന്നും പറ്റീല.. എനിക്കെന്തോ തല വേദനപോലെ... മോളെയും എടുത്ത് സ്റ്റൈർ ഇറങ്ങിയത് കൊണ്ടാവും കിതപ്പ്... " അതും പറഞ്ഞ് കൊണ്ട് ലൈല ടീച്ചറെ നോക്കി.. ഇറങ്ങാമെന്ന് കണ്ണു കൊണ്ട് കാണിച്ചു... അവളെന്തോ കണ്ട് ഭയന്നിട്ടുണ്ടെന്ന് അവളുടെ മുഖത്ത് നിന്നും ടീച്ചർക്ക് വ്യക്തമായി... " നമ്മളെന്നാ ഇറങ്ങട്ടെ മോളെ...?? സമയം കിട്ടുമ്പോ അങ്ങോട്ടേക്ക് ഇറങ്ങ്... " യാത്ര പറഞ്ഞ് ഇരുവരും പെട്ടെന്ന് അവിടെ നിന്നുമിറങ്ങി... കുളി കഴിഞ്ഞ് തലയും തുവർത്തിക്കൊണ്ട് ജനാലയ്ക്കരികിൽ അവൻ നിന്നു... ഒരു സ്ത്രീയും തട്ടമിട്ടൊരു പെൺകുട്ടിയും വീട്ടിൽ നിന്നും ഇറങ്ങിപ്പോകുന്നത് അവന്റെ ശ്രദ്ധയിൽ പെട്ടു.. മാളിൽ വെച്ചു കണ്ട ഹിജാബ് ധരിച്ച പെൺകുട്ടി മനസ്സിലേക്ക് ഓടിയെത്തിയതും അവളൊന്ന് തിരിഞ്ഞു നോക്കിയെങ്കിൽ എന്നവൻ ആശിച്ചു... അവർ ഇരുവരും മതില് കടന്നു പോകും വരെ അവന്റെ കണ്ണുകളവരെ പിന്തുടർന്നു.... പെട്ടെന്ന് ഡ്രസ്സ്‌ മാറി അവൻ താഴേക്കിറങ്ങി ചെന്നു.. അളിയനും പെങ്ങളും സോഫമേൽ ഇരുന്ന് പായസം കുടിക്കുന്നുണ്ട്... റീത്തുമോൾ ഒരു പാവ കുഞ്ഞിനേയും എടുത്ത് നിലത്തിരുന്ന് കളിക്കുകയാണ്... "

അളിയാ ദേടാ നല്ല പായസം... കുടിച്ചു നോക്കിയേ... " ടീപോയ്ക്ക് മുകളിൽ വെച്ചേക്കുന്ന പായസം ചൂണ്ടി ജിതേഷ് പറഞ്ഞു... അവരുടെ സംസാരം കേട്ടതും പാവയെയും കയ്യിലെടുത്ത് റീത്തുമോൾ ജിതേഷിന്റെ മടിയിൽ കയറിയിരുന്നു... " ആഹാ ഉന്നക്കായയുമുണ്ടോ..??!! നല്ല കോളാണല്ലോടി ചേച്ചി... ആരായിരുന്നു വന്നേ...?? " ടീപോയ്ക് മുകളിൽ വെച്ചേക്കുന്ന പാത്രത്തിൽ നിന്നും ഒരു ഉന്നക്കായ കടിച്ചു കൊണ്ട് അവൻ ചോദിച്ചു... " പുതിയ അയൽക്കാരാടാ റോഷാ... കോഴിക്കോട്ടുകാരാ... അവരൊരു മ്യൂസിക് ടീച്ചറാ.. പിന്നെ കൂടെ പേയിങ് ഗസ്റ്റ് ആയിട്ട് താമസിക്കുന്ന ഒരു കുട്ടിയുമുണ്ട്... ലൈല.. ദേ നമ്മുടെ റീത്തു മോളുമായി അവള് നല്ല കൂട്ടാണ്.... " "ലൈല...!!!" ആ പേര് കേട്ടതും ആഗ്രഹിച്ചതെന്തോ കേട്ടത് പോലെ അവന്റെ മുഖം വിടർന്നു.... ഒരു ഗ്ലാസ്‌ പായസമെടുത്ത് ആർത്തിയോടെ അവൻ കുടിച്ചു... " ഓഹ് റീത്തയ്ക്കപ്പൊ നമ്മളെ മാത്രേ പറ്റാണ്ടുള്ളൂ... ഇന്ന് കണ്ടവരെയൊക്കെ പറ്റുമല്ലേ..!!" അവൻ തെല്ലുറക്കെ പരിഭവത്തോടെ പറഞ്ഞതും അച്ഛന്റെ നെഞ്ചിലേക്ക് അവൾ മുഖം പൂഴ്ത്തി.... " നിന്നെ മാത്രം ഇവൾക്കെന്താ ഇത്ര പേടിയെന്നാ എനിക്ക് മനസ്സിലാകത്തെ...."

" എങ്ങനെ പേടി ഇല്ലാതിരിക്കും... അവൾ ഫുഡ് കഴിക്കാതിരിക്കുമ്പോൾ മാമൻ വരുമെന്ന് പറഞ്ഞ് പേടിപ്പിച്ചിട്ടല്ലേ നീ കഴിപ്പിക്കുന്നത്.. പണ്ടൊക്കെ അമ്മ നമ്മളെ മാണ്ടു വരുമെന്ന് പറഞ്ഞാ പേടിപ്പിച്ചിരുന്നേ... നീ അക്ഷരങ്ങൾ മാറ്റിപ്പിടിച്ച് ഒന്ന് കൂടി പരിഷ്കരിച്ച് മാമൻ വരുന്ന എന്നാക്കീലേ... " അവൻ പരിഭവം പറഞ്ഞതും റിനിയും ജിതേഷും ഉറക്കെ പൊട്ടിച്ചിരിച്ചു... " ആഹ് അല്ലേലും ആരെയെങ്കിലുമൊക്കെ പേടിയുണ്ടാവുന്നത് നല്ലതാ...” റീത്തുമോൾ അപ്പോൾ കുറുമ്പോടെ ചിരിച്ചു കൊണ്ട് അച്ഛന്റെ നെഞ്ചോട് ചേർന്ന് കിടപ്പാണ്... 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 ടീച്ചറും ലൈലയും പോയതിനു പിന്നാലെ മുകളിലേക്ക് കയറിയതായിരുന്നു കാശി... എന്തോ ആകെയൊരു പരവേശം പോലെ.. മനസ്സിനകത്തെന്തോ ഒരു ഭാരം കുമിഞ്ഞു കൂടും പോലെ... അതിനാൽ തന്നെ അവർ ഇരുവരും തിരിച്ചു വരും വരെ ടെറസിന്റെ അരഭിത്തിയിൽ ചാരി നിൽപ്പാണ് അവൻ... മനസ്സിനുള്ളിൽ ഓരോ ആലോചനകൾ കടന്നു പോയി...

ശിവന്യയെന്ന ഫേസ് ബുക്ക്‌ അക്കൗണ്ട് വെറുതെ തുറന്നു നോക്കി... ഇത്രയും നാൾ മെസ്സഞ്ചർ മാത്രമായിരുന്നു തുറന്നു വെച്ചത്... വെറുതെ പോസ്റ്റുകളിലൂടെ കണ്ണുകളോടിച്ചു... നരേന്ദ്രൻ എന്ന അക്കൗണ്ട് സെർച്ച്‌ ചെയ്തെടുത്തു.. പ്രൊഫൈൽ പിക്ക് നീലവലയത്തിനാൽ ചുറ്റപ്പെട്ടിട്ടുണ്ട്... സ്റ്റോറി എടുത്തു നോക്കിയപ്പോൾ ഒരു പാട്ടാണ് ഇട്ടിരിക്കുന്നത്.... താമസമെന്തേ വരുവാന്‍ പ്രാണസഖീ എന്റെ മുന്നില്‍... താമസമെന്തേ അണയാന്‍ പ്രേമമയീ എന്റെ കണ്ണില്‍..... എന്ന് തുടങ്ങുന്നൊരു സിനിമാ ഗാനം... അത്‌ കണ്ടതും കാശി പല്ലിറുമ്മി... " വരാടാ.. അധികം താമസിയാതെ തന്നെ വരാം... പക്ഷേ വരുന്നത് പ്രാണസഖിയല്ല നിന്റെ കാലനാ....!!!'" ദേഷ്യത്തോടെ തന്നെ അവന്റെ പ്രൊഫൈലിലൂടെ സഞ്ചരിച്ചു... പുതിയൊരു പ്രൊഫൈൽ പിക്ക് ഇട്ടിട്ടുണ്ട്... മീശ പിരിച്ചു നിൽക്കുന്ന ലാലേട്ടന്റെ പടം.. കൂടെ ഒരു ക്യാപ്ഷനുമുണ്ട്... "നിന്നിലേക്കുള്ള ദൂരമേറെ കുറഞ്ഞിരിക്കുന്നു സഖേ... എന്നിട്ടും കാത്തിരിപ്പൂ ഞാൻ നീ എന്നിലലിയും നാളിനായ്...."

അതും കൂടിയായപ്പോൾ പൂർത്തിയായി... ദേഷ്യത്തോടെയവൻ കൈ ഭിത്തിയിലിടിച്ചു... " ഒക്കെയും അതിമോഹമാ മോനെ നരീ.. അല്ല റോഷാ.... നീ ബാംഗ്ലൂർ ഉണ്ടെന്നറിഞ്ഞ നാൾ തൊട്ട് നിന്റെ ദിനങ്ങൾ എണ്ണപ്പെട്ടതാ..." ദേഷ്യത്തോടെ കാശി കൈകൾ ഞെരിച്ചു... റോഷനെ പറ്റി വളരെ രഹസ്യമായി അവന്റെ നാട്ടിൽ ചെന്ന് ശരത്ത് അന്വേഷണം നടത്തിയിരുന്നു... നരി പറഞ്ഞത് ശരിയായിരുന്നു... അവൻ ബാംഗ്ലൂർ ഉണ്ട്‌... അവന്റെ പെങ്ങളിവിടെ താമസിക്കുന്നുണ്ടെന്നും അന്നത്തെ പ്രശ്നത്തിന് ശേഷമവൻ ഓടി വന്നത് ബാംഗ്ലൂർക്കാണെന്നും വിവരം കിട്ടി.. പക്ഷേ അവന്റെ ഇവിടത്തെ അഡ്രസ്‌ കണ്ടു പിടിക്കാൻ പറ്റിയില്ല... പുതിയ നമ്പറും... അത്‌ രണ്ടും കൂടി ആയാൽ നേരിട്ട് ചെന്ന് പൂട്ടമായിരുന്നു... ലൈലയെ ഈ പ്രശ്നത്തിലേക്ക് വലിച്ചിഴക്കേണ്ടി വരില്ല... ഓരോ ആലോചനയോടെ ഇരിക്കുമ്പോഴാണ് ലൈലയും അമ്മയും വരുന്നത് കാശി കണ്ടത്... താഴെ കതക് അടച്ചതിനാൽ തന്നെ അവൻ താഴേക്ക് നടന്നു...

"എന്താ പെട്ടെന്ന് പറ്റിയേ ലൈലൂ...??" "ഏയ്‌ ഒന്നൂല്ല ടീച്ചറമ്മേ... എനിക്കെന്തോ തല വേദനിക്കുവാ.. ഇന്നലെ ഉറങ്ങാൻ ഒരുപാട് ലേറ്റ് ആയതിന്റെ ആകും...." വെറുതെ ടീച്ചറെ കൂടി ടെൻഷനാക്കേണ്ടെന്ന് തോന്നിയാണ് ലൈല അങ്ങനെ പറഞ്ഞത്... കാശി ഡോർ തുറന്നതും ലൈലയുടെ എന്തോ കണ്ടു ഭയന്നത് പോലുള്ള മുഖം കണ്ടതും അവനാകെ വല്ലായ്മ തോന്നി.. " എന്നാ മോള് ചെന്ന് കിടന്നോ... ഞാൻ അടുക്കളയിൽ കാണും.. എന്തേലും ആവശ്യമുണ്ടേൽ വിളിക്കണേ.... " "എന്താ ഇവൾക്ക്..?? എന്തിനായിപ്പോ കിടക്കണേ..??" അത്‌ കേട്ടതും കാശി ചോദിച്ചു... " അവൾക്ക് തല വേദനിക്കുന്നുവെന്ന്... അവിടെ ചെല്ലും വരെ പ്രശ്നമൊന്നും ഇല്ലാതിരുന്നതാ.. ഇതെന്താ പെട്ടെന്നിങ്ങനെ തല വേദന വരാൻ എന്തോ..?!!" അതും പറഞ്ഞ് ടീച്ചർ അകത്തേക്ക് നടക്കാൻ ഒരുങ്ങിയതും ലൈലയും പിന്നാലെ ചെല്ലാനൊരുങ്ങി... "ഞാനും വരാം...." " ദേ അടങ്ങി അവിടെ കിടന്നോണം.. എനിക്ക് ചെയ്യാനുള്ള പണികളെ ഇപ്പോ അവിടുള്ളൂ... മോള് പോയി റെസ്റ്റെടുക്ക്... "

ടീച്ചർ അടുക്കള ലക്ഷ്യമാക്കി നടന്നു... ഒരു നിമിഷമൊന്ന് കാശിയെ നോക്കിയതിനു ശേഷം ലൈല റൂമിലേക്ക് നടന്നു... അവളുടെ പിന്നാലെ കാശിയും ചെന്നു... " ലൈലാ.... നില്ല്...." അവളുടെ കൈയ്യിൽ പിടിച്ച് അവളെ തനിക്കഭിമുഖമായി കാശി നിർത്തി... " ഇനി പറ... എന്താ അവിടെ സംഭവിച്ചേ...?? " "ഒ.. ഒന്നൂല്ല കാശിയേട്ടാ... ഞാൻ... വെറുതേ.... ത.. തലവേദനയാ.." " വിക്കിക്കളിക്കാതെ കാര്യം പറയുന്നുണ്ടോ..?" എന്നിട്ടും വെറും നിസ്സംഗതയോടെ അവൾ നിൽക്കുന്നത് കണ്ടതും കാശിയ്ക്ക് ദേഷ്യമിരട്ടിച്ചു... "പറയാനാ പറഞ്ഞത്.... എന്താ അവിടെ ഉണ്ടായത്...???" കടുപ്പിച്ച് കാശി ചോദിച്ചതും ഞെട്ടലോടെ അവളവനെ നോക്കി... അല്ലെങ്കിൽ തന്നെ ആകെ പേടിച്ചു നിൽക്കുകയായിരുന്നു ലൈല, അതിന്റെ കൂടെ കാശിയുടെ ശബ്ദമുയർത്തലും കൂടിയായപ്പോൾ അവളുടെ കണ്ണുകൾ സജലങ്ങളായി.... അവളുടെ കണ്ണ് നിറച്ചുള്ള ആ നിൽപ്പ് കണ്ടു നിൽക്കാൻ കാശിക്ക് കഴിഞ്ഞില്ല.. ആ കണ്ണു നീർ തുള്ളികളോരൊന്നും ചെറു ബാണങ്ങളായ്‌ നെഞ്ചിൽ തറക്കും പോലെ...

" ഹേയ് ലൈലാ, റിലാക്സ്... കരയല്ലേ... " എവിടെ അവിടെ കരച്ചില് തന്നെയാണേ.... " കരയല്ലെടി... ഇങ്ങനെ കരയാതെ ഞാൻ പറയുന്നത് നീയൊന്ന് ശ്രദ്ധിച്ച് കേൾക്ക് ലൈലൂ... പ്ലീസ്...!!! " അവൻ അപേക്ഷിച്ചതും ലൈല കണ്ണുകൾ രണ്ടും അമർത്തി തുടച്ചു... " നരി ബാംഗ്ലൂരുണ്ട്....!!" ലൈല ഞെട്ടലോടെയാണ് അവനെ ശ്രവിച്ചത്.... ബാക്കി അറിയാനായി ആകാംക്ഷയോടെ അവൾ കാശിയുടെ മുഖത്ത് കണ്ണും നട്ടിരിപ്പായി... “നിന്നെയവൻ എവിടെയോ വെച്ച് കണ്ടിട്ടുണ്ട്...!!! അവന്റെ മെസേജുകളും പോസ്റ്റുകളുമൊക്കെ നൽകുന്ന സൂചനയതാണ്.. അവനെ പറ്റി അന്വേഷിച്ച് പലതും കണ്ടു പിടിച്ചെങ്കിലും അവൻ ബാംഗ്ലൂരിൽ എവിടെയാ താമസമെന്ന് മാത്രം കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല... ആരിൽ നിന്നാണേലും എന്ത് ചെറിയ വിഷമം ആണ് അനുഭവപ്പെട്ടതെങ്കിൽ പോലും പറയണം ലൈലൂ... നീയെന്തോ പേടിക്കുന്നുണ്ടെന്ന് നിന്റെ മുഖത്ത് എഴുതി വെച്ചിട്ടുണ്ട്.. അതറിയാനാ ഞാനിങ്ങനെ പിന്നാലെ നടക്കുന്നത്... ”

“ അന്ന് അമ്മൂന്റെയും ഫൈസിക്കായുടെയും കൂടെ മാളിൽ പോയപ്പോൾ അറിയാതെ ഒരാളുമായി കൂട്ടിയിടിച്ചിരുന്നു... പിന്നെ അയാൾ ഫുഡ് കോർട്ടിലും ഞങ്ങളെ പിന്തുടർന്നിരുന്നു... ശല്യമാണെന്ന് പറഞ്ഞപ്പോ ഫൈസിക്ക വാണിംഗ് കൊടുക്കാൻ ചെന്നതാ.. പക്ഷേ ആളവിടെന്ന് സ്കൂട്ടായി... ആ ആളെ ഞാനിന്ന് കണ്ടു കാശിയേട്ടാ.... " " നരിയാണോ അത്‌..??!!!" "അറിയില്ല.. പക്ഷേ അന്ന് ഫൈസിക്ക പറഞ്ഞത് അതൊരു വായ്നോക്കിയാണെന്നാ..." " ഇന്നവൻ നിന്നെ കണ്ടോ..?? " "കണ്ടില്ല... " "പിന്നെ നീയെന്തിനാ ലൈലൂ ഇത്ര പേടിച്ചിരിക്കുന്നെ...??" അവിടെ സംഭവിച്ച കാര്യങ്ങളൊക്കെയും ലൈല അവനോട് പറഞ്ഞു... " ടെൻഷനകേണ്ടാ ലൈലൂ... അതൊരു കോഴിയാകാനേ വഴിയുള്ളൂ......" " ഹ്മ്മ്‌.... " അതിനവൾ ഒന്ന് മൂളിയതേയുള്ളൂ... ആ കണ്ണുകളിൽ അപ്പോഴും ഭയം നിറഞ്ഞു നിൽക്കുന്നുണ്ടായിരുന്നു... " വല്ലാതെ പേടിച്ചു പോയോ ലൈലൂ...?? " കൂടുതൽ അരികിലേക്ക് നീങ്ങി നിന്ന് കൊണ്ട് കാശി ചോദിച്ചതും അവളൊന്ന് പകപ്പോടെ അവന്റെ മുഖത്തേക്ക് നോക്കി.. "പേടിച്ചോന്ന്....??" "ഹ്മ്മ്‌..." "ഞാൻ പേടിപ്പിച്ചപ്പഴാണോ അതോ ആ വായി നോക്കി പേടിപ്പിച്ചപ്പോഴാണോ കൂടുതൽ പിടിച്ചേ...??"

ഒരുവേള കാശിയുടെ മുഖത്ത് കുസൃതി നിറഞ്ഞതും അവൾ പരിഭവത്തോടെ അവന്റെ കൈ തണ്ടിൽ കുഞ്ഞൊരു അടി വെച്ചു കൊടുത്തു.... " നീയിങ്ങനെ വല്ലാതെ പേടിക്കേണ്ട ലൈലൂ.. നിന്നെയൊരുത്തനും ഒന്നും ചെയ്യില്ല.. ചെയ്യാൻ ഞാൻ സമ്മതിക്കില്ല.... " കാശിയുടെ ആ വാക്കുകൾ മതിയായിരുന്നു അവളിലെ ആശ്വാസത്തിന്... " അതേയ് ഇനിയീ കള്ള തലവേദന അഭിനയിച്ച് കിടക്കുവൊന്നും വേണ്ടാ.. പോയി മുഖമൊക്കെ കഴുകി മേഡം അടുക്കളയിലേക്ക് ചെന്നാട്ടെ.. പോയി രണ്ടാളും കൂടി രണ്ട് പാട്ടൊക്കെ പാട്.. അപ്പോ ഈ ടെൻഷനൊക്കെ മറന്നോളും... ഇനി ഞാൻ ചെല്ലട്ടെ..?? " ലൈല സമ്മതം മൂളിയതും കാശി മുകളിലേക്ക് നടന്നു.. മുകളിൽ എത്തിയ ഉടനെ ടെറസിലൂടെ ചുറ്റി നടന്നു ആകമാനം വീക്ഷിച്ചു.... റീത്തയുടേ വീടുമായി ഒരു മതിലിന്റെ വിത്യാസം മാത്രമേയുള്ളൂ.. പുറത്തൊന്നും ആരെയും കാണാനുമില്ല.. കുറച്ചു നേരം ചുറ്റുപാടും വീക്ഷിച്ചതിനു ശേഷം ശരത്തിനെ വിളിച്ചു കാര്യങ്ങളൊക്കെ പറയണമെന്നു കരുതി ഫോണെടുത്ത് കാശി ഊഞ്ഞാലിൽ ചെന്നിരുന്നു... നരിയുടെ മെസേജിന്റെ നോട്ടിഫിക്കേഷൻ കിടക്കുന്നത് അപ്പോഴാണ് ശ്രദ്ധിച്ചത്... അവനത് തുറന്നു നോക്കി...

" ന്റെ ശിവൂ.... ചുവന്ന പൂക്കളുള്ള കറുപ്പ് ചിരിദാറിൽ നിന്നെ കാണാൻ എന്ത് ഭംഗിയാണെന്നോ...?? " ആ മെസേജ് കണ്ടതും കാശിയുടെ സിരകളിലെ രക്തം ചൂട് പിടിച്ചു... ലൈല ഇന്ന് ധരിച്ചിരുന്ന ചുരിദാർ അതാണല്ലോ എന്നോർത്തതും ദേഷ്യം നിയന്ത്രിക്കാൻ കഴിയാതെയവൻ നാവു കടിച്ചു.. അപ്പോ കരുതിയത് പോലെ അവൻ നരി തന്നെയാവണം... അങ്ങനെയാണെങ്കിൽ അവനുള്ള പണി എത്രയും പെട്ടെന്ന് തന്നെ കൊടുക്കണം... ശരത്തിനോടും ഇഷാൻവിയോടും നാളെ തന്നെ വരാൻ പറയണം... ഒരുപാട് കണക്കു കൂട്ടലുകൾ കാശി നടത്തി.... "ഓയ്... മിണ്ടില്ലേ...?? പിന്നെയും പിണങ്ങിയോ...??" മെസേജ് സീൻ ആയിട്ട് ഏറെ നേരമായിട്ടും റിപ്ലൈ ഒന്നുമില്ലാതായപ്പോൾ നരി ചോദിച്ചു... " ഏയ്‌ അല്ലല്ല... ഞാൻ ചുരിദാറിനെ പറ്റി ആലോചിക്കുവാരുന്നു... ഞാനിന്ന് ധരിച്ചത് ആ ചുരിദാറാ.. നരിക്ക് അതെങ്ങനെ മനസിലായി..?!!" " അതൊക്കെയുണ്ട്‌.... " കണ്ണിറുക്കി ചിരിക്കുന്ന ഇമോജിയോടൊപ്പം അവനത് അയച്ചതും കാശിക്ക് നിരാശ തോന്നി... എങ്കിലും വിട്ടു കളയാൻ അവൻ ഒരുക്കമായിരുന്നില്ല... "എന്നാലും പറയെന്നെ... പ്ലീസ്..." കാശി കെഞ്ചിപ്പറഞ്ഞു... " എന്നാ എനിക്കൊരു പാട്ട് പാടിത്താ ന്റെ ശിവൂ...

എത്ര നാളായ് തന്റെ പാട്ടൊന്ന് കേട്ടിട്ട്.... പാടി തീരുമ്പോ ഞാൻ കാര്യം പറയാം..." ആവശ്യക്കാരന് ഔചിത്യ ബോധമില്ലെന്നണല്ലോ ചൊല്ല്... നേരത്തെ ലൈല പാടുമ്പോൾ റെക്കോർഡ് ചെയ്ത് വെച്ചിരുന്ന പാട്ടെടുത്ത് അവനു അയച്ചു കൊടുത്തു.... മെസേജ് സീൻ ആയിട്ടും അഞ്ചു മിനിറ്റ് നേരത്തേക്ക് പിന്നെയവന്റെ മെസേജ് ഒന്നും വന്നില്ല... "പോയോ...??" ഗത്യന്തരമില്ലാതെ കാശി ചോദിച്ചു... " ഇല്ല പെണ്ണേ... എന്തൊരു വോയ്‌സാ....??!!! ഞാനതിൽ മുഴുകിയിരുന്നു പോയി... എത്ര തവണ കേട്ടെന്ന് അറിയില്ല... " അവന്റെയോരോ മെസേജുകളും കാശിയെ വല്ലാതെ ദേഷ്യം പിടിപ്പിക്കുന്നുണ്ടായിരുന്നു.. വേറെ നിവൃത്തിയില്ലാത്തത് കൊണ്ട് മാത്രം അവൻ ക്ഷമയോടെ നിന്നു... " ഇനി പറയ് എവിടെന്നാ എന്നെ കണ്ടേ...??" " നിന്റെ കസിൻ ഇല്ലേ അമാൽ മാലിക്?? അവൾ ഇൻസ്റ്റയിൽ പിക് പോസ്റ്റിയിട്ടുണ്ടല്ലോ.. ഒരുമിച്ചുള്ളത്....?? " അത്‌ കേട്ടതും ചെറിയൊരു ആശ്വാസം നിറഞ്ഞെങ്കിലും അമാലിനെ അവനെങ്ങനെ അറിയാമെന്നത് വലിയൊരു ചോദ്യ ചിഹ്നമായി മനസ്സിൽ ആളി കത്തി............തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story