കാണാ മറയത്ത്..❤: ഭാഗം 2

kanamarayath

രചന: മീര സരസ്വതി

മെസെഞ്ചർ നോട്ടിഫിക്കേഷനിൽ നരിയുടെ മിസ്സ്ഡ് കാൾ കണ്ടതും പെണ്ണിനുള്ളം തുടികൊട്ടി.. പെട്ടെന്ന് തന്നേ തിരികെ കാൾ ചെയ്തു.. പക്ഷേ കണക്ട് ആയില്ല.. നരിയുടെ നമ്പറിലേക്ക് വിളിച്ചപ്പോൾ ഔട്ട്‌ ഓഫ് കവറേജും... അത്ര വരെ ഉണ്ടായിരുന്ന ആശ്വാസം ആവിയായി പോകുന്നതും തന്നിൽ എന്തെന്നില്ലാത്ത ഭീതി വന്നു നിറയുന്നതും അവളറിഞ്ഞു.. കാർപോർച്ചിൽ എത്തും വരെ മെസ്സഞ്ചറിലും വാട്സാപ്പിലും അവന്റെ നമ്പറിലോട്ടുമൊക്കെ മാറി മാറി വിളിച്ചു കൊണ്ടേയിരുന്നു പെണ്ണ്.... " എന്തിനാ നരീ എന്നെയിങ്ങനെ പരീക്ഷിക്കുന്നേ....??!! ഒരു മെസേജ് അല്ലേൽ ഒരു കോൾ.. തനിക്കൊന്നും പറ്റിയില്ലെന്ന് മാത്രം അറിഞ്ഞാൽ മതിയെനിക്ക്... " അത്രയും ടൈപ് ചെയ്തിടുമ്പോൾ അവളുടെ കണ്ണ് നിറഞ്ഞു തൂവി ഫോൺ സ്ക്രീനിലോട്ട് വീണിരുന്നു... ഫോണും കയ്യിൽ പിടിച്ചു വരുന്ന ലൈലയുടെ കലങ്ങിയ കണ്ണ് കണ്ടതും രേണു ഒന്ന് പേടിച്ചു... " ന്താടാ എന്താ പറ്റിയെ...?? നരി വിളിച്ചോ നിന്നെ..??!!!" " ങും.. മിസ്സ്ഡ് കാൾ ഉണ്ട്‌...

തിരിച്ചു വിളിച്ചപ്പോൾ നേരത്തേ പോലെ തന്നേ... എനിക്കാകെ പേടി തോന്നുവാ രേണു.. ആകെയൊരു ബേജാറ്.... " "ടെൻഷൻ ആവേണ്ട ലൈലൂ.... ആൾക്ക് പ്രശ്നങ്ങൾ ഒന്നും കാണില്ല.. മിസ്സ്ഡ് കോളെങ്കിലും വന്നല്ലോ... റേഞ്ച് പ്രോബ്ലംസ് എന്തേലുമാവും.. വിളിച്ചോളും..." " മ്മ്ഹ്ഹ്... " " നമുക്കിറങ്ങാം ലൈലൂ.. സമയം ആറാകുവാ... ഇന്നിനി നിന്റെ ഉപ്പാടെ വായേൽ ഇരിക്കുനത് മുഴുവനും കേൾക്കേണ്ടി വരുമല്ലോ... " അപ്പോഴാണ് ലൈല സമയം ഒന്ന് ശ്രദ്ധിച്ചത്.. വീട്ടിലെ ലഹള ആലോചിച്ചപ്പോൾ തന്നേ നെഞ്ചകം പെരുമ്പറ മുഴക്കി തുടങ്ങിയിരുന്നു... " ആഹ് പിന്നെയിന്ന് കോളേജിൽ സ്ട്രൈക്ക് ആയിരുന്നു.. നിന്റുപ്പ മിക്കവാറും അറിഞ്ഞു കാണും.. എന്റെ വീട്ടിൽ ആയിരുന്നുവെന്ന് പറഞ്ഞാൽ മതിട്ടോ... " പറഞ്ഞു തീർന്നതും വീട്ടിൽ നിന്നും കോൾ എത്തിയിരുന്നു... "ദാ ഉമ്മ... ഒരു പത്തു മിനിറ്റ്... ഞാനിതാ എത്തി..." " പെട്ടെന്ന് വണ്ടിയെടുത്തോ രേണു.. ഉപ്പ കയറു പൊട്ടിച്ചു തുടങ്ങിയെന്ന്... മിക്കവാറും ഇന്ന് തിരണ്ടി വാല് വെച്ച് നല്ലത് കിട്ടും... വല്യുമ്മയുള്ളതാ ഏക ആശ്വാസം...

മൂപ്പത്തിയാര് ഇടയ്ക്ക് കേറും... അതൊക്ക രേവമ്മയും അച്ഛനും.. വീട്ടിലെത്താൻ എത്ര വൈകിയാലും അവര് നിന്നെയെന്താടി ഒന്നും പറയാത്തെ...??!!" " വെറും വിശ്വാസം..... " " വിശ്വാസം... ഒഞ്ഞു പോയെടി... വെറും ഉടായിപ്പിന് കയ്യും കാലും വെച്ച നിന്നെയവർക്ക് വിശ്വാസം... ഇത് വിശ്വസിക്കാൻ നീ വേറെ ആളെ നോക്ക് പെണ്ണേ.... " " ഉഫ് സെഡ് ലൈഫ്.. വന്ന് വന്നിപ്പോ ആർക്കുമെന്നെ വിശ്വാസം ഇല്ലാണ്ടായി.... " അവളുടെ സംസാരത്തിൽ അപ്പോഴത്തെ അന്തരീക്ഷത്തിൽ അയവു വന്നെങ്കിലും വണ്ടിയിലിരുന്ന് ലൈല ചിന്തിച്ചത് മുഴുവൻ ഉപ്പയോട് എന്ത് കള്ളം പറഞ്ഞു ഫലിപ്പിക്കുമെന്നതിനെ കുറിച്ചാണ്... ആൾക്ക് പെട്ടെന്ന് ദേഷ്യം വരും... ഒരു സാധാരണ ഓർത്തൊഡോക്സ് മുസ്ലിം കുടുംബമാണ് ലൈലയുടേത്... വിശ്വാസവും അനുഷ്ടാനങ്ങളും മുറുകെ പിടിക്കുന്നവർ.. അത്കൊണ്ട് തന്നെ അതിർവരമ്പുകൾ ഒരുപാടുണ്ട്... റോഡരികിലായാണ് ലൈലയുടെ വീട്... വീടിനു മതിലായുള്ളത് അവളുടെ ഉപ്പയുടെ പേരിൽ തന്നെയുള്ള കടമുറികളാണ്... അതിനിടയിലൂടെ വീട്ടിലേക്കുള്ള വഴിയും ഒരു ഗേറ്റും ഉണ്ടെങ്കിലും ആ വീട് പുറമെ നിന്ന് നോക്കിയാൽ കാണുകയില്ല... അതിനു ലൈലയുടെ ഉപ്പ വിളിക്കുന്ന പേരാണ് വീടിന്റെ സ്വകാര്യത...

വീട്ടിൽ എന്ത് ബഹളം നടന്നാലും ആൾക്കാർ അറിയരുത് അതാണ്‌ ആളുടെ ഭാഷ്യം... റോഡരികിൽ രേണു വണ്ടി നിർത്തിയതും അവളോട് യാത്ര പറഞ്ഞു ലൈല ധൃതിയിൽ മുന്നോട്ട് നടന്നു...ഗേറ്റ് കടന്നു പകുതി എത്തിയതും ഉപ്പയുടെ ശബ്ദം കേൾക്കാം... നല്ല കോപത്തിലാണ് ആളെന്ന് ഉറപ്പായി... ഉമ്മറ കോലായിൽ കൈ രണ്ടും പിന്നിൽ കെട്ടി ഉലാത്തുകയാണ് ആലി ഹാജി... ചെഷ്ടകൾ കണ്ടാൽ അറിയാം ദേഷ്യത്താൽ വിറക്കുകയാണെന്ന്.... " ആഹ്ഹ വരുന്നുണ്ട് ഒരുമ്പെട്ടോള്.... എവിടെ പോയി കിടക്കുവാരുന്നെടി ഇത്രയും നേരം..." ഉപ്പയാണ്... അടുത്തായി വല്യുമ്മ ഇരിപ്പുണ്ട്... വാതിൽ മറവിൽ ഉമ്മയും.... " രേ... രേണുവിന്റെ വീട്ടിലായിരുന്നു... " " നേര് പറഞ്ഞോ ലൈലാ... രണ്ടാളും അവിടില്ലാരുന്നു.... പള്ളീന്നു വരുന്ന വയ്യില് വെച്ച് രാകേഷിനെ ഞാൻ കണ്ടതാ...." "ടീച്ചറമ്മേടെ.... വീട്ടിലായിരുന്നു..... കാശിയേട്ടന് ആക്‌സിഡന്റ് പറ്റിയെന്ന് അറിഞ്ഞപ്പോ ടീച്ചറമ്മേടെ കൂടെ പോയതാ..." ഇനിയിപ്പോ കള്ളങ്ങൾ നിരത്തിയിട്ട് കാര്യമില്ലെന്ന് മനസ്സിലായത് കൊണ്ട് ലൈല പേടിയോടെ പറഞ്ഞൊപ്പിച്ചു.. അത്‌ കേട്ടതും ആലി ഹാജിയുടെ മുഖം കോപത്താൽ തുടുത്തു.. കണ്ണുകൾ ചുവന്നു.... പിന്നെയൊറ്റ അലർച്ചയായിരുന്നു....

"ലൈലാ......... കണ്ട കാഫിറീങ്ങളുടെ പെരേലൊക്കെ കേറിയെറങ്ങി നടന്നോളും... നിന്നോട് എത്ര പറഞ്ഞാലും മനസ്സിലാകൂലെ....??? കെട്ട് പ്രായമായ പെണ്ണാണെന്ന് ഓർമ വേണം... ഓരോരോ ഫിത്ന വരുത്തി വെക്കാനായിട്ട്.. ഓന് ആക്‌സിഡന്റ് ആയാൽ നിനക്കെന്താ..?? നീയെന്തിനു പോണം...??!!" ഇനിയിപ്പോൾ എന്ത് പറഞ്ഞാലും അതിൽ പിടിച്ചു ആക്രോഷിക്കുമെന്നതിനാൽ തന്നെയും തല താഴ്ത്തി നിശബ്ദയായി ലൈല നിന്നും... " അന്നേ ഉമ്മയോട് പറഞ്ഞതാ പാട്ടും വേണ്ടാ ഒരു കോപ്പും വേണ്ടാന്ന്... കേട്ടില്ല... ഇനി നാട്ടാരുടെ വായിന്നു പറയിക്കുമ്പോൾ പഠിച്ചോളും.... മഗ്‌രിബ് സമയം വരെയും ഒരു കാഫിറിന്റെ വീട്ടിൽ അതും ഒരു വാല്ല്യേക്കാരൻ ചെക്കനുള്ളിടത്ത്... ഇന്നത്തോടെ നിർത്തിക്കോണം ഓളെയൊരു പഠിപ്പ്.... കോളേജിലൊന്നും പോയില്ലേലും ഒന്നൂല്ല.. ഉമ്മാന്റെ കൂടെയിരുന്ന ചോറും കൂട്ടാനും വെക്കാൻ പഠിക്ക്... നാളെ ഏതേലും ഒരുത്തന്റെ അടുക്കളയിൽ ജീവിക്കാനുള്ള പഠിപ്പൊക്കെ മതിയിനി.." അത്രയും കേട്ടതെ ലൈലയുടെ കണ്ണ് നിറഞ്ഞു ഒഴുകി തുടങ്ങിയിരുന്നു.. അവൾ അപേക്ഷാ സ്വരത്തിൽ വല്ല്യമ്മയെ നോക്കി... " മതി.. നിർത്ത്... കാഫിർ.. കാഫിർ... ഓലെന്താ മൻച്ചരല്ലേ...

നിങ്ങൾടെയെല്ലാം ഈ നിരീച്ചൽ കൊണ്ടാണ് ഈ ദുനിയാവ് നന്നാവാത്തത്... ഞമ്മയെല്ലാം ചെറുപ്പത്തിൽ കളിച്ചു വളർന്നത് ഈ കാഫരിങ്ങളുടെ കൂടെയാ.. കിട്ടുന്ന അന്നം പകുത്ത് കൈച്ചത് കാഫിരിങ്ങളെന്നോ നമ്മടെ കൂട്ടരേന്നോ ഒള്ള ചിന്തയൊന്നും ഇല്ലാതെയാ... നീ കുറച്ചൂസം മുന്നേ ഒരു വയള് വെച്ചല്ലോ.. ഞാനും കേട്ടതാ അത്‌... നമ്മടെ റസൂലിനെ പള്ളീൽ പോന്ന വൈക്ക് എന്നും കല്ലെറിഞ്ഞിരുന്ന ഒരു ജൂത പെൺകുട്ടിയെ ഒരൂസം കാണാതായപ്പോൾ അന്വേഷിച്ചു അവളുടെ വീട്ടിൽ ചെന്നിരുന്ന റസൂലിന്റെ കഥ.. മതം നോക്കിയില്ല നബി.. തന്നേ ഉപദ്രവിച്ച കുട്ടിയാണെന്ന് ഓർത്തു വൈരാഗ്യം വെച്ചില്ല മുത്ത് നബി... ആ നബീടെ പാത പിന്തുടരുന്നോർ ആണെന്നും പറഞ്ഞു മൻചന്മാരെ തരംതിരിക്കുന്നോ..? മൻചരെ മൻചരായി കാണാനും രോഗികളെ കാണാൻ പോകാനും... വല്യവരെ ബഹുമാനിക്കാനും ചെറിയവരെ സ്നേഹിക്കാനുമൊക്കെ നമ്മളെ കിതാബും ഹദീസുമൊക്കെ പഠിപ്പിച്ചു തന്നത് അത്‌ നമ്മടെ മതക്കാരാണോ നോക്കി ചെയ്യാനല്ല.... അവരെ മേത്തൂടെ ഒഴുകുന്നതും നമ്മടെ മേത്തൂടെ ഒഴുകുന്നതുമെല്ലാം ചോപ്പ് ചോര തന്നെയാ.... കാശിക്ക് അപകടം വന്നപ്പോ ടീച്ചറുടെ കൂടെ പോയി അതല്ലേ...

അതിനിത്ര ദേഷ്യപ്പെടാൻ ഒന്നൂല്ല.. നാട്ടാർക്ക് പറയാനാണോ വിശ്യങ്ങൾ കിട്ടാത്തത്.... ലൈലൂ... നീ അകത്തോട്ടു കേറിപ്പോ.... " രക്ഷകയായി വല്യുമ്മ വന്നതും ആ ആശ്വാസത്തിൽ പെണ്ണ് മുകളിലെ നിലയിലേക്കുള്ള പടികൾ ഓടിക്കയറി.... അവള് പോകുന്നത് ഒരു നെടുവീർപ്പോടെ നോക്കി കൊണ്ട് അവളുടെ ഉമ്മ അടുക്കള ലക്ഷ്യമാക്കി നടന്നു... മുറിയിലേക്ക് കയറിയ ഉടനെ തട്ടവും ബാഗും ബെഡിലേക്ക് വലിച്ചെറിഞ്ഞു പെണ്ണ്... ടേബിളിന് മുകളിൽ വെച്ചേക്കുന്നേ ജഗിൽ നിന്നും വെള്ളം വായിലോട്ടു കമിഴ്ത്തി... അത്‌ വരെ ഉണ്ടായിരുന്ന പരവേശം ഒന്ന് കെട്ടടങ്ങിയതും ബാഗിൽ നിന്നും ഫോണെടുത്തു ഒരു വട്ടം കൂടി നരിയുടെ നമ്പറിലോട്ട് വിളിച്ചു... ഫോൺ അപ്പോഴും ഔട്ട്‌ ഓഫ് കവറേജ് ഏരിയ ആയിരുന്നു... വാട്സാപ്പ് എടുത്തു നോക്കിയപ്പോൾ മുന്നേ അയച്ച മെസേജ് ഡെലിവെഡ് ആയത് പോലുമില്ലെന്ന് കണ്ടു.. മെസ്സഞ്ചർ എടുത്ത് നോക്കിയപ്പോൾ ആ ചാറ്റ് ബോക്സിൽ അവസാനമായി കിടന്നിരുന്നത് കുറച്ചു മുന്നേയുള്ള അവന്റെ മിസ്സ്ഡ് കാളാണ്.... " നരീ... എവിടെയാടോ...?? നീ വരാത്തതിൽ എനിക്ക് പിണക്കമൊന്നും ഇല്ല... നീ സേഫ് ആണെന്ന ഒരു വാർത്ത മാത്രം കേട്ടാൽ മതി... പ്ലീസ് നരീ....

നിന്റെ ഒരു ഓയ് എങ്കിലും അയച്ചാൽ മതി.... " അത്രയും ടൈപ്പ് ചെയ്ത് ലൈല അവന് മെസ്സഞ്ചറിൽ അയച്ചു..... നരിക്ക് എന്തേലും അപകടം പറ്റിക്കാണുമെന്ന് അവളുടെ മനസ്സ് മന്ത്രിച്ചു കൊണ്ടേയിരുന്നു... എന്തെങ്കിലും അറിഞ്ഞിരുന്നേൽ.... ഓർക്കും തോറും മനസിലാകെയൊരു വിങ്ങൽ പോലെ.. ശ്വാസം വിലങ്ങി നിൽക്കും പോലെയൊക്കെ.. പൊട്ടിക്കരയണമെന്ന് ആഗ്രഹിച്ചിട്ടും കരച്ചിൽ തൊണ്ടക്കുഴിയിൽ വിലങ്ങി നിൽക്കും പോലെ... തലയിണയിൽ മുഖം പൂഴ്ത്തി വെച്ചു കിടന്നു പെണ്ണ്.... മുടിയിഴകളിലൂടെയുള്ള നേർത്ത തലോടൽ അറിഞ്ഞതും ലൈല തലയുയർത്തി നോക്കി... ഉമ്മയാണ്.... ഒരാശ്വാസത്തിന് എന്ന പോലെ ആ മടിയിലോട്ട് തലയെടുത്തു വെച്ചു... മകളുടെ നെഞ്ചിലെ നീറ്റൽ ആ ഉമ്മയിലേക്കും പടർന്നത് പോലെ അരുമയായി അവളുടെ തലയിലൂടെ വിരലോടിച്ചു അവർ.. " ഉപ്പ ദേഷ്യപ്പെട്ടതൊന്നും മോള് കാര്യാക്കേണ്ടാ.... മക്കള് നന്നായിക്കാണാനുള്ള ആഗ്രഹം കൊണ്ട് ഓരോന്ന് പറീന്നതല്ലേ... അങ്കുട്ട്യോൾ ആയിട്ടും നിന്റെ ലമീസിക്കാനേം ഇജാസിക്കാനേം തല്ലിയാ ഉപ്പ വളർത്യേ.. അതിന്റെ കൊണം അവർക്കുണ്ട്‌ താനും... " "ആഹ് ഉമ്മാ...."

"ലമീസും ഹയ മോളും അടുത്ത മാസം വരാ പറഞ്ഞ് വിളിച്ചിട്ടുണ്ട്... നിനക്കെന്താ വേണ്ടെച്ചാൽ ഫോണിൽ ലിസ്റ്റിട്ട് അയക്കാൻ ഓല് പറഞ്ഞ്... " " ഹ്മ്മ്... ഇക്കാനെ ഞാൻ വിളിച്ചേക്കാം.." " പോയി കുളിച്ച് നിസ്കരിച്ചിട്ടൊക്കെ വാ ന്റെ ലൈലൂ... ഉമ്മ കായ വാട്ടി വെച്ചിട്ടുണ്ട്... വന്നു ചായ കുടിക്കാൻ നോക്ക്.... " ലൈലയെ ഉന്തി തള്ളി കുളിക്കാൻ പറഞ്ഞ് വിട്ട് അവര് മുറി വിട്ടു.. ഷവറിന് കീഴിൽ നിൽക്കുമ്പോൾ അതുവരെ വിലങ്ങി നിന്ന കരച്ചിൽ ചീളുകൾ പെരുമഴയായി ഷവർ വെള്ളത്തിനൊപ്പം അലിഞ്ഞു ചേർന്നിരുന്നു.... കുളി കഴിഞ്ഞ് ഇറങ്ങിയ ഉടനെ പെണ്ണ് പിന്നെയും മൊബൈൽ കയ്യിലെടുത്തു.. മെസ്സഞ്ചറിൽ നരിയുടെ പ്രൊഫൈൽ പിക്കിന് വലത്തേ അരികിൽ തെളിഞ്ഞു കത്തിയ പച്ച വെളിച്ചത്തിൽ കണ്ണുടക്കിയതും തലയിലൂടെ മിന്നൽ പിണർ കടന്നു പോയി... സന്തോഷത്തോടെ ചാറ്റ് ബോക്സ്‌ തുറന്നു.. തന്റെ മെസ്സേജുകളൊക്കെയും ആളു കണ്ടിട്ടുണ്ട്.... "Koii...." " നരീ.... " "Hlo...." "Hoii...." "എവിടെയാ....??" "എന്നോടെന്താ മിണ്ടത്തെ...??!!" " ഒന്ന് മിണ്ട് നരീ... " " എന്നെയിങ്ങനെ പരീക്ഷിക്കല്ലേ.... " പിന്നെയും ട്രെയിൻ പോലെ നിറയെ മെസേജുകൾ അയച്ചു പെണ്ണ്....

ഡെലിവേർഡ് ആയെങ്കിലും നരി അതൊന്ന് തുറന്നു നോക്കുന്നു പോലുമില്ല.. ദേഷ്യമോ സങ്കടമോ ഒക്കെയും തോന്നിപ്പോയി പെണ്ണിന്... കൈ കോൾ ബട്ടനിൽ അമരുമ്പോൾ പഴയത് പോലെ ആദ്യ റിങ്ങിൽ തന്നേ അവൻ എടുക്കുമെന്ന പ്രതീക്ഷയായിരുന്നു അവൾക്ക്... റിങ് ഒരു റൗണ്ട് അടിച്ചു കട്ടായതും പെണ്ണിൽ നിരാശ വന്നു നിറഞ്ഞു... പിന്നെയും ഒരു വട്ടം കൂടി വിളിച്ചിട്ടും അത്‌ തന്നെയവസ്ഥ... " എന്തിനാ എന്നെയിങ്ങനെ അവഗണിക്കുന്നെ...??!! എന്റെ ഭാഗത്തു നിന്നു എന്തേലും വീഴ്ച വന്നോ....?? ഞാൻ വിഷമിപ്പിച്ചോ...??!! വെറുപ്പിച്ചോ..???!!! ഈ അവഗണന എനിക്ക് താങ്ങാൻ പറ്റുന്നില്ല നരീ..... ഒന്ന് മനസ്സിലാക്കെടോ.... " അപേക്ഷാ സ്വരത്തിൽ ലൈല വോയിസ്‌ മെസ്സേജ് അയച്ചു... രണ്ട് സെക്കന്റ്‌ തികഞ്ഞില്ല.. ആ അക്കൗണ്ട് ഡിലീറ്റ് ആയേക്കുന്നു.... ലൈലയ്ക്ക് ആകെ തല കറങ്ങും പോലെയോ ബോഡി തളരും പോലെയോ ഒക്കെ അനുഭവപ്പെട്ടു... എന്ത് ചെയ്യണമെന്ന് അറിയാത്തൊരു അവസ്ഥയിലായി അവൾ... ഒരാശ്വാസ വാക്കിന് എന്നോണം ലൈല രേണുവിനെ വിളിച്ചു... കാര്യങ്ങൾ അറിഞ്ഞതും രേണു പൊട്ടിത്തെറിച്ചു... " എനിക്ക് അപ്പോഴേ അറിയാം ഇതൊക്കെ ഇങ്ങനെയേ നടക്കുള്ളൂ എന്ന്...

അന്നേ ഞാൻ പറഞ്ഞതല്ലേ അത്‌ കല്യാണമൊക്കെ കഴിഞ്ഞ ഏതേലും കിളവൻ ആകുമെന്ന്... പറ്റിക്കാൻ നിന്നു കൊടുക്കേണ്ടെന്ന്.... ഒരു നരിയും കരിയും... തേങ്ങാ... അനുഭവിച്ചപ്പോൾ എന്തായി...??!!" അവളുടെ കോപം ഉച്ഛസ്ഥായിയിൽ എത്തിയതും ലൈല വിങ്ങിപ്പൊട്ടിപ്പോയി... അവളുടെ കരച്ചിൽ രേണുവിന്റെ ഉള്ളമുലച്ചു... " നീയിങ്ങനെ കരയല്ലേ ലൈലൂ... അവനേത് ഉഗാണ്ടയിൽ പോയി ഒളിച്ചാലും നമുക്കവനെ പൊക്കാം... അവനെ വലിച്ചു കീറി ഭിത്തിയിൽ ഒട്ടിക്കാം... നീ കരച്ചിലൊക്കെ മാറ്റി വെച്ച് ഉമ്മയോടൊപ്പം ചെന്നെ.. വല്യുമ്മേടെ സംസാരം കേട്ടിരിക്ക്... തല്ക്കാലം ആ ഫോണൊക്കെ ഒന്ന് മാറ്റി വെക്ക്... " "മ്മ്.... ഹ്ഹ...." " കും അല്ലാ... ഫോൺ മാറ്റിവെക്ക്... ഞാൻ വിളിച്ചാൽ മാത്രമല്ലാതെ ഇന്നിനി ഫോൺ എടുക്കേണ്ടൂ... കേട്ടല്ലോ...?? " സമ്മതം അറിയിച്ചു കൊണ്ട് ഫോൺ ലൈല മാറ്റിവെച്ചു... തലയിൽ ചുറ്റി വെച്ചിരുന്ന തോർത്തെടുത്ത് കണ്ണാടിയുടെ മുന്നിൽ ചെന്നു നിന്ന് തോർത്തുവാൻ ആരംഭിച്ചു.... കണ്ണാടിയിൽ കാണുന്ന തന്റെ പ്രതി ബിംബത്തോട് തന്നേ അവൾക്ക് പുച്ഛം തോന്നി...

തന്റെ പ്രതിബിംഭം നൂറായി തന്നേ നോക്കി ആർത്തട്ടഹസിക്കും പോലെ.. ഒരു പരിചയവുമില്ലാത്ത ഒരുവനെ വിശ്വസിച്ച അവളോട് തന്നെയവൾക്ക് ദേഷ്യം തോന്നി... പക്ഷേ ഒരു നിമിഷത്തിനപ്പുറം ആ ദേഷ്യം ആവിയായി പോകുന്നതറിഞ്ഞു പെണ്ണ്.. പിന്നെയും അവനോടുള്ള സ്നേഹം നിറഞ്ഞു നിൽക്കും പോലെ... "എന്റെ മുന്നിൽ പ്രത്യക്ഷപ്പെടാൻ വയ്യാത്ത എന്തേലും കാരണം കാണും... അക്കൗണ്ട് കളയാനും അവന്റേതായ റീസൺ എന്തേലും കാണും... നരി വരും വരാതിരിക്കില്ല.... അത്രയേറെ എന്നെ സ്നേഹിച്ചതല്ലേ...??!!എന്റെ നരിയല്ലേ...??!! " പ്രതീക്ഷയോടെ കൈകൊണ്ട് കണ്ണുകൾ രണ്ടും അമർത്തി തുടച്ചു.. കണ്ണാടി നോക്കി ചിരിക്കാൻ ശ്രമിച്ചെങ്കിലും പ്രതീക്ഷകൾ അസ്തമിച്ചവളുടെ വിളറിയ ചിരിയാണ് ആ ചുണ്ടിൽ പ്രത്യക്ഷപ്പെട്ടത്... " നിനക്കായ്‌ ഞാനൊരു രൂപം പകുത്തു വെച്ചിട്ടുണ്ട് ശിവൂ... എനിക്കുറപ്പാ ആ രൂപത്തിൽ ഒരു മാറ്റവും നിനക്കുണ്ടാകില്ലെന്ന്... ഞാൻ വരുമ്പോ അതും കൊണ്ടേ വരുള്ളൂ... നീ ഞെട്ടും നോക്കിക്കോ... " നരിയുടെ വാക്കുകൾ ഓർത്തു പെണ്ണ്.......തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story