കാണാ മറയത്ത്..❤: ഭാഗം 19

kanamarayath

രചന: മീര സരസ്വതി

" ഇല്ല പെണ്ണേ... എന്തൊരു വോയ്‌സാ....??!!! ഞാനതിൽ മുഴുകിയിരുന്നു പോയി... എത്ര തവണ കേട്ടെന്ന് അറിയില്ല... " അവന്റെയോരോ മെസേജുകളും കാശിയെ വല്ലാതെ ദേഷ്യം പിടിപ്പിക്കുന്നുണ്ടായിരുന്നു.. വേറെ നിവൃത്തിയില്ലാത്തത് കൊണ്ട് മാത്രം അവൻ ക്ഷമയോടെ നിന്നു... " ഇനി പറയ് എവിടെന്നാ എന്നെ കണ്ടേ...??" " നിന്റെ കസിൻ ഇല്ലേ അമാൽ മാലിക്?? അവൾ ഇൻസ്റ്റയിൽ പിക് പോസ്റ്റിയിട്ടുണ്ടല്ലോ.. ഒരുമിച്ചുള്ളത്....?? " അത്‌ കേട്ടതും ചെറിയൊരു ആശ്വാസം നിറഞ്ഞെങ്കിലും അമാലിനെ അവനെങ്ങനെ അറിയാമെന്നത് വലിയൊരു ചോദ്യ ചിഹ്നമായി മനസ്സിൽ ആളി കത്തി.... " അമാലിനെ തനിക്കറിയോ...? എങ്ങനെയാ അറിയുന്നേ...?? " " അത്‌ കൊള്ളാം.. അറിയോന്നോ...??!! അവളെ അറിയാത്തവരാരാ ഉള്ളത്..?? അവൾ ഇൻസ്റ്റാഗ്രാമിലെ ഫെയിമല്ലേ... അവൾടെ റീൽസൊക്കെ ഞാൻ കാണാറുണ്ട്... " നരിയുടെ മെസ്സേജ് വായിച്ചതും കാശിക്ക് ആശ്വാസമായി..... അപ്പോൾ നരിക്ക് അമാലിനെ നേരിട്ടറിയാൻ സാധ്യതയില്ല.. എന്നാലും അവളോട് ചോദിച്ചിട്ട് കാര്യങ്ങൾ ഉറപ്പിക്കണം... അവൻ ഇൻസ്റ്റാഗ്രാമിൽ അമ്മുവിന്റെ അക്കൗണ്ട് അരിച്ചു പെറുക്കി.. അമ്മുവിന്റെ കൂടെ ചിരിയോടെ നിൽക്കുന്ന ലൈലയുടെ ഫോട്ടോ കണ്ടതും അതിന്റെ സ്ക്രീൻഷോട്ട് എടുത്തു വെച്ചു... നരിയെന്ന് സൂചന തരുന്ന വല്ല അക്കൗണ്ടുമുണ്ടോയെന്ന് അറിയാൻ വേണ്ടിയാണ്‌ അക്കൗണ്ട് മുഴുവനും തിരഞ്ഞു...

പക്ഷേ, അമാലിന്റെ ഫോള്ളോവെർസ് പത്തായിരത്തിനു മുകളിലുണ്ട്... അതിൽ നിന്നും എങ്ങനെ കണ്ടുപിടിക്കാനാണ്...?!! കാര്യമെന്തായാലും അമാലിനോട് കൂടി ചോദിച്ചു ഉറപ്പിക്കാമെന്ന് കരുതി ഫോണെടുത്തു ഡയൽ ചെയ്തു.. " ഹേയ് ബ്രോ.. പറയൂ എന്താണ് ആവശ്യം...??" "ആവശ്യമോ...??" "അല്ലാതെ നിങ്ങൾ വിളിക്കില്ലെന്ന് എനിക്കറിയാലോ...!! കാര്യമെന്താണെന്ന് പറയണം ഹേ..." കാര്യങ്ങളൊക്കെയും കാശി പറഞ്ഞു... " ഞാനീ റീൽസൊക്കെ ഇടുന്നത് കൊണ്ട് കുറേ ഫോള്ളോവെർസ് ഉണ്ട്‌ കാശിയേട്ടാ... ഇന്നാ സ്റ്റോറി പോസ്റ്റ്‌ ചെയ്തപ്പോൾ ആരാണെന്നൊക്കെ ചോദിച്ചു കൊണ്ട് കുറേ മെസ്സേജ് ഉണ്ടായിരുന്നു... പരിചയമുള്ളവർക്ക് മാത്രമാ കസിൻ ആണെന്ന് പറഞ്ഞു മെസ്സേജ് ഇട്ടത്..." " എങ്കിൽ ആ റിപ്ലൈ കൊടുത്തവരിൽ ആരോ ഒരാളാണ് നമ്മൾ അന്വേഷിക്കുന്ന നരി....!!" " ബട്ട്‌... അതെങ്ങനെ മനസ്സിലായി കാശിയേട്ടാ....???!!" "നിന്റെ കസിൻ അമാൽ എന്ന് അവൻ എടുത്തു പറഞ്ഞിരുന്നു... ഇനിയും ലൈലൂന്റെ കാര്യങ്ങൾ അന്വേഷിച്ച് ആരേലും വരുന്നുണ്ടേൽ പറയണം..." "ഓക്കേ കാശിയേട്ടാ... നമുക്ക് നോക്കാം.. പതിയിരുന്ന് കളിക്കുന്നവൻ ആരാണെന്ന് അറിയണ്ടേ..."

തല്ക്കാലം ലൈലയെ ഇതൊന്നുമറിയിക്കേണ്ടെന്ന് ശട്ടം കെട്ടിയാണ് കാശി ഫോൺ വെച്ചത്.... അവൻ താഴേക്ക് ഇറങ്ങിച്ചെന്നപ്പോൾ ടീച്ചർ ചപ്പാത്തി ചുടാനുള്ള ഒരുക്കത്തിലാണ്... കട്ടിങ് ബോർഡിൽ പച്ചക്കറി അരിഞ്ഞു വെച്ചിട്ടുണ്ട്... " മാറിക്കെ.... അമ്മ കറിയുടെ കാര്യം നോക്കിക്കോ.. ഇത് ഞാൻ ഏറ്റു..." ടീച്ചറെ അവിടെ നിന്നും പിടിച്ചു മാറ്റി നിർത്തിക്കൊണ്ട് കാശി പറഞ്ഞു... " എങ്കിൽ കറിയുടെ കാര്യം ഞാനുമേറ്റു... ടീച്ചറമ്മ പോയി റെസ്റ്റെടുത്തോ... " അകത്തേക്ക് കയറി വന്ന ലൈല പറഞ്ഞു... " ആഹാ... വയ്യെന്ന് പറഞ്ഞ ആളാ...!! മോള് പോയി കിടന്നോ... " " എനിക്കിപ്പോ കുഴപ്പമൊന്നുമില്ലെന്നേ..... ചുമ്മാ ഇരിക്കുമ്പോൾ ബോറടിക്കുവാ അതല്ലേ... ടീച്ചറമ്മ ചെല്ല്....ഇത് ഞങ്ങൾ നോക്കിക്കോളാം... " അരിഞ്ഞു വെച്ചിരിക്കുന്ന പച്ചക്കറികൾ കുക്കറിലേക്ക് മാറ്റുന്നതിനിടയിൽ അവൾ പറഞ്ഞു... ഒരു ചിരിയോടെ ടീച്ചർ അകത്തേക്ക് നടന്നു... " അതേയ് ഇതൊരു മരണ വീടല്ല...!!! മിണ്ടാതെ ഉരിയാടാതെ പണിയെടുക്കാൻ...!! ഒരു പാട്ട് പാടണം മിഷ്ടർ.... " കാശി പറഞ്ഞതും ചിരിയോടെ അവൾ പാടി തുടങ്ങി... ആ പാട്ടിൽ ലയിച്ച് കൊണ്ടവൻ ചപ്പാത്തി പരത്താൻ ആരംഭിച്ചു...

കുറച്ച് നിമിഷങ്ങൾ കഴിഞ്ഞതും പെട്ടെന്ന് പാട്ട് നിലച്ചു.... പെട്ടെന്ന് ഇതെന്തു പറ്റിയെന്നോർത്ത് കാശി തിരിഞ്ഞു നോക്കിയപ്പോൾ കണ്ടത് മുകളിലെ കബോർഡിൽ വെച്ചിരിക്കുന്ന മസാല പൊടിയുടെ കണ്ടെയ്നർ ചാടിയെടുക്കാൻ ശ്രമിക്കുന്നവളെയാണ്.... കാശിക്ക് ചിരി പൊട്ടിപ്പോയി... അവളെ പൊക്കിയെടുത്ത് അതെടുക്കാൻ സഹായിക്കാൻ തോന്നിയെങ്കിലും അവൻ സംയമനം പാലിച്ചു നിന്നു... ഒരു കുസൃതി തോന്നിയതും ശബ്ദമുണ്ടാക്കാതെ അവളുടെ തൊട്ട് പിറകിൽ ചെന്ന് അവളോട് ചേർന്ന് നിന്ന് കൊണ്ട് കണ്ടെയ്നർ എടുത്തു... " എടുത്തു തരാൻ എന്നോട് പറയാരുന്നില്ലേ....?? മ്മ്ഹ്...??!!!" കാതിനരികിലായി രഹസ്യം പറയും പോലെ കാശി പറഞ്ഞു... അവന്റെ നിശ്വാസം കാതുകൾക്ക് പിറകിൽ പതിക്കുമ്പോൾ ഉള്ളിൽ തണുപ്പ് പടരും പോലെ ലൈലയ്ക്ക് അനുഭവപ്പെട്ടു..... അപ്രതീക്ഷിതമായി തൊട്ടരികിൽ അവൻ വന്നു നിന്നപ്പോൾ ലൈല ഒരുവേള തരിച്ചു നിന്നു പോയി... ആകെയൊരു പരവേശം തോന്നിപ്പോയി... അവന്റെ സാമീപ്യം തന്നെയാകെ തളർത്തും പോലെ... ഹൃദയം ക്രമാധീതമായി മിടിച്ചു തുടങ്ങി... ഇത്രയുമടുത്ത് അവൻ നിൽക്കുമ്പോൾ അതുവരെ തോന്നാത്തൊരു ഫീലിംഗ്സ് ഉള്ളിൽ വന്നു നിറയും പോലെ...

കാശിയുടെ അവസ്ഥയും മറിച്ചായിരുന്നില്ല.. അവളെ തൊട്ടുരുമ്മിയെന്ന മട്ടിൽ നിൽക്കുമ്പോൾ മനസ്സിനുള്ളിൽ വികാരങ്ങളുടെ വേലിയേറ്റം തന്നെയുണ്ടാകുന്നത് അവനറിഞ്ഞു... അവളുടെ കാതുകൾക്ക് പിന്നിലും പിൻകഴുത്തിലുമൊക്കെ അമർത്തി ചുംബിച്ചു കൊണ്ട് മനസ്സിലെ ഇഷ്ടം പറയാൻ ഒരു വേള ആഗ്രഹം തോന്നിപ്പോയി... പെട്ടെന്ന് കുക്കർ വിസ്സിൽ വന്നതും ഇരുവരും സ്വബോധത്തിലേക്ക് തിരിച്ചു വന്നു... മസാലപ്പൊടി സ്ലാബിന് മുകളിൽ വെച്ചു കൊണ്ട് അവൻ മാറി നിന്നു... ലൈല കുക്കർ ഓഫ്‌ ചെയ്ത് അടുക്കളയിൽ നിന്നുമിറങ്ങിപ്പോയി... ലൈലയുടെ ആ പ്രവർത്തിയിൽ കാശി വല്ലാതായി.... കാശിയ്ക്കത് മുഖത്ത് അടിയേറ്റത് പോലെ തോന്നിപ്പോയി.. " ഛേ, വേണ്ടാരുന്നു... " സ്ലാബിന് മുകളിൽ കൈകൊണ്ടിടിച്ചു കൊണ്ട് സ്വയം പറഞ്ഞവൻ... ഒരു കുസൃതി കാണിക്കണം എന്നെ ഉദ്ദേശിച്ചുള്ളൂ പക്ഷേ.... അവളുടെ സാമീപ്യമൊന്നു മതി ഉള്ളിലെ ഇഷ്ടം പുറത്തു വരാൻ.. പക്ഷേ, പാടില്ല... തനിക്ക് തോന്നുന്ന ഇഷ്ടമൊന്നും അവൾക്കുണ്ടാകില്ല.. താനായിട്ട് ഇനിയൊരു വിഷമവും അവൾക്കുണ്ടാക്കില്ല.. അവളോട്‌ ക്ഷമ പറയാൻ ഉറപ്പിച്ചു കൊണ്ട് കാശിയും അടുക്കളയിൽ നിന്നുമിറങ്ങി... ലൈല നേരെ ചെന്നത് വാഷ്റൂമിലേക്കാണ്.. " ന്റെ പടച്ച റബ്ബീ..... " ഭിത്തിയിൽ ചാരി നിന്ന് കൊണ്ട് നെഞ്ചിൽ കൈ വെച്ചവൾ കിതപ്പടക്കി...

നടന്ന കാര്യങ്ങൾ ഓർത്തതും അറിയാതെ അവളുടെ ചുണ്ടിലൊരു പുഞ്ചിരി വിടർന്നു... " ശരിക്കും നിങ്ങൾ നല്ല ജോഡികളാ ലൈലു.." അമ്മുവിന്റെ വാക്കുകൾ കൂടിയപ്പോൾ ഓർമയിൽ തികട്ടി വന്നു.... മനസ്സിലാകെ പ്രണയത്തിന്റെ അലകളടിക്കുന്നത് അവൾ തിരിച്ചറിഞ്ഞു... അതേ സമയം തന്നെ വല്യുമ്മയുടെയും ടീച്ചറമ്മയുടെയും മുഖം മനസ്സിലേക്ക് ഓടിയെത്തിയതും അവളത് തിരുത്തി... ഒരു സമൂഹം മുഴുവൻ തങ്ങൾ പ്രണയത്തിലാണെന്ന് വിധി കല്പിച്ചപ്പോൾ തങ്ങളെ വിശ്വസിച്ചു കൂടെ നിന്നവരാണ്... മാത്രമല്ല കാശിയേട്ടന് തന്നോടൊരിക്കലും അങ്ങനെയൊന്നും തോന്നിക്കാണില്ല.... ഇല്ല മനസ്സിൽ അങ്ങനെയൊരു ചിന്തയും കടന്നു വരാൻ പാടില്ല... താനായിട്ട് ആരെയും വഞ്ചിക്കില്ല...!! വാഷ് ബേസിനിലെ ടാപ് തുറന്നിട്ട് മുഖത്തേക്ക് വെള്ളം കോരിയൊഴിച്ചു പെണ്ണ്... പുറത്തിറങ്ങിയതും അവളെ കാത്തെന്ന പോലെ കാശി ഡെയിനിങ് ടേബിളും ചാരി നിൽപ്പുണ്ട്... അവനെ കണ്ടതും അവളൊന്ന് ചിരിക്കാൻ ശ്രമിച്ചെങ്കിലും പരാജയമായിരുന്നു ഫലം... അവന്റെ മുഖവും വിളറി വെളുത്തു... " റിയലി സോറി ലൈലൂ... ഞാനൊരു തമാശ കാണിച്ചതായിരുന്നു...."

" ഏയ്‌ എനിക്കറിയാലോ, കണ്ണിൽ കരടെന്തോ പോയത് പോലെ തോന്നിയത് കൊണ്ട് കഴുകാനായി ഓടി വന്നതാ..." കള്ളം പറയുകയാണെന്ന ചമ്മലോടെയവൾ പറഞ്ഞു... " എന്നാ വാ, നമുക്ക് ബാക്കി പരിപാടിയിലേക്ക് കടക്കാം... ചലോ.....!! " ചിരിയോടെ അവൻ അടുക്കളയിലേക്ക് നടന്നും, കൂടെ അവളും.... സിറ്റുവേഷനിൽ അയവു വരുത്തുവാനായി മൊബൈലിലൊരു പാട്ട് പ്ലേ ചെയ്തു.. അത്‌ ആസ്വദിച്ചു കൊണ്ട് തന്നെ ഇരുവരും പാചക പരിപാടിയിൽ മുഴുകി.. പാട്ടിനനുസരിച്ച് കൈകാലുകൾ ചലിപ്പിച്ചു കൊണ്ട് കുഞ്ഞു കുഞ്ഞു നൃത്ത ചുവടുകളോടെ ചപ്പാത്തി പരത്തുന്നവനിലേക്ക് ഇടയ്ക്കിടെ കണ്ണുകൾ ഓടി നടക്കുന്നുണ്ട്.. പതറുന്ന മനസ്സിലെ ചിന്തകൾക്ക് കടിഞ്ഞാണിടാൻ അവൾ ആവതു ശ്രമിക്കുന്നുണ്ട്... പക്ഷെ എത്ര ശ്രമിച്ചിട്ടും അവനിലേക്ക് തന്നെ ചിന്തകൾ ഒഴുകിപ്പോകുന്നുണ്ട്... പക്ഷെ കാശിയാകട്ടെ ഒന്നും സംഭവിക്കാത്ത മട്ടിൽ ചപ്പാത്തി പരത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചു നിൽപ്പാണ്... ആഹാരം കഴിക്കാനായി ഇടുന്നപ്പോഴും ഇത് തന്നെയായിരുന്നു അവസ്ഥ... രണ്ടുപേരും നിശബ്ദരായിരുന്നു... കാശി കഴിക്കുന്നതിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു...

എന്നാൽ ലൈലയുടെ നോട്ടമാകട്ടെ അറിയാതെ തന്നെ അവനിലേക്ക് നീളുന്നുണ്ട്... "ഇന്നലെ അമ്മുവും ഫൈസിയും ഉള്ളപ്പോ നല്ല ബഹളമായിരുന്നില്ലേ.. ഇന്നിപ്പോ ആകെ ശോകം പോലുണ്ടല്ലേ....??!!" ടീച്ചർ ചോദിച്ചപ്പോൾ ലൈല അവരെ നോക്കി തലയാട്ടി അടുത്ത നിമിഷം തന്നെ കാശിയെയും നോക്കി.. അതേ സമയം തന്നെ കാശി അവളെയും നോക്കി.. നോട്ടങ്ങൾ തമ്മിൽ ഉടക്കിയപ്പോൾ പരിഭ്രമത്തോടെയവൾ കണ്ണുകൾ പിൻ വലിച്ചു... ഉറങ്ങാൻ കിടന്നപ്പോഴും ചിന്തകൾ മുഴുവനും കാശിയെ കുറിച്ചായിരുന്നു... പെട്ടെന്ന് തനിക്കിതെന്താണ് പറ്റിയതെന്ന് തലങ്ങും വിലങ്ങുമവൾ ആലോചിച്ചു... എന്തിനിങ്ങനെ കാശിയിൽ തന്നെ മനസ്സുടക്കി നിൽക്കുന്നു...??!! ചിലപ്പോൾ തന്റെ ലോകം തന്നെ അവരായത് കൊണ്ടാവാം.... മനസ്സിൽ മുളച്ചു പൊങ്ങിയ ഈ ഇഷ്ടം അതുപോലെ മണ്ണിട്ടു മൂടാവുന്നതേയുള്ളൂ... കാശിയേട്ടനും ടീച്ചറമ്മയുമില്ലെങ്കിൽ ചിലപ്പോൾ താനിന്നു ജീവിച്ചിരിക്കാൻ പോലും സാധ്യതയില്ല... അപമാന ഭാരം താങ്ങാൻ വയ്യാതെ മരിച്ചു പോയേനെ.... താൻ കാരണം ഒരിക്കലുമവർ വിഷമിക്കാൻ പാടില്ല... ആലോചനയോടെയവൾ കിടന്നു.... 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸

"ലൈലൂ... " കാറിൽ നിന്നും ചാടിയിറങ്ങി മുറ്റത്ത് വെള്ളമടിച്ചു കൊണ്ട് നിൽക്കുകയായിരുന്ന ലൈലയെ ഓടിച്ചെന്ന് കെട്ടിപ്പിടിച്ചു അമ്മു... "എന്റെ അമ്മൂസ് എത്തിയേ.... " തിരികെ ലൈലയുമവളെ കെട്ടിപ്പിടിച്ചു... കാറിൽ നിന്നുമിറങ്ങിയ ഫൈസാൻ ഈ രംഗവും വീക്ഷിച്ചു ചിരിയോടെ നിൽപ്പാണ്... ലൈലയെ തന്നെ ശ്രദ്ധിച്ചു നിൽപ്പാണവൻ... വന്നപ്പോഴുള്ള ലൈലയിൽ നിന്നും ഒരുപാട് മാറിയിട്ടുണ്ടവൾ... ഓജസ്സും തേജസുമൊക്കെയുണ്ടിപ്പോൾ... ആദ്യമായി കണ്ട ദിവസങ്ങളിൽ ഓജസ്സില്ലാതെ വിളറി വെളുത്ത ആകെ നിശബ്ദയായ ലൈലയെ ഓർത്തതും അവനിൽ ആശ്വാസം നിറഞ്ഞു... പുറത്തെ ബഹളം കേട്ട കാശി അകത്തു നിന്നും അവിടേക്ക് വന്നു... " ഇങ്ങോട്ട് വരാനായി രാവിലെ ചെവി തിന്നാൻ തുടങ്ങിയതായിരുന്നു.. ഒരു രക്ഷയമില്ല.... " ഫൈസി പറഞ്ഞതും അമ്മു അവനെ കൊഞ്ഞനം കുത്തി... അത് കണ്ടതും എല്ലാരും ഒരുമിച്ചു പൊട്ടി ചിരിച്ചു പോയി... " ഹായ് നല്ല മൊരിഞ്ഞ ദോശേടെ മണം... ടീച്ചറമ്മ ഓൺ ഡ്യൂട്ടിയിൽ ആണല്ലേ.. ബാ നമ്മൾക്ക് പോയി മുണുങ്ങാം... " ലൈലയുടെ കൈയും പിടിച്ച് പെണ്ണ് അകത്തേക്ക് നടന്നു... " ഞാനെന്നാൽ വൈകിട്ട് വരാം കാശി..

അപ്പൊ വണ്ടിയെടുക്കാൻ പോകാല്ലേ...??" " ഹാടാ അപ്പോ പോകാം.. നീ വന്ന് കഴിച്ചിട്ട് പോ ഫൈസി... " " ഇല്ലെടാ ഇപ്പോ തന്നെ ലേറ്റാ... ആാഹ്ഹ് മറന്നു... " അത്രയും പറഞ്ഞവൻ കാറിനു നേരെ നടന്നു... അതിൽ നിന്നുമൊരു കവറെടുത്ത് കാശിയ്ക്ക് നേരെ നീട്ടി.. " പറഞ്ഞത് പോലെ രണ്ടാൾക്കുമുള്ള ഫോണും സിം കാർഡും ഒക്കെയുണ്ട്.. " "താക്സ് ടാ..." "ഓഹ്ഹ് ആയിക്കോട്ടെ... എന്നാൽ ശരിയെടാ വൈകിട്ട് കാണാം...." യാത്ര പറഞ്ഞു കൊണ്ട് ഫൈസി കാറിൽ കയറി.. കാശി അകത്തേക്ക് കയറിയപ്പോൾ ലൈലയും അമ്മുവും അടുക്കളയിൽ സ്ലാബിന് മുകളിൽ കയറിയിരുന്ന് ദോശയുമായി പൊരിഞ്ഞ പോരാട്ടത്തിലാണ്.... അമ്മു അടുത്ത ദോശയെടുക്കാനായി എഴുന്നേറ്റ് ടീച്ചറുടെ അരികിലേക്ക് നടന്ന അവസരം നോക്കി കാശി ലൈലയുടെ പാത്രത്തിൽ നിന്നും ദോശ പൊട്ടിച്ചെടുത്ത് ചട്ണിയിൽ മുക്കിയെടുത്ത് വായിലേക്കിട്ടു... ലൈല അത്ഭുതത്തോടെ വാ പൊളിച്ചു കാശിയെ നോക്കിപ്പോയി.... "വാ അടച്ചു പിടിക്കെടി..." ഒരു കുസൃതി ചിരിയോടെ അവളെ നോക്കിക്കൊണ്ട് അവൻ പറഞ്ഞു............തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story