കാണാ മറയത്ത്..❤: ഭാഗം 20

kanamarayath

രചന: മീര സരസ്വതി

കാശി അകത്തേക്ക് കയറിയപ്പോൾ ലൈലയും അമ്മുവും അടുക്കളയിൽ സ്ലാബിന് മുകളിൽ കയറിയിരുന്ന് ദോശയുമായി പൊരിഞ്ഞ പോരാട്ടത്തിലാണ്.... അമ്മു അടുത്ത ദോശയെടുക്കാനായി എഴുന്നേറ്റ് ടീച്ചറുടെ അരികിലേക്ക് നടന്ന അവസരം നോക്കി കാശി ലൈലയുടെ പാത്രത്തിൽ നിന്നും ദോശ പൊട്ടിച്ചെടുത്ത് ചട്ണിയിൽ മുക്കിയെടുത്ത് വായിലേക്കിട്ടു... ലൈല അത്ഭുതത്തോടെ വാ പൊളിച്ചു കാശിയെ നോക്കിപ്പോയി.... "വാ അടച്ചു പിടിക്കെടി..." ഒരു കുസൃതി ചിരിയോടെ അവളെ നോക്കിക്കൊണ്ട് അവൻ പറഞ്ഞു.. അവളുടെ അരികിലായി സ്ലാബിൽ കയറിയിരുന്നതിനു ശേഷമവൻ ഫൈസി കൊടുത്ത കവറിൽ നിന്നും ഒരു ഫോണെടുത്ത് സിം ഒക്കെയിട്ട് സെറ്റ് ചെയ്യാൻ ആരംഭിച്ചു... "അമ്മാ.. ഒന്നിങ്ങു വന്നേ..." കാശി വിളിച്ചതും ടീച്ചറും അമ്മുവും അവന് അരികിലായി വന്നു നിന്നു... "ദാ, അമ്മയ്ക്കുള്ള ഫോൺ... ഇതിലിപ്പോ എന്റെയും ശരത്തിന്റെയും നമ്പർ മാത്രമേയുള്ളൂ.. ബാക്കി നമ്പേഴ്സ് ഞാൻ പതിയെ ഫീഡ് ചെയ്തു തരാം..."

കയ്യിൽ ഫോൺ വെച്ച് കൊടുത്തതും ടീച്ചർ സന്തോഷത്തോടെ ചിരിച്ചു... "ശരത്തിനോട് പറഞ്ഞ് എന്റെ പിള്ളേരുടെ നമ്പർ ഒപ്പിക്കണമെടാ... ആരോടും പറയാതെ വന്നതല്ലേ...!!" "അതൊക്കെ നമുക്ക് റെഡ്യാക്കാന്നേ...." കവറിൽ നിന്നും അടുത്ത ഫോൺ എടുക്കുന്നതിനിടയിൽ ഒരീണത്തിൽ കാശി പറഞ്ഞു... "ദാ, ഇത് നിനക്കാ.. സിമും കൂടെയുണ്ട്... ബാക്കിയൊക്കെ തന്നെ സെറ്റാക്കില്ലെ....??" ബോക്സോട് കൂടെ പുതിയ ഫോണും സിമും ലൈലയുടെ കയ്യിൽ വെച്ച് കൊടുത്തവൻ ചോദിച്ചതും അവൾ തലയാട്ടി... "ആഹ്ഹ്‌ പിന്നെ, പഴയത് പോലെ എഴുതാൻ തുടങ്ങണം ലൈലൂ... ശിവന്യയിൽ ഇരുന്ന് തന്നെ വേണം എഴുതാൻ... " "വേറെ അക്കൗണ്ട് എടുക്കാം കാശിയേട്ടാ... എനിക്ക്... എനിക്കിനി ശിവ വേണ്ടാ..." "നിന്നെ ഇഷ്ടപ്പെടുന്ന വായനക്കാർ ഒരുപാടുള്ളതല്ലേ...?? അവരെ നിരാശപ്പെടുത്തരുത്‌... ഒരു കാര്യം ശ്രദ്ധിച്ചാൽ മതി ലൈലൂ... മെസഞ്ചർ ഉപയോഗിക്കേണ്ട.. ആ നാറിയോട് ഞാൻ ചാറ്റ് ചെയ്തോളാം...

അവൻ അയക്കുന്ന മെസ്സേജുകൾ കാണുമ്പോൾ നിനക്ക് ടെൻഷൻ കൂടേ ഉള്ളൂ...!!" അവൻ പറഞ്ഞത് മുഴുവനുമവൾ മൂളിക്കേട്ടു... "അമ്മാ ഞാനൊന്ന് പുറത്തു പോയി വരാം..." സ്ലാബിൽ നിന്നും ചാടിയിറങ്ങി മുന്നോട്ട് നടക്കുന്നതിനിടയിൽ കാശി വിളിച്ചു പറഞ്ഞു.. "കഴിച്ചിട്ട് പോ കാശീ...." "വന്നിട്ടാവട്ടെ.... പെട്ടെന്ന് വരാം..." പോകുന്നതിനിടയിൽ ദോശയുമായി വന്നിരുന്ന അമ്മുവിൻറെ തലയിലൊരു കൊട്ടുകൊടുക്കാനും അവൻ മറന്നില്ല... "കാശിയേട്ടാ..." ഓരു പ്രത്യേക ഈണത്തിൽ അമ്മു വിളിച്ചതും അവൻ കുസൃതി ചിരിയോടെ പുറത്തേക്ക് നടന്നു.... 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 മൊബൈൽ സെറ്റ് ചെയ്തയുടനെ ലൈല ഫസീനയെ വിളിച്ചു... " ഇപ്പോ എല്ലാരും നിന്റെ കാര്യം മറന്ന മട്ടാ ലൈലൂ.. ലമീസും ഹയയും നാട്ടിൽ വരുന്നുണ്ട്.. ഞാൻ തിരിച്ചു പോകും മുന്നേ അവരെത്തുമെന്നാ കേട്ടത്.. റൈഹാൻ പിന്നെ പഴയ പടി തന്നെ.. വല്ല്യുമ്മ മുഖത്തു തുപ്പിയതല്ലേ, അതിന്റെ ദേഷ്യം കാണും.... മൂത്താപ്പയും പഴയ പോലെ തന്നാ... നിനക്ക് കൂട്ട് നിന്നെന്ന് പറഞ്ഞ് വല്ല്യുമ്മയോട് മിണ്ടാറു പോലൂല്ല...." "എന്നോടുള്ള ദേഷ്യൊന്നും ആർക്കും മാറാനൊന്നും പോണില്ലല്ലേ ഇത്താ...??!!"

പറയുമ്പോൾ അവളുടെ തൊണ്ടക്കുഴിയിൽ ഒരു ഗദ്ഗദം വന്നു വിങ്ങി... തന്റെ വേണ്ടപ്പെട്ടവർക്ക് താനിപ്പോൾ തീർത്തും വേണ്ടാത്തവളായി മാറീലോ...!! വല്ലാതെ നെഞ്ചു നീറിയവൾക്ക്... " നിങ്ങൾക്കൊരു കുഞ്ഞ് പിറന്നോട്ടെ ഈ ദേഷ്യങ്ങളൊക്കെ ആവിയായിക്കോളും ലൈലൂ..." അത് കേട്ടതും ലൈലയ്ക്ക് ചിരി വന്നുപോയെങ്കിലും എന്തു കൊണ്ടൊ അത് തിരുത്തിപ്പറയാൻ അവൾക്ക് തോന്നിയില്ല... "ഈ നമ്പർ ആരുമറിയാതെ ഉമ്മയ്ക്ക് കൊടുത്തേക്കണേ ഫസീനത്താ... സൗകര്യം കിട്ടുമ്പോ വിളിച്ചോളാൻ പറയ്...." ലൈല പറഞ്ഞവസാനിപ്പിച്ചു... ഫോൺ വെച്ചയുടനെ രേണുവിനെ വീഡിയോ കോൾ ചെയ്തു... അമ്മുവും രേണുവും പെട്ടെന്ന് കൂട്ടായി.. ഒരേ വൈബുള്ള ആൾക്കാർ ആയതിനാലാവും പറഞ്ഞു ചിരിക്കാൻ ഒരുപാട് കാര്യങ്ങൾ ഉണ്ടായിരുന്നു.. "ലൈലൂ ഫൈനൽ എക്സാമിനു ഇനി ഒന്നരമാസം കൂടിയല്ലേയുള്ളൂ.. നീ എക്സാം എഴുതാൻ വരില്ലേ...??" "എനിക്കറിയില്ല രേണൂ... എങ്ങനെ വരാനാ...??!!" അവൾ നിരാശയോടെ കൈ മലർത്തി... "അതൊക്കെ നമ്മുടെ കാശി ബ്രോ വിചാരിച്ചാൽ ഈസിയായി നടക്കും... യൂ ജസ്റ്റ് ചിൽ യാർ....!!" "പിന്നല്ല...!!" അമ്മു പറഞ്ഞപ്പോൾ രേണു അവളെ പിന്താങ്ങി...

" നോട്സ് ഒക്കെ ഞാൻ വാട്സാപ്പ് ചെയ്തേക്കാം ലൈലൂസേ... നീ പഠിക്കാൻ നോക്ക്..." "അല്ലെടി രേണൂ, നീയും അവിടെയൊരാളെ സെറ്റാക്കി പ്രശ്നം ഉണ്ടാക്ക്... എന്നിട്ട് നേരെയിങ്ങ് കേറിപ്പോര്... നമുക്കിവിടെ പൊളിക്കാന്നെ...." "ഉയ്യോ അമ്മൂസേ, അതവിടെ ഏശില്ല... ഇവളോരുത്തനെ ഇഷ്ടപ്പെട്ട്‌ കൊണ്ട് ചെന്നെങ്കിൽ കാര്യങ്ങൾ ഈസി ആയേനെ പറഞ്ഞു നിൽക്കുന്ന ഒരഡാർ ഫാമിലിയാണ് ഇവളുടേത്‌...!!! " "ശെയ്.... അതൊട്ടും ശരിയല്ലാലോ... എന്നാ പിന്നെ നീയൊരു കാര്യം ചെയ്യ് രേണൂ, അടുത്ത വണ്ടിക്ക് തന്നെ ബാംഗ്ലൂർക്ക് പിടിച്ചോ.. നമുക്കിവിടെ പൊളിക്കാന്നെ...." "അത് നല്ലൊരിതാണ്... !!! ഏതായാലും കുറച്ചൂസം കഴിഞ്ഞാൽ സ്റ്റഡി ലീവ് വരുല്ലൊ.. അപ്പൊ കമ്പൈൻ സ്റ്റഡിയുടെ പേരും പറഞ്ഞ് അങ്ങെത്തിയേക്കാം..." "നെക്സ്റ്റ് ഇയർ നമുക്ക് മൂന്നാൾക്കുമിവിടെ പിജി ചെയ്യാല്ലേ ലൈലൂ... പൊളിയായിരിക്കും...!!" അമ്മു പറഞ്ഞപ്പോൾ ലൈലയുമത്‌ ശരി വെച്ചു... "അല്ല അമ്മൂസ്, നീയെന്താ ഈ വർഷം പിജി ചെയ്യാതിരുന്നേ...??"

" അതോ ഞാൻ സൈക്കോളജിയിൽ പിജി ഡിപ്ലോമ ചെയ്തു.. അത് സിക്സ് മന്ത് കോഴ്സ് ആരുന്നേ.. ഇനി വേണം പിജി ചെയ്യാൻ..." "ആഹ്ഹ ചുമ്മാതല്ല ഇപ്പൊ ഇങ്ങനെ ഫ്രീ ബേഡ് ആയി നടക്കുന്നെ... പരസ്പരം കൗണ്ടറുകളിടറിച്ചും തമാശകൾ പറഞ്ഞും കളിയാക്കിയും പൊട്ടിച്ചിരിച്ചും ഒടുക്കം സംസാരം അവസാനിപ്പിക്കുമ്പോഴേക്കും മൂവർക്കുമിടയിൽ പെട്ടെന്ന് തന്നെയൊരു സൗഹൃദ വലയം രൂപപ്പെട്ടിരുന്നു... ഫസീനത്തയെ വിളിച്ചപ്പോഴുണ്ടായ ടെൻഷനൊക്കെയും അപ്പോഴേക്കും പമ്പ കടന്നിരുന്നു... അല്ലെങ്കിലും ഏതു മുറിവുണക്കാനും സൗഹൃദത്തോളം വലിയ മരുന്ന് വേറേതുണ്ട്...!!! " ടീച്ചറമ്മയ്ക്ക് പഠിപ്പിക്കാൻ പിള്ളേരെ കണ്ടത്തേണ്ടേ ലൈലൂ...?? നമുക്ക് ഗേറ്റിനരികിൽ വെക്കാൻ ഒരു ബോർഡുണ്ടാക്കിയാലോ..?? പിന്നേ ഓൺലൈൻ ആയി അപ്ലൈ ചെയ്യാൻ ഒരു അഡ്വെർടൈസ്‌മെന്റ ഫോർമാറ്റും ഉണ്ടാക്കാം..." രണ്ടുപേരും കൂടി മനോഹരമായ കൈപ്പടയിൽ ബോർഡ് എഴുതി തയ്യാറാക്കി... അതെടുത്ത് ഗേറ്റിൽ കെട്ടി വെക്കുമ്പോഴാണ് നമ്മുടെ കാശി തിരിച്ചു വരുന്നത്.... ബോർഡ് തൂക്കിയത് കണ്ടതും കാശി ചിരിച്ചു മറിയാൻ തുടങ്ങി... അവരിരുവരും കണ്ണുരുട്ടിയതും അവൻ ചിരി കടിച്ചു പിടിച്ചു...

"സോറി സോറി... ഒരു നിമിഷം പട്ടിയുണ്ട് സൂക്ഷിക്കുക എന്നെഴുതി ബോർഡ് തൂക്കിയത് ഓർത്തു പോയി... " പുച്ഛിച്ചു കൊണ്ട് കാശി പറഞ്ഞു... "പുച്ഛിക്കുകയൊന്നും വേണ്ടാ... നിങ്ങള് നോക്കിക്കോ നാളെയാകുമ്പോഴേക്ക് മണി മണി പോലെ ആൾക്കാര് വരും..." തിരിച്ചും പുച്ഛം വാരി വിതറി ലൈലൂസ്‌.. "മ്മ് മ്മ്... കാത്തിരുന്നോ.. ഇപ്പോ ആള് വരും..." ചിരിയോടെ കാശി അകത്തേക്ക് കയറി... 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 "ഇനി ഒരുവട്ടം കൂടി വരാൻ എന്നെക്കൊണ്ട് മേലാ അമ്മൂ... വരുന്നുണ്ടേൽ ഇപ്പോ വന്നോണം... ഇനി വരുന്നില്ലേൽ നാളെ തൊട്ട് മോള് ലൈലേടെ അടുത്ത് കൊണ്ടോവോ ചോദിച്ച് പിന്നാലെ വരേണ്ട..." ശബ്ദമുയർത്തി ഫൈസാൻ പറഞ്ഞതും മുഖം കൊട്ട കണക്കിന് വീർപ്പിച്ച് കൊണ്ട് ചവിട്ടിത്തുള്ളി അമ്മു വണ്ടിയിൽ കയറി ഇരുന്നു... കാശിയ്ക്ക് വണ്ടിയെടുക്കാൻ വേണ്ടി പോകാനുള്ള തയ്യാറെടുപ്പിലാണ് ഫൈസാനും കാശിയും... കൂടെ തന്നെ പോന്നോളാൻ അമ്മുവിനോട് ഫൈസി പറഞ്ഞെങ്കിലും ലൈലയെ വിട്ടു പോരാൻ പെണ്ണിന് മനസ്സുണ്ടായില്ല...

തിരികെ വന്നു കൊണ്ടുപോകാൻ പറഞ്ഞതിന്റെ പേരിലാണിപ്പോഴത്തെ അങ്കം... "നിനക്കെന്നാൽ ഇന്നിവിടെ കൂടിക്കൂടേ അമ്മൂസ്...??" ലൈലയാണേ.... "വൈകിട്ട് തിരികെ വന്നോളാമെന്നുള്ള ഗ്യാരന്റിയിലാ മമ്മിജാൻ അവളെ വിട്ടത് തന്നെ... അല്ലേൽ അവൾ നിന്നേനെ... അല്ലെടി കൊമ്മൂസ്....??" "കൊമ്മൂസ്‌ നിങ്ങടെ കെട്ട്യോളാ..." ശബ്ദം താഴ്ത്തിയാണ് അമ്മു പിറുപിറുത്തതെങ്കിലും ഫൈസി അത് വ്യക്തമായി കേട്ടിരുന്നു... അപ്പോൾ അറിയാതെ തന്നെ അവന്റെ നോട്ടം ലൈലയുടെ മേൽ പാളി വീണിരുന്നു... എന്തോ ഓർത്തെന്നപോൽ അവനൊന്ന് പുഞ്ചിരിച്ചു... എല്ലാവരും പോയതും ഗേറ്റുമടച്ച് ലൈലയും ടീച്ചറും അകത്തേയ്ക്ക് പോകാൻ ഒരുങ്ങുമ്പോഴാണ് ജിതേഷ് ഓടിക്കിതച്ചു കൊണ്ട് ഗേറ്റിനരികിൽ വന്നു നിന്നത്... "റിനിയ്ക്കെന്തോ വയ്യായ്ക.. ചെറിയ ബ്ലീഡിങ് പോലെയുണ്ട്.. ഞങ്ങളൊന്ന് ഹോസ്പിറ്റലിൽ പോകുവാ ടീച്ചറെ..." കിതപ്പടക്കാൻ പാടുപെട്ടു കൊണ്ട് ആൾ പറഞ്ഞു... "പ്രശ്നമൊന്നുമില്ലല്ലോ അല്ലെ..?? ഞാൻ കൂടെ വരണോ..??"

"ഞങ്ങൾ പൊക്കോളാം ടീച്ചറെ... റീത്തു മോൾ അവിടെ ഉറക്കമാ.. ലൈലയ്ക്ക് അവൾക്ക് കൂട്ടിരിക്കാൻ പറ്റുമോ..?? ഉറക്കിൽ നിന്നും എടുത്താൽ വല്ലാത്ത കരച്ചിലും വാശിയുമാകും.. ഞാൻ പോന്നത് കൊണ്ട് റോഷനു ഓഫീസിൽ നിന്ന് ഇറങ്ങാൻ പറ്റിയില്ല.. അതാ... മോൾ എഴുന്നേറ്റ്‌ കഴിയുമ്പോൾ ഇങ്ങോട്ട് കൂട്ടി വന്നാൽ മതി.." അപേക്ഷാ സ്വരത്തിൽ ജിതേഷ് പറഞ്ഞതും ലൈലയും ടീച്ചറും പരസ്പരം നോക്കി... " അത് കുഴപ്പമില്ല... അവൾ നിന്നോളും.." അത്രയും കേട്ടതും വീടിന്റെ താക്കോൽ ലൈലയെ ഏൽപ്പിച്ച് കുറച്ചകലെ നിർത്തിയിട്ടിരിക്കുന്ന വണ്ടിയിലേക്ക് ആൾ ഓടിക്കയറി... റോഷനെ ഓർത്തതും ലൈലയുടെ മനസ്സിൽ ഭയം ഇരച്ചു കയറി.. അതെ സമയം തന്നെ അവൻ അവിടെയില്ലെന്ന് ഓർത്തതും അവളിൽ ആശ്വാസം നിറഞ്ഞു... ആ ഒരു ധൈര്യത്തിൽ ഗേറ്റ് തുറന്ന് റീത്തൂസിന്റെ വീട് ലക്ഷ്യമാക്കി നടന്നു............തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story